Thursday, January 30, 2025

തണുത്ത വെളുപ്പാന്‍ കാലങ്ങളില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്

 

ലീ ഹണ്ട്

വിവര്‍ത്തനം: മരിയ റോസ്

 റ്റാലിയന്‍ കവിയും പള്ളീലച്ചനുമായ  ജൂലിയോ കോര്‍ഡാര പ്രാണികളെക്കുറിച്ച് ഒരു കവിതയെഴുതിയത്രേ. ഇവറ്റകളെ സൃഷ്ടിച്ചത്  മനുഷ്യനെ ഉപദ്രവിക്കാന്‍ വേണ്ടി മാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്.  അത് കൊണ്ട് തന്നെ പറുദീസയില്‍ പ്രാണികളില്ല എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. വിയോജിപ്പുള്ളവരുണ്ടാകാം. പക്ഷെ സ്വര്‍ഗത്തില്‍ എല്ലാം സുഖകരമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.  മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാടുകള്‍  ഒന്നും അവിടെയില്ല. ഉദാഹരണത്തിന്, സ്വര്‍ഗ്ഗത്തില്‍ ആര്‍ക്കും ഷേവ് ചെയ്യേണ്ടതില്ല.  ആദം ഷേവ് ചെയ്തതായി അറിവില്ല. സ്വര്‍ഗത്തിലെ കാലാവസ്ഥയും വളരെ സുഖകരമാണ്. കടുത്ത മഞ്ഞും തണുപ്പു മൊന്നും അവിടെയില്ല.  പഴം കഴിച്ച ശേഷം ഹവ്വ മഞ്ഞില്‍ കൂടി നടന്നതായും കേട്ടറിവില്ല.  അതുകൊണ്ട് തന്നെ സ്വര്‍ഗത്തില്‍ ആര്‍ക്കും തണുത്ത കൊച്ചു വെളുപ്പാന്‍ കാലത്ത് എഴുന്നേല്‍ക്കേണ്ട ഗതികേട് ഉണ്ടാവില്ല എന്ന് കരുതാം. 

 

കൊടും തണുപ്പുള്ള പുലര്‍കാലങ്ങളില്‍ എഴുന്നേല്‍ക്കുക വളരെ എളുപ്പമാണ് എന്നാണ് ചിലരുടെ അഭിപ്രായം. ഒരു തീരുമാനമെടുക്കു ന്ന പ്രയാസമേയുള്ളുവത്രെ. സ്കൂളില്‍ നിന്ന് അടി കിട്ടുന്നതിനെ ക്കുറിച്ച് ആരോ പറഞ്ഞതാണ്. കിട്ടുമ്പോഴുള്ള വേദനയേ ഉള്ളൂ. കഴിഞ്ഞാല്‍ കഴിഞ്ഞു. കാര്യം ചര്‍ച്ച ചെയ്യാന്‍ എളുപ്പമാണ്. നടപ്പിലാക്കല്‍ എളുപ്പമല്ല. എന്ന് വച്ച് ചര്‍ച്ച ചെയ്യുന്നത് വെറുതെയാണ് എന്നില്ല. ഒരു ബുദ്ധിമാനായ ഒരാള്‍ക്ക്  ഈ ചര്‍ച്ചയും ആസ്വദിക്കാം. നല്ല തണുപ്പുള്ള പ്രഭാതത്തില്‍  പുലര്‍ച്ചെ  തലയ്ക്ക് മീതെ പുതപ്പും മൂടി എഴുന്നെല്‍ക്കണോ വേണ്ടയോ എന്ന ആലോചനയില്‍ മുഴുകി അരമണിക്കൂര്‍ കിടക്കുന്നത്  ഒന്ന് ആലോചിച്ച് നോക്കിക്കേ.

 

ഒരു വാദം ആകുമ്പോള്‍ രണ്ട് വശത്തുള്ളവരെയും പരിഗണിക്കണം. അതായത്, ഉറങ്ങുന്നവരെയും ഉണര്‍ത്തുന്നവരെയും. താന്‍ പിടിക്കുന്നയിടം ജയിക്കണം എന്ന പോലെ വാദിക്കുന്നവരാണ് അധികവും.  ഇത്തരക്കാര്‍ നിങ്ങളെ ഉണര്‍ത്താന്‍ വേണ്ടി കിടക്കയ്ക്കരികില്‍ വന്ന് നില്‍ക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. അത് കൊണ്ട് ഉറങ്ങുന്നവര്‍ പറയുന്നതും ഉണര്‍ത്തുന്നവര്‍ പറയുന്നതും പരിഗണിക്കണം. മര്‍ക്കടമുഷ്ടിക്കാര്‍ക്ക് ഭാവനയില്ല. പൊതുവേ ചിന്താശേഷി കുറവുള്ള കുതിരവണ്ടിക്കാരാണ്  അവരെ ക്കാള്‍ ഭേദം 

