Saturday, October 19, 2024

ഞങ്ങടെ വീട്ടില്‍ പ്രേതം കയറിയ രാത്രി...

 





കഴിഞ്ഞ നവംബര്‍ പതിനേഴാം തിയതി രാത്രി ഞങ്ങടെ വീട്ടില്‍ കയറിയ പ്രേതം ഉണ്ടാക്കിയ കോലാഹലങ്ങള്‍ പറയാതിരിക്കുകയാണ് ഭേദം ! അതിനെ ശ്രദ്ധിക്കാതിരിക്കുന്നതായിരുന്നു  നല്ലത് എന്ന് പിന്നീട് തോന്നി. അതിനെത്തുടര്‍ന്ന് എന്തെല്ലാമാണ് നടന്നത് !! എന്‍റമ്മച്ചി ഒരു ചെരിപ്പെടുത്ത് അയല്‍വീട്ടിലെ ജനാലയ്ക്ക് നേരെ എറിയുകയും അപ്പൂപ്പന്‍ ഒരു പോലീസുകാരനെ വെടി വയ്ക്കുകയും ചെയ്തു. അതാണ്‌ ഞാന്‍ പറഞ്ഞത് , ശ്രദ്ധിക്കാതിരുന്നാ മതിയായിരുന്നു.


രാത്രി ഏതാണ്ട് ഒന്നേകാല്‍ മണിയായപ്പോഴാണ് ഹാളിലെ ഡൈനിംഗ് ടേബിളിനു ചുറ്റുമായി ആരാണ്ടോ നടക്കുന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്.  അമ്മച്ചി മോളിലെ മുറിയിലായിരുന്നു കിടപ്പ്. ഞാനും അനിയന്‍ ഹെര്‍മനും മോളില്‍ തന്നെ. അപ്പൂപ്പന്‍ തട്ടുമ്പുറത്തായിരുന്നു. ഞാന്‍ കുളി കഴിഞ്ഞു കേറി മേല് തുടച്ചോണ്ട് നില്‍ക്കുമ്പഴാണ് ആ ശബ്ദം കേട്ടത്.  ആരോ ആണുങ്ങള് നടക്കുന്ന പോലെ. ഞാന്‍ പതിയെ താഴത്തെയ്ക്ക് ഒന്ന് പാളി നോക്കി.  മേശ കണ്ടൂടാ. പക്ഷെ ആരോ അപ്പഴും നടക്കുന്നുണ്ട്.  എന്‍റെ അപ്പച്ചനോ റോയിച്ചെട്ടനോ ന്യൂയോര്‍ക്കില്‍ നിന്ന് മടങ്ങിയെത്തിയതാണ് എന്നാണു ആദ്യം ഞാന്‍ കരുതിയത്. ഇനി വല്ല കള്ളനുമായിരിക്കുമോ എന്ന് പിന്നീട് തോന്നി. പക്ഷെ അത് പ്രേതമായിരിക്കുമെന്ന് അപ്പഴും എനിക്കങ്ങ് പോയില്ല.


ഏതാണ്ട് മൂന്ന് മിനിറ്റോളം കാല്‍ പെരുമാറ്റം കേട്ട് കാണും. ഞാന്‍ പയ്യെ പൂച്ചക്കാലില്‍ നടന്ന് ഹെര്‍മന്‍റെ മുറിയിലെത്തി .

"ശ് ശ് ശ് ....എടേ...എണീരെടേ..."

"എന്തോന്ന് ?" അവന്‍ പതിഞ്ഞ ശബ്ദത്തില്‍ മുരണ്ടു.


ഞാന്‍ പറഞ്ഞു : "എടേ,  താഴെ എന്തോ ശബ്ദം കേക്കുന്നു".


 ഞാനും അവനും കൂടി പമ്മി പമ്മി കോവണിയുടെ അറ്റം വരെ വന്നു താഴോട്ട് പാളി നോക്കി.  ഇപ്പം ഒന്നും കേള്‍ക്കാനില്ല. നടപ്പ് നിന്നു. ഹെര്‍മന്‍ വിരണ്ട് എന്നെ നോക്കി. അവന്‍ മുറിയിലേയ്ക്ക് പോകാനൊരുങ്ങിയപ്പോള്‍ ഞാന്‍ പിടിച്ച് വലിച്ചു. 

" എടേ, താഴെ എന്തോ ഒണ്ട് !!!



