സ്വര്‍ണത്തലമുടിയുള്ളൊരു സുന്ദരിയുമായി
അപ്പാര്‍ട്ട്മെന്‍റില്‍ ഒരു രാത്രി ആരെയും പ്രലോഭിപ്പിക്കും.
പാതിരാവില്‍,
സുതാര്യമായ ഒരു നൈറ്റ് ഗൗണ്‍ ധരിച്ച്
അരണ്ട വെളിച്ചമുള്ള ബെഡ് റൂമിന്‍റെ
വാതില്‍ തുറന്ന്
അവള്‍ നിങ്ങളുടെയടുത്തേയ്ക്ക്
ഓടിയെത്തുന്നതിലും ഒരു സുഖമുണ്ട്.
തന്നോട് ചേര്‍ത്ത് ആ സ്വര്‍ണമുടിച്ചുരുളുകളില്‍
തഴുകാനൊരുങ്ങുമ്പോള്‍
അവളുടെ പിന്നില്‍ തറഞ്ഞു കയറിയ
ഒരു കത്തിയുണ്ടെങ്കില്‍ ....
ആ നിമിഷം മുതല്‍
ഉദ്വേഗത്തിന്‍റെ ദൈവം നിങ്ങളില്‍
പിടി മുറുക്കിക്കഴിഞ്ഞു.
കാമിനിയുടെ ശത്രു
ഇനി നിങ്ങളുടെയും ശത്രു !
അവളില്ലാത്ത ആ ശരീരത്തിന്
ഇനി ഉത്തരം പറയേണ്ടത്
നിങ്ങളാണ് .....!
ഇനി നിങ്ങള്‍ക്ക് ഓട്ടം തുടങ്ങാം .
തീവണ്ടിയിലെ അപരിചിതരില്‍ ഒരു കണ്ണു വേണം
ലോഡ്ജുകളിലെ കുളിമുറികളിലും
ഉയരങ്ങളിലേയ്ക്കുള്ള ചുറ്റു ഗോവണികളിലും
വിമാനം മരുന്ന് പൂശുന്ന ചോളപ്പാടത്തും
ദൈവത്തിന്‍റെ കണ്ണുകള്‍ നിങ്ങളെ പിന്തുടരും.
നിങ്ങള്‍ ഒരു പൗരനോ , ചാരനോ
അതല്ല, വെള്ളിച്ചെരിപ്പിട്ട സിന്‍ഡ്രലയെങ്കില്‍ പോലും
പ്രതീക്ഷിക്കണം കപ് ബോര്‍ഡില്‍
ഉറഞ്ഞിരിക്കുന്നൊരു ജഡം.
തുറിച്ചു നോക്കുന്നൊരു വഴിപോക്കനും
ബസു കാത്തു നില്‍ക്കുന്ന മാന്യനും
സെല്ലൊ ചുമക്കുന്ന പാട്ടുകാരനും
ദൈവമാകാം ..
പുറപ്പാടില്‍ നിങ്ങള്‍ ഒറ്റയ്ക്കാണെന്ന്
ധരിച്ചാല്‍ തെറ്റി --നിങ്ങളുടെ
അപരന്‍ നിങ്ങള്‍ക്ക് കൂട്ടുണ്ട്,
ഒരീച്ചയെപ്പോലും നോവിക്കാത്ത
ഒരപരിചിതന്‍..ആയതിനാല്‍
ഇടയ്ക്കിടെ ആത്മാവിന്‍റെ ഇരുട്ടിലേയ്ക്ക്
ഒന്നൊളിഞ്ഞു നോക്കുക.
സൂക്ഷിക്കണം
തുറസ്സുകളില്‍ ദൈവത്തിന്‍റെ പക്ഷികള്‍
ആക്രമിക്കാനിടയുണ്ട്.
'കാമിയോ'കളില്‍ കണ്ടത് സത്യമാണ്
തീര്‍ച്ചയായും,
എരിയുന്ന ചുരുട്ടിന്‍റെ അഗ്രത്ത്
പക്ഷിയെ വഹിക്കുന്ന സ്ഥൂല രൂപിയാണ് ദൈവം !
No comments:
Post a Comment