Monday, August 3, 2026

എന്‍റെ കാട്ടുനായ ബൂട്ടോ




ഫെബ്രുവരിയിലെ കൊടുങ്കാറ്റുള്ള ഒരു രാത്രിയാണ് അവന്‍ വന്നത്. മഴയില്‍ കുതിര്‍ന്ന എന്ന വീടിന്‍റെ ജനാലയിലൂടെ ഇരുട്ടിലേയ്ക്ക് നോക്കിയപ്പോള്‍ രണ്ട് തിളങ്ങുന്ന കണ്ണുകള്‍ എന്‍റെ നേര്‍ക്ക് നോക്കി. തവിട്ടു നിറമുള്ള ഒരു ശരീരവും വലിയ താടിയെല്ലും ഞാന്‍ കണ്ടു. പുലിയോ മറ്റോ ആയിരിക്കുമോ എന്ന് ഞാന്‍ ഭയന്നു.


    ഒരു നോവല്‍ എഴുതാന്‍ വേണ്ടി ക്യാനഡയുടെ പസിഫിക് തീരത്ത് ബ്രിട്ടീഷ് കൊളമ്പിയയിലേയ്ക്ക് വന്നതായിരുന്നു ഞാന്‍. കഴിഞ്ഞ ഏഴു മാസങ്ങളായി തടി കൊണ്ടുണ്ടാക്കിയ എന്‍റെ ക്യാബിനില്‍ ഞാന്‍. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഏറ്റവും അടുത്തുള്ള അയല്‍ക്കാരന്‍ പോലും വളരെ അകലെയായിരുന്നു.


    ടോര്‍ച്ചും മഴുവും എടുക്കാന്‍ വേണ്ടി ഞാന്‍ അടുക്കളയിലേയ്ക്ക് പോയി. ജനാലയില്‍ നിന്ന് അല്‍പമൊന്ന് വിട്ട് നിന്ന് ഞാന്‍ പുറത്തേയ്ക്ക് ടോര്‍ച്ച് തെളിച്ചു. ഞാന്‍ കണ്ടത് കറുപ്പും തവിട്ടും നിറമുള്ള ഒരു കൂറ്റന്‍ നായയെയായിരുന്നു, അവന്‍ വന്യമായി വാലാട്ടിക്കൊണ്ടിരുന്നു.


    ഞാന്‍ വാതില്‍ ഇത്തിരി തുറന്നപ്പോള്‍ അവിടമാകെ വെള്ളം ചിതറിച്ചു കൊണ്ട് അവന്‍ മുറിയിലേയ്ക്ക് ഇരച്ചു കയറി. ആഹ്ലാദം കൊണ്ട് മതിമറന്ന പോലെ. വലിയ തലയായിരുന്നെങ്കിലും ശരീരം ശോഷിച്ചിരുന്നു. എല്ലുകള്‍ തോലിന് മേല്‍ എഴുന്നു നിന്നു. അവന്‍റെ കണ്ണിലെ നോട്ടം ഏത് ഭാഷയെക്കാളും വ്യക്തമായി ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ദയവായി എനിക്ക് കഴിക്കാന്‍ വല്ലതും തരുമോ?”


    എന്‍റെ അടുക്കളയിലുണ്ടായിരുന്ന ഇറച്ചിയെല്ലാം ഞാന്‍ അവന് കൊടുത്തു. അടുത്ത രണ്ട് മണിക്കൂര്‍ നേരം അവന്‍ എന്നോട് നന്ദി പ്രകടിപ്പിക്കാനുള്ള വിവിധ ഏര്‍പ്പാടുകളില്‍ മുഴുകിയിരിക്കുകയായിരുന്നു. അവന്‍ മോങ്ങുകയും അവന്‍റെ നനഞ്ഞ താടിയെല്ല് എന്‍റെ മടിയില്‍ വയ്ക്കുകയും മുന്‍കാലുകൊണ്ട് എന്നെ തോണ്ടുകയുമൊക്കെ ചെയ്തു. എപ്പോഴൊക്കെ ഞാന്‍ എന്‍റെ ജോലിയില്‍ നിന്ന് തലയുയര്‍ത്തിയോ അപ്പോഴൊക്കെ അവന്‍ തന്‍റെ തവിട്ടു നിറമുള്ള കണ്ണുകള്‍ കൊണ്ട് എന്നെ ഉറ്റുനോക്കി വാലാട്ടിക്കൊണ്ട് നിലത്തിരുപ്പുണ്ടായിരുന്നു.


        അങ്ങനെ 1967 ലെ ആ രാത്രി ബൂട്ടോ എന്ന കാട്ടുനായ എന്‍റെ ഏകാന്തജീവിതത്തിലേയ്ക്ക് വന്നു.


    ഏത് കഠിനഹൃദയന്‍റെയും മനസ്സലിയിക്കാനുള്ള വേലകള്‍ അവന്‍റെ കയ്യിലുണ്ടായിരുന്നു. അവന്‍ കാലുകളില്‍ കുന്തിച്ചിരുന്ന് ഭക്ഷണത്തിന് വേണ്ടി യാചിക്കും. അവന്‍റെ വെളുത്ത നിറമുള്ള മുന്‍കാലുകള്‍ കുറുകെ വച്ചിരിക്കും. അല്ലെങ്കില്‍ കൈ കൊണ്ട് കണ്ണ് മറച്ച് വച്ച് മണ്ണില്‍ കിടന്നുരുളും. അല്ലെങ്കില്‍ എനിക്ക് വിശന്നിട്ടു വയ്യ എന്നൊരു ഭാവത്തോടെ കുറച്ച് പുല്ല് വായിലിട്ട് ചവയ്ക്കും.


    ഒരു പ്രഭാതത്തില്‍ ഞാന്‍ കുറച്ച് നായ ബിസ്കറ്റുകള്‍ എടുത്ത് കയ്യില്‍ പിടിച്ചപ്പോള്‍ അവന്‍ എഴുന്നേറ്റിരുന്ന് മോങ്ങി. മൂന്ന് തരം ബിസ്കറ്റുകള്‍ ഉണ്ടായിരുന്നു. “ശരി, ഏതാണ് നിനക്ക് വേണ്ടത്?” ചുവന്ന ഇറച്ചി ബിസ്ക്കറ്റ് നീട്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു. അപ്പോള്‍ ആഴമുള്ള ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് അവന്‍ ഇതാണ് തനിക്ക് ഏറ്റവുമിഷ്ടം എന്ന് എന്നെ അറിയിച്ചു. അവന്‍റെ മൂര്‍ച്ചയേറിയ സ്വരം എന്‍റെ ക്യാബിനിനുള്ളിലൂടെ വെടിയൊച്ച പോലെ മുഴങ്ങി.


    “ശ്ശ്ശ്…” ഞാന്‍ പറഞ്ഞു, “ശബ്ദമുണ്ടാക്കല്ലേ, പയ്യെ.” എന്നിട്ട് ഞാന്‍ ഒരു ചെറിയ ശബ്ദത്തില്‍ കുറച്ചു കാണിച്ചു. അത്രയും മതി. അപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ എന്നെ അനുകരിച്ചു. ചെറുശബ്ദത്തില്‍ “ഭൌ!” “യെസ്” എന്ന് പറഞ്ഞത് പോലെ. ശബ്ദം താഴ്ത്തി കുരയ്ക്കാനുള്ള ബൂട്ടോയുടെ കഴിവ് പിന്നീട് ഞങ്ങള്‍ക്ക് വലിയ ഉപകാരമായി.


    മെയ്മാസത്തില്‍ എന്‍റെ നോവല്‍ ലണ്ടനിലേയ്ക്ക് അയച്ചു കൊടുത്തു കഴിഞ്ഞപ്പോഴെയ്ക്കും എന്‍റെ കാശുമുഴുവന്‍ തീര്‍ന്നതായി ഞാന്‍ കണ്ടു. മുന്‍പൊരിക്കല്‍ ഞാന്‍ ഹോളിവുഡില്‍ എഴുത്തുകാരനായി കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. ഒരു പക്ഷെ അവിടെ ഒരിക്കല്‍ കൂടി ജോലി തരപ്പെട്ടാലോ എന്ന് എനിക്ക് തോന്നി. പക്ഷെ ഹോളിവുഡിലേയ്ക്ക് അവിടെ നിന്ന് 2690 കിലോമീറ്റര്‍ തെക്കോട്ട്‌ സഞ്ചരിക്കേണ്ടിയിരുന്നു. യാത്ര ചെയ്യാനുള്ള മാര്‍ഗവും കുറഞ്ഞ ചിലവില്‍ ജീവിക്കാനുള്ള വഴിയും കണ്ടെത്തണം. അങ്ങനെ ഞാനൊരു സെക്കന്‍ഡ് ഹാന്‍ഡ് പാല്‍ ട്രക്ക് സംഘടിപ്പിച്ചു. ആ വണ്ടി പിന്നീട് എന്‍റെ സഞ്ചരിക്കുന്ന വീട് ആയിത്തീര്‍ന്നു.



    ഞാന്‍ ബൂട്ടോയെക്കുറിച്ചോര്‍ത്തു. ഈ വനപ്രദേശത്ത് സ്വതന്ത്രമായി ജീവിച്ചവനാണ് അവന്‍. ലോസ് ആഞ്ചലസ് പോലെയൊരു വലിയ നഗരത്തിന്‍റെ തിരക്കുകളിലേയ്ക്ക് അവനെ കൊണ്ടുപോകുക എന്ന് വച്ചാല്‍ ക്രൂരതയാണ്. ഞാന്‍ എന്‍റെ ജോലിയ്ക്ക് പോകുമ്പോള്‍ അവനെ എന്‍റെ ട്രക്കിനുള്ളില്‍ പൂട്ടിയിടുക എന്ന് വച്ചാല്‍ ആലോചിക്കാന്‍ വയ്യ. മനസ്സില്ലാമനസോടെ അവനെ ഞാന്‍ എന്‍റെ അയല്‍ക്കാരന്‍ ഫ്രെഡ് ജാക്സനെ ഏല്‍പ്പിച്ച് പോകാന്‍ തീരുമാനിച്ചു.


    ഞാന്‍ പുറപ്പെടുന്ന ദിവസം പായ്ക്ക് ചെയ്യുമ്പോള്‍ ബൂട്ടോ എന്നെ സശ്രദ്ധം വീക്ഷിച്ചു. അവന്‍റെ കണ്ണുകളില്‍ വേദനയുണ്ടായിരുന്നു. ദുഖത്തില്‍ ഒന്ന് മോങ്ങിയ ശേഷം അവന്‍ അപ്രത്യക്ഷനായി. പോകാന്‍ നേരം അവന്‍ അവിടെയില്ലാതിരുന്നത് നന്നായി എന്ന് ഞാന്‍ കരുതി. ഞാന്‍ യാത്ര തുടങ്ങി കുറച്ച് നേരം കഴിഞ്ഞ് ഒരു വളവ് തിരിയുമ്പോഴുണ്ട് അതാ അവന്‍ പിന്നാലെ ഓടി വരുന്നു.


    ഞാന്‍ സ്പീഡ് കൂട്ടി നോക്കി. ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നിര്‍ത്തി. കഠിനമായിരുന്ന ആ മഞ്ഞുകാലത്ത് അവന്‍ മാത്രമായിരുന്നല്ലോ എന്‍റെ ഒരേ ഒരു കൂട്ടുകാരന്‍ എന്ന് ഞാന്‍ ഓര്‍മ്മിച്ചു. പിന്നില്‍ ചരല്‍ക്കല്ലുകള്‍ ഇളകുന്ന ശബ്ദം കേട്ടു. അതാ നില്‍ക്കുന്നു അവന്‍! അവന്‍ കിതച്ച് ക്ഷീണിച്ചിരുന്നു. അവന്‍റെ ചെവികള്‍ ഉയര്‍ന്ന് നിന്നു. കണ്ണില്‍ നിറയെ വേദനയുണ്ടായിരുന്നു.


    “എങ്കില്‍ പിന്നെ കേറി വാടാ, മോനേ” ഞാന്‍ വാതില്‍ തുറന്ന് കൊണ്ട് പറഞ്ഞു. അവന്‍ സീറ്റിലേയ്ക്ക് ചാടിക്കേറി എന്നെ ആകെ മൊത്തം നക്കാന്‍ തുടങ്ങി. പിന്നെ സീറ്റിന് താഴെ നിലത്ത് അടങ്ങിയൊതുങ്ങിയിരുന്നു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് ഹോളിവുഡിലേയ്ക്ക് തിരിച്ചു.


    അത്ഭുതമെന്നേ പറയേണ്ടൂ, ബൂട്ടോ നഗരവുമായി വളരെ വേഗം പൊരുത്തപ്പെട്ടു. ഒരു ദിവസം കൊണ്ട് അവന്‍ ട്രാഫിക് നിയമമൊക്കെ പഠിച്ചു കഴിഞ്ഞു.അവന്‍റെ ബുദ്ധി കൊണ്ടാണ് നഗരത്തില്‍ ഞങ്ങള്‍ക്ക് ഒരു നല്ല വാടകവീട് കിട്ടിയത്. ബിവര്‍ലി ഹില്‍സിലെ ഒരു വലിയ വീടിന്‍റെ പൂന്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഭംഗിയുള്ള കോട്ടേജ്.


    വീട്ടുടമ ബൂട്ടോയുടെ നേര്‍ക്ക് ഒന്ന് നോക്കിയ ശേഷം പറഞ്ഞു:


    “ക്ഷമിക്കണം, ഇവിടെ ഒരു വലിയ നായയെ അനുവദിക്കാന്‍ പറ്റില്ല. മുന്‍പുണ്ടായിരുന്ന ഒരെണ്ണം രാത്രി കുരച്ച് കുരച്ച് ഞങ്ങള്‍ക്ക് സ്വസ്ഥത തന്നിട്ടില്ല.”

    “പക്ഷെ ഞാന്‍ പറഞ്ഞാല്‍ മാത്രമേ ബൂട്ടോ കുരയ്ക്കൂ” ഞാന്‍ പറഞ്ഞു,


    “ഞാന്‍ കാണിച്ചു തരാം.”


    ഞാന്‍ കുറച്ച് ബിസ്കറ്റ് എടുക്കാന്‍ ട്രക്കിന്‍റെ അടുത്തേയ്ക്ക് ചെന്നപ്പോള്‍ ബൂട്ടോയ്ക്ക് മനസിലായി ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന്. അവന്‍ വാലാട്ടി എഴുന്നേറ്റിരുന്ന് എന്നെ നോക്കി. ഞാന്‍ ഒന്ന് മാറിയിട്ട് മടങ്ങി വന്നപ്പോഴേയ്ക്കും ഉടമയും ബൂട്ടോയും അടുപ്പക്കാരായി മാറി എന്ന് കണ്ടു.


    ഞാന്‍ അവന് ഒരു ബിസ്കറ്റ് നീട്ടി: “എന്ത് പറയുന്നു?” ഞാന്‍ ചോദിച്ചു


    “ഭൌ!” ചെറുശബ്ദത്തില്‍ അവന്‍ പറഞ്ഞു.


    “അല്‍പം കൂടി ഉച്ചത്തില്‍”


    അവന്‍ അല്‍പം കൂടി ഉച്ചത്തില്‍ കുരച്ചു.


    “ഇനി പതിയെ..”


    “ഫൌ!!” ബൂട്ടോ പറഞ്ഞു.


    വീട്ടുടമ ഹൃദ്യമായി ചിരിച്ചു കൊണ്ട് എനിക്ക് താക്കോല്‍ കൈമാറി.


    അഞ്ചുമാസങ്ങള്‍ ഞങ്ങള്‍ ആ കോട്ടേജില്‍ താമസിച്ചു. എഴുത്ത് കൊണ്ട് സാമാന്യം ഭേദപ്പെട്ട വരുമാനമുണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞു. നഗരത്തില്‍ ജീവിക്കാന്‍ പഠിച്ചത് കൊണ്ട് എന്‍റെ ടൈപ്പ്റൈറ്ററിന്‍റെ ശബ്ദം കേട്ട് മടുക്കുമ്പോള്‍ അവനൊന്ന് ചുറ്റിയടിക്കാന്‍ പോകും. അവന്‍റെ കോളറില്‍ ഞാന്‍ എന്‍റെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടിരുന്നു. എങ്ങാനും വഴി തെറ്റി ആരുടെയെങ്കിലും അടുത്തു ചെന്നാല്‍ എന്നെ ഒന്ന് വിളിച്ചറിയിക്കാനും ഒരു ചെറുസമ്മാനം നല്‍കുന്നതായിരിക്കും എന്നൊരു അറിയിപ്പും ഉള്‍പ്പടെ.


    ഒരിക്കല്‍ രണ്ടുദിവസം അവനെ കണ്ടില്ല. ഞാന്‍ ആകെ വിഷമിച്ചു.രണ്ടാമത്തെ രാത്രി എനിക്കൊരു ഫോണ്‍ വന്നു. അത് മാജിക് കാസില്‍ എന്നൊരു റെസ്റ്റോറന്‍ഡിലെ കുക്ക് ആയിരുന്നു. ലോകപ്രശസ്തരായ മജീഷ്യന്‍മാരെല്ലാം സന്ദര്‍ശിച്ച് അതിഥികള്‍ക്ക് വേണ്ടി മാന്ത്രികപ്രദര്‍ശനം നടത്താറുള്ള ഒരി ഹോട്ടലായിരുന്നു അത്. ബൂട്ടോ എങ്ങനെയോ ഇവിടെ എത്തിപ്പെടുകയും മജീഷ്യന്‍റെ സഹായിയായി മാറുകയും ചെയ്തിരുന്നു.


    മജീഷ്യന്‍ ഒരു ട്രിക്ക് കാണിച്ചപ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമേ കയ്യടിച്ചുള്ളൂ. അയാള്‍ ബൂട്ടോയോട് ചോദിച്ചു:

    “നീ എന്ത് പറയുന്നു?”

    ബൂട്ടോ ഉച്ചത്തില്‍ കുരച്ചു. “അവന് ഇഷ്ടപ്പെട്ടല്ലോ, പിന്നെ നിങ്ങള്‍ക്കെന്ത്‌ പറ്റി?”

    പിന്നെ ഓരോ ട്രിക്ക് കഴിയുമ്പോഴും അയാള്‍ അവനോട് അഭിപ്രായം ചോദിച്ചു. പരിപാടിയ്ക്കിടയിലെല്ലാം മജീഷ്യന്‍ സിഗരറ്റ് വലിച്ചുതള്ളിക്കൊണ്ടിരുന്നു. പുകയുന്ന സിഗരറ്റ് കുറ്റികള്‍ ബൂട്ടോയ്ക്ക് ഇഷ്ടമായിരുന്നില്ല. അവന്‍ അതെല്ലാം ചവിട്ടിക്കെടുത്തിക്കൊണ്ടിരുന്നു.


    അവനെ തിരിച്ച് കിട്ടാന്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നു. മജീഷ്യന്‍ ആദ്യം അമ്പതും പിന്നെ നൂറും പിന്നീട് നൂറ്റമ്പതും ഡോളര്‍ എനിക്ക് ഓഫര്‍ ചെയ്തു. മില്യന്‍ ഡോളര്‍ കിട്ടിയാലും ബൂട്ടോയെ വില്‍ക്കുകയില്ല എന്ന് ഞാന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ അയാള്‍ എത്രത്തോളം കൂട്ടുമായിരുന്നു എന്നെനിക്ക് ഒരു പിടിയുമില്ല.


    ബ്രിട്ടീഷ് കൊളമ്പിയയില്‍ നിന്ന് ഒരു കത്ത് കിട്ടിയപ്പോള്‍ ഹോളിവുഡില്‍ നിന്ന് മടങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒരു വര്‍ഷം മുന്‍പ് കടലിന് സമീപത്തായി കുറച്ച് ഭൂമി വാങ്ങാന്‍ വേണ്ടി ഞാന്‍ കനേഡിയന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. അതിന് അനുവാദം നല്‍കിക്കൊണ്ടുള്ള കത്തായിരുന്നു അത്. വര്‍ഷത്തിന് 110 ഡോളര്‍ ആയിരുന്നു വാടക.


    താമസിയാതെ അവിടത്തെ ജോലികളെല്ലാം തീര്‍ത്ത് പഴയ ട്രക്കുമായി ഞങ്ങള്‍ കാനഡയിലേയ്ക്ക് തിരിച്ചു.


    ആ സ്ഥലത്ത് ഞാനും ബൂട്ടോയും ക്യാബിന്‍ കെട്ടി രണ്ടു വര്‍ഷത്തോളം താമസിച്ചു. പരുന്തുകളും മാനുകളും താറാവുകളും ചിലപ്പോഴൊക്കെ ഒരു കരടിയുമായിരുന്നു ഞങ്ങളുടെ അയല്‍ക്കാര്‍.


    മൂന്നാമത്തെ വേനല്‍ക്കാലത്ത് ഞാന്‍ എന്‍റെ ജന്മസ്ഥലമായ ബ്രിട്ടനിലേയ്ക്ക് പോകാന്‍ തീരുമാനിച്ചു. ബൂട്ടോയെ എന്ത് ചെയ്യും എന്നതായിരുന്നു എനിക്ക് എടുക്കേണ്ട കഠിനമായ തീരുമാനം. “അവനെ ഞാന്‍ കൂടെക്കൊണ്ടുപോകണോ?” ബൂട്ടോയുടെ വീട് ആ വന്യമായ കനേഡിയന്‍ വനപ്രദേശമായിരുന്നു. ഇംഗ്ലണ്ടില്‍ ഒരു നായക്കൂടിനുള്ളിലെ ജീവിതം അവന് മനസ്സിലാവില്ല.


    അവന്‍ പൂര്‍ണമായും എന്‍റേതാണ് എന്ന് തോന്നാതിരിക്കാനും അവന്‍ എന്നെ ശീലിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എന്‍റെ ടൈപ്പ് റൈറ്റിംഗ് ശബ്ദം കേട്ട് മടുത്ത് കുറെക്കാലം ഇവന്‍ ഫ്രെഡ് ജാക്സന്‍റെയും കുടുംബത്തിന്‍റെയുമൊപ്പമാണ് കഴിഞ്ഞത്. അവനെ ഞങ്ങള്‍ നോക്കിക്കോളാം എന്ന് അവര്‍ സന്തോഷത്തോടെ സമ്മതിച്ചു.


    അവസാനദിവസം ഞാന്‍ വീടിന്‍റെ വാതില്‍ പൂട്ടിയപ്പോള്‍ ബൂട്ടോ ചെറുതായി മോങ്ങാന്‍ തുടങ്ങി. ഞാന്‍ പോകുകയാണ് എന്ന് അവന് മനസിലായിരുന്നു. ഹൃദയഭേദകമായിരുന്നു ആ നിമിഷങ്ങള്‍. ഞാന്‍ അവനോടൊപ്പം വീടിന് മുന്നിലുള്ള ബെഞ്ചില്‍ അവന്‍റെ തലയില്‍ തലോടിയും മുന്‍കാലുകളില്‍ പിടിച്ചും ഇരുന്നു. എന്നെങ്കിലുമൊരിക്കല്‍ മടങ്ങി വരാം എന്ന് അവനോട് പറയാന്‍ ഞാന്‍ ശ്രമിച്ചു.


    ഇന്ന് ഞാന്‍ ഒരു സ്കോട്ടിഷ് തടാകത്തിനരികെയിലുള്ള ഒരു കോട്ടേജില്‍ താമസിക്കുകയാണ്.എന്‍റെ കാട്ടുനായ ബൂട്ടോയെ ഞാന്‍ എപ്പോഴും ഓര്‍മ്മിക്കും. കാനഡയിലുള്ള എന്‍റെ സ്നേഹിതര്‍ പറയുന്നു അവന് സുഖമാണ് എന്ന്.


    അവര്‍ക്ക് ആദ്യ മറുപടി എഴുതിയപ്പോള്‍ ഞാന്‍ എഴുതി: “ബൂട്ടോ എന്തെങ്കിലും അസുഖമാണ് എങ്കില്‍ എന്നെ അറിയിക്കുമല്ലോ. അടുത്ത വിമാനത്തിന് ഞാനെത്താം.” അത് സത്യമായിരുന്നു. അതിന് വേണ്ട അല്‍പം പണം ഞാന്‍ സൂക്ഷിച്ച് വച്ചിരുന്നു. വനപ്രദേശത്ത് മനുഷ്യന് സ്നേഹിതരെ കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ ബൂട്ടോയുമായുള്ള എന്‍റെ സൗഹൃദം വളരെ അപൂര്‍വമായ ഒന്നായിരുന്നു.

(Mike Tomkies- "My Wild Dog Booto)
(An Extract from "Alone in the Wilderness)
വിവര്‍ത്തനം : മരിയ റോസ്)





Wednesday, July 1, 2026

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ!!



നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കും എന്നാണ് ബൈബിള്‍ പറയുന്നത്. എന്നാല്‍ നിങ്ങളുടെ വിശ്വാസം നിങ്ങളെ കൊല്ലുകയും ചെയ്യും ഞാന്‍ പറഞ്ഞാല്‍ ഞാന്‍ ദൈവനിഷേധം പറയുകയാണ്‌ എന്ന് കരുതരുത്. വിശ്വാസത്തെക്കുറിച്ചുള്ള മനശാസ്ത്രമനുസരിച്ച് രണ്ട് വചനങ്ങളും ഫലത്തില്‍ ഒന്ന് തന്നെയാണ്.


ഞാന്‍ പതിവായി എഴുതാറുള്ള എഴുത്തുകള്‍ വായിച്ചിട്ടുള്ള വിശ്വാസികള്‍ ഞാന്‍ പറഞ്ഞത് വിശ്വസിക്കില്ല എന്ന് തീര്‍ച്ചയാണ്. പക്ഷെ ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കാത്തത് ഹിച്ച്കോക്ക് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കും. തീര്‍ച്ച. ഹിച്ച്കോക്ക് പറഞ്ഞ പ്രകാരം----



ഹെര്‍മന്‍റെയും മീരയുടെയും ദാമ്പത്യജീവിതം പരിഗണിക്കുക. ഭര്‍ത്താവിനെ മീരയ്ക്ക് വലിയ കാര്യമാണ്. ഹെര്‍മന്‍ ഇല്ലെങ്കില്‍ തന്‍റെ ജീവിതം ശരിയാം വിധം മുന്നോട്ട് പോവില്ല എന്ന് മീര എവിടെയും ആണയിടും.

സംഭവം ശരിയാണ്. എന്തിനും ഏതിനും അവള്‍ക്ക് ഹെര്‍മന്‍ വേണം.

"ഹെര്‍മീ, നമ്മുടെ പ്രാവിന് തീറ്റ കൊടുക്കൂ "

" ഹെര്‍മീ, നമ്മുടെ കീരിയ്ക്ക് ഭക്ഷണം കൊടുക്കാന്‍ സമയമായി , ഒന്ന് വേഗം ചെല്ലാമോ"

" ഹെര്‍മീ, ആ കോഴിക്കൂട് ഒന്ന് വൃത്തിയാക്കിയിടാമോ ?"

നേരം വെളുക്കുമ്പോള്‍ മുതല്‍ അവരുടെ വീട്ടില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത് മീരയുടെ ഇങ്ങനെയുള്ള നിര്‍ദേശങ്ങളാണ്. ഭാര്യയോട് ഒന്നും എതിര്‍ത്ത് പറയുന്ന ശീലം പണ്ട് മുതലേ ഹെര്‍മന് ഇല്ല. അത് കൊണ്ട് തന്നെ അയാള്‍ക്ക് വീട്ടില്‍ പിടിപ്പത് പണിയായിരിക്കും.

അത്രയും പറഞ്ഞപ്പോള്‍ വീട്ടിലെ അന്തരീക്ഷത്തെക്കുറിച്ച് പറയണം. അവരുടെ വീട് ഒരു കൊച്ചു മൃഗശാല തന്നെയാണ്. വിവിധതരം പ്രാവുകള്‍, തത്തകള്‍ കീരി, കുരങ്ങ്, പൂച്ച, ആമ, ഓന്ത്.. എന്നിങ്ങനെ അവിടെയില്ലാത്ത ജീവികളില്ല.

ജീവിപ്രേമം മീരയുടെതാണെങ്കിലും അത് കൊണ്ടുള്ള ജോലി മുഴുവന്‍ ഹെര്‍മന് ആണെന്ന് മാത്രം. പണി ചെയ്യുന്നതിലല്ല. ആള്‍ക്കാരുടെ കമന്‍റുകള്‍ കേള്‍ക്കുമ്പോഴാണ് ഹെര്‍മന്‍റെ മനസ്സില്‍ നിന്നും അപകടകരമായ ഒരു പക പതഞ്ഞു പൊങ്ങുക.

ഇടയ്ക്ക് ജോലി ഒന്നൊഴിയുമ്പോള്‍ അയാള്‍ അയല്‍പക്കത്തെ സ്മിത്തിന്‍റെ വീട്ടില്‍ പോയിരിക്കും. ഭാര്യ മരിച്ചതിന് ശേഷം പലയിടങ്ങളിലായി കറക്കവും ഫിഷിംഗുമോക്കെയായി നടക്കുകയാണ് അയാള്‍.

ഹെര്‍മന്‍ ചെന്നിരിക്കുമ്പോള്‍, ഒരെണ്ണം വീശിക്കഴിയുമ്പോള്‍ അയാള്‍ക്ക് പലപ്പോഴും പറയാനുള്ളത് ഇതാണ് :- " എന്‍റെ മേരി പോയതിന് ശേഷം ജീവിതത്തില്‍ നിന്ന് എന്തോ ഒന്ന് നഷ്ടപ്പെട്ടു. ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ എനിക്ക് ആ ശൂന്യതയോട് പൊരുത്തപ്പെടാന്‍ തന്നെ കഴിഞ്ഞില്ല. വീടായാല്‍ അവിടെ ഒരു സ്ത്രീ വേണം. സത്യമായും"

ഹെര്‍മന്‍ ഒന്നും മിണ്ടാതെ കേട്ട് നില്‍ക്കും. അയാള്‍ ചിന്തിച്ചിരുന്നത് നേരെ മറിച്ചാണ്. ഇങ്ങനെ ഒരു ഭാര്യയില്ലായിരുന്നെങ്കില്‍ തനിക്ക് എന്തെല്ലാം ചെയ്യാമായിരുന്നു ; എവിടെയെല്ലാം പോകാമായിരുന്നു. വിവിധ സാഹചര്യങ്ങള്‍. വ്യത്യസ്തരായ മനുഷ്യര്‍!

മനസ്സില്‍ കലിപ്പോടെ വീട്ടില്‍ വന്നിരിക്കുമ്പോഴാണ് ഭാര്യ വരുത്തുന്ന വളര്‍ത്തുമൃഗങ്ങളെക്കുറിച്ചുള്ള മാസികയില്‍ ഒരു പരസ്യം ഹെര്‍മന്‍ കണ്ടത്: "ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി പാമ്പുകള്‍ വില്‍പ്പനയ്ക്ക് ".

മനസ്സില്‍ ഒരു ബള്‍ബ് കത്തിയ പോലെ ! അയാള്‍ മീര കാണാതെ ആ പേജ് ഇങ്ങ് കീറിയെടുത്തു. കുറച്ച് കഴിഞ്ഞ് ആവുന്നത്ര സ്വാഭാവികതയോടെ ഹെര്‍മന്‍ വിഷയം എടുത്തിട്ടു:

"മീരേ, ഒരു പാമ്പിന്‍കുഞ്ഞിനെ വളര്‍ത്തുന്നതിനെക്കുറിച്ച് നിന്‍റെ അഭിപ്രായമെന്താ ? വിഷമില്ലാത്ത ഇനത്തില്‍ പെട്ട , കാണാന്‍ ഭംഗിയുള്ള ...."

"ഓ , പാമ്പുകളോട് എനിക്ക് വല്യ കമ്പമില്ല"

. "അല്ല, ഒരു ചങ്ങാതി ഒരു പാമ്പിന്‍കുഞ്ഞിനെ വില്‍ക്കാനുണ്ട് എന്ന് പറഞ്ഞിരുന്നു. വേണോ എന്ന് ചോദിച്ചു. നിനക്ക് വേണ്ടെങ്കില്‍ വേണ്ട. അവര്‍ അതിനെ കൊന്നോട്ടെ"

മീര എഴുന്നേറ്റു. അവര്‍ എന്തിനാണ് അതിനെ കൊല്ലുന്നത് ?

"പാമ്പിന്‍റെ തോലിന് വിലയുണ്ടത്രേ. വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍ക്കാം എന്നും പറഞ്ഞിരുന്നു".

അത് കേട്ടപ്പോള്‍ മീര ഒന്നാലോചിച്ചു. ഒരു ജീവിയും കൊല്ലുന്നത് അവള്‍ക്കിഷ്ടമല്ല.

അടുത്ത ദിവസം തന്നെ ഹെര്‍മന്‍ പരസ്യം കൊടുത്ത ആളെ കണ്ടു പിടിക്കാനിറങ്ങി. ആവശ്യം വളരെ വ്യക്തമായി പറഞ്ഞു.

താന്‍ ഒരു സുവോളജി പ്രഫസറാണ്‌. നല്ല വിഷമുള്ള ഒരു പാമ്പിനെ വേണം പരീക്ഷണങ്ങള്‍ക്കായി. എന്ന് വച്ചാല്‍ ഒരു പാട് വലുതല്ല . ചെറുത് . കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളത്. കാണാന്‍ ഭംഗിയുള്ളതും.

കോറല്‍ സ്നേക്ക് ആയാലോ? പറഞ്ഞ കണ്ടീഷന്‍സ് എല്ലാം ഒക്കും. നല്ല ഭംഗി. പുറമേ കറുപ്പും ചുവപ്പും മഞ്ഞയും വരകളും.

ശരി. നന്നായി പായ്ക്ക് ചെയ്ത് തരണം.

മീര പായ്ക്കറ്റ് തുറക്കുന്ന മധുര നിമിഷം സ്വപ്നം കണ്ട് ഹെര്‍മന്‍ മടങ്ങി വന്നു. നല്ല ഗിഫ്റ്റ് പൊതിഞ്ഞത് പോലെ ഭംഗിയായി പൊതിഞ്ഞ പായ്കറ്റ്.

"മീരേ, ഇത് വിവാഹ വാര്‍ഷികത്തിന് എന്‍റെ സമ്മാനമായി കൂട്ടിക്കോ. ഞാന്‍ എന്‍റെ കയ്യില്‍ നിന്നാണ് പണം എടുത്തത്. നീ തന്ന പൈസ ഇതാ"

ഓ , മീരയ്ക്ക് സന്തോഷമായി. താങ്ക്യൂ ഡാര്‍ലിംഗ് ! അവള്‍ അത് തുറക്കാന്‍ പോകുന്നത് കണ്ട് അയാള്‍ വിലക്കി. ഏയ്‌, ഇപ്പോള്‍ തുറക്കരുത്. ഞാന്‍ പോയിട്ടേ തുറക്കാവൂ. ആദ്യം കാണുന്നയാളുമായെ പാമ്പ്‌ ഇണങ്ങൂ എന്നാണു ചങ്ങാതി പറഞ്ഞത്.

അന്ന് സ്മിത്തിന്‍റെ വീട്ടില്‍ പോയിരിക്കുമ്പോള്‍ ഹെര്‍മന്‍റെ മനസ് അവിടെയെങ്ങുമായിരുന്നില്ല. മീര തുറന്നു കാണുമോ? ഇപ്പോള്‍ അവള്‍ അങ്ങ് പരലോകത്ത് എത്തിക്കാണുമോ ? ആകാംക്ഷ കൊണ്ട് അയാള്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടായില്ല. നേരം വൈകിയപ്പോള്‍ അയാള്‍ ഇറങ്ങി . വഴിയില്‍ നിന്ന് ഒരു കനത്ത വടിയും എടുത്തു. സംഗതി കഴിഞ്ഞ് അതിനെ തല്ലിക്കൊല്ലണ മല്ലോ.

വീട്ടിലെത്തിയപ്പോള്‍ നിശബ്ദത. മീരേ മീരേ എന്ന് ഒന്ന് രണ്ട് തവണ വിളിച്ചു.

ഇല്ല.

കുറച്ച് കഴിഞ്ഞപ്പോള്‍ ബെഡ് റൂമില്‍ നിന്ന് മീര വിളിക്കുന്ന ശബ്ദം കേട്ടു. ശബ്ദത്തില്‍ തളര്‍ച്ചയുണ്ടോ ?

അകത്ത് കയറിയപ്പോള്‍ അയാള്‍ നിരാശനായി. അതാ മീര കട്ടിലില്‍ ഇരിക്കുന്നു.

"ഡാര്‍ലിംഗ്, അത് ഇണങ്ങാത്ത ഇനത്തില്‍ പെട്ട ശീതരക്തമുള്ള ഒരു പാമ്പാണ്. ഇതാ നോക്കൂ "

മീര ചുരുണ്ട് വളഞ്ഞു പുളയുന്ന ഒരു ചുരുള്‍ ഹെര്‍മന്‍റെ കയ്യിലേയ്ക്ക് വച്ചു.

ആ--ആ-ആ !!!!! ഹെര്‍മന്‍ നിലവിളിച്ചു കൊണ്ട് ചാടി.

ആ ..അതെന്നെ കടിച്ചു ! അതെന്നെ കടിച്ചു !

ഇതെന്ത് കൂത്ത് ! എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത് ? ഒരു വിഷമില്ലാത്ത പാമ്പ്‌ കടിച്ചതിനോ?

ഹെര്‍മന്‍ നിലവിളിച്ചു. മീരേ , വേഗം ഡോക്ടറെ വിളിക്കൂ ..ഞാന്‍ ഇപ്പൊ മരിക്കും ! ഞാന്‍ ഇപ്പൊ മരിക്കും . അത് ഒരു വിഷമുള്ള പാമ്പായിരുന്നു.

പറഞ്ഞു തീര്‍ന്നപ്പോഴെയ്ക്കും ഹെര്‍മന്‍ നിലം പതിച്ചു. മീര പരിഭ്രമത്തോടെയും ചിന്താക്കുഴപ്പത്തോടെയും ഡോക്ടറെ വിളിക്കാനോടി.

വിഷമുള്ള പാമ്പ്‌ എങ്ങനെ ....?

അല്‍പനേരം കഴിഞ്ഞ് ഡോക്ടര്‍ മരണം തീര്‍ച്ചപ്പെടുത്തി.

സ്മിത്ത് പാമ്പിനെ സൂക്ഷ്മനിരീക്ഷണം നടത്തിയ ശേഷം മീരയെ തിരിച്ചേല്‍പ്പിച്ചു.
 

"ഇതിനു വിഷമൊന്നുമില്ല. ഇത് കോറല്‍ സ്നേക്ക് അല്ല. ഹെര്‍മി തെറ്റിദ്ധരിച്ചതാണ്. അതല്ലെങ്കിലും , വിഷപ്പാമ്പിനെ ആരെങ്കിലും വളര്‍ത്താന്‍ വാങ്ങുമോ ? . അതെ, മാഡം. നിങ്ങളുടെ ഭര്‍ത്താവ് ഹാര്‍ട്ട് അറ്റാക്ക് മൂലമാണ് മരണമടഞ്ഞത് !!!!


************

അതാണ്‌ ഹിച്ച്കോക്ക് പറഞ്ഞ കഥ. സത്യത്തില്‍ അത് വിഷമുള്ള പാമ്പാണ് എന്ന ഉറച്ച വിശ്വാസമാണ് ഹെര്‍മിയെക്കോന്നത്. വിശ്വാസം രക്ഷിക്കുക മാത്രമല്ല ശിക്ഷിക്കുകയും ചെയ്യുമെന്ന് മനസ്സിലായല്ലോ.
 

സൂക്ഷിക്കണം. കടിച്ചത് പാമ്പല്ലെങ്കിലും പാമ്പാണ് കടിച്ചത് എന്ന് വിശ്വസിക്കാനിട വന്നാല്‍ നിങ്ങളുടെ അവസ്ഥ സീരിയസാകാനിടയുണ്ട്, എന്ന് മാത്രമല്ല , നിങ്ങള്‍ മരിക്കാന്‍ പോലും സാധ്യതയുണ്ട്. കുത്തിയത് നിരുപദ്രവകാരിയായ ഒരു വണ്ടായാല്‍ പോലും. അത് മറ്റൊരു കഥയാണ്‌ . ശുഭരാത്രി.


Tuesday, December 23, 2025

ശ്രീനിവാസന്‍റെ ത്രില്ലര്‍ സിനിമകള്‍


























ശ്രീനിവാസന്‍റെ ഞാനാദ്യം കണ്ടതായി ഓര്‍മ്മിക്കുന്ന സിനിമ ശ്രീ ബക്കര്‍ സംവിധാനം ചെയ്ത "സംഘഗാന"മാണ്. ഒരു നടന്‍ എന്ന നിലയില്‍ ശ്രീനിവാസന്‍റെ പ്രകടനം ഓര്‍ത്തിരിക്കുന്നു. ഒരു ഗ്രാമീണയുവാവ്. അയാള്‍ വിശ്വസിക്കുന്നു അയാളുടെ ജീവിതത്തില്‍ "ഗൌതമന്‍" എന്നൊരാള്‍ സംഭവിക്കുകയും അയാളുടെ ജീവിതം രക്ഷപെടുത്തുകയും ചെയ്യുമെന്ന്. അയാള്‍ അത് കാത്തിരിക്കുകയും ചെയ്യുന്നു. നാട്ടുകാരും വീട്ടുകാരുമൊക്കെ "ആരാണീ ഗൌതന്‍?" "ആരാണീ ഗൌതമന്‍" എന്ന് നിരന്തരം ചോദിച്ചു തുടങ്ങുമ്പോള്‍ അയാള്‍ നഗരത്തിലേയ്ക്ക് പോകുന്നു. ചാര്‍ലി ചാപ്ലിന്‍റെ ട്രാംപിനെപ്പോലെയാണ് അയാള്‍ വേഷം ധരിച്ചിരിക്കുന്നത് എന്ന് ഓര്‍മ്മയുണ്ട്. പണക്കാരും പറ്റിപ്പുകാരുമൊക്കെയായ വിവിധ ഗൌതമന്മാരെ അയാള്‍ കണ്ടെത്തുന്നു, എന്നാല്‍ ഒടുവില്‍ തെരുവിലാണ് അയാള്‍ യഥാര്‍ത്ഥ ഗൌതമനെ കാണുന്നത്, അയാളെപ്പോലെ തന്നെ നിസ്സഹായനായ നിലയില്‍.



ശ്രീനിവാസന്‍ കൈകാര്യം ചെയ്യുമ്പോള്‍ Malayalam Humour at its Best ആണ്. ശ്രീനിവാസന്‍റെ എല്ലാ തമാശകളും മാസ് ജനത്തിന് കത്തണം എന്നില്ല എങ്കിലും പുള്ളി ജനപ്രിയമായ ഇടങ്ങളില്‍ തന്നെയാണ് തന്‍റെ കഴിവുകള്‍ എല്ലാം പ്രയോഗിച്ചിട്ടുള്ളത്. ബഹുജനം കയ്യടിച്ചാര്‍ക്കണമെങ്കില്‍ അതിന്‍റെ നിലവാരം താഴ്ത്തണം എന്ന് പൊതുവേ കരുതപ്പെടുന്നുണ്ട്, എങ്കിലും ശ്രീനിവാസന്‍റെ ഹ്യൂമറില്‍ എപ്പോഴും ഒരു Intelligent ഘടകമുണ്ട്. അയാളുടെ Humour വെറും Joke ആയിരുന്നില്ല, Wit ആയിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. Intelligence ന്‍റെ സാന്നിധ്യമാണ് Joke നെ Wit ല്‍ നിന്ന് വേര്‍തിരിക്കുന്നത്. നിരന്തരം ടീവിയിലും കോമഡിഷോകളിലും ഈ സിനിമകള്‍ ലഭ്യമാകുന്നതിന് മുന്‍പൊക്കെ അധികമാരും ശ്രദ്ധിക്കാതിരുന്നതാണ് പക്ഷിനിരീക്ഷകന്‍ ഐസക്കിനോട് വിജയന്‍ പറഞ്ഞത്. തന്‍റെ പുസ്തകത്തിന്‍റെ പ്രകാശനത്തിന് വരണം എന്ന് പറഞ്ഞപ്പോള്‍ "അക്രമം എവിടെയുണ്ട് എങ്കിലും ഞങ്ങള്‍ പാഞ്ഞെത്തും!" എന്നും അസീസ്‌ അവതരിപ്പിക്കുന്ന പോലീസുകാരന്‍--"ജനങ്ങളെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ നിങ്ങള്‍ക്കധികാരമില്ല. അതിനാണ് ഞങ്ങള്‍ ഇവിടെയിരിക്കുന്നത്." എന്നും പറയുമ്പോള്‍ ആദ്യം കേള്‍ക്കുമ്പോള്‍ നമ്മള്‍ അതിലെ തമാശ ശ്രദ്ധിക്കുകയില്ല. ഗൗരവമുള്ള കാര്യങ്ങള്‍ പോലും ഒരല്‍പം Defamiliarize ചെയ്ത് ശ്രീനിവാസന്‍ അവതരിപ്പിക്കാറുണ്ട്. മലയാള സിനിമയ്ക്ക് ശ്രീനിവാസന്‍റെ സംഭാവന എന്ത് എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ --മോശമാണ് എന്ന കാരണത്താല്‍ താന്‍ ചെയ്യാതെ പോയ ഒരഞ്ഞൂറു സിനിമകളാണ് മലയാള സിനിമയ്ക്ക് എന്‍റെ സംഭാവന എന്ന് അദ്ദേഹം പറഞ്ഞത് അത്തരം ഒരു Statement ആണ്.


സിനിമയിലെ പൊളിറ്റിക്സ്‌ മാത്രം തിരയുന്ന തരം വിമര്‍ശനസമ്പ്രദായത്തിന് ഇവിടെ പോപ്പുലാരിറ്റിയുള്ളത് കൊണ്ട് ശ്രീനിവാസന്‍റെ തിരക്കഥാരചനാരീതിയുടെ അസാധാരണമായ "കാണബിലിറ്റി" യുടെ ഈസ്തെറ്റിക്സ്‌---അവയുടെ Narratological പ്രാധാന്യം ആരും പഠിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് ഞാന്‍ വിചാരിക്കുന്നു. ശ്രീനിവാസന്‍ അതിന് Syd Field നെപ്പോലുള്ളവരുടെ തിരക്കഥാസങ്കേതമൊന്നും പഠിച്ച് ചെയ്യുന്നതായല്ല നമുക്ക് തോന്നുക. നന്നായി കഥ പറയുന്ന മുത്തശ്ശി അത് പഠിച്ചിട്ടല്ല ചെയ്യുന്നത് എന്നത് പോലെയൊരു ഓര്‍ഗാനിക് അറിവ് ശ്രീനിവാസന്‍റെ സ്ക്രിപ്റ്റുകള്‍ക്ക് ഉണ്ട് എന്നാണ് തോന്നിയിട്ടുള്ളത്. മേല്‍പ്പറഞ്ഞ ആളുകള്‍ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്തിന്‍റെ Dynamics അതില്‍ Embed ചെയ്തിട്ടുണ്ടുതാനും.



എനിക്ക് താല്‍പര്യം തോന്നിയിട്ടുള്ള ഒരു Genre എന്ന നിലയില്‍ ഞാന്‍ ശ്രീനിവാസന്‍ ത്രില്ലര്‍ സിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ശ്രീനിവാസനെ സത്യത്തില്‍ ആരും ത്രില്ലര്‍ Genre മായി ബന്ധപ്പെടുത്തിക്കാണാറില്ല. ശ്രീനിവാസന്‍ അഞ്ച് ത്രില്ലര്‍ സിനിമകള്‍ എഴുതിയിട്ടുണ്ട്. അതില്‍ അത്ര കണ്ട് Impressive അല്ലാത്തത് "ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍" എന്ന സിനിമയാണ്. അവയുടെ ആധാരം സിഡ്നി പോയ്‌റ്റിയര്‍ സംവിധാനം ചെയ്ത Hanky Panky എന്ന സിനിമയും ഹിച്ച്കോക്കിന്‍റെ North by Northwest മാണ്. ഇത്തരം Adaptation ൻ്റെ കലയിൽ ശ്രീനിവാസൻ പ്രിയദർശൻ്റെയത്ര ശോഭിക്കുന്നില്ല. Analyze This സിനിമയുടെ Adaptation ആയി ഭാർഗവചരിതം എഴുതുമ്പോഴും ശ്രീനിവാസൻ്റെ പതിവ് അനായാസത കിട്ടുന്നില്ല.



"കണ്‍കെട്ട്" ആണ് മറ്റൊരു ത്രില്ലർ. ത്രില്ലറിന്‍റെ ക്ലാസിക് ഘടന തന്നെയില്‍ തന്നെയാണ് ഈ സിനിമയും രചിച്ചിട്ടുള്ളത്. നായകന്‍/നായകര്‍--ഒരു പക്ഷം വില്ലന്‍/വില്ലന്മാര്‍--മറ്റൊരു പക്ഷം---അവര്‍ തമ്മില്‍ പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ല. സിനിമയുടെ ഒരു ഘട്ടത്തില്‍ ഇരു പക്ഷത്തെയും ബന്ധപ്പെടുത്തുന്ന ഒരു Third Party ഇരുവര്‍ക്കുമിടയില്‍ ആവിര്‍ഭവിക്കുന്നു. കണ്‍കെട്ടിന്‍റെ ശ്രീനിവാസന്‍റെ എഴുത്തിന്‍റെ Brilliance കാണാവുന്ന ഒരു സിനിമയാണ്. അവയവ മാഫിയ കൈകാര്യം ചെയ്യുന്ന ഭീകരമായ വില്ലന്‍ ഗാംഗ് ഉള്ള, പേടിപ്പെടുത്തുന്ന സ്റ്റാര്‍ ഹോസ്പിറ്റല്‍ അന്തരീക്ഷം വരുന്ന ഒരു പ്രമേയമാണ് അത്. എന്നാല്‍ സിനിമയെ അവിടെയെത്തിക്കാന്‍ ഒരു നഗരത്തിലെ ചെറിയ ഒരു കോളനിയില്‍ താമസിക്കുന്ന ഒരു കൂട്ടം സാധാരണ മനുഷ്യരില്‍ നിന്ന് ആരംഭിക്കാം എന്ന് ശ്രീനിവാസനെ തോന്നിപ്പിക്കുന്നതാണ് എനിക്ക് വളരെ ആകര്‍ഷകമായി തോന്നിയിട്ടുള്ളത്. അരിഷ്ടിച്ച് കഴിയുന്ന ഒരു മജീഷ്യന്‍, അയാള്‍ക്ക് ചുറ്റുമുള്ള ജീവന്‍ തുളുമ്പുന്ന കുറെയേറെ കഥാപാത്രങ്ങള്‍. ഇപ്പോള്‍ ആ സിനിമയുടെ പ്രേക്ഷകര്‍ ഏറ്റവുമധികം ആസ്വദിക്കാറുള്ളതും ആ സിനിമ "ത്രില്ലറില്‍" പ്രവേശിക്കുന്നതിന് മുന്‍പുള്ള ഈ കോളനി ജീവിതത്തിന്‍റെ ഭാഗമായിരിക്കും. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പായ കണ്ടാല്‍ കിടക്കാന്‍ പാകത്തില്‍ വീട്ടിലെത്തുന്ന ഒടുവിലിന്‍റെ വാച്ച്മാന്‍, സാക്ഷരത ക്ലാസില്‍ ആവേശത്തോടെ പോകുന്ന മുത്തശ്ശി, നാപ്പാം ബോംബ്‌ എന്താണ് എന്ന് നിര്‍ദോഷികളായ നാട്ടുകാരുടെയടുക്കല്‍ പൊങ്ങച്ചം പറയുന്ന ഒടുവില്‍, എല്ലാറ്റിനും മേലേ ഇന്ന് ഈ ഓര്‍ത്തിരിക്കാന്‍ തന്നെ കാരണമായ കഥാപാത്രം--കീലേരി അച്ചു. ഇങ്ങനെ കേരളത്തിലെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും മൂലകളില്‍ മാത്രം കാണാന്‍ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ കൊണ്ടാണ് ശ്രീനിവാസന്‍ തനിക്ക് പറയാനുള്ള കഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.




ശോഭനയാണ് ഇവിടെ മേൽപ്പറഞ്ഞ Bridge Character. Stills ഉപയോഗിച്ച് Voice over ഉപയോഗിച്ചു കൊണ്ടുള്ള ഒരു Narrative ശൈലിയാണ് ഫ്ലാഷ്ബാക്ക് അവതരിപ്പിക്കാൻ ഉപയോഗിക്കുന്നത്. മലയാളത്തിൽ പൊതുവെ Comic Thriller അവസാനിപ്പിക്കാൻ ഉപയോഗിക്കുന്ന Technic നായകൻമാരും വില്ലൻമാരും തമ്മിലുള്ള ഒരു സംഘട്ടനവും ഒടുവിൽ മാത്രം പോലീസ് ജീപ്പ് എത്തി വില്ലൻമാരെ പിടിച്ചു കൊണ്ട് പോകുന്നതുമാണ്. എന്നാൽ “നീതിമേള”” യിൽ തെളിവുകൾ എത്തിക്കുന്നതിന് വേണ്ടി ഒരു Racing Against Time പോലെയൊരു നാടകീയമായ Chase ഉം നീതിമേളയിൽ വില്ലൻ പിടിക്കപ്പെടുന്നതുമാണ് Cimax. യഥാർത്ഥ നിയമ സാഹചര്യത്തിൽ കാര്യങ്ങൾ അത്രകണ്ട് എളുപ്പമല്ല എങ്കിലും ത്രില്ലർ പോലെയൊരു Genre വിലയിരുത്തപ്പെടുന്നത് Improbable ആയ ഒന്നിനെ Probable ആയിത്തോന്നിപ്പിക്കുന്നതിലൂടെ. നീതിമേളയിൽ നടത്തുന്ന പ്രഭാഷണത്തിലൂടെയാണ് ശ്രീനിവാസൻ അത് സാധിക്കുന്നത്.


നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെയക്കാരെ ട്രിലജിയാണ് ശ്രീനിവാസന്‍റെ മൂന്ന് ശേഷിക്കുന്ന ത്രില്ലര്‍ ശ്രമങ്ങള്‍. ഈ സിനിമകള്‍ എഴുതാനിടയായ സാഹചര്യത്തെക്കുറിച്ച് തികച്ചും Narratological ആയിത്തന്നെ ശ്രീനിവാസന്‍ മുന്‍പൊരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. പണ്ട് കാലത്ത് ഒരു പാട് ഡിറ്റക്ടീവ് നോവലുകള്‍ വായിച്ചിട്ടുണ്ട് എന്നും അവ അനുകരിച്ച് എഴുതാന്‍ ശ്രമിച്ച് ഫലപ്രദമായില്ല എന്നും എങ്കില്‍ ഇവയെ ഹാസ്യവല്‍ക്കരിച്ച് അവതരിപ്പിക്കാം എന്ന് കരുതി എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ത്രില്ലര്‍ സിനിമകളായിരിക്കുമ്പോള്‍ തന്നെ ഡിറ്റക്ടീവ് കഥകളുടെ/സിനിമകളുടെ പാരഡികള്‍ കൂടിയാണ് ഈ ചിത്രങ്ങള്‍. ഒരു Individual എഴുത്തുകാരന്‍ എങ്ങനെയാണ് ഒരു Genre നുള്ളില്‍ ഒരു Sub-Genre രൂപീകരിക്കുക എന്ന് ഈ മൂന്ന് സിനിമകളും ശ്രദ്ധിച്ചാല്‍ മനസിലാക്കാം.


ദാസനും വിജയനും സീ ഐ ഡികളാണ് എന്ന് അനന്തന്‍ നമ്പ്യാര്‍ തെറ്റിദ്ധരിക്കുന്നു എന്നതാണ് ഈ സിനിമയിലെ ഹ്യൂമറിന്‍റെയും ത്രില്ലര്‍ ഘടകത്തിന്‍റെയും Key Point. ദാസനും വിജയനും കടപ്പുറത്ത് വച്ച് വിക്രമനെയും മുത്തുവിനെയും കാണുന്നതും പെട്ടി കൈമാറുന്നതും മറ്റുമായ Moment. അതാണ്‌ പിന്നീട് സിനിമയുടെ ത്രില്ലിനെയും ഹ്യൂമറിനെയും നയിക്കുന്നത്.


ഈ ഫോര്‍മുല വീണ്ടും ശ്രീനിവാസന്‍ ഉപയോഗിക്കുന്നു. പട്ടണപ്രവേശത്തില്‍ യഥാര്‍ഥത്തില്‍ സീ ഐ ഡികള്‍ ആയി മാറിക്കഴിഞ്ഞ ദാസനും വിജയനും യഥാര്‍ഥത്തില്‍ വില്ലന്‍ മറ്റൊരാളാണ് എന്ന് തെറ്റിധരിക്കുകയാണ്. ഇവിടെ തെറ്റിധാരണയുടെ ദിശ മാറിയിട്ടുണ്ട്. ആദ്യസിനിമ പോലെ ഈ ധാരണപ്പിശക് ഇവിടെയും ത്രില്ലിനെയും ഹ്യൂമറിനെയും നയിക്കുന്ന പോയിന്‍റ് ആയിമാറുന്നു.




ഈ ഫോർമുല ഏറ്റവും സങ്കീർണമായി അവതരിപ്പിച്ചിരിക്കുന്നത് അക്കരെയക്കരെയക്കരെയിലാണ്. സത്യൻ അന്തിക്കാടിൽ നിന്ന് പ്രിയദർശനിലേയ്ക്ക് മാറുമ്പോഴുള്ള സമീപനത്തിലെ വ്യത്യാസം ഈ സിനിമയുടെ സ്ക്രിപ്റ്റിംഗിൽ കാണാം. ഗീതയുടെ (അംബികയുടെ) കഥ സത്യൻ അന്തിക്കാട് യൂണിവേഴ്സിനുളളതാണ്. ഇവിടെ ദാസനും വിജയനും കോമിക് വ്യക്തിത്വങ്ങൾ മാത്രമേയുള്ളു. എന്നാൽ നാടോടിക്കാറ്റിലും പട്ടണപ്രവേശത്തിലും ഉപയോഗിച്ച ഫോർമുല ഇരു ദിശകളിലേയ്ക്കും ഇവിടെ ഉപയോഗിക്കുന്നത് കാണാം. ഉദാഹരണത്തിന്---ദാസനും വിജയനും പോള്‍ ബാര്‍ബര്‍ ആണെന്ന് എംബസി ഉദ്യോഗസ്ഥനായ നെടുമുടിയെ തെറ്റിധരിക്കുമ്പോള്‍, യഥാര്‍ത്ഥ പോള്‍ ബാര്‍ബര്‍ നാടോടിക്കാറ്റ്-ലൈനില്‍ മുകേഷിനെയും മണിയന്‍ പിള്ള രാജുവിനെയും സീ ഐ ഡികളായി തെറ്റിധരിക്കുന്നു. എന്നാൽ മുൻസിനിമകളെ അപേക്ഷിച്ച് കിരീടം യഥാർത്ഥ മോഷ്ടാവിൽ നിന്ന് ജഗദീഷ് മോഷ്ടിക്കുന്നതും അയാൾ അത് നേഴ്സിൻ്റെ വീട്ടിൽ ഒളിപ്പിക്കുന്നതും അതിന് വിറ്റ്നസില്ലാതെ അയാള്‍ കൊല്ലപ്പെടുന്നതും മറ്റും ഒരു സീരിയസ് ത്രില്ലര്‍ മൂഡില്‍ തന്നെ കോമിക് പരിവേഷമില്ലാതെ ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. ഈ സിനിമയുടെ ബിഗ് സ്കെയിൽ, സ്ലാപ്പ് സ്റ്റിക് കോമഡിയും വെർബൽ കോമഡിയും അതിൻ്റെ എക്സിക്യൂഷനും Above Average ആണ്, ആ കാലത്തെ മലയാള സിനിമയുടെ Context ൽ (അടിപിടി കഴിയുമ്പോൾ പോലീസ് എത്തുന്ന രീതി തന്നെയാണ്, അമേരിക്കൻ പോലീസ് ആണെങ്കിലും) ഡിറ്റക്ടീവ് കഥകളുടെ പാരഡി എന്ന നിലയിലാണ് ഈ സിനിമകൾ കൂടുതൽ പ്രാധാന്യം നേടുന്നത്.ഇങ്ങനെ Genre Analyse ചെയ്യുമ്പോള്‍ സവിശേഷമായ രചനകളാണ് ഈ ട്രിലജി.


പലരും ശ്രീനിവാസൻ എഴുതിയതാണ് എന്ന് ധരിച്ചിട്ടുള്ള ഒരു ത്രില്ലർ സിനിമയാണ് ആനവാൽ മോതിരം. പക്ഷേ ടി ദാമോദരനാണ് രചന. ശ്രീനിവാസൻ നായകനായി അഭിനയിച്ചതിനാൽ, അടിമുടി ശ്രീനിവാസൻ ശൈലി നിൽക്കുന്നതിനാൽ എത്രത്തോളം ശ്രീനിവാസൻ, എത്രത്തോളം ടി ദാമോദരൻ എന്ന് വായിച്ചെടുക്കുക പ്രയാസം. (സ്വന്തം ശവപ്പെട്ടി സ്വയം വാങ്ങാൻ പോകുന്ന Quintessentially ശ്രീനിവാസൻ Writing എന്ന് പറയാവുന്ന ഒരു രംഗം സിനിമയിലുണ്ട്. “ ഇങ്ങനെയാണെങ്കിൽ സാധാരണക്കാർ എങ്ങനെ മരിക്കും?) Short Time എന്ന അമേരിക്കൻ ത്രില്ലറിൽ നിന്നാണ് കഥ കൈക്കൊണ്ടിരിക്കുന്നത്. പേടിത്തൊണ്ടനായ പോലീസുദ്യോഗസ്‌ഥൻ ചില പ്രത്യേക കാരണങ്ങളാൽ പെട്ടെന്ന് ധൈര്യശാലിയാകുന്ന ഈ ചിത്രത്തിന് “ആനവാൽ മോതിരം” എന്ന ഇന്ത്യൻ Traditional ലെ പേടിയുമായി ബന്ധപ്പെട്ട പേര് കൊടുത്തിരിക്കുന്നതിൽ നിന്ന് മനസിലാക്കാം ഈ സിനിമ Adaptation ൽ കൈവിരിച്ച മികവ്. ശ്രീനിവാസന് വേണ്ടി Tailer made ആയ വേഷമാണ് ഇതിലെ സർക്കിൾ ഇൻസ്പെക്ടറുടേത്. ശ്രീനിവാസൻ്റെ ത്രില്ലർ Outing കളിൽ അത് കൊണ്ടാണ് ഈ സിനിമയും ഉൾപ്പെടുത്തിയത്.


എപ്പോൾ മലയാളം സിനിമയ്ക്ക് “ഹീറോ”” അല്ലാതെ ഒരു “ Protagonist” (നായകത്വമില്ലാത്ത കേന്ദ്രകഥാപാത്രം ) വേണമോ, അപ്പോൾ ഇവിടത്തെ സിനിമാക്കാരുടെ ചോയ്സ് / ശ്രീനിവാസൻ്റെ പോലും ചോയ്സ് ശ്രീനിവാസനായിരുന്നു. ഇതിൽ നിന്ന് മലയാളികളുടെ നായകസങ്കൽപവും പ്രയോറിറ്റികളും മനസിലാക്കാനാകും. നായകനെന്നാൽ പ്രേക്ഷകർക്ക് സ്വയം തിരിച്ചറിയാനുള്ള കണ്ണാടിയാണ്. അതിന് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മലയാളി നായകസങ്കൽപത്തിന് യോജിച്ച രൂപങ്ങളാണവർക്ക് പഥ്യം. എന്നാൽ ഒരിക്കലും ജനപ്രിയ സിനിമാ പ്രേക്ഷകർക്ക് അനഭിമതനായ ഒരു കേന്ദ്ര കഥാപാത്രം ആവശ്യമുള്ളപ്പോൾ ---കേരളത്തിലെ ഭൂരിപക്ഷ സൗന്ദര്യ സങ്കൽപങ്ങൾക്ക് പുറത്തുള്ള ശ്രീനിവാസനാണ് പഥ്യം. പതിവായി ശ്രീനിവാസൻ തന്നെ പറയാറുള്ള --ഉയരം കുറവ്, നിറം കുറവ്, സൗന്ദര്യം കുറവ് -- അതിനാൽ ഭൂരിപക്ഷമലയാളി സ്വയം ആ കണ്ണാടിയിൽ കാണാതെ, “ഇതാ ഞാനുമായി ബന്ധമില്ലാത്ത ഒരു വിദൂരസ്ഥനായ മനുഷ്യൻ്റെ കഥ “ കാണാൻ തയ്യാറാകുന്നു. അല്ലെങ്കിൽ മോഹൻലാലോ മമ്മൂട്ടിയോ അഭിനയിച്ച വടക്കുനോക്കിയന്ത്രം നിങ്ങൾ സങ്കൽപിക്കൂ, അത് തികച്ചും ഗൗരവമുള്ള, ഭൂരിപക്ഷ പ്രേക്ഷകനെ അസ്വസ്ഥനാക്കുന്ന/യാക്കുന്ന ഒരു സിനിമയാകുമായിരുന്നു.(ഉച്ചയൂണ് വേളയിൽ കണ്ട് ചിരിക്കാൻ കഴിയുന്ന ഒരു സിനിമയാകുമായിരുന്നില്ല) ചിരിക്കാൻ പ്രേരിപ്പിക്കുന്നത് അത് ശ്രീനിവാസൻ കാസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് കൊണ്ടാണ്. ശ്രീനിവാസൻ്റെ അഭിനയത്തിൻ്റെ കോമിക് ബ്രില്യൻസ് തന്നെ മനുഷ്യത്വപരമായി സിനിമയുടെ Limitation ആകുന്നൊരു സന്ദർഭമാണത്.



എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശ്രീനിവാസന്‍ രംഗം “ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്” എന്ന സിനിമയിലെയാണ്. ഷെഫ് ആയ ബിനോയ്‌ വളരെ Confident ആയ ഒരാളാണ്. അയാളുടെ വ്യക്തിത്വം Culturally വളരെ Significant ആണ്. വളരെ സംസ്കാരസമ്പന്നമായ ഒരു സമൂഹത്തില്‍ പെരുമാറി ശീലമുള്ള ഒരാളാണ് ബിനോയ്‌. എല്ലാ തൊഴിലും അതിന്‍റേതായ മാന്യതയുണ്ട് എന്നയാള്‍ക്ക് ബോധ്യമുണ്ട്. ചെരിപ്പിട്ട് അകത്ത് കയറിയാല്‍ അലോഹ്യപ്പെടുന്ന ഒരു വീട്ടില്‍, ജോലി ചെയ്യാന്‍ വന്നയാള്‍ ഒപ്പം ഇരുന്ന ഭക്ഷണം കഴിക്കുന്ന സംസ്കാരം ഇല്ലാത്ത ആ വീട്ടില്‍--അമേരിക്കയില്‍ നിന്ന് വന്ന ആ പെണ്‍കുട്ടിയ്ക്ക് ബിനോയിയെ ഒപ്പം ഇരുത്താന്‍ വിഷമമില്ല. രാത്രി വരെ വര്‍ക്കിംഗ് കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കുന്ന, ഹുയാങ്ങ് സാങ്ങിനെ പഠിപ്പിക്കുന്നതിന് പകരം ഐ ക്യു നോക്കട്ടെ എന്ന് പറയാന്‍ കെല്‍പ്പുള്ള പ്രബുദ്ധനായ ഹൈസ്കൂള്‍ വിപ്ലവകാരിയ്ക്ക് പോലും അയാളെ ഒപ്പം ഇരുത്താനുള്ള സംസ്കാരം കിട്ടിയിട്ടില്ല. തന്നെ Accept ചെയ്യാന്‍ മനസ്സുള്ള കഥാനായികയ്ക്ക് തന്‍റെ Wavelength assume ചെയ്ത് ---ഒരു പോളിഷ് ക്ലാസിക്ക് ആണ് എന്ന് പറഞ്ഞ് സജസ്റ്റ് ചെയ്യാന്‍ ബോധമുള്ള ബിനോയ്‌. എന്നാല്‍ അതിബുദ്ധിമാനായ ശ്രീനിവസനറിയാം, താന്‍ പ്രവര്‍ത്തിക്കുന്ന ജനപ്രിയസിനിമയുടെ ഭൂരിപക്ഷപ്രേക്ഷകന്‍റെ മുന്‍ധാരണ ശരിയാകണം എങ്കില്‍ ഒബ്റോയ് ഷെറാട്ടനില്‍ ഷെഫ് ആണെങ്കിലും ബിനോയ്‌ക്ക് മാല അടിച്ചോണ്ട് പോകുന്ന കള്ളന്‍ ആയെ മതിയാകൂ എന്ന്. എന്നാലും ബിനോയ്‌ ആയുള്ള ശ്രീനിവാസന്‍റെ പ്രകടനം നമിച്ച് മുന്നില്‍ തൊപ്പിയൂരി വീശാതെ കാണാന്‍ പറ്റില്ല.


കണ്ടിട്ടില്ലാത്തവര്‍ക്ക് ഞാന്‍ റെക്കമന്‍ഡ് ചെയ്യുന്ന ശ്രീനിവാസന്‍റെ അഭിനയത്തിലെ എഴുത്തിലെ ക്ലാസിക് നിമിഷമാണിത്. ശ്രീധരന്‍റെ ഒന്നാം തിരുമുറിവില്‍ ബിനോയ്‌യോട് എന്തോക്കെ ചൈനീസ് വിഭവങ്ങള്‍ ആണ് ഉണ്ടാക്കുക എന്ന് ശ്രീധരന്‍ ചോദിക്കുന്ന നിമിഷം----

ശ്രീധരന്‍--- എന്തൊക്കെയാണ് ഉണ്ടാക്കുക?


ബിനോയ്‌ --- If we go for the conventional Chinese Style, we will start with soups--Swweet Corn Chicken Soup, Cream of Chicken, Cream of Mushroom, Cream of Tomato, Cream of Crab, End of Course, Lot of Other Soups. Chicken Noodles, Mutton Noodles, Mixed Noodles, Vegetable Noodles, Chicken Fried Rice, Vegetable Fried Rice, Snake Fried Rice, End of Course you can have all Chinese Items. ഹ ഹാ ഹാ (തുടര്‍ന്ന് വളരെ നാടകീയമായി ഷര്‍ട്ടിനുള്ളില്‍ നിന്ന് വളരെ നീളമുള്ള ഒരു ലിസ്റ്റ് വലിച്ചെടുക്കുന്നു. ഇത് സാധനങ്ങളുടെയും പാത്രങ്ങളുടെയും ലിസ്റ്റാണ്.സവിശേഷമായ ബാക്ക് ഗ്രൌണ്ട് മ്യൂസിക് ഈ സീനിലേയ്ക്ക് ഗംഭീരമായി സംഭാവന ചെയ്യുന്നു.

ടൈറ്റില്‍ കാണിക്കാതെ ഒരു ശ്രീനിവാസന്‍ സിനിമ കാണിച്ചാല്‍ ഞാന്‍ തിരിച്ചറിയാന്‍ സാധ്യതയില്ലാത്ത ഒരു ശ്രീനിവാസന്‍ സിനിമ കമല്‍ സംവിധാനം ചെയ്ത "മഴയെത്തും മുന്‍പേ" യാണ്. ഒരു വേള അതൊരു ലോഹിതദാസ് സിനിമയാണ് എന്ന് ഞാന്‍ വിചാരിച്ചേക്കാം. പക്ഷെ ഞാന്‍ ഊഹിക്കാന്‍ സാധ്യത ഇല്ല. കുടുംബപശ്ചാത്തലങ്ങളില്‍ വലിയ ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു ഒരു കാലത്ത് മഴയെത്തും മുന്‍പേ. അത്ര കണ്ട് കാണാന്‍ തോന്നാത്ത ഒരു ശ്രീനിവാസന്‍ സിനിമയാണ് അത്.  



സന്ദേശം ഒരു അരാഷ്ട്രീയസിനിമയാണ് എന്ന വാദത്തെ ആദ്യം മുതലേ എനിക്ക് എതിര്‍പ്പാണ്. അത് വായിക്കുന്നവരുടെ ഒരു Misreading ആണ് എന്ന് ഞാന്‍ കരുതുന്നു. പ്രകാശന്‍ കോട്ടപ്പള്ളിയുടെയും പ്രഭാകരന്‍ കോട്ടപ്പള്ളിയുടെയും ബ്രാന്‍ഡിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് നടക്കുന്നവര്‍ക്കാണ് ആ സിനിമ അരാഷ്ട്രീയമായി തോന്നുന്നത്. അതില്‍ അത്ഭുതമില്ല. ആ സിനിമയുടെ Spokeperson , Protagonist, അല്ലെങ്കില്‍ നായകന്‍ പോലും തിലകന്‍ അവതരിപ്പിക്കുന്ന അച്ഛനാണ്. അയാളില്‍ നിന്നാണ് സിനിമ തുടങ്ങുന്നത് തന്നെ. തമിഴ്നാട്ടില്‍ അയാള്‍ ജോലി ചെയ്തിരുന്ന മനുഷ്യരുടെ സ്നേഹം ഏറ്റുവാങ്ങുന്ന, കൊച്ചു കുട്ടികളെപ്പോലും പേരെടുത്ത് പറഞ്ഞ്, ---ചിലമ്പരസാ, ശിവകാമീ, മാമാ പോയിട്ട് വരട്ടുമാ?എന്ന് പറഞ്ഞ് ജോലിയില്‍ നിന്ന് മടങ്ങുന്ന സ്നേഹസമ്പന്നനായ ആ മനുഷ്യനാണ് സിനിമയുടെ താക്കോല്‍കഥാപാത്രം എന്ന് മനസിലാക്കാത്തവര്‍ക്കാണ് ആ സിനിമ അരാഷ്ട്രീയമായി തോന്നുന്നത്. അയാള്‍ ഒരു അരാഷ്ട്രീയവാദിയല്ല. തന്‍റെ മക്കളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അയാള്‍ അഭിമാനിക്കുകയാണ് ചെയ്യുന്നത്. അവര്‍ അവരുടെ മാര്‍ഗങ്ങളില്‍ ഉയരങ്ങളില്‍ എത്തുമെന്നാണ് അയാള്‍ വിശ്വസിക്കുന്നത്. എന്നാല്‍ വെറും കക്ഷിരാഷ്ട്രീയത്തിന്‍റെ പേരില്‍ തമ്മില്‍തല്ലി നടക്കുന്ന തന്‍റെ മക്കള്‍ക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ല എന്ന് അയാള്‍ ഒടുവില്‍ മാത്രമാണ് മനസിലാക്കുന്നത്. “നിങ്ങളെപ്പോലുള്ള യൂസ്-ലെസുകളാണ് രാഷ്ട്രീയത്തിന്‍റെ മാന്യത കളഞ്ഞത് എന്ന്” അയാള്‍ പറയുമ്പോള്‍ അലോഹ്യപ്പെട്ടിട്ട് കാര്യമില്ല, കാരണം, പ്രകാശന്‍-പ്രഭാകരന്‍ കോട്ടപ്പള്ളി ബ്രാന്‍ഡ് രാഷ്ട്രീയപ്രവര്‍ത്തകര്‍ അന്നും ഇന്നും അതേ പോലെ നിലനില്‍ക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ അപചയത്തെ വിമര്‍ശിക്കുമ്പോള്‍ അത് അരാഷ്ട്രീയവാദമാണ് എന്ന് ഉന്നയിക്കുന്നത് Fallacy യാണ്.


കലാകാരന്മാര്‍ അവരുടെ സൃഷ്ടികളിലൂടെ എന്നെന്നേയ്ക്കും ജീവിക്കും എന്ന് പറയപ്പെടുന്നു. ശ്രീനിവാസന്‍ ചെയ്ത് വച്ചത് ശ്രീനിവാസന്‍റെ രൂപഭാവങ്ങളോടെ ബാക്കിയുണ്ട് എന്നതില്‍ ആസ്വാദകര്‍ ഭാഗ്യമുള്ളവരാണ്.



ആദരാഞ്ജലികള്‍, ശ്രീനിവാസന്‍, താങ്കളുടെ സിനിമകള്‍ ഇല്ലാതിരുന്നു എങ്കില്‍ സിനിമാകാഴ്ചയിലെ വലിയൊരു ശതമാനം ഫണ്‍ ഇല്ലാതാകുമായിരുന്നു.




Sunday, November 16, 2025

ഫ്രാങ്കന്‍സ്റ്റൈന്‍: Guillermo del Toro യുടെയുടെ വ്യാഖ്യാനം

 

Guillermo del Toro യുടെ പുതിയ ചിത്രം Frankenstien റിലീസ് ആയിരിക്കുന്നു. ഡ്രാക്കുള, ഫ്രാങ്കന്‍സ്റ്റൈന്‍, ഡോ. ജെക്കിള്‍ & മി. ഹൈഡ് ഇത്തരം ഗോഥിക് രചനകളെല്ലാം ഒരു എഴുത്തുകാരന്‍റെ രചന എന്നതിലപ്പുറം ഒരു ആധുനിക മിത്ത് എന്ന രീതിയില്‍ ഇന്ന് രൂപം പ്രാപിച്ചിട്ടുണ്ട്. ഒരു കഥ ഒരു സമൂഹമനസ്സില്‍ ആഴ്ന്നിറങ്ങുക, അതിന് വിവിധ മാധ്യമങ്ങളിലൂടെ അനേകം രൂപാന്തരങ്ങള്‍ ഉണ്ടാകുക, അത് ബിംബങ്ങളായും പ്രതീകങ്ങളായും കാലങ്ങള്‍ക്ക് അനുസരിച്ച് അര്‍ത്ഥം പകര്‍ന്ന് നിലനില്‍ക്കുക ഇതൊക്കയാണ് ഒരു മിത്ത് ആയിത്തീരുന്നതിന്‍റെ ലക്ഷണങ്ങള്‍. Guillermo del Toro ഈ സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഫ്രാങ്കന്‍സ്റ്റൈന്‍ തല്‍പരര്‍, ഈ സിനിമയെ ഉറ്റുനോക്കിയിരിക്കയാണ്.


ഫ്രാങ്കന്‍സ്റ്റൈന്‍ സിനിമകള്‍ ചെയ്തവരെല്ലാം ഈ മിത്തിലേയ്ക്ക് കനത്ത സംഭാവനകല്‍ നല്‍കിയവരാണ്. 1931 ലാണ് James Whale സംവിധാനം ചെയ്ത Frankenstien വരുന്നത്. ബോറിസ് കാര്‍ലോഫ് അഭിനയിച്ച മോണ്‍സ്റ്റര്‍, ഹൊറര്‍ സിനിമയിലെ എക്കാലത്തെയും വലിയ ഐക്കണുകളില്‍ ഒന്നായി മാറി. മേരി ഷെല്ലിയുടെ നോവലിലെ പ്രധാന പ്രമേയങ്ങളില്‍ ഒന്നായിരുന്നു ഫ്രാങ്കന്‍സ്റ്റൈന്‍ സൃഷ്ടിച്ച ഭീകരജീവിയുടെ ഏകാന്തജീവിതം. സമൂഹത്തില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ പുറത്താക്കപ്പെടുന്ന മനുഷ്യന്‍റെ ബിംബമായിരുന്നു മേരി ഷെല്ലിയുടെ മോണ്‍സ്റ്റര്‍. ആ രൂപം പ്രേക്ഷകരുടെ മനസ്സില്‍ എന്നെന്നേയ്ക്കും പതിയാന്‍ ബോറിസ് കാര്‍ലോഫിന്‍റെ പ്രകടനം കാരണമായിത്തീര്‍ന്നു. വെള്ളത്തില്‍ വീണ് മുങ്ങി മരിക്കാന്‍ തുടങ്ങുന്ന ഒരു കുഞ്ഞിനെ മോണ്‍സ്റ്റര്‍ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതും ആളുകള്‍ വരുമ്പോള്‍ അയാളെ ആക്രമിക്കുന്നതുമായ സിനിമയിലെ രംഗം സൃഷ്ടാവിനെക്കാള്‍ മനുഷ്യത്വമുള്ള ആ സൃഷ്ടിയെ കാണിച്ചു തരുന്നുണ്ട്. നോവലെഴുതുമ്പോള്‍ മേരി ഷെല്ലിയുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു അത്.




ഈ നോവലിന്‍റെ Content ഉപയോഗിച്ച് ഏറ്റവും വ്യത്യസ്തവും പുതുമയുള്ളതുമായ സമീപനം അവതരിപ്പിച്ചത് ബ്രിട്ടനിലെ ഹാമര്‍ സ്റ്റുഡിയോയുടെ ഫ്രാങ്കന്‍സ്റ്റൈന്‍ സിനിമകളാണ്. ഫ്രാങ്കന്‍സ്റ്റൈന്‍ കഥ ജനപ്രിയമായ കാലം മുതല്‍ തന്നെ ഫ്രാങ്കന്‍സ്റ്റൈന്‍ എന്നത് മോണ്‍സ്റ്ററുടെ പേരാണ് എന്നൊരു തെറ്റിധാരണ രൂപം കൊണ്ടിരുന്നു. ഹാമര്‍ സിനിമകളുടെ പുനര്‍ചിന്ത ഇങ്ങനെയായിരുന്നു. രൂപം കൊണ്ട് മോണ്‍സ്റ്റര്‍ ഭീകരജീവിയായിരിക്കാം. എന്നാല്‍ മനസ്സ് കൊണ്ട് യഥാര്‍ത്ഥ ഭീകരന്‍ സൃഷ്ടാവായ ഫ്രാങ്കന്‍സ്റ്റൈന്‍ തന്നെ. പീറ്റര്‍ കുഷിംഗ് ഫ്രാങ്കന്‍സ്റ്റൈനായി അഭിനയിച്ച ചിത്രങ്ങള്‍ ശാസ്ത്രത്തിന്‌ വേണ്ടി മനുഷ്യന്‍ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളുടെ പ്രതീകാത്മകകഥകളായിരുന്നു.


തൊണ്ണൂറുകളില്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള നേടിയ വന്‍വിജയം സമാനമായ രീതിയില്‍ മേരി ഷെല്ലീസ് ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന സിനിമയിലേയ്ക്ക് നയിച്ചു. കെന്നത് ബ്രാണ ചെയ്ത സിനിമ നോവലിനെ പൂര്‍ണരൂപതത്തില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു. റോബര്‍ട്ട് ഡീനീറോ അവതരിപ്പിച്ച മോണ്‍സ്റ്റര്‍ ശ്രദ്ധ പിടിച്ചു പറ്റി. നോവല്‍ അവതരിപ്പിച്ച വിധത്തില്‍ മോണ്‍സ്റ്ററുടെ ഏകാന്തഭീകരമായ ജീവിതം വിനിമയം ചെയ്യാന്‍ പര്യാപ്തമായ പ്രകടനമായിരുന്നു ഡീനീറോയുടേത്.

Guillermo del Toro യുടെ ചിത്രം ഏറെക്കുറെ മേരി ഷെല്ലിയുടെ സിനിമയുടെ ഘടന അതേ പടി തന്നെ പിന്തുടരുന്നു. എഴുതുന്ന കാലത്ത് മേരി ഷെല്ലിയ്ക്ക് പോലും എങ്ങനെ എഴുതും എന്ന് ആശങ്കയുണ്ടായിരുന്ന ഭാഗമാണ് മൃതദേഹഭാഗങ്ങള്‍ ഉപയോഗിച്ച് ഒരു ഭീകരസത്വത്തെ എങ്ങനെ ഉണ്ടാക്കിയെടുക്കും എന്ന വസ്തുത. ചില സൂചനകള്‍ മാത്രമേ മിസ്സിസ് ഷെല്ലി നല്‍കുന്നുള്ളൂ. വൈദ്യുതി അക്കാലത്തെ അത്ഭുതങ്ങളില്‍ ഒന്നായിരുന്നു. യുവാവായ ഫ്രാങ്കന്‍സ്റ്റൈന്‍ വീടിന് മുന്നില്‍ നില്‍ക്കെ മിന്നലടിച്ച് ഒരു മരം കത്തിപ്പോകുന്നതിനെക്കുറിച്ചുള്ള വിവരണം നോവലില്‍ കാണാം. വൈദ്യുതി ഉപയോഗിച്ചായിരിക്കാം ഫ്രാങ്കന്‍സ്റ്റൈന്‍ ജീവന്‍ കൊടുത്തത്. ദൃശ്യാത്മകമായി അതിന്‍റെ ഏറ്റവും വിശദാംശങ്ങള്‍ അവതരിപ്പിച്ച ചിത്രം ഒരു പക്ഷെ Guillermo del Toro യുടെ സിനിമയായിരിക്കാം.



എടുത്തുപറയേണ്ടത് മോണ്‍സ്റ്ററുടെ വ്യക്തിത്വം തന്നെയാണ്. അയാളുടെ നിസ്സഹായത, അയാളുടെ ജീവിതാവസ്ഥ വളരെ വിശദമായിത്തന്നെ സിനിമ അവതരിപ്പിക്കുന്നു. ശാസ്ത്രം, അറിവ് നല്‍കുന്ന അമിതാത്മവിശ്വാസത്തില്‍ മനുഷ്യത്വം മറന്നു പോകുന്ന മനുഷ്യന്‍റെ പ്രതീകം തന്നെയാണ് ഫ്രാങ്കന്‍സ്റ്റൈന്‍ ഇവിടെ. നോവല്‍ വായിക്കുമ്പോഴുള്ള നമ്മുടെ അനുഭവം പോലെ അവസാനിക്കുമ്പോള്‍ സൃഷ്ടാവിനെക്കാള്‍ നമ്മുടെ മനസ്സില്‍ ശേഷിക്കുന്നത് ഏകാകിയായ ആ മോണ്‍സ്റ്റര്‍ തന്നെ. Jacob Elordi എന്ന നടന്‍റെ ഗംഭീരമായ പ്രകടനം.


