Wednesday, July 30, 2025

പപ്പയുടെ വാള്‍സ് നൃത്തം













ശ്വാസത്തില്‍ വിസ്കിയുമായെത്തുന്ന പപ്പ 
എന്നെയുമെടുത്ത് വാള്‍സ് നൃത്തം കളിക്കും.
അതെന്നേം പൂസാക്കാന്‍ പര്യാപ്തമത്രേ.
ഞാനോ പപ്പേടെ മേല്‍ മരിച്ചങ്ങു തൂങ്ങും:
ഈ മാതിരി നൃത്തം അത്രയെളുപ്പമല്ല തന്നെ.


അടുക്കള ഷെല്‍ഫീന്ന് പാത്രങ്ങള്‍
വീണു ചെതറുവോളം ഞങ്ങള്‍ അവിടെ
ചുറ്റിക്കറങ്ങും, ആ കോലാഹലം കണ്ട്
മുഖംചുളി,ച്ചമ്മ ഓടി വരും വരെ.


എന്‍റെ കണംകൈ
പിടിച്ച ആ കൈകള്‍ സന്ധികളില്‍ വിണ്ടു കീറിയത്..
ഓരോ തവണ ചുവട് തെറ്റുമ്പഴും ഭിത്തീലെ
കൊളുത്തിലെന്‍ വലത്തേച്ചെവിയുരസിപ്പോം...


ചെളിയുണങ്ങിയ കൈകളാല്‍ പപ്പയെന്‍റെ മേല്‍
താളം പിടിച്ചു. പിന്നെ വാള്‍സ് ചെയ്ത് കൊണ്ട്
കിടക്കയിലേയ്ക്ക് പോയ്
ഷര്‍ട്ടില്‍ തൂങ്ങിയ എന്നേം കൊണ്ട്....


(From-Theodore Roethke's My Papa's Waltz)
Translated by Maria Rose ©

Friday, July 25, 2025

പടിഞ്ഞാറ് നിന്നും നാല് സഹോദരന്മാര്‍


1800 കളില്‍ അമേരിക്കയിലെ ടെക്സാസില്‍ മാര്‍ലോ എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു കുടുംബമുണ്ടായിരുന്നു. പില്‍ക്കാലത്ത് മാര്‍ലോ ബ്രദേഴ്സ് എന്ന പേരില്‍ അറിയപ്പെട്ട ഈ കുടുംബത്തിലെ സഹോദരന്മാരും അവരുടെ എതിരാളികളുമായുണ്ടായ ഒരു സംഘര്‍ഷത്തിന്‍റെ ചരിത്രം പിന്നീട് വളരെയേറെ കെട്ടുകഥകള്‍ക്കും പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കുമൊക്കെ വിഷയമായി.




മാര്‍ലോ സഹോദരന്‍മാരുടെ ചരിത്രത്തെ അധികരിച്ച് ടാല്‍ബത്ത് ജെന്നിംഗ്സ് രചിച്ച ഒരു കഥ 1965 ല്‍ സിനിമയായി. കൌബോയ് സിനിമകളിലൂടെ പ്രസിദ്ധി നേടിയ ജോണ്‍ വെയ്നാണ് ആ സിനിമയില്‍ നായകനായി അഭിനയിച്ചത്. ജോണ്‍ വെയ്ന്‍റെ സാന്നിധ്യവും അമേരിക്കന്‍ ജനപ്രിയ സംസ്കാരത്തില്‍ മാര്‍ലോ സഹോദരന്‍മാര്‍ക്കുള്ള FAMILIARITY യും സിനിമയെ ശ്രദ്ധേയമാക്കി. SONS OF KATIE ELDER എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. ടൈറ്റിലില്‍ പറയുന്ന കെയ്റ്റി എല്‍ഡര്‍ എന്ന സ്ത്രീ അക്കാലത്ത് അറിയപ്പെട്ട ഗണ്‍ ഫൈറ്ററായിരുന്ന ഡോക്ക് ഹോളിഡെയുടെ ഭാര്യയായിരുന്നു.





മാര്‍ലോ സഹോദരന്‍മാരുടെ ചരിത്രത്തില്‍ ആവശ്യത്തിനു മാറ്റം വരുത്തി ഒരു ജനപ്രിയ കൌബോയ് ചിത്രത്തിന്‍റെ ചേരുവകള്‍ ചേര്‍ത്താണ് സിനിമ വന്നത്. കൌബോയ് പശ്ചാത്തലത്തിന്‍റെ അംശങ്ങള്‍ എടുത്തുമാറ്റിയാല്‍ കഥയുടെ വണ്‍ലൈന്‍ ഏതാണ്ട് ഈ വിധമായിരുന്നു:

ഒരിടത്ത് വളരെ നന്മ നിറഞ്ഞ ഒരമ്മ ജീവിച്ചിരുന്നു. എല്ലാവരെയും അവര്‍ ഒരു പോലെ സ്നേഹിച്ചു. അവര്‍ക്ക് നാല് മക്കളുണ്ടായിരുന്നു. നാല് ആണ്‍മക്കള്‍. ഒരിക്കല്‍ ആ അമ്മ അജ്ഞാതരായ ചിലരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കാണപ്പെട്ടു. പല ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളിലായിരുന്ന അവരുടെ ആണ്‍മക്കള്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തി.തങ്ങളുടെ അമ്മയെ കൊന്നവരെ കണ്ടു പിടിച്ച് പ്രതികാരം ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം.....





അമ്മയുടെ മരണമറിഞ്ഞു വന്നെത്തുന്ന സഹോദരന്‍മാരുടെ കഥ മാര്‍ലോ സഹോദരന്‍മാര്‍ നേരിട്ട വിചാരണയുമായി ബന്ധപ്പെടുത്തി പറയുകയായിരുന്നു സിനിമ. അമ്മയ്ക്ക് കെയ്റ്റി എല്‍ഡര്‍ എന്ന യഥാര്‍ഥകഥാപാത്രത്തിന്‍റെ പേര് നല്‍കിയത് സിനിമയ്ക്ക് ഒരു യാഥാര്‍ത്യപ്രതീതി നല്‍കി.


2005 ല്‍ ജോണ്‍ സിംഗിള്‍ടന്‍ ഈ സിനിമ FOUR BROTHERS എന്ന പേരില്‍ സമകാലിക പശ്ചാത്തലത്തില്‍ പുനര്‍നിര്‍മ്മിച്ചു. പുതിയ ചിത്രത്തില്‍ അമ്മയുടെ മരണവും പ്രതികാരകഥയും അവശേഷിച്ചു. മറിച്ച് മാര്‍ലോ സഹോദരന്‍മാരുടെ യഥാര്‍ത്ഥ ചരിത്രത്തെ പിന്തുടരുന്നതില്‍ നിന്ന് വിഭിന്നമായി വ്യത്യസ്തമായ അന്വേഷണങ്ങളിലൂടെയാണ് നാല് സഹോദരന്മാര്‍ അമ്മയെക്കൊന്നവര്‍ക്കെതിരെ പോരാടുന്നത് . KATIE ELDER ല്‍ സഹോദരന്‍മാര്‍ അമ്മയുടെ മക്കളാണ് എങ്കില്‍ FOUR BROTHERS ല്‍ അവര്‍ അമ്മയുടെ ദത്ത് പുത്രന്‍മാരാണ് . THEY CAME HOME TO BURY MOM.....AND HER KILLER എന്നായിരുന്നു സിനിമയുടെ ടാഗ് ലൈന്‍.





2007 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ബിഗ്‌ ബി എന്ന ചിത്രം നാല് സഹോദരന്‍മാരുടെ മൂന്നാമത്തെ വരവ് ആയിരുന്നു. മുകളില്‍ കൊടുത്ത വണ്‍ലൈന്‍ തന്നെയാണ് പിന്‍തുടരുന്നത് എങ്കിലും കഥ പറയുന്ന ക്രമത്തില്‍ ബിഗ്ബി ഫോര്‍ ബ്രദേഴ്സിനെയാണ് പിന്‍പറ്റുന്നത്.

റീമേക്ക് , അനുകല്‍പനം, APPROPRITATION എന്നൊന്നും ചര്‍ച്ച ചെയ്യാന്‍ താല്‍പര്യവും ക്ഷമയുമില്ലാത്തവര്‍ക്ക് ഒന്നിന് പിറകെ ഒന്നായി 'കോപ്പിയടി'കളുടെ ഒരു പരമ്പരയാണ് ഈ ചിത്രങ്ങള്‍. എങ്കിലും മൂന്ന് സിനിമയും വ്യത്യസ്തമായ കൊമ്പോസിഷനുകളിലൂടെയാണ് ഒരേ കഥ പറയുന്നത് എന്നത് ഈ മൂന്ന്‍ സിനിമകളും പരിശോധിച്ചാല്‍ മനസ്സിലാക്കാം.



