Friday, August 4, 2023

ക്രിപ്റ്റോഡെന്‍ഡ്ര വാംപൈറസ്



മരിയ റോസ് 



ഒന്ന് 


ചിലപ്പോള്‍ ചില കണ്ടെത്തലുകള്‍ തികച്ചും ആകസ്മികമായിരിക്കും.  ഒരു വലിയ ദുരന്തം പോലും സവിശേഷമായ ചില കണ്ടെത്തലുകളിലേയ്ക്കും അറിവിലേയ്ക്കും  നയിക്കാം. ശാസ്ത്രത്തിന്‍റെ ചരിത്രം അത്തരം അനേകം  സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  കൌതുകകരമായ അത്തരം സംഭവങ്ങളെക്കുറിച്ച് സുരക്ഷിതത്വത്തിരുന്ന് വായിച്ചറിയുന്നത് പോലെയല്ല ആ അനുഭവങ്ങളിലൂടെ കടന്ന് പോകുക എന്നത്. അപ്പോള്‍ ഒരു ശാസ്ത്രഗവേഷകന് ആവശ്യം വേണ്ട വസ്തുനിഷ്ഠമായ, മാനസികാവസ്ഥ നമുക്ക് നഷ്ടപ്പെട്ടുവെന്ന് വരാം. ഒരു അഗ്നിപരീക്ഷയിലൂടെ കടന്ന് പോയ ഞാന്‍ ഇപ്പോള്‍ വളരെ അനന്യമായ ഒരു കണ്ടെത്തലിന്‍റെ മുന്നിലെത്തി നില്‍ക്കുകയാണ്. ഇത് പോലുള്ള ഒരു സന്ദര്‍ഭത്തില്‍ എനിക്കുണ്ടാകുമായിരുന്ന ആഹ്ളാദം ഇപ്പോഴില്ല. മറിച്ച് ഒരു നിസംഗതയാണ് ഉള്ളത്. ഒപ്പം ദുരൂഹമായൊരു ഭീതിയും. 


ഭീതി? അതെ. നിങ്ങള്‍ ജീവിക്കുന്ന വീട്ടില്‍ ഭീതിജനകമായ ഒരു അസ്ഥിത്വം കടന്ന് കൂടിയിട്ടുണ്ട് എന്ന് സങ്കല്‍പിക്കുക. അതിന്‍റെ സാന്നിധ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിവില്ലെങ്കില്‍, അത് സ്വയം വെളിപ്പെടുത്തുന്നുമില്ല എങ്കില്‍ എത്ര കാലം വേണമെങ്കിലും നിങ്ങള്‍ക്ക് തികച്ചും സമാധാനത്തോടെ ആ വീട്ടില്‍ താമസിക്കാനാകും. മറിച്ച്, ആ സാന്നിധ്യത്തെക്കുറിച്ച്, അതിന്‍റെ ഭീകരമായ ജീവിതചക്രത്തെക്കുറിച്ച് അറിയുന്ന പക്ഷം, ഇനിയൊരു പക്ഷെ അത് സ്വയം വെളിപ്പെടുത്തുന്നില്ലെങ്കില്‍ പോലും ജീവിതം ദുസ്വപ്നമായി തീരുന്നത് നിങ്ങള്‍ക്കറിയാനാകും.എന്‍റെ കണ്ടെത്തലിന്‍റെ വില എന്‍റെ മനസ്സമാധാനമാണ് എന്ന് എനിക്ക് ബോധ്യമുണ്ട്. ജീവിതം ചിലപ്പോഴെല്ലാം നമുക്ക് നല്‍കുന്ന ദയാവായ്പ്‌ നമ്മുടെ ചില അജ്ഞതകളാണ്. 




കഴിഞ്ഞ മാര്‍ച്ചിന്‍റെ ഒടുവിലായിരുന്നു  ആ സംഭവങ്ങളുടെ തുടക്കം. വേനല്‍ കഠിനമായിരിക്കും എന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. -----കോളേജിലെ സുവോളജി വകുപ്പ് മേധാവിയായിരുന്നു ഞാന്‍. മധ്യവേനല്‍ അവധിയ്ക്ക് കോളജ് അടയ്ക്കുകയായിരുന്നു എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം തിരക്കുള്ള സമയമായിരുന്നു. കടുവാച്ചിലന്തികളുടെ ശ്വസനവ്യവസ്ഥ വിവിധ ഭൂഖണ്ഡങ്ങളില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പഠിക്കുന്നതിന് വേണ്ടി ലഭിച്ച, റുഫോര്‍ഡ് സ്മോള്‍ഗ്രാന്‍റ് ഉപയോഗിച്ച് നടത്തുന്ന  ഒരു അന്താരാഷ്ട്ര ഗവേഷണ പദ്ധതിയുടെ ഭാഗമായിരുന്നു ഞാന്‍ അപ്പോള്‍. അതിന് വേണ്ടി   പശ്ചിമഘട്ടത്തിലെ വനങ്ങളില്‍ കണ്ട് വരുന്ന ചിലന്തികളുടെ സ്പെസിമന്‍ ശേഖരിക്കുന്നതിന് ഞാനും എന്‍റെ ഒപ്പം ഗവേഷണം ചെയ്യുന്ന നിതിന്‍ ഹരീഷ് എന്ന ചെറുപ്പക്കാരനും  കൂടി ഒരു യാത്രയ്ക്ക് തയ്യാറെടുത്തു.നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ പെട്ട  പതിഞ്ഞിലം പ്രദേശത്ത് നിന്ന് വനം വകുപ്പിന്‍റെ അനുവാദത്തോടെ ഉള്‍വനത്തിലേയ്ക്ക് ഞങ്ങള്‍ പുറപ്പെട്ടു. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ഒരു യാത്ര. 


