Tuesday, May 27, 2025

ഗോഥിക് v/s ഹൊറര്‍ ഫിക്ഷന്‍



എന്താണ് Gothic Fiction എന്നും Horror Fiction എന്നുമുള്ള സംജ്ഞകളുടെ അര്‍ത്ഥം? രണ്ടും ഒന്ന് തന്നെയാണോ? അല്ലെങ്കില്‍ വ്യത്യാസം എന്ത്? ഇങ്ങനെ പലര്‍ക്കും സംശയമുണ്ട്. ഹാമര്‍ ലൈബ്രറിയുടെ ഒരു പ്രസിദ്ധീകരണത്തിന്‍റെ അവതാരികയ്ക്ക് വേണ്ടി എഴുതിയ ഒരു കുറിപ്പിന്‍റെ ഒരു ഭാഗം ഷെയര്‍ ചെയ്യുന്നു. എന്താണ് ഗോഥിക് ഫിക്ഷന്‍ ? എന്താണ് ഹൊറര്‍ ഫിക്ഷന്‍?


//ഭയം എന്ന വികാരം കലാപരമായി അനുഭവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എഴുതുന്നതാണ് ഭീതിസാഹിത്യം. ഭീകരസാഹിത്യം എന്ന വാക്കും മലയാളത്തില്‍ ഉപയോഗിച്ചു വരാറുണ്ട്. എന്നാല്‍ ഈ വിഭാഗത്തിന് ഇംഗ്ലീഷില്‍ ഗോഥിക് ഫിക്ഷന്‍ (Gothic Fiction), ഹൊറര്‍ ഫിക്ഷന്‍ (Horror Fiction) എന്നിങ്ങനെ രണ്ട് നാമങ്ങള്‍ പ്രചാരമുണ്ട്. പരസ്പരബന്ധിതമാണ് എങ്കിലും ഇവ രണ്ടും ഒന്നല്ല. പ്രാചീനമായ അന്തരീക്ഷം. പ്രകൃത്യാതീതമായ സംഭവങ്ങള്‍. ഉത്കണ്ഠ കലര്‍ന്ന ഭയം ജനിപ്പിക്കുന്ന രചനാരീതി. ഇതാണ് ഗോഥിക് ശൈലി. പണ്ട്, പണ്ട് എന്ന മട്ടില്‍ നമ്മുടെ മനസ്സില്‍ പതിഞ്ഞു പോയ പേടിക്കഥകളെല്ലാം ഗോഥിക് കഥകളാണ്. പഴമ ഇതിലെ ഒരു പ്രധാനഘടകമാണ്. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങള്‍, ഭീതി, ഭൂതകാലം, കുറ്റബോധം ഇവയെല്ലാം പ്രകൃത്യാതീതമായ സംഭവങ്ങളിലൂടെ ആവിഷ്കരിക്കപ്പെടാം. ഭാഷയിലും പ്രാചീനമായ ആലങ്കാരികത കാണാം.



എന്നാല്‍ ഹൊറര്‍ സാഹിത്യത്തിന്റെ രീതികളില്‍ ചില വ്യത്യാസങ്ങളുണ്ട്: കലാപരമായി, ഭീതിയുടെയോ നടുക്കത്തിന്റെയോ ബീഭത്സതയുടെയോ പ്രതികരണങ്ങള്‍ തല്‍ക്ഷണം വായനക്കാരിലുണ്ടാക്കുക എന്നതാണ് ഹൊറര്‍ കഥകള്‍ ലക്ഷ്യം വയ്ക്കുന്നത്. പ്രേതങ്ങളോ രക്ഷസ്സുകളോ പോലെ അയഥാര്‍ത്ഥവുമായ ഘടകങ്ങളും മനോരോഗിയായ ഒരു കൊലയാളിയെപ്പോലെ യഥാര്‍ഥമായ ഒരു ഘടകവും ഇവിടെ ഭയത്തിന്റെ സ്രോതസ്സുകളാവാം. ഗോഥിക് സാഹിത്യത്തിന്റെ പ്രാചീനമായ പശ്ചാത്തലത്തില്‍ നിന്ന് വിഭിന്നമായി ദൈനംദിനജീവിത സാഹചര്യങ്ങളായിരിക്കും കഥാപശ്ചാത്തലം, ആവിഷ്കാരത്തില്‍ ഉദ്വേഗത്തിന് ഊന്നല്‍ നല്‍കുന്ന, അലുക്കുകളില്ലാത്ത ഭാഷ ഉപയോഗിക്കുന്നു.//


ഗദ്യരൂപത്തില്‍ ദൈര്‍ഘ്യമുള്ള കഥാഖ്യാനത്തിന് Romance എന്നും Novel എന്നും പേര് നല്‍കിയിരിക്കുന്നത് സമാനമാണ് Gothic Fiction എന്നും Horror Fiction എന്നുമുള്ള നാമകരണം. (അത്ഭുതത്തിനും വീരഗുണത്തിനും പ്രാമുഖ്യമുള്ള ദീര്‍ഘമായ പഴങ്കഥയാണ് റൊമാന്‍സ്. നോവല്‍ സമകാലീനമാണ്. യഥാതഥമാണ്. ഘടനയില്‍ കൂടുതല്‍ സ്വതന്ത്രമാണ്.)