അനുകല്‍പനപഠനത്തില്‍ ഇത് ചെയ്യുന്നത് താരതമ്യം ചെയ്യുന്ന ടെക്സ്റ്റുകളില്‍ പൊതുവായി കാണുന്ന പ്രമേയഭാഗം എങ്ങനെയാണ് സിനിമയില്‍ RENDER ചെയ്തിരിക്കുന്നത് എന്ന് പരിശോധിക്കുന്നത്തിലൂടെയാണ് . ഇവിടെ പറഞ്ഞിരിക്കുന്ന മൂന്ന് സിനിമകളുടെയും പൊതുവായ പ്രമേയഘടകം അമ്മയുടെ മരണവും സഹോദരന്‍മാരുടെ തിരിച്ച് വരവുമാണ്. മൂന്ന് സിനിമയുടെയും ആദ്യത്തെ പതിനഞ്ച് മിനിട്ടുകല്‍ക്കുള്ളിലാണ് ഈ പ്രമേയഭാഗം ചിത്രീകരിച്ചിട്ടുള്ളത്. മൂന്ന് സിനിമകളും കമ്പോസ് ചെയ്യാന്‍ ശ്രമിക്കുന്ന പൊതുവായ പ്ലോട്ട് ഘടകം മുകളില്‍ സൂചിപ്പിച്ച പ്രകാരം ഇതാണ് :


1. അമ്മയുടെ മരണം

2. സഹോദരന്‍മാരുടെ തിരിച്ച് വരവ്

ഇത് വികസിപ്പിക്കാന്‍ മൂന്ന് സിനിമാക്കാര്‍ കണ്ടെടുക്കുന്ന ഷോട്ടുകള്‍ താരതമ്യപെടുത്തി നോക്കുകയാണ് താഴെ. ഇങ്ങനെ താരതമ്യപ്പെടുത്തുമ്പോള്‍ ഒരാളുടെ കോമ്പോസിഷന്‍ മറ്റൊരാള്‍ തന്‍റെ അര്‍ഥോല്‍പാദനം ലക്ഷ്യമാക്കി ആവര്‍ത്തിക്കുന്നുവെങ്കില്‍ അത് "കോപ്പി"യാണെന്ന് പറയാം. മറിച്ച് മുകളില്‍ പറഞ്ഞ PLOT-DEVELOPEMENT കടമെടുക്കുന്നതല്ല കോപ്പിയടി. (കോപ്പി പിടുത്തമല്ല ഈ താരതമ്യത്തിന്‍റെ ഉദ്ദേശമെങ്കില്‍ പോലും, ആരോപണങ്ങളില്‍ ഒടുവില്‍ പറഞ്ഞ രണ്ട്ചിത്രങ്ങള്‍ ഏറെ പരാമര്‍ശിച്ച് കേള്‍ക്കാറുള്ളത് കൊണ്ട് സൂചിപ്പിച്ചതാണ്. ഒരേ കഥ പറയുന്ന ആളുടെ ക്രാഫ്റ്റ് അനുസരിച്ച് വ്യത്യസ്തമായി പറയാനാവും. ആഖ്യാനം ആഖ്യാതാവിന്‍റെ ക്രാഫ്റ്റ് വിലയിരുത്താന്‍ ഉപയോഗിക്കപ്പെടും. എങ്കിലും ഗുണദോഷങ്ങള്‍ വിലയിരുത്തപ്പെടുന്നത് ഒരു ABSOLUTE STANDARD ഉപയോഗിച്ച് ആയിരിക്കുകയില്ല ,മറിച്ച് അത് കാലവും ദേശവും സ്വീകര്‍ത്താക്കളുടെ ആസ്വാദന നിലവാരവും അനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്ന് മാത്രം )





KATIE ELDER എന്ന ചിത്രം ആരംഭിക്കുന്നത് അമ്മയുടെ മരണ ശേഷം സഹോദരന്‍മാരുടെ വരവോടു കൂടിയാണ്. പടിഞ്ഞാറന്‍ അമേരിക്കയിലെ ഒരു റെയില്‍വെ സ്റ്റേഷനില്‍ ഒരു തീവണ്ടി വന്ന് നില്‍ക്കുന്ന രംഗത്തോടെയാണ് സിനിമയുടെ തുടക്കം. തുടര്‍ന്ന്‍ ശവസംസ്കാരരംഗവും ആ രംഗം ദൂരെ നിന്ന് വീക്ഷിക്കുന്ന കഥയിലെ കേന്ദ്രകഥാപാത്രമായ ജ്യേഷ്ഠസഹോദരനെയും കാണിക്കുന്നു. തുടര്‍ന്ന് സഹോദരര്‍ ഒന്നിക്കുന്നു. മരണരംഗം കാണിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.

FOUR BROTHERS ആരംഭിക്കുന്നത് അമ്മ, ഈവ് ലിന്‍ മേഴ്സറുടെ മരണരംഗത്തിന്‍റെ കളമൊരുങ്ങുന്നത് ചിത്രീകരിച്ച് കൊണ്ടാണ്. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പര്‍ച്ചേസിനെത്തുന്ന അവരെ ഒറ്റനോട്ടത്തില്‍ അവിടം കൊള്ള ചെയ്യാനെത്തുന്ന രണ്ട് പേര്‍ വധിക്കുന്നു. അതിന് മുന്‍പ് കടയ്ക്കുള്ളില്‍ വച്ച് അവരുടെ പാത്ര സ്വഭാവം സൂചിപ്പിക്കുന്ന ഒരു സീക്വന്‍സ് ഉണ്ട്. ഷോപ്പില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്ന ഒരു കൊച്ചു  ബാലനെ അവര്‍ കയ്യോടെ പിടികൂടുകയും അവനെക്കൊണ്ട് കടയുടമയോട് മാപ്പ് പറയിപ്പിക്കുകയും തികച്ചും വാല്‍സല്യപൂര്‍വം ഇനിയൊരിക്കലും മോഷ്ടിക്കരുത് എന്ന് ഉപദേശിക്കുകയും ചെയ്യുന്നു. ഈവ് ലിന്‍റെ മരണം ഓഫ് സ്ക്രീനിലാണ് സംഭവിക്കുന്നത്. ആ ഷോട്ടില്‍ നിന്ന് ജ്യേഷ്ഠസഹോദരനായ ബോബി മേഴ്സറുടെ വരവിലേയ്ക്ക് രംഗം ഡിസോള്‍വ് ചെയ്യുന്നു. തുടര്‍ന്ന്‍ ശവസംസ്കാരവും സഹോദരന്‍മാരുടെ കണ്ട് മുട്ടലും ചിത്രീകരിക്കുന്നു. മാര്‍വിന്‍ ഗേയുടെ Trouble Man എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ബോബി മേഴ്സറെയും ശവസംസ്കാരവും അവതരിപ്പിക്കുന്നത്. ഗാനത്തിന്‍റെ വരികള്‍ (I come up hard baby, but now I'm cool) ബോബിയുടെ പാത്ര സ്വഭാവത്തിലേയ്ക്ക് തന്നെ സൂചന നല്‍കുന്നുണ്ട് .



മലയാള സിനിമ കഥ പറച്ചിലില്‍, സംഭാഷണം കൊണ്ട് പൊതുവേ വേണ്ടതിലേറെ വിശദീകരിക്കുന്ന ശൈലിയാണ് പിന്‍തുടരാറുള്ളത്. തീവണ്ടി വരുന്ന ദൃശ്യം കാണിച്ചാലും "അതാ വണ്ടി വരുന്നു " എന്ന് കഥാപാത്രം പറഞ്ഞുവെന്ന് വരും. സംഭാഷണത്തില്‍ മിതത്വം പാലിക്കുന്ന ബിഗ്ബി പക്ഷെ ദൃശ്യങ്ങളുടെ ധാരാളിത്തം കൊണ്ട് വേണ്ടതിലേറെ വിവരിച്ചാണ് ആരംഭിക്കുന്നത്. (മലയാളികള്‍ ശീലിച്ച് പോന്ന രീതി വച്ച് അവര്‍ക്ക് എല്ലാം വിവരിക്കുന്ന ശൈലിയാണ് പഥ്യം താനും )


ക്രിസ്മസ് രാത്രി; മേരിട്ടീച്ചര്‍ ഓര്‍ഫനെജ് നടത്തുന്നു; ടീച്ചര്‍ കൊണ്ട് വന്ന കുട്ടി കരയുന്നു; രാത്രി വൈകുമ്പോള്‍ അതിനാണ് ടീച്ചര്‍ പുറത്ത് പോകുന്നത്; എന്നിങ്ങനെ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയാണ്‌ ബിഗ്‌ ബി മുന്‍ സിനിമയിലെ രംഗം RECOMPOSE ചെയ്യുന്നത്. FOUR BROTHERS ലേത് പോലെ ഒരു കടയുടമയും മോഷ്ടിക്കുന്ന ബാലനും ടീച്ചര്‍ ഉപദേശിക്കുന്നതുമായ ടീച്ചറുടെ CHARACTER ESTABLISH ചെയ്യുന്ന സീക്വന്‍സ് സമാന ഉദ്ദേശ്യത്തോടെ വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. തുടര്‍ന്ന്‍ അക്രമികള്‍ ടീച്ചറെ വധിക്കുന്നത് തികച്ചും ഗ്രാഫിക്കലി സിനിമ കാണിക്കുന്നു. ഇതിലെല്ലാം വേണ്ടതിലേറെ ദൃശ്യവാചാലത മുന്‍ സിനിമയില്‍ നിന്ന് വ്യത്യസ്തമായി ബിഗ്‌ ബി പ്രകടിപ്പിക്കുന്നുണ്ട്. തുടര്‍ന്നുള്ള ടൈറ്റില്‍ സീക്വന്‍സ് അത്തരമൊരു കൊലപാതകം നടക്കാനിടയാകുന്ന നഗര സാഹചര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പുകളിലൂടെ കടന്നു പോകുന്നുണ്ട്. ശേഷം ശവസംസ്കാരവും സഹോദരന്‍മാരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പോലീസ് ഓഫീസര്‍മാര്‍ തമ്മിലുള്ള സംഭാഷണവും അവരുടെ വരവും ഇടവിട്ട്‌ കാണിക്കുന്നു. വളരെ സമയമെടുത്ത് മനപ്പൂര്‍വമായ, വൈകാരികമായ ലാഗ് ഈ സീക്വന്‍സില്‍ കാണാം . എന്നാല്‍ FOUR BROTHERS എന്ന ചിത്രം ഈ രംഗത്തെ എന്നല്ല , മറിച്ച് ഈ കഥയിലെ മരണത്തെയും പ്രതികാരത്തെയും പോലും വൈകാരികമായല്ല , മറിച്ച് അലസമായി , MATTER OF FACT ആയാണ് സമീപിക്കുന്നത്.



