ന്യൂസീലാന്‍ഡ് എഴുത്തുകാരിയായ പട്രീഷ്യ ഗ്രെയ്സ് എഴുതിയ It Used to be Green Once എന്ന കഥയുടെ വിവര്‍ത്തനം. ന്യൂസീലാന്‍ഡിലെ മാവോരി സമൂഹത്തിന്‍റെ കഥാകാരിയാണ് ഗ്രെയ്സ്.
ഞങ്ങള്‍ പിള്ളേരുടെ ഏറ്റവും വലിയ മാനക്കേടായിരുന്നു ഞങ്ങടെ അമ്മച്ചി. സ്ഥിരമായി ഞങ്ങള്‍ക്ക് മാനക്കേടുണ്ടാക്കുന്നത് അമ്മച്ചിയുടെ ഒരു പതിവായിരുന്നു. ഞങ്ങടെ കുപ്പായത്തിന്‍റെ കീറലുകള്‍ മുഴുവന്‍ അമ്മച്ചി ചുവന്ന നൂല് കൊണ്ട് തയ്ച്ച് വെക്കും! പഴേ നീന്തല്‍ക്കുപ്പായമെടുത്ത് രണ്ടായി മുറിച്ച് രണ്ടെണ്ണമുണ്ടാക്കി ഒരെണ്ണം ചേച്ചിയ്ക്കും ഒരെണ്ണം അനിയനും കൊടുക്കും. സ്കൂളില്‍ ഈ നീന്തല്‍ക്കുപ്പായം കൊണ്ട് പോയാല്‍ മതിയെന്ന് അമ്മച്ചി പറഞ്ഞപ്പോള്‍ പേറ്റിയും റാനയും എന്തൊരു ബഹളമായിരുന്നു ! പേറ്റി റോഡില്‍ കുത്തിയിരുന്നു നിലവിളിച്ചു. അവളെ കുറ്റം പറയാന്‍ പറ്റുകേല. പത്ത് വയസ്സുള്ള അവളുടെ നീന്തല്‍ക്കുപ്പായത്തിന് മുപ്പത്തെട്ടായിരുന്നു സൈസ് !
അവളെ റോഡില്‍ നിന്ന് എണീപ്പിക്കേണ്ടത് എങ്ങനെയാണ് എന്ന് അമ്മച്ചിയ്ക്ക് അറിയാമായിരുന്നു.
"റോഡില്‍ നിന്നെണീറ്റ് പോ, കൊച്ചേ !"
അമ്മച്ചി ഉച്ചത്തില്‍ അലറും. “ആ കുപ്പായത്തിന് ഒരു കൊഴപ്പോമില്ല. ഞാന്‍ ചെറുതായിരുന്നപ്പോള്‍ എനിക്കൊന്നും നീന്തല്‍ക്കുപ്പായമേ ഇല്ലാഞ്ഞ് ഒന്നുമില്ലാതെയാ നീന്തിയിരുന്നത് . അത് കൊണ്ട് എന്‍റെ കുഞ്ഞെണീറ്റ് സ്കൂളീപ്പോ!"
അമ്മച്ചി ഇതൊക്കെ എന്തൊരു ഒച്ചത്തിലാ പറയുന്നതെന്നറിയാമോ? ഞങ്ങക്ക് മാനക്കേട് ഉണ്ടാക്കേണ്ടത് എങ്ങനാണെന്ന് അമ്മച്ചിയ്ക്ക് നല്ല പോലറിയാം. ഞങ്ങടെ കൂട്ടുകാര് വന്ന് അവരും കൂടെ കേക്കുന്നതിന് മുന്‍പ് ഞങ്ങള് പേറ്റിയെ എണീപ്പിച്ച് കൊണ്ട് പോയി.