ഞങ്ങളെ അനുഗമിക്കാന്‍ വനം വകുപ്പിലുള്ള ഒരു സ്നേഹിതന്‍ ഏര്‍പ്പാടാക്കിയ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു.  ആദ്യമൂന്ന് ദിവസത്തോടെ ഞങ്ങള്‍ ചാര്‍ട്ട് ചെയ്ത പ്രകാരമുള്ള സ്പെസിമന്‍ ശേഖരിക്കാന്‍ കഴിഞ്ഞു. നാലാം ദിവസം ക്യാമ്പ് ചെയ്യുന്നതിന് വേണ്ടി സുരക്ഷിതമായ ഒരു സ്ഥലത്തേയ്ക്ക് ഞങ്ങളുടെ ഗൈഡ് ഞങ്ങളെ നയിച്ചു. സഹായം ആവശ്യമുള്ള ജോലികള്‍ കഴിഞ്ഞതിനാല്‍ ഞങ്ങളുടെ ഗൈഡ് ഊരിലേയ്ക്ക് മടങ്ങി. വന്‍മരങ്ങള്‍ നിറഞ്ഞതെങ്കിലും കുറ്റിക്കാടുകള്‍ വെട്ടി നിരപ്പാക്കിയ അല്‍പം തുറസായ ഒരു പ്രദേശമായിരുന്നു അത്. താല്‍ക്കാലികമായി തങ്ങുന്നതിനായി മുന്‍പ് എപ്പോഴോ നിര്‍മ്മിച്ച ഒരു മുളംകുടിലും ഉണ്ടായിരുന്നു.  അടുത്തായി കരിമ്പുഴയുടെ കൈവഴിയായ ശുദ്ധജലം നിറഞ്ഞ ഒരു തോട് ഒഴുകിക്കൊണ്ടിരുന്നു. പ്ലാന്‍ ചെയ്തതില്‍ ശ്രമകരമായ ജോലികള്‍ എല്ലാം കഴിഞ്ഞതിനാല്‍ ഒരു പ്ലഷര്‍ ട്രിപ്പിന് വന്ന മൂഡിലേയ്ക്ക് ഞാനെത്തിയിരുന്നു. ഇംഗ്ലീഷില്‍  Idyllic  എന്ന് വിളിക്കാവുന്ന തികച്ചും പ്രശാന്തമായ ആ അന്തരീക്ഷം തന്നെയായിരുന്നു അതിന് കാരണം. ഉച്ചഭക്ഷണത്തിന് ശേഷം  കുടിലിന്‍റെ  തുറന്ന ഉമ്മറത്ത്  മുള കൊണ്ട് കെട്ടിയ ഇരിപ്പിടത്തില്‍ ഇരിക്കുമ്പോള്‍ നിതിനാണ് പിന്നീട് രണ്ടാഴ്ചയോളം നീണ്ട ഭീതിജനകമായ സംഭവപരമ്പരകള്‍ക്ക്  തുടക്കം കുറിച്ച വിഷയം ആദ്യമായി പരാമര്‍ശിച്ചത്. 


ഞാനും നിതിനും അത്യാവശ്യം സംസാരപ്രിയരാണ്.  ഗവേഷണവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളെക്കുറിച്ചോ, അതുമായി മറ്റ് വിഷയങ്ങളെക്കുറിച്ചോ, കോളേജുമായി ബന്ധപ്പെട്ട ചില അക്കാദമിക് ഗോസ്സിപ്പുകളെക്കുറിച്ചോ നിരന്തരമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു യാത്രയില്‍ ഉടനീളം ഞങ്ങള്‍. നിതിനുമായി ആറു വര്‍ഷത്തിലേറെ പരിചയമുണ്ടായിരുന്നു എനിക്ക്.  ഞാന്‍ ജോലി ചെയ്യുന്ന കോളേജിലാണ് ഡിഗ്രി ഒന്നാം വര്‍ഷം മുതല്‍ അയാള്‍ പഠിച്ചത്. പഠിക്കുന്ന വിഷയത്തില്‍ വെറും അക്കാദമിക് താല്‍പര്യത്തിലുപരിയായ ഒരു  അഭിനിവേശം നിതിന്‍ പ്രകടിപ്പിച്ചിരുന്നു.  ഉയര്‍ന്ന മാര്‍ക്കോടെ ഡിഗ്രിയും പിജിയും പാസായി. എനിക്ക് ഗൈഡ്ഷിപ്പ് ലഭിച്ച ശേഷം ആദ്യമായി തിരഞ്ഞെടുത്ത ഗവേഷകവിദ്യാര്‍ഥിയായിരുന്നു നിതിന്‍. പഠന വിഷയത്തിന് പുറമേ എഴുത്തിലും വായനയിലും സംഗീതത്തിലുമെല്ലാം നീണ്ട് കിടക്കുന്ന ഇഷ്ടങ്ങള്‍. ജോയിന്‍ ചെയ്ത് രണ്ട്  വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ തന്‍റെ വിഷയത്തില്‍ നാല് പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ച് കഴിഞ്ഞു. അച്ഛനും അമ്മയും സ്കൂള്‍ കാലത്ത് തന്നെ മരണപ്പെട്ടു. ഒരു മുതിര്‍ന്ന ജ്യേഷ്ഠനാണ് അടുത്ത ബന്ധു. നിരവധി യാത്രകളില്‍ നിതിന്‍ എന്നെ അനുഗമിച്ചിട്ടുണ്ട്. എന്‍റെ കുടുംബത്തിനും  വളരെ ഊഷ്മളമായൊരു അടുപ്പം  ആ ചെറുപ്പക്കാരനുമായി ഉണ്ടായിരുന്നു. 