KATIE ELDER ന്‍റെ നാലു മക്കളെയാണ് സിനിമയുടെ ശീര്‍ഷണം ADDRESS ചെയ്യുന്നത് എങ്കിലും മൂത്ത സഹോദരനിലെയ്ക്ക് പലപ്പോഴും നായകത്വം വരുന്നുണ്ട്. ജോണ്‍ ഫോര്‍ഡിനെപ്പോലുള്ള സംവിധായകരുടെയൊപ്പം മുതല്‍ ജനപ്രിയ ഹീറോ സിനിമകളില്‍ വരെ അഭിനയിച്ച് ആര്‍ട്ട് സിനിമയ്ക്കും ജനപ്രിയ സിനിമയ്ക്കും ഒരു പോലെ പ്രിയപ്പെട്ട ജോണ്‍ വെയ്ന്‍ നായക കഥാപാത്രമായതിനാലാവാം. ബിഗ്‌ ബിയില്‍ മമ്മൂട്ടി വരുന്നതും സമാനമായ നിലയിലാണ്. അതും ഇരുവരുടെയും സ്റ്റാര്‍ കരിയറിന്‍റെ പില്‍കാലങ്ങളില്‍.


മാര്‍ക്ക് വാല്‍ബര്‍ഗിന്‍റെ കലിപ്പ് സാന്നിധ്യമുണ്ടെങ്കിലും FOUR BROTHERS ഒരു പരിധി വരെ ടൈറ്റിലിനോട്‌ നീതി പുലര്‍ത്തിക്കൊണ്ട് നായകത്വം ഭാവിക്കാതെ നില്‍ക്കുന്നുണ്ട്. ബിഗ്ബി അതിന്‍റെ ടൈറ്റില്‍ കൊണ്ട് നായകകേന്ദ്രിതത്വം ഒളിച്ചു വയ്ക്കുന്നില്ല. രണ്ടു സിനിമയിലും ആവര്‍ത്തിച്ച് വരുന്ന ക്രിസ്മസ് വിരുന്ന്‍ രംഗം താരതമ്യം ചെയ്യുമ്പോള്‍ രണ്ട് സിനിമകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാം: നിശബ്ദമായി വിരുന്നിന് ഇരിക്കുമ്പോള്‍ നാലു പേരും അമ്മയെ ഓര്‍മ്മിക്കുന്നുണ്ട്. ബിഗ്ബിയില്‍ ബിലാലാണ് മേരിട്ടീച്ചറെ ഓര്‍മ്മിക്കുന്നത്. ബാക്കി മൂന്ന്‍ പേരെക്കുറിച്ചുമുള്ള ടീച്ചറുടെ ശ്രദ്ധ അവര്‍ ബിലാലിനെ ഓര്‍മ്മിപ്പിക്കുകയാണ്. ബിലാലിന്‍റെ ഓര്‍മ്മയിലൂടെയാണ് മൂവരും കടന്നു പോകുന്നത് . ഈ വ്യത്യാസം കൊണ്ടാണ് ആദ്യ സിനിമയുടെ പേര്‍ "ഫോര്‍ ബ്രദേഴ്സ് " എന്നായിരിക്കുന്നതും രണ്ടാം സിനിമയുടെ പേര് "ബിഗ്‌ ബ്രദര്‍" എന്നായിരിക്കുന്നതും.





ഒരു കഥയുടെ മൂന്ന് വേരിയെഷനുകളാണ് ഈ മൂന്ന് സിനിമകള്‍ എന്നാണ് ഞാന്‍ കരുതുന്നത്. ഇതേ കഥ കൊണ്ട് നാലാമതും അഞ്ചാമതും വേരിയെഷനുകള്‍ സാധ്യമാണ്. സാമ്യതകളില്‍ കൂട്ടിമുട്ടുംപോഴും അവ തമ്മിലുള്ള കൊമ്പോസിഷനുകളിലെ വ്യത്യസ്തതയാണ് അവയെ സ്വതന്ത്രസൃഷ്ടികളാക്കുന്നത്. പശ്ചാത്തലം, (ലോക്കല്‍ കളര്‍) കോസ്റ്റ്യൂംസ്, ഭാഷ, തുടങ്ങിയവ കൊണ്ട് KATIE ELDER വെസ്റ്റിന്‍റെയും FOUR BROTHERS ഡേട്രോയിറ്റിന്‍റെയും ബിഗ്‌ ബി കൊച്ചിയുടെയും ഫ്ലേവര്‍ തുടരണം എന്നതില്‍ സിനിമാക്കാര്‍ പ്രത്യേകം കെയര്‍ എടുത്തിട്ടുള്ളതായി കാണാം.

ഒരേ കഥ കാലങ്ങളിലൂടെ വീണ്ടും പറയുന്ന പ്രക്രിയയെ ഇവിടെ പരിശോധിക്കുമ്പോള്‍ കിട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട വെളിപാട് കഥ പറയുന്നതിലുള്ള BREVITY കുറഞ്ഞ്, വാചാലത കൂടി വരുന്നു എന്നതാണ്. ധ്വന്യാതമകതയില്‍ നിന്ന് വിഷ്വല്‍ ധാരാളിത്തത്തിലൂടെ അതിവാചാലതയിലെയ്ക്കുള്ള നീക്കമാണ് അത്. സിനിമ മുന്നോട്ട് പോകും തോറും ആ പ്രവണത വര്‍ദ്ധിച്ച് വരുന്നുവെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഹിച്ച്കൊക്കിന്‍റെ റിയര്‍വിന്‍ഡോ എന്ന ചിത്രം ക്രിസ്റ്റഫര്‍ റീവ് പുനര്‍നിര്‍മ്മിച്ചപ്പോള്‍ ഫ്ലാറ്റുകളിലെ അന്തേവാസികളെ പരിചയപ്പെടുത്താന്‍ എടുത്ത സമയം ഹിച്ച്കോക്ക് എടുത്തതിന്‍റെ ഇരട്ടിയിലേറെയായിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്തായാലും അതാത് ഇടങ്ങളിലെ പ്രേക്ഷകരുടെ CINEMA -COMPREHENSION ശീലങ്ങളാണ് അത് സൂചിപ്പിക്കുന്നതും. മറിച്ച് KATIE ELDER ന്‍റെ കോപ്പിയാണ് FOUR BROTHERS എന്നോ FOUR BROTHERS ന്‍റെ കോപ്പിയാണ് ബിഗ്ബി എന്നോ ഞാന്‍ കരുതുന്നില്ല.


മാറ്റങ്ങളുടെ രാഷ്ട്രീയം ...അത് മറ്റൊരു വായനയാണ്







Saturday, July 19, 2025

ഭീതിസാഹിത്യം: ഒരു Essential വായനാലിസ്റ്റ്

 





















കുറ്റാന്വേഷണരചനകള്‍ എഴുതുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങളുടെ ലിസ്റ്റ് മുന്‍പൊരു പോസ്റ്റില്‍ ഷെയര്‍ ചെയ്തിരുന്നു. അത് പോലെ Gothic/Horror വിഭാഗത്തില്‍ പെടുന്ന രചനകളുടെ ഒരു Essential Reading List ഉണ്ടാക്കാനുള്ള ശ്രമമാണ്.
============================

