Monday, May 19, 2025

വിക്ടര്‍ ലീനസിന്‍റെ കൊച്ചി




കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിൽ ഇരുണ്ട ജീവിതങ്ങളുടെ കഥ പറഞ്ഞ കഥാകൃത്തായിരുന്നു വിക്‌ടർ ലീനസ്. ദുരന്തത്തിൻ്റെയും മരണത്തിന്റെയും അരക്ഷിതാവസ്‌ഥയുടെയും അശുഭദർശനങ്ങളുടെയും അന്തരീക്ഷം നിറഞ്ഞു നിൽക്കുന്ന കഥകൾ കാഫ്കയുടെ കഥകൾ പോലെ. മികച്ച അക്കാഡമിക് വിദ്യാഭ്യാസവും പ്രതിഭയുമുണ്ടായിരുന്ന വിക്‌ടർ ലോകത്തിൻ്റെ കാപട്യത്തോടും നിഷ്‌ഠകളോടും പൊരുത്തപ്പെടാനാവാതെ ആരാലുമറിയാതെ ഒരു ഒരജ്‌ഞാതജഡമായി അവസാനിച്ചു. തീക്ഷ്‌ണമായ ജീവിതം നിറഞ്ഞ പന്ത്രണ്ട് കഥകൾ മാത്രം വിക്‌ടർ ലീനസ് അവശേഷിപ്പിച്ചു. ഈ കഥകൾ വായിക്കുമ്പോൾ ഒരു 'കാഫ്കായെസ്ക്' നഗരം പോലെ ദുരന്തച‌ഛവി പടർന്ന ഒരിടമായി അനുഭവപ്പെടും കൊച്ചി

ജീവിതത്തിൽ ദുരന്തബോധം നിറഞ്ഞു നിന്നിരുന്ന ഒരു കാലത്താണ് ഞാൻ വിക്‌ടർ ലീനസിന്റെ കഥകൾ വായിക്കുന്നത്. വേട്ടയാടുന്ന അനുഭവങ്ങൾ നിറഞ്ഞ ഒരു പുസ്‌തകമാണത്. അതിന്റെ ഒടുവിൽ വിക്‌ടറിൻ്റെ സ്നേഹിതൻ ജോസഫ് വൈറ്റില എന്നെന്നും മനസ്സിൽ വേദനയായി അവശേഷിക്കുന്ന തൻ്റെ കൂട്ടുകാരനെ ഓർമ്മിക്കുന്നുണ്ട്. ജോസഫ് ഓർമ്മിക്കുന്ന സംഭവങ്ങൾ പലതും ജീവനുള്ള കഥയായി വിക്‌ടർ എഴുതിയിട്ടുണ്ട്.


മരണം വമിക്കുന്ന കഥകളും ഓർമ്മകളും കൊണ്ട് ആ പുസ്‌തകം വിക്‌ടർ ലീനസിന്റെ ജീവനുള്ള ഒരു ഖണ്ഡം പോലെ നമ്മെ വേട്ടയാടും. ഒരേ ആഖ്യാതാവ്, ആഖ്യാതാവിൻ്റെ സ്‌ഥിരം കൂട്ടുകാർ, കൊച്ചിനഗരം ഇവയെല്ലാം ആവർത്തിച്ചു വരുന്നതിനാൽ വേണമെങ്കിൽ ആദ്യമധ്യാന്തങ്ങളില്ലാത്ത ഒരു നോവലായി വിക്‌ടർ ലീനസിൻ്റെ കഥകളെ പരിഗണിക്കാം. നേരിട്ട് നമുക്ക് കാണാനാവാത്ത ഒരു അധോലോകത്തിൻ്റെ കഥയാണ് വിക്‌ടർ ലീനസ് പറയുന്നത്. നന്മയുടെയെന്നോ തിന്മയുടെതെന്നോ വേർതിരിക്കാനാവാത്ത കഥാപാത്രങ്ങൾ. ഞാൻ ആദ്യം വായിച്ച് വിക്‌ടർ ലീനസ് കഥ തന്നെ എന്നെ വിഭ്രമിപ്പിച്ച ഒന്നായിരുന്നു. 'ഒരു സമുദ്രപരിണാമം' എന്നായിരുന്നു അതിന്റെ പേര്.