ഭക്ഷണം കഴിഞ്ഞ് ഒരു സിഗരറ്റ് പുകച്ച് കൊണ്ട്  കുടിലിന്‍റെ ഉമ്മറത്ത് ഇരിക്കെ കുറച്ച് നേരം നീണ്ട് നിന്ന ഒരു നിശബ്ദത ഞങ്ങള്‍ക്കിടയില്‍ വന്നു.  ഒരു നിമിഷം, അന്തരീക്ഷത്തില്‍ എന്തോ ഒരു ഗന്ധം പടര്‍ന്നത് തിരിച്ചറിഞ്ഞ് മണം പിടിക്കുന്നൊരു ഭാവത്തോടെ നിതിന്‍ പതിയെ എഴുന്നേറ്റ് പുറത്തെ തണലിലേയ്ക്ക് ഇറങ്ങി. സിഗരറ്റ് കെടുത്തി കുറ്റി ചെളി വെള്ളത്തില്‍ കുത്തിക്കെടുത്തിക്കൊണ്ട് ഞാന്‍ നിതിന്‍റെ  ഭാവം നിരീക്ഷിച്ചു.  ഞാനും ഒപ്പം പുറത്തേയ്ക്ക് ഇറങ്ങി. 

 “എന്തെങ്കിലും പ്രത്യേകിച്ച്…?” ഞാന്‍ ചോദിച്ചു.

നിതിന്‍ നിരീക്ഷണം നിര്‍ത്തി എന്‍റെ അടുത്തേയ്ക്ക് തിടുക്കത്തില്‍ നടന്ന് വന്നു: “സാറ് ശ്രദ്ധിച്ചോ, വളരെ പെട്ടെന്ന് എന്ന പോലെ ഇവിടെ നിശബ്ദത പരന്നിരിക്കുന്നത്?വെയില്‍ വീണു കിടക്കുന്ന ഒരിടത്തെയ്ക്ക് പതിയെ  നിഴല്‍ പതിക്കുന്നത് പോലെയാണ് ഈ നിശബ്ദത വന്ന് വീണത്… ഇതാ ഒരല്‍പനേരം മുന്‍പ്..”

അപ്പോഴാണ്‌ അതിലേയ്ക്ക് എന്‍റെ ശ്രദ്ധ പതിഞ്ഞത്. അത് അസാധാരണമായി തോന്നി. ചീവീടുകളുടെ പോലും ശബ്ദം നിലച്ചത് പോലെ. പരസ്പരം ആശങ്ക പടര്‍ന്ന നോട്ടമയച്ച് കൊണ്ട് ഞങ്ങള്‍  അല്‍പം മുന്നോട്ട് നടന്ന് മുകളിലേയ്ക്ക് നോട്ടമയച്ചു. വളരെ ഉയരമുള്ള മരങ്ങളായിരുന്നു അവിടെ ഞങ്ങള്‍ക്ക് ചുറ്റുമുണ്ടായിരുന്നത്. ശാഖകള്‍ ഉള്ള മരങ്ങള്‍ ആയിരുന്നെങ്കിലും ഭീമമായി വളര്‍ന്ന തായ്ത്തടി ദീര്‍ഘദൂരം മുകളിലെത്തിയതിന് ശേഷം മാത്രമാണ് ശാഖകളായി വേര്‍പിരിഞ്ഞിരിക്കുന്നത്. ആ ഭീമന്‍മരങ്ങളുടെ ചുവട്ടില്‍ ഏറ്റവും ചെറുതായി, പൊടുന്നനെ വന്ന് ഭവിച്ച കാരണമറിയാത്ത നിശബ്ദതയില്‍ നില്‍ക്കെ വിചിത്രമായ ഒരു അസ്വസ്ഥത പതിയെ ഗ്രസിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. വെയിലിനെ ചെറുത്ത പച്ചപ്പ്‌ അവിടെ പരത്തിയ നേരിയ ഇരുട്ട് അസ്വസ്ഥതയെ ഇരട്ടിപ്പിച്ചു.  ഞാന്‍ അതിനെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. അത്തരം ചിന്തകളെ വളരാന്‍ അനുവദിച്ചു കൂടാ. പ്രത്യേകിച്ചും മനുഷ്യസംസ്കാരത്തില്‍ നിന്ന് അകന്ന്‍ പ്രകൃതി കാട് കയറുന്ന ഒരിടത്ത് അതിന്‍റെ ദയാവായ്പ്പില്‍ നില്‍ക്കെ പ്രത്യേകിച്ചും.  അതേ ചിന്ത മനസ്സില്‍ വച്ച് ഞാന്‍  പറഞ്ഞു: 


“നമ്മള്‍ വനമധ്യത്തിലാണ്‌. അതായത് നമ്മുടെ സ്ഥിരം ജീവിതപരിസരങ്ങളില്‍ നിന്നകലെ. ഓരോ പ്രദേശങ്ങള്‍ക്കും അതിന്‍റേത് മാത്രമായ ചില സ്വഭാവരീതികളുണ്ട്. അത്  നമുക്കറിയില്ല. ഈ നിശബ്ദതയ്ക്കും എന്തെങ്കിലും കാരണം കാണും. വരൂ. അല്‍പമൊന്ന് വിശ്രമിക്കാം. വേണമെങ്കില്‍ ഒന്ന് മയങ്ങിക്കോ. നാളെ രാവിലെയാണ് നമുക്ക് പുറപ്പെടേണ്ടത്.”

