Friday, July 25, 2025

പടിഞ്ഞാറ് നിന്നും നാല് സഹോദരന്മാര്‍


1800 കളില്‍ അമേരിക്കയിലെ ടെക്സാസില്‍ മാര്‍ലോ എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു കുടുംബമുണ്ടായിരുന്നു. പില്‍ക്കാലത്ത് മാര്‍ലോ ബ്രദേഴ്സ് എന്ന പേരില്‍ അറിയപ്പെട്ട ഈ കുടുംബത്തിലെ സഹോദരന്മാരും അവരുടെ എതിരാളികളുമായുണ്ടായ ഒരു സംഘര്‍ഷത്തിന്‍റെ ചരിത്രം പിന്നീട് വളരെയേറെ കെട്ടുകഥകള്‍ക്കും പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കുമൊക്കെ വിഷയമായി.




മാര്‍ലോ സഹോദരന്‍മാരുടെ ചരിത്രത്തെ അധികരിച്ച് ടാല്‍ബത്ത് ജെന്നിംഗ്സ് രചിച്ച ഒരു കഥ 1965 ല്‍ സിനിമയായി. കൌബോയ് സിനിമകളിലൂടെ പ്രസിദ്ധി നേടിയ ജോണ്‍ വെയ്നാണ് ആ സിനിമയില്‍ നായകനായി അഭിനയിച്ചത്. ജോണ്‍ വെയ്ന്‍റെ സാന്നിധ്യവും അമേരിക്കന്‍ ജനപ്രിയ സംസ്കാരത്തില്‍ മാര്‍ലോ സഹോദരന്‍മാര്‍ക്കുള്ള FAMILIARITY യും സിനിമയെ ശ്രദ്ധേയമാക്കി. SONS OF KATIE ELDER എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. ടൈറ്റിലില്‍ പറയുന്ന കെയ്റ്റി എല്‍ഡര്‍ എന്ന സ്ത്രീ അക്കാലത്ത് അറിയപ്പെട്ട ഗണ്‍ ഫൈറ്ററായിരുന്ന ഡോക്ക് ഹോളിഡെയുടെ ഭാര്യയായിരുന്നു.





മാര്‍ലോ സഹോദരന്‍മാരുടെ ചരിത്രത്തില്‍ ആവശ്യത്തിനു മാറ്റം വരുത്തി ഒരു ജനപ്രിയ കൌബോയ് ചിത്രത്തിന്‍റെ ചേരുവകള്‍ ചേര്‍ത്താണ് സിനിമ വന്നത്. കൌബോയ് പശ്ചാത്തലത്തിന്‍റെ അംശങ്ങള്‍ എടുത്തുമാറ്റിയാല്‍ കഥയുടെ വണ്‍ലൈന്‍ ഏതാണ്ട് ഈ വിധമായിരുന്നു:

ഒരിടത്ത് വളരെ നന്മ നിറഞ്ഞ ഒരമ്മ ജീവിച്ചിരുന്നു. എല്ലാവരെയും അവര്‍ ഒരു പോലെ സ്നേഹിച്ചു. അവര്‍ക്ക് നാല് മക്കളുണ്ടായിരുന്നു. നാല് ആണ്‍മക്കള്‍. ഒരിക്കല്‍ ആ അമ്മ അജ്ഞാതരായ ചിലരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കാണപ്പെട്ടു. പല ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളിലായിരുന്ന അവരുടെ ആണ്‍മക്കള്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തി.തങ്ങളുടെ അമ്മയെ കൊന്നവരെ കണ്ടു പിടിച്ച് പ്രതികാരം ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം.....





അമ്മയുടെ മരണമറിഞ്ഞു വന്നെത്തുന്ന സഹോദരന്‍മാരുടെ കഥ മാര്‍ലോ സഹോദരന്‍മാര്‍ നേരിട്ട വിചാരണയുമായി ബന്ധപ്പെടുത്തി പറയുകയായിരുന്നു സിനിമ. അമ്മയ്ക്ക് കെയ്റ്റി എല്‍ഡര്‍ എന്ന യഥാര്‍ഥകഥാപാത്രത്തിന്‍റെ പേര് നല്‍കിയത് സിനിമയ്ക്ക് ഒരു യാഥാര്‍ത്യപ്രതീതി നല്‍കി.