ആഖ്യാതാവും സ്നേഹിതൻ റോണിയും കൂടി ആത്മഹത്യ ചെയ്‌ത ഒരു പെൺകുട്ടിയുടെ ജഡം കടലിൽ ഒഴുക്കിക്കളയാൻ കൊണ്ട് പോകുന്ന കഥയാണ് സമുദ്രപരിണാമം. റോണിയും കഥാകൃത്തും കൂടി പുതപ്പിൽ പൊതിഞ്ഞ ജഡവുമായി ബോട്ടിൽ രാത്രി പ്രകാശം തട്ടി തീ പോലെ ജ്വലിക്കുന്ന ഉൾക്കടലിലേയ്ക്ക് പോകുന്നു. അവരുടെ പിന്നാലെ ഒരു കസ്‌റ്റംസ് ബോട്ട് വരുന്നു.. നിങ്ങൾ ഊഹിക്കാൻ സാധ്യതയുള്ളത് പോലെ ഒരു ഉദ്വേഗകഥയല്ല അത്.

അതിന് മുൻപുള്ള ഒരു ധീരോദാത്ത നായകൻ എന്ന കഥയിലാണ് റോണിയെ കഥാകൃത്ത് നമുക്ക് പരിചയപ്പെടുത്തുന്നത്. റോണി സിനിമയ്ക്ക് പ്രിയമായിരിക്കാനിടയുള്ള ഒരു സ്‌റ്റൈലിഷ് "ടഫ് ഗൈ'യാണ്. നിസ്സഹായനായ ആഖ്യാതാവിൻ്റെ എന്തിനും പോന്ന ഒരു അപരനാണ് റോണി എന്ന് നമ്മുക്ക് തോന്നും. ഒരു ചെറുപ്പക്കാരനെ പ്രണയിച്ച് ബോംബെയിലെയ്ക്ക് ഒളിച്ചോടിയ ഒരു പെൺകുട്ടി. അവളെ കൊണ്ട് പോയി പലർക്ക് കാഴ്‌ച വയ്ക്കുകയായിരുന്നു അയാളുടെ ഉദ്ദേശ്യം. ബോംബെയിൽ വച്ച് അയാളിൽ നിന്ന് അവളെ രക്ഷപെടുത്തി കൊച്ചിയിലേയ്ക്ക് കൊണ്ട് വന്നത് റോണിയാണ്. നാട്ടിലെത്തുമ്പോൾ റോണി അവളെ തൻ്റെ കിടക്കയിലേയ്ക്ക് ക്ഷണിക്കുന്നു. "ഒരാളും കൂടി, ഒരു രാത്രിയും കൂടി വലിയ വ്യത്യാസമൊന്നും വരുത്തില്ലല്ലോ" റോണി അവളോട് പറയുന്നു. രക്തം വാർന്ന് പോയ മുഖത്തോടെ അവളിരിക്കുമ്പോൾ ആ കഥ അവസാനിക്കുന്നുവെങ്കിലും പിന്നീട് സമുദ്ര പരിണാമത്തിൽ അവളെ ജഡമായി നമ്മൾ വീണ്ടും കാണും.

ആഖ്യാതാവിന് ലീല എന്ന അഭിസാരികയുമായുള്ള അടുപ്പത്തെക്കുറിച്ചാണ് മറ്റ് ചില കഥകൾ. ഈ കഥകളിൽ റോണി, ഡീറ്റി, ഉഷ തുടങ്ങി വിവിധ കഥാപാത്രങ്ങൾ വന്ന് പോകുന്നുണ്ട്. ഒരിക്കൽ ലീലയും ആഖ്യാതാവും ഒരു മുറിയിൽ വച്ച് പോലീസ് റെയ്‌ഡിൽ പിടിക്കപ്പെടുന്ന ഒരു കഥയുണ്ട്. അത് യഥാർത്ഥത്തിൽ നടന്ന സംഭവമായിരുന്നു എന്ന് സുഹൃത്ത് രഘുരാമൻ പറയുന്നുണ്ട്. പോലീസ് അക്കാലത്ത് ബ്ലിറ്റ്സ് മാസികയുടെ റിപ്പോർട്ടർ ആയിരുന്ന വിക്‌ടറിൻ്റെ തിരിച്ചറിയൽ കാർഡ് കണ്ടപ്പോൾ വിട്ടയക്കാനൊരുങ്ങിയെന്നും എന്നാൽ ലീലയെയും വിടണം എന്ന് വിക്ടർ ആവശ്യപ്പെട്ടതായും അദ്ദേഹം ഓർമ്മിക്കുന്നു.


