Saturday, June 28, 2025

ആദ്യത്തെ ക്ലാസും മറ്റ് ചില ഓര്‍മ്മകളും



അധ്യാപനത്തിന്‍റെ ഓര്‍മ്മകള്‍ എഴുതാന്‍ അവസരം ലഭിക്കുമ്പോള്‍ ഞാന്‍ എന്‍റെ അധ്യാപനജീവിതം ആരംഭിച്ചിട്ട് പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്. അധ്യാപകരുടെ ഓര്‍മ്മകള്‍ ശേഖരിക്കുന്ന ഒരു സമാഹാരത്തില്‍ കടന്ന് വരാവുന്ന ആവര്‍ത്തനങ്ങളെക്കുറിച്ചും ക്ലീഷേകളെക്കുറിച്ചും എനിക്ക് നല്ല ബോധ്യമുണ്ട്. പൊതുസമൂഹം വളരെയധികം ആദര്‍ശപരമായ ധാരണകള്‍ വച്ച് പുലര്‍ത്തുന്ന ഒരു തൊഴില്‍ വിഭാഗമാണ്‌ അധ്യാപകര്‍. അവര്‍ ഇങ്ങനെയൊക്കെ ആണെന്നും ആയിരിക്കണമെന്നും സമൂഹത്തിന് നിഷ്കര്‍ഷകളുണ്ട്. അതേക്കുറിച്ച് അധ്യാപകര്‍ക്കും ബോധ്യമുണ്ട് താനും. അതിനാല്‍ മാതൃകാപരമായ ചട്ടക്കൂടിനുള്ളില്‍ തന്നെ ജീവിച്ച് പോകുക എന്ന ബാധ്യത അവര്‍ക്കുണ്ട്. ജനം വച്ച് പുലര്‍ത്തുന്ന ചട്ടക്കൂടിനനുസരിച്ച് ജീവിതം മുറിക്കാത്തവരും അപൂര്‍വമായുണ്ട്. പലതരത്തില്‍ അധ്യാപകജീവിതത്തെ അനുസ്മരിക്കാനാകും. സമൂഹത്തിന്‍റെ പ്രതീക്ഷകളുടെ ഭാരം മുകളില്‍ വഹിക്കുന്ന ഈ തൊഴില്‍ എങ്ങനെയാണ് തന്‍റെ ബാഹ്യജീവിതത്തെ സ്വാധീനിച്ചത് എങ്ങനെയെന്നാണ് ഒരു സമീപനം; ആന്തരികമായ--തന്‍റെ മാനസികാവസ്ഥകളെ എങ്ങനെ സ്വാധീനിച്ചു എന്നതാണ് രണ്ടാമത്തേത്.



വിദ്യാര്‍ഥിയെന്ന നിലയില്‍ അന്തര്‍മുഖമായ ജീവിതം ജീവിച്ച ഒരാളായിരുന്നു ഞാന്‍. അമ്പതോളം വിദ്യാര്‍ഥികളുള്ള ഒരു ക്ലാസില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് പലപ്പോഴും ഏറ്റവും നന്നായി പഠിക്കുന്നവരും ഏറ്റവും മോശമായി പഠിക്കുന്നവരുമാണ്. കായിക വിനോദങ്ങളില്‍ മെച്ചപ്പെട്ടവര്‍, കലാപരിപാടികളില്‍ മികച്ചവരും ശ്രദ്ധിക്കപ്പെടും. ക്ലാസില്‍ ആന്‍റി സോഷ്യലായി പെരുമാറുന്നതും ശ്രദ്ധിക്കപ്പെടാനുള്ള ഒരു മാര്‍ഗമാണ്. ഞാന്‍ നന്നായി പഠിക്കുകയോ മോശമായി പഠിക്കുകയോ കായിക-കലാവിഷയങ്ങളില്‍ മികവ് പ്രകടിപ്പിക്കുകയോ ആന്‍റി സോഷ്യലായി പെരുമാറാനുള്ള ധൈര്യമോ ഇല്ലാത്ത ഒരു വിദ്യാര്‍ഥിയായിരുന്നു. അത് കൊണ്ട് വിവിധ സ്കൂളുകളിലും കോളേജുകളിലുമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിജീവിതത്തില്‍ പ്രത്യേകിച്ച് ക്ലാസറിയുന്ന വിദ്യാര്‍ഥിയായിരുന്നില്ല ഞാന്‍. പോരെങ്കില്‍ എനിക്ക് അതിഭീകരമായ സഭാകമ്പവും ഉണ്ടായിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ വേദിയില്‍ കയറേണ്ട സാഹചര്യം വന്നാല്‍ അത് കഴിയുന്നത് വരെ എന്‍റെ ഉറക്കം നഷ്ടപ്പെട്ടു. ഇക്കാര്യങ്ങള്‍ ഇവിടെ പറയാന്‍ കാര്യം അധ്യാപകര്‍ക്ക് അത്യാവശ്യം ഉണ്ടായിരിക്കണം എന്ന് പറയപ്പെടുന്ന നേതൃത്വഗുണവും ബഹിര്‍മുഖത്വവും തുടക്കം മുതല്‍ തന്നെ എനിക്കുണ്ടായിരുന്നില്ല എന്ന് പറയാന്‍ വേണ്ടിയാണ്. എം എ ഇംഗ്ലീഷ് കഴിഞ്ഞപ്പോള്‍ തികച്ചും നാട്ടുനടപ്പ് എന്ന പോലെ ഞാന്‍ ബി എഡിന് പോകപ്പെട്ടു, അധ്യാപകനാകപ്പെട്ടു. അങ്ങനെ, ആകെ പെട്ടു.


