Guillermo del Toro യുടെ പുതിയ ചിത്രം Frankenstien റിലീസ് ആയിരിക്കുന്നു. ഡ്രാക്കുള, ഫ്രാങ്കന്‍സ്റ്റൈന്‍, ഡോ. ജെക്കിള്‍ & മി. ഹൈഡ് ഇത്തരം ഗോഥിക് രചനകളെല്ലാം ഒരു എഴുത്തുകാരന്‍റെ രചന എന്നതിലപ്പുറം ഒരു ആധുനിക മിത്ത് എന്ന രീതിയില്‍ ഇന്ന് രൂപം പ്രാപിച്ചിട്ടുണ്ട്. ഒരു കഥ ഒരു സമൂഹമനസ്സില്‍ ആഴ്ന്നിറങ്ങുക, അതിന് വിവിധ മാധ്യമങ്ങളിലൂടെ അനേകം രൂപാന്തരങ്ങള്‍ ഉണ്ടാകുക, അത് ബിംബങ്ങളായും പ്രതീകങ്ങളായും കാലങ്ങള്‍ക്ക് അനുസരിച്ച് അര്‍ത്ഥം പകര്‍ന്ന് നിലനില്‍ക്കുക ഇതൊക്കയാണ് ഒരു മിത്ത് ആയിത്തീരുന്നതിന്‍റെ ലക്ഷണങ്ങള്‍. Guillermo del Toro ഈ സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഫ്രാങ്കന്‍സ്റ്റൈന്‍ തല്‍പരര്‍, ഈ സിനിമയെ ഉറ്റുനോക്കിയിരിക്കയാണ്.
ഫ്രാങ്കന്‍സ്റ്റൈന്‍ സിനിമകള്‍ ചെയ്തവരെല്ലാം ഈ മിത്തിലേയ്ക്ക് കനത്ത സംഭാവനകല്‍ നല്‍കിയവരാണ്. 1931 ലാണ് James Whale സംവിധാനം ചെയ്ത Frankenstien വരുന്നത്. ബോറിസ് കാര്‍ലോഫ് അഭിനയിച്ച മോണ്‍സ്റ്റര്‍, ഹൊറര്‍ സിനിമയിലെ എക്കാലത്തെയും വലിയ ഐക്കണുകളില്‍ ഒന്നായി മാറി. മേരി ഷെല്ലിയുടെ നോവലിലെ പ്രധാന പ്രമേയങ്ങളില്‍ ഒന്നായിരുന്നു ഫ്രാങ്കന്‍സ്റ്റൈന്‍ സൃഷ്ടിച്ച ഭീകരജീവിയുടെ ഏകാന്തജീവിതം. സമൂഹത്തില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ പുറത്താക്കപ്പെടുന്ന മനുഷ്യന്‍റെ ബിംബമായിരുന്നു മേരി ഷെല്ലിയുടെ മോണ്‍സ്റ്റര്‍. ആ രൂപം പ്രേക്ഷകരുടെ മനസ്സില്‍ എന്നെന്നേയ്ക്കും പതിയാന്‍ ബോറിസ് കാര്‍ലോഫിന്‍റെ പ്രകടനം കാരണമായിത്തീര്‍ന്നു. വെള്ളത്തില്‍ വീണ് മുങ്ങി മരിക്കാന്‍ തുടങ്ങുന്ന ഒരു കുഞ്ഞിനെ മോണ്‍സ്റ്റര്‍ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതും ആളുകള്‍ വരുമ്പോള്‍ അയാളെ ആക്രമിക്കുന്നതുമായ സിനിമയിലെ രംഗം സൃഷ്ടാവിനെക്കാള്‍ മനുഷ്യത്വമുള്ള ആ സൃഷ്ടിയെ കാണിച്ചു തരുന്നുണ്ട്. നോവലെഴുതുമ്പോള്‍ മേരി ഷെല്ലിയുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു അത്.