കഥയിൽ റോണി വന്നാണ് ആഖ്യാതാവിനെയും ലീലയെയും രക്ഷപെടുത്തുന്നത്. കഥകളിൽ പറയുന്നതെല്ലാം യഥാർത്ഥത്തിൽ നടന്നതായി സ്നേഹിതർ സാക്ഷ്യപ്പെടുത്തുമ്പോൾ നമ്മൾ അത്ഭുതപ്പെടും, പെൺകുട്ടിയുടെ ജഡം പുറം കടലിൽ കളയാൻ പോയ യാത്രയും സത്യമായിരുന്നോ എന്ന്. ബൊഹീമിയൻ ജീവിതം ജീവിക്കുന്ന അരാജകജീവികളുടെ കഥകളാണ് വിക്‌ടർ ലീനസ് പറയുന്നത് എന്ന് പഠനത്തിൽ കെ എസ് രവികുമാർ പറയുന്നു. പുറത്തുള്ള ലോകത്തുള്ളവരുടെ നിയമത്തിനനുസരിച്ചല്ല അവർ ജീവിക്കുന്നതും അവരുടെ വ്യക്തിബന്ധങ്ങളും.

ആഖ്യാതാവിന് ആത്മബന്ധമുണ്ടായിരുന്ന ലീലയുടെ ദാരുണമരണവും അവളുടെ ജഡവുമായി ആഖ്യാതാവ് നടത്തുന്ന യാത്രയുമാണ് മരിക്കുന്നതിന് മുൻപ് വിക്‌ടർ രചിച്ച വിട എന്ന കഥ. തെരുവിലൂടെ നടന്നു പോകുമ്പോൾ ബസ് കയറി മരിച്ച പെൺകുട്ടിയ്ക്ക് ചുറ്റും കൂടിയ ആൾക്കൂട്ടത്തിൽ നിന്നാണ് അയാൾ മരണമറിയുന്നത്. യാത്രാമൊഴി എന്ന അവസാന കഥയിൽ ലീലയുടെ ഓർമ്മകൾ തങ്ങി നിൽക്കുന്ന നഗരത്തിൽ നിന്ന് അയാൾ ദൂരേയ്ക്ക് പോവുകയാണ്. 73, 74 കാലങ്ങളിൽ എഴുതിത്തുടങ്ങിയ കഥകളിലെ കഥാപാത്രങ്ങളെ 90, 91 കാലത്ത് എഴുതിയ കഥകളിലും പിൻതുടരുമ്പോൾ അവർ വിക്‌ടറിന് ഏറെ പ്രിയപ്പെട്ടവർ ആണെന്ന് ഊഹിക്കാം.
ജീവിതത്തിൽ വിക്‌ടറിൻ്റെ ഭാര്യ ബേഡിയുടെ ആത്മഹത്യയും അതിനെത്തുടർന്ന് അത് കൊലപാതകമാണ് എന്ന് ആരോപിക്കപ്പെട്ടതും വിക്‌ടറിനെ തകർത്ത് കളഞ്ഞു എന്ന് സ്നേഹിതൻ ജോസഫ് വൈറ്റില ഓർമ്മിക്കുന്നു. മരണം ആഗ്രഹിച്ച് നടന്ന വിക്‌ടർ ഒരു രാത്രി തെരുവിൽ മരിച്ചു കിടന്നു. ഭീകരമായ ഒരു നിമിഷത്തെക്കുറിച്ച് ജോസഫ് ഓർമ്മിക്കുന്നു. അജ്‌ഞാതജഡം വിക്‌ടർ ആണോ എന്നുറപ്പ് വരുത്താൻ വേണ്ടി ജഡത്തിന്റെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറെ തിരഞ്ഞ് പോയ സംഭവത്തെക്കുറിച്ച്. ചുവന്ന മുറിയിൽ നെഗറ്റീവിൽ നിന്ന് പ്രിൻ്റ് എടുക്കുമ്പോൾ അവർ നോക്കി നിൽക്കെ വിക്‌ടർ ലീനസ്സിൻ്റെ കട്ടി മീശ വച്ച മുഖം ട്രെയിലെ ലായനിയിൽ തെളിഞ്ഞു വന്നുവത്രേ !!!