ഞങ്ങള്‍ മുളംകുടിലിന്‍റെ ഉമ്മറത്തേയ്ക്ക് തിരിച്ചെത്തിയെങ്കിലും  മനസ്സില്‍ പടര്‍ന്ന ആപത്ശങ്ക ശേഷിച്ചു. ഞങ്ങള്‍ക്കിടയിലും നിശബ്ദത വീണു. നിതിന്‍ വന്യമായ ഭാവനയുള്ള പയ്യനാണ് എന്നെനിക്കറിയാമായിരുന്നു. അവന്‍റെ ചിന്തകള്‍ എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു: 


“സര്‍, ഞാന്‍ ഈ അടുത്ത കാലത്തായി ഈ വനപ്രദേശങ്ങളെക്കുറിച്ച് ഒരു ആഖ്യാനം വായിക്കാനിടയായി. ഉള്‍വനങ്ങളില്‍ വളരെ പ്രാചീനവും വിചിത്രവുമായ ചില ജൈവ അസ്ഥിത്വങ്ങള്‍ ഉണ്ട് എന്നും, അതിനെക്കുറിച്ച് ആ വനത്തിനോട് ചേര്‍ന്ന് താമസിക്കുന്ന പഴമക്കാര്‍ക്കിടയില്‍  അറിവുണ്ട് എന്നുമാണ് ആ ആഖ്യാനത്തിന്‍റെ രത്നച്ചുരുക്കം.


“ഏത് ജേര്‍ണലിലാണ് അത് വന്നത്?”


നിതിന്‍റെ മുഖത്ത് ഒരു ചിരിയുണ്ടായി.


“അത് പറയുമ്പോള്‍ കളിയാക്കരുത്. ഭീതികഥാസമാഹാരത്തിലാണ് ഞാന്‍ അത് വായിച്ചത്.”


ഞാന്‍ ചിരിച്ചു പോയി. 


“നിന്‍റെ ഭാവന കാട് കയറുമെന്ന് ഞാന്‍ ഇപ്പോള്‍ കരുതുകയായിരുന്നു.”


“അതല്ല സര്‍, ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം. ‘കഥ’ എന്ന ലേബലിലാണ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്, എങ്കിലും ഫിക്ഷണല്‍ അല്ലാത്ത ചില ഘടകങ്ങള്‍ അതില്‍ കടന്ന് വരുന്നുണ്ട്. അതായത് ഭാവന കൊണ്ട് എഴുത്തുകാരന് ഒളിപ്പിച്ച് വയ്ക്കാന്‍ കഴിയാത്ത ചിലതെല്ലാം അതില്‍ കടന്ന് വന്നിട്ടുണ്ട് . എഴുത്തുകാരന് ക്രാഫ്റ്റില്‍ പറ്റിയ ഒരു പിഴവാണ് അത് എന്ന് തോന്നുന്നു. അറിയാതെ സത്യം പറഞ്ഞ് പോകുന്നത് പോലെ..”


“ഉദാഹരണത്തിന്…”


“നമുക്ക് പരിചിതമായ മലയോരപാതയുടെ വിവരണം, തിരിച്ചറിയാവുന്ന പല ലാന്‍ഡ് മാര്‍ക്കുകള്‍,  സ്വയം അന്വേഷിച്ച് നോക്കുമ്പോള്‍ വസ്തുതകളാണ് എന്ന് നമുക്ക് വെരിഫൈ ചെയ്യാന്‍ കഴിയുന്ന ചിലതെല്ലാം…”


“എന്താണ് ഈ വനത്തില്‍ ഉണ്ടെന്ന് പറയപ്പെടുന്ന അസ്തിത്വങ്ങള്‍…?


“കഥയില്‍ അതത്ര വ്യക്തമായി പറയുന്നില്ല. കണ്ണിന്‍റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങാത്ത വലിപ്പം, ദുരൂഹമായ ഗന്ധം, കാഴ്ച്ചയുടെ പരിധിയില്‍ വരുന്നത് വളരെ ദൈര്‍ഘ്യമുള്ള സ്പര്‍ശിനികളാണ്, Tentacles."


“ഇങ്ങനെ അവ്യക്തമായി വിനിമയം ചെയ്യുന്നത് കലാകാരന്മാര്‍ക്ക് ഭൂഷണമായിരിക്കാം. ശാസ്ത്രജ്ഞര്‍ക്ക് അങ്ങനെയല്ല.”


“അല്ല. ഞാന്‍ പറയുകയായിരുന്നു. ആ കഥയുടെ അതേ പശ്ചാത്തലം. കഥയില്‍ വിവരിച്ചത് പോലെയുള്ള ഒരു ദുരൂഹാന്തരീക്ഷം… അത് കൊണ്ട്…”


“ ഒരു പരിധി വരെ ഭാവന നല്ലതാണ്. അതായത്, നമ്മള്‍ സുരക്ഷിതമായിരിക്കുമ്പോള്‍. നമ്മുടെ വര്‍ത്തമാനകാലത്തില്‍ ഭീതി നിറയ്ക്കുന്നതാണ് ഭാവന എങ്കില്‍ അതിന് കടിഞ്ഞാണിടുന്നതിരിക്കും നല്ലത്.”