എല്ലാ ഗോഥിക് ഫിക്ഷനും ഹൊറര്‍ ഫിക്ഷന്‍ ആയിരിക്കണം എന്നില്ല. എമിലി ബ്രോണ്ടെയുടെ 'വതറിംഗ് ഹൈറ്റ്സ്', ഷാര്‍ലറ്റ് ബ്രോണ്ടെയുടെ 'ജെയിന്‍ അയര്‍' എന്നിവ ആഖ്യാനത്തിന് ഗോഥിക് ശൈലി ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ അവ ഹൊറര്‍ നോവലുകള്‍ അല്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കുറെയേറെ എഴുത്തുകാര്‍ ഗോഥിക് ഫിക്ഷന്റെ പഴമയിലേയ്ക്ക് റിയലിസ്റ്റ് ഫിക്ഷന്റെ ഘടകങ്ങള്‍ കൊണ്ട് വന്നു. അമേരിക്കയില്‍ എഡ്ഗര്‍ അലന്‍ പോ, ആംബ്രോസ് ബിയെഴ്സ്, ഇംഗ്ലണ്ടില്‍ ലോര്‍ഡ്‌ ബുള്‍വര്‍ ലിറ്റന്‍, ആര്‍ എല്‍ സ്റ്റീവന്‍സന്‍, ഫ്രാന്‍സില്‍ മോപ്പസാങ് എന്നിവരാണ് അതിലേയ്ക്ക് ആദ്യശ്രമങ്ങള്‍ നടത്തിയത്. മോപ്പസാങ് പ്രകൃത്യാതീതഘടകങ്ങള്‍ (Supernatural) ഇല്ലാതെ തന്നെ നിരവധി പേടിക്കഥകള്‍ രചിച്ചു. ഇരുപതാം നൂറ്റാണ്ടിലെത്തിയപ്പോഴേയ്ക്കും എഴുത്തുകാര്‍ Ancient meets modern, Realism v/s Supernaturalism എന്നിങ്ങനെ ഗോഥിക്-ഹൊറര്‍ ഘടകങ്ങള്‍ ഒരുമിപ്പിക്കുന്ന സമീപനം കൈക്കൊണ്ടു. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള ശ്രദ്ധിക്കുക. പ്രാചീനമായ ഗോഥിക് നോവലിന്റെയും (ട്രാന്‍സില്‍വാനിയ ഭാഗങ്ങള്‍) Modern Horror Fiction ന്റെയും (കൊഡാക് ക്യാമറയും ഫോണോഗ്രാഫ് റെക്കോര്‍ഡിംഗ് സംവിധാനവും Blood Transfusion നും മറ്റുമുള്ള സമകാലിക ഇംഗ്ലണ്ടിന്റെ ഭാഗങ്ങള്‍) കൃത്യമായ മിക്സിംഗ് ആണത്. മുകളില്‍ കൊടുത്തിരിക്കുന്ന രണ്ട് ചിത്രങ്ങളും യഥാക്രമം Gothic Fiction നെയും Horror Fiction നെയും പ്രതിനിധീകരിക്കുന്നു.


May 26 World Dracula Day യാണ്. അയര്‍ലന്‍ഡിലും ഇംഗ്ലണ്ടില്‍ വിറ്റ്‌ബിയിലുമെല്ലാം ഈ നോവലിന്റെ ലെഗസി അവര്‍ ആഘോഷിക്കുന്നു. ഈ വര്‍ഷം ഡ്രാക്കുള പ്രസിദ്ധീകരിച്ചിട്ട് 128 വര്‍ഷമാകുന്നു. 1980 ല്‍ Oxford World's Classic പരമ്പരയില്‍ Dracula പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തപ്പോള്‍ പല പാശ്ചാത്യ അക്കാഡമീഷ്യരും അലോഹ്യപ്പെട്ടിരുന്നു. ക്ലാസിക്കുകള്‍ക്കൊപ്പം നില്‍ക്കാന്‍ ഈ വെറും "ഹൊറര്‍ നോവലിന് എന്ത് യോഗ്യത?" പാശ്ചാത്യഅക്കാദമിക് ലോകം അതൊക്കെ തിരുത്തിക്കഴിഞ്ഞു. എം എ ഗോഥിക് സ്റ്റഡീസ് ഓഫര്‍ ചെയ്യുന്ന പഠനവകുപ്പുകളില്‍, ഇംഗ്ലീഷ് എം എ പ്രോഗ്രാമുകളില്‍ ഡ്രാക്കുള ഇപ്പോള്‍ Prescribe ചെയ്യുന്നുണ്ട്. നമ്മുടെ ലിറ്റററിരംഗം ഇപ്പോഴും അത്ര കണ്ട് മാറിയിട്ടില്ല.


ഒരു ദിവസം വൈകിയെങ്കിലും ഹാമര്‍ ലൈബ്രറി World Dracula Day ആചരിക്കുന്നു.