പേടിപ്പിക്കുന്ന വാമൊഴിക്കഥകള്‍ വളരെ പണ്ട് കാലം മുതല്‍ ഉണ്ടായിരുന്നതാണ്. പില്‍ക്കാലത്ത് ഈ Genre ന്റെ ഭാഗമായിത്തീര്‍ന്ന പല ഘടകങ്ങളും അക്കാലത്ത് തന്നെ രൂപം കൊണ്ടതാണ്. പരേതാത്മാക്കള്‍, രക്ഷസ്സുകള്‍, വെയര്‍ വൂള്‍ഫ് മിത്ത്, മന്ത്രവാദികള്‍/വാദിനികള്‍, കുട്ടിച്ചാത്തന്‍മാര്‍, പിശാച് എന്ന സങ്കല്‍പം etc etc. എന്നാല്‍ പേടി അനുഭവിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ട സാഹിത്യത്തില്‍ ഇത്തരം കഥകള്‍ കടന്ന് വന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിലാണ്. Horace Walpole ന്റെ Castle of Otranto (1764) ആദ്യകാലരചനകളില്‍ ഒന്നാണ്. മധ്യകാലമാളിക, പേടിപ്പിക്കുന്ന സംഭവങ്ങള്‍, പ്രകൃത്യാതീതസംഭവങ്ങള്‍ ഒക്കെ നിറഞ്ഞ ഒരു കഥ. വന്‍ വിജയമായിരുന്ന ഈ നോവലിന് ഒരു പാട് അനുകരണക്കാരുണ്ടായി. അവര്‍ ഒരു ഫോര്‍മുലയും രൂപീകരിച്ചു. ഒരു പഴയ മാളികയുടെ പശ്ചാത്തലം, ഇരുളഞ്ഞ അവയുടെ അകം, അതിനുള്ളില്‍ കെണിയിലാക്കപ്പെടുന്ന കഥാപാത്രങ്ങള്‍, അതിനുള്ളില്‍ പ്രേതസാന്നിധ്യം, പ്രാചീനമായ അന്തരീക്ഷം, കാല്‍പനികമായ വിവരണം, ഭീതി, അസ്ഥികൂടങ്ങള്‍, കല്ലറകള്‍, ശ്മശാനങ്ങള്‍. സ്ത്രീകള്‍ ഇത്തരം നോവലുകളുടെ വലിയ വായനക്കാരായി.
============================



Mrs. Ann Radcliffe എന്ന എഴുത്തുകാരിയാണ് ഇവരിലെ ഏറ്റവും Successful ആയ രചയിതാവ്. അവരുടെ Mysteries of Udolpho (1794) പ്രധാനമായ രചനയാണ്. എങ്കിലും ചരിത്രപരമായ പ്രാധാന്യമുണ്ട്, ഗവേഷകര്‍ക്ക് വായിക്കാം ഇക്കാലത്ത് അത്ര വായനാക്ഷമമായ പുസ്തകങ്ങളല്ല ഇവയൊന്നും. എന്റെ അഭിപ്രായത്തില്‍ Walpole, Ann Radcliffe എന്നിവരുടെ രചനകളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രമേയങ്ങളെക്കുറിച്ചും പൊതുവേ വായിച്ച ശേഷം ജെയിന്‍ ഓസ്റ്റിന്റെ Northanger Abbey (1817) എന്ന നോവല്‍ വായിക്കുന്നത് വളരെ നന്നായിരിക്കും. ഗോഥിക് നോവല്‍ ട്രെന്‍ഡിനെ പരിഹസിച്ചു കൊണ്ട് അത്തരം നോവലുകളുടെ പാരഡി എന്നോണം ജെയിന്‍ ഓസ്റ്റിന്‍ രചിച്ചതാണ് ഈ നോവല്‍. തികച്ചും Delightful എന്ന പറയാവുന്ന ഒരു വായനാനുഭവമാണ് ഈ നോവല്‍.
കാതറിന്‍ മോര്‍ലന്‍ഡ്‌ എന്ന പെണ്‍കുട്ടി ആന്‍ റാഡ്ക്ലിഫിന്‍റെ ഗോഥിക് നോവല്‍ വായിച്ച് വായിച്ച് അത്തരം ഭാവനാലോകത്ത് ജീവിച്ച് വരികയാണ്. അവളുടെ തീ പിടിച്ച ഭാവനകാരണം തനിക്ക് ചുറ്റും ഒരു “ഹൊറര്‍” ലോകം രൂപപ്പെടുകയാണോ എന്ന് അവള്‍ സംശയിക്കുന്നതാണ് പ്രമേയം.
================================




1818 മേരി ഷെല്ലി എഴുതിയ ഫ്രാങ്കന്‍സ്റ്റൈന്‍ ആണ് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു രചന. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ എഴുത്തിന്‍റെ ഒരു പ്രാഗ്രൂപം എന്ന നിലയിലും ഗോഥിക് അന്തരീക്ഷസൃഷ്ടി ഭാഷ, Documents ലൂടെയുള്ള രചനാരീതി, എന്നിങ്ങനെ വിവിധ തലത്തില്‍ ഇന്നും Influential ആയ രചനയാണിത്.


=================================


Edgar Allen Poe യുടെ Tales of Mystery and Imagination നാണ് അടുത്ത സുപ്രധാനമായ നിര്‍ദേശം. അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ച സമാഹാരം. ഈ സമാഹാരത്തിലെ William Wilson, The Case of M Valdemar, The Fall of the House of Usher, The Masque of the Red Death, The Tell-Tale Heart, The Black Cat, Berenice, The Pit and the Pendulum എന്നീ കഥകള്‍ വായിച്ചിരിക്കേണ്ടതാണ്. സത്യത്തില്‍ ഗോഥിക് / ഹൊറര്‍ സാഹിത്യത്തെക്കുറിച്ച് വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ തുടക്കവും അന്ത്യവുമായി പരിഗണിക്കാവുന്ന ഒരു പുസ്തകമാണ് ഇത്. വിവിധ തരം ഭീതിരചനകള്‍ക്ക് പരിചയപ്പെടാനും മാതൃകയാക്കാനും ഈ കഥകള്‍ സഹായകമാണ്. ദ്വന്ദം/Doppelganger പ്രമേയമാകുന്ന William Wilson, ക്ലാസിക് ഗോഥിക് ശൈലി പിന്തുടരുന്ന House of Usher, സയന്‍സ് ഫിക്ഷന്‍ ഹൊറര്‍--M Valdemar, ചിത്തഭ്രമം-Tell Tale Heart, പ്രകൃത്യാതീത പ്രതിഭാസങ്ങളോന്നുമില്ലാത്ത മനശാസ്ത്രപരമായ ഭീതികഥ The Black Cat തുടങ്ങിയവ.

==============================

വിക്ടോറിയന്‍ ഇംഗ്ലണ്ടില്‍ ഹൊറര്‍ കഥകള്‍ക്ക് വലിയ പ്രിയമുണ്ടായിരുന്നു. ഡിക്കന്‍സ് ഉള്‍പ്പടെയുള്ളവര്‍ നിരവധി പ്രേതകഥകള്‍ എഴുതിയിട്ടുണ്ട്. എങ്കിലും Essential Reading List ല്‍ വായിക്കേണ്ടവയല്ല. Joseph Sheriden Le Fanu വിന്‍റെ Carmilla (1872) എന്ന Vampire രചനയാണ് അടുത്തതായി വായിക്കേണ്ടത്. Vampire Sub-genre ല്‍ പെട്ട പ്രധാന Text കളില്‍ ഒന്നാണത്. ലൈംഗികതയുടെ അന്യാപദേശമായി രക്ഷസുകഥകളെ അവതരിപ്പിക്കാനുള്ള ശ്രമവും ഇതില്‍ കാണാം.
=============================
RL Stevenson ന്റെ Dr. Jekyll & Mr. Hyde (1886) -ദ്വന്ദവ്യക്തിത്വത്തെക്കുറിച്ചുള്ള ഈ രചന ഒരു പഴയകാലത്തെ വെയര്‍വൂള്‍ഫ് മിത്തിന്‍റെ ഒരു ആധുനികരൂപമായിരുന്നു.


=============================


മോപ്പസാങ്ങിന്‍റെ Horla (1887) , On the River, The Hand etc.


=============================

Rider Haggard ന്റെ She (1887)

=============================




വെല്‍ഷ് എഴുത്തുകാരനായ ആര്‍തര്‍ മാക്കന്‍ ( Arthur Machen) എഴുതിയ The Great God Pan (1894), The Three Imposters (1895) എന്ന സമാഹാരത്തില്‍ ഉള്‍പ്പെട്ട Novel of the Black Seal, Novel of the White Powder എന്നീ രചനകള്‍ വളരെ പ്രധാനമാണ്. HP Lovecraft നെ സ്വാധീനിച്ച, Weird Fiction എന്ന Sub-genre നെ anticipate ചെയ്യുന്ന രചനകളാണ് ആര്‍തര്‍ മാക്കന്‍റേത്.
==============================

.


ബ്രാം സ്റ്റോക്കറുടെ Dracula (1897). Genre സവിശേഷതകള്‍ മനസിലാക്കുന്നതിന്‌ അലന്‍ പോയുടെ പുസ്തകം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട Text ആണ് Dracula. പ്രാചീനവും ആധുനികവുമായ യഥാക്രമം Gothic- Horror Fiction ന്റെ പൂര്‍ണതയാണ് ഈ നോവല്‍. കത്തുകള്‍, ഡയറിക്കുറിപ്പുകള്‍, പത്രക്കട്ടിംഗുകള്‍ എന്നിവ അടങ്ങിയ Epistolary രചനാരീതി, Vampire Mythologyയുടെ കൂടുതല്‍ വിസ്തൃതമായ അവതരണം എന്നിങ്ങനെ നിരവധി സവിശേഷതകള്‍.


==============================


Henry James ന്റെ Turn of the Screw (1898) എന്ന നോവല്‍. ഒരേ സമയം പ്രേതകഥയും സൈക്കോളജിക്കല്‍ കഥയുമായി വായിക്കാവുന്ന രചനാശൈലി.

==============================


M R James ന്റെ The Collected Ghost Stories of MR James (1931) എന്ന സമാഹാരം. ധ്വനികളിലൂടെയും സൂചനകളിലൂടെയും അര്‍ത്ഥം വിനിമയം ചെയ്യുന്ന സാഹിത്യപരമായ മികവുള്ള കഥകളാണ് എം ആര്‍ ജെയിംസിന്‍റേത്. Ash Tree, Count Magnus, Whistle, and I’ll Come for You, My Lad, The Treasure of Abbot Thomas എന്നിങ്ങനെ പ്രേതകഥകളെക്കുറിച്ചുള്ള സങ്കല്‍പങ്ങളെ തിരുത്തുന്ന നിരവധി കഥകള്‍ ഈ സമാഹാരത്തിലുണ്ട്.


=============================


സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എഴുതിയ ഭീതികഥകളുടെ സമാഹാരം -- Tales of Terror and Mystery (1923) എന്ന സമാഹാരം, Algernon Blackwood എഴുതിയ The Willows (1907) വാള്‍ട്ടര്‍ ഡിലാ മേയറുടെ All Hallows (1926), കടലിന്‍റെ പശ്ചാത്തലത്തില്‍ ഭീതികഥകള്‍ എഴുതിയ വില്യം ഹോപ്പ് ഹോജ്സന്റെ The Derelict (1912), ഡബ്ല്യു ഡബ്ല്യു ജേക്കബ്സിന്‍റെ Monkey’s Paw (1902), ഇ എഫ് ബെന്‍സന്‍റെ Room In the Tower (1912) തുടങ്ങിയവ വായിക്കേണ്ടതാന്. Robert Aickman ന്റെ Ringing the Changes. (1955)

================================


ഇരുപതാം നൂറ്റാണ്ടിലെ ഹൊറര്‍ ഫിക്ഷനെ മുഴുവന്‍ സ്വാധീനിച്ച എച്ച് പി ലവ്ക്രാഫ്റ്റ് സ്വയം രൂപീകരിച്ചത് ആര്‍തര്‍ മാക്കന്‍, ലോര്‍ഡ്‌ ഡണ്‍സാനി, ആള്‍ജര്‍നണ്‍ ബ്ലാക്ക് വുഡ് എന്നിവരാണ്. അത് വരെയുണ്ടായിരുന്ന ഭീതിസങ്കല്‍പങ്ങള്‍ക്ക് പകരം Cthulhu Mythos എന്ന Other-worldly അസ്ഥിത്വങ്ങളുടെ ഒരു ഗാലറി തന്നെ അദ്ദേഹം സൃഷ്ടിച്ചു. The Call of Cthulhu (1926) , Dunwich Horror (1928) എന്നിവ നിര്‍ദേശിക്കുന്നു.


==================================


Robert Bloch’s Psycho (1959) , Shirley Jackson ന്റെ The Haunting of Hill House (1959) , Robert Matheson ന്റെ Apocalyptic രചന , I am Legend (1954) , സ്റ്റീഫന്‍ കിംഗിന്‍റെ Shining (1980), Pet Sematary (1983), Salem’s Lot (1975).


=================================



ജാപ്പനീസ് ഭീതികഥകള്‍ എഴുതുകയും സമാഹരിക്കുകയും ചെയ്ത Lafcadio Hearn ന്റെ കഥകള്‍ പ്രേതകഥകളുടെ ഏഷ്യന്‍ പാരമ്പര്യം കാണിക്കുന്നു. Kwaidan: Stories and Studies of Strange Things (1904) ഐതിഹ്യമാലയില്‍ നിന്നും കേരളത്തിന്‍റെ പ്രാചീനമന്ത്രവാദപാരമ്പര്യത്തെക്കുറിച്ചുള്ള പുരാവൃത്തങ്ങളില്‍ നിന്നും രൂപം കൊണ്ട കേരളത്തിലെ "മാന്ത്രികനോവല്‍" നമ്മുടെ Unique ആയ ഒരു സംഭാവനയാണ്. European Occult നോവലില്‍ നിന്ന് വ്യത്യസ്തമാണ് അത്. പക്ഷെ ഈ നോവലും ഏറിയ പങ്കും സെന്‍സേഷനല്‍ രീതിയില്‍ തന്നെയെ കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളൂ. ശ്രീകൃഷ്ണപ്പരുന്ത്, പള്ളിവേട്ട എന്നീ നോവലുകള്‍ മാതൃകകള്‍ ആണ്.


=================================


ഇതൊരു സമ്പൂര്‍ണ ലിസ്റ്റ് അല്ല. ഓരോ Sub-genre ല്‍ നിന്നുമുള്ള വളരെ പ്രധാനമായി പരിഗണിക്കാവുന്ന, Genre നെ define ചെയ്ത രചനകള്‍ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ.
=================================

എച്ച് പി ലവ്ക്രാഫ്റ്റ് എഴുതിയ പഠനം, Supernatural Terror in Literature, സ്റ്റീഫന്‍ കിംഗ് എഴുതിയ നോണ്‍-ഫിക്ഷന്‍ പുസ്തകം-- Danse Macabre (1981) ഹൊറര്‍ ഫിക്ഷന്‍ എഴുതുന്നവര്‍ക്ക് ഒരു Guide Book ആയി വായിക്കാവുന്നതാണ്.


==============================

ഓരോ തരം സാഹിത്യത്തിനോടുമുള്ള വിവിധ സമൂഹത്തിന്റെ സ്വീകരണം ( Reception) വ്യത്യസ്തമായിരിക്കാം. Gothic/Horror സാഹിത്യം പാശ്ചാത്യസാഹിത്യത്തില്‍ വ്യാപകമായി എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു. ഒരു കാലം വരെ ഭീതിസാഹിത്യം വില കുറഞ്ഞ സാഹിത്യമാണ് എന്ന നിലപാട് ഉണ്ടായിരുന്നു എങ്കിലും.




ഉന്നതമായ സാഹിത്യത്തിന്റെ ഇത് സവിശേഷതയും ഉള്‍ക്കൊള്ളുന്ന ഭീതിരചനകള്‍ അവിടെ നിന്ന് വന്നിട്ടുമുണ്ട് ആ അംഗീകാരം അവിടെ ഇപ്പോള്‍ ലഭിക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ പക്ഷെ ഈ രചനാരീതി ഗൌരവമായി പരിചരിച്ചിട്ടുള്ള എഴുത്തുകാര്‍ കുറവാണ്. അതിന് ശ്രമിച്ചിട്ടുള്ളവര്‍ വളരെ സെന്‍സേഷണല്‍ ആയ ശ്രമങ്ങളേ നടത്തിയിട്ടുമുള്ളൂ. ഒരു സമൂഹം അടക്കിവച്ച വികാരങ്ങള്‍, ട്രോമ തുടങ്ങിയ കലാപരമായി പുറത്ത് കൊണ്ട് വരുന്നതില്‍ ഈ രചനാവിഭാഗത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു പക്ഷെ Social Realism എന്ന സമീപനത്തെക്കാള്‍ പ്രാധാന്യമുണ്ട്. Horror: A Literary History എന്ന പഠനത്തില്‍ Xavier Aldana Reyes പറയുന്നു: “...the genre is more than frivolous entertainment, more than the sum of its chills and thrills. It can take on serious work and may--more successfully than social realism--allow for veritable insights into the nature of taboo areas that otherwise remain outside the remit of the acceptable. It has capacity to “encapsulate an era, its unspoken worries and aspirations, makes its study particularly rewarding.”


സാഹിത്യം ബിംബങ്ങളും രൂപകങ്ങളും മറ്റ് അലങ്കാരങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ച് വാചാലരാകുന്ന നമ്മുടെ സാഹിത്യസംരക്ഷകര്‍ക്കും ഗോഥിക് ബിംബങ്ങള്‍ക്കപ്പുറത്ത് എന്ത് എന്ന് കാണാനോ, നോക്കാനോ തുനിഞ്ഞിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍.
…................

1. Northanger Abbey (Jane Austen)

2. Frankenstein (Mary Shelley)

3. Tales of Mystery and Imagination (Edgar Allan Poe)


4. Carmilla (Joseph Sheriden Le fanu)

5. Dr. Jekyll& Mr. Hyde, Body Snatcher (RL Stevenson)

6. Horla, The Hand, On the River (Maupassant)

7. She (Rider Haggard)

8. The Great God Pan (Arthur Machen)

9. Dracula (Bram Stoker)

10. Turn of the Screw (Henry James)

11. Ash Tree, Count Magnus (M R James)

12. Lot No 246 (Sir Arthur Conan Doyle)

13. Willows (Algernon Blackwood)

14. All Hallows (Walter De la Mare)

15. The Derelict (William Hope Hodgeson)

16. Monkey’s Paw (WW Jacobs)

17. The Room in the Tower (EF Benson)

18. Ringing the Changes (Robert Aickman)

19. The Call of Cthulhu, Dunwich Horror (H P Lovecraft)

20. Psycho (Robert Bloch)

21. I am Legend (Richard Matheson)

22. The Haunting of Hill House (Shirley Jackson)

23. Salem’s Lot, Pet Sematary, The Shining (Stephen King)

24. Japanese Ghost Stories (Lafcadio Hearne)

25. Danse Macabre (Stephen King-Non fiction)

26. Supernatural Terror in Literature (H P Lovecraft)

Wednesday, July 16, 2025

ആഗ്രഹങ്ങളിലെ അണ്ടര്‍വേള്‍ഡ്



അധോലോകം എക്കാലത്തും എന്‍റെ ഒരു Weakness ആയിരുന്നു. ജീവിതത്തില്‍ എന്തെങ്കിലും ക്രൈസിസ് നേരിടുന്ന സാഹചര്യങ്ങളില്‍ ബോംബെയ്ക്ക് നാട് വിടണം ; അവിടെ ഒഴിവ് അനുസരിച്ച് ഏതെങ്കിലും അധോലോകത്ത് കയറിപ്പറ്റണം ; തുടര്‍ന്ന് കാറും ഓവര്‍കോട്ടും കൂളിംഗ് ഗ്ലാസും സമ്പാദിച്ച ശേഷം തിരികെ നാട്ടില്‍ വരണം എന്നുമായിരുന്നു പദ്ധതികള്‍. അധോലോകത്ത് അത്യാവശ്യം സ്വയം പര്യാപ്തത നേടിയ ശേഷം സ്വന്തമായി ഒരു അധോലോകം. അതിന് വേണ്ടിയുള്ള പദ്ധതികള്‍ സ്കൂള്‍ കാലം മുതല്‍ ഞങ്ങള്‍ ഒരു സംഘം പേര്‍ ആലോചിച്ചു വച്ചിരുന്നു. വളരെ ചെറിയ ഡീറ്റെയില്‍സ് ഉള്‍പ്പടെ പരിഗണിച്ചു കൊണ്ട്.


ആദ്യകാലത്ത് ലക്ഷണമൊത്ത ഒരു കൊള്ളസംഘം എന്ന നിലയിലാണ് ചര്‍ച്ച തുടങ്ങിയത്. പക്ഷെ അങ്ങനെ ഒരു കണ്‍ട്രിപ്പേരില്‍ അല്ല ഞങ്ങള്‍ അതിനെ വിളിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നത്. ഒരു ക്രൈം സിന്‍ഡിക്കേറ്റ് എന്നൊക്കെയുള്ള ഭംഗിയുള്ള പേരില്‍ വിളിക്കാവുന്ന ഒരു സെറ്റ് അപ്പ് ആയിരുന്നു അത്. പെറ്റിക്കൊള്ളകള്‍ മാത്രമായിരുന്നില്ല ഞങ്ങള്‍ ചെയ്യുക. മറിച്ച് ആവശ്യം വരുന്ന മുറയ്ക്ക് നല്ല മനോഹരങ്ങളായ കൊലപാതകങ്ങളും ഞങ്ങള്‍ ചെയ്യാന്‍ പരിപാടിയിട്ടിരുന്നു. ഉപദ്രവികളായ ആളുകളെ ഇല്ലാതാക്കി ഭൂമിയെ ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടം ആക്കി മാറ്റുക.  പദ്ധതി തുടങ്ങിയ കാലത്ത് ഞങ്ങള്‍ പഠിച്ചിരുന്ന സ്ഥാപനത്തിലെ ഹെഡ് മാസ്റ്ററെയായിരുന്നു ഞങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. 




ചില കൂറ മലയാള സിനിമയില്‍ കാണുന്നത് പോലെ ചായപ്പെട്ടികള്‍ നിറയെ അടുക്കി വച്ച വലിയ ഒരു ഗോഡൌണായിരുന്നില്ല സിന്‍ഡിക്കേറ്റിന്‍റെ താവളം. മറിച്ച് . മറ്റേതൊരു സ്ഥാപനവും പോലെ നഗരഹൃദയത്തിലോ ഹൃദയത്തിന്‍റെ പരിസരത്തോ ആയി നല്ല ഉഗ്രനൊരു പത്ത്-പതിനഞ്ച് നില ഉയരമുള്ള ഒരു ബില്‍ഡിംഗിലായിരിക്കും സിന്‍ഡിക്കെറ്റ്‌ പ്രവര്‍ത്തിക്കുക. ഫ്രെണ്ടില്‍ മുഴുവന്‍ ഗ്ലാസിട്ട ഒരു കലക്കന്‍ കെട്ടിടം. കണ്ടാല്‍ എത്ര നിലയുണ്ട് എന്ന് മനസ്സിലാക്കാന്‍ അത് ഉണ്ടാക്കിയവന് പോലും പറ്റരുത്. "ഓഫീസ്" എന്നായിരിക്കും ഞങ്ങള്‍ സ്റ്റാഫ് താവളത്തെപ്പറ്റി പറയുമ്പോള്‍ പരാമര്‍ശിക്കുക. ഗ്ലാസിട്ട വിശാലമായ വാതില്‍ തെന്നി മാറിയാലുടന്‍ തലങ്ങും വിലങ്ങും ഗ്ലാസിട്ട ലിഫ്റ്റുകള്‍ മുകളിലേയ്ക്കും താഴേയ്ക്കും ഒഴുകിക്കൊണ്ടിരിക്കും. അതിനുള്ളില്‍ നിന്ന് മൊബൈലും പിടിച്ച് സംസാരിക്കാന്‍ വേണ്ടി മാത്രം സ്യൂട്ടും മറ്റും ചില കോന്തന്‍മാരെയും കോന്തികളെയും നമ്മള്‍ അപ്പോയിന്‍റ് ചെയ്തിരിക്കും. (ഒരു റിച്ച്നെസ്സിന് വേണ്ടി !!)




കൃത്യമായി ടാക്സ് അടയ്ക്കുന്ന തികച്ചും മാന്യമായി പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസ് എന്ന നിലയ്ക്ക് ആയിരിക്കും നഗരത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുക. "യൂണിവേഴ്സല്‍ എക്സ്പോര്‍ട്സ്" എന്നൊക്കെപ്പറയുന്ന പോലെയുള്ള ഗമയുള്ള പേരായിരിക്കും ഓഫീസിന് ഉണ്ടായിരിക്കുക. കൃത്യം പത്ത് മണിക്ക് തന്നെ ഓഫീസ് ആരംഭിക്കും. നല്ല കലക്കന്‍ ലോ ഫ്ലോര്‍ ബസുകളില്‍ മിടുക്കന്‍മാരും മിടുക്കത്തികളുമായ ഞങ്ങളുടെ സ്റ്റാഫ് വന്നിറങ്ങും. റിസപ്ഷനില്‍ നന്നായി പുഞ്ചിരിക്കുന്ന, വാട്ട് ക്യാന്‍ ഐ ഡൂ ഫോര്‍ യൂ എന്ന് ഭംഗിയായി ചോദിക്കുന്ന സ്റ്റൈലായി ഡ്രസ് ചെയ്ത ഒരു ചെറുക്കനേയും ചെറുക്കത്തിയെയും ഞങ്ങള്‍ ഇരുത്തിയിരിക്കും. ആ റിസപ്ഷനില്‍ നിന്നാണ് സ്ഥാപനത്തിന്‍റെ യഥാര്‍ത്ഥ ബിസിനസ് ആരംഭിക്കുക.പ്രധാനികള്‍ കയറി വരുമ്പോള്‍ ഹാളിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സ്റ്റാഫുകള്‍ ഗുഡ് മോണിംഗും മറ്റും പറഞ്ഞു കൊണ്ടേയിരിക്കും.



A സെക്ഷന്‍ B സെക്ഷന്‍ എന്നിങ്ങനെ വിവിധ ഡിവിഷനുകള്‍ ഓഫീസില്‍ ഉണ്ടായിരിക്കും. അറിയാവുന്നവര്‍ക്ക് അറിയാം . A എന്നാല്‍ ആനിഹൈലേഷന്‍ (ANNIHILATION) സെക്ഷന്‍, B എന്നാല്‍ ബര്‍ഗ്ലറി (BURGLARY) സെക്ഷന്‍ സെക്ഷന്‍ എന്നിങ്ങനെയാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരാളെ കൊല്ലാനുണ്ട്‌ എന്ന് കരുതുക. നിങ്ങളെ റിസപ്ഷനില്‍ നിന്ന് എ സെക്ഷനിലെയ്ക്ക് ഡയറക്റ്റ്‌ ചെയ്യുന്നതായിരിക്കും. നിങ്ങള്‍ ഒരാളെ കൊല്ലാന്‍ ഏര്‍പ്പാടാക്കാന്‍ വന്നതാണ് എന്ന ഒരു ഇന്‍ഫീരിയോരിറ്റി കൊപ്ലക്സോ പാപബോധമോ വേണ്ടാത്ത വിധം തികച്ചും ഒരു കോര്‍പറേറ്റ് ഓഫീസ് ഡീല് ചെയ്യുന്ന വിധം പ്രൊഫഷനല്‍ ആയിട്ടായിരിക്കും നിങ്ങള്‍ കൈകാര്യം ചെയ്യപ്പെടുക. എ സെക്ഷന്‍ എന്നാല്‍ സെന്‍ട്രലൈസ്ഡ് ഏസിയില്‍ പ്രവര്‍ത്തിക്കുന്ന വിശാലമായ ഒരു മൂന്ന് നില സമുച്ചയം തന്നെയാണ്. ആളെ എങ്ങനെ ശാസ്ത്രീയമായി തീര്‍ത്ത്‌ കളയാം എന്നതിന്‍റെ സര്‍വ്വ റിസേര്‍ച്ചും അവിടെ നടക്കുന്നുണ്ട്. ഞങ്ങളുടെ സ്റ്റാഫ് ആളുടെ ഡീറ്റെയില്‍സ് കളക്റ്റ് ചെയ്യുകയും എമെര്‍ജന്‍സി അനുസരിച്ച് ചാര്‍ജ് കൂടും . അഡ്വാന്‍സ് പേ ചെയ്ത് രസീപ്റ്റ് വാങ്ങി മടങ്ങാം. ആള് തീര്‍ന്നു കഴിയുമ്പോ മൊബൈലില്‍ മെസേജ് വരും. പിന്നെ , നിങ്ങള്‍ ഓഫീസുമായി ബന്ധപ്പെടെണ്ടതില്ല.



ബര്‍ഗ്ലറി വിഭാഗം അന്താരാഷ്ട്ര നിലവാരമുള്ള ഹെയ്സ്റ്റ് (മോഷണം എന്നും പറയും) പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്ന വിഭാഗമാണ്‌. സമര്‍ത്ഥമായ ഒരു വര്‍ക്ക്ഷോപ്പും ലൈബ്രറിയും ഇവിടെയുണ്ട്. വര്‍ക്ക്ഷോപ്പില്‍ ഏറ്റവും ആധുനികമായ എക്വിപ്മെന്‍സ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു ആവശ്യാനുസരണം. തുരങ്കമുണ്ടാക്കാനുള്ള ഹാന്‍ഡിയായ മാന്തുപകാരണം മുതല്‍ പേനയില്‍ ഒളിപ്പിക്കാവുന്ന ലേസര്‍ കട്ടര്‍ വരെ അവിടെയുണ്ട്. INTELLECTUAL CONTRIBUTION നടത്തുന്നവരും MANUAL CONTRIBUTION നടത്തുന്നവരും ബര്‍ഗ്ലറി വിഭാഗത്തിലുണ്ട്. ലൈബ്രറിയില്‍ മികച്ച മോഷണ പുസ്തകങ്ങളുടെയും സിനിമകളുടെയും ശേഖരമുണ്ട്. ആല്‍ഫ്രഡ് ഹിച്ച്കൊക്കിന്‍റെ കൊലപാതക സിനിമകള്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്ക്രീന്‍ ചെയ്യപ്പെടും.  കിഡ്നാപ്പിംഗ് സെക്ഷന്‍ വളരെ നല്ല സാധ്യതയുള്ള ഒരു മേഖലയാണ്. ഒരു വിഭാഗം കിഡ്നാപ്പിംഗ് കൈകാര്യം ചെയ്യും. 



ഡിസ്പോസിംഗ് സെക്ഷന്‍ ആണ് ഞങ്ങളുടെ സ്ഥാപനത്തിന്‍റെ ഹൈലൈറ്റ്. അത് ബില്‍ഡിംഗിന്‍റെ അണ്ടര്‍ഗ്രൌണ്ടില്‍ ഏറ്റവും മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഞങ്ങള്‍ തീര്‍ത്ത് കളയുന്ന ആളുകളുടെ കടാവറുകള്‍ (ശേഷിപ്പുകള്‍ ) ഡിസ്പോസ് ചെയ്യുന്ന ഇടമാണ് അത്. സ്ഥാപനം വിജയകരമായി നിലനില്‍ക്കുന്നതിന്‍റെ പ്രധാന ക്രെഡിറ്റ് ഡിസ്പോസിംഗ് സെക്ഷനാണ്. കാരണം സിനിമയിലെ മണ്ടന്‍ അധോലോക സംഘങ്ങളെപ്പോലെ ഞങ്ങള്‍ ഡെഡ് ബോഡികള്‍ കായലിലോ കടലിലോ ഒക്കെ താഴ്ത്തി പൊല്യൂഷന്‍ ഉണ്ടാക്കുകയോ, പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി കുഴിച്ചിടുകയോ ഒന്നും ചെയ്യുന്നില്ല. മറിച്ച് ഓഫീസിന്‍റെ അണ്ടര്‍ ഗ്രൌണ്ടില്‍ ഞങ്ങള്‍ ഒരു ഇലക്ട്രിക് ക്രിമറ്റൊറിയം സ്ഥാപിച്ചിട്ടുണ്ട്. തീര്‍ത്ത് കഴിഞ്ഞ ഡെഡ്ബോഡികള്‍ ഞങ്ങള്‍ നല്ല ഫൈന്‍ പൌഡര്‍ ആക്കി മാറ്റി നല്ല പാത്രങ്ങളില്‍ ഡോക്യുമെന്‍റ് ചെയ്ത് സൂക്ഷിക്കുന്നു. ലോകത്ത് ക്രിമറ്റൊറിയം സ്വന്തമായുള്ള ഏക അധോലോക സംഘം ഞങ്ങള്‍ മാത്രമായിരിക്കും.




ഞങ്ങളുടെ സ്റ്റാഫാണ് സ്ഥാപനത്തിന്‍റെ ജീവന്‍. ഒരു കാലത്തും അവര്‍ സ്ഥാപനത്തില്‍ നിന്ന് പിണങ്ങിപ്പോകാത്ത വിധത്തിലുള്ള സാലറിയാണ്‌ ഞങ്ങള്‍ കൊടുക്കുക. സ്ഥാപനം അങ്ങനെ നില നില്‍ക്കേണ്ടത് അവരുടെയും ആവശ്യമാണ്‌. സ്റ്റാഫിന് പ്രത്യേകം ക്വാര്‍ട്ടെഴ്സ്, കുട്ടികള്‍ക്ക് പഠിക്കാന്‍ സ്കൂള്‍, പിന്നെ വര്‍ഷത്തില്‍ ഞങ്ങള്‍ ടൂറിനു പോക്കും മറ്റുമോക്കെയുണ്ട്. നിയമവശങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലീഗല്‍ അഡ്വൈസര്‍മാരുടെ ഒരു പാനല്‍ തന്നെയുണ്ട്. അഥവാ, ആര്‍ക്കങ്കിലും ഒറ്റണം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ ഞങ്ങള്‍ അണ്ടര്‍ഗ്രൌണ്ട് സന്ദര്‍ശിക്കാന്‍ പറഞ്ഞു വിടും.




അധോലോകസംഘങ്ങളെക്കുറിച്ചുള്ള ഒരു ക്ലീഷേകളും ഞങ്ങള്‍ ആവര്‍ത്തിക്കാറില്ല. ഹാ ഹാ ഹാ എന്ന പൊട്ടിച്ചിരി, തുണിയില്ലാത്ത യുവതികളെ കൊണ്ടുള്ള നൃത്തം, അശരീരി പോലെയുള്ള സന്ദേശങ്ങള്‍, മൊട്ടത്തല , പൂച്ചയെ തടവല്‍, സ്രാവിന് കൊടുക്കല്‍, മുതലയ്ക്ക് കൊടുക്കല്‍, തുടങ്ങിയവ ഒന്നും ഞങ്ങള്‍ പിന്‍ തുടരുന്നില്ല. പിന്നെ , ഒന്നുണ്ട് . മരുന്ന് കച്ചവടം ഞങ്ങള്‍ ചെയ്യാറില്ല (ഡ്രഗ്സ് ) ഞങ്ങളുടെ മഹാഗുരു വിറ്റോ കോര്‍ലിയോണ്‍ അത് പാടില്ല എന്ന് അരുള്‍ ചെയ്തിട്ടുണ്ട്. സ്റ്റാഫ് പെരുമാറ്റം കൊണ്ടും വസ്ത്രധാരണം കൊണ്ടും തികച്ചും മാന്യമായിട്ടെ കസ്റ്റമേഴ്സിനോട്‌ ഇടപെടാവൂ എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. കൂളിംഗ് ഗ്ലാസും കലിപ്പുള്ള മുഖവും എപ്പോഴും അവര്‍ നിലനിര്‍ത്തും. എവിടെയാണെങ്കിലും മുഖത്ത് ഭാവമില്ലാതെ തെക്ക് വടക്ക് നോക്കി നില്‍ക്കുന്നതാണ് ഇപ്പോഴത്തെ ഞങ്ങളുടെ രീതി. പിന്നെ , സിനിമകളില്‍ അധോലോക സംഘങ്ങളുടെ തലയില്‍ കെട്ടി വയ്ക്കാറുള്ള ഒരു തരം താണ പ്രവര്‍ത്തിയും ഞങ്ങള്‍ക്ക് ഇല്ല. സ്ഥാപനം പോളിറ്റിക്കലി കറക്റ്റ് ആക്കി നിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നതായിരിക്കും. സത്യത്തില്‍ സേവനമായിട്ടേ ഞങ്ങള്‍ ഈ പ്രൊഫഷനെ കണ്ടിട്ടുള്ളൂ.




കസ്റ്റമേഴ്സിനെ FEEL AT HOME ആക്കുക എന്നത് ഇപ്പോള്‍ ഞങ്ങളുടെ ഒരു നയം തന്നെയാണ്. പഴയ ജഗ്ഗുവിനെ പോലെയല്ല ഞങ്ങള്‍ മോഡേന്‍ ഗാംഗ്സ്റ്റേഴ്സ്. പണ്ടത്തെ തലയോട്ടിയുടെ പടമുള്ള ടീഷര്‍ട്ടൊന്നും ഞങ്ങളുടെ കമ്പനിയില്‍ ആരും ധരിക്കാറില്ല. മറിച്ച് , കറുത്ത സ്യൂട്ട് ധരിച്ച , മുടി ബ്രില്‍ ക്രീം തേച്ച് ചീകി വച്ച കൈയ്യില്‍ ഓട്ടോമാറ്റിക് ഗണ്ണ്‍ പിടിച്ച ചുള്ളന്‍മാരാണ് ഞങ്ങടെ ഓഫീസില്‍. കൂളിംഗ് ഗ്ലാസ് ഞങ്ങളുടെ ഡ്രസ് കോഡിന്‍റെ ഭാഗം തന്നെയാണ്. ഈയിടെയായി ഞങ്ങള്‍ സ്ലോ മോഷനില്‍ നടക്കാന്‍ കൂടി പ്രാക്ടീസ് കൊടുക്കുന്നുണ്ട്. ഇങ്ങനെയുള്ള സോഫിസ്റ്റിക്കെഷന്‍ ഒക്കെയാണ് എങ്കിലും ഞങ്ങള്‍ കൊടും ക്രൂരന്‍മാരായിരിക്കും. അത് ഭാവിക്കാറില്ലെങ്കിലും. ചാകാന്‍ പോകുന്നവന്‍ പോലും ഒരു നിമിഷം ചോദിച്ച് പോകും "എന്നെക്കൂടി നിങ്ങടെ കളിയില്‍ ..സോറി നിങ്ങടെ കമ്പനിയില്‍ കൂട്ടുമോ ? ഇതൊന്നും ഞങ്ങള്‍ ആരോടും പറയാറില്ല. എങ്കിലും സംശയം ഉന്നയിച്ചത് കൊണ്ട് പറയാം. ഷൂട്ട്‌ ഔട്ട്‌ നടത്താന്‍ വേണ്ടി ഒരു വലിയ ഷോപ്പിംഗ് മാള്‍ തന്നെ ഞങ്ങള്‍ പണി കഴിപ്പിച്ചിട്ടുണ്ട്. ധാരാവി ഒഴിപ്പിക്കുന്നത് പോലെയുള്ള കണ്‍ട്രിപ്പണികള്‍ ഞങ്ങള്‍ക്കില്ല. ശത്രുക്കളെ ഓടിച്ച് ഷോപ്പിംഗ് മാളില്‍ കയറ്റി തൂണിന് മറഞ്ഞു നിന്ന് അരമണിക്കൂര്‍ എങ്കിലും വെടികള്‍ വച്ചിട്ടേ ഞങ്ങള്‍ കൊല്ലൂ. അതിനു മുന്‍പ് എല്ലാ ശത്രുക്കള്‍ക്കും ഓരോ തോക്ക് ഫ്രീ കൊടുക്കും. വെടി വയ്ക്കുന്നവര്‍ക്ക് സ്വയം കണ്ട് ആനന്ദിക്കാന്‍ മാളില്‍ മൊത്തം കണ്ണാടികള്‍ വച്ചിട്ടുണ്ട്. ഒടുവില്‍ ചാകുന്നവരെ ജെ സീ ബിയില്‍ വാരി ക്രിമറ്റോറിയത്തിലേയ്ക്ക് കൊണ്ട് പോകും. ഇങ്ങനെ വളരെ പ്രമാദമായ ഒരു സങ്കല്‍പം.

അവസാനമായി അധോലോകത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു പ്രൊഫഷനല്‍ കോഴ്സ് ആരംഭിക്കുക, അവര്‍ക്ക് വേണ്ടി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുക, ഞങ്ങളുടെ സ്ഥാപനത്തില്‍ അവര്‍ക്ക്  Internship  ചെയ്യാന്‍ അവസരമോരുക്കുക തുടങ്ങിയ പദ്ധതികളും ആലോചനയിലുണ്ട്. മെഡിക്കല്‍ എന്‍ജിനീയറിംഗ് അധോലോകം ഞങ്ങളുടെ സഹോദര-സ്ഥാപനമാണ്‌. എങ്കിലും അങ്ങോട്ടുള്ള വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക് ഒട്ടും സര്‍ഗാത്മകമല്ല എന്ന് ഞാന്‍ നിരീക്ഷിക്കുകയാണ്.













Friday, July 4, 2025

ഡീ നദിയ്ക്കക്കരെ...

 

















ഓ മേരി, പോയി പൈക്കളെ കൊണ്ടുവാ,
പോയ്‌ പൈക്കളേ കൊണ്ടു വാ,
ഡീ നദിയ്ക്കക്കരെ നിന്നും
പോയ്‌ പൈക്കളേ കൊണ്ടുവാ!


നനഞ്ഞ്‌ നുരഞ്ഞലറും പടിഞ്ഞാറന്‍ കാറ്റില്‍
ഒറ്റയ്ക്ക് പോയിതാപ്പെണ്‍കൊടി.
പടിഞ്ഞാട്ട് നിന്നും ഒഴുക്കേറിക്കര
കവിഞ്ഞ്, മണല്‍പ്പരപ്പേറിപ്പുഴ
കണ്ണെത്തുന്നിടം വരേയ്ക്കും.
താണിറങ്ങിയ കൊടുംമഞ്ഞില്‍ മൂടിപ്പോയ് ഭൂമി
മടങ്ങി വന്നില്ലൊരിക്കലുമവള്‍ പിന്നെ.

 
കടലില്‍ മീന്‍വലയ്ക്കും മീതെ,
എന്താണത്, കളയോ മത്സ്യമോ
ഒഴുകിപ്പരക്കും കൂന്തലോ?
സ്വര്‍ണമുടിച്ചുരുളോ അതോ
മുങ്ങിച്ചത്ത പെണ്ണിന്‍ മുടിക്കെട്ടോ!
ഡീ നദിയുടെ ഓളങ്ങളിലിത് വരെയു
മൊരു കോരമത്സ്യം പോലുമിത്രമേല്‍
വെട്ടിത്തിളങ്ങിയിട്ടില്ല...
ക്രൂരമായ്‌
നുരഞ്ഞുവിശക്കും
പുഴ കടന്നവള്‍
തീരത്തണഞ്ഞു നിശ്ചലം,
കടല്‍ക്കരയൊരു കുഴിമാടം വരെ.
ഇപ്പഴും മുക്കുവര്‍ കേള്‍ക്കുന്നു
ഡീ നദിയ്ക്കക്കരെ അവള്‍
പൈക്കളേ വിളിക്കും സ്വരം !!!!


"Sands of Dee" - Charles Kingsley (From "Alton Lock")

Wednesday, July 2, 2025

ഡാഫഡില്‍ പൂക്കള്‍



















ഉയരെ, താഴ് വാരങ്ങൾക്കും കുന്നുകള്‍ക്കും മീതെ
ഒഴുകി നടക്കുന്നൊരു മേഘം പോലെ
ഏകനായി ഞാനലയുമ്പോള്‍,
പൊടുന്നനെ ഞാന്‍ കണ്ടു
തടാകത്തിനരികില്‍, മരങ്ങള്‍ക്ക് ചുവട്ടില്‍
ഇളം കാറ്റില്‍ പാറിപ്പറന്ന് നൃത്തം വയ്ക്കുന്നൊരു
കൂട്ടം സുവര്‍ണ ഡാഫഡില്‍ പൂക്കള്‍.


അവിരാമം തിളങ്ങുന്ന നക്ഷത്രങ്ങള്‍ പോലെ,
ക്ഷീരപഥത്തിലെ തിളക്കം പോലെ,
തീരരേഖയോട് ചേര്‍ന്നനന്തമായി അവ.
ഒരൊറ്റക്കാഴ്ചയില്‍ കണ്ടു ഞാന്‍, തലയാട്ടി സോത്സാഹം
നൃത്തമാടുന്ന പതിനായിരം ഡാഫഡില്‍ പൂക്കള്‍.


അരികെ നൃത്തം വയ്ക്കുന്ന തിരകൾ; പക്ഷേ
ആഹ്ളാദത്താൽ തിളങ്ങുന്ന തിരകളെപ്പോലും അവ അതിശയിച്ചു.
അത്രയും ആനന്ദകരമായ ഒരു സവിധത്തിൽ
ഒരു കവിയ്ക്ക് സന്തുഷ്ടനാവാതെ തരമില്ല.
ഞാൻ നോക്കി മുഴുകി നിന്നതേയുളളു, ചിന്തിച്ചതേയില്ല,
ആ കാഴ്ച്ചയെന്നെയെത്ര ധന്യനാക്കിയെന്ന്.


ചില നേരങ്ങളിൽ ശൂന്യനായും ദു:ഖാർത്തനായും
ശയ്യമേൽ ഞാൻ ശയിക്കെ
ഏകാന്തതയുടെ ആനന്ദമായി
അകക്കണ്ണിലവ മിന്നി മറയും
അപ്പോഴെൻ്റെ ഹൃദയം നിര്‍വൃതിയില്‍ നിറഞ്ഞ്
ഡാഫഡിൽ പൂക്കളോടൊപ്പം നൃത്തം വയ്ക്കും...