ആദ്യത്തെ ക്ലാസ്


ബി എഡിന്‍റെ കൂടെയുള്ള ഹ്രസ്വകാലത്തെ ടീച്ചിംഗ് പ്രാക്ടീസ് ഒഴിച്ചാല്‍ ഞാന്‍ ആദ്യമായി പഠിപ്പിക്കാന്‍ (!) ക്ലാസില്‍ കയറുന്നത് ഒരു ആര്‍ട്സ് & സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളുടെ ക്ലാസിലാണ്. ഒരു അതിഥി അധ്യാപകനായി ഞാന്‍ ആ കോളേജില്‍ ജോലിയ്ക്ക് ചേര്‍ന്നപ്പോഴായിരുന്നു അത്. ഭീകരമായ ഒരു ദിവസമായിരുന്നു അത്. പുറത്തേയ്ക്ക് നോക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ് സൂര്യപ്രകാശം അന്നുണ്ടായിരുന്നു. രണ്ടാമത്തെ അവര്‍ ആയിരുന്നു എനിക്ക് അലോട്ട് ചെയ്തിരുന്നത്. ഒമ്പതരയ്ക്ക് കോളേജില്‍ എത്തിയ ഞാന്‍ വയറ്റില്‍ കൊടുംതീയുമായി ഡിപ്പാര്‍ട്ട്മെന്‍റില്‍ ഇരുപ്പുറപ്പിച്ചു. ഉറക്കത്തില്‍ പോലും പഠിപ്പിക്കാന്‍ കഴിയും വിധം, മുപ്പത് വര്‍ഷത്തോളം അധ്യാപന പരിചയമുള്ള, റിട്ടയര്‍മെന്‍റിന്‍റെ പരിസരത്ത് വിഹരിക്കുന്ന സീനിയര്‍ അധ്യാപകരായിരുന്നു ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. അവരെല്ലാം പരസ്പരം തമാശകള്‍ പറയുകയും പൊട്ടിച്ചിരിക്കുകയും അവധിക്കാലത്ത് ഏര്‍പ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്ത് കൊണ്ടിരുന്നു. അവരുടെ ശബ്ദങ്ങളെല്ലാം മറ്റേതോ ലോകത്ത് നിന്ന് കേള്‍ക്കുന്നത് മാതിരി വലിയ മുഴക്കത്തോടെയാണ് എനിക്ക് അനുഭവപ്പെട്ടത്. ലോകം ഹെഡ് ലൈറ്റ് ഓണ്‍ ചെയ്യുകയും ഡിം അടിക്കുകയും ചെയ്യുന്നത് പോലെ എനിക്ക് തോന്നി.



ഇങ്ങനെയൊക്കെ തോന്നിയെന്ന് കരുതി ക്ലാസിന് വേണ്ടി ഒന്നും തയ്യാറാകാതെയാണ് ഞാന്‍ വന്നിരുന്നത് എന്ന് കരുതരുത്. ജോലി കിട്ടി എന്നറിഞ്ഞ നാള്‍ മുതല്‍ എന്‍റെ വയറ്റില്‍ തീ കത്തിത്തുടങ്ങുകയും ഞാന്‍ ക്ലാസില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും ചെയ്തിരുന്നു. ഏതാണ്ട് തിരക്കഥ എഴുതുന്നത് പോലെ ക്ലാസില്‍ ചെന്നാലുടന്‍ ഒരു മണിക്കൂര്‍ അവസാനിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഞാന്‍ മനസ്സില്‍ തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. പക്ഷെ അതൊന്നും തീ കെടുത്താന്‍ പര്യാപ്തമായിരുന്നില്ല. ജപ്പാനിലെവിടെയോ നടന്ന ഭൂമികുലുക്കത്തെക്കുറിച്ചോ മറ്റോ സഹ-സീനിയര്‍ അധ്യാപകര്‍ പറയുന്നത് വിദൂരതയില്‍ നിന്നെന്ന പോലെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അടുത്ത അവര്‍ തുടങ്ങുന്നതിന് മുന്‍പ് ഇവിടെ ഒരു ഭൂമികുലുക്കമുണ്ടായിരുന്നെങ്കില്‍ -- ക്ലാസില്‍ പോകേണ്ടായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരു ഹെലികോപ്ടര്‍ വിഴുങ്ങിയത് പോലെ ഉള്ളില്‍ പ്രോപ്പല്ലര്‍ കറങ്ങുന്ന അനുഭവത്തില്‍ ഒമ്പതര-ഒമ്പതേ മുക്കാല്‍-പത്ത് മണി-പത്തേകാല്‍ ആയിക്കൊണ്ടിരുന്നു. സമയം പത്തരയടുക്കാന്‍ തുടങ്ങുമ്പോള്‍ ലോകത്തിന് എന്തോ സംഭവിക്കാന്‍ പോവുകയാണ് എന്ന തോന്നല്‍ ശക്തമായി. അങ്ങനെ മരണമണിയടിക്കും പോലെ ഭീകരമായ ആ മണി മുഴങ്ങി. ഇരുമ്പു കൊണ്ടുള്ള ചപ്പാത്തി പോലുള്ള പ്രാകൃതമായ ആ മണി ഇപ്പോഴും കോളേജിലുണ്ട്. അത് കാണുമ്പോഴെല്ലാം ഞാന്‍ ഈ ഭീകരദിനം ഓര്‍ക്കാറുമുണ്ട്.



ചോക്കും ഡസ്റ്ററും പുസ്തകങ്ങളുമെടുത്ത് യാന്ത്രികമായി, വയറ്റില്‍ ഹെലികോപ്റ്ററുമായി ഞാന്‍ ക്ളാസിലേയ്ക്ക് പുറപ്പെട്ടു. ബി എഡ് കാലത്ത് ലെസന്‍ പ്ലാന്‍ എഴുതുംവിധം എന്തെല്ലാം പറയണമെന്നും ചെയ്യണമെന്നും ഞാന്‍ കണക്കാക്കി വച്ചിരുന്നു. ആദ്യം ആമുഖമായി എന്നെ പരിചയപ്പെടുത്തുക, (അഞ്ച് മിനിറ്റ് ) പിന്നെ കുട്ടികളെ പരിചയപ്പെടുത്തല്‍ (ക്ലാസിലുള്ളവര്‍ മുഴുവന്‍ പേരും എവിടുന്ന് വരുന്നു എന്നും പറയുമ്പോള്‍ ഒരു പാട് നേരം പോകും , പത്ത് മിനിറ്റോളം കണക്കാക്കാം) പിന്നെ അവര്‍ ഡിഗ്രിയ്ക്ക് ഈ വിഷയം തിരഞ്ഞെടുത്തതെന്തിന് എന്ന് പറയട്ടെ-- ചിലര്‍ക്ക് കൂടുതല്‍ പറയാന്‍ കാണും, ഇരുപത് മിനിറ്റ്) ഇനി പഠിപ്പിക്കാന്‍ പോകുന്ന ടെക്സ്റ്റ് ബുക്ക് പരിചയപ്പെടുത്തുന്നു (പത്ത് മിനിറ്റ് ) അപ്പോഴേയ്ക്കും പതിനൊന്നേ കാല്‍ ആകും. ഇനി പതിനഞ്ച് മിനിറ്റ് കൂടെയേ ഉള്ളൂ. അപ്പോഴേയ്ക്കും ഹെലികോപ്ടര്‍ താഴെയിറങ്ങും. പിന്നെ ക്ലാസില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് പതിനൊന്നരയാക്കാം. അതായിരുന്നു പ്ലാന്‍.