Monday, May 19, 2025

വിക്ടര്‍ ലീനസിന്‍റെ കൊച്ചി




കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിൽ ഇരുണ്ട ജീവിതങ്ങളുടെ കഥ പറഞ്ഞ കഥാകൃത്തായിരുന്നു വിക്‌ടർ ലീനസ്. ദുരന്തത്തിൻ്റെയും മരണത്തിന്റെയും അരക്ഷിതാവസ്‌ഥയുടെയും അശുഭദർശനങ്ങളുടെയും അന്തരീക്ഷം നിറഞ്ഞു നിൽക്കുന്ന കഥകൾ കാഫ്കയുടെ കഥകൾ പോലെ. മികച്ച അക്കാഡമിക് വിദ്യാഭ്യാസവും പ്രതിഭയുമുണ്ടായിരുന്ന വിക്‌ടർ ലോകത്തിൻ്റെ കാപട്യത്തോടും നിഷ്‌ഠകളോടും പൊരുത്തപ്പെടാനാവാതെ ആരാലുമറിയാതെ ഒരു ഒരജ്‌ഞാതജഡമായി അവസാനിച്ചു. തീക്ഷ്‌ണമായ ജീവിതം നിറഞ്ഞ പന്ത്രണ്ട് കഥകൾ മാത്രം വിക്‌ടർ ലീനസ് അവശേഷിപ്പിച്ചു. ഈ കഥകൾ വായിക്കുമ്പോൾ ഒരു 'കാഫ്കായെസ്ക്' നഗരം പോലെ ദുരന്തച‌ഛവി പടർന്ന ഒരിടമായി അനുഭവപ്പെടും കൊച്ചി

ജീവിതത്തിൽ ദുരന്തബോധം നിറഞ്ഞു നിന്നിരുന്ന ഒരു കാലത്താണ് ഞാൻ വിക്‌ടർ ലീനസിന്റെ കഥകൾ വായിക്കുന്നത്. വേട്ടയാടുന്ന അനുഭവങ്ങൾ നിറഞ്ഞ ഒരു പുസ്‌തകമാണത്. അതിന്റെ ഒടുവിൽ വിക്‌ടറിൻ്റെ സ്നേഹിതൻ ജോസഫ് വൈറ്റില എന്നെന്നും മനസ്സിൽ വേദനയായി അവശേഷിക്കുന്ന തൻ്റെ കൂട്ടുകാരനെ ഓർമ്മിക്കുന്നുണ്ട്. ജോസഫ് ഓർമ്മിക്കുന്ന സംഭവങ്ങൾ പലതും ജീവനുള്ള കഥയായി വിക്‌ടർ എഴുതിയിട്ടുണ്ട്.


മരണം വമിക്കുന്ന കഥകളും ഓർമ്മകളും കൊണ്ട് ആ പുസ്‌തകം വിക്‌ടർ ലീനസിന്റെ ജീവനുള്ള ഒരു ഖണ്ഡം പോലെ നമ്മെ വേട്ടയാടും. ഒരേ ആഖ്യാതാവ്, ആഖ്യാതാവിൻ്റെ സ്‌ഥിരം കൂട്ടുകാർ, കൊച്ചിനഗരം ഇവയെല്ലാം ആവർത്തിച്ചു വരുന്നതിനാൽ വേണമെങ്കിൽ ആദ്യമധ്യാന്തങ്ങളില്ലാത്ത ഒരു നോവലായി വിക്‌ടർ ലീനസിൻ്റെ കഥകളെ പരിഗണിക്കാം. നേരിട്ട് നമുക്ക് കാണാനാവാത്ത ഒരു അധോലോകത്തിൻ്റെ കഥയാണ് വിക്‌ടർ ലീനസ് പറയുന്നത്. നന്മയുടെയെന്നോ തിന്മയുടെതെന്നോ വേർതിരിക്കാനാവാത്ത കഥാപാത്രങ്ങൾ. ഞാൻ ആദ്യം വായിച്ച് വിക്‌ടർ ലീനസ് കഥ തന്നെ എന്നെ വിഭ്രമിപ്പിച്ച ഒന്നായിരുന്നു. 'ഒരു സമുദ്രപരിണാമം' എന്നായിരുന്നു അതിന്റെ പേര്.




ആഖ്യാതാവും സ്നേഹിതൻ റോണിയും കൂടി ആത്മഹത്യ ചെയ്‌ത ഒരു പെൺകുട്ടിയുടെ ജഡം കടലിൽ ഒഴുക്കിക്കളയാൻ കൊണ്ട് പോകുന്ന കഥയാണ് സമുദ്രപരിണാമം. റോണിയും കഥാകൃത്തും കൂടി പുതപ്പിൽ പൊതിഞ്ഞ ജഡവുമായി ബോട്ടിൽ രാത്രി പ്രകാശം തട്ടി തീ പോലെ ജ്വലിക്കുന്ന ഉൾക്കടലിലേയ്ക്ക് പോകുന്നു. അവരുടെ പിന്നാലെ ഒരു കസ്‌റ്റംസ് ബോട്ട് വരുന്നു.. നിങ്ങൾ ഊഹിക്കാൻ സാധ്യതയുള്ളത് പോലെ ഒരു ഉദ്വേഗകഥയല്ല അത്.