നിതിന്‍ നിശബ്ദനായി. അത് പറയുമ്പോള്‍ ഞാനും പണ്ട് വായിച്ച ഒരു ശാസ്ത്ര-ഭീതികഥയാണ് ഓര്‍മ്മിച്ചത്. ചില ചിന്താപ്രക്രിയകളെ വളരാന്‍ അനുവദിച്ചാല്‍ അത് നമ്മുടെ ചിന്താമണ്ഡലത്തെ ആഴത്തില്‍ ചൂഴും. ഒരു ശാസ്ത്രജ്ഞന് ആത്മവിശ്വാസം പകരുന്നത് അയാളുടെ അറിവാണ്.  എന്നാല്‍ മനുഷ്യന്‍ അജ്ഞാതങ്ങളുടെ അതിരുകളില്‍ വിഹരിക്കുന്ന ചില നേരങ്ങളുണ്ട്. പ്രകൃതിയുടെ ദയാവായ്പ്പില്‍ ചിലവഴിക്കുന്ന ചില നേരങ്ങള്‍. കൊടും വനങ്ങളില്‍, പര്‍വതങ്ങളില്‍, സമുദ്രങ്ങളില്‍, അഗാധഗര്‍ത്തങ്ങളില്‍ ഒക്കെ. ദയാപൂര്‍വ്വം അടഞ്ഞു കിടക്കുന്ന അജ്ഞതയുടെ കവാടങ്ങള്‍ ഏത് നേരവും തുറക്കപ്പെടാം. 


നേരം പതിയെ ഇരുണ്ട് തുടങ്ങുകയായിരുന്നു. ഇരുട്ടാനുള്ള നേരമൊന്നും ആയിരുന്നില്ല. പക്ഷെ മരങ്ങളുടെ പച്ചപ്പില്‍ വളരെ വേഗം ഇരുട്ട് വീണു. 


നിതിന്‍ ഇടയ്ക്കിടെ ഫോണുമായി അങ്ങിങ്ങായി കറങ്ങി നടക്കുന്നുണ്ടായിരുന്നു. ചില ഭാഗങ്ങളില്‍ മാത്രമേ റെയ്ഞ്ച് ഉള്ളൂ. അയാളുടെ വിവാഹം ഏതാണ്ട് ഉറച്ചിരിക്കുകയാണ്. പ്രതിശ്രുതവധുവിനെയായിരിക്കണം വിളിക്കുന്നത്. റെയ്ഞ്ച് ലഭിക്കുന്ന മൂലകള്‍ എല്ലാം അയാള്‍ പര്യവേഷണം ചെയ്യുന്നുണ്ട്. രണ്ട് നൂഡില്‍സ് പായ്ക്കറ്റ് ബാക്കിയുണ്ടായിരുന്നു. യാത്രയില്‍ ഉപയോഗിക്കുന്ന സൗരോര്‍ജ്ജഹീറ്റര്‍ ഉപയോഗിച്ച്  നൂഡില്‍സ് വേവിച്ചു.  പെട്ടെന്ന് ഫോണില്‍ സംസാരം അവസാനിപ്പിച്ച് നിതിന്‍ കയറി വന്നു. അയാളുടെ ശബ്ദത്തില്‍ ആശങ്ക നിറഞ്ഞു നിന്നു:


‘സാറത് ശ്രദ്ധിച്ചോ?”  ഞാന്‍ കാതോര്‍ത്തു.  ദൂരെയെവിടെ നിന്നോ വലിയ മരങ്ങള്‍ പൊട്ടി വിണ്ട് കീറുന്നത് പോലെ ഭീമമായ മുഴക്കമുള്ള ഒരു  ശബ്ദം…ഏത് ദിശയില്‍ നിന്നെന്ന് തിരിച്ചറിയാനാകുന്നില്ല. ചുറ്റുപാടും നോക്കുമ്പോള്‍ അഗാധമായ വനാന്തര്‍ഭാഗത്ത് നിന്നെവിടെയോ നിന്ന് പുറപ്പെടുന്നൊരു ശബ്ദം!


“സര്‍, എന്തായിരിക്കും അത്?”


“ എനിക്ക് ഒരൂഹവുമില്ല.ഒരു പക്ഷെ വല്ല മരങ്ങളും  ഒടിഞ്ഞു വീഴുന്നതാവാം.”


“പക്ഷെ…ഇങ്ങനെ തുടര്‍ച്ചയായി….”


ഞാനൊന്നും പറഞ്ഞില്ല. തികച്ചും അസുഖകരമായ ഒരു സന്ദര്‍ഭമായിരുന്നു അത്. എന്തെങ്കിലും പറയാനുണ്ടായിരിക്കുക, ദുരൂഹതകളെ യുക്തികള്‍ കൊണ്ട് നേരിടാനാകുക ഇതെല്ലാമാണ് ജീവിക്കാന്‍ ധൈര്യം നല്‍കുന്നത്. പക്ഷേ…


ശേഷം നിതിന്‍ പുറത്തേയ്ക്കിറങ്ങിയില്ല.  അന്തരീക്ഷത്തില്‍ ഘനീഭവിച്ച് നില്‍ക്കുന്ന ദുരൂഹതയുടെ ഭാരം ഞങ്ങള്‍ക്ക് അറിയാനാകുന്നുണ്ടായിരുന്നു. അത് ഞങ്ങളെ നിശബ്ദരാക്കി. ഒരു പക്ഷെ നിതിന് എന്തെല്ലാമോ ആശങ്കകള്‍ പങ്ക് വയ്ക്കാന്‍ ഉണ്ടായിരിക്കുമെന്ന് തോന്നി. എന്നാല്‍ ഞാന്‍ അവയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് തോന്നിയത് കൊണ്ടാകാം, അയാള്‍ നിശബ്ദത പാലിച്ചു.  രാത്രി കുറച്ച് കൂടി വളര്‍ന്നപ്പോള്‍ ഒരു വേള ഞങ്ങള്‍ ഇരുവരും പരസ്പരം നോക്കി.