ഓട്ടയുള്ള ആപ്പിള് ആദ്യമൊന്നും ഞങ്ങക്ക് പ്രശ്നമില്ലായിരുന്നു. അപ്പച്ചന്‍ അല്‍പം കൂടുതല്‍ പഴുത്ത ആപ്പിളും പിയറുമാണ് മേടിച്ച് കൊണ്ട് വരിക. അതിന് വിലക്കുറവായിരുന്നല്ലോ. അമ്മച്ചി എന്ത് ചെയ്യുമെന്നോ, അതിലെ ചീഞ്ഞ ഭാഗം കത്തി കൊണ്ട് കുത്തിയെടുത്ത് കളയും. അതാണ് ലഞ്ചിന് തന്നു വിടുന്നത്. ആദ്യമൊന്നും ഞങ്ങള് അത് ശ്രദ്ധിച്ചില്ല. താഴത്തെ വീട്ടിലെ റവറ്റി ഒരു ദിവസം ഞങ്ങളോട് ചോദിക്കുവാണ് : "ഹേ പിള്ളേരെ, ആരാണ് നിങ്ങടെ ആപ്പിളില്‍ വെടി വച്ചത് ?" എവിടെയെങ്കിലും ഒളിപ്പിക്കാനാണെങ്കില്‍ ബാഗുണ്ടോ ?പതിനാല് സ്കൂള്‍ബാഗ് മേടിക്കാന്‍ പറ്റില്ലെന്നാണ് അമ്മച്ചി പറഞ്ഞത്. ഹൈസ്കൂളില്‍ എത്തിയപ്പോള്‍ ഞങ്ങള്ക്ക് ഷൂസും കിട്ടിയെന്ന് പറയാം. സ്കൂളിലെത്തിയപ്പോള്‍ റവറ്റിയെ ഞങ്ങള്‍ നന്നായിട്ട് കൈകാര്യം ചെയ്തുവെന്നത് വേറെ കാര്യം.
പക്ഷെ ഈ കഥ അതിനെക്കുറിച്ചൊന്നുമല്ല. അത് ആ കാറിനെക്കുറിച്ചും അത് വഴി അമ്മ ഞങ്ങള്‍ക്ക് ഉണ്ടാക്കി വെച്ച മാനക്കേടിനെക്കുറിച്ചുമാണ്. മഴവില്ലിന്‍റെ നിറമുള്ള നൂല് കൊണ്ട് കീറക്കുപ്പായം തയ്ച്ച് തന്നതും ഓട്ടയുള്ള ആപ്പിള് തന്നു വിട്ടതുമൊക്കെ കാറ് കാരണം വരുത്തി വച്ച മാനക്കേടുമായി താരതമ്യപ്പെടുത്തിയാല്‍ ഒന്നുമല്ല. റാസ് അമ്മാവന്‍ ആ കാറ് ഞങ്ങള്‍ക്ക് തന്നത് ഇനി അത് റിപ്പയറ് ചെയ്യാന്‍ പറ്റുകേല എന്ന സാഹചര്യം വന്നപ്പഴാണ്. ഞങ്ങള്‍ക്ക് പാല് കൊണ്ട് പോകാന്‍ പ്രയോജനപ്പെടുമല്ലോ , വെറുതെ വലി വണ്ടി വലിക്കേണ്ടല്ലോ എന്നും കണ്ട് അമ്മാവന്‍ കാറ് അപ്പച്ചന് കൊടുത്തു.
കാറിന് ബ്രേക്കില്ല എന്നത് ഒരു പ്രശ്നമായിരുന്നില്ല. തൊഴുത്തില്‍ നിന്ന് റോഡിലേയ്ക്ക് ഒരു ഇറക്കമായിരുന്നു. പിന്നെ അല്‍പം ഉയര്‍ന്ന് ചെന്ന് റോഡിലേയ്ക്ക് കേറുന്നു. ഒറ്റ വരവില്‍ വന്നാല്‍ ബ്രേക്ക് പിടിക്കാതെ റോഡിലെത്തി നിര്‍ത്തിയാല്‍ മതി. തട വയ്ക്കാനായി അവിടെ അപ്പച്ചന്‍ ഒരു പലക കൊണ്ട് പോയിട്ടിരുന്നു. അവിടുന്ന് വണ്ടി അടുത്ത ഇറക്കത്തിലേയ്ക്ക് നീങ്ങുമ്പോള്‍ മുക്കുവന്മാര്‍ വഞ്ചി തള്ളിക്കൊണ്ട് ചെന്ന് അതില്‍ ഓടിക്കയറുന്ന പോലെ ഞങ്ങള് അതിന്‍റെ പിന്നിലേയ്ക്ക് ചാടിക്കേറും.