 

പുലര്‍കാലത്തെ എഴുന്നേല്‍പ്പിനെക്കുറിച്ച് വളരെ ഗഹനമായ പഠനം തന്നെ നടത്തണമെന്നാണ് എന്‍റെ അഭിപ്രായം. മടിയനായ ഒരു ഉറക്കക്കാരന്‍റെ വാദങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കണം.  നമ്മുടെ നായകന്‍റെ ആദ്യത്തെ വാദം രാത്രി മുഴുവന്‍ തന്‍റെ ബോഡി വളരെ "വാം" ആയിരുന്നെന്നും താനിപ്പോള്‍ ഒരു 'ഉഷ്ണരക്തമുള്ള' ജീവിയാണ് എന്നും ഈ ഉഷ്ണമുള്ള പരിസരത്ത് നിന്ന് തണുപ്പിലേയ്ക്ക് ഇറങ്ങുന്നത് തന്‍റെ ശരീരത്തിന് കേടാണ് എന്നുമായിരിക്കും. നരകതുല്യമായ ഈ ഭീകരാവസ്ഥയെ ക്കുറിച്ച് വിവരിച്ചു കൊണ്ട് കവി പറയും, ചൂടില്‍ നിന്ന് തണുപ്പിലേയ്ക്കുള്ള ഈ നീക്കം ജീവിതത്തിലെ ഏറ്റവും ഭീകരമായ ഒന്നാണെന്ന്.  നിങ്ങളെ തീയില്‍ നിന്ന് മഞ്ഞിലേയ്ക്ക് വലിച്ചിടുന്ന യക്ഷികളാണ്  ഇത്തരം ഉണര്‍ത്തലുകാര്‍. ഉണരാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ആദ്യം നിരീക്ഷിക്കുക, തുറന്ന് കിടക്കുന്ന, തണുത്തുറഞ്ഞ തലയിണയും ബെഡ് ഷീറ്റുകളുമായിരിക്കും. ശ്വാസം വിടുമ്പോള്‍   വീടിന്‍റെ ചിമ്മിനിയില്‍ നിന്നെന്ന പോലെ മൂക്കിലൂടെയും വായിലൂടെയും പുക പോകുന്നത് കാണാം.  ജനാലകള്‍ തണുത്തുറഞ്ഞിരിക്കും. അപ്പോള്‍ 

നിങ്ങളുടെ ജോലിക്കാരന്‍ നിങ്ങളെ ഉണര്‍ത്താന്‍ വരും.  അപ്പോള്‍ നിങ്ങള്‍:

"ഇന്ന് രാവിലെ നല്ല തണുപ്പാണ് അല്ലേ?"

 "അതെ, സര്‍, മുടിഞ്ഞ തണുപ്പാണ്".

 "ഭയങ്കര തണുപ്പാണ്, അല്ലേ?", 

"അതെ, ഭയങ്കര..." 

"സാധാരണ ഉള്ളതിനെക്കാള്‍ അല്ലേ?"

 (ഇത്രയുമാകുമ്പോഴേയ്ക്കും ആ മനുഷ്യന്‍റെ ക്ഷമയുടെ പരിധി എത്തിയിരിക്കും) 

"എന്ന് തോന്നുന്നു, സര്‍."

 "ഇപ്പം എണീക്കാം, അതിന് മുന്‍പ് കുറച്ച് ചൂടുവെള്ളം കൊണ്ട് വരാമോ?" 

അങ്ങനെ  ജോലിക്കാരന്‍ പോകുന്നതും ചൂടുവെള്ളം വരുന്നതിനുമിടയില്‍ നല്ലൊരു ഇടവേള കിട്ടുന്നു. എഴുന്നേല്‍ക്കുന്നതും ചൂടുവെള്ളവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. അങ്ങനെ ചൂടുവെള്ളം വരുന്നു. അപ്പോള്‍:

        "എങ്ങനെയുണ്ട്, ചൂടുണ്ടോ?"