നൂറിനടുത്ത് കുട്ടികള്‍ നിറഞ്ഞ ക്ളാസിന്‍റെ വാതില്‍ക്കല്‍ എത്തിയപ്പോഴേയ്ക്കും ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് വായിലൂടെ പുറത്ത് വരുമെന്ന് തോന്നി. ഒരു മഹാപുരുഷാരം എന്നെത്തന്നെ നോക്കി അവിടെ നില കൊണ്ടു. എന്‍റെ കണ്ണിന്‍റെ വിഷന്‍ ചുറ്റുപാടും കാണിക്കുന്ന ചില ക്യാമറകള്‍ പോലെ ഏങ്കോണിച്ച് പോയി. കേരളം മുഴുവന്‍ ആ ക്ലാസിനുള്ളിലാണ് എന്ന പോലെ.



ഞാന്‍ ക്ലാസില്‍ കയറിയെങ്കിലും കുട്ടികള്‍ അവര്‍ തുടര്‍ന്നിരുന്ന സംസാരം നിര്‍ത്തിയിട്ടില്ല. ഇപ്പോള്‍ അവര്‍ എന്നെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് ഞാന്‍ ഉറപ്പിച്ചു. ഞാന്‍ ഏതാനും സെക്കന്‍ഡുകള്‍ കാത്തെങ്കിലും അവര്‍ സംസാരം നിര്‍ത്തുന്ന മട്ടില്ല. അത് കൊണ്ട് അനിവാര്യമായ ആ വാക്കുകള്‍ ഞാന്‍ ആദ്യമായി പറഞ്ഞു. “സൈലന്‍സ് !!!!” ആദ്യത്തെ തവണ ഞാന്‍ പോലും അത് കേട്ടില്ല. അത് കൊണ്ട് ഒരിക്കല്‍ കൂടി പറയേണ്ടി വന്നു. എന്നിട്ടും പറയത്തക്ക പ്രയോജനം ഒന്നും ഉണ്ടായില്ലെങ്കിലും ആരോ ക്ലാസില്‍ വന്നിരിക്കുന്നു എന്ന പ്രതീതി ആദ്യത്തെ ഒന്ന് രണ്ട് ബഞ്ചുകളില്‍ എങ്കിലും ഉണ്ടായി. (ഏഴോളം ബഞ്ചുകള്‍ ഉള്ള മൂന്ന് നിര ഉണ്ടായിരുന്നു എന്നോര്‍ക്കണം) തുടര്‍ന്ന് പ്രോപ്പല്ലറിന്‍റെ ഒച്ചയ്ക്ക് ഒപ്പം ഞാന്‍ ആരാണ് എന്നും എന്‍റെ അവതാരോദ്ദേശ്യം എന്താണ് എന്നും ക്ലാസില്‍ വെളിപ്പെടുത്തി. ആദ്യത്തെ ഒന്നോ രണ്ടോ ബഞ്ചുകളില്‍ ഇരുന്നവര്‍ ഒഴിച്ചുള്ളവര്‍ ഞാനാര് എന്നതിലും എന്‍റെ അവതാരലക്ഷ്യങ്ങളിലും അത്ര താല്‍പര്യം ഇല്ല എന്ന് കണ്ടു. നമ്മള്‍ കാര്യമായിട്ട് പറയുന്ന ഒരു കാര്യത്തിന് കേള്‍വിക്കാര്‍ ഇല്ലാത്ത അധ്യാപകജീവിതത്തിലെ സുപ്രധാന അനുഭവം എനിക്കാദ്യം കിട്ടിയത് അപ്പോഴായിരുന്നു.



