Masha and the Bear ലെ കരടിയുടെ വീട് പോലെ ഒരു വീട്ടില്‍, ആ വീടിരിക്കുന്നത് പോലെ ഒരിടത്ത് പോയി ജീവിതം ചെലവഴിക്കണം എന്നാണ് എന്‍റെ ആഗ്രഹം. അത് പോലെ ഭംഗിയുള്ള ഒരു സ്ഥലമില്ല. അത് പോലെ ഭംഗിയായി സൂക്ഷിച്ച വീടും. തടി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അകത്ത് നല്ല ഒന്നാന്തരം ഷെല്‍ഫുകള്‍. എല്ലാം എപ്പോഴും അടുക്കിപ്പെറുക്കി വച്ചിരിക്കും. കരടിയ്ക്ക് നല്ല വായനാശീലമുണ്ട്. ഒരു ഷെല്‍ഫില്‍ നിറയെ പുസ്തകങ്ങള്‍. ഭിത്തിയില്‍ ചിലപ്പോള്‍ ദസ്തയേവ്സ്കിയുടെയും ചെഖോവിന്‍റെയും ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നത് കാണാം. ചെക്കോവിനെ വായിക്കുന്ന കരടി അക്ഷര വൈരികളായ മനുഷ്യരെക്കാള്‍ എത്ര നല്ലതാണ് ! വൃത്തിയുള്ള അടുക്കള, നല്ല സെറ്റികള്‍ ഉള്ള ഡ്രോയിംഗ് റൂം, വോഡ്കയൊ മറ്റോ സൂക്ഷിക്കാന്‍ ഫ്രിഡ്ജ്, മഞ്ഞുകാലത്ത് മുറി ചൂടാക്കാന്‍ ഫയര്‍ പ്ലേസ്. ക്രിസ്മസ് കാലത്ത് കരടി സാന്‍റാ ക്ലോസ് വരാന്‍ വേണ്ടി കാലുറകള്‍ തൂക്കിയിടാറുമുണ്ട്. മുകള്‍ നിലയിലാണ് ബെഡ്റൂമും മറ്റും. ശരിക്കും Self Sufficient ആയ ഇടം.
വീടിരിക്കുന്ന പരിസരവും അങ്ങനെ തന്നെ. നല്ല പച്ച മരങ്ങളാണ് ചുറ്റും. കരടിയായത് കൊണ്ട് തേനീച്ച വളര്‍ത്തല്‍ ഉണ്ട്. വീട്ടു മുറ്റത്ത് വേണമെങ്കില്‍ പാചകം ചെയ്യാനുള്ള സെറ്റ് അപ്പ് ഉണ്ട്. സമോവര്‍ കാണാം. സമോവാര്‍ നമുക്ക് ഒരു വീക്ക്നെസ് ആണ്. മുറ്റത്ത് ഇരുന്ന് വായിക്കാം. കട്ടന്‍ ചായ ഇടാം. വീടിന് ചുറ്റും മരവേലിയും. പ്രസന്നമായ ഒരു ശനിയാഴ്ച പ്രഭാതത്തില്‍ വേണമെങ്കില്‍ വേലിയ്ക്ക് വെള്ള പൂശാം. അടുത്തുള്ള കുളത്തില്‍ പോയി ചൂണ്ടയിടുകയുമാകാം. ഇടയ്ക്ക് ഇങ്ങനെ വൃത്തിയുള്ള വീട് തല തിരിച്ചു വയ്ക്കാന്‍ മാഷ വരുന്നത് ഒഴിച്ചാല്‍ എല്ലാം സ്വച്ഛമാണ്. ആ ജീവിതം കാണുമ്പോള്‍ കരടി ഏതോ എയ്ഡഡ് കോളേജിലെ സര്‍വീസില്‍ നിന്ന് റിട്ടയറായിട്ട് താമസിക്കുകയാണ് എന്ന് തോന്നുന്നു.
ഇങ്ങനെ ഒരിടത്ത് പോയി ജീവിതം ചെലവഴിക്കണം എന്ന് ആഗ്രഹമുണ്ട്. അപ്പോള്‍ നമുക്ക് ഇഷ്ടം പോലെ ചിലതെല്ലാം കൂട്ടി കൂട്ടി കൊണ്ട് വരാം. അടുത്ത് അധികം ട്രെയിനുകള്‍ സ്റ്റോപ്പ് ഇല്ലാത്ത ഒരു കൊച്ചു റെയില്‍വെ സ്റ്റേഷന്‍ ഉണ്ടെങ്കില്‍ കൊള്ളാം. രാത്രിയോ മറ്റോ ട്രെയിന്‍ കൂവല്‍ കേള്‍ക്കുമ്പോള്‍ "മെയില്‍ ഇന്ന് ലേറ്റാണ്" എന്നോ മറ്റോ പറയാമല്ലോ. കുളത്തിന് പകരം നല്ല തീരമുള്ള ഒരു പുഴയായാലും കൊള്ളാം. വൈകുന്നേരങ്ങളില്‍ പോയിരിക്കാം. രാത്രികള്‍ വളരെ ഗൌരവതരമായ ഒരു അന്തരീക്ഷമായിരിക്കും. Solemn എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്ന ഒരു അന്തരീക്ഷം. മഞ്ഞു കാലം തുടങ്ങുന്നതിന് മുന്‍പാണ് എങ്കില്‍ റെക്കോര്‍ഡ് പ്ലെയറില്‍ ബിംഗ് ക്രോസ്ബിയുടെ I'm dreamin' of a White Christmas എന്ന പാട്ട് വെയ്ക്കാം. പാട്ടിന്‍റെ നോട്ട്സ് ചിഹ്നങ്ങള്‍ ജനാലയിലൂടെ പുറത്തിറങ്ങി അന്തരീക്ഷത്തെ ചൂഴും.
ഇങ്ങനെ സ്വയം പര്യാപ്തതയുടെ ഇടങ്ങളും നിമിഷങ്ങളും സങ്കല്‍പങ്ങളുമാണ് എന്‍റെ വായനയുടെയും കാഴ്ച്ചയുടെയും സുവര്‍ണകാലങ്ങളെ അടയാളപ്പെടുത്തുന്നത്. വീണ്ടും, ഇങ്ങനെ ഒരിടത്ത് പോയി ജീവിതം കഴിച്ചാല്‍ കൊള്ളാം.
No comments:
Post a Comment