ഒരു ഗന്ധം! തികച്ചും അപരിചിതമായ ഒന്ന്. അതൊരു ജന്തുവിന്‍റെയും ഗന്ധമല്ല--അതായത്, എനിക്ക് പരിചിതമായ ഒരു ജന്തുവിന്‍റെയും ഗന്ധമല്ല എന്ന് തീര്‍ച്ചയായിരുന്നു. മറിച്ച് എനിക്ക് അനുഭവപ്പെട്ടത് എന്തോ ചെടിയുടെയോ, പൂവിന്‍റെയോ മറ്റോ ഗന്ധം പോലെയാണ്.  അത് പടര്‍ന്നതും മുന്‍പ് നിശബ്ദത പടര്‍ന്നത്  പോലെ വളരെ  പെട്ടെന്നായിരുന്നു. ഒരു കാറ്റ് പോലും അവിടെ വീശിയിരുന്നില്ല.  ചില നേരത്ത് ആ ഗന്ധം രൂക്ഷമാകുകയും ചിലപ്പോള്‍ അത് നേര്‍ത്തതാകുകയും ചെയ്തു. നിതിന്‍ പല സാമ്യതകള്‍ പറഞ്ഞു കൊണ്ടിരുന്നു: “ബദാമിന്‍റെ മണം പോലെ…” മറ്റൊരിക്കല്‍ “യൂക്കാലി പോലെ…” ഇങ്ങനെ പലതിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അത്…പക്ഷെ  ജന്തുജാലങ്ങളും അവയുടെ സ്വഭാവവുമായി അല്‍പകാലമെങ്കിലും പരിചയമുണ്ടെങ്കിലും എന്‍റെ പരിചയസീമയിലെവിടെയും എനിക്ക് ആ ഗന്ധം അടയാളപ്പെടുത്താന്‍ കഴിഞ്ഞില്ല. 


നേരം പത്ത് മണി കഴിഞ്ഞിരുന്നു. ഞങ്ങള്‍ ഓരോ സിഗരറ്റ് കത്തിച്ചു. അവസാന പുകയെടുക്കുന്നതിന് മുന്‍പ് അത്രയും നേരം പറയാതിരുന്ന ചിന്തകള്‍ക്ക് പകരമെന്ന പോലെ നിതിന്‍ പറഞ്ഞു: 

“ നമ്മുടെ പരിസരത്ത്  എന്തോ ഒന്ന് ഉണ്ട്. നമ്മുടെ അറിവിന്‍റെ പരിധിയില്‍ ഇത് വരെയില്ലാത്ത എന്തോ ഒന്ന് !!!!”


അത് വരെ ഞാന്‍ പറയാതെ വച്ചത് അതായിരുന്നുവെന്ന തിരിച്ചറിവില്‍, “എന്തോ ഒന്ന്” എന്ന  ഭീകരമായ അവ്യക്തതയില്‍ എന്‍റെ നട്ടെല്ലിലൂടെ ഒരു വിറയല്‍ കടന്ന് പോയി. 



രണ്ട് 



അസുഖകരമായ ചിന്തകളുമായാണ് ഉറങ്ങാന്‍ കിടന്നത്.  കുടിലിന്‍റെ ഉമ്മറത്ത് കെട്ടിയ മുളം കട്ടിലിലാണ് ഞാൻ ഉറങ്ങിയത്. നിതിന്‍ അല്‍പസമയം കൂടി ഫോണുമായി സംവദിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. പകല്‍വെളിച്ചം എല്ലാ വിധ ഭീതികളെയും തുരത്തുമെന്ന് എനിക്കറിയാം. നേരം പുലരുമ്പോള്‍ ഈ ഭീതികള്‍ ഓര്‍മ്മിച്ച് തമാശ തോന്നും.  എന്തൊക്കെയായിരുന്നു നിതിന്‍ സങ്കല്‍പ്പിച്ച് കൂട്ടിയത് എന്നോര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു. ക്യാമ്പിംഗ് രാത്രികളില്‍ പതിവുള്ള ഭൂതപ്രേതപിശാചുകള്‍ പോലുമല്ല. ഭീതിജനകമായ “എന്തോ ഒന്ന്”. ഞാന്‍ ഊറിച്ചിരിച്ചു. നിതിന്‍റെ ഫോണിന്‍റെ ഡിസ്പ്ലേ വെളിച്ചം കാണാം. 



