Wednesday, July 2, 2025

ഡാഫഡില്‍ പൂക്കള്‍



















ഉയരെ, താഴ് വാരങ്ങൾക്കും കുന്നുകള്‍ക്കും മീതെ
ഒഴുകി നടക്കുന്നൊരു മേഘം പോലെ
ഏകനായി ഞാനലയുമ്പോള്‍,
പൊടുന്നനെ ഞാന്‍ കണ്ടു
തടാകത്തിനരികില്‍, മരങ്ങള്‍ക്ക് ചുവട്ടില്‍
ഇളം കാറ്റില്‍ പാറിപ്പറന്ന് നൃത്തം വയ്ക്കുന്നൊരു
കൂട്ടം സുവര്‍ണ ഡാഫഡില്‍ പൂക്കള്‍.


അവിരാമം തിളങ്ങുന്ന നക്ഷത്രങ്ങള്‍ പോലെ,
ക്ഷീരപഥത്തിലെ തിളക്കം പോലെ,
തീരരേഖയോട് ചേര്‍ന്നനന്തമായി അവ.
ഒരൊറ്റക്കാഴ്ചയില്‍ കണ്ടു ഞാന്‍, തലയാട്ടി സോത്സാഹം
നൃത്തമാടുന്ന പതിനായിരം ഡാഫഡില്‍ പൂക്കള്‍.


അരികെ നൃത്തം വയ്ക്കുന്ന തിരകൾ; പക്ഷേ
ആഹ്ളാദത്താൽ തിളങ്ങുന്ന തിരകളെപ്പോലും അവ അതിശയിച്ചു.
അത്രയും ആനന്ദകരമായ ഒരു സവിധത്തിൽ
ഒരു കവിയ്ക്ക് സന്തുഷ്ടനാവാതെ തരമില്ല.
ഞാൻ നോക്കി മുഴുകി നിന്നതേയുളളു, ചിന്തിച്ചതേയില്ല,
ആ കാഴ്ച്ചയെന്നെയെത്ര ധന്യനാക്കിയെന്ന്.


ചില നേരങ്ങളിൽ ശൂന്യനായും ദു:ഖാർത്തനായും
ശയ്യമേൽ ഞാൻ ശയിക്കെ
ഏകാന്തതയുടെ ആനന്ദമായി
അകക്കണ്ണിലവ മിന്നി മറയും
അപ്പോഴെൻ്റെ ഹൃദയം നിര്‍വൃതിയില്‍ നിറഞ്ഞ്
ഡാഫഡിൽ പൂക്കളോടൊപ്പം നൃത്തം വയ്ക്കും...

No comments:

Post a Comment