ക്ലാസില്‍ പ്രവേശിച്ച് കഴിഞ്ഞതോടെ സമയത്തെക്കുറിച്ച് ഞാന്‍ തയ്യാറാക്കിയ കണക്കുകൂട്ടലുകള്‍ എല്ലാം തന്നെ കാറ്റില്‍ പറന്നതായി ഞാന്‍ മനസിലാക്കി. എന്നെ പരിചയപ്പെടുത്തലിന് ഒരു മിനിറ്റ് പോലും വേണ്ടി വന്നില്ല. തുടര്‍ന്ന് കുട്ടികള്‍ ഓരോരുത്തരെ സ്വയം പേരും സ്ഥലവും പറഞ്ഞ് പരിചയപ്പെടുത്തുന്ന പരിപാടിയിലേയ്ക്ക് നീങ്ങി. അതിന് പത്ത് മിനിറ്റ് സംവരണം ചെയ്തിരുന്നെങ്കിലും കുട്ടികള്‍ ഞൊടിയിടയില്‍ പേരും ഊരും പറഞ്ഞ് അതവസാനിപ്പിച്ചു. അവരുടെ പേരുകള്‍ കേള്‍ക്കാനെന്നോണം ഞാന്‍ ബെഞ്ചുകള്‍ക്കിടയിലൂടെ നടന്നെങ്കിലും ഈ പരിപാടി വെറും വഴിപാടാണ് എന്ന് മനസിലാക്കാന്‍ കുട്ടികള്‍ക്ക് ഒരു പ്രയാസവും ഉണ്ടായിക്കാണില്ല. എന്‍റെ മുഖത്ത് അപ്പോഴെല്ലാം അടുത്തത് എന്ത് എന്ന വ്യാകുലതയായിരുന്നു. മൂന്ന് മിനിറ്റ് കൊണ്ട് അതും കഴിഞ്ഞു. ഡിഗ്രിയ്ക്ക് ഈ വിഷയം തിരഞ്ഞെടുത്തത് എന്തിനാണ് എന്ന് പറയാന്‍ കുട്ടികള്‍ക്ക് അത്ര താല്‍പര്യം കണ്ടില്ല. അതും രണ്ട് മിനിറ്റില്‍ അവസാനിച്ചു. ടെക്സ്റ്റ് ബുക്ക് പരിചയപ്പെടുത്തല്‍ അഞ്ച് മിനിറ്റ് കൊണ്ട് അവസാനിച്ചു. അങ്ങനെ പതിനൊന്നേ കാല്‍ വരെ ഞാന്‍ പ്ലാന്‍ ചെയ്തിരുന്ന “ഓപ്പറേഷന്‍ ആദ്യത്തെ ക്ലാസ്” വെറും പത്ത് മിനിറ്റ് കൊണ്ട് അവസാനിച്ചു. സമയം വെറും പത്ത് നാല്‍പത്‌. ഇനി അമ്പത് മിനിറ്റ് കൂടി ബാക്കി. കോളേജ് മുഴുവന്‍ കേള്‍ക്കും വിധം വാ നിറയെ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്ന നൂറോളം കുട്ടികളുമായി ശേഷിച്ച അമ്പത് മിനിറ്റ് എന്ത് ചെയ്യും എന്നാലോചിച്ച് ഉള്ളില്‍ ഹെലികോപ്റ്ററുമായി ഞാന്‍ നില്‍ക്കുന്നതാണ് എന്‍റെ അവസാനത്തെ ഓര്‍മ്മ. എങ്ങനെയോ ആ അമ്പത് മിനിറ്റുകള്‍ കടന്ന് പോയി. ഇടയ്ക്ക് എന്‍റെ ക്ലാസില്‍ എന്തോ അത്യാഹിതം സംഭവിച്ചു എന്നറിഞ്ഞ പോലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ ചില അധ്യാപകര്‍ ക്ളാസിന്‍റെ പരിസരത്ത് വന്ന് പോയി. ആ ക്ലാസില്‍ അദ്ധ്യാപകന്‍ വന്നിട്ടില്ല എന്നും ബഹളം വയ്ക്കുന്ന കുട്ടികളെ അടക്കിയിരുത്തുക എന്ന ഉദ്ദേശ്യവും വച്ചാണ് പ്രിന്‍സിപ്പല്‍ എത്തിയത് എന്ന് ഞാന്‍ മനസിലാക്കി. അദ്ദേഹം ക്ലാസിനകത്തേയ്ക്ക് കാല്‍ വയ്ക്കുക പോലും ചെയ്തു. അപ്പോഴാണ്‌ ഞാന്‍ അതിനുള്ളില്‍ നില്‍ക്കുന്നത് അദ്ദേഹത്തിന്‍റെ കണ്ണില്‍ പെട്ടത്. ഇഞ്ചി കടിച്ചത് പോലെ അദ്ദേഹം ഇറങ്ങിപ്പോകുകയും ചെയ്തു. അങ്ങനെ അതവസാനിച്ചു.



ക്ലാസിലെ കാലത്തിന്‍റെ ഒഴുക്കില്‍ പിന്നീട് അസംഖ്യം കുട്ടികള്‍ ഒഴുകിപ്പോയി. ഏത് തിയതി മുതല്‍ എന്ന് ഓര്‍മ്മയില്ലാതെ എന്‍റെ ക്ലാസും കുട്ടികള്‍ കേട്ടിരിക്കുന്ന ഒരു സമയമുണ്ടായി. ക്ലാസ് പ്ലാന്‍ ചെയ്യുന്നതിനെക്കുറിച്ച് പതിയെ ധാരണകള്‍ രൂപപ്പെട്ടു വന്നു. വയറ്റില്‍ ഹെലികോപ്റ്ററിന്‍റെ ചിറകടി ഇല്ലാതെ തന്നെ ക്ലാസില്‍ പോകാവുന്ന സാഹചര്യങ്ങള്‍ വന്നു.



വിവിധ ക്ലാസുകള്‍; സമീപനങ്ങള്‍



ഇംഗ്ലീഷ് അതിഥി അധ്യാപകരെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ഉള്ളത് കോമണ്‍ പേപ്പര്‍ ആയ ഇംഗ്ലീഷ് എടുക്കേണ്ട കംബൈന്‍ഡ് ക്ലാസുകള്‍ ആയിരിക്കും. നൂറിനടുത്ത് കുട്ടികള്‍ ഉണ്ടാവും അത്തരം മിക്ക ക്ലാസുകളിലും. ക്ലാസുകള്‍ എങ്ങനെ എടുക്കണം എന്നതിനെക്കുറിച്ച് ബി എഡിന്‍റെ പാഠപുസ്തകങ്ങളില്‍ നിരവധി നിര്‍ദേശങ്ങള്‍ ഉണ്ടാകുമെങ്കിലും “പുസ്തകങ്ങളില്‍ നിന്ന് നീ വായിച്ചറിഞ്ഞ ക്ലാസ് മുറി അല്ല അനുഭവങ്ങളുടെ ക്ലാസ് മുറി” എന്ന ബോധ്യം വരുന്നത് ഇത് പോലെയുള്ള വലിയ ക്ലാസുകളില്‍ ചെല്ലുമ്പോഴാണ്. രണ്ട് ബാച്ചുകളില്‍ നിന്നുള്ള കുട്ടികള്‍ വന്ന് വന്ന് പതിയെ ക്ലാസ് നിറയുന്ന പ്രക്രിയ പൂര്‍ണമാകാന്‍ തന്നെ പത്ത് മിനിറ്റ് സമയമെടുക്കും. അങ്ങനെ എല്ലാവരും ഇരുന്ന് നാലു പാട് നിന്നും നിശബ്ദത പെറുക്കിക്കൂട്ടി ശ്വാസം പിടിച്ച് ടെക്സ്റ്റ് ബുക്ക് തുറക്കുന്ന സമയത്തായിരിക്കും നോട്ടീസ് വായിക്കാനോ, മറ്റെന്തെങ്കിലും അറിയിപ്പിന് വേണ്ടിയോ അറ്റന്‍ഡര്‍, അല്ലെങ്കില്‍ വൈകി മാത്രം ക്ലാസില്‍ കയറാം എന്ന് തീരുമാനമെടുത്ത ഒരുവന്‍, വാതില്‍ക്കല്‍ അവതരിക്കുന്നത്. അതോടെ പെറുക്കിക്കൂട്ടിയതെല്ലാം വീണ്ടും നിലത്ത് വീണ് പൊട്ടിച്ചിതറുന്നു. അധ്യാപകകേന്ദ്രിതവിദ്യാഭ്യാസരീതിയില്‍ നിന്ന് വിദ്യാര്‍ഥി കേന്ദ്രിതമായി മാറിയതോടെ ക്ലാസില്‍ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് അവരെ ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിക്കുകയും മറ്റും വേണമെന്നാണ് സിദ്ധാന്തം. പക്ഷെ കണ്ണെത്താത്തിടത്തോളം കുട്ടികള്‍ നിറഞ്ഞ -- ഏകാഗ്രമാക്കാന്‍ പണിപ്പെടേണ്ടി വരുന്ന കംബൈന്‍ഡ് ക്ലാസുകളില്‍ പലപ്പോഴും സിദ്ധാന്തങ്ങള്‍ പ്രായോഗികമാകാതെ വരുന്നു.