ആ കാറിന് ഒരു കാലത്ത് ചുവന്ന നിറമായിരുന്നു. അതിന്മേല്‍ അവിടവിടെയായി ചുവന്ന ചില പാടുകള്‍ കാണാനുണ്ടായിരുന്നു. അതിന് ഒരു കാലത്ത് മുകളില്‍ തുകലിന്‍റെ മേലാപ്പ് കൂടിയുണ്ടായിരുന്നു. വണ്ടി കൊടുക്കുമ്പോള്‍ അമ്മാവന്‍ അപ്പച്ചനോട് പറയുന്നത് ഞാന്‍ കേട്ടതാണ്. സ്കൂളില്‍ അതിനെക്കുറിച്ച് എളേ കുഞ്ഞുങ്ങള്‍ കുറെ പൊങ്ങച്ചം പറഞ്ഞു നടന്നതാണ്. അമ്മച്ചി കാറോടിക്കാന്‍ തുടങ്ങി ഞങ്ങള്‍ക്ക് മാനക്കേടുണ്ടാക്കുന്നതിന് മുന്‍പായിരുന്നു അത്.
വേണ്ടാ വേണ്ടാന്ന് ഞങ്ങള്‍ പലതവണ പറഞ്ഞതാണ്. ഒരു ഗുണവുമുണ്ടായില്ല. ബുധനാഴ്ച ദിവസം ഞങ്ങള്‍ക്ക് പേടിസ്വപ്നമായിരുന്നു. അന്നാണ് അമ്മച്ചി കാറും കൊണ്ട് ഷോപ്പിംഗിന് ഇറങ്ങുന്നത്. ആ ദിവസം ഞങ്ങള് അസുഖമാണ് എന്നഭിനയിച്ച് സ്കൂളില്‍ പോകാതിരിക്കാനോ സ്കൂള്‍ ബസില്‍ കേറാതിരിക്കാനോ നോക്കും. പക്ഷെ അമ്മച്ചി അതിരാവിലെ വന്ന് ഉച്ചത്തില്‍ അലറിവിളിക്കും. എണീറ്റില്ലെങ്കില്‍ ഞങ്ങടെ കുപ്പായം വലിച്ച് താഴ്ത്തി തണുപ്പുള്ള തറയില്‍ പിടിച്ചിരുത്തും. അമ്മച്ചി ഒരു ക്രൂരയായിരുന്നു.
ഒരു ജപ്പാനീസ് കിടക്കവിരി മുറിച്ച് തയ്ച്ച കടും നിറമുള്ള ഒരു ഉടുപ്പും ധരിച്ചാണ് അമ്മച്ചി വരിക. തൊപ്പിയും ഷൂസുമൊക്കെ ധരിച്ച് അവര്‍ ഡ്രൈവിംഗ് സീറ്റിലോട്ട് കേറും.
ഞങ്ങള്‍ വേണ്ട വിധം പറഞ്ഞു നോക്കി, ഞങ്ങക്ക് മാനക്കേട് ഉണ്ടാക്കല്ലേന്ന് .
"അമ്മച്ചിക്ക് ലൈസന്‍സ് ഇല്ല!"