ഇടയ്ക്ക് എപ്പോഴോ ഞാന്‍ ഉറക്കം ഞെട്ടി. അതൊരു ദുസ്വപ്നമായിരുന്നു. കാലുകളിലൂടെ വള്ളികള്‍ പോലെയെന്തോ ചുരുണ്ട് കയറുന്നത് പോലെ തോന്നിയിട്ടാണ് ഞാന്‍ ഉണര്‍ന്നത്.  അറപ്പും പേടിയും കലര്‍ന്ന ഒരാക്രോശത്തോടെ ഞാന്‍ കാലുകള്‍ കുടഞ്ഞു കൊണ്ട് എഴുന്നേറ്റിരുന്നു. സ്വപ്നം! ഞാനത് ഓര്‍ക്കാന്‍ ശ്രമിച്ചു. കാട്ടുവള്ളികള്‍ അല്ല, നനഞ്ഞു വഴുവഴുപ്പുള്ള ദ്രാവകം പറ്റിപ്പിടിച്ച വള്ളികള്‍. കാല്‍ കുടഞ്ഞപ്പോഴുള്ള ക്ലച്ച് !!!! എന്ന ശബ്ദം പോലും കേട്ടത് പോലെ. ഉറങ്ങും മുന്‍പ് നേടിയ ധൈര്യം ചോര്‍ന്നിരിക്കുന്നു. പെട്ടെന്ന് നിതിന്‍റെ കാര്യം ഓര്‍മ്മ വന്നു. എവിടെ? കുടിലിന്‍റെ ഉമ്മറത്ത് ഇല്ല. നിലാവുണ്ട്. പുറത്ത് ഉയരമുള്ള മരത്തിന്‍റെ ചുവട്ടില്‍ മൊബൈല്‍ വെളിച്ചം കണ്ടു. എന്തിനാണ് ഇവന്‍ പുറത്തിറങ്ങി നടക്കുന്നത്! അന്തരീക്ഷം ശാന്തമാണ്. രൂക്ഷമായ ആ ഗന്ധം ഇല്ല.



 “നിതിനേ, വന്ന് കിടന്നുറങ്ങാന്‍ നോക്ക് !!” ഞാന്‍ വിളിച്ചു പറഞ്ഞു. ഇങ്ങോട്ട് നോക്കിയ പോലെ തോന്നി. ഞാന്‍ സമയം നോക്കി രണ്ടര! ഓ, ദൈവമേ, ഏതാണ്ട് നേരം വെളുത്തിരിക്കും എന്നാണ് കരുതിയത്. ഇനി വെളിച്ചം വരാന്‍ എത്രയോ നേരമുണ്ട്.  ഞാന്‍ വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു. സ്വപ്നഭൂമിക ആകെ പ്രക്ഷുബ്ധമായിരുന്നു. എന്തൊക്കെയോ കാഴ്ചകള്‍, ശബ്ദങ്ങള്‍, ഗന്ധങ്ങള്‍, എല്ലാറ്റിലും നനവിന്‍റെയും വഴുവഴുപ്പിന്‍റെയും സാന്നിധ്യം. നിതിന്‍ വളരെ ശക്തമായ ചില ബിംബങ്ങളാണ്‌ ഇന്നെന്‍റെ മനസ്സിലേയ്ക്ക് കുത്തി വച്ചതെന്ന് എനിക്ക് തോന്നി. 



വെളുപ്പാന്‍കാലമായപ്പോഴേയ്ക്കും മൂക്കിലെയ്ക്ക് തുളച്ചു കയറുന്ന രൂക്ഷമായൊരു ഗന്ധം അനുഭവപ്പെട്ട് ഞാന്‍ ഉണര്‍ന്നു. വെളിച്ചമായിട്ടില്ല. ആകാശം കരിനീലിച്ച് കിടന്നു. കുടിലില്‍ നിതിനെ കണ്ടില്ല. ഞാന്‍ മരച്ചുവട്ടിലേയ്ക്ക് നോക്കി. ഇല്ല. മൊബൈല്‍ വെളിച്ചം എങ്ങുമില്ല. എന്തായാലും ഈ നേരം വരെ ഉറങ്ങാതിരിക്കില്ല എന്ന് തീര്‍ച്ചയാണ്. ഞാന്‍ എഴുന്നേറ്റ് പുറത്തേയ്ക്ക് ഇറങ്ങി.  ഇല്ല. നിതിന്‍ എവിടെയുമില്ല.  ഞാന്‍ ആ ചുറ്റുവട്ടങ്ങളില്‍ അധികം ഉള്‍വനത്തിലേയ്ക്ക് പോകാതെ നടന്ന് നോക്കി.അങ്ങനെ എവിടെയും പോകാന്‍ പറ്റിയ അവസ്ഥയല്ല. കരിനീലനിറമുള്ള ഇരുട്ടാണ് എല്ലായിടത്തും. ഒപ്പം രൂക്ഷമായ ഗന്ധവും എന്‍റെ ഭീതി വര്‍ധിപ്പിച്ചു. 


“നിതിന്‍!!!!” 


ഞാന്‍ പറ്റാവുന്നത്ര ഉച്ചത്തില്‍ അലറി വിളിച്ചു.  ശബ്ദം വനത്തിനുള്ളില്‍ മുഴക്കം കൊണ്ടു.  അടുത്തുള്ള തോട്ടില്‍ എങ്ങാനും കുളിക്കാന്‍ പോയിരിക്കുമോ? ചിലര്‍ക്ക് എവിടെ കാഴ്ച കാണാന്‍ പോയാലും അവിടെയുള്ള വെള്ളച്ചാട്ടത്തിലോ തോട്ടിലോ ഇറങ്ങി കുളിക്കുന്ന ഒരു പരിപാടിയുണ്ട്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു കൂട്ടുകാരന്‍ ഇങ്ങനെ മുങ്ങി മരിച്ചതോടെ ഞാന്‍ അത്തരം പരിപാടികള്‍ക്കൊന്നും  തന്നെ നില്‍ക്കാറില്ല.  എവിടേയ്ക്ക് യാത്രയ്ക്ക് ഇറങ്ങുമ്പോഴും അമ്മ ഓര്‍മ്മിപ്പിക്കും. ഇവന്‍ അങ്ങനെയെങ്ങാനും പോയതാണെങ്കില്‍, അവനെ പഴി പറഞ്ഞു കൊണ്ട് ഞാന്‍ മൊബൈല്‍ വെളിച്ചമടിച്ച് തോട്ടിന്‍റെ നേര്‍ക്ക് നടന്നു. ഇല്ല. പുലര്‍ച്ചയുടെ നിശബ്ദതയില്‍ വെള്ളം പാറയില്‍ അലച്ചൊഴുകുന്നതിന്‍റെ ശബ്ദം. ആ രൂക്ഷഗന്ധം ഇപ്പോള്‍ കുറവുണ്ട്. കുടിലിന്‍റെയും മരങ്ങളുടെയും പരിസരത്താണ് അത്. ഒരു പക്ഷെ എന്തെങ്കിലും അപൂര്‍വയിനം കൂണോ കാട്ടുചേനപ്പൂവോ  മറ്റോ അഴുകിയതിന്‍റെ ഗന്ധമാകാം. തിരിച്ച് ചെല്ലുമ്പോള്‍ ഒരു പക്ഷെ കുടിലിന്‍റെ മുറ്റത്ത് അവന്‍ ഉണ്ടാകാം. 