 പെട്ടെന്ന് പിന്നേം നടപ്പ് ശബ്ദം കേട്ട് തുടങ്ങി. ആരോ ഓടുന്നത് പോല. ഒരു സമയത്ത് അത് കോവണി കേറി മുകളിലേയ്ക്ക് വരുന്നത് പോലെ തോന്നി. ഞങ്ങള്‍ പറ പറാന്ന്  ഓടി. പക്ഷെ ആരും മുകളിലെത്തിയില്ല. ശബ്ദം മാത്രം.  ഹെര്‍മന്‍ വിരണ്ട് മുറിയില്‍ കേറി വാതിലടച്ചു. ഞാന്‍ കോവണിയുടെ കതകടച്ച് വാതില്‍ കാല് കൊണ്ട് തള്ളിപ്പിടിച്ചു. കുറച്ച് കഴിഞ്ഞ് പതിയെ തുറന്നു നോക്കി. ഒരു പുല്ലുമില്ല. പിന്നെയാരും പ്രേതത്തിന്‍റെ ശബ്ദം കേട്ടില്ല.


വാതിലടക്കുന്നതും തുറക്കുന്നതുമൊക്കെ കേട്ട് അമ്മച്ചി എഴുന്നേറ്റിരുന്നു.


"കെടന്നൊറങ്ങാറായില്ലേടേ പിള്ളേരേ ? അമ്മച്ചി ചോദിച്ചു.


"ഒന്നുമില്ലമ്മച്ചീ". ഹെര്‍മന്‍ പറഞ്ഞു. അവന്‍ വിരണ്ട് പച്ച നിറമായിരുന്നു.


"എന്തുവായിരുന്നു താഴെ ഒരു ഓട്ടോം ബഹളോമൊക്കെ ?"


അപ്പൊ തെറ്റിയില്ല . അമ്മച്ചീം കേട്ടു. ഞങ്ങള് രണ്ടും ഒരു നിമിഷം അമ്മച്ചിയെ തന്നെ നോക്കി നിന്നു. 


" വല്ല കള്ളന്‍മാരോ മറ്റോ ആരിക്കുമോ? " അമ്മച്ചി നിരൂപിച്ചു.


"വാടേ...പോയി നോക്കാം". ഞാന്‍ അമ്മച്ചിയെ ബോധിപ്പിക്കാന്‍ താഴേയ്ക്ക് നടക്കുന്നതായി ഭാവിച്ചു.

തിരിഞ്ഞു നോക്കുമ്പം അവന്‍ അവിടെത്തന്നെ അനങ്ങാതെ നിക്കുവാണ്. 


"ഞാന്‍ അമ്മച്ചീടെ കൂടെ നിന്നോളാം. അമ്മച്ചി പേടിക്കും ".  അവന്‍ അവിടെ തന്നെ ചവിട്ടിപ്പിടിച്ച് നിന്നു. 



പെട്ടെന്ന് അമ്മച്ചി കാര്യങ്ങള്‍ ഏറ്റെടുത്തു.

"നിങ്ങള് അനങ്ങരുത് . നമ്മുക്ക് പോലീസിനെ വിളിക്കാം".


പക്ഷെ ഫോണ്‍ താഴത്തെ നിലയിലായിരുന്നത് കൊണ്ട് എങ്ങനെ പോലീസിനെ വിളിക്കും എന്നാണു ഞാന്‍ ചിന്തിച്ചത്.  പക്ഷെ അതിന് അമ്മച്ചി ഇന്നേ വരെ ആരും കണ്ടിട്ടില്ലാത്ത ഒരു ഐഡിയ കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ അമ്മച്ചി ഒരു ചെരിപ്പെടുത്ത് ജനാലയിലൂടെ തൊട്ടപ്പുറത്തുള്ള വീടിന്‍റെ ജനാല നോക്കി ഒറ്റയേറ്. അടുത്ത വീട്ടില്‍ താമസിച്ചിരുന്ന ബോഡ് വെല്ലിന്‍റെ ബെഡ് റൂമിലെ ജനാലയുടെ ചില്ല് ചിതറുന്ന ശബ്ദം കേട്ടു. ഇടയ്ക്കിടെ അറ്റാക്ക് വരാറുള്ള ഒരു പാവത്താനായിരുന്നു അയാള്‍. ഞങ്ങടെ പരിസരത്ത് താമസിക്കുന്ന എല്ലാര്‍ക്കും എന്തെങ്കിലും തരത്തിലുള്ള അറ്റാക്കുകള്‍ ഉണ്ടാകാറ് പതിവായിരുന്നു.