"എനിക്ക് എന്തിനാടീ ലൈസന്‍സ്! എനിക്കെന്താ വണ്ടി ഓടിക്കാന്‍ അറിയുകേലെ? എനിക്ക് ആരേം ഒന്നും ബോധിപ്പിക്കാനില്ല"
"അമ്മച്ചിയെ ട്രാഫിക് പോലീസു പിടിക്കും"
"ആ ചുണ്ടെലിയോ ? അവനിങ്ങ് വരട്ടെ. എന്‍റെ മരുമോള്‍ടെയടുത്ത് കുഴയാന്‍ വന്നതിന് ശേഷം അവന്‍ എന്‍റടുത്ത് വരികേല. ഉരുളക്കിഴങ്ങ് ചാക്കെടുത്ത് ഞാനവന്‍റെ തലേലിടും."
അമ്മച്ചിയോട് വാദിച്ച് ജയിക്കാന്‍ പറ്റുകേല.
അങ്ങനെ ഒരു ബുധനാഴ്ച പ്രഭാതത്തില്‍ അമ്മച്ചി വണ്ടിയുമായി പുറത്തിറങ്ങും. റോഡിലെത്തിയാലുടന്‍ ഹോണ്‍ മുഴക്കും. ആ ശബ്ദം കേട്ടാല്‍ ഹോണ്‍ ആണെന്ന് തോന്നുകേല. താറാവിന്‍ കൂട്ടം കരയുകയാണെന്ന് തോന്നും. താന്‍ വരുന്നുണ്ട് എന്ന് കൂട്ടുകാരേം പരിചയക്കാരേം അറിയിക്കാന്‍ വേണ്ടിയാണ് ഹോണടിക്കുന്നത്. വീടിന് മുന്നിലൂടെ കടന്ന് പോകുമ്പോള്‍ അവര്‍ക്ക് എന്തേലും മേടിക്കാനുണ്ടെങ്കില്‍ പുറത്തേയ്ക്ക് വന്ന് ഉച്ചത്തില്‍ വിളിച്ചു പറയാം. ബ്രേക്കില്ലാത്തത് കൊണ്ട് അമ്മച്ചിയ്ക്ക് വണ്ടി നിര്‍ത്താന്‍ പറ്റുകേലല്ലോ. "ഞങ്ങള്‍ക്ക് കുറച്ച് ഉരുളക്കിഴങ്ങ് വേണം !!!", "ഞങ്ങള്‍ക്ക് ഇച്ചിരെ ബ്രഡ് വേണം !!!" അവര്‍ വിളിച്ച് പറയും. അമ്മച്ചി കൈ വീശി മനസ്സിലായി മനസ്സിലായി എന്ന് പറയും. കടയുടെ അടുത്തെത്തുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് അവിടെയുള്ള ഒരു ഉയര്‍ന്ന പ്രതലത്തിലേയ്ക്ക് ഓടിച്ച് കേറ്റി ഹാന്‍ഡ് ബ്രേക്കും കൂടി പിടിച്ചാണ് നിര്‍ത്തുന്നത്. വാങ്ങാനുള്ള സാധനങ്ങള്‍ ഒക്കെ അമ്മച്ചി എങ്ങനെ ഓര്‍ത്തിരിക്കുന്നു എന്നെനിക്ക് ഒരു പിടിയുമില്ല. എന്തായാലും തിരിച്ചു കേറുമ്പോള്‍ കാറ് നിറയെ സാധനങ്ങള്‍ ആയിരിക്കും. ഞെക്കിപ്പിഴിയുന്ന മട്ടിലാണ് അമ്മച്ചി ഡ്രൈവിംഗ് സീറ്റില്‍ കേറുക. ഇനി പോകുന്ന വഴി ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എറിഞ്ഞു കൊടുത്താല്‍ മാത്രം മതി.