കുടിലിന്‍റെയും ഭീമന്‍ മരങ്ങളുടെയും വൃത്തത്തില്‍ എത്തിയപ്പോള്‍ കുഴഞ്ഞളിഞ്ഞ എന്തോ ദ്രാവകം നിലത്തെല്ലാം ഇറ്റിയിരിക്കുന്നത് കണ്ടു. ഇളം പച്ച നിറം. അതില്‍ നിന്നാണ് ആ ഗന്ധം. ഞാന്‍ മുകളിലേയ്ക്ക് നോക്കി മരത്തില്‍ നിന്നോ മറ്റോ ആണ് ഇറ്റുന്നത് എന്ന് തോന്നി. ഞാന്‍ വിരലു കൊണ്ട് ഒന്ന് തൊട്ടു നോക്കി. ഒട്ടുന്ന സ്വഭാവമുണ്ട്. വിരലിലായി അല്‍പനേരം കഴിഞ്ഞപ്പോള്‍ പൊള്ളുന്നത് പോലെ. പിന്നിലേയ്ക്ക് നീങ്ങിയപ്പോള്‍ മരച്ചുവട്ടില്‍ ഉണങ്ങിയ ഒരു നീണ്ട മരക്കഷണത്തില്‍ തട്ടി ഞാന്‍ വീഴാനൊരുങ്ങി.  കാലു കുത്തി ഒഴിഞ്ഞുമാറിയപ്പോഴാണ് ഞാന്‍ തട്ടിവീഴാനൊരുങ്ങിയ മരക്കഷണം എന്‍റെ ശ്രദ്ധയില്‍ പെട്ടത്.  അഞ്ചടിയോളം നീളവും സാമാന്യം വണ്ണവുമുള്ള ഈട്ടി പോലെ കറുത്ത ഒരു തടിക്കഷണമായിരുന്നു അതെന്നു കണ്ടു. എന്നാല്‍ അടുത്ത നിമിഷം  ചുട്ടുപഴുത്ത ലോഹക്കട്ട വയറ്റിനുള്ളിലേയ്ക്ക് പതിച്ച പോലെ ഒരു കാര്യം എന്‍റെ ശ്രദ്ധയില്‍ പെട്ടു.  നിതിന്‍ രാത്രി ധരിച്ചിരുന്ന വസ്ത്രമാണ് ആ മരത്തടിയില്‍ ചുറ്റിയിരിക്കുന്നത്!!  വസ്ത്രം തടിയോടു ചേര്‍ന്ന് ഒട്ടിയിരുന്നു. മൊബൈല്‍ വെളിച്ചം  അതിലേയ്ക്ക് അടിച്ചപ്പോള്‍ കൊടുംഭീതിയും  അവിശ്വസിനീയതയും കൊണ്ട് ബോധം മറയും വിധം ഒരു വെളിപാട് എനിക്കുണ്ടായി: ഉണങ്ങിയ തടി പോലെ കിടന്നത് നിതിന്‍റെ ശരീരമായിരുന്നു!!! 





എന്തോ കാരണത്താൽ ശരീരം ഇപ്രകാരമായി മാറിയിരിക്കുകയാണ്. യന്ത്രം കൊണ്ടെന്ന പോലെ ശരീരം ശക്തമായി ട്വിസ്റ്റ് ചെയ്ത പോലെ! വസ്ത്രം ഇളക്കാനാവാത്ത വിധം അതിനോട് ചേര്‍ന്നിരിക്കുന്നു. മുഖവും കൈകളും ഒന്നും തിരിച്ചറിഞ്ഞു കൂടാ. രക്തം വാര്‍ന്ന് ഉണങ്ങിയാണ് കറുത്ത നിറമായി തോന്നിയത്. എന്‍റെ യുക്തിബോധത്തിന് ഒറ്റയടിയ്ക്ക് ഉള്‍ക്കൊളളാന്‍ കഴിയുന്ന ഒരു കാഴ്ചയായിരുന്നില്ല അത്. ബോധം മറയാന്‍ തുടങ്ങുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഞാനത് സ്വാഗതം ചെയ്യുകയായിരുന്നു എന്ന് ബോധം മറയുന്നതിന് മുന്‍പുള്ള ചിന്തയില്‍ നിന്ന് എനിക്ക് മനസിലായി. 



ദുസ്വപ്നം കഴിഞ്ഞ് ഉണരുമ്പോള്‍ അത് സ്വപ്നമായിരുന്നു എന്ന വെളിപാട് ആശ്വാസം പകരുന്ന ഒന്നാണ്. ഞങ്ങള്‍ക്ക് സഹായം നല്‍കിയ വനം വകുപ്പിലെ ഉദ്യോഗസ്