നിലാവില്ലാത്ത ഒരു രാത്രി രണ്ടു മണിയായിരുന്നു അത്.  ബോഡ് വെല്‍ അടുത്ത നിമിഷം മുഷ്ടി ചുരുട്ടിക്കൊണ്ട് ജനാലയ്ക്കല്‍ പ്രത്യക്ഷപ്പെട്ടു.


അങ്ങേരുടെ ഭാര്യ പറയുന്നത് ഞങ്ങള്‍ക്ക് കേക്കാമായിരുന്നു:

" നമ്മുക്ക് ഈ വീട് വിറ്റ്‌ നാട്ടീപ്പോകാം,  ഇച്ചായാ".


അപ്പോഴേയ്ക്കും അമ്മച്ചി ഇടപെട്ടു.


"കള്ളന്‍മാര് !!!!!!" വീട്ടില്‍ കള്ളങ്കേറി !!!"


ബോഡ് വെല്‍ കരുതിയത് അങ്ങേരുടെ വീട്ടില്‍ കള്ളന്‍ കേറിയെന്നാണ്. ഒടുവില്‍ കാര്യം പറഞ്ഞു മനസ്സിലാക്കി ബോഡ് വെല്‍ പോലീസിന് ഫോണ്‍  ചെയ്തു. പോലീസിനെ കാത്തിരിക്കുമ്പോള്‍ അമ്മച്ചി പെട്ടെന്ന് വേറൊരു ചെരിപ്പ് എടുത്ത് ജനലിലൂടെ എറിയാന്‍ പുറപ്പെട്ടു. എറിയേണ്ട കാര്യമുണ്ടായിട്ടല്ല. ഒരു തവണ ചെരിപ്പ് എറിഞ്ഞപ്പോള്‍ അമ്മച്ചിയ്ക്ക് ആ സംഭവം അങ്ങിഷ്ടപ്പെട്ടു. അതാണ്‌ വീണ്ടും എറിയാന്‍ പുറപ്പെട്ടത്. ഞാന്‍ അമ്മച്ചിയെ തടഞ്ഞു.


നിമിഷ നേരത്തിനകം ഒരു വലിയ കാറിലും രണ്ടു മോട്ടോര്‍ സൈക്കിളിലുമായി പോലീസ് സംഘം എത്തി. കുറച്ച് പത്രക്കാരും.  അവര്‍ താഴെ വാതിലില്‍ തട്ടും മുട്ടും തുടങ്ങി. ഞാന്‍ പോയി തുറന്നാലോ എന്ന് അമ്മച്ചിയോട് ചോദിച്ചു.


" ആദ്യം പോയി തുണിയെടുത്ത് ഉടുക്കെടാ " അമ്മച്ചി പറഞ്ഞു.


അപ്പഴാ ഓര്‍ത്തത്  ഞാന്‍ ആ ടവ്വല്‍ ഉടുത്ത് നില്‍ക്കുവായിരുന്നു. ഒടുവില്‍ പോലീസുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി. താഴെ മുഴുവന്‍ പോലീസും ഫ്ലാഷ് ലൈറ്റും മറ്റും. ഒരു തടിയന്‍ പോലീസുകാരന്‍ കോവണി കയറി മുകളിലെത്തിയപ്പോള്‍ ഞാന്‍ ടവ്വലുമുടുത്ത് നില്‍ക്കുന്നത് കണ്ടു.


"താനാരാ ?" അയാള്‍ ചോദിച്ചു.


"ഞാന്‍ ഇവിടുത്തെയാ " ഞാമ്പറഞ്ഞു.


ഉടനെ ഞാന്‍ മുറിയില്‍ ചെന്ന് ഒരു ട്രൌസറിനകത്ത് കയറി. തിരിഞ്ഞപ്പോള്‍ പിന്നില്‍ ഒരു തോക്കിന്‍റെ തണുപ്പ്.


" താനിവിടെ എന്ത് ചെയ്യുന്നു ?" വേറൊരു പോലീസുകാരന്‍. 


"ഞാന്‍ ഇവിടെ താമസിക്കുന്നതാ " ഞാമ്പറഞ്ഞു.