ഒരു ഗ്രാമീണമായ കാംപസ് ആയിരുന്നു ഞങ്ങളുടേത്. പഠിപ്പിക്കുന്ന വിഷയം ഇംഗ്ലീഷ് ആണെങ്കിലും ക്ലാസുകളില്‍ പൂര്‍ണമായും ഇംഗ്ലീഷ് ഉപയോഗിക്കുന്ന സാഹചര്യമൊന്നും പലപ്പോഴും നടക്കാറില്ല. പഠിപ്പിക്കലിന്‍റെ ആദ്യകാലത്ത് ഇംഗ്ലീഷില്‍ ക്ലാസെടുത്ത ഒരു ഇംഗ്ലീഷ് ക്ലാസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുറച്ച് വിദ്യാര്‍ഥികള്‍ എന്നെ സമീപിച്ചു. “സാറിന്‍റെ ക്ലാസ് ഒക്കെ നന്നായിരുന്നെങ്കിലും ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല” എന്നറിയിച്ചു. തുടര്‍ന്ന് അവര്‍ മലയാളത്തില്‍ കൂടി വിശദീകരണം നല്‍കണം എന്ന് ആവശ്യപ്പെട്ടു. അടുത്ത ക്ലാസ് മുതല്‍ ഞാന്‍ ഇംഗ്ലീഷില്‍ വിശദീകരിച്ച ശേഷം രണ്‍ജി പണിക്കര്‍ എഴുതിയ സിനിമകളിലെ ഇംഗ്ലീഷ് സംഭാഷണങ്ങള്‍ പോലെ ഇംഗ്ലീഷ് പറഞ്ഞ ശേഷം ഉടന്‍ തന്നെ അതിന്‍റെ മലയാളം കൂടി പറഞ്ഞു തുടങ്ങി. കുട്ടികള്‍ക്ക് തൃപ്തിയാണ് എന്ന് തോന്നിയതിനാല്‍ ഞാന്‍ ആ സ്ട്രാറ്റെജിയില്‍ തന്നെ മുന്നോട്ട് നീങ്ങി. കുറച്ച് നാള്‍ കഴിഞ്ഞ് മറ്റൊരു ക്ലാസില്‍ ഒരു ഒഴിവ് മണിക്കൂറില്‍ ചെന്ന് കയറേണ്ടി വന്നപ്പോള്‍ സമയം അഡ്ജസ്റ്റ് ചെയ്യുന്നതിന് വേണ്ടി ഞാന്‍ എന്‍റെ ക്ലാസിനെക്കുറിച്ച് ഒരു ഫീഡ്ബാക്ക് എഴുതാന്‍ അവരോട് ആവശ്യപ്പെട്ടു. ക്ലാസ് കഴിഞ്ഞ് കുട്ടികള്‍ എഴുതിയ കടലാസുകള്‍ വായിക്കുമ്പോള്‍ കുറിപ്പുകളില്‍ ഇങ്ങനെ കാണപ്പെട്ടു: “സര്‍, ഇംഗ്ലീഷ് ക്ലാസ് ഇംഗ്ലീഷില്‍ തന്നെ എടുക്കണം എന്ന് അഭ്യര്‍ഥിക്കുന്നു”



ഓരോ ക്ലാസുകളും വ്യത്യസ്തമാണ്. ഓരോ കുട്ടികളും വ്യത്യസ്തരാണ്. എല്ലാ ക്ലാസുകള്‍ക്കും ഒരു പോലെ യോജിച്ച ഒരു സിദ്ധാന്തവുമില്ല. , കുട്ടികളെ വിലയിരുത്തിയതിന് ശേഷം മാത്രമേ അവിടെ സ്വീകരിക്കേണ്ട ബോധനരീതിയും തീരുമാനിക്കാനാകൂ.




സമരവും അവധി ദിവസങ്ങളും


കേരളത്തിലെ കലാലയ-അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് വിദ്യാര്‍ഥിരാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ള സമരങ്ങളും അനുബന്ധപരിപാടികളും. ചില കാരണങ്ങളില്‍ നിന്നാണ് സമരങ്ങളും ബന്ദുകളും ഹര്‍ത്താലുകളും ഉത്ഭവിക്കുന്നത് എങ്കിലും അവയുടെ ഉദ്ദേശ്യം പലപ്പോഴും പൊതുസമൂഹത്തിലേയ്ക്ക് വിനിമയം ചെയ്യപ്പെടുന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്. എന്ത് കാരണത്തിന് വേണ്ടി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താല്‍ ആകട്ടെ, അവ പലപ്പോഴും ഒരു അവധി പ്രഖ്യാപനം പോലെയാണ് ആളുകളിലേയ്ക്ക് എത്തപ്പെടുന്നത്. വിദ്യാര്‍ഥിജീവിതകാലത്ത് സമരദിനങ്ങള്‍ ഹോസ്റ്റലില്‍ അവധിദിനാഘോഷങ്ങളോ നൂണ്‍ഷോകളോ ആയി മാറുമായിരുന്നത് ഓര്‍മ്മയുണ്ട്. നൂണ്‍ഷോ എന്ന ഷോ തന്നെ സിനിമാപ്രേമികളായ കോളേജു പിള്ളാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്നാണ് അന്ന് വിദ്യാര്‍ഥിജീവിതകാലത്ത് ഞങ്ങള്‍ ഉറച്ച് വിശ്വസിച്ചിരുന്നത്. പുറത്ത് പറയാറില്ലെങ്കിലും സമരദിനങ്ങളില്‍ അധ്യാപകരും ചില ദുരൂഹമായ ആഹ്ലാദം ഉള്ളില്‍ വച്ച് ഗൌരവത്തില്‍ കാമ്പസിലൂടെ വിഹരിക്കുന്നുണ്ട്.