അതിന് മുൻപുള്ള ഒരു ധീരോദാത്ത നായകൻ എന്ന കഥയിലാണ് റോണിയെ കഥാകൃത്ത് നമുക്ക് പരിചയപ്പെടുത്തുന്നത്. റോണി സിനിമയ്ക്ക് പ്രിയമായിരിക്കാനിടയുള്ള ഒരു സ്‌റ്റൈലിഷ് "ടഫ് ഗൈ'യാണ്. നിസ്സഹായനായ ആഖ്യാതാവിൻ്റെ എന്തിനും പോന്ന ഒരു അപരനാണ് റോണി എന്ന് നമ്മുക്ക് തോന്നും. ഒരു ചെറുപ്പക്കാരനെ പ്രണയിച്ച് ബോംബെയിലെയ്ക്ക് ഒളിച്ചോടിയ ഒരു പെൺകുട്ടി. അവളെ കൊണ്ട് പോയി പലർക്ക് കാഴ്‌ച വയ്ക്കുകയായിരുന്നു അയാളുടെ ഉദ്ദേശ്യം. ബോംബെയിൽ വച്ച് അയാളിൽ നിന്ന് അവളെ രക്ഷപെടുത്തി കൊച്ചിയിലേയ്ക്ക് കൊണ്ട് വന്നത് റോണിയാണ്. നാട്ടിലെത്തുമ്പോൾ റോണി അവളെ തൻ്റെ കിടക്കയിലേയ്ക്ക് ക്ഷണിക്കുന്നു. "ഒരാളും കൂടി, ഒരു രാത്രിയും കൂടി വലിയ വ്യത്യാസമൊന്നും വരുത്തില്ലല്ലോ" റോണി അവളോട് പറയുന്നു. രക്തം വാർന്ന് പോയ മുഖത്തോടെ അവളിരിക്കുമ്പോൾ ആ കഥ അവസാനിക്കുന്നുവെങ്കിലും പിന്നീട് സമുദ്ര പരിണാമത്തിൽ അവളെ ജഡമായി നമ്മൾ വീണ്ടും കാണും.

ആഖ്യാതാവിന് ലീല എന്ന അഭിസാരികയുമായുള്ള അടുപ്പത്തെക്കുറിച്ചാണ് മറ്റ് ചില കഥകൾ. ഈ കഥകളിൽ റോണി, ഡീറ്റി, ഉഷ തുടങ്ങി വിവിധ കഥാപാത്രങ്ങൾ വന്ന് പോകുന്നുണ്ട്. ഒരിക്കൽ ലീലയും ആഖ്യാതാവും ഒരു മുറിയിൽ വച്ച് പോലീസ് റെയ്‌ഡിൽ പിടിക്കപ്പെടുന്ന ഒരു കഥയുണ്ട്. അത് യഥാർത്ഥത്തിൽ നടന്ന സംഭവമായിരുന്നു എന്ന് സുഹൃത്ത് രഘുരാമൻ പറയുന്നുണ്ട്. പോലീസ് അക്കാലത്ത് ബ്ലിറ്റ്സ് മാസികയുടെ റിപ്പോർട്ടർ ആയിരുന്ന വിക്‌ടറിൻ്റെ തിരിച്ചറിയൽ കാർഡ് കണ്ടപ്പോൾ വിട്ടയക്കാനൊരുങ്ങിയെന്നും എന്നാൽ ലീലയെയും വിടണം എന്ന് വിക്ടർ ആവശ്യപ്പെട്ടതായും അദ്ദേഹം ഓർമ്മിക്കുന്നു.


കഥയിൽ റോണി വന്നാണ് ആഖ്യാതാവിനെയും ലീലയെയും രക്ഷപെടുത്തുന്നത്. കഥകളിൽ പറയുന്നതെല്ലാം യഥാർത്ഥത്തിൽ നടന്നതായി സ്നേഹിതർ സാക്ഷ്യപ്പെടുത്തുമ്പോൾ നമ്മൾ അത്ഭുതപ്പെടും, പെൺകുട്ടിയുടെ ജഡം പുറം കടലിൽ കളയാൻ പോയ യാത്രയും സത്യമായിരുന്നോ എന്ന്. ബൊഹീമിയൻ ജീവിതം ജീവിക്കുന്ന അരാജകജീവികളുടെ കഥകളാണ് വിക്‌ടർ ലീനസ് പറയുന്നത് എന്ന് പഠനത്തിൽ കെ എസ് രവികുമാർ പറയുന്നു. പുറത്തുള്ള ലോകത്തുള്ളവരുടെ നിയമത്തിനനുസരിച്ചല്ല അവർ ജീവിക്കുന്നതും അവരുടെ വ്യക്തിബന്ധങ്ങളും.

ആഖ്യാതാവിന് ആത്മബന്ധമുണ്ടായിരുന്ന ലീലയുടെ ദാരുണമരണവും അവളുടെ ജഡവുമായി ആഖ്യാതാവ് നടത്തുന്ന യാത്രയുമാണ് മരിക്കുന്നതിന് മുൻപ് വിക്‌ടർ രചിച്ച വിട എന്ന കഥ. തെരുവിലൂടെ നടന്നു പോകുമ്പോൾ ബസ് കയറി മരിച്ച പെൺകുട്ടിയ്ക്ക് ചുറ്റും കൂടിയ ആൾക്കൂട്ടത്തിൽ നിന്നാണ് അയാൾ മരണമറിയുന്നത്. യാത്രാമൊഴി എന്ന അവസാന കഥയിൽ ലീലയുടെ ഓർമ്മകൾ തങ്ങി നിൽക്കുന്ന നഗരത്തിൽ നിന്ന് അയാൾ ദൂരേയ്ക്ക് പോവുകയാണ്. 73, 74 കാലങ്ങളിൽ എഴുതിത്തുടങ്ങിയ കഥകളിലെ കഥാപാത്രങ്ങളെ 90, 91 കാലത്ത് എഴുതിയ കഥകളിലും പിൻതുടരുമ്പോൾ അവർ വിക്‌ടറിന് ഏറെ പ്രിയപ്പെട്ടവർ ആണെന്ന് ഊഹിക്കാം.
ജീവിതത്തിൽ വിക്‌ടറിൻ്റെ ഭാര്യ ബേഡിയുടെ ആത്മഹത്യയും അതിനെത്തുടർന്ന് അത് കൊലപാതകമാണ് എന്ന് ആരോപിക്കപ്പെട്ടതും വിക്‌ടറിനെ തകർത്ത് കളഞ്ഞു എന്ന് സ്നേഹിതൻ ജോസഫ് വൈറ്റില ഓർമ്മിക്കുന്നു. മരണം ആഗ്രഹിച്ച് നടന്ന വിക്‌ടർ ഒരു രാത്രി തെരുവിൽ മരിച്ചു കിടന്നു. ഭീകരമായ ഒരു നിമിഷത്തെക്കുറിച്ച് ജോസഫ് ഓർമ്മിക്കുന്നു. അജ്‌ഞാതജഡം വിക്‌ടർ ആണോ എന്നുറപ്പ് വരുത്താൻ വേണ്ടി ജഡത്തിന്റെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറെ തിരഞ്ഞ് പോയ സംഭവത്തെക്കുറിച്ച്. ചുവന്ന മുറിയിൽ നെഗറ്റീവിൽ നിന്ന് പ്രിൻ്റ് എടുക്കുമ്പോൾ അവർ നോക്കി നിൽക്കെ വിക്‌ടർ ലീനസ്സിൻ്റെ കട്ടി മീശ വച്ച മുഖം ട്രെയിലെ ലായനിയിൽ തെളിഞ്ഞു വന്നുവത്രേ !!!




വിഷാദാത്മകതയും പെസ്സിമിസവും ജീവിതത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയാൽ അവർക്ക് പോലും അതിൽ നിന്ന് മോചിതരാകാൻ ആഗ്രഹം ഉണ്ടാവില്ല എന്ന് തോന്നിയിട്ടുണ്ട്. ഒരിക്കൽ ഡൽഹിയിൽ മികച്ച ശമ്പളമുള്ള ഒരു ജോലി ലഭിച്ചിട്ടും വിക്‌ടർ അത് സ്വീകരിച്ചില്ല. മദ്യത്തിൽ മുങ്ങി തന്റെ അരക്ഷിതാവസ്‌ഥകളുടെയും ദുഖങ്ങളുടെയും ലോകത്ത് ജീവിക്കാൻ തന്നെയാണ് വിക്ടർ ആഗ്രഹിച്ചത്. വളരെ തിളക്കമാർന്ന ഒരു അക്കാഡമിക് ജീവിതമായിരുന്നു വിക്‌ടറിൻ്റേത്. സുവോളജിയിലും സമുദ്രജീവിശാസ്ത്രത്തിലും ബിരുദവും ബിരുദാനന്തരബിരുദവും വിക്ടർ നേടിയിരുന്നു.


വിക്‌ടർ ലീനസ്സിൻ്റെ കഥകൾ എന്ന പുസ്‌തകത്തിന് സിനിമയാകാനുള്ള സാധ്യതയുണ്ട് എന്ന് ഞാൻ കരുതുന്നു. രാജീവ് രവിയുടെ അന്നയും റസ്സുലും എന്ന സിനിമയിലെ പ്രതീക്ഷാരഹിതമായ കൊച്ചി നഗരം എന്നെ വിക്‌ടർ ലീനസ്സിൻ്റെ ലോകം ഓർമ്മിപ്പിച്ചു. പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന, പരിണാമഗുപ്തി ആവശ്യമില്ലാത്ത നഗരത്തിൻ്റെ അധോലോകങ്ങളിൽ കഴിയുന്ന മനുഷ്യരേക്കുറിച്ചുള്ള ഒരു Anthology സിനിമയായും വിക്‌ടർ ലീനസ്സിൻ്റെ കഥകളെ നമുക്ക് സങ്കൽപ്പിക്കാം. ഓരോ കഥകൾ വായിക്കുമ്പോഴും അതെല്ലാം കഥാകൃത്തിന്റെ ജീവിതത്തോട് ചേർത്ത് വായിക്കാൻ നാം പ്രേരിതരാകും. വിക്‌ടർ ലീനസ്സിൻ്റെ കഥകൾ സത്യത്തിൽ അദേഹത്തിന്റെ ആത്മകഥകളുടെ സമാഹാരമാണ്.

വിക്‌ടർ ലീനസ്സിൻ്റെ ഒരു കഥയിൽ വശ്യമായ ഒരു രംഗമുണ്ട്. കഥാനായകൻ മോട്ടോർ ബൈക്കിൽ പായുമ്പോൾ തൊട്ടു പിന്നിൽ സീറ്റ് അമരുന്നു. കഥാനായകൻ ചോദിക്കുന്നു:

"ഹൂ ദ ഡെവിൾ.....?"

