Saturday, June 14, 2025

പ്രേതഭവനം

റോബര്‍ട്ട് ഫ്രോസ്റ്റിന്‍റെ "പ്രേതഭവനം" എന്ന കവിതയുടെ വിവര്‍ത്തനം. ഫ്രോസ്റ്റിന്‍റെ ഫാമിനടുത്തുള്ള തകര്‍ന്നടിഞ്ഞ ഒരു വീടും അവിടെ കാണപ്പെട്ട കല്ലറകളുമാണ് ഈ കവിതയിലേയ്ക്ക് പ്രചോദിപ്പിച്ചത് എന്ന് പറയപ്പെടുന്നു.

























വേനലുകളേറെ മുന്‍പെ
മാഞ്ഞു പോയൊ-
രേകാന്തഗൃഹത്തിലാണെന്‍റെ വാസം.
ശേഷിക്കുന്നില്ലേറെയൊന്നും
നിലവറയുടെ ഭിത്തികളൊഴികെ.
വെയില്‍ വീഴുന്ന,
കടുംനീലത്തണ്ടുകളില്‍ കാട്ടുറാസ്‌ബെറി
വളരുന്നൊരു നിലവറ.

 
തകര്‍ന്നടിഞ്ഞ വേലികളില്‍
മുന്തിരിവള്ളിപ്പടര്‍പ്പ്.
കൊയ്ത്തുപാടങ്ങളില്‍ മടങ്ങിയെത്തുന്ന ചെറുവനം
തോപ്പിലെ മരം പുതുനാമ്പുകള്‍
പൊടിക്കുന്നതിമേല്‍ മരംകൊത്തിയുടെ യത്നം.
കിണറ്റിലേയ്ക്കിറങ്ങും നടവഴി
സുഖപ്പെട്ടിരിക്കുന്നു.


യാത്ര നിലച്ച് വിസ്മൃതമായ,
ഓടകള്‍ വറ്റിയൊരുനിരത്തിലകലെ,
മാഞ്ഞു പോയൊരാ വസതിയില്‍
വല്ലാത്തൊരുള്‍നോവില്‍ ഞാന്‍.
രാത്രി വീഴുന്നു;
കരിങ്കടവാവലുകള്‍ കീഴ്മേല്‍
മറിഞ്ഞു കുതിക്കുന്നു.


കൊക്കിച്ചിലച്ച്, ചിറകടിച്ച
നങ്ങാതിരിക്കാ,നെത്തുന്നിതാ രാപ്പാടി
ഇങ്ങെത്തും മുന്‍പകലെ
നിന്നേ കേള്‍ക്കാമെനി,ക്കവന്‍
ഇങ്ങെത്തിപ്പറയാന്‍
നിനയ്ക്കുന്നതത്രയും

 
അരണ്ട ആ ചെറുഗ്രീഷ്മതാരത്തിന്‍ ചുവട്ടില്‍
എനിക്കൊപ്പമിവിടം പകുക്കുന്നൊരാ
നിശബ്ദരൂപങ്ങളാര്?
ചാഞ്ഞു നില്‍ക്കുന്ന
ആ മരച്ചോട്ടിലെ ശിലകളില്‍
പായലില്‍ മൂടിയ അവരുടെ
പേരു കാണാം.


അക്ഷീണരവര്‍, മന്ദസ്ഥിതര്‍
പക്ഷെ ദുഃഖാര്‍ത്തരും,
രണ്ട് പേരുണ്ടവര്‍, എപ്പോഴുമൊരുമി
ച്ചൊരു പെണ്ണും ചെറുക്കനും
അവരിലാരും പാട്ടൊന്നും
പാടിയില്ലെങ്കിലും
പലതു കൊണ്ടും
ഉറ്റതോഴരാണവരെന്ന് നിശ്ചയം.

No comments:

Post a Comment