സമരമുള്ള ദിവസം കോളേജില്‍ പ്രവേശിക്കുമ്പോള്‍ വായുവില്‍ സമരത്തിന്‍റെ ഗന്ധമുണ്ടായിരിക്കും. കുട്ടികളുടെ ചില സംഘങ്ങള്‍ സാധാരണയിലേറെ ഊര്‍ജ്ജത്തോടെ കാംപസിലൂടെ അങ്ങുമിങ്ങും നടക്കുന്നത് കാണുമ്പോള്‍ അതറിയാം. വാടിയ ചേമ്പിന്‍ തണ്ട് പോലെ കാംപസിലേയ്ക്ക് കയറി വരുന്ന, തന്‍റെ വിദ്യാര്‍ഥിജീവിതം സജീവമായി ഓര്‍മ്മിക്കുന്ന അധ്യാപകന്‍ അപ്പോള്‍ ഉള്ളില്‍ ആവേശഭരിതനാകും. പക്ഷെ മുഖത്ത് തികഞ്ഞ ഗൌരവമായിരിക്കും. എന്നാല്‍ ഓഫീസില്‍ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ഒപ്പിടാന്‍ നില്‍ക്കുമ്പോള്‍ ആഹ്ലാദം അടക്കിപ്പിടിച്ച് നില്‍ക്കുന്ന സമാനമനസ്കരെ അദ്ദേഹത്തിന് വേഗം തിരിച്ചറിയാന്‍ കഴിയും. സമരദിവസം ഒന്നാമത്തെ അവര്‍ ക്ലാസില്‍ പോകാന്‍ ഒരു ഹരമുണ്ട്. അന്ന് പഠിപ്പിക്കലിന് പതിവിലേറെ ഉത്സാഹം ഉണ്ടായിരിക്കും. വിദ്യാര്‍ഥികളും വളരെ ഉത്സുകരായി മുന്നിലേയ്ക്കാഞ്ഞിരുന്ന് ക്ലാസ് കേള്‍ക്കുന്നുണ്ടാകും. സാധാരണ ക്ലാസിനിടയില്‍ സംസാരവും പിറുപിറുപ്പുകളും കാണുമെങ്കിലും അന്ന് പൂര്‍ണനിശബ്ദതയായിരിക്കും. തന്‍റെ ശബ്ദം ഇത് വരെ ഇത്രയും വ്യക്തതയോടെ ക്ലാസില്‍ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്നോര്‍ത്ത് അധ്യാപകന് ആനന്ദാശ്രു വരും. സൂക്ഷിച്ച് നോക്കിയാല്‍ കാണാം, വിദ്യാര്‍ഥികളുടെ ചെവികള്‍ പൂച്ചയുടെ ചെവി പോലെ പുറത്തേയ്ക്ക് വട്ടം പിടിച്ചിരിക്കുകയാകും. വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കാത്തത് കൊണ്ടാണ് അല്ലെങ്കില്‍ കാണാം അധ്യാപകന്‍ കടുവച്ചെവിയുമായി കാതോര്‍ക്കുന്നത്.



വിദ്യാര്‍ഥികള്‍ ഇടയ്ക്കിടെ പുറത്തേയ്ക്ക് പാളി നോക്കും. അദ്ധ്യാപകന്‍ വിചാരിക്കും: “ഇവന്മാര്‍ ഇനി ആരെക്കാത്ത് നില്‍ക്കുവാണ്?” അങ്ങനെയിരിക്കെ ദൂരെ നിന്ന് മുദ്രാവാക്യം വിളികള്‍ മുഴങ്ങുന്നത് കേള്‍ക്കാം. അത് കേള്‍ക്കുമ്പോള്‍ ക്ലാസ് ഒന്നിളകിയിരിക്കും. ഉണ്ണാന്‍ വിളിക്കുമ്പോള്‍ കൂടുതല്‍ പണിയെടുക്കുന്ന മട്ടില്‍ അധ്യാപകന്‍റെ പഠിപ്പിക്കലിന് അപ്പോള്‍ ഊക്ക് കൂടും. അപ്പോഴേയ്ക്കും മുദ്രാവാക്യം വിളിച്ച് കൊണ്ട് ജാഥ വരാന്തയിലൂടെ നമ്മുടെ ക്ലാസിനടുത്ത് എത്തിയിരിക്കും. അദ്ധ്യാപകന്‍ അപ്പോള്‍ ക്ലാസ് തടസ്സപ്പെടുന്നതിലുള്ള അസഹ്യത കൊണ്ടെന്ന പോലെ ഒരു ഭാവം മുഖത്ത് കൊണ്ട് വന്നിരിക്കും. “ഛെ ! എന്ത് കഷ്ടമാണ് ! ഒരു ക്ലാസെടുക്കാമെന്ന് വച്ചാല്‍ സമ്മതിക്കില്ലല്ലോ” എന്ന ഭാവമായിരിക്കും അത്. ഒടുവില്‍ തികഞ്ഞ വിമ്മിഷ്ടത്തോടെ അധ്യാപകന്‍ ക്ലാസില്‍ നിന്നിറങ്ങുന്നു. അത് കാണുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് “പാവം അയാള്‍ കരഞ്ഞു കൊണ്ടാണ് പോകുന്നത് എന്ന് വിദ്യാര്‍ഥികള്‍ക്ക് തോന്നണം. ക്ളാസിന്‍റെ പരിസരം വിട്ട് കഴിഞ്ഞാല്‍ ഗംഗാധരന്‍ മുതലാളി രമണനെയും മരുമോനെയും പഞ്ചാബികളുടെ വീട്ടില്‍ നിര്‍ത്തിയ ശേഷം ആഹ്ലാദിച്ച് നടന്ന് പോകുന്ന മാതൃകയില്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ചെന്ന് ഭവിക്കുകയും തന്‍റെ സീറ്റില്‍ ചെന്ന് വിസ്തരിച്ച് ഇരുന്ന് കസേര പിന്നിലേയ്ക്ക് മറിച്ച് സമാനമായി ആഹ്ലാദിക്കുന്നവരുമായി അത് പങ്ക് വയ്ക്കുകയും ചെയ്യും.