        "ഉണ്ട്, സര്‍.",

 "ചിലപ്പോള്‍ ഷേവ് ചെയ്യാന്‍ ആ ചൂട് കൂടുതലായിരിക്കും, അല്ലിയോ?"        

"ഇല്ല, സര്‍. ഷേവ് ചെയ്യാന്‍ കറക്റ്റ് ചൂടാണ്." 

"എന്‍റെ ഷര്‍ട്ട് അല്‍പം തണുത്തിരിക്കുകയാണ്. ഒന്ന് ഉണക്കാനിടണം. ഈ ലിനന്‍ തുണികള്‍ ഈ കാലാവസ്ഥയില്‍ ഉണങ്ങാന്‍ പാടാണ്." അതാ, പുള്ളി ഉണക്കാന്‍ പോയി.

അതാ, അങ്ങനെ മധുരതരമായ അഞ്ചു മിനിറ്റുകള്‍ കൂടി കിട്ടിയിരിക്കുന്നു. അതാ, വീണ്ടും വാതിലില്‍ മുട്ട്! 

", ഷര്‍ട്ട് ഉണങ്ങിയോ, എങ്കില്‍ എന്‍റെ സോക്സും കൂടി ഒന്ന് ഉണക്കാനിടൂ."   

"ശരി, സര്‍." വീണ്ടും അഞ്ച് മിനിറ്റ്.

ഒടുവില്‍ എല്ലാം റെഡിയായി. ഞാന്‍ ഒഴികെ.

ഇനി ഷേവിംഗ് ആണ് ഏറ്റവും ഭീകരമായ പരിപാടി. അനാവശ്യവും ദുഷ്ടത നിറഞ്ഞതുമായ ഒരു പ്രവര്‍ത്തി. പൌരുഷത്തെ നശിപ്പിക്കുന്ന ഒന്ന്. വെറുതെയല്ല, ഫ്രഞ്ച് രാജ്ഞിഷേവ് ചെയ്ത് മുഖം  പെണ്ണുങ്ങളുടേത്  പോലെയാക്കി മാറ്റിയ രാജാവിനെതിരെ കലാപമുണ്ടാക്കിയത്. ജൂലിയന്‍ ചക്രവര്‍ത്തിയെ താടിയില്ലാതെ ആരും കണ്ടിട്ടേയില്ല. കര്‍ദിനാള്‍ ബിമ്പോയെ നോക്കൂ. എന്തിന്, മൈക്കല്‍ ആഞ്ജലോയെ നോക്കൂ. ഷേക്സ്പിയര്‍ഫ്ലെച്ചര്‍, സ്പെന്‍സര്‍, ചോസര്‍ആല്‍ഫ്രഡ് രാജാവ്, പ്ലാറ്റോ, വാച്ചിന്‍റെ ഓരോ ടിക്കിനുമൊപ്പം ഓരോ താടിക്കാരെ എനിക്ക് പറയാനാകും. തുര്‍ക്കിക്കാരെ കണ്ട് പഠിക്കൂ. ഹാറൂണ്‍ അല്‍ റാഷിദ്, പേര്‍ഷ്യാക്കാര്‍ അങ്ങനെ പോകുന്നു താടിക്കാരുടെ മാഹാത്മ്യം. ഷേവ് ചെയ്യാനുള്ള ആ കത്തിയുടെ കാര്യം തന്നെ എടുക്കുക.  ഇത് പോലെ തണുത്തുറഞ്ഞ ഒരു സംഗതി നിങ്ങള്‍ക്ക് വേറെ കാണാന്‍ പറ്റില്ല. കിടക്കയുടെ ഊഷ്മളമായ അനുഭവത്തിന്‍റെ നേരെ എതിര്‍വശത്താണ് ക്ഷൌരക്കത്തി. തണുത്ത വിരലുകള്‍, ഉറഞ്ഞ ടവല്‍ജഗ് നിറയെ ഐസായ വെള്ളംഎന്തൊക്കെ വെല്ലുവിളികളാണ്.