ഈ നോവലിന്‍റെ Content ഉപയോഗിച്ച് ഏറ്റവും വ്യത്യസ്തവും പുതുമയുള്ളതുമായ സമീപനം അവതരിപ്പിച്ചത് ബ്രിട്ടനിലെ ഹാമര്‍ സ്റ്റുഡിയോയുടെ ഫ്രാങ്കന്‍സ്റ്റൈന്‍ സിനിമകളാണ്. ഫ്രാങ്കന്‍സ്റ്റൈന്‍ കഥ ജനപ്രിയമായ കാലം മുതല്‍ തന്നെ ഫ്രാങ്കന്‍സ്റ്റൈന്‍ എന്നത് മോണ്‍സ്റ്ററുടെ പേരാണ് എന്നൊരു തെറ്റിധാരണ രൂപം കൊണ്ടിരുന്നു. ഹാമര്‍ സിനിമകളുടെ പുനര്‍ചിന്ത ഇങ്ങനെയായിരുന്നു. രൂപം കൊണ്ട് മോണ്‍സ്റ്റര്‍ ഭീകരജീവിയായിരിക്കാം. എന്നാല്‍ മനസ്സ് കൊണ്ട് യഥാര്‍ത്ഥ ഭീകരന്‍ സൃഷ്ടാവായ ഫ്രാങ്കന്‍സ്റ്റൈന്‍ തന്നെ. പീറ്റര്‍ കുഷിംഗ് ഫ്രാങ്കന്‍സ്റ്റൈനായി അഭിനയിച്ച ചിത്രങ്ങള്‍ ശാസ്ത്രത്തിന് വേണ്ടി മനുഷ്യന്‍ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളുടെ പ്രതീകാത്മകകഥകളായിരുന്നു.
തൊണ്ണൂറുകളില്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള നേടിയ വന്‍വിജയം സമാനമായ രീതിയില്‍ മേരി ഷെല്ലീസ് ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന സിനിമയിലേയ്ക്ക് നയിച്ചു. കെന്നത് ബ്രാണ ചെയ്ത സിനിമ നോവലിനെ പൂര്‍ണരൂപതത്തില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു. റോബര്‍ട്ട് ഡീനീറോ അവതരിപ്പിച്ച മോണ്‍സ്റ്റര്‍ ശ്രദ്ധ പിടിച്ചു പറ്റി. നോവല്‍ അവതരിപ്പിച്ച വിധത്തില്‍ മോണ്‍സ്റ്ററുടെ ഏകാന്തഭീകരമായ ജീവിതം വിനിമയം ചെയ്യാന്‍ പര്യാപ്തമായ പ്രകടനമായിരുന്നു ഡീനീറോയുടേത്.
Guillermo del Toro യുടെ ചിത്രം ഏറെക്കുറെ മേരി ഷെല്ലിയുടെ സിനിമയുടെ ഘടന അതേ പടി തന്നെ പിന്തുടരുന്നു. എഴുതുന്ന കാലത്ത് മേരി ഷെല്ലിയ്ക്ക് പോലും എങ്ങനെ എഴുതും എന്ന് ആശങ്കയുണ്ടായിരുന്ന ഭാഗമാണ് മൃതദേഹഭാഗങ്ങള്‍ ഉപയോഗിച്ച് ഒരു ഭീകരസത്വത്തെ എങ്ങനെ ഉണ്ടാക്കിയെടുക്കും എന്ന വസ്തുത. ചില സൂചനകള്‍ മാത്രമേ മിസ്സിസ് ഷെല്ലി നല്‍കുന്നുള്ളൂ. വൈദ്യുതി അക്കാലത്തെ അത്ഭുതങ്ങളില്‍ ഒന്നായിരുന്നു. യുവാവായ ഫ്രാങ്കന്‍സ്റ്റൈന്‍ വീടിന് മുന്നില്‍ നില്‍ക്കെ മിന്നലടിച്ച് ഒരു മരം കത്തിപ്പോകുന്നതിനെക്കുറിച്ചുള്ള വിവരണം നോവലില്‍ കാണാം. വൈദ്യുതി ഉപയോഗിച്ചായിരിക്കാം ഫ്രാങ്കന്‍സ്റ്റൈന്‍ ജീവന്‍ കൊടുത്തത്. ദൃശ്യാത്മകമായി അതിന്‍റെ ഏറ്റവും വിശദാംശങ്ങള്‍ അവതരിപ്പിച്ച ചിത്രം ഒരു പക്ഷെ Guillermo del Toro യുടെ സിനിമയായിരിക്കാം.