ഇതേ അദ്ധ്യാപകന്‍ നല്ല മഴ പെയ്യുന്ന സന്ധ്യാസമയങ്ങളില്‍ ടീവിയുടെ മുന്നില്‍ ഇരുപ്പുറപ്പിച്ചിരിക്കും. മാനം തെളിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന് വാര്‍ത്തകളിലൊന്നും യാതൊരു വിധ കമ്പവും കാണില്ല. എന്നാല്‍ മഴദിവസങ്ങളില്‍ എത്ര നേരം വേണമെങ്കിലും വാര്‍ത്തകള്‍ ഉറ്റുനോക്കിയിരിക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ”കനത്ത മഴയെത്തുടര്‍ന്ന് പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു” എന്ന അനൌണ്‍സ്മെന്‍റ് വരുന്നത് വരെ കാത്തിരിപ്പ് തുടരും. അനൌണ്‍സ്മെന്‍റ് വരാത്ത പക്ഷം “ഹും! കളക്ടറാണത്രെ കളക്ടര്‍” എന്ന് പിറുപിറുത്ത് അടുത്ത ദിവസം പഠിപ്പിക്കാനുള്ള ഭാഗം പഠിക്കാന്‍ വേണ്ടി മുറിയിലേയ്ക്ക് പോകും.



അപ്രതീക്ഷിതമായ ഒരു ‘അവര്‍’



കോളേജില്‍ അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന അത്യാഹിതങ്ങളില്‍ ഒന്നാണ് കൈയില്‍ കുറ്റിയില്ലാതെ ചില ക്ലാസില്‍ കയറി എന്‍ഗേജ് ചെയ്യേണ്ടി വരിക എന്നത്. (പ്രിപ്പറേഷനെയാണ് കുറ്റി, മരുന്ന് എന്നൊക്കെ വിളിക്കുന്നത് ) ചിലര്‍ ഏത് സാഹചര്യങ്ങളിലും നാക്കിന്‍റെ ഗുണം കൊണ്ട് പിടിച്ച് നില്‍ക്കാറുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അധ്യാപകനായ എന്‍റെ ഒരു സുഹൃത്ത് ഒഴിവ് സമയത്ത് ഡിപ്പാര്‍ട്ട്മെന്‍റില്‍ കസേര പിന്നിലേയ്ക്ക് മറിച്ച് സന്തോഷത്തോടെ സ്വപ്നം കണ്ടിരിക്കുമ്പോള്‍, എച്ചോഡി വന്ന് രണ്ടാം വര്‍ഷക്കാര്‍ ഫ്രീ ആയി ഇരിക്കുകയാണ് എന്നും പോയി എന്‍ഗേജ് ചെയ്യാനും ആവശ്യപ്പെടുകയുണ്ടായി. സുഹൃത്ത് അടിമുടി വിരണ്ടു ! കുറ്റി പോയിട്ട് ഈര്‍ക്കിലി പോലും കയ്യിലില്ല. എങ്കിലും അവശേഷിക്കുന്ന ധൈര്യമൊക്കെ സംഭരിച്ച് അദ്ദേഹം ക്ലാസില്‍ ചെന്ന് ഭവിച്ചു. എന്ത് ചെയ്യും ? കേട്ടെഴുത്ത് നടത്താന്‍ പറ്റുമോ? കോളേജൊക്കെയല്ലേ ? പിള്ളേര്‍ എന്ത് കരുതും ? അദ്ദേഹം ഗാഢമായി ചിന്തിച്ചു കൊണ്ട് ക്ലാസിനിടയിലൂടെ ഒന്ന് രണ്ട് തവണ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ആവശ്യം വരുമ്പോള്‍ കൊച്ചു വര്‍ത്തമാനം പറയാനുള്ള ആശയം പോലും വരികയില്ല. പിള്ളേരുടെ സംസാരത്തിന്‍റെ ഒച്ച ചിലപ്പോള്‍ അതിര് കടക്കുന്നു. ഒന്ന് രണ്ട് തവണ "സൈലേന്‍സ് സ് സ് സ് " എന്ന് വിലപിച്ചു നോക്കി. അടങ്ങുന്നില്ല.



സാറിന്‍റെ കൈയ്യില്‍ ‘കുറ്റി’ ഇല്ലെന്ന് ഇതിനകം ഏതാണ്ട് കുട്ടികള്‍ക്ക് മനസ്സിലായി. സമയം നോക്കുമ്പോള്‍ ബെല്ലടിക്കാന്‍ നാല്‍പത്‌ മിനിറ്റിലേറെ ബാക്കിയുണ്ട് എന്ന് കണ്ടു. വീണ്ടും ചിന്താധീനനായി ക്ലാസ് മുറിയിലൂടെ ഉലാത്തി. വല്ല അസുഖമാണ് എന്നും ഭാവിച്ച് തലകറങ്ങിത്താഴെ വീണാലോ? അതിനെക്കുറിച്ച് ഗൌരവമായി ആലോചിച്ച് തുടങ്ങിയപ്പോള്‍ ഒരു പെണ്‍കുട്ടി എഴുന്നേറ്റ് അദ്ദേഹത്തെ സമീപിച്ചു. എന്നിട്ട് ഒരു രഹസ്യം പറയാനുള്ളത് പോലെ ചെവിയുടെ അടുത്ത് ചെന്ന് സ്വകാര്യമായി "പാടണം" എന്നറിയിച്ചു.



എന്‍റെ സുഹൃത്ത് വിചാരിച്ചത് താന്‍ പാടണമെന്ന് വിദ്യാര്‍ഥിനി ആവശ്യപ്പെടുകയാണ് എന്നാണ്. എന്നാല്‍ തനിക്ക് സ്വന്തമായി പാടണം എന്ന് അങ്ങോട്ട്‌ ആവശ്യപ്പെടുകയായിരുന്നു ആ പെണ്‍കുട്ടി. ഭയങ്കരി!