 

കവി തോംസണ്‍ തന്‍റെ സീസണ്‍സ് എന്ന കവിതയില്‍ "കിടക്കയെന്നാല്‍ കപടമായ ആഡംബരമാണ്! അതിലേറിയാല്‍ മനുഷ്യന്‍ എഴുന്നേല്‍ക്കുമോ?" എന്ന് നിരീക്ഷിക്കുന്നു. ആ പറഞ്ഞ തോംസണ്‍ ഉച്ച വരെ കിടന്നുറങ്ങുന്ന കക്ഷിയായിരുന്നു എന്നതാണ് വാസ്തവം. തനിക്ക് എഴുന്നേല്‍ക്കുക എന്ന ഉദ്ദേശ്യമേ ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്. കാലത്തുണരുന്നതിന്‍റെ മെച്ചങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തനിക്ക് കഴിയുന്നുണ്ട് എന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ എണീക്കാതിരിക്കുന്നതിന്‍റെ മെച്ചങ്ങളെക്കുറിച്ചും അദ്ദേഹത്തിന് സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ട്. ആ കവിത വേനല്‍ക്കാലത്ത് എഴുതിയതാണ്. മഞ്ഞുകാലത്തായിരുന്നെങ്കില്‍ അദ്ദേഹം അങ്ങനെ എഴുതുമായിരുന്നില്ല. ഓരോ വ്യക്തികള്‍ അനുസരിച്ച് അവരുടെ ഉണരല്‍ ശീലങ്ങള്‍ വ്യത്യാസപ്പെടാം. കാശ് കാശ് എന്നും പറഞ്ഞ് ഓടുന്നവര്‍ മൂന്നോ നാലോ പെന്‍സ് നാണയം തരാമെന്ന് പറഞ്ഞാലും കിടക്കയില്‍ നിന്ന് പൊങ്ങും.  പക്ഷെ ഒരു വിദ്യാര്‍ഥിയെ അങ്ങനെയൊന്നും എണീപ്പിക്കാന്‍ കഴിയുകയില്ല. അഭിമാനിയായ മനുഷ്യന്‍ "ഛെ! എണീറ്റില്ലെങ്കില്‍ എന്നെക്കുറിച്ച് ഞാന്‍ എന്ത് കരുതും" എന്ന് വിചാരിക്കും. വളരെ യാന്ത്രികമായി ജീവിക്കുന്ന മനുഷ്യന്‍ യാതൊരു പുകിലുമില്ലാതെ കൂളായി എഴുന്നേല്‍ക്കും. ഉച്ച വരെ ഉറങ്ങുന്നത് ആരോഗ്യത്തിന് കൊള്ളില്ലെന്നും ദീര്‍ഘായുസ്സിന് ദോഷമാണ് എന്നുമൊക്കെ പറയുന്നതിന് തെളിവ് വല്ലതുമുണ്ടോ   എന്നാണ് ചില ഉറക്കക്കാര്‍ ചോദിക്കുന്നത്. ചിലര്‍ മൃഗങ്ങള്‍ മഞ്ഞുകാലം മുഴുവന്‍ ഉറക്കമായിരിക്കും എന്നും അവര്‍ സൂചിപ്പിക്കും. ഇനി ദീര്‍ഘായുസ്സിന് ദോഷമാണ് എന്ന് തന്നെയിരിക്കട്ടെഈ ദീര്‍ഘായുസ്സ് അത്ര നല്ല സംഗതിയാണ് എന്നാരാണ് പറഞ്ഞത്? ഹോള്‍ബോണ്‍ സ്ട്രീറ്റ് ലണ്ടനിലെ ഏറ്റവും നീളമുള്ള സ്ട്രീറ്റ് ആണ്. എന്ന് വച്ച് അത് ലണ്ടനിലെ ഏറ്റവും നല്ല സ്ട്രീറ്റാണ്  എന്നര്‍ത്ഥമില്ലല്ലോ. 

 