വിഷാദാത്മകതയും പെസ്സിമിസവും ജീവിതത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയാൽ അവർക്ക് പോലും അതിൽ നിന്ന് മോചിതരാകാൻ ആഗ്രഹം ഉണ്ടാവില്ല എന്ന് തോന്നിയിട്ടുണ്ട്. ഒരിക്കൽ ഡൽഹിയിൽ മികച്ച ശമ്പളമുള്ള ഒരു ജോലി ലഭിച്ചിട്ടും വിക്‌ടർ അത് സ്വീകരിച്ചില്ല. മദ്യത്തിൽ മുങ്ങി തന്റെ അരക്ഷിതാവസ്‌ഥകളുടെയും ദുഖങ്ങളുടെയും ലോകത്ത് ജീവിക്കാൻ തന്നെയാണ് വിക്ടർ ആഗ്രഹിച്ചത്. വളരെ തിളക്കമാർന്ന ഒരു അക്കാഡമിക് ജീവിതമായിരുന്നു വിക്‌ടറിൻ്റേത്. സുവോളജിയിലും സമുദ്രജീവിശാസ്ത്രത്തിലും ബിരുദവും ബിരുദാനന്തരബിരുദവും വിക്ടർ നേടിയിരുന്നു.


വിക്‌ടർ ലീനസ്സിൻ്റെ കഥകൾ എന്ന പുസ്‌തകത്തിന് സിനിമയാകാനുള്ള സാധ്യതയുണ്ട് എന്ന് ഞാൻ കരുതുന്നു. രാജീവ് രവിയുടെ അന്നയും റസ്സുലും എന്ന സിനിമയിലെ പ്രതീക്ഷാരഹിതമായ കൊച്ചി നഗരം എന്നെ വിക്‌ടർ ലീനസ്സിൻ്റെ ലോകം ഓർമ്മിപ്പിച്ചു. പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന, പരിണാമഗുപ്തി ആവശ്യമില്ലാത്ത നഗരത്തിൻ്റെ അധോലോകങ്ങളിൽ കഴിയുന്ന മനുഷ്യരേക്കുറിച്ചുള്ള ഒരു Anthology സിനിമയായും വിക്‌ടർ ലീനസ്സിൻ്റെ കഥകളെ നമുക്ക് സങ്കൽപ്പിക്കാം. ഓരോ കഥകൾ വായിക്കുമ്പോഴും അതെല്ലാം കഥാകൃത്തിന്റെ ജീവിതത്തോട് ചേർത്ത് വായിക്കാൻ നാം പ്രേരിതരാകും. വിക്‌ടർ ലീനസ്സിൻ്റെ കഥകൾ സത്യത്തിൽ അദേഹത്തിന്റെ ആത്മകഥകളുടെ സമാഹാരമാണ്.

വിക്‌ടർ ലീനസ്സിൻ്റെ ഒരു കഥയിൽ വശ്യമായ ഒരു രംഗമുണ്ട്. കഥാനായകൻ മോട്ടോർ ബൈക്കിൽ പായുമ്പോൾ തൊട്ടു പിന്നിൽ സീറ്റ് അമരുന്നു. കഥാനായകൻ ചോദിക്കുന്നു:

"ഹൂ ദ ഡെവിൾ.....?"

ദ ഡെവിൾ ഹിം സെൽഫ് !!! പിന്നിൽ നിന്ന് മറുപടി"





No comments:

Post a Comment