"ഒരുത്തനുമില്ല മാഡം. അവര്‍ രക്ഷപെട്ടു കാണണം." ഓഫീസര്‍ അമ്മച്ചിയുടെയടുത്ത് റിപ്പോര്‍ട്ട് ചെയ്തു.


കുറച്ച് സമയം കൊണ്ട് പോലീസുകാര് വീട് മുഴുവന്‍ ഇളക്കി മറിച്ചിരുന്നു. മേശേം അലമാരീം കബ്ബോര്‍ഡും എല്ലാം തുറന്നു മലര്‍ത്തിയിരുന്നു. അപ്പോഴാണ്‌ തട്ടും പുറത്ത് എന്തോ ശബ്ദം കേട്ടത്. അപ്പൂപ്പന്‍ ഉറക്കത്തില്‍ കട്ടിലില്‍ കിടന്നു തിരിഞ്ഞു മറിയുന്നതായിരുന്നു അത്. പക്ഷെ ശബ്ദം കേള്‍ക്കേണ്ട താമസം പോലീസുകാര്‍ കുറേപ്പേര്‍ ഓടിച്ചാടി തട്ടും പുറത്തേയ്ക്ക് പാഞ്ഞു. എനിക്ക് തടയാന്‍ കഴിയും മുന്‍പ്.


പഴയ ഒരു പട്ടാളക്കാരനായിരുന്നു അപ്പൂപ്പന്‍. ഇപ്പോഴും പട്ടാളത്തില്‍ തന്നെയാണ് എന്നാണു മൂപ്പരുടെ വിചാരം. പാതി രാത്രി ഉറക്കപ്പിച്ചില്‍ കുറെ പോലീസുകാരെ കണ്ടപ്പോള്‍  അപ്പൂപ്പന്‍ ചാടി തോക്കെടുത്തു. 




"നില്ലെടാ അവിടെ !!!!" അത്രേ കേട്ടുള്ളൂ . പിന്നെ മുകളില്‍ നിന്ന് വെടിയും പുകയുമൊക്കെയാണ് കണ്ടതും കേട്ടതും. രണ്ടു വെടി പൊട്ടിച്ച ശേഷം അപ്പൂപ്പന്‍ ഉറക്കം തുടര്‍ന്നു. വെടി കിട്ടിയ പോലീസുകാരനെ താഴോട്ടിറക്കിയപ്പോള്‍ ഞാന്‍ അവരോടു പറഞ്ഞു :


"അത് അപ്പൂപ്പനാണ് ...പണ്ട് പട്ടാളത്തിലായിരുന്നു ...സോ...റി."


ബഹളം ഒഴിഞ്ഞപ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ എന്‍റടുത്ത് വന്ന് ദുരൂഹമായി ചോദിച്ചു.


" സത്യത്തില്‍ എന്താണ് ഇവിടെ സംഭവിച്ചത്? "


ഞാനയാളോട് സത്യം പറയാമെന്ന് കരുതി: " വീട്ടില്‍ പ്രേതം കേറി".


അയാള്‍ കുറെ നേരം എന്നെത്തന്നെ സൂക്ഷിച്ചു നോക്കി. വെടി കിട്ടിയ പോലീസുകാരന്‍ കയ്യില്‍ ബാന്‍ഡേജുമായി പ്രാകി കൊണ്ട് നില്‍പ്പുണ്ടായിരുന്നു.


"ആ പോലീസുകാരന് എന്നാ പറ്റിയെടാ ?" അമ്മച്ചി ചോദിച്ചു.


" അപ്പൂപ്പന്‍ അയാളെ വെടി വച്ചു " ഞാന്‍ പറഞ്ഞു.


"അയ്യോ പാവം ! നല്ലോരു ചെറുപ്പക്കാരനായിരുന്നു !!


പിറ്റേ ദിവസം അപ്പൂപ്പന്‍ നല്ല മൂഡിലായിരുന്നു. ഞങ്ങള് കരുതി രാത്രിയിലെ സംഭവങ്ങള്‍ പുള്ളിയ്ക്ക് ഓര്‍മ്മയില്ലെന്ന് . പക്ഷെ  പ്രാതല്‍ കഴിക്കുമ്പോള്‍ അപ്പൂപ്പന്‍ ചോദിക്കുകയാണ്:


എന്താടാ, കുഞ്ഞേ ഇന്നലെ പോലീസുകാരോക്കെ ഇവിടെ കയറിയെറങ്ങിയത്? എന്ന് !!!

..................................

No comments:

Post a Comment