ദ ഡെവിൾ ഹിം സെൽഫ് !!! പിന്നിൽ നിന്ന് മറുപടി"





Sunday, May 4, 2025

എന്‍റെ ബാങ്കിടപാടുകള്‍ (സ്റ്റീഫന്‍ ലീക്കോക്ക്)





സുപ്രസിദ്ധ കനേഡിയന്‍ ഹാസ്യ സാഹിത്യകാരന്‍ ആണ് സ്റ്റീഫന്‍ ലീക്കൊക്ക് . ഹ്യൂമറില്‍ ഒരു ലീക്കൊക്ക് ശൈലി തന്നെയുണ്ട്‌. നമ്മുടെ മലയാളത്തില്‍ വി .കെ .എന്‍ ശൈലി പോലെ. വി കെ എന്നിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ആയിരുന്നു ലീക്കൊക്ക്. അനുപമമായ വീ കെ എന്‍ ശൈലി രൂപപ്പെടുത്തുന്നതില്‍ ലീകൊക്ക് ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രസിദ്ധകഥയാണ്‌ MY FINANCIAL CAREER. ഞാന്‍ ഡിഗ്രി ഒന്നാം വര്‍ഷം പഠിച്ചതാണ് ഈ കഥ. ഞാന്‍ വിവര്‍ത്തനം ചെയ്ത ഫിനാന്‍ഷ്യല്‍ കരിയര്‍ ആണ് താഴെകൊടുക്കുന്നത്. വി കെ എന്‍ ഒരിക്കല്‍ ഈ കഥയെ പാരഡി ചെയ്ത് സര്‍ ചാത്തൂ ലീകൊക്ക് എന്നൊരു കഥ എഴുതിയത് ഓര്‍ക്കുന്നു.ഈ കഥയിലെ ആഖ്യാതാവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് മി. ബീനെ അവതരിപ്പിക്കുന്ന റൊവാന്‍ അറ്റ്‌കിന്‍സനെ ഓര്‍മ്മ വരും.


* * * * * * * * * * * * * * * *

 

ബാങ്കിനുള്ളിലെയ്ക്ക് കടക്കുമ്പോള്‍ എനിക്കൊരുള്‍ക്കിടിലമുണ്ടാകും . ബാങ്കിലെ ക്ലര്‍ക്കുമാര്‍, കമ്പിക്കൂട്ടിലെ കാഷ്യര്‍, അതിനുമപ്പുറം, കാശ് ...എല്ലാം എന്നെ കിടിലം കൊള്ളിക്കും.

ഒരു ബാങ്കിന്‍റെ പടി കടക്കുമ്പോള്‍, ബാങ്കിടപാട്‌ നടത്താനോരുങ്ങുമ്പോള്‍ ഞാനൊരു വിവരം കെട്ട മണ്ടൂസായി മാറും. എനിക്കിത് പണ്ടേ അറിയാമായിരുന്നു. പക്ഷെ ശമ്പളം കൂട്ടിയ സാഹചര്യത്തില്‍ ബാങ്കില്‍ തന്നെ ഇടാമെന്ന് തീരുമാനിക്കുകയായിരുന്നു .

അങ്ങനെ ഒരു ദുര്‍ദിനത്തില്‍ ഞാന്‍ ബാങ്കിലെത്തി. അകത്തു കയറിയ ഞാന്‍ വിരണ്ട മട്ടില്‍ ക്ലര്‍ക്കുമാരെ നോക്കി. അക്കൗണ്ട്‌ തുറക്കാന്‍ വരുന്നവന്‍ മാനേജരെ കാണണം എന്നൊരു മണ്ടന്‍ ധാരണ എങ്ങനെയോ എന്നില്‍ കടന്നു കൂടിയിരുന്നു. ഞാന്‍ അക്കൗണ്ടന്‍ഡ് എന്നെഴുതിയ മേശയ്ക്കടുത്തെയ്ക്ക് ചെന്നു. ഉയരം കൂടുതലുള്ള ഒരു ചെകുത്താന്‍മോറന്‍നായിരുന്നു അക്കൗണ്ടന്‍ഡ്.

അങ്ങേരെ കണ്ട മാത്രയില്‍ ഞാന്‍ വിരണ്ടു . ശ്മശാനാത്മകമായിരുന്നു എന്‍റെ ശബ്ദം . "മാനേജരെ ഒന്നു കാണാന്‍ പറ്റുമോ ?" കൂടെ ഗൌരവത്തില്‍ ഞാന്‍ കൂട്ടിച്ചേര്‍ത്തു , "തനിച്ച് "

എന്തിനാണ് "തനിച്ച്" എന്ന് പറഞ്ഞതെന്ന് എനിക്ക് തന്നെ അറിയാന്‍ പാടില്ല. "തീര്‍ച്ചയായും " എന്ന് പറഞ്ഞ് അക്കൗണ്ടന്‍ഡ് മാനേജരെ വിളിച്ചോണ്ടു വന്നു . ഗൌരവക്കാരനും ശാന്തനുമായ ഒരു മനുഷ്യനായിരുന്നു മാനേജര്‍ . എന്‍റെ അമ്പത്താറ് ഡോളര്‍ ഞാനൊരു പന്തുരൂപത്തില്‍ ചുരുട്ടി പോക്കറ്റിലിട്ടിരുന്നു.

"താങ്കളാണോ മാനേജര്‍?" എനിക്കതില്‍ ഒരു സംശയവുമില്ലായിരുന്നു .

"അതെ", പുള്ളി പറഞ്ഞു .

"എനിക്ക് താങ്കളെ ഒന്ന് കാണാന്‍ പറ്റുമോ , തനിച്ച് " തനിച്ച് എന്ന് പറയാന്‍ എനിക്കുദ്ദേശമില്ലായിരുന്നു , പക്ഷെ പറഞ്ഞു പോയി.