വണ്ടി വിട്ടാലുടന്‍ വീണ്ടും ഹോണടി തുടങ്ങും. താന്‍ പുറപ്പെട്ടു എന്നാണ് അതിന്‍റെ അര്‍ത്ഥം. അമ്മച്ചി എറിയുന്ന സാധനങ്ങള്‍ പിടിക്കാന്‍ അവര്‍ വീടിന് പുറത്തിറങ്ങി നില്‍ക്കും. ഞങ്ങള്‍ ആ ഹോണടി കേള്‍ക്കുമ്പോള്‍ ഒളിച്ചിരിക്കും.
ആദ്യം അമ്മച്ചിയുടെ കാറും ഞങ്ങടെ സ്കൂള്‍ ബസും കണ്ട് മുട്ടിയത് ഒരു പാലത്തില്‍ വച്ചായിരുന്നു. ഞങ്ങള്‍ ഡ്രൈവറുടെയടുത്ത് , അമ്മച്ചിയ്ക്ക് വഴി കൊടുക്കണം, അതിന് ബ്രേക്കില്ല എന്ന് പറഞ്ഞു. ആകെ നാണം കെട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മച്ചിയെ എല്ലാര്‍ക്കും പരിചയമായി. അമ്മച്ചി വരുന്നത് കാണുമ്പഴേ അവര്‍ സ്വന്തം വണ്ടി നിര്‍ത്തിയിടും. ഇങ്ങനെയൊക്കെയാണെങ്കിലും അമ്മച്ചിയ്ക്ക് കാറ് കൊണ്ട് അപകടമൊന്നും ഉണ്ടായിട്ടില്ല. ഒരിക്കല്‍ ഒരു ആടിന്‍റെ കാല് എറിഞ്ഞു കൊടുക്കുമ്പോള്‍ പീറ്റര്‍ അമ്മാവന് കൊണ്ട് അദ്ദേഹത്തിന്‍റെ കാലൊടിഞ്ഞത് ഒഴിച്ചാല്‍.
കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ സ്കൂള്‍ ബസ് വേണ്ടെന്ന് വച്ച് ഞങ്ങള്‍ വീട്ടിലേയ്ക്ക് നടന്ന് തുടങ്ങി. ആമ്പിള്ളേര്‍ക്ക് നടക്കുന്നത് ഇഷ്ടമല്ലായിരുന്നു. പക്ഷെ പുതുതായിട്ട് വന്ന ഹാഡ്ലി മാഷും ആ വഴിയ്ക്ക് നടക്കാനുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് നടക്കുന്നത് ഇഷ്ടമായിരുന്നു. കൊള്ളാവുന്ന ഒരു കക്ഷിയായിരുന്നു മാഷ്.
ഒരു ദിവസം ഇങ്ങനെ നടന്ന് വരുമ്പോഴുണ്ട് പിന്നില്‍ നിന്ന് വലിയ ഹോണ്‍ മുഴക്കം. റോഡില്‍ ഒരു കുഴിയുണ്ടായി ഞാന്‍ അതിലൂടെ താഴ്ന്ന്‍ പോയിരുന്നെങ്കില്‍ എന്നെനിക്ക് തോന്നി. അടുത്തെത്തിയപ്പോള്‍ അമ്മച്ചി പറഞ്ഞു : " കേറണമെന്നുള്ളവര്‍ ചാടിക്കേറിക്കോണം!!"
ഞങ്ങള്‍ കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ മുഖം തിരിച്ചു. ഹാഡ് ലി മാഷ് വണ്ടിയും അമ്മച്ചിയെയും ശ്രദ്ധിക്കല്ലേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു. എന്നാല്‍ കണ്ടതോ, മാഷ് വണ്ടിയുടെ പിന്നാലെ ഓടുകയും പിന്നിലുള്ള സാധനങ്ങുടെ മേലേയ്ക്ക് ചാടിക്കയറുന്നതുമാണ്. ഹോ ! നാണക്കേട് നോക്കണേ !