എടുത്തുപറയേണ്ടത് മോണ്‍സ്റ്ററുടെ വ്യക്തിത്വം തന്നെയാണ്. അയാളുടെ നിസ്സഹായത, അയാളുടെ ജീവിതാവസ്ഥ വളരെ വിശദമായിത്തന്നെ സിനിമ അവതരിപ്പിക്കുന്നു. ശാസ്ത്രം, അറിവ് നല്‍കുന്ന അമിതാത്മവിശ്വാസത്തില്‍ മനുഷ്യത്വം മറന്നു പോകുന്ന മനുഷ്യന്‍റെ പ്രതീകം തന്നെയാണ് ഫ്രാങ്കന്‍സ്റ്റൈന്‍ ഇവിടെ. നോവല്‍ വായിക്കുമ്പോഴുള്ള നമ്മുടെ അനുഭവം പോലെ അവസാനിക്കുമ്പോള്‍ സൃഷ്ടാവിനെക്കാള്‍ നമ്മുടെ മനസ്സില്‍ ശേഷിക്കുന്നത് ഏകാകിയായ ആ മോണ്‍സ്റ്റര്‍ തന്നെ. Jacob Elordi എന്ന നടന്‍റെ ഗംഭീരമായ പ്രകടനം.
ക്ലാസിക് രചനകള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ വെറും കഥാപാത്രങ്ങള്‍ മാത്രമല്ല എന്നും അവര്‍ ഓരോ കാലഘട്ടങ്ങളിലും മനുഷ്യന്‍ കടന്ന് പോകുന്ന അനുഭവങ്ങളുടെ പ്രതീകങ്ങള്‍ ആണെന്നും Amanda Michalopoulou എന്ന എഴുത്തുകാരി എഴുതുന്നുണ്ട്. ഹോമറിന്‍റെ യുളിസീസ്, സെര്‍വാന്‍റീസിന്‍റെ ഡോണ്‍ കിയോട്ടെ, ഹാംലെറ്റ് എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി അവര്‍ പറയുന്നു. ഹാംലെറ്റ് നിത്യസന്ദേഹിയായ മനുഷ്യന്‍റെ പ്രതീകം. യുളിസിസ് ഒരു ഘട്ടത്തില്‍ പുറത്താക്കപ്പെട്ട അപരനായ മനുഷ്യന്‍റെ പ്രതീകം. ഫ്രാങ്കന്‍സ്റ്റൈന്‍റെ മോണ്‍സ്റ്റര്‍ പുറത്താക്കപ്പെടുന്ന, ഒറ്റയാനായ, വേട്ടയാടപ്പെടുന്ന മനുഷ്യന്‍റെ പ്രതീകമാകുന്നു. Guillermo del Toro യുടെ സിനിമ കാണുമ്പോള്‍ നമ്മള്‍ അത് ഓര്‍ക്കും. അത് മനസിലാക്കാന്‍ കഴിയാതെ--- എങ്ങനെയാണ് ശവശരീരങ്ങള്‍ തുന്നിച്ചേര്‍ത്ത് ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ ശാസ്ത്രീയമായി സാധിക്കുക എന്ന് ചിന്തിക്കുന്ന വായനക്കാരുടെയും കാഴ്ചക്കാരുടെയും ഭാവനാദാരിദ്ര്യം ഓര്‍ക്കുമ്പോഴാണ്….ഇത് കേരളത്തില്‍ തന്നെ പറഞ്ഞേ തീരൂ. കാരണം ഇവിടെയാണ് നമ്മുക്ക്ക് അത്തരം സ്പെസിമെന ഏറെയും കാണാന്‍ സാധിക്കുക.
Guillermo del Toro യുടെ സിനിമയുടെ മൊത്തം ഫിലിമോഗ്രഫി പരിഗണിക്കുമ്പോള്‍ സിനിമ അത്ര കേമപ്പെട്ടതാണ് എന്ന് പറഞ്ഞു കൂടാ. മേരി ഷെല്ലിയുടെ നോവലില്‍ താല്‍പര്യമുള്ളവര്‍ക്ക് നിര്‍ദേശിക്കുന്നു.

No comments:
Post a Comment