മാനേജര്‍ പേടിച്ച മട്ടില്‍ എന്നെ നോക്കി . എനിക്ക് ഭീകരമായ ഒരു രഹസ്യം പറയാനുണ്ടെന്ന് അദ്ദേഹം കരുതി.

"വരൂ" അദ്ദേഹം എന്നെ ഒരു സ്വകാര്യ മുറിയിലേക്ക് കൊണ്ടു പോയി വാതില്‍ പൂട്ടി .

"ഇവിടെ ആരും വരില്ല , ധൈര്യമായി പറഞ്ഞോളൂ " എനിക്കൊരു സീറ്റ് കിട്ടി . ഞങ്ങള്‍ ഇരുന്ന് പരസ്പരം നോക്കി . എന്‍റെ ശബ്ദം പുറത്തേയ്ക്ക് വന്നില്ല . " നിങ്ങള്‍ ഒരു ഡിറ്റക്ടീവ് ആണെന്ന് തോന്നുന്നു ? പിങ്കര്‍ടണില്‍ നിന്നാണോ?" മാനേജര്‍ ചോദിച്ചു .


എന്‍റെ നിഗൂഡമായ രീതികള്‍ കണ്ടിട്ടാവണം ഞാന്‍ ഡിറ്റക്ടീവ് ആണെന്ന് പുള്ളി കരുതിയത്‌ .


"ഞാന്‍ പിങ്കര്‍ടണില്‍ നിന്നല്ല " അത് കേട്ടാല്‍ മറ്റേതെങ്കിലും ഏജന്‍സിയില്‍ നിന്നാണ് ഞാന്‍ വന്നതെന്ന് തോന്നുമായിരുന്നു .

"സത്യം പറയട്ടെ " ഞാന്‍ പറഞ്ഞു (ആരോ നുണ പറയാന്‍ പ്രേരിപ്പിച്ച മട്ടില്‍) ഞാനൊരു ഡിറ്റക്ടീവേയല്ല . ഞാനൊരു അക്കൗണ്ട്‌ തുറക്കാന്‍ വന്നതാണ്. എന്‍റെ പണം മുഴുവന്‍ ഈ ബാങ്കില്‍ നിക്ഷേപിക്കാനാണെന്‍റെ തീരുമാനം."


മാനേജര്‍ക്ക് ആശ്വാസമായെന്നു തോന്നുന്നു .പക്ഷെ ഗൗരവം വിട്ടില്ല . ഞാനൊരു കോടീശ്വരനോ മറ്റോ ആണെന്ന് പുള്ളി കരുതിയെന്ന് തോന്നി .

"ഒരു വല്യ തുകയാണെന്നു ഞാന്‍ കരുതുന്നു " അദ്ദേഹം പറഞ്ഞു . "സാമാന്യം വലുത് " ഞാന്‍ മന്ത്രിച്ചു "ഇപ്പോള്‍ അമ്പത്താറു ഡോളറും പിന്നെ എല്ലാ മാസവും അമ്പത് ഡോളറും "


കേട്ട മാത്രയില്‍ ദുഷ്ടന്‍ മാനേജര്‍ എണീറ്റ്‌ പോയി വാതില്‍ തുറന്നു . എന്നിട്ട് അക്കൗണ്ടന്‍ഡിനെ വിളിച്ചു, ഒട്ടും ദയയില്ലാത്ത വിധം ഉച്ചത്തില്‍.


"എടേ... മോണ്ട്ഗോമറീ , ദാ , ഇദ്ദേഹം ഒരു അക്കൗണ്ട്‌ തുറക്കാന്‍ വന്നതാണ് . വേണ്ടതെന്താണെന്നു വച്ചാല്‍ ചെയ്ത് കൊട് .

"എന്നാല്‍ ആട്ടെ , നമസ്കാരം " എന്നോട്.

ഞാന്‍ എണീറ്റു . മുറിയുടെ സൈഡിലായി ഒരു വലിയ ഇരുമ്പു വാതില്‍ തുറന്നു കിടന്നു . "നമസ്കാരം" എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ വെപ്രാളത്തില്‍ ആ വാതിലിനുള്ളിലൂടെ സേഫിനകത്തേയ്ക്ക് കയറി .

"ഹേ ..അതല്ല ..ഇതാണ് വഴി".മാനേജന്‍ ക്രൂരമായി പറഞ്ഞു .

ഞാന്‍ കമ്പിക്കൂട്ടിലെ ക്ലെര്‍ക്കിന്‍റെ യടുത്തു ചെന്ന് പോക്കറ്റില്‍ പന്ത് രൂപത്തില്‍ ചുരുട്ടിപ്പിടിച്ചിരുന്ന പണം ഒരു മാജിക് കാണിക്കുമ്പോലെ അകത്തേയ്ക്കിട്ടു കൊടുത്തു . എന്‍റെ മുഖം പ്രേതം പോലെ വിളറിയിരുന്നു . "ദാ -ഞാന്‍പറഞ്ഞു- നിക്ഷേപിച്ചോ - വളരെ വേദനാജനകമായ ഒരു കാര്യം പറയുന്നത് പോലെ.


