Friday, June 13, 2025

ഒരു ഗ്രാമീണ റെയില്‍വേ സ്റ്റേഷന്‍



ഉണ്ടായിരുന്നു എന്‍റെ സങ്കല്‍പങ്ങളില്‍ എന്നും ഒരു ഗ്രാമീണ റെയില്‍വെ സ്റ്റേഷന്‍. ഒന്നോ രണ്ടോ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്ന ഒരു റെയില്‍വേ സ്റ്റേഷന്‍. ഞാനായിരുന്നു അവിടത്തെ സ്റ്റേഷന്‍ മാസ്റ്റര്‍. പാസഞ്ചര്‍ വണ്ടികള്‍ക്ക് പച്ചക്കൊടി കാണിച്ചു കഴിഞ്ഞാല്‍ പിന്നെ സ്റ്റേഷന്‍ എന്‍റെ മാത്രമായിരിക്കും ദിവസത്തിന്‍റെ ഏറിയ പങ്കും. ഇടയ്ക്ക് അതിവേഗത്തില്‍ നിര്‍ത്താതെ പോകുന്നൊരു എക്സ്പ്രസ്സ്‌ വണ്ടിയും.

 
ചുരുക്കം ചില കര്‍ഷകര്‍ മാത്രമാണ് അവിടെ വന്നിറങ്ങാറുള്ളത്. ചുറ്റുവട്ടങ്ങളില്‍ പൈന്‍കാടുകളും കൃഷിയിടങ്ങളുമാണ്. പൈന്‍ കാടുകളുടെ ഒരു തുരങ്കത്തില്‍ ചെന്ന് പാളങ്ങള്‍ മറയുന്നതിന് മുന്‍പ് ബ്രൌണ്‍ നിറമുള്ള കല്ലുകള്‍ക്ക് മേലെയോഴുകുന്നൊരു അരുവിയുണ്ട്. സ്റ്റേഷനില്‍ നിന്ന് കാണാവുന്ന വിധം ഒരു വശത്തായി ഒരു തടാകം. ഉച്ച തിരിഞ്ഞ സമയത്ത് കാറ്റില്‍ തടാകത്തിലെ ഓളങ്ങള്‍ തീരത്ത് വന്നടിക്കുന്ന ശബ്ദം കേള്‍ക്കാം.
 
സ്റ്റേഷനില്‍ എനിക്ക് കൂട്ടായുള്ളത് ഒരു പൂച്ച മാത്രമാണ്. കുഞ്ഞായിരിക്കുമ്പോള്‍ വന്നതാണ്. അക്കാലം ഞാന്‍ വായിച്ചു കൊണ്ടിരുന്ന ഒരു റഷ്യന്‍ നോവലിലെ കൊച്ചു നായകന്‍റെ ഓര്‍മയില്‍ അവന് ഞാന്‍ കോസ്ത്യ എന്നാണ് പേര് കൊടുത്തത്. മച്ചിന് മുകളിലെ എലികളെ പിടിച്ചും തരം കിട്ടുമ്പോള്‍ അടുക്കളയില്‍ നിന്ന്‍ മീന്‍ കട്ടുതിന്നും അവന്‍ ഇപ്പോള്‍ ഒരു പൊണ്ണന്‍ പൂച്ചയാണ്. അവന്‍റെ വാല്‍ ഒരു അണ്ണാന്‍റെ വാല് പോലെ വലുതാണ്‌.
ഒഴിവ് നേരങ്ങള്‍ ഞാന്‍ ചിലവഴിക്കുക ചുറ്റും വെളുത്ത തടി കൊണ്ട് വേലി കെട്ടിയ സ്റ്റേഷന്‍റെ പൂന്തോട്ടത്തില്‍ ജോലി ചെയ്ത് കൊണ്ടാണ്. 8. 44 ല്‍ പതിവായി യാത്ര ചെയ്യുന്ന സാഷ അമ്മായിയാണ് തോട്ടത്തിലെ മെഡോ സ്വീറ്റ് ചെടിയുടെ തൈകള്‍ എനിക്ക് തന്നത്. ഇപ്പോള്‍ പൂന്തോട്ടത്തില്‍ നിറയെ മെഡോ സ്വീറ്റ് പൂക്കളുണ്ട്‌.

 
രാത്രികള്‍ മനോഹരങ്ങളാണ്. 11.40 ന് എന്നെയും കോസ്ത്യയെയും പൊടിയില്‍ കുളിപ്പിച്ച് കടന്ന് പോകുന്ന എക്സ്പ്രസ് കഴിഞ്ഞാല്‍ രാത്രി ഞങ്ങള്‍ക്ക് സ്വന്തം. തണുപ്പിന്‍റെ മുത്തുകള്‍ തങ്ങി നില്‍ക്കുന്ന ജനാലച്ചില്ലില്ലോടെയുള്ള നീലക്കാഴ്ച്ചയും കണ്ട് സമോവാറില്‍ നിന്ന്‍ കട്ടന്‍ ചായയും പകര്‍ന്ന് ചുരുട്ടും പുകച്ച് ഞാന്‍ ഒരു പുസ്തകം വായിച്ചിരിക്കയാവും. നെരിപ്പോടിനരികെ ഒരു പഞ്ഞിക്കെട്ടു പോലെ കോസ്ത്യ ചുരുണ്ട് കൂടിയിരിക്കും . ചിലരാത്രികളില്‍ പുറത്തെങ്ങു നിന്നോ ഒരു ഫിഡില്‍ സംഗീതം ഒഴുകിയെത്തുന്നത് കേള്‍ക്കാം. ദൂരെയെവിടെയെങ്കിലും ഒരു കര്‍ഷകഭവനത്തില്‍ ഏകാകിയായ ഒരാള്‍ മീട്ടുന്നതാവാം. അത് ആകാശത്തേയ്ക്കുയര്‍ന്ന് ഒരു കുട പോലെ എന്‍റെ റെയില്‍വെ സ്റ്റെഷനെയും താഴ്വരയേയും ചൂഴും...


No comments:

Post a Comment