ഒരാളെ കിടക്കയില്‍ നിന്ന് എണീപ്പിക്കണമെങ്കില്‍ ആദ്യം അയാള്‍ പറയുന്നത് കുറച്ചെങ്കിലും സമ്മതിച്ചു കൊടുക്കുക. അയാള്‍ പറയുന്നത് ഗംഭീര ആശയമാണ് എന്ന് പറയുക. ഉജ്വലമായ ഒരു വക്കീല്‍ കരിയറിന് ഒരു വാഗ്ദാനമാണ് അയാള്‍ എന്ന് പറയുക. എന്നിട്ട് വളരെ അനുഭാവത്തോടെ അദ്ദേഹത്തെ നോക്കുക. പ്രാതല്‍ റെഡിയായിരിക്കുകയാണ് എന്നും താന്‍ കഴിക്കാന്‍ വേണ്ടി താങ്കളെ കാത്ത് നില്‍ക്കുകയാണ് എന്നും താങ്കള്‍ ഇല്ലാതെ പ്രാതല്‍ കഴിക്കുന്നതിനോട് തനിക്ക് യാതൊരു അഭിപ്രായവുമില്ല എന്നും പറയുക. താങ്കള്‍ എഴുന്നേറ്റില്ല എങ്കില്‍ വീടിന് ഒരു അടുക്കും ചിട്ടയും വരില്ല എന്നും  കൂടി കാച്ചുക. അയാള്‍ എഴുന്നേറ്റാല്‍ വീട് കീഴ്മേല്‍ മറിക്കുമെന്ന് നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരിക്കും. പക്ഷെ കാര്യങ്ങളെ എളുപ്പമാക്കാന്‍ വേണ്ടി സഹിക്കുക. ഇത്രയും കഴിഞ്ഞതിന് ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് ചില ആശങ്കകള്‍ പ്രകടിപ്പിക്കുക. അദ്ദേഹത്തിന് ഒരു ഏനക്കേട് വന്നാല്‍ അത് മറ്റുള്ളവരെയും ബാധിക്കും എന്ന് തട്ടിവിടുക. എന്നിട്ടും ഉറക്കം തൂങ്ങുന്നുണ്ടെങ്കില്‍ കുറച്ച് നേരം തൂങ്ങാന്‍ അനുവദിക്കു ക. തലയിണയെക്കാളും പുതപ്പിനെക്കാളും ആകര്‍ഷകമാണ് നല്ല രണ്ട് വാക്ക്. 


മറ്റ് ചില ടെക്നിക്കുകള്‍ കൂടിയുണ്ട്. കാമുകിയോടാണ് എങ്കില്‍, കൂടുതല്‍ സമയം ഉറങ്ങിയാല്‍, തടി കൂടും എന്ന് പറയുക. ഒരു അച്ഛനോടാണ് എങ്കില്‍, കുട്ടികള്‍ക്ക് നല്ല മാതൃക കാണിച്ചു കൊടുക്കാന്‍ പറയുക. സൌന്ദര്യബോധമുള്ള സ്ത്രീയാണ് എങ്കില്‍ കൂടുതലുറക്കം അവരുടെ "ഫിഗറി"നെ ബാധിക്കും എന്ന് പറയുക. വിദ്യാര്‍ഥിയോ, കലാകാരനോ ആകട്ടെ, ദിവസത്തിന്‍റെ ഏറ്റവും പ്രയോജനകരമായ  സമയത്ത് എണീറ്റ് ജോലിയെടുക്കാന്‍ പറയുക. 

 

ഇത്രയുമൊക്കെ പറയുമ്പോള്‍ വായനക്കാരന് എഴുത്തുകാരനോട് ചില ചോദ്യങ്ങളൊക്കെ ചോദിക്കാന്‍ അവകാശമുണ്ട്.

 

വായനക്കാരി:  പറയൂ, മി. ഉപദേശി, ഇക്കാര്യത്തില്‍ നിങ്ങളുടെ രീതി എന്താണ്? 

ഉപദേശി: , മാഡം, ശരിക്കും, എല്ലാ ഉപദേശകരെയും പോലെ തന്നെ. 

വായനക്കാരി:  പണ്ടത്തെ പള്ളിപ്രസംഗം കേള്‍ക്കുമ്പോള്‍ തോന്നുന്ന അവിശ്വാസം താങ്കളുടെ പ്രഭാഷണം കേള്‍ക്കുമ്പോള്‍ തോന്നുന്നില്ല എന്ന് സമ്മതിക്കാം. എന്നാലും എനിക്ക് എന്‍റേതായ ചില സംശയങ്ങളുണ്ട്. താങ്കളുടെ ചിരിയില്‍ എന്തോ കള്ളലക്ഷണം ഞാന്‍ കാണുന്നു. ഞാന്‍ നാളെ രാവിലെ താങ്കളെ ഒന്ന് സന്ദര്‍ശിക്കാം എന്ന് കരുതുകയാണ്... 

ഉപദേശി: ആഹ്! മാഡം, താങ്കളെപ്പോലെ പ്രസന്നയായ ഒരാള്‍ സന്ദര്‍ശിക്കുന്നത് എന്‍റെ ഭാഗ്യം. കൃത്യം ഒമ്പത് മണിയ്ക്ക് ഞാന്‍ എണീക്കും--അത്--അതായത്—ആറുമണിയ്ക്ക് !!!

 

..........................

No comments:

Post a Comment