അങ്ങേര്‍ ആ പണം എടുത്തു മറ്റൊരു ക്ലെര്‍ക്കിനു കൈമാറി . അയാള്‍ ആ തുക ഒരു സ്ലിപ്പില്‍ എഴുതിപ്പിക്കുകയും ഒരു ബുക്കില്‍ എന്നെക്കൊണ്ട് ഒപ്പിടീ ക്കുകയും ചെയ്തു . എന്താണ് സംഗതി എന്നൊന്നും എനിക്ക് പിടി കിട്ടിയില്ല . ബാങ്ക് എന്‍റെ കണ്ണിനു മുന്നില്‍ വട്ടം തിരിയുന്നത് പോലെ എനിക്ക് തോന്നി .


" നിക്ഷേപിച്ചോ ?-ഗുഹയില്‍ നിന്ന് പുറപ്പെടും പോലെയുള്ള ശബ്ദത്തില്‍, വിറച്ചു കൊണ്ട് ഞാന്‍ ചോദിച്ചു

" നിക്ഷേപിച്ചു " അക്കൗണ്ടന്‍ഡ് പറഞ്ഞു .


"എങ്കില്‍ എനിക്കൊരു ചെക്ക് വേണം " തല്കാലത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി ആറ് ഡോളര്‍ പിന്‍വലിക്കാനായിരുന്നു എന്‍റെ പരിപാടി .

ആരോ എനിക്കൊരു ചെക്ക് ബുക്ക് നീട്ടി . മറ്റാരോ എങ്ങനെയാണ് അതില്‍ എഴുതേണ്ടതെന്ന് വിവരിച്ചു . വിവരമില്ലാത്ത ഒരു കോടീശ്വരനാണ് ഞാനെന്നു ബാങ്കുകാര്‍ കരുതിയെന്ന് തോന്നുന്നു. ഞാന്‍ ചെക്കില്‍ എന്തോ എഴുതി ക്ലെര്‍ക്കിനു നേരെ നീട്ടി .

അങ്ങേര്‍ അത് മേടിച്ചു നോക്കി . " എന്ത് ! നിങ്ങള്‍ ഇട്ട പണം മുഴുവന്‍ പിന്‍വലിക്കുകയാണോ?" അയാള്‍ അമ്പരപ്പോടെ എന്നോട് ചോദിച്ചു .

നാശം പിടിക്കാന്‍ ആറിനു പകരം ഞാന്‍ അമ്പത്താറെന്നാണ് എഴുതിയതെന്ന് അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ .

ഇനി അതൊന്നും വിശദീകരിക്കാന്‍ പറ്റില്ലെന്നും, അത് അസാധ്യമാണെന്ന് എനിക്ക് തോന്നി . ക്ലെര്‍ക്കുമാരെല്ലാം അത്ഭുതത്തില്‍ എഴുത്ത് നിര്‍ത്തി എന്നെ നോക്കി. അത് കൊണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു :


"അതെ . മുഴുവന്‍ തുകയും ഞാന്‍ പിന്‍വലിക്കുകയാണ്‌ .


"ഇപ്പോള്‍ നിക്ഷേപിച്ച തുക മുഴുവന്‍ പിന്‍ വലിക്കുകയാണെന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത് ?


"അതെ. മുഴുവനും . ഓരോ ചില്ലിയും ."


"അപ്പം ഡെപ്പോസിറ്റ് ചെയ്യുന്നില്ലെന്നാണോ?-അന്തം വിട്ട ക്ലെര്‍ക്ക്‌ ചോദിച്ചു .


"അതെ. ചെയ്യുന്നില്ല "


ബാങ്കിലെ ജീവനക്കാരുടെ പെരുമാറ്റം ഇഷ്ടപ്പെടാതെ ഞാന്‍ പിണങ്ങിയതാണ് എന്ന്  അവര്‍ കരുതിക്കോട്ടെ എന്ന് ഞാന്‍ വിചാരിച്ചു . ഞാന്‍ ക്ഷിപ്രകോപിയായ ഒരു മനുഷ്യന്‍റെ ഭാവം പൂണ്ടു .

ക്ലെര്‍ക്ക് എനിക്ക് പണം തരാനോരുങ്ങി . "എങ്ങനെയാണ് പണം വേണ്ടത് ?

"എന്തോന്ന് ?"

"അല്ല ..പണം എങ്ങനെയാണ് വേണ്ടതെന്ന്‍ ചോദിക്കുവായിരുന്നു "

"ഓ ...അമ്പതായിട്ട് ..." അങ്ങേര്‍ ഒരമ്പതിന്‍റെ നോട്ട് തന്നു .

"ആറ് എങ്ങനെ വേണം ?"

"ആറായിട്ട്.." ഞാന്‍ പറഞ്ഞു .


അങ്ങേര്‍ അതെനിക്ക് തന്നതും ഞാന്‍ ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു .


ബാങ്കിന്‍റെ വാതില്‍ കടന്നപ്പോള്‍ എനിക്ക് പിന്നില്‍ അട്ടഹാസം പോലെ പൊട്ടിച്ചിരി ഉയരുന്നത് ഞാന്‍ കേട്ടു . ബാങ്ക് തകരുകയാണെന്നാണ് ഞാന്‍ കരുതിയത് .


അതിന് ശേഷം ഞാന്‍ ബാങ്കില്‍ പോയിട്ടേയില്ല . ഞാനിപ്പം കാശ് എന്‍റെ കോണകത്തിന്‍റെ പോക്കറ്റിലാണ് സൂക്ഷിക്കുന്നത് . സമ്പാദ്യം എന്‍റെ ഷൂസിന്‍റെ സോക്സിനുള്ളിലും .