തന്നോട് പാടണം എന്നാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത് എന്ന ധരിച്ച എന്‍റെ സ്നേഹിതന്‍ ജനാലയിലൂടെ വിദൂരതയിലേയ്ക്ക് കണ്ണൊന്ന് പായിച്ച്, നിലത്ത് കിടന്ന ഒരു കല്ല്‌ പതുക്കെ തട്ടിത്തെറിപ്പിച്ച് പോക്കറ്റില്‍ കൈയിട്ട് "ഞാന്‍ അങ്ങനെ പഴേ പോലെ പാടാറൊന്നുമില്ല കുട്ടീ " എന്ന് അല്‍പം ലജ്ജയാല്‍ ചിരിച്ചു കൊണ്ട് അറിയിച്ചു, പഴേ കാര്യം കുട്ടിക്കറിയാം എന്ന പോലെ.



അപ്പോള്‍ ആ പെണ്‍കുട്ടി തികച്ചും ക്രൂരമായി "സാറല്ല, ഞാന്‍ പാടുന്ന കാര്യമാണ്" എന്നറിയിച്ചു.



സുഹൃത്ത് ഇത് കേട്ട് ഒന്നിളിഭ്യനായെങ്കിലും മനസാനിധ്യം വീണ്ടെടുത്ത്, "ങേ ! ഓ !, പാടിക്കോളൂ, കുട്ടി പാടിക്കോളൂ ..നേരം വെളുക്കണ വരെ പാടിക്കോളൂ" എന്നര്‍ത്ഥം വരുന്ന എന്തോ പറഞ്ഞു.



തുടര്‍ന്ന് ആ കുട്ടി കവിത പോലെ എന്തോ ഒന്ന് പാടാനാരംഭിച്ചു. ഞാന്‍ ആ സമയം ഡിപ്പാര്‍ട്ട്മെന്‍റില്‍ കസേര പിന്നിലേയ്ക്ക് മറിച്ചു കൊണ്ടിരുന്ന് ആഹ്ലാദത്തോടെ എന്‍റെ ഫ്രീ അവര്‍ ആസ്വദിക്കുകയായിരുന്നു. സുഹൃത്തിന്‍റെ ക്ളാസിന്‍റെ ദിശയില്‍ നിന്ന് ആ നേരത്ത് അവ്യക്തമായ തരത്തിലുള്ള ഒരു കോലാഹലം കേട്ടു. എന്‍റെ മുന്നിലിരുന്ന് പേപ്പര്‍ കറക്റ്റ് ചെയ്ത് കൊണ്ടിരുന്ന എന്‍റെ സഹപ്രവര്‍ത്തകയും എന്തോ അത്യാഹിതം സംഭവിച്ച മട്ടില്‍ എഴുന്നേറ്റു. കസേര മറി നിര്‍ത്തി എഴുന്നേറ്റ് ഞാനും സഹപ്രവര്‍ത്തകയും കൂടി വരാന്തയിലൂടെ ക്ളാസിന്‍റെ ദിശയിലേയ്ക്ക് പുറപ്പെട്ടു. എനിക്ക് പേടിയുണ്ടായിരുന്നു. അത്യാഹിതങ്ങള്‍ എനിക്ക് പണ്ടേ പേടിയാണ്. അടുത്തു ചെല്ലുന്തോറും ഇംഗ്ലീഷില്‍ എന്തൊക്കെയോ ആണ് കേള്‍ക്കുന്നത് എന്ന് ബോധ്യപ്പെട്ടു. ജനാലയിലൂടെ പാളി നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി കൈ-മെയ്-വാ തുടങ്ങിയവ മറന്ന് അത്യുച്ചത്തില്‍ കവിത ആലപിക്കുകയാണ്. പക്ഷെ ദൂരെ നിന്ന് കേള്‍ക്കുന്നവര്‍ക്ക് ആ ക്ലാസ് മുറിയില്‍ ഭീകരമായ ഒരു കൊലപാതകത്തിലേയ്ക്ക് ചെന്നെത്താന്‍ സാധ്യതയുള്ള ഒരു വാക്കേറ്റം നടക്കുകയാണ് എന്ന് തോന്നുമായിരുന്നു. എന്‍റെ സുഹൃത്ത് കവിത കേട്ട് പേടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിയര്‍ത്ത് വിളറി നീര്‍ക്കോലിയെ കയ്യില്‍ പിടിച്ച് നില്‍ക്കുന്ന കുറുക്കനെ പോലെ--വിടാന്‍ വയ്യ--വിട്ടാല്‍ കടിക്കുമോ --എന്ന ഭാവത്തില്‍ നില്‍പ്പുണ്ട്. അപ്പഴേയ്ക്കും മറ്റ് ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ നിന്നും അധ്യാപകര്‍ പുറത്തേയ്ക്ക് വരികയും കാര്യം മനസ്സിലാക്കി ചെറുചിരിയോടെ പരിസരത്ത് ചുറ്റിപ്പറ്റി നില്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സരസനായിരുന്ന ഞങ്ങളുടെ പ്രിന്‍സിപ്പാളും പുറപ്പെട്ടു വരികയും കാര്യമറിഞ്ഞു മെല്ലെ തിരിച്ചു പോകുകയും ചെയ്തു. ആലാപനം അവസാനിപ്പിച്ച ശേഷം "താങ്ക്യു സാര്‍" ആക്രോശിച്ച് ആ കുട്ടി തന്‍റെ സീറ്റിലേയ്ക്ക് മടങ്ങുമ്പോള്‍ അത് നോക്കി ഒട്ടകപ്പക്ഷിയെപ്പോലെ എന്‍റെ സുഹൃത്ത് നില്‍ക്കുന്നതാണ് ആ സംഭവത്തെക്കുറിച്ചുള്ള എന്‍റെ മനസ്സിലെ അവസാന ഓര്‍മ്മ. അപ്രതീക്ഷിതമായി ഒഴിഞ്ഞു കിടക്കുന്ന ക്ലാസില്‍ മരുന്നില്ലാതെ കയറേണ്ടി വരുന്ന ഭീകരമായ അനിവാര്യത നേരുമ്പോള്‍ ഈ സംഭവം ഞാന്‍ ഓര്‍ക്കാറുണ്ട്.




1 comment: