
മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു പുതിയ പുസ്തകമാണ് “വിശ്വപ്രസിദ്ധ ഡിറ്റക്ടീവ് കഥകള്‍”. എഡിറ്റര്‍ എന്ന നിലയില്‍ കഥകള്‍ സമാഹരിക്കാനും ഡിറ്റക്ടീവ് കഥകളുടെ ചരിത്രത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും ഒരു പഠനവും ഞാന്‍ എഴുതിയിട്ടുണ്ട്. പരിഭാഷപ്പെടുത്തിയിരിക്കുന്നത് ബി നന്ദകുമാര്‍.
തിരഞ്ഞെടുത്ത കഥകളിലൂടെ Genre ന്‍റെ ചരിത്രം അടയാളപ്പെടുത്തുന്ന സമാഹാരങ്ങള്‍ ചെയ്യണം എന്ന പദ്ധതിയുണ്ടായിരുന്നു. അങ്ങനെ ഹൊറര്‍ കഥകളുടെ ഒരു തിരഞ്ഞെടുപ്പ് നടത്തിയതായിരുന്നു 2018 ല്‍ പുറത്തിറങ്ങിയ “13 ഹൊറര്‍ കഥകള്‍” എന്ന സമാഹാരം. കുറച്ചു കൂടി വലിയ ഒരു സമാഹാരമായി പ്ലാന്‍ ചെയ്തതാണ് ഇത് എങ്കിലും ഇപ്പോള്‍ പത്ത് കഥകള്‍ ഉള്‍പ്പെടുത്തിയ സമാഹാരമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന ഇരുപത് വര്‍ഷങ്ങള്‍ മുതല്‍ 1940 വരെയുള്ള കാലഘട്ടം കുറ്റാന്വേഷണ നോവലുകളുടെ വസന്തകാലമായിരുന്നു. ഷെര്‍ലക് ഹോംസിനും ഹെര്‍ക്യൂല്‍ പൊയ്റോയ്ക്കും ലഭിച്ച പ്രശസ്തി ലഭിക്കാതെ പോയ അനേകം കുറ്റാന്വേഷക കഥാപാത്രങ്ങളുണ്ട്. അത്തരം ചില കഥാപാത്രങ്ങളെയും ഒന്നിച്ച് കൊണ്ട് വരാന്‍ ശ്രമിച്ചിട്ടുണ്ട്.
എഡ്ഗര്‍ വാലസിന്‍റെ ത്രില്ലറുകള്‍ പ്രസിദ്ധമാണ്. എന്നാല്‍ അദ്ദേഹം ഒരു കുറ്റാന്വേഷകനെയും സൃഷ്ടിച്ചിട്ടുണ്ട്. അതാണ് ജെ ജി റീഡര്‍ (J G Reeder) റീഡര്‍ കേന്ദ്രകഥാപാത്രമായി വരുന്നൊരു കഥയാണ് നിധി തേടി (The Treasure Hunt)
ജി കെ ചെസ്റ്റര്‍ടന്റെ പ്രസിദ്ധമായ ഫാദര്‍ ബ്രൌണ്‍ കഥ ദൈവത്തിന്‍റെ ചുറ്റിക (Hammer of God)
കുറ്റാന്വേഷണകഥകളുടെ മാതാവ് എന്ന വിളിപ്പേരുള്ള അമേരിക്കന്‍ എഴുത്തുകാരി അന്ന കാതറിന്‍ ഗ്രീന്‍ എഴുതിയ ഒരു അവ്യക്തസൂചന (An Intangible Clue). വയലറ്റ് സ്ട്രേഞ്ച് എന്ന കഥാപാത്രമാണ് ഈ കഥയിലെ കുറ്റാന്വേഷക. ഗ്രീന്‍ എഴുതിയ The Leavenworth Case (1878) എന്ന നോവല്‍ അഗത ക്രിസ്റ്റി ഉള്‍പ്പടെയുള്ളവരുടെ പ്രശംസ നേടിയതാണ്.
Inverted Detective Story അഥവാ Howcatchem എന്ന അറിയപ്പെടുന്ന എഴുത്തുരീതിയുടെ ഉപജ്ഞാതാവായ ആര്‍ ഓസ്റ്റിന്‍ ഫ്രീമാന്‍ എഴുതിയ ഓസ്കാര്‍ ബ്രോഡ്സ്കിയുടെ കേസ് The Case of Oscar Broadsky എന്ന കഥ, ഇത്തരം കഥ പരിചയപ്പെടാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ്.
കുറ്റാന്വേഷകകഥകളുടെ ആദ്യപ്രയോക്താക്കളില്‍ ഒരാളായ മേരി ഫോര്‍ച്യൂണ്‍ എഴുതിയ ജഡമായി മാറിയ സാക്ഷി ( The Dead Witness)
കുറ്റാന്വേഷണകഥയിലേയ്ക്ക് തിരിയാന്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനെ പ്രേരിപ്പിച്ചത് ജെയിംസ് മക്ഗോവന്‍ എഴുതിയ കഥകളായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ കളഞ്ഞു കിട്ടിയ കാല്‍പ്പാദം ( The Mystery of a Human Leg)
ഇരട്ട നോവലിസ്റ്റുകളായ എല്‍ ടി മീഡ് & റോബര്‍ട്ട് യൂസ്റ്റേസ് എന്നിവര്‍ എഴുതിയ മാഡം സാറ ( Madam Sara)
മാര്‍ട്ടിന്‍ ഹെവിറ്റ് എന്ന കുറ്റാന്വേഷകനെ അവതരിപ്പിച്ച ആര്‍തര്‍ മോറിസണ്‍ എഴുതിയ ലെന്‍റണ്‍ക്രാഫ്റ്റ് മോഷണങ്ങള്‍ The Lentoncroft Robberies.
ഡോറത്തി എല്‍ സെയെഴ്സിന്‍റെ പ്രസിദ്ധ ഡിറ്റക്ടീവ് ലോര്‍ഡ് പീറ്റര്‍ വിംസി കഥാപാത്രമാകുന്ന ചെമ്പുകൈയന്‍റെ ഭയാനകലോകം (The Abominable History of the Man with the Copper Fingers)
എ ഇ ഡബ്ല്യു മേസണ്‍ എഴുതിയ ഇഞ്ചിരാജാവ് (The Ginger King). ഇന്‍സ്പെക്ടര്‍ ഹനോഡ് ആണ് മേസന്‍റെ ഡിറ്റക്ടീവ്.
വിവര്‍ത്തനങ്ങള്‍ ധാരാളം ഇറങ്ങുന്നുണ്ട്. വായനാക്ഷമത അനുസരിച്ചാണ് ആസ്വാദനമിരിക്കുന്നത്. റിവ്യൂ വായിച്ച് പുസ്തകം വാങ്ങുന്ന ചില ആളുകള്‍ അതിന് ശേഷം പഴി പറയാറുണ്ട്. ഭാഷാശൈലി ഒന്ന് പരിചയപ്പെടാന്‍ ചില കഥകളുടെ തുടക്കങ്ങള്‍ Quote ചെയ്യാം:
“ഗ്രാസ് മാര്‍ക്കറ്റിന് പിന്‍മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് ആദ്യം ആ കാല്‍ കണ്ടെത്തിയത്. അത് പേപ്പറില്‍ പൊതിഞ്ഞ നിലയിലായത് കൊണ്ട് അവര്‍ കരുതി ബീഫാണെന്ന്. അത് തനിക്ക് വേണമെന്ന് ഓരോ കുട്ടിയും അവകാശവാദവും ഉന്നയിച്ചു. ആദ്യം കിട്ടിയവന്‍ അതുമായി ഓടി. കുറെ ദൂരം ഓടിയ ശേഷം സുരക്ഷിതമായ സ്ഥലത്തിരുന്ന് തന്റെ വിലപ്പെട്ട സമ്പാദ്യം തുറന്ന് നോക്കുമ്പോഴാണറിയുന്നത് അത് മനുഷ്യന്‍റെ കാല്‍പ്പാദമാണെന്ന്…” (കളഞ്ഞു കിട്ടിയ കാല്‍പാദം--ജെയിംസ് മക്ഗോവന്‍)
“ലണ്ടനില്‍ സൌഹൃദങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒരു ക്ലബുണ്ട്. ഇഗോട്ടിസ്റ്റ് ക്ലബ് അഥവാ ആത്മപ്രശംസകരുടെ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള ക്ലബ്ബ്. കേള്‍ക്കുമ്പോള്‍ വിസ്മയം തോന്നാം. അവിടെ നിങ്ങള്‍ക്ക് തലേദിവസം രാത്രി കാണാന്‍ കഴിഞ്ഞ വിചിത്രസ്വപ്നങ്ങളെക്കുറിച്ചോ എന്ത് തന്നെയാവട്ടെ വിശദമായി, രസകരമായി സംസാരിക്കാം…” (ചെമ്പുകൈയന്റെ ഭയാനകലോകം--ഡോറത്തി എല്‍ സെയെഴ്സ്)
“ഒരു കുന്നിന്റെ മുകളിലാണ് ബോഹന്‍ ബേക്കണ്‍ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. അവിടെ ഉയര്‍ന്ന്‍ കാണുന്ന പള്ളിക്കുരിശ് ദൂരെ നിന്ന് നോക്കിയാല്‍ ഒരു ചെറിയ മലയുടെ കൂര്‍ത്ത അറ്റം പോലെ തോന്നിക്കും. പള്ളിയ്ക്ക് ചുവടെയാണ് കൊല്ലന്റെ ആല. അതിന് തൊട്ടുമുമ്പിലായി ഗ്രാമത്തിലെ ഒരേയൊരു സത്രവും സ്ഥിതി ചെയ്യുന്നു…” (ദൈവത്തിന്റെ ചുറ്റിക--ജി കെ ചെസ്റ്റര്‍ടണ്‍)
No comments:
Post a Comment