എന്നാല്‍ ഒരു ദിവസം മുതല്‍ കാര്യങ്ങള്‍ മുഴുവനും അങ്ങ് മാറി. വീട്ടിലെത്തിയപ്പോള്‍ അപ്പച്ചന്‍ തന്‍റെ ഏറ്റവും നല്ല ഉടുപ്പുമിട്ട് നില്‍ക്കുന്നതാണ് കണ്ടത്. അദ്ദേഹം ചെറിയൊരു ചിരിയുമായി അവിടവിടെ ചുറ്റി നടക്കുന്നുണ്ടായിരുന്നു. പതിവ് പോലെ പശൂനെ കറക്കുകയോ ഗേറ്റ് നന്നാക്കുകയോ ചാല് കീറുകയോ ഒന്നുമില്ല. ഞങ്ങള് ചോദിച്ചു:
" അപ്പച്ചനെന്തിനാ ചിരിക്കുന്നെ ?" "അപ്പച്ചനെന്തിനാ പുതിയ ഉടുപ്പ് ഇട്ടിരിക്കുന്നേ ?" "അമ്മച്ചീ, അപ്പച്ചന് എന്നാ പറ്റി ?"
"നിങ്ങടപ്പച്ചന്‍ വലിയ കാശുകാരനായി മക്കളെ" അമ്മച്ചി പറഞ്ഞു: "അപ്പച്ചന് അമ്പതിനായിരം ഡോളര്‍ ലോട്ടറിയടിച്ചു"
ആദ്യം ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഞങ്ങള്‍ ഓടി നടക്കാനും ചിരിക്കാനും അപ്പച്ചനേം അമ്മച്ചിയേം കേട്ടിപ്പിടിക്കാനും തുടങ്ങി. " നമ്മുക്ക് ഇനി ഷൂസും ബാഗും മേടിക്കാം" ഞങ്ങള്‍ പറഞ്ഞു :" പുതിയ ഉടുപ്പും നീന്തല്‍ക്കുപ്പായവും നല്ല ആപ്പിളും പിയര്‍ പഴവും മേടിക്കാം".
അപ്പോള്‍ അപ്പച്ചന്‍ പറഞ്ഞത് എന്താണെന്ന് അറിയാമോ ? അപ്പച്ചന്‍ പറഞ്ഞു : "അമ്മച്ചിയ്ക്ക് ഒരു പുതിയ കാറ് മേടിക്കാം". ഇത് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. കുറച്ച് നേരം ഞങ്ങള്‍ അനക്കമില്ലാതായി. പിന്നെ വീണ്ടും ബഹളവും ചിരിയും തുടങ്ങി. അതിനിടെ അമ്മച്ചിയെ ആരോ തട്ടിമറിച്ചിട്ടു.
അങ്ങനെ അമ്മച്ചിക്ക് പുതിയ കാറ് മേടിച്ചു. തിളങ്ങുന്ന ഒരു പച്ച ഷെവര്‍ലെ കാറ്. അപ്പച്ചന്‍ പുതിയൊരു തൊഴുത്ത് പണിയിപ്പിച്ചു. എല്ലാ സൌകര്യങ്ങളും ഉള്ളത്. ഞങ്ങള്‍ക്കെല്ലാം പുതിയ ഉടുപ്പും ബാഗും നീന്തല്‍ക്കുപ്പായവും എല്ലാം കിട്ടി. ഞങ്ങള്‍ സ്കൂളിലേയ്ക്ക് വലിയ ആഡംബര ലഞ്ചുകള്‍ കൊണ്ട് പോകാന്‍ തുടങ്ങി. ത്രികോണാകൃതിയില്‍ മുറിച്ച സാന്‍ഡ വിച്ചും നല്ല ആപ്പിളും പിയറും വാഴപ്പഴവും ഒക്കെ .
ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം വലിയ മാറ്റം വന്നിരുന്നു. ഞങ്ങള്‍ വലിയ ആരൊക്കെയോ ആണെന്ന് ഞങ്ങള്‍ വിചാരിച്ചു തുടങ്ങി. ഞങ്ങള്‍ കാശിനു വേണ്ടി അപ്പച്ചന്‍റെയടുക്കല്‍ ചിണുങ്ങാനും മറ്റും തുടങ്ങി. എല്ലാ ആഴ്ചയും ഞങ്ങള്‍ സിനിമ കാണിക്കാന്‍ വേണ്ടി അമ്മച്ചിയെ ഇളക്കിത്തുടങ്ങും. അമ്മച്ചി തളര്‍ന്നിരിക്കുകയാണ് എങ്കില്‍ ടാക്സി പിടിക്കും. ഞങ്ങള്‍ക്ക് ഒന്നാംതരം കിടക്ക വിരികളും പിയാനോയും എല്ലാം കിട്ടി.
പഴയ കാറോ? ഞങ്ങള്‍ അത് അപ്പച്ചനെക്കൊണ്ട് ആക്രിക്കടയില്‍ കൊടുപ്പിച്ചു. ഞങ്ങള്‍ക്ക് അത് കാണുകയേ വേണ്ടായിരുന്നു. അത് കൊണ്ട് പോയപ്പോള്‍ ഞങ്ങളെല്ലാം ആഹ്ലാദിച്ചു. അമ്മച്ചി ഒഴികെ. അമ്മച്ചി അത് കാണാന്‍ വയ്യാതെ അകത്ത് തന്നെയിരുന്നു. പക്ഷെ ഞങ്ങള്‍ അത് കൊണ്ട് പോകുന്നത് നോക്കി നിന്ന് ആഹ്ലാദിച്ചു.
ഞങ്ങളെല്ലാം ശരിക്കും മാറിയിരുന്നു. പക്ഷെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. അമ്മച്ചി ഒട്ടും മാറിയില്ല. അപ്പച്ചനും മാറിയില്ല. അമ്മച്ചിയ്ക്ക് പുതിയ കാറ് കിട്ടിയെന്നത് സത്യം തന്നെ. രണ്ട് ജോഡി പുതിയ ഉടുപ്പുകളും. അപ്പച്ചന് പാല് കറക്കാനുള്ള പുതിയ ഷെഡും ട്രാക്ടറും കിട്ടി. ഫാമിലേയ്ക്ക് മറ്റ് ചില ഉപകരണങ്ങളും. പക്ഷെ അപ്പച്ചനും അമ്മച്ചിയും മാറിയില്ല. അവര്‍ എപ്പോഴും ഒരു പോലായിരുന്നു.
അമ്മച്ചി എല്ലാ ബുധനാഴ്ചയും പതിവ് പോലെ ഷോപ്പിംഗിന് പോയി. . ഒറ്റയ്ക്ക് എല്ലാം വാങ്ങുന്നത് പകരം അവര്‍ തന്‍റെ കൂട്ടുകാരികളെയും ബന്ധുക്കളെയും ഒപ്പം കൂട്ടി. ഒരല്‍പം നേരത്തെ ഇറങ്ങണം എന്നേയുണ്ടായിരുന്നുള്ളൂ. വഴിയില്‍ നിര്‍ത്തി എല്ലാവരെയും കേറ്റണ്ടേ? പഴയ ആ തപ്പി വയ്ക്കുന്നതും വഴിയില്‍ നിര്‍ത്തി നാട്ടുകാരെ വണ്ടിയിലേയ്ക്ക് വിളിച്ചു കേറ്റുന്നതും കാണുമ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെ കലി വന്നെന്നറിയാമോ?