ക്ലാസിക് രചനകള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ വെറും കഥാപാത്രങ്ങള്‍ മാത്രമല്ല എന്നും അവര്‍ ഓരോ കാലഘട്ടങ്ങളിലും മനുഷ്യന്‍ കടന്ന് പോകുന്ന അനുഭവങ്ങളുടെ പ്രതീകങ്ങള്‍ ആണെന്നും Amanda Michalopoulou എന്ന എഴുത്തുകാരി എഴുതുന്നുണ്ട്. ഹോമറിന്‍റെ യുളിസീസ്, സെര്‍വാന്‍റീസിന്‍റെ ഡോണ്‍ കിയോട്ടെ, ഹാംലെറ്റ്‌ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി അവര്‍ പറയുന്നു. ഹാംലെറ്റ് നിത്യസന്ദേഹിയായ മനുഷ്യന്‍റെ പ്രതീകം. യുളിസിസ് ഒരു ഘട്ടത്തില്‍ പുറത്താക്കപ്പെട്ട അപരനായ മനുഷ്യന്‍റെ പ്രതീകം. ഫ്രാങ്കന്‍സ്റ്റൈന്‍റെ മോണ്‍സ്റ്റര്‍ പുറത്താക്കപ്പെടുന്ന, ഒറ്റയാനായ, വേട്ടയാടപ്പെടുന്ന മനുഷ്യന്‍റെ പ്രതീകമാകുന്നു. Guillermo del Toro യുടെ സിനിമ കാണുമ്പോള്‍ നമ്മള്‍ അത് ഓര്‍ക്കും. അത് മനസിലാക്കാന്‍ കഴിയാതെ--- എങ്ങനെയാണ് ശവശരീരങ്ങള്‍ തുന്നിച്ചേര്‍ത്ത് ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ ശാസ്ത്രീയമായി സാധിക്കുക എന്ന് ചിന്തിക്കുന്ന വായനക്കാരുടെയും കാഴ്ചക്കാരുടെയും ഭാവനാദാരിദ്ര്യം ഓര്‍ക്കുമ്പോഴാണ്….ഇത് കേരളത്തില്‍ തന്നെ പറഞ്ഞേ തീരൂ. കാരണം ഇവിടെയാണ്‌ നമ്മുക്ക്ക് അത്തരം സ്പെസിമെന ഏറെയും കാണാന്‍ സാധിക്കുക.


Guillermo del Toro യുടെ സിനിമയുടെ മൊത്തം ഫിലിമോഗ്രഫി പരിഗണിക്കുമ്പോള്‍ സിനിമ അത്ര കേമപ്പെട്ടതാണ് എന്ന് പറഞ്ഞു കൂടാ. മേരി ഷെല്ലിയുടെ നോവലില്‍ താല്‍പര്യമുള്ളവര്‍ക്ക് നിര്‍ദേശിക്കുന്നു.

Saturday, November 1, 2025

റെഡ് റെയ്ന്‍ : ചില Extra-Terrestial ആശങ്കകള്‍ !



റെഡ് റെയ്ന്‍ (2014) എന്ന ചിത്രം മലയാളത്തിലെ പതിവ് സിനിമാ പ്രമേയങ്ങളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു. ഉപരിതലത്തില്‍ നോക്കുമ്പോള്‍ സയന്‍സ് ഫിക്ഷന്‍ എന്ന് തോന്നുമെങ്കിലും മനുഷ്യനെക്കുറിച്ചും ഈ ഗ്രഹത്തില്‍ മനുഷ്യന്‍റെ അസ്തിത്വത്തെക്കുറിച്ചുമൊക്കെ ചിന്തിക്കാനുള്ള ഒരു ശ്രമമാണ് ഈ സിനിമ. 

 2001 ല്‍ കേരളത്തില്‍ ചിലയിടങ്ങളിലായി ആകാശത്ത് തീഗോളങ്ങള്‍ കാണപ്പെട്ടതും അതിനെത്തുടര്‍ന്ന് ചുവന്ന മഴ പെയ്തതുമായ പ്രതിഭാസമുണ്ടാക്കിയ പരിഭ്രാന്തിയിലാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് 2013 ലും ഈ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. തുടര്‍ന്നു വിവിധഭാഗങ്ങളില്‍ കന്നുകാലികള്‍ വിചിത്രമായ രീതിയില്‍ കൊല്ലപ്പെടുന്നതായും അവയുടെ ആന്തരാവയവങ്ങള്‍ നീക്കം ചെയ്യപ്പെട്ടതായും കാണപ്പെടുന്നു. ഭൂമിക്ക് പുറത്തുള്ള സാന്നിധ്യങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ തല്‍പരനായ ജയ്‌ എന്ന ചെറുപ്പക്കാരന്‍ ഇതിനു പിന്നാലെ അന്വേഷണത്തിനിറങ്ങുന്നു.


 അന്യഗ്രഹജീവികളുടെ വരവിനെക്കുറിച്ചുള്ള സിനിമ എന്നതിലേറെ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ജയ്‌യുടെ ആശങ്കകളാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത് എന്ന് തോന്നുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയ്‌ക്ക് മാനസികമായി ഏറെ അടുപ്പമുണ്ടായിരുന്ന അയാളുടെ സഹോദരന്‍ ദുരൂഹ സാഹചര്യത്തില്‍ എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷനായി. അതിന് ശേഷമാണ് അയാള്‍ ഗവേഷണത്തില്‍ നിന്ന് പിന്‍വാങ്ങിയത്. പുതിയ സംഭവങ്ങള്‍ വീണ്ടും അയാളെ അന്വേഷണത്തിലേയ്ക്ക് നയിക്കുന്നു. ഒരു കസിന്‍റെയും രണ്ട് യൂറോപ്യന്‍ സുഹൃത്തുകളുടെയും പ്രൊഫസറുടെ മകള്‍ നേഹയുടെയുമൊപ്പം അയാള്‍ പ്രശ്നബാധിതമായ ഒരു വനത്തിനുള്ളിലെയ്ക്ക് യാത്ര ചെയ്യുന്നു. വനത്തിലെ ഒരു രാത്രിയിലെ അനുഭവത്തിനോടുവില്‍ സങ്കല്‍പത്തിലോ യാഥാര്‍ത്ഥ്യത്തിലോ അയാള്‍ തിരഞ്ഞ സത്യവുമായി അയാള്‍ മുഖാമുഖം കാണുന്നു. 


സത്യം അയാളെ സ്പര്‍ശിക്കുമ്പോള്‍ അയാളെ അസ്വസ്ഥനാക്കിയ ചിന്തകളുടെയും ആശങ്ക കളുടെയും അസ്വസ്തകളുടെയും സത്യം അയാള്‍ക്ക് മുന്നില്‍ നിവരുന്നു. അന്യഗ്രഹജീവികളെക്കുറിച്ചുള്ള സത്യമറിയാന്‍ കാത്തിരിക്കുന്ന ലോകത്തോട് അയാള്‍ പറയുന്നത് ഇത്ര മാത്രമാണ് :

 "നമ്മളെല്ലാവരും ജീവിക്കുന്നത് ഒരു സാങ്കല്‍പിക ലോകത്താണ്. നമ്മള്‍ സ്വയം സൃഷ്ടിച്ച ഒരു സാങ്കല്‍പിക ലോകത്ത്. With the very laws of nature, different, hypothetical and self-contained. നമ്മുടെ സങ്കല്‍പം യാഥാര്‍ത്ഥ്യവുമായി കൂട്ടിമുട്ടുമ്പോള്‍ നമ്മുക്ക് നിര്‍വചിക്കാന്‍ പറ്റാത്ത , നമ്മുടെ ചിന്തകള്‍ക്കും അതീതമായ ചിലതുണ്ടാകും. Something that You cannot accept. അപ്പോഴാണ്‌ നമ്മള്‍ തീരുമാനിക്കേണ്ടത്. വിശ്വസിക്കണോ അതോ വേണ്ടയോ?" 





 















ഇങ്ങനെ കഥ ചുരുക്കിപ്പറയുമ്പോള്‍ മനോജ്‌ നൈറ്റ് ശ്യാമളനെയും പ്രചോദിപ്പിക്കുന്ന കഥയാണ്‌ എന്ന് തോന്നുമെങ്കിലും ഒഴിവാക്കാമായിരുന്ന ഒരു പാട് ഘടകങ്ങള്‍ സിനിമയെ ബാധിക്കുന്നുണ്ട് . ഒന്ന്, ചില അഭിനേതാക്കളുടെ വളരെ അമച്വര്‍ ആയ പ്രകടനം, ഏച്ച് കെട്ടിയത് പോലെയുള്ള സ്വാഭാവികമല്ലാത്ത സംഭാഷണങ്ങള്‍ തുടങ്ങിയവ. ഇത്രയും മിനക്കെട്ട് സിനിമ പിടിക്കാനിറങ്ങുംപോള്‍ കുറച്ച് കൂടി പ്രൊഫഷനല്‍ ആയി സമീപിക്കാമായിരുന്നു. അതും ഗൗരവമുള്ള ഒരു പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍. ഇങ്ങനെയൊക്കെയാണ് എങ്കിലും ഇടയ്ക്കെങ്കിലും വളരെ ഇഫക്ടീവ് ആയ ചില സന്ദര്‍ഭങ്ങളിലൂടെ സിനിമ കടന്നു പോകുന്നു. രണ്ടാം പകുതിയിലെ വനയാത്രയോടെ ചിത്രം പിക് അപ്പ് ആകുന്നുണ്ട്. ദുരൂഹതയുണര്‍ത്തുന്ന പശ്ചാത്തലസംഗീതം കഥാലോകത്ത് ഗ്രസിച്ചിരിക്കുന്ന ഭീതിയും അനിശ്ചിതാവസ്ഥയും വിനിമയം ചെയ്യുന്നുണ്ട്. ഹെലികോപ്റ്ററുകളുടെ ശബ്ദവും കാഴ്ചകളും ഒക്കെ അതിനോട് ചേര്‍ന്ന് നില്‍ക്കുന്നു.


 വനത്തിനുള്ളിലുള്ള രംഗങ്ങള്‍ Found Footage എന്ന് വിളിക്കപ്പെടുന്ന Genre ലെ സിനിമകളുടെ ശൈലിയാണ് പിന്‍ തുടരുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ എടുത്ത വീഡിയോ ഫൂട്ടേജ് ഉപയോഗിച്ച് ആഖ്യാനം നിര്‍വഹിക്കുന്ന തരം സിനിമകളാണ് Found Footage. Blair Witch Project, Paranormal Activity പരമ്പര എന്നിങ്ങനെ ജനപ്രിയമായ കുറെയേറെ സിനിമകള്‍ ഈ വിഭാഗത്തിലുണ്ട്. മലയാളത്തില്‍ ആദ്യമാണ് എന്ന് തോന്നുന്നു. "റിയല്‍ ലൈഫ്" എന്ന് തോന്നുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ചലനങ്ങള്‍ എഡിറ്റിംഗ് ഇല്ലായ്മ ഒക്കെ അനുഭവപ്പെടും എന്നതാണ് ഈ രീതിയുടെ പ്രത്യേകത. (മലയാളത്തില്‍ , ഈ സിനിമയില്‍ പക്ഷെ ഇതെല്ലാം ആര്‍ട്ടിഫിഷ്യല്‍ ആയി തോന്നുന്നുണ്ട് എന്നതാണ് ശരി ) 


 എന്തായാലും റെഡ് റെയ്ന്‍ നല്ല ഒരു ശ്രമം തന്നെ. ഈ സിനിമ എടുക്കണം എന്ന ഉദ്ദേശ്യമല്ലാതെ ഒരു ദുരുദ്ദേശവും സിനിമയില്‍ നിന്ന് കാണുന്നില്ല. ശാസ്ത്രീയമായ വിവരണങ്ങള്‍ അവയ്ക്ക് നല്‍കിയിരിക്കുന്ന വീഡിയോ ഫൂട്ടെജുകള്‍ എല്ലാം നന്നായിട്ടുണ്ട്. ശാസ്ത്രീയ വിവരണങ്ങള്‍ക്ക് വേണ്ടി സംവിധായകന്‍ ഈ വിഷയത്തെക്കുറിച്ച് വായിച്ചിട്ടുണ്ട് എന്നും അയാള്‍ അതില്‍ തല്‍പരന്‍ ആണ് എന്നുമൊക്കെ നമുക്ക് തോന്നും. മറിച്ച് "ഞങ്ങളുടെ ഭാഷയില്‍ ഇതിനെ അങ്ങനെ പറയും , ഇങ്ങനെ പറയും" എന്നൊന്നുമല്ല പറയുന്നത്. ജയ്‌ ആയി നരേന്‍ മോശമില്ല. അയാള്‍ക്ക് എന്തോ ജെനുവിന്‍ ആയ Anxiety ഉണ്ട് എന്നൊക്കെ നമുക്ക് തോന്നുന്നുണ്ട് (ചിലപ്പോള്‍ ഈ സംവിധായകന്‍ എന്തൊക്കെയാണ് എടുത്തു കൂട്ടുന്നത് എന്ന Anxiety ആണോ എന്നും തോന്നും ) 


 സന്തോഷ്‌ പണ്ഡിറ്റ്‌ ഒക്കെ വികൃതമായി സിനിമയെടുത്ത് ആ വൈകൃതത്തിന്‍റെ മാര്‍ക്കറ്റ് കണ്ട് വില്‍ക്കാന്‍ ശ്രമിക്കുന്ന സമയത്ത് റെഡ് റെയ്ന്‍ പ്രോത്സാഹിപ്പിക്കേണ്ട സിനിമാശ്രമം തന്നെ. പക്ഷെ ഈ സിനിമ തീയറ്ററില്‍ റിലീസ് ചെയ്യാതെ നേരിട്ട് വീ സീ ഡി ആയി റിലീസ് ചെയ്യുകയായിരുന്നു എന്ന് തോന്നുന്നു. തീയറ്ററില്‍ എങ്ങനെ സ്വീകരിക്കപ്പെടുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 


 മലയാളത്തില്‍ രണ്ട് Extreme പ്രേക്ഷകര്‍ ആണുള്ളത്. ഒന്ന് , ജനപ്രിയ-മെലോ ഡ്രാമ ആഗ്രഹിക്കുന്ന ഒരു ഭൂരിപക്ഷം രണ്ട്, Torrent ല്‍ നിന്ന് Contemporary World സിനിമ കാണുന്ന ഒരു ന്യൂനപക്ഷം. ഇവരില്‍ ഒരു പക്ഷം ജനപ്രിയ മലയാള സിനിമയെപ്പറ്റി ആശങ്കപ്പെടാത്തവരാണ്. പിന്നെ ഒരു മധ്യവര്‍ത്തി ഓഡിയന്‍സ് ഉണ്ട്. ന്യൂനപക്ഷം തന്നെ. മാസിനും മാര്‍ക്കറ്റിനും വേണ്ടാത്തത് ചവറ്റു കുട്ടയിലെ പോവുകയുള്ളൂ. എങ്കിലും വ്യത്യസ്തമായ ശ്രമങ്ങള്‍ എന്നിട്ടും നടക്കുന്നുണ്ട് എന്നത് നല്ലത് തന്നെ. രാഹുല്‍ സദാശിവന്‍ , റെഡ് റെയ്ന്‍റെ സംവിധായകന്‍ ഇനി കൂടുതല്‍ മെച്ചപ്പെട്ട സിനിമകള്‍ ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. പ്രേമിക്കുക , പ്രേമസാഫല്യം നേടുക , കൊലയാളിയെ കണ്ടു പിടിക്കുക തുടങ്ങിയവയില്‍ അപ്പുറമുള്ള ആശങ്കകളും മലയാള സിനിമയില്‍ പ്രശ്നവല്‍ക്കരിച്ചുവല്ലോ. നല്ല പ്രതീക്ഷയാണത്.

Sunday, October 19, 2025

വഞ്ചിനാട്ടിലെ വേതാളങ്ങള്‍: Historical Fiction Zombified !!



കുറച്ച് നാള്‍ മുന്‍പ് Horror-Mashup നോവലുകളെക്കുറിച്ച് ഞാന്‍ ഒരു കുറിപ്പ് പോസ്റ്റ്‌ ചെയ്തിരുന്നു. മറ്റൊരു Genre ലുള്ള രചനകളെ Horror/Gothic രചനകളായി പുനര്‍-സങ്കല്‍പിക്കുന്നതാണ് Horror Mashup രചനകള്‍. Jane Austen ന്റെ Domestic അന്തരീക്ഷത്തിലുള്ള നോവലുകളുടെ ഹൊറര്‍ വ്യാഖ്യാനം, Abraham Lincoln നെ Vampire Hunter ആയി സമീപിച്ചു കൊണ്ടുള്ള രചന തുടങ്ങിയവയെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ആ പോസ്റ്റില്‍ ഒരു സുഹൃത്ത് Comment ചെയ്തപ്പോഴാണ് മലയാളത്തില്‍ അത്തരം ഒരു ശ്രമം നടന്നതായി അറിയുന്നത്. മി. സന്ദീപ്‌ എസ് എഴുതിയ “വഞ്ചിനാട്ടിലെ വേതാളങ്ങള്‍” എന്ന നോവലാണത്. നോവല്‍ ഉടന്‍ തന്നെ സംഘടിപ്പിക്കാനും വായിക്കാനും കഴിഞ്ഞു. 2024 ല്‍ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവല്‍ ഇത് വരെയുള്ള അറിവ് വച്ച് മലയാളത്തിലെ ആദ്യത്തെ Mashup രചനയാണ് എന്നാണ് മനസ്സിലാക്കുന്നത്. സന്ദീപ്‌ എസിന്റെ ശ്രമം തികച്ചും അഭിനന്ദനീയമാണ്.


തിരുവിതാംകൂര്‍ ചരിത്രപശ്ചാത്തലത്തില്‍ എട്ടുവീട്ടില്‍ പിള്ളമാരും മാര്‍ത്താണ്ഡവര്‍മ്മയും തമ്മിലുള്ള സംഘട്ടനങ്ങളുടെ പരിസരത്തില്‍ സെറ്റ് ചെയ്ത നോവലാണ്‌ “വഞ്ചിനാട്ടിലെ വേതാളങ്ങള്‍”. ഒരു Zombie Pandemic പടര്‍ന്ന് പിടിക്കുന്ന അന്തരീക്ഷത്തിലാണ് നമുക്ക് പരിചിതമായ കഥാപാത്രങ്ങളും ചരിത്രസംഭവങ്ങളും നടക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മ, അനന്തപദ്മനാഭന്‍ പടത്തലവന്‍, രാമയ്യന്‍, എട്ടുവീടന്‍മാര്‍ തുടങ്ങി നമുക്ക് പരിചിതരായ നിരവധി കഥാപാത്രങ്ങള്‍ കടന്ന് വരുന്നു. ഒപ്പം ചില പുതിയ കഥാപാത്രങ്ങളും. Historical Romance നെ Zombify ചെയ്യുകയാണ് ഈ Mashup ന്റെ സമീപനം. ഒരു Historical രചന എഴുതുമ്പോള്‍ ആവശ്യമായ ഭാഷാപരമായ ഗൌരവം സന്ദീപ്‌ രചനയില്‍ നിലനിര്‍ത്തുന്നു. Zombie invasion ന്റെ Source നെ അവതരിപ്പിക്കുന്ന വിധവും തികച്ചും പുതുമയുള്ളതാണ്. Telling നേക്കാള്‍ Showing ന്റെ മികവ് വെളിപ്പെടുന്ന നിരവധി രംഗങ്ങള്‍ സന്ദീപ്‌ വളരെ ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്.


ഈ ചരിത്രത്തെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിട്ടുള്ള മറ്റ് നോവലുകളും അവയുടെ സമീപനങ്ങളിലുള്ള വ്യത്യാസങ്ങളും മറ്റും പരിചിതരായവര്‍ക്ക് ഈ നോവല്‍ കൂടുതല്‍ കൌതുകകരമായിരിക്കും. നിരവധി എഴുത്തുകാരെ താല്‍പര്യപ്പെടുത്തിയിട്ടുള്ളതാണ് തിരുവിതാംകൂര്‍ രാജവംശവും തമ്പിമാരും എട്ടുവീടന്‍മാരും ഉള്‍പ്പെടുന്ന സംഘര്‍ഷം. സിവി തികഞ്ഞ രാജഭക്തനായിരുന്നു എന്നത് രഹസ്യമല്ല. എന്നാല്‍ പിന്നീട് വന്ന ചില രചനകള്‍ എട്ടുവീടന്‍മാരുടെ പക്ഷത്ത് നിന്ന് തിരിച്ചുള്ള വായനയെ അവതരിപ്പിച്ചിട്ടുണ്ട്. വൈക്കത്തിന്റെ പഞ്ചവന്‍കാട്, അശ്വതി തിരുനാളിന്റെ വിജനവീഥി, അനൂപ്‌ ശശികുമാറിന്റെ ഒന്‍പതാം വീട് അങ്ങനെ ചിലത്.


Literary Fiction ന് പ്രാധാന്യം കൂടുതല്‍ ലഭിക്കുന്ന കേരള സാഹിത്യപരിസരമായത് കൊണ്ട് Genre Fiction ല്‍ നടത്തുന്ന പുതിയ ശ്രമങ്ങള്‍ കേള്‍ക്കാന്‍ ആളില്ലാത്തയിടത്ത് പാട്ട് പാടുന്നത്‌ പോലെയാണ്. മലയാളത്തില്‍ Genre Fiction എഴുതുന്ന എഴുത്തുകാരും അതിന്റെ വായനക്കാരും അന്താരാഷ്ട്ര Genre Fiction എന്ത് നടക്കുന്നു എന്ന് അറിയാന്‍ താല്‍പര്യമില്ലാത്തവരുമാണ്. സമകാലിക മലയാളം Literary Fiction ദാര്‍ശനികസമസ്യകളും പരിപ്രേക്ഷ്യങ്ങളും insist ചെയ്യുമ്പോള്‍ മലയാളം Genre fiction ഖണ്ഡശക്കാലത്തെ എഴുത്തുശൈലിയും വൈകാരികതയും പുനവരതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ രണ്ട് കൂട്ടര്‍ക്കും വേണ്ടാത്ത മട്ടിലാണ് ഇവിടെ ഭേദപ്പെട്ട Genre Fiction രചനകള്‍ ഇടയ്ക്കെങ്കിലും വന്ന് വീഴുന്നത്. ആക്ഷേപിക്കാന്‍ ഇഷ്ടം പോലെ ആളുകളുണ്ട് എങ്കിലും Ambitious ആയ ചില ശ്രമങ്ങളുമായി ആരെങ്കിലും വരുമ്പോള്‍ encourage ചെയ്യുന്നവര്‍ വളരെ കുറവാണ്.


അന്താരാഷ്ട്രതലത്തില്‍ മാതൃകകളുള്ള, എന്നാല്‍ നമുക്ക് ഇവിടെ പുതിയതായ ഒരു ആഖ്യാനരൂപം അവതരിപ്പിക്കുമ്പോള്‍ അത് പരിചയപ്പെടുത്താനും അതിന് പരസ്യം നല്‍കാനും പ്രസാധകര്‍ക്കും ഒരു ശ്രമം നടത്താവുന്നതാണ്. സാഹിത്യസാംസ്കാരിക, പുസ്തകമാസികകള്‍ എമ്പാടും പുറത്തിറങ്ങുന്ന ഇവിടെ അത്തരം രചനകളെക്കുറിച്ച് കുറിപ്പുകളും മറ്റും വന്നിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. പോസിറ്റീവ് അഭിപ്രായം പറയുന്നത് പിന്നീട് ആ രചനയെ ആക്രമിക്കാനുള്ള ഒരു കാരണമായിത്തീരുന്നത് മുന്‍പും കാണാനിടയായിട്ടുണ്ട്. അതിനാല്‍ അവസാനിപ്പിക്കുന്നു. സന്ദീപ്‌ എസിന്റെ രചനാശ്രമം intend ചെയ്ത Target വായനക്കാരിലൊരാള്‍ ഞാനായിരുന്നു എന്ന് സന്തോഷം ഷെയര്‍ ചെയ്യുന്നു. നോവല്‍ വളരെ ആസ്വദിച്ചു എന്നത് മാത്രമാണ് ഈ കുറിപ്പിന് കാരണം.


Thursday, August 28, 2025

മസുമോട്ടോയുടെ ക്രൈം ഫിക്ഷന്‍



ഡിറ്റക്ടീവ് നോവലുകളുടെ മികച്ച മാതൃകകള്‍ എഴുതിയ ഒരാളാണ് ജാപ്പനീസ് എഴുത്തുകാരനായ സെയ്ച്ചോ മത്സുമോട്ടോ. ജപ്പാനില്‍ കുറ്റാന്വേഷണസാഹിത്യത്തിന് ജനപ്രീതി നേടിക്കൊടുത്തത് മത്സുമോട്ടോയുടെ രചനകളാണ് എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ ഇവിടെയും പോപ്പുലര്‍ ആയ ഹിഗാഷിനോയെ സ്വാധീനിച്ച രണ്ട് ഡിറ്റക്ടീവ് നോവലിസ്റ്റുകളില്‍ ഒരാള്‍ മത്സുമോട്ടോ ആണ്. ഞാന്‍ ഈയിടെ വായിച്ച നോവലാണ് അദ്ദേഹത്തിന്‍റെ പ്രശസ്തമായ Castle of Sand (1961). മുപ്പതോളം ഡിറ്റക്ടീവ്/ത്രില്ലറുകള്‍ എഴുതിയിട്ടുണ്ടെങ്കിലും വെറും നാലെണ്ണം മാത്രമേ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളൂ. (അദ്ദേഹത്തിന്‍റെ A Quiet Place എന്ന നോവലിനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് കുറച്ച് കാലം മുന്‍പ് പോസ്റ്റ്‌ ചെയ്തിരുന്നു) Inspector Imanishi Investigates എന്ന പേരിലാണ് ഈ നോവല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


അദ്ദേഹത്തിന്‍റെ കുറ്റാന്വേഷകന്‍റെ പേരാണ് ഇന്‍സ്പെക്ടര്‍ എയ്റ്റാരോ ഇമാനിഷി. പൊതുവേ കുറ്റാന്വേഷണനോവലുകളുടെ വന്‍ ജനപ്രീതിയ്ക്ക് ഒരു കാരണം എഴുത്തുകാരന്‍ കുറ്റാന്വേഷകന് കൊടുക്കുന്ന സവിശേഷമായ വ്യക്തിത്വമാണ്. കേസൊന്നും അന്വേഷിച്ചില്ലെങ്കില്‍ പോലും വായനക്കാര്‍ക്ക് ഹോംസിന്‍റെ ജീവിതശൈലി, സ്വഭാവരീതികള്‍, അഭിരുചികള്‍, നിരീക്ഷണങ്ങള്‍ ഇവയൊക്കെ അറിയാനും കേള്‍ക്കാനും ഇഷ്ടമാണ്. കൊമ്പന്‍മീശയും മുട്ട പോലെ തലയുമുള്ള മൃദുഭാഷിയായ പൊയ്റോയെയും ആളുകള്‍ അങ്ങനെ ഇഷ്ടപ്പെട്ടതാണ്. ആളുകൾക്ക് ആരാധന തോന്നിപ്പിക്കുന്ന വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ എഴുത്തുകാരന് പാത്രസൃഷ്ടിയില്‍ നല്ല മികവ് വേണം. നല്ല പ്ലോട്ട് ഉണ്ടെങ്കിലും അത്ര ആകര്‍ഷകമല്ലാത്ത ഡിറ്റക്ടീവുകള്‍ വന്ന് പോയിട്ടുള്ള നോവലുകള്‍ ഉണ്ടായിട്ടുണ്ട്. നല്ല പ്ലോട്ടിംഗും മികച്ച പാത്രസൃഷ്ടി കൊണ്ടും ശ്രദ്ധേയമാണ് മത്സുമോട്ടോയുടെ Inspector Imanishi Investigates.

ടോക്കിയോയിലെ കമാറ്റ റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഒരു പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങുന്ന ട്രെയിനിന്‍റെ കീഴില്‍ കൊല ചെയ്യപ്പെട്ട ഒരു വൃദ്ധന്‍റെ ജഡം കണ്ടെത്തുന്നത്. മുഖം നശിപ്പിക്കപ്പെട്ടതിനാല്‍ പോലീസിന് ഇരയെ തിരിച്ചറിയാന്‍ തന്നെ കാലതാമസമെടുക്കുന്നു. അന്വേഷണസംഘത്തില്‍ പെട്ട ഓഫീസറാണ് ഇന്‍സ്പെക്ടര്‍ ഇമാനിഷി. തെളിവുകളുടെ അഭാവത്തില്‍ ഒരു വേള പോലീസ് അന്വേഷണം മതിയാക്കുന്നുവെങ്കിലും ഇമാനിഷി അനൌദ്യോഗികമായി അന്വേഷണം തുടരുന്നു. മുകളില്‍ പറഞ്ഞത് പോലെ, ഇമാനിഷിയുടെ വ്യക്തിത്വം തന്നെയാണ് നോവലിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്.
ഒരു പോലീസ് ക്വാര്‍ട്ടേഴ്സില്‍ ഭാര്യ യോഷികോയും മകനുമൊത്താണ് ഇമാനിഷിയുടെ താമസം. അന്വേഷണത്തില്‍ ഏറിയ പങ്കും ഇമാനിഷി ഒറ്റയ്ക്കാണ്. കാഴ്ചകളും അനുമാനങ്ങളും ഇമാനിഷിയുടെ ഉള്ളില്‍ തന്നെയാണ്. തേഡ് പേഴ്സനിലാണ് മത്സുമോട്ടോയുടെ എഴുത്ത്. എങ്കിലും ഇടയ്ക്ക് വാട്സനെപ്പോലെ ഇമാനിഷിയോട് ആരാധനയുള്ള ഒരു യുവാവായ യോഷിമുറ എന്ന ഓഫിസര്‍ അന്വേഷണയാത്രകളില്‍ അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. പരസ്പരബഹുമാനമുള്ള സൌഹൃദമാണ് അവരുടേത്. അന്വേഷണത്തിനിടയില്‍ ട്രെയിന്‍ യാത്രയ്ക്കിടയിലും കടലോരത്തും ഒരു ബിയര്‍ കഴിച്ചോരു സിഗരറ്റ് പുകച്ച് അവര്‍ കേസിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇമാനിഷിയ്ക്ക് ഹൈക്കു കവിതകളിലും ബോണ്‍സായ് വളര്‍ത്തുന്നതിലും താല്‍പര്യമുണ്ട്. (പി ഡി ജെയിംസിന്‍റെ ആഡം ഡാല്‍ഗ്ലീഷ് എന്ന കുറ്റാന്വേഷകനും കവിയാണ്) കൊറോമോ നദിയോരത്തുള്ള ഒരു ഗ്രാമത്തില്‍ അന്വേഷണാര്‍ത്ഥം പോയി മടങ്ങുമ്പോള്‍ ഇമാനിഷി തന്‍റെ നോട്ടുപുസ്തകത്തില്‍ എഴുതിയൊരു ഹൈക്കു സ്നേഹിതനെ കാണിച്ചു:

ഒരുച്ചമയക്കത്തിന് ശേഷം
പുല്‍പ്പരപ്പുണരുന്നു
കൊറോമോ നദിയോരത്ത്

ട്രെയിനില്‍ വച്ച് ഊണ് പൊതി വാങ്ങുമ്പോള്‍ ഇമാനിഷി പറയുന്നു: "നിങ്ങള്‍ക്കറിയുമോ, യോഷിമുറ, ഓരോ തവണയും ഈ ഊണ് പൊതി വാങ്ങുമ്പോള്‍ ഞാനെന്‍റെ കുട്ടിക്കാലം ഓര്‍ക്കുന്നു. ഇത് പോലൊന്ന് അന്നെന്‍റെ സ്വപ്നമായിരുന്നെന്ന്...

അന്വേഷണം ഇമാനിഷിയെ ജപ്പാന്‍റെ നാട്ടിന്‍പുറങ്ങളിലേയ്ക്കും വര്‍ഷങ്ങള്‍ക്ക് പിന്നിലേയ്ക്കുള്ള ജീവിതങ്ങളിലേയ്ക്കും നയിക്കുന്നു. ചില കാലങ്ങളില്‍ മനുഷ്യര്‍ ചെയ്യുന്ന, പ്രവര്‍ത്തികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ മരണത്തിന് കാരണമാകുന്നത് എങ്ങനെയെന്ന് നമ്മള്‍ കാണുന്നു. മനുഷ്യപ്രകൃതിയുടെ അപ്രതീക്ഷിതത്വം നമ്മളെ അത്ഭുതപ്പെടുത്തുന്നു. വെറും Read & Throw സ്റ്റഫ് അല്ല കുറ്റാന്വേഷണകഥകള്‍ എന്ന് ഈ മാധ്യമം വിദഗ്ധമായി കൈകാര്യം ചെയ്തവര്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. ഈ മാധ്യമത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് തേടിപ്പോകാവുന്ന രചനകളാണ് മത്സുമോട്ടോയുടേത്. എഴുത്തും സമീപനവുമാണ് രചനകളെ Read & Throw ആക്കുന്നതും ക്ലാസിക് ആക്കുന്നതും.

========================================================



ജാപ്പനീസ് കുറ്റാന്വേഷണ സാഹിത്യത്തിലെ പ്രമുഖരില്‍ ഒരാളാണ് സെയ്ച്ചോ മത്സുമോട്ടോ എന്ന എഴുത്തുകാരന്‍. ഇപ്പോള്‍ കേരളത്തില്‍ ഉള്‍പ്പടെ അത്യാവശ്യം വായിക്കപ്പെടുന്ന കീഗോ ഹിഗാഷിനോയെ സ്വാധീനിച്ച രണ്ട് എഴുത്തുകാരില്‍ ഒരാളായിരുന്നു മത്സുമോട്ടോ. അദ്ദേഹത്തിന്‍റെ കുറ്റാന്വേഷണകഥകള്‍ വെറും മിസ്റ്ററിക്കഥകള്‍ എന്നതിലപ്പുറം ജാപ്പനീസ് സമൂഹത്തിന്‍റെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. രണ്ട് വഴികളിലൂടെയാണ് ഞാന്‍ മത്സുമോട്ടോയില്‍ എത്തിച്ചേര്‍ന്നത്. ഒന്ന് ഹിഗാഷിനോയെ രൂപപ്പെടുത്തിയ എഴുത്തുകാരിലൊരാള്‍ എന്ന നിലയില്‍. രണ്ട് അദ്ദേഹം "ജപ്പാനിലെ സിമനണ്‍" എന്ന് വിളിക്കപ്പെടുന്നു. ഹിഗാഷിനോയെയും സിമനണെയും വായിച്ചിട്ടുള്ള ആരെയും ഈ ഇന്‍ഫര്‍മേഷന്‍ പ്രലോഭിപ്പിക്കാതിരിക്കില്ല.
 
ഞാന്‍ വായിച്ച " The Quiet Place" എന്ന മത്സുമോട്ടോയുടെ നോവല്‍ പരിചയപ്പെടുത്താന്‍ എനിക്ക് സന്തോഷമുണ്ട്. Genre-Wise വിലയിരുത്തിയാല്‍ നോവല്‍ ഒരേ സമയം ഒരു അന്വേഷണകഥയും ഒരു ത്രില്ലറുമാണ്. ആദ്യപാതിയില്‍ ഡിറ്റക്ടീവ് ഫിക്ഷന്‍റെയും രണ്ടാം പകുതിയില്‍ ഒരു ക്രൈമിന്‍റെ പേരില്‍ പിന്തുടരപ്പെടുന്ന വ്യക്തിയുടെ കഥ പറയുന്ന ത്രില്ലറിന്‍റെ ഘടനയുമാണ്‌ നോവല്‍ പിന്തുടരുന്നത്. ഇവ രണ്ടും ഒന്നിച്ച് വരുന്നത് അപൂര്‍വമാണ്.
 
ജാപ്പനീസ് സര്‍ക്കാരിന്‍റെ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അസായ്. ഒരു ഔദ്യോഗിക യാത്രയിലായിരുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ ഭാര്യ എയ്ക്കോ ഹൃദയാഘാതം വന്ന് മരണപ്പെട്ട വിവരം ലഭിക്കുന്നത്. ഒറ്റയ്ക്ക് നഗരത്തിലൂടെ നടക്കുമ്പോള്‍ അവര്‍ക്ക് ഹൃദയാഘാതമുണ്ടാവുകയും റോഡ്‌ സൈഡിലുള്ള ഒരു കോസ്മെറ്റിക് ഷോപ്പിലേയ്ക്ക് അവര്‍ ചെന്ന് കയറുകയുമായിരുന്നു. അവിടെ അവര്‍ കുഴഞ്ഞു വീണു. കടയുടമ ഡോക്ടറെ വിളിച്ചുവെങ്കിലും അയാള്‍ എത്തിയപ്പോഴേയ്ക്കും അവര്‍ മരിച്ചിരുന്നു. ശവസംസ്കാരം കഴിഞ്ഞ് അസായ് കടയുടമയെ കണ്ട് നന്ദി അറിയിക്കാന്‍ പുറപ്പെടുന്നതോടെ അദ്ദേഹത്തിന്‍റെ മനസ്സില്‍ സംശയങ്ങള്‍ ഉരുണ്ടുകൂടുകയാണ്.

 
വളരെ ഉള്‍വലിഞ്ഞ പ്രാകൃതക്കാരിയായ, ആഴ്ചയില്‍ രണ്ട് ദിവസം മാത്രം ഹൈക്കുകവിതാക്കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പുറത്ത് പോകാറുള്ള നിര്‍"വികാര"യായ തന്‍റെ ഭാര്യ എയ്ക്കോ ടോക്കിയോ നഗരത്തിന്‍റെ "അത്ര ശരിയല്ലാത്ത" ഒരു ഭാഗത്ത് എന്തിന് പോയതായിരുന്നു?? അസായ് ഒരു അനൌദ്യോഗിക രഹസ്യാന്വേഷണം ആരംഭിക്കുന്നു...


A Quiet Place മത്സുമോട്ടോയുടെ ഏറ്റവും മികച്ച രചനയൊന്നുമല്ല . Points and Lines, Inspector Imanishi Investigates എന്നിവയാണ് അദ്ദേഹത്തിന്‍റെ കൂടുതല്‍ പ്രസിദ്ധമായ രചനകള്‍. ഹിഗാഷിനൊയും സിമനനുമായുള്ള താരതമ്യം യാദൃശ്ചികമല്ല. കുറ്റാന്വേഷണത്തിന്‍റെ ഉദ്വേഗത്തിനപ്പുറം സാമൂഹികപരവും മനശാസ്ത്രപരമായ ഒരു പ്രേരണയും അദ്ദേഹത്തിന്‍റെ എഴുത്തില്‍ കാണാം. അതിവേഗത്തിലോ മന്ദഗതിയിലോ അല്ല ആഖ്യാനം. അത്ര ചടുലമല്ലാത്ത ഒരു ഉദ്വേഗം പക്ഷെ ആദ്യാവസാനം നിലനിര്‍ത്തിയിട്ടുണ്ട്. ഈ Genre ല്‍ എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും നിര്‍ദേശിക്കുന്നു.

==================================================


സെയ്ച്ചോ മസുമോട്ടോയുടെ രണ്ട് ക്രൈം നോവലുകളെക്കുറിച്ച് മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട്. A Quiet Place, Inspector Imanishi Investigates എന്നീ നോവലുകളാണവ. രണ്ടും വളരെ സവിശേഷമായി തോന്നിയിട്ടുണ്ട്. ആദ്യം പറഞ്ഞ നോവല്‍ പോലെ വളരെ കുറച്ച് മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. അത് Who Done It ന്റെയും Thriller ന്റെയും കൃത്യമായ blend ആണ്. കുറ്റാന്വേഷകന്‍ ക്രൈം സോള്‍വ് ചെയ്യാന്‍ ശ്രമിക്കുന്നതാണ് Who-done-it എങ്കില്‍ ഒരു പ്രശ്നത്തില്‍ ട്രാപ്പ് ചെയ്യപ്പെടുന്ന കേന്ദ്രകഥാപാത്രം അതില്‍ നിന്ന് പുറത്തിറങ്ങാനും പരിഹരിക്കാനും നടത്തുന്ന സാഹസികതകളാണ് Thriller. (നമ്മുടെ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി എല്ലാ സിനിമയെയും ത്രില്ലര്‍ എന്ന് വിളിക്കുന്ന അര്‍ത്ഥത്തിലല്ല)


ഈ വര്‍ഷം പെന്‍ഗ്വിന്‍ പുറത്തിറക്കിയ ഒരു മസുമോട്ടോ നോവലാണ്‌ Suspicion. 98 പേജ് മാത്രമുള്ള ഒരു ലഘുനോവല്‍. ഈ നോവലും ഒരു Pre-Existing ഘടനയെ പിന്തുടരുന്നതിന് പകരം എഴുത്തുകാരന്‍ സ്വയം ഒരു ഘടന രൂപീകരിക്കുകയാണ്. (സത്യത്തില്‍ ഓരോ Subgenre ഉം രൂപപ്പെടുന്നത് ഇങ്ങനെ ഒരു Pioneer എഴുത്തുകാരന്‍ ഒരു ഘടന അവതരിപ്പിക്കുമ്പോഴാണ്. വിവിധ എഴുത്തുകാര്‍ അത് പിന്തുടരുമ്പോള്‍ Sub-genre രൂപം കൊള്ളുന്നു. Man on the Run ത്രില്ലറിന് ഒരു ഘടന നല്‍കുന്നത് John Buchan ആണ്. ഹിച്ച്കോക്ക് അത് Perfect ചെയ്തു.)


Suspicion നും ഒരു ക്രൈം നോവല്‍ തന്നെ. ഒരു ജേര്‍ണലിസ്റ്റിന്റെ വീക്ഷണത്തിലൂടെയാണ് കഥയിലേയ്ക്ക് നമ്മള്‍ എത്തുന്നത്. ഫസ്റ്റ് പേഴ്സന്‍ ആഖ്യാനമല്ല. പ്രമാദമായ ഒരു അപകടമരണത്തെക്കുറിച്ചാണ് കേസ്. മധ്യവയസുപിന്നിട്ട ഒരു ധനികനും അടുത്ത കാലത്ത് അയാള്‍ വിവാഹം ചെയ്ത യുവതിയായ ഭാര്യ ഒനിസുക്കയും ഒരു കാര്‍ അപകടത്തില്‍ പെട്ടു. ഒരു കൊക്കയില്‍ നിന്ന് കടലിലേയ്ക്ക് മറിഞ്ഞ കാറിനുള്ളില്‍ നിന്ന് ഭാര്യ നീന്തി രക്ഷപെട്ടു. ഭര്‍ത്താവ് മുങ്ങി മരിച്ചു. ഈ സാഹചര്യത്തില്‍ മീഡിയയും അത് വഴി ജനവും രക്ഷപെട്ട ഭാര്യയെ ഓഡിറ്റ് ചെയ്യുകയാണ്. അവരാകട്ടെ, അത്ര കണ്ട് മെനയുള്ള ഒരു ഭൂതകാലം ഉള്ളവരല്ല. ഒരു ബാറില്‍ ബെയറര്‍ ആയിരുന്ന അവരുടെ സൌന്ദര്യത്തില്‍ മയങ്ങിയാണ് അയാള്‍ അവരെ വിവാഹം ചെയ്തത്. അത് വഴി കുടുംബത്തിലുള്ള എല്ലാവരെയും ശത്രുക്കളുമാക്കി. അയാളുടെ ഭാരിച്ച സ്വത്തുക്കളില്‍ കണ്ണ് വച്ചായിരുന്നു ഒനിസുക്ക പിന്നാലെ കൂടിയത് എന്ന് സംസാരമുണ്ടായി. പോരെങ്കില്‍ ജാപ്പനീസ് അധോലോകവുമായി-- Yakusa യുമായി അവര്‍ക്ക് ബന്ധമുണ്ട് എന്നും പുറത്തറിഞ്ഞിട്ടുണ്ട്. ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌ എന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കാറപകടത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെടുന്നതും അവര്‍ രക്ഷപെടുന്നതും.

 
ഇവരെ ഇങ്ങനെ ഒരു ഭീകരകഥാപാത്രമായി അവതരിപ്പിക്കുന്നതില്‍ ഈ ജേര്‍ണലിസ്റ്റിന് വലിയ പങ്കുണ്ട്. പക്ഷെ അയാള്‍ ഇപ്പോള്‍ ഭയത്തിലാണ്. പേര് കേട്ട രണ്ട് വക്കീലന്‍മാരാണ് അവരുടെ വക്കാലത്ത് ഏറ്റിരിക്കുന്നത്. ഇനി അവര്‍ ശിക്ഷിക്കപ്പെടാതെ പുറത്തിറങ്ങുമോ എന്നതാണ് ജേര്‍ണലിസ്റ്റിന്റെ പേടി. യാക്കുസയുമായി ബന്ധമുള്ളയാള്‍ എന്ന നിലയില്‍ അവര്‍ പുറത്തിറങ്ങിയാല്‍ തന്നെയും കുടുംബത്തെയും തീര്‍ത്ത്‌ കളയുമോ എന്നയാള്‍ ഭയപ്പെടുന്നു. ഇത് കഥാപരിസരമാണ് എങ്കിലും ആഖ്യാനം ക്രമീകരിച്ചിരിക്കുന്ന വിധമാണ് ശ്രദ്ധേയം. വെറും പത്ത് അദ്ധ്യായങ്ങള്‍.
രണ്ട് പ്രമുഖഅഭിഭാഷകന്മാര്‍ കേസ് ഏറ്റെടുക്കുമോ എന്ന മീഡിയയുടെ ഉദ്വേഗത്തിനിടയാണ് ഈ കേസും പരിസരവും അവതരിപ്പിക്കപ്പെടുന്നത്. ഇതിന് അഞ്ച് അദ്ധ്യായങ്ങള്‍ എടുക്കുന്നു. ആരും വക്കാലത്ത് എടുക്കാനില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ വച്ച് കൊടുക്കുന്ന ഒരു വക്കീല്‍ രംഗപ്രവേശം ചെയ്യുന്നു. സര്‍ക്കാര്‍ വക്കീലിനെ ആരും കാര്യമായി പരിഗണിക്കാറില്ലല്ലോ. എങ്കിലും അയാള്‍ എന്ത് പറയുന്നു എന്നറിയാന്‍ പേടിക്കാരനായ ജേര്‍ണലിസ്റ്റ് അയാളെ കാണാന്‍ പോകുന്നു. അത്ര കണ്ട് കേസുകള്‍ ഒന്നുമില്ലാത്ത, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്ത് കഴിഞ്ഞു പോകുന്ന ഒരാള്‍. അഡ്വക്കേറ്റ് സഹാറ. അയാള്‍ക്ക് വാദിക്കാനും കേസ് തെളിയിക്കാനും വെറും നാല് അദ്ധ്യായം മാത്രം. അവിടെയും Conventional കേസ് അന്വേഷണമില്ല. ചര്‍ച്ചകള്‍, വാദങ്ങള്‍ പ്രതിവാദങ്ങള്‍ മാത്രം. Accused ഒരിക്കല്‍ പോലും സീനില്‍ വരുന്നില്ല. സര്‍ക്കാര്‍ വക്കീല്‍ താന്‍ വിചാരിച്ച പോലെയല്ല എന്ന് ജേര്‍ണലിസ്റ്റ് മനസ്സിലാക്കുന്നു. ഇതാണ് നോവല്‍.

 
മീഡിയ ഇടപെടല്‍ എങ്ങനെയാണ് ഒരു കേസിനെ manipulate ചെയ്യുന്നത്? സമൂഹം എങ്ങനെയാണ് അവരുടെ പ്രയോറിറ്റികള്‍ വച്ച് പ്രതിയെ കണ്ട് പിടിക്കുന്നത്, അതെങ്ങനെ സാക്ഷികളുടെ മൊഴികളെ സ്വാധീനിക്കുന്ന എന്നിങ്ങനെ പ്രധാനപ്പെട്ട ചില വിഷയങ്ങള്‍ നോവലില്‍ കടന്ന് വരുന്നു. 1980 കളുടെ തുടക്കത്തില്‍ ഇറങ്ങിയതാണ് എങ്കിലും വളരെ Contemporary യായി അനുഭവപ്പെടും. ചിത്രമില്ലാത്ത കവര്‍ ഉള്ള ഒരു മിനിമല്‍ പുസ്തകമായാണ് പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. Genre പ്രേമികള്‍ക്ക് നിര്‍ദേശിക്കുന്നു.






Tuesday, August 12, 2025

അതൊരിക്കല്‍ പച്ചയായിരുന്നു...



ന്യൂസീലാന്‍ഡ് എഴുത്തുകാരിയായ പട്രീഷ്യ ഗ്രെയ്സ് എഴുതിയ It Used to be Green Once എന്ന കഥയുടെ വിവര്‍ത്തനം. ന്യൂസീലാന്‍ഡിലെ മാവോരി സമൂഹത്തിന്‍റെ കഥാകാരിയാണ് ഗ്രെയ്സ്.


ഞങ്ങള്‍ പിള്ളേരുടെ ഏറ്റവും വലിയ മാനക്കേടായിരുന്നു ഞങ്ങടെ അമ്മച്ചി. സ്ഥിരമായി ഞങ്ങള്‍ക്ക് മാനക്കേടുണ്ടാക്കുന്നത് അമ്മച്ചിയുടെ ഒരു പതിവായിരുന്നു. ഞങ്ങടെ കുപ്പായത്തിന്‍റെ കീറലുകള്‍ മുഴുവന്‍ അമ്മച്ചി ചുവന്ന നൂല് കൊണ്ട് തയ്ച്ച് വെക്കും! പഴേ നീന്തല്‍ക്കുപ്പായമെടുത്ത് രണ്ടായി മുറിച്ച് രണ്ടെണ്ണമുണ്ടാക്കി ഒരെണ്ണം ചേച്ചിയ്ക്കും ഒരെണ്ണം അനിയനും കൊടുക്കും. സ്കൂളില്‍ ഈ നീന്തല്‍ക്കുപ്പായം കൊണ്ട് പോയാല്‍ മതിയെന്ന് അമ്മച്ചി പറഞ്ഞപ്പോള്‍ പേറ്റിയും റാനയും എന്തൊരു ബഹളമായിരുന്നു ! പേറ്റി റോഡില്‍ കുത്തിയിരുന്നു നിലവിളിച്ചു. അവളെ കുറ്റം പറയാന്‍ പറ്റുകേല. പത്ത് വയസ്സുള്ള അവളുടെ നീന്തല്‍ക്കുപ്പായത്തിന് മുപ്പത്തെട്ടായിരുന്നു സൈസ് !

അവളെ റോഡില്‍ നിന്ന് എണീപ്പിക്കേണ്ടത് എങ്ങനെയാണ് എന്ന് അമ്മച്ചിയ്ക്ക് അറിയാമായിരുന്നു.

"റോഡില്‍ നിന്നെണീറ്റ് പോ, കൊച്ചേ !"

അമ്മച്ചി ഉച്ചത്തില്‍ അലറും. “ആ കുപ്പായത്തിന് ഒരു കൊഴപ്പോമില്ല. ഞാന്‍ ചെറുതായിരുന്നപ്പോള്‍ എനിക്കൊന്നും നീന്തല്‍ക്കുപ്പായമേ ഇല്ലാഞ്ഞ്‌ ഒന്നുമില്ലാതെയാ നീന്തിയിരുന്നത് . അത് കൊണ്ട് എന്‍റെ കുഞ്ഞെണീറ്റ് സ്കൂളീപ്പോ!"


അമ്മച്ചി ഇതൊക്കെ എന്തൊരു ഒച്ചത്തിലാ പറയുന്നതെന്നറിയാമോ? ഞങ്ങക്ക് മാനക്കേട് ഉണ്ടാക്കേണ്ടത് എങ്ങനാണെന്ന് അമ്മച്ചിയ്ക്ക് നല്ല പോലറിയാം. ഞങ്ങടെ കൂട്ടുകാര് വന്ന് അവരും കൂടെ കേക്കുന്നതിന് മുന്‍പ് ഞങ്ങള് പേറ്റിയെ എണീപ്പിച്ച് കൊണ്ട് പോയി.


ഓട്ടയുള്ള ആപ്പിള് ആദ്യമൊന്നും ഞങ്ങക്ക് പ്രശ്നമില്ലായിരുന്നു. അപ്പച്ചന്‍ അല്‍പം കൂടുതല്‍ പഴുത്ത ആപ്പിളും പിയറുമാണ് മേടിച്ച് കൊണ്ട് വരിക. അതിന് വിലക്കുറവായിരുന്നല്ലോ. അമ്മച്ചി എന്ത് ചെയ്യുമെന്നോ, അതിലെ ചീഞ്ഞ ഭാഗം കത്തി കൊണ്ട് കുത്തിയെടുത്ത് കളയും. അതാണ്‌ ലഞ്ചിന് തന്നു വിടുന്നത്. ആദ്യമൊന്നും ഞങ്ങള് അത് ശ്രദ്ധിച്ചില്ല. താഴത്തെ വീട്ടിലെ റവറ്റി ഒരു ദിവസം ഞങ്ങളോട് ചോദിക്കുവാണ് : "ഹേ പിള്ളേരെ, ആരാണ് നിങ്ങടെ ആപ്പിളില്‍ വെടി വച്ചത് ?" എവിടെയെങ്കിലും ഒളിപ്പിക്കാനാണെങ്കില്‍ ബാഗുണ്ടോ ?പതിനാല്‌ സ്കൂള്‍ബാഗ് മേടിക്കാന്‍ പറ്റില്ലെന്നാണ് അമ്മച്ചി പറഞ്ഞത്. ഹൈസ്കൂളില്‍ എത്തിയപ്പോള്‍ ഞങ്ങള്ക്ക് ഷൂസും കിട്ടിയെന്ന് പറയാം. സ്കൂളിലെത്തിയപ്പോള്‍ റവറ്റിയെ ഞങ്ങള്‍ നന്നായിട്ട് കൈകാര്യം ചെയ്തുവെന്നത് വേറെ കാര്യം.

പക്ഷെ ഈ കഥ അതിനെക്കുറിച്ചൊന്നുമല്ല. അത് ആ കാറിനെക്കുറിച്ചും അത് വഴി അമ്മ ഞങ്ങള്‍ക്ക് ഉണ്ടാക്കി വെച്ച മാനക്കേടിനെക്കുറിച്ചുമാണ്. മഴവില്ലിന്‍റെ നിറമുള്ള നൂല് കൊണ്ട് കീറക്കുപ്പായം തയ്ച്ച് തന്നതും ഓട്ടയുള്ള ആപ്പിള് തന്നു വിട്ടതുമൊക്കെ കാറ് കാരണം വരുത്തി വച്ച മാനക്കേടുമായി താരതമ്യപ്പെടുത്തിയാല്‍ ഒന്നുമല്ല. റാസ് അമ്മാവന്‍ ആ കാറ് ഞങ്ങള്‍ക്ക് തന്നത് ഇനി അത് റിപ്പയറ് ചെയ്യാന്‍ പറ്റുകേല എന്ന സാഹചര്യം വന്നപ്പഴാണ്. ഞങ്ങള്‍ക്ക് പാല് കൊണ്ട് പോകാന്‍ പ്രയോജനപ്പെടുമല്ലോ , വെറുതെ വലി വണ്ടി വലിക്കേണ്ടല്ലോ എന്നും കണ്ട് അമ്മാവന്‍ കാറ് അപ്പച്ചന് കൊടുത്തു.

കാറിന് ബ്രേക്കില്ല എന്നത് ഒരു പ്രശ്നമായിരുന്നില്ല. തൊഴുത്തില്‍ നിന്ന് റോഡിലേയ്ക്ക് ഒരു ഇറക്കമായിരുന്നു. പിന്നെ അല്‍പം ഉയര്‍ന്ന് ചെന്ന് റോഡിലേയ്ക്ക് കേറുന്നു. ഒറ്റ വരവില്‍ വന്നാല്‍ ബ്രേക്ക് പിടിക്കാതെ റോഡിലെത്തി നിര്‍ത്തിയാല്‍ മതി. തട വയ്ക്കാനായി അവിടെ അപ്പച്ചന്‍ ഒരു പലക കൊണ്ട് പോയിട്ടിരുന്നു. അവിടുന്ന് വണ്ടി അടുത്ത ഇറക്കത്തിലേയ്ക്ക് നീങ്ങുമ്പോള്‍ മുക്കുവന്മാര്‍ വഞ്ചി തള്ളിക്കൊണ്ട് ചെന്ന് അതില്‍ ഓടിക്കയറുന്ന പോലെ ഞങ്ങള് അതിന്‍റെ പിന്നിലേയ്ക്ക് ചാടിക്കേറും.

ആ കാറിന് ഒരു കാലത്ത് ചുവന്ന നിറമായിരുന്നു. അതിന്മേല്‍ അവിടവിടെയായി ചുവന്ന ചില പാടുകള്‍ കാണാനുണ്ടായിരുന്നു. അതിന് ഒരു കാലത്ത് മുകളില്‍ തുകലിന്‍റെ മേലാപ്പ് കൂടിയുണ്ടായിരുന്നു. വണ്ടി കൊടുക്കുമ്പോള്‍ അമ്മാവന്‍ അപ്പച്ചനോട്‌ പറയുന്നത് ഞാന്‍ കേട്ടതാണ്. സ്കൂളില്‍ അതിനെക്കുറിച്ച് എളേ കുഞ്ഞുങ്ങള്‍ കുറെ പൊങ്ങച്ചം പറഞ്ഞു നടന്നതാണ്. അമ്മച്ചി കാറോടിക്കാന്‍ തുടങ്ങി ഞങ്ങള്‍ക്ക് മാനക്കേടുണ്ടാക്കുന്നതിന് മുന്‍പായിരുന്നു അത്.

വേണ്ടാ വേണ്ടാന്ന് ഞങ്ങള്‍ പലതവണ പറഞ്ഞതാണ്. ഒരു ഗുണവുമുണ്ടായില്ല. ബുധനാഴ്ച ദിവസം ഞങ്ങള്‍ക്ക് പേടിസ്വപ്നമായിരുന്നു. അന്നാണ് അമ്മച്ചി കാറും കൊണ്ട് ഷോപ്പിംഗിന് ഇറങ്ങുന്നത്. ആ ദിവസം ഞങ്ങള് അസുഖമാണ് എന്നഭിനയിച്ച് സ്കൂളില്‍ പോകാതിരിക്കാനോ സ്കൂള്‍ ബസില്‍ കേറാതിരിക്കാനോ നോക്കും. പക്ഷെ അമ്മച്ചി അതിരാവിലെ വന്ന് ഉച്ചത്തില്‍ അലറിവിളിക്കും. എണീറ്റില്ലെങ്കില്‍ ഞങ്ങടെ കുപ്പായം വലിച്ച് താഴ്ത്തി തണുപ്പുള്ള തറയില്‍ പിടിച്ചിരുത്തും. അമ്മച്ചി ഒരു ക്രൂരയായിരുന്നു.


ഒരു ജപ്പാനീസ് കിടക്കവിരി മുറിച്ച് തയ്ച്ച കടും നിറമുള്ള ഒരു ഉടുപ്പും ധരിച്ചാണ് അമ്മച്ചി വരിക. തൊപ്പിയും ഷൂസുമൊക്കെ ധരിച്ച് അവര്‍ ഡ്രൈവിംഗ് സീറ്റിലോട്ട് കേറും.

ഞങ്ങള്‍ വേണ്ട വിധം പറഞ്ഞു നോക്കി, ഞങ്ങക്ക് മാനക്കേട് ഉണ്ടാക്കല്ലേന്ന് .

"അമ്മച്ചിക്ക് ലൈസന്‍സ് ഇല്ല!"


"എനിക്ക് എന്തിനാടീ ലൈസന്‍സ്! എനിക്കെന്താ വണ്ടി ഓടിക്കാന്‍ അറിയുകേലെ? എനിക്ക് ആരേം ഒന്നും ബോധിപ്പിക്കാനില്ല"


"അമ്മച്ചിയെ ട്രാഫിക് പോലീസു പിടിക്കും"


"ആ ചുണ്ടെലിയോ ? അവനിങ്ങ്‌ വരട്ടെ. എന്‍റെ മരുമോള്‍ടെയടുത്ത് കുഴയാന്‍ വന്നതിന് ശേഷം അവന്‍ എന്‍റടുത്ത് വരികേല. ഉരുളക്കിഴങ്ങ്‌ ചാക്കെടുത്ത്‌ ഞാനവന്‍റെ തലേലിടും."


അമ്മച്ചിയോട് വാദിച്ച് ജയിക്കാന്‍ പറ്റുകേല.


അങ്ങനെ ഒരു ബുധനാഴ്ച പ്രഭാതത്തില്‍ അമ്മച്ചി വണ്ടിയുമായി പുറത്തിറങ്ങും. റോഡിലെത്തിയാലുടന്‍ ഹോണ്‍ മുഴക്കും. ആ ശബ്ദം കേട്ടാല്‍ ഹോണ്‍ ആണെന്ന് തോന്നുകേല. താറാവിന്‍ കൂട്ടം കരയുകയാണെന്ന് തോന്നും. താന്‍ വരുന്നുണ്ട് എന്ന് കൂട്ടുകാരേം പരിചയക്കാരേം അറിയിക്കാന്‍ വേണ്ടിയാണ് ഹോണടിക്കുന്നത്. വീടിന് മുന്നിലൂടെ കടന്ന് പോകുമ്പോള്‍ അവര്‍ക്ക് എന്തേലും മേടിക്കാനുണ്ടെങ്കില്‍ പുറത്തേയ്ക്ക് വന്ന് ഉച്ചത്തില്‍ വിളിച്ചു പറയാം. ബ്രേക്കില്ലാത്തത് കൊണ്ട് അമ്മച്ചിയ്ക്ക് വണ്ടി നിര്‍ത്താന്‍ പറ്റുകേലല്ലോ. "ഞങ്ങള്‍ക്ക് കുറച്ച് ഉരുളക്കിഴങ്ങ് വേണം !!!", "ഞങ്ങള്‍ക്ക് ഇച്ചിരെ ബ്രഡ് വേണം !!!" അവര്‍ വിളിച്ച് പറയും. അമ്മച്ചി കൈ വീശി മനസ്സിലായി മനസ്സിലായി എന്ന് പറയും. കടയുടെ അടുത്തെത്തുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് അവിടെയുള്ള ഒരു ഉയര്‍ന്ന പ്രതലത്തിലേയ്ക്ക് ഓടിച്ച് കേറ്റി ഹാന്‍ഡ് ബ്രേക്കും കൂടി പിടിച്ചാണ് നിര്‍ത്തുന്നത്. വാങ്ങാനുള്ള സാധനങ്ങള്‍ ഒക്കെ അമ്മച്ചി എങ്ങനെ ഓര്‍ത്തിരിക്കുന്നു എന്നെനിക്ക് ഒരു പിടിയുമില്ല. എന്തായാലും തിരിച്ചു കേറുമ്പോള്‍ കാറ് നിറയെ സാധനങ്ങള്‍ ആയിരിക്കും. ഞെക്കിപ്പിഴിയുന്ന മട്ടിലാണ് അമ്മച്ചി ഡ്രൈവിംഗ് സീറ്റില്‍ കേറുക. ഇനി പോകുന്ന വഴി ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എറിഞ്ഞു കൊടുത്താല്‍ മാത്രം മതി.

വണ്ടി വിട്ടാലുടന്‍ വീണ്ടും ഹോണടി തുടങ്ങും. താന്‍ പുറപ്പെട്ടു എന്നാണ് അതിന്‍റെ അര്‍ത്ഥം. അമ്മച്ചി എറിയുന്ന സാധനങ്ങള്‍ പിടിക്കാന്‍ അവര്‍ വീടിന് പുറത്തിറങ്ങി നില്‍ക്കും. ഞങ്ങള്‍ ആ ഹോണടി കേള്‍ക്കുമ്പോള്‍ ഒളിച്ചിരിക്കും.

ആദ്യം അമ്മച്ചിയുടെ കാറും ഞങ്ങടെ സ്കൂള്‍ ബസും കണ്ട് മുട്ടിയത് ഒരു പാലത്തില്‍ വച്ചായിരുന്നു. ഞങ്ങള്‍ ഡ്രൈവറുടെയടുത്ത് , അമ്മച്ചിയ്ക്ക് വഴി കൊടുക്കണം, അതിന് ബ്രേക്കില്ല എന്ന് പറഞ്ഞു. ആകെ നാണം കെട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മച്ചിയെ എല്ലാര്‍ക്കും പരിചയമായി. അമ്മച്ചി വരുന്നത് കാണുമ്പഴേ അവര്‍ സ്വന്തം വണ്ടി നിര്‍ത്തിയിടും. ഇങ്ങനെയൊക്കെയാണെങ്കിലും അമ്മച്ചിയ്ക്ക് കാറ് കൊണ്ട് അപകടമൊന്നും ഉണ്ടായിട്ടില്ല. ഒരിക്കല്‍ ഒരു ആടിന്‍റെ കാല് എറിഞ്ഞു കൊടുക്കുമ്പോള്‍ പീറ്റര്‍ അമ്മാവന് കൊണ്ട് അദ്ദേഹത്തിന്‍റെ കാലൊടിഞ്ഞത് ഒഴിച്ചാല്‍.

കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ സ്കൂള്‍ ബസ് വേണ്ടെന്ന് വച്ച് ഞങ്ങള്‍ വീട്ടിലേയ്ക്ക് നടന്ന് തുടങ്ങി. ആമ്പിള്ളേര്‍ക്ക് നടക്കുന്നത് ഇഷ്ടമല്ലായിരുന്നു. പക്ഷെ പുതുതായിട്ട് വന്ന ഹാഡ്ലി മാഷും ആ വഴിയ്ക്ക് നടക്കാനുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് നടക്കുന്നത് ഇഷ്ടമായിരുന്നു. കൊള്ളാവുന്ന ഒരു കക്ഷിയായിരുന്നു മാഷ്‌.

ഒരു ദിവസം ഇങ്ങനെ നടന്ന് വരുമ്പോഴുണ്ട് പിന്നില്‍ നിന്ന് വലിയ ഹോണ്‍ മുഴക്കം. റോഡില്‍ ഒരു കുഴിയുണ്ടായി ഞാന്‍ അതിലൂടെ താഴ്ന്ന്‍ പോയിരുന്നെങ്കില്‍ എന്നെനിക്ക് തോന്നി. അടുത്തെത്തിയപ്പോള്‍ അമ്മച്ചി പറഞ്ഞു : " കേറണമെന്നുള്ളവര്‍ ചാടിക്കേറിക്കോണം!!"

ഞങ്ങള്‍ കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ മുഖം തിരിച്ചു. ഹാഡ് ലി മാഷ്‌ വണ്ടിയും അമ്മച്ചിയെയും ശ്രദ്ധിക്കല്ലേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു. എന്നാല്‍ കണ്ടതോ, മാഷ്‌ വണ്ടിയുടെ പിന്നാലെ ഓടുകയും പിന്നിലുള്ള സാധനങ്ങുടെ മേലേയ്ക്ക് ചാടിക്കയറുന്നതുമാണ്. ഹോ ! നാണക്കേട് നോക്കണേ !

എന്നാല്‍ ഒരു ദിവസം മുതല്‍ കാര്യങ്ങള്‍ മുഴുവനും അങ്ങ് മാറി. വീട്ടിലെത്തിയപ്പോള്‍ അപ്പച്ചന്‍ തന്‍റെ ഏറ്റവും നല്ല ഉടുപ്പുമിട്ട് നില്‍ക്കുന്നതാണ് കണ്ടത്. അദ്ദേഹം ചെറിയൊരു ചിരിയുമായി അവിടവിടെ ചുറ്റി നടക്കുന്നുണ്ടായിരുന്നു. പതിവ് പോലെ പശൂനെ കറക്കുകയോ ഗേറ്റ്‌ നന്നാക്കുകയോ ചാല് കീറുകയോ ഒന്നുമില്ല. ഞങ്ങള് ചോദിച്ചു:

" അപ്പച്ചനെന്തിനാ ചിരിക്കുന്നെ ?" "അപ്പച്ചനെന്തിനാ പുതിയ ഉടുപ്പ് ഇട്ടിരിക്കുന്നേ ?" "അമ്മച്ചീ, അപ്പച്ചന് എന്നാ പറ്റി ?"


"നിങ്ങടപ്പച്ചന്‍ വലിയ കാശുകാരനായി മക്കളെ" അമ്മച്ചി പറഞ്ഞു: "അപ്പച്ചന് അമ്പതിനായിരം ഡോളര്‍ ലോട്ടറിയടിച്ചു"


ആദ്യം ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഞങ്ങള്‍ ഓടി നടക്കാനും ചിരിക്കാനും അപ്പച്ചനേം അമ്മച്ചിയേം കേട്ടിപ്പിടിക്കാനും തുടങ്ങി. " നമ്മുക്ക് ഇനി ഷൂസും ബാഗും മേടിക്കാം" ഞങ്ങള്‍ പറഞ്ഞു :" പുതിയ ഉടുപ്പും നീന്തല്‍ക്കുപ്പായവും നല്ല ആപ്പിളും പിയര്‍ പഴവും മേടിക്കാം".
അപ്പോള്‍ അപ്പച്ചന്‍ പറഞ്ഞത് എന്താണെന്ന് അറിയാമോ ? അപ്പച്ചന്‍ പറഞ്ഞു : "അമ്മച്ചിയ്ക്ക് ഒരു പുതിയ കാറ് മേടിക്കാം". ഇത് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. കുറച്ച് നേരം ഞങ്ങള്‍ അനക്കമില്ലാതായി. പിന്നെ വീണ്ടും ബഹളവും ചിരിയും തുടങ്ങി. അതിനിടെ അമ്മച്ചിയെ ആരോ തട്ടിമറിച്ചിട്ടു.

അങ്ങനെ അമ്മച്ചിക്ക് പുതിയ കാറ് മേടിച്ചു. തിളങ്ങുന്ന ഒരു പച്ച ഷെവര്‍ലെ കാറ്. അപ്പച്ചന്‍ പുതിയൊരു തൊഴുത്ത് പണിയിപ്പിച്ചു. എല്ലാ സൌകര്യങ്ങളും ഉള്ളത്. ഞങ്ങള്‍ക്കെല്ലാം പുതിയ ഉടുപ്പും ബാഗും നീന്തല്‍ക്കുപ്പായവും എല്ലാം കിട്ടി. ഞങ്ങള്‍ സ്കൂളിലേയ്ക്ക് വലിയ ആഡംബര ലഞ്ചുകള്‍ കൊണ്ട് പോകാന്‍ തുടങ്ങി. ത്രികോണാകൃതിയില്‍ മുറിച്ച സാന്‍ഡ വിച്ചും നല്ല ആപ്പിളും പിയറും വാഴപ്പഴവും ഒക്കെ .


ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം വലിയ മാറ്റം വന്നിരുന്നു. ഞങ്ങള്‍ വലിയ ആരൊക്കെയോ ആണെന്ന് ഞങ്ങള്‍ വിചാരിച്ചു തുടങ്ങി. ഞങ്ങള്‍ കാശിനു വേണ്ടി അപ്പച്ചന്‍റെയടുക്കല്‍ ചിണുങ്ങാനും മറ്റും തുടങ്ങി. എല്ലാ ആഴ്ചയും ഞങ്ങള്‍ സിനിമ കാണിക്കാന്‍ വേണ്ടി അമ്മച്ചിയെ ഇളക്കിത്തുടങ്ങും. അമ്മച്ചി തളര്‍ന്നിരിക്കുകയാണ് എങ്കില്‍ ടാക്സി പിടിക്കും. ഞങ്ങള്‍ക്ക് ഒന്നാംതരം കിടക്ക വിരികളും പിയാനോയും എല്ലാം കിട്ടി.


പഴയ കാറോ? ഞങ്ങള്‍ അത് അപ്പച്ചനെക്കൊണ്ട് ആക്രിക്കടയില്‍ കൊടുപ്പിച്ചു. ഞങ്ങള്‍ക്ക് അത് കാണുകയേ വേണ്ടായിരുന്നു. അത് കൊണ്ട് പോയപ്പോള്‍ ഞങ്ങളെല്ലാം ആഹ്ലാദിച്ചു. അമ്മച്ചി ഒഴികെ. അമ്മച്ചി അത് കാണാന്‍ വയ്യാതെ അകത്ത് തന്നെയിരുന്നു. പക്ഷെ ഞങ്ങള്‍ അത് കൊണ്ട് പോകുന്നത് നോക്കി നിന്ന് ആഹ്ലാദിച്ചു.

ഞങ്ങളെല്ലാം ശരിക്കും മാറിയിരുന്നു. പക്ഷെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. അമ്മച്ചി ഒട്ടും മാറിയില്ല. അപ്പച്ചനും മാറിയില്ല. അമ്മച്ചിയ്ക്ക് പുതിയ കാറ് കിട്ടിയെന്നത് സത്യം തന്നെ. രണ്ട് ജോഡി പുതിയ ഉടുപ്പുകളും. അപ്പച്ചന് പാല് കറക്കാനുള്ള പുതിയ ഷെഡും ട്രാക്ടറും കിട്ടി. ഫാമിലേയ്ക്ക് മറ്റ് ചില ഉപകരണങ്ങളും. പക്ഷെ അപ്പച്ചനും അമ്മച്ചിയും മാറിയില്ല. അവര്‍ എപ്പോഴും ഒരു പോലായിരുന്നു.

അമ്മച്ചി എല്ലാ ബുധനാഴ്ചയും പതിവ് പോലെ ഷോപ്പിംഗിന് പോയി. . ഒറ്റയ്ക്ക് എല്ലാം വാങ്ങുന്നത് പകരം അവര്‍ തന്‍റെ കൂട്ടുകാരികളെയും ബന്ധുക്കളെയും ഒപ്പം കൂട്ടി. ഒരല്‍പം നേരത്തെ ഇറങ്ങണം എന്നേയുണ്ടായിരുന്നുള്ളൂ. വഴിയില്‍ നിര്‍ത്തി എല്ലാവരെയും കേറ്റണ്ടേ? പഴയ ആ തപ്പി വയ്ക്കുന്നതും വഴിയില്‍ നിര്‍ത്തി നാട്ടുകാരെ വണ്ടിയിലേയ്ക്ക് വിളിച്ചു കേറ്റുന്നതും കാണുമ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെ കലി വന്നെന്നറിയാമോ?


പുതിയ കാറിന് ബ്രേക്കുണ്ട് എന്ന് അമ്മച്ചി ചിലപ്പോള്‍ മറന്ന് പോകും. പ്രത്യേകിച്ചും സ്കൂള്‍ ബസിനെ കണ്ട പാലത്തിനടുത്ത് ചെല്ലുമ്പോള്‍. അമ്മച്ചി ഹോണ്‍ നീട്ടിയടിക്കാന്‍ തുടങ്ങും. ബസുകാരന്‍ വണ്ടി അരികില്‍ പിടിച്ചിട്ട് അമ്മച്ചിയെ കടത്തി വിടും. അപ്പോള്‍ വണ്ടിയില്‍ തിങ്ങി ഞെരുങ്ങിയിരിക്കുന്ന ഞങ്ങടെ അമ്മായിമാരും അമ്മാവന്മാരും കൂട്ടുകാരും എല്ലാം കൂടി ബസിലിരിക്കുന്ന ഞങ്ങളെ നോക്കി കൈ വീശുകയും ആര്‍പ്പു വിളിക്കുകയും ചെയ്യും ! എന്തൊരു നാണക്കേട് !


വണ്ടിയുടെ ചുറ്റുപാടും എപ്പോഴും കയറുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാകും. സഞ്ചികളും സാധനങ്ങളും കൂന്താലിയും മറ്റും തൂക്കിയിടാനായിരുന്നു അത്. ഡിക്കി എപ്പോഴും തുറന്ന് കിടക്കും. കാരണം അടയ്ക്കാന്‍ പറ്റാത്ത വിധം അതിനകത്ത് സാധനങ്ങള്‍ നിറച്ചിരിക്കും. പലപ്പോഴും അതിനുള്ളില്‍ നിന്ന് സാധനങ്ങള്‍ റോഡില്‍ പൊഴിഞ്ഞു വീഴാറുണ്ട്‌. പുതിയ കാറ് ---അതൊരിക്കല്‍ പച്ചയായിരുന്നു. സൂക്ഷിച്ചു നോക്കിയാല്‍ അവിടവിടെയായി ചില പച്ച ഷേഡുകള്‍ അങ്ങുമിങ്ങും കാണാം.

................................

Saturday, August 9, 2025

വിശ്വപ്രസിദ്ധ ഡിറ്റക്ടീവ് കഥകള്‍



മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു പുതിയ പുസ്തകമാണ് “വിശ്വപ്രസിദ്ധ ഡിറ്റക്ടീവ് കഥകള്‍”. എഡിറ്റര്‍ എന്ന നിലയില്‍ കഥകള്‍ സമാഹരിക്കാനും ഡിറ്റക്ടീവ് കഥകളുടെ  ചരിത്രത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും ഒരു പഠനവും ഞാന്‍ എഴുതിയിട്ടുണ്ട്. പരിഭാഷപ്പെടുത്തിയിരിക്കുന്നത് ബി നന്ദകുമാര്‍.

തിരഞ്ഞെടുത്ത കഥകളിലൂടെ Genre ന്‍റെ ചരിത്രം അടയാളപ്പെടുത്തുന്ന  സമാഹാരങ്ങള്‍ ചെയ്യണം എന്ന പദ്ധതിയുണ്ടായിരുന്നു. അങ്ങനെ ഹൊറര്‍ കഥകളുടെ ഒരു തിരഞ്ഞെടുപ്പ് നടത്തിയതായിരുന്നു 2018 ല്‍ പുറത്തിറങ്ങിയ “13 ഹൊറര്‍ കഥകള്‍” എന്ന സമാഹാരം. കുറച്ചു കൂടി വലിയ ഒരു സമാഹാരമായി പ്ലാന്‍ ചെയ്തതാണ് ഇത് എങ്കിലും ഇപ്പോള്‍ പത്ത് കഥകള്‍ ഉള്‍പ്പെടുത്തിയ സമാഹാരമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന ഇരുപത് വര്‍ഷങ്ങള്‍ മുതല്‍ 1940 വരെയുള്ള കാലഘട്ടം കുറ്റാന്വേഷണ നോവലുകളുടെ വസന്തകാലമായിരുന്നു. ഷെര്‍ലക് ഹോംസിനും ഹെര്‍ക്യൂല്‍ പൊയ്റോയ്ക്കും ലഭിച്ച പ്രശസ്തി ലഭിക്കാതെ പോയ അനേകം കുറ്റാന്വേഷക കഥാപാത്രങ്ങളുണ്ട്. അത്തരം ചില കഥാപാത്രങ്ങളെയും ഒന്നിച്ച് കൊണ്ട് വരാന്‍ ശ്രമിച്ചിട്ടുണ്ട്.


എഡ്ഗര്‍ വാലസിന്‍റെ ത്രില്ലറുകള്‍ പ്രസിദ്ധമാണ്. എന്നാല്‍ അദ്ദേഹം ഒരു കുറ്റാന്വേഷകനെയും സൃഷ്ടിച്ചിട്ടുണ്ട്. അതാണ്‌ ജെ ജി റീഡര്‍ (J G Reeder) റീഡര്‍ കേന്ദ്രകഥാപാത്രമായി വരുന്നൊരു കഥയാണ്‌ നിധി തേടി (The Treasure Hunt)

ജി കെ ചെസ്റ്റര്‍ടന്റെ പ്രസിദ്ധമായ ഫാദര്‍ ബ്രൌണ്‍ കഥ ദൈവത്തിന്‍റെ ചുറ്റിക (Hammer of God)

കുറ്റാന്വേഷണകഥകളുടെ മാതാവ് എന്ന വിളിപ്പേരുള്ള അമേരിക്കന്‍ എഴുത്തുകാരി അന്ന കാതറിന്‍ ഗ്രീന്‍ എഴുതിയ ഒരു അവ്യക്തസൂചന (An Intangible Clue). വയലറ്റ് സ്ട്രേഞ്ച് എന്ന കഥാപാത്രമാണ് ഈ കഥയിലെ കുറ്റാന്വേഷക. ഗ്രീന്‍ എഴുതിയ The Leavenworth Case (1878) എന്ന നോവല്‍ അഗത ക്രിസ്റ്റി ഉള്‍പ്പടെയുള്ളവരുടെ പ്രശംസ നേടിയതാണ്.

Inverted Detective Story അഥവാ Howcatchem എന്ന അറിയപ്പെടുന്ന എഴുത്തുരീതിയുടെ ഉപജ്ഞാതാവായ ആര്‍ ഓസ്റ്റിന്‍ ഫ്രീമാന്‍ എഴുതിയ ഓസ്കാര്‍ ബ്രോഡ്സ്കിയുടെ കേസ്  The Case of Oscar Broadsky എന്ന കഥ, ഇത്തരം കഥ പരിചയപ്പെടാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ്.

കുറ്റാന്വേഷകകഥകളുടെ ആദ്യപ്രയോക്താക്കളില്‍ ഒരാളായ മേരി ഫോര്‍ച്യൂണ്‍ എഴുതിയ ജഡമായി മാറിയ സാക്ഷി ( The Dead Witness)

കുറ്റാന്വേഷണകഥയിലേയ്ക്ക് തിരിയാന്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനെ പ്രേരിപ്പിച്ചത് ജെയിംസ് മക്ഗോവന്‍ എഴുതിയ കഥകളായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ കളഞ്ഞു കിട്ടിയ കാല്‍പ്പാദം ( The Mystery of a Human Leg)

ഇരട്ട നോവലിസ്റ്റുകളായ എല്‍ ടി മീഡ് & റോബര്‍ട്ട് യൂസ്റ്റേസ് എന്നിവര്‍ എഴുതിയ മാഡം സാറ ( Madam Sara)

മാര്‍ട്ടിന്‍ ഹെവിറ്റ് എന്ന കുറ്റാന്വേഷകനെ അവതരിപ്പിച്ച ആര്‍തര്‍ മോറിസണ്‍ എഴുതിയ ലെന്‍റണ്‍ക്രാഫ്റ്റ് മോഷണങ്ങള്‍ The Lentoncroft Robberies.



ഡോറത്തി എല്‍ സെയെഴ്സിന്‍റെ പ്രസിദ്ധ ഡിറ്റക്ടീവ് ലോര്‍ഡ്‌ പീറ്റര്‍ വിംസി കഥാപാത്രമാകുന്ന ചെമ്പുകൈയന്‍റെ ഭയാനകലോകം (The Abominable History of the Man with the Copper Fingers)

എ ഇ ഡബ്ല്യു മേസണ്‍ എഴുതിയ ഇഞ്ചിരാജാവ് (The Ginger King). ഇന്‍സ്പെക്ടര്‍ ഹനോഡ് ആണ് മേസന്‍റെ ഡിറ്റക്ടീവ്.

വിവര്‍ത്തനങ്ങള്‍ ധാരാളം ഇറങ്ങുന്നുണ്ട്. വായനാക്ഷമത അനുസരിച്ചാണ് ആസ്വാദനമിരിക്കുന്നത്. റിവ്യൂ വായിച്ച് പുസ്തകം വാങ്ങുന്ന ചില ആളുകള്‍ അതിന് ശേഷം പഴി പറയാറുണ്ട്. ഭാഷാശൈലി ഒന്ന് പരിചയപ്പെടാന്‍ ചില കഥകളുടെ തുടക്കങ്ങള്‍ Quote ചെയ്യാം:

“ഗ്രാസ് മാര്‍ക്കറ്റിന് പിന്‍മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് ആദ്യം ആ കാല്‍ കണ്ടെത്തിയത്. അത് പേപ്പറില്‍ പൊതിഞ്ഞ നിലയിലായത് കൊണ്ട് അവര്‍ കരുതി ബീഫാണെന്ന്. അത് തനിക്ക് വേണമെന്ന് ഓരോ കുട്ടിയും അവകാശവാദവും ഉന്നയിച്ചു. ആദ്യം കിട്ടിയവന്‍ അതുമായി ഓടി. കുറെ ദൂരം ഓടിയ ശേഷം സുരക്ഷിതമായ സ്ഥലത്തിരുന്ന് തന്റെ വിലപ്പെട്ട സമ്പാദ്യം തുറന്ന് നോക്കുമ്പോഴാണറിയുന്നത് അത് മനുഷ്യന്‍റെ കാല്‍പ്പാദമാണെന്ന്…” (കളഞ്ഞു കിട്ടിയ കാല്‍പാദം--ജെയിംസ് മക്ഗോവന്‍)


“ലണ്ടനില്‍ സൌഹൃദങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒരു ക്ലബുണ്ട്. ഇഗോട്ടിസ്റ്റ് ക്ലബ് അഥവാ ആത്മപ്രശംസകരുടെ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള ക്ലബ്ബ്. കേള്‍ക്കുമ്പോള്‍ വിസ്മയം തോന്നാം. അവിടെ നിങ്ങള്‍ക്ക് തലേദിവസം രാത്രി കാണാന്‍ കഴിഞ്ഞ വിചിത്രസ്വപ്നങ്ങളെക്കുറിച്ചോ എന്ത് തന്നെയാവട്ടെ വിശദമായി, രസകരമായി സംസാരിക്കാം…” (ചെമ്പുകൈയന്റെ ഭയാനകലോകം--ഡോറത്തി എല്‍ സെയെഴ്സ്)


“ഒരു കുന്നിന്റെ മുകളിലാണ് ബോഹന്‍ ബേക്കണ്‍ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. അവിടെ ഉയര്‍ന്ന്‍ കാണുന്ന പള്ളിക്കുരിശ് ദൂരെ നിന്ന് നോക്കിയാല്‍ ഒരു ചെറിയ മലയുടെ കൂര്‍ത്ത അറ്റം പോലെ തോന്നിക്കും. പള്ളിയ്ക്ക് ചുവടെയാണ്‌ കൊല്ലന്റെ ആല. അതിന് തൊട്ടുമുമ്പിലായി ഗ്രാമത്തിലെ ഒരേയൊരു സത്രവും സ്ഥിതി ചെയ്യുന്നു…” (ദൈവത്തിന്റെ ചുറ്റിക--ജി കെ ചെസ്റ്റര്‍ടണ്‍)