Wednesday, April 30, 2025

രാത്രി





പടിഞ്ഞാറ് താഴുന്നു സൂര്യന്‍.
സായാഹ്നതാരം തിളങ്ങുന്നു.
കൂടുകളില്‍ പക്ഷികള്‍  നിശബ്ദര്‍.
ഇനിയെനിക്കെന്‍റെ കൂടണയണം,
ഉയരെ സ്വര്‍ഗ്ഗത്തിന്‍ തണലില്‍
ഒരു പൂവ് പോലെ നിലാവ്
നിശബ്ദഹര്‍ഷം
രാത്രിയോട് പുഞ്ചിരിക്കുന്നു.

പക്ഷികള്‍ സ്വച്ഛം ചേക്കേറിയ
പാടങ്ങള്‍ക്കും ആനന്ദകരമായ
ചെറുവനത്തിനും വിട.
കുഞ്ഞാടുകള്‍ മേയുന്നിടങ്ങളില്‍
നിശബ്ദം പതിയും
മാലാഖമാരുടെ ജ്വലിക്കും കാല്‍പടം.
അദൃശ്യം അവിരാമം
അവര്‍ ചൊരിയും
ഓരോ മൊട്ടിലും പൂവിലും
മയങ്ങുന്ന ഓരോ നെഞ്ചിലും
അനുഗ്രഹം ആഹ്ലാദം.


പക്ഷികള്‍ സ്വച്ഛമുറങ്ങുന്ന
കൂട്ടിലോരോന്നിലും അവരുടെ നോട്ടമെത്തുന്നു..
ഓരോ മൃഗത്തിന്‍റെയും ഗുഹ സന്ദര്‍ശിച്ച്
അവയെ സുരക്ഷിതരാക്കുന്നു.
സ്വച്ഛം മയങ്ങേണ്ടവര്‍
കരയുന്നത് കാണ്‍കെ
അരികിലിരുന്നവയുടെ
ശിരസ്സില്‍ ഉറക്കം തളിക്കുന്നു.

നായ്ക്കളും നരികളും ഇര തിരഞ്ഞോരിയിടുമ്പോള്‍
സഹതപിച്ച് കരയു,ന്നവര്‍.
വിശപ്പിനെ ആട്ടിത്തെളിച്ച്
ചെമ്മരിയാടുകളില്‍ നിന്നവയെ അകറ്റുന്നു.
എന്നാല്‍ ഭീഷണമായി അവര്‍ പാഞ്ഞടുത്താലോ
കരുതലോടെ ഇരയുടെ
ലോലമായ ആത്മാവിനെ സ്വീകരിച്ച്
പുതിയൊരു ലോകത്തേയ്ക്കാനയിക്കുന്നു.

ഇനി അവിടെയോ,
സിംഹത്തിന്‍റെ ചോരക്കണ്ണുകളില്‍
ദയാവായ്പിന്‍ സ്വര്‍ണാശ്രു പൊഴിയും.
ആട്ടിന്‍പറ്റങ്ങളെച്ചുറ്റി
ലോലവിലാപങ്ങളോട് സഹതപിച്ച്
അവന്‍ പറയും:
ചിരന്തനമായ ഈ പകലില്‍ നാം
ക്ഷോഭത്തെ ശാന്തി കൊണ്ടും
രോഗത്തെ സൌഖ്യം കൊണ്ടും അകറ്റുന്നു.


ഇനിയീ കുഞ്ഞാടിനരികില്‍
എനിക്ക് മയങ്ങാം, നിന്‍റെ നാമം വഹിക്കുന്ന
അവനെ നിനച്ച്
നീ മേയുന്നതിനൊപ്പം ചരിച്ച് വിലപിക്കാം.
എന്തെന്നാല്‍, ജീവന്‍റെ നദിയില്‍
എന്‍റെ സടയിലെ രോമങ്ങള്‍
എന്നേയ്ക്കും ശുദ്ധമായിരിക്കുന്നു.
പറ്റത്തിന് ഞാന്‍ കാവല്‍
നില്‍ക്കെ സ്വര്‍ണം കണക്കെ
അവ ശോഭിക്കും.



(William Blake "Night")
വിവര്‍ത്തനം: മരിയ റോസ് 



No comments:

Post a Comment