2005 ല്‍ ജോണ്‍ സിംഗിള്‍ടന്‍ ഈ സിനിമ FOUR BROTHERS എന്ന പേരില്‍ സമകാലിക പശ്ചാത്തലത്തില്‍ പുനര്‍നിര്‍മ്മിച്ചു. പുതിയ ചിത്രത്തില്‍ അമ്മയുടെ മരണവും പ്രതികാരകഥയും അവശേഷിച്ചു. മറിച്ച് മാര്‍ലോ സഹോദരന്‍മാരുടെ യഥാര്‍ത്ഥ ചരിത്രത്തെ പിന്തുടരുന്നതില്‍ നിന്ന് വിഭിന്നമായി വ്യത്യസ്തമായ അന്വേഷണങ്ങളിലൂടെയാണ് നാല് സഹോദരന്മാര്‍ അമ്മയെക്കൊന്നവര്‍ക്കെതിരെ പോരാടുന്നത് . KATIE ELDER ല്‍ സഹോദരന്‍മാര്‍ അമ്മയുടെ മക്കളാണ് എങ്കില്‍ FOUR BROTHERS ല്‍ അവര്‍ അമ്മയുടെ ദത്ത് പുത്രന്‍മാരാണ് . THEY CAME HOME TO BURY MOM.....AND HER KILLER എന്നായിരുന്നു സിനിമയുടെ ടാഗ് ലൈന്‍.





2007 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ബിഗ്‌ ബി എന്ന ചിത്രം നാല് സഹോദരന്‍മാരുടെ മൂന്നാമത്തെ വരവ് ആയിരുന്നു. മുകളില്‍ കൊടുത്ത വണ്‍ലൈന്‍ തന്നെയാണ് പിന്‍തുടരുന്നത് എങ്കിലും കഥ പറയുന്ന ക്രമത്തില്‍ ബിഗ്ബി ഫോര്‍ ബ്രദേഴ്സിനെയാണ് പിന്‍പറ്റുന്നത്.

റീമേക്ക് , അനുകല്‍പനം, APPROPRITATION എന്നൊന്നും ചര്‍ച്ച ചെയ്യാന്‍ താല്‍പര്യവും ക്ഷമയുമില്ലാത്തവര്‍ക്ക് ഒന്നിന് പിറകെ ഒന്നായി 'കോപ്പിയടി'കളുടെ ഒരു പരമ്പരയാണ് ഈ ചിത്രങ്ങള്‍. എങ്കിലും മൂന്ന് സിനിമയും വ്യത്യസ്തമായ കൊമ്പോസിഷനുകളിലൂടെയാണ് ഒരേ കഥ പറയുന്നത് എന്നത് ഈ മൂന്ന്‍ സിനിമകളും പരിശോധിച്ചാല്‍ മനസ്സിലാക്കാം.



അനുകല്‍പനപഠനത്തില്‍ ഇത് ചെയ്യുന്നത് താരതമ്യം ചെയ്യുന്ന ടെക്സ്റ്റുകളില്‍ പൊതുവായി കാണുന്ന പ്രമേയഭാഗം എങ്ങനെയാണ് സിനിമയില്‍ RENDER ചെയ്തിരിക്കുന്നത് എന്ന് പരിശോധിക്കുന്നത്തിലൂടെയാണ് . ഇവിടെ പറഞ്ഞിരിക്കുന്ന മൂന്ന് സിനിമകളുടെയും പൊതുവായ പ്രമേയഘടകം അമ്മയുടെ മരണവും സഹോദരന്‍മാരുടെ തിരിച്ച് വരവുമാണ്. മൂന്ന് സിനിമയുടെയും ആദ്യത്തെ പതിനഞ്ച് മിനിട്ടുകല്‍ക്കുള്ളിലാണ് ഈ പ്രമേയഭാഗം ചിത്രീകരിച്ചിട്ടുള്ളത്. മൂന്ന് സിനിമകളും കമ്പോസ് ചെയ്യാന്‍ ശ്രമിക്കുന്ന പൊതുവായ പ്ലോട്ട് ഘടകം മുകളില്‍ സൂചിപ്പിച്ച പ്രകാരം ഇതാണ് :


1. അമ്മയുടെ മരണം

2. സഹോദരന്‍മാരുടെ തിരിച്ച് വരവ്

ഇത് വികസിപ്പിക്കാന്‍ മൂന്ന് സിനിമാക്കാര്‍ കണ്ടെടുക്കുന്ന ഷോട്ടുകള്‍ താരതമ്യപെടുത്തി നോക്കുകയാണ് താഴെ. ഇങ്ങനെ താരതമ്യപ്പെടുത്തുമ്പോള്‍ ഒരാളുടെ കോമ്പോസിഷന്‍ മറ്റൊരാള്‍ തന്‍റെ അര്‍ഥോല്‍പാദനം ലക്ഷ്യമാക്കി ആവര്‍ത്തിക്കുന്നുവെങ്കില്‍ അത് "കോപ്പി"യാണെന്ന് പറയാം. മറിച്ച് മുകളില്‍ പറഞ്ഞ PLOT-DEVELOPEMENT കടമെടുക്കുന്നതല്ല കോപ്പിയടി. (കോപ്പി പിടുത്തമല്ല ഈ താരതമ്യത്തിന്‍റെ ഉദ്ദേശമെങ്കില്‍ പോലും, ആരോപണങ്ങളില്‍ ഒടുവില്‍ പറഞ്ഞ രണ്ട്ചിത്രങ്ങള്‍ ഏറെ പരാമര്‍ശിച്ച് കേള്‍ക്കാറുള്ളത് കൊണ്ട് സൂചിപ്പിച്ചതാണ്. ഒരേ കഥ പറയുന്ന ആളുടെ ക്രാഫ്റ്റ് അനുസരിച്ച് വ്യത്യസ്തമായി പറയാനാവും. ആഖ്യാനം ആഖ്യാതാവിന്‍റെ ക്രാഫ്റ്റ് വിലയിരുത്താന്‍ ഉപയോഗിക്കപ്പെടും. എങ്കിലും ഗുണദോഷങ്ങള്‍ വിലയിരുത്തപ്പെടുന്നത് ഒരു ABSOLUTE STANDARD ഉപയോഗിച്ച് ആയിരിക്കുകയില്ല ,മറിച്ച് അത് കാലവും ദേശവും സ്വീകര്‍ത്താക്കളുടെ ആസ്വാദന നിലവാരവും അനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്ന് മാത്രം )





KATIE ELDER എന്ന ചിത്രം ആരംഭിക്കുന്നത് അമ്മയുടെ മരണ ശേഷം സഹോദരന്‍മാരുടെ വരവോടു കൂടിയാണ്. പടിഞ്ഞാറന്‍ അമേരിക്കയിലെ ഒരു റെയില്‍വെ സ്റ്റേഷനില്‍ ഒരു തീവണ്ടി വന്ന് നില്‍ക്കുന്ന രംഗത്തോടെയാണ് സിനിമയുടെ തുടക്കം. തുടര്‍ന്ന്‍ ശവസംസ്കാരരംഗവും ആ രംഗം ദൂരെ നിന്ന് വീക്ഷിക്കുന്ന കഥയിലെ കേന്ദ്രകഥാപാത്രമായ ജ്യേഷ്ഠസഹോദരനെയും കാണിക്കുന്നു. തുടര്‍ന്ന് സഹോദരര്‍ ഒന്നിക്കുന്നു. മരണരംഗം കാണിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.

FOUR BROTHERS ആരംഭിക്കുന്നത് അമ്മ, ഈവ് ലിന്‍ മേഴ്സറുടെ മരണരംഗത്തിന്‍റെ കളമൊരുങ്ങുന്നത് ചിത്രീകരിച്ച് കൊണ്ടാണ്. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പര്‍ച്ചേസിനെത്തുന്ന അവരെ ഒറ്റനോട്ടത്തില്‍ അവിടം കൊള്ള ചെയ്യാനെത്തുന്ന രണ്ട് പേര്‍ വധിക്കുന്നു. അതിന് മുന്‍പ് കടയ്ക്കുള്ളില്‍ വച്ച് അവരുടെ പാത്ര സ്വഭാവം സൂചിപ്പിക്കുന്ന ഒരു സീക്വന്‍സ് ഉണ്ട്. ഷോപ്പില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്ന ഒരു കൊച്ചു  ബാലനെ അവര്‍ കയ്യോടെ പിടികൂടുകയും അവനെക്കൊണ്ട് കടയുടമയോട് മാപ്പ് പറയിപ്പിക്കുകയും തികച്ചും വാല്‍സല്യപൂര്‍വം ഇനിയൊരിക്കലും മോഷ്ടിക്കരുത് എന്ന് ഉപദേശിക്കുകയും ചെയ്യുന്നു. ഈവ് ലിന്‍റെ മരണം ഓഫ് സ്ക്രീനിലാണ് സംഭവിക്കുന്നത്. ആ ഷോട്ടില്‍ നിന്ന് ജ്യേഷ്ഠസഹോദരനായ ബോബി മേഴ്സറുടെ വരവിലേയ്ക്ക് രംഗം ഡിസോള്‍വ് ചെയ്യുന്നു. തുടര്‍ന്ന്‍ ശവസംസ്കാരവും സഹോദരന്‍മാരുടെ കണ്ട് മുട്ടലും ചിത്രീകരിക്കുന്നു. മാര്‍വിന്‍ ഗേയുടെ Trouble Man എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ബോബി മേഴ്സറെയും ശവസംസ്കാരവും അവതരിപ്പിക്കുന്നത്. ഗാനത്തിന്‍റെ വരികള്‍ (I come up hard baby, but now I'm cool) ബോബിയുടെ പാത്ര സ്വഭാവത്തിലേയ്ക്ക് തന്നെ സൂചന നല്‍കുന്നുണ്ട് .



മലയാള സിനിമ കഥ പറച്ചിലില്‍, സംഭാഷണം കൊണ്ട് പൊതുവേ വേണ്ടതിലേറെ വിശദീകരിക്കുന്ന ശൈലിയാണ് പിന്‍തുടരാറുള്ളത്. തീവണ്ടി വരുന്ന ദൃശ്യം കാണിച്ചാലും "അതാ വണ്ടി വരുന്നു " എന്ന് കഥാപാത്രം പറഞ്ഞുവെന്ന് വരും. സംഭാഷണത്തില്‍ മിതത്വം പാലിക്കുന്ന ബിഗ്ബി പക്ഷെ ദൃശ്യങ്ങളുടെ ധാരാളിത്തം കൊണ്ട് വേണ്ടതിലേറെ വിവരിച്ചാണ് ആരംഭിക്കുന്നത്. (മലയാളികള്‍ ശീലിച്ച് പോന്ന രീതി വച്ച് അവര്‍ക്ക് എല്ലാം വിവരിക്കുന്ന ശൈലിയാണ് പഥ്യം താനും )


ക്രിസ്മസ് രാത്രി; മേരിട്ടീച്ചര്‍ ഓര്‍ഫനെജ് നടത്തുന്നു; ടീച്ചര്‍ കൊണ്ട് വന്ന കുട്ടി കരയുന്നു; രാത്രി വൈകുമ്പോള്‍ അതിനാണ് ടീച്ചര്‍ പുറത്ത് പോകുന്നത്; എന്നിങ്ങനെ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയാണ്‌ ബിഗ്‌ ബി മുന്‍ സിനിമയിലെ രംഗം RECOMPOSE ചെയ്യുന്നത്. FOUR BROTHERS ലേത് പോലെ ഒരു കടയുടമയും മോഷ്ടിക്കുന്ന ബാലനും ടീച്ചര്‍ ഉപദേശിക്കുന്നതുമായ ടീച്ചറുടെ CHARACTER ESTABLISH ചെയ്യുന്ന സീക്വന്‍സ് സമാന ഉദ്ദേശ്യത്തോടെ വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. തുടര്‍ന്ന്‍ അക്രമികള്‍ ടീച്ചറെ വധിക്കുന്നത് തികച്ചും ഗ്രാഫിക്കലി സിനിമ കാണിക്കുന്നു. ഇതിലെല്ലാം വേണ്ടതിലേറെ ദൃശ്യവാചാലത മുന്‍ സിനിമയില്‍ നിന്ന് വ്യത്യസ്തമായി ബിഗ്‌ ബി പ്രകടിപ്പിക്കുന്നുണ്ട്. തുടര്‍ന്നുള്ള ടൈറ്റില്‍ സീക്വന്‍സ് അത്തരമൊരു കൊലപാതകം നടക്കാനിടയാകുന്ന നഗര സാഹചര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പുകളിലൂടെ കടന്നു പോകുന്നുണ്ട്. ശേഷം ശവസംസ്കാരവും സഹോദരന്‍മാരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പോലീസ് ഓഫീസര്‍മാര്‍ തമ്മിലുള്ള സംഭാഷണവും അവരുടെ വരവും ഇടവിട്ട്‌ കാണിക്കുന്നു. വളരെ സമയമെടുത്ത് മനപ്പൂര്‍വമായ, വൈകാരികമായ ലാഗ് ഈ സീക്വന്‍സില്‍ കാണാം . എന്നാല്‍ FOUR BROTHERS എന്ന ചിത്രം ഈ രംഗത്തെ എന്നല്ല , മറിച്ച് ഈ കഥയിലെ മരണത്തെയും പ്രതികാരത്തെയും പോലും വൈകാരികമായല്ല , മറിച്ച് അലസമായി , MATTER OF FACT ആയാണ് സമീപിക്കുന്നത്.



KATIE ELDER ന്‍റെ നാലു മക്കളെയാണ് സിനിമയുടെ ശീര്‍ഷണം ADDRESS ചെയ്യുന്നത് എങ്കിലും മൂത്ത സഹോദരനിലെയ്ക്ക് പലപ്പോഴും നായകത്വം വരുന്നുണ്ട്. ജോണ്‍ ഫോര്‍ഡിനെപ്പോലുള്ള സംവിധായകരുടെയൊപ്പം മുതല്‍ ജനപ്രിയ ഹീറോ സിനിമകളില്‍ വരെ അഭിനയിച്ച് ആര്‍ട്ട് സിനിമയ്ക്കും ജനപ്രിയ സിനിമയ്ക്കും ഒരു പോലെ പ്രിയപ്പെട്ട ജോണ്‍ വെയ്ന്‍ നായക കഥാപാത്രമായതിനാലാവാം. ബിഗ്‌ ബിയില്‍ മമ്മൂട്ടി വരുന്നതും സമാനമായ നിലയിലാണ്. അതും ഇരുവരുടെയും സ്റ്റാര്‍ കരിയറിന്‍റെ പില്‍കാലങ്ങളില്‍.


മാര്‍ക്ക് വാല്‍ബര്‍ഗിന്‍റെ കലിപ്പ് സാന്നിധ്യമുണ്ടെങ്കിലും FOUR BROTHERS ഒരു പരിധി വരെ ടൈറ്റിലിനോട്‌ നീതി പുലര്‍ത്തിക്കൊണ്ട് നായകത്വം ഭാവിക്കാതെ നില്‍ക്കുന്നുണ്ട്. ബിഗ്ബി അതിന്‍റെ ടൈറ്റില്‍ കൊണ്ട് നായകകേന്ദ്രിതത്വം ഒളിച്ചു വയ്ക്കുന്നില്ല. രണ്ടു സിനിമയിലും ആവര്‍ത്തിച്ച് വരുന്ന ക്രിസ്മസ് വിരുന്ന്‍ രംഗം താരതമ്യം ചെയ്യുമ്പോള്‍ രണ്ട് സിനിമകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാം: നിശബ്ദമായി വിരുന്നിന് ഇരിക്കുമ്പോള്‍ നാലു പേരും അമ്മയെ ഓര്‍മ്മിക്കുന്നുണ്ട്. ബിഗ്ബിയില്‍ ബിലാലാണ് മേരിട്ടീച്ചറെ ഓര്‍മ്മിക്കുന്നത്. ബാക്കി മൂന്ന്‍ പേരെക്കുറിച്ചുമുള്ള ടീച്ചറുടെ ശ്രദ്ധ അവര്‍ ബിലാലിനെ ഓര്‍മ്മിപ്പിക്കുകയാണ്. ബിലാലിന്‍റെ ഓര്‍മ്മയിലൂടെയാണ് മൂവരും കടന്നു പോകുന്നത് . ഈ വ്യത്യാസം കൊണ്ടാണ് ആദ്യ സിനിമയുടെ പേര്‍ "ഫോര്‍ ബ്രദേഴ്സ് " എന്നായിരിക്കുന്നതും രണ്ടാം സിനിമയുടെ പേര് "ബിഗ്‌ ബ്രദര്‍" എന്നായിരിക്കുന്നതും.





ഒരു കഥയുടെ മൂന്ന് വേരിയെഷനുകളാണ് ഈ മൂന്ന് സിനിമകള്‍ എന്നാണ് ഞാന്‍ കരുതുന്നത്. ഇതേ കഥ കൊണ്ട് നാലാമതും അഞ്ചാമതും വേരിയെഷനുകള്‍ സാധ്യമാണ്. സാമ്യതകളില്‍ കൂട്ടിമുട്ടുംപോഴും അവ തമ്മിലുള്ള കൊമ്പോസിഷനുകളിലെ വ്യത്യസ്തതയാണ് അവയെ സ്വതന്ത്രസൃഷ്ടികളാക്കുന്നത്. പശ്ചാത്തലം, (ലോക്കല്‍ കളര്‍) കോസ്റ്റ്യൂംസ്, ഭാഷ, തുടങ്ങിയവ കൊണ്ട് KATIE ELDER വെസ്റ്റിന്‍റെയും FOUR BROTHERS ഡേട്രോയിറ്റിന്‍റെയും ബിഗ്‌ ബി കൊച്ചിയുടെയും ഫ്ലേവര്‍ തുടരണം എന്നതില്‍ സിനിമാക്കാര്‍ പ്രത്യേകം കെയര്‍ എടുത്തിട്ടുള്ളതായി കാണാം.

ഒരേ കഥ കാലങ്ങളിലൂടെ വീണ്ടും പറയുന്ന പ്രക്രിയയെ ഇവിടെ പരിശോധിക്കുമ്പോള്‍ കിട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട വെളിപാട് കഥ പറയുന്നതിലുള്ള BREVITY കുറഞ്ഞ്, വാചാലത കൂടി വരുന്നു എന്നതാണ്. ധ്വന്യാതമകതയില്‍ നിന്ന് വിഷ്വല്‍ ധാരാളിത്തത്തിലൂടെ അതിവാചാലതയിലെയ്ക്കുള്ള നീക്കമാണ് അത്. സിനിമ മുന്നോട്ട് പോകും തോറും ആ പ്രവണത വര്‍ദ്ധിച്ച് വരുന്നുവെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഹിച്ച്കൊക്കിന്‍റെ റിയര്‍വിന്‍ഡോ എന്ന ചിത്രം ക്രിസ്റ്റഫര്‍ റീവ് പുനര്‍നിര്‍മ്മിച്ചപ്പോള്‍ ഫ്ലാറ്റുകളിലെ അന്തേവാസികളെ പരിചയപ്പെടുത്താന്‍ എടുത്ത സമയം ഹിച്ച്കോക്ക് എടുത്തതിന്‍റെ ഇരട്ടിയിലേറെയായിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്തായാലും അതാത് ഇടങ്ങളിലെ പ്രേക്ഷകരുടെ CINEMA -COMPREHENSION ശീലങ്ങളാണ് അത് സൂചിപ്പിക്കുന്നതും. മറിച്ച് KATIE ELDER ന്‍റെ കോപ്പിയാണ് FOUR BROTHERS എന്നോ FOUR BROTHERS ന്‍റെ കോപ്പിയാണ് ബിഗ്ബി എന്നോ ഞാന്‍ കരുതുന്നില്ല.


മാറ്റങ്ങളുടെ രാഷ്ട്രീയം ...അത് മറ്റൊരു വായനയാണ്







No comments:

Post a Comment