പുതിയ കാറിന് ബ്രേക്കുണ്ട് എന്ന് അമ്മച്ചി ചിലപ്പോള്‍ മറന്ന് പോകും. പ്രത്യേകിച്ചും സ്കൂള്‍ ബസിനെ കണ്ട പാലത്തിനടുത്ത് ചെല്ലുമ്പോള്‍. അമ്മച്ചി ഹോണ്‍ നീട്ടിയടിക്കാന്‍ തുടങ്ങും. ബസുകാരന്‍ വണ്ടി അരികില്‍ പിടിച്ചിട്ട് അമ്മച്ചിയെ കടത്തി വിടും. അപ്പോള്‍ വണ്ടിയില്‍ തിങ്ങി ഞെരുങ്ങിയിരിക്കുന്ന ഞങ്ങടെ അമ്മായിമാരും അമ്മാവന്മാരും കൂട്ടുകാരും എല്ലാം കൂടി ബസിലിരിക്കുന്ന ഞങ്ങളെ നോക്കി കൈ വീശുകയും ആര്‍പ്പു വിളിക്കുകയും ചെയ്യും ! എന്തൊരു നാണക്കേട് !
വണ്ടിയുടെ ചുറ്റുപാടും എപ്പോഴും കയറുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാകും. സഞ്ചികളും സാധനങ്ങളും കൂന്താലിയും മറ്റും തൂക്കിയിടാനായിരുന്നു അത്. ഡിക്കി എപ്പോഴും തുറന്ന് കിടക്കും. കാരണം അടയ്ക്കാന്‍ പറ്റാത്ത വിധം അതിനകത്ത് സാധനങ്ങള്‍ നിറച്ചിരിക്കും. പലപ്പോഴും അതിനുള്ളില്‍ നിന്ന് സാധനങ്ങള്‍ റോഡില്‍ പൊഴിഞ്ഞു വീഴാറുണ്ട്. പുതിയ കാറ് ---അതൊരിക്കല്‍ പച്ചയായിരുന്നു. സൂക്ഷിച്ചു നോക്കിയാല്‍ അവിടവിടെയായി ചില പച്ച ഷേഡുകള്‍ അങ്ങുമിങ്ങും കാണാം.
പുതിയ കാറിന് ബ്രേക്കുണ്ട് എന്ന് അമ്മച്ചി ചിലപ്പോള്‍ മറന്ന് പോകും. പ്രത്യേകിച്ചും സ്കൂള്‍ ബസിനെ കണ്ട പാലത്തിനടുത്ത് ചെല്ലുമ്പോള്‍. അമ്മച്ചി ഹോണ്‍ നീട്ടിയടിക്കാന്‍ തുടങ്ങും. ബസുകാരന്‍ വണ്ടി അരികില്‍ പിടിച്ചിട്ട് അമ്മച്ചിയെ കടത്തി വിടും. അപ്പോള്‍ വണ്ടിയില്‍ തിങ്ങി ഞെരുങ്ങിയിരിക്കുന്ന ഞങ്ങടെ അമ്മായിമാരും അമ്മാവന്മാരും കൂട്ടുകാരും എല്ലാം കൂടി ബസിലിരിക്കുന്ന ഞങ്ങളെ നോക്കി കൈ വീശുകയും ആര്‍പ്പു വിളിക്കുകയും ചെയ്യും ! എന്തൊരു നാണക്കേട് !
വണ്ടിയുടെ ചുറ്റുപാടും എപ്പോഴും കയറുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാകും. സഞ്ചികളും സാധനങ്ങളും കൂന്താലിയും മറ്റും തൂക്കിയിടാനായിരുന്നു അത്. ഡിക്കി എപ്പോഴും തുറന്ന് കിടക്കും. കാരണം അടയ്ക്കാന്‍ പറ്റാത്ത വിധം അതിനകത്ത് സാധനങ്ങള്‍ നിറച്ചിരിക്കും. പലപ്പോഴും അതിനുള്ളില്‍ നിന്ന് സാധനങ്ങള്‍ റോഡില്‍ പൊഴിഞ്ഞു വീഴാറുണ്ട്. പുതിയ കാറ് ---അതൊരിക്കല്‍ പച്ചയായിരുന്നു. സൂക്ഷിച്ചു നോക്കിയാല്‍ അവിടവിടെയായി ചില പച്ച ഷേഡുകള്‍ അങ്ങുമിങ്ങും കാണാം.
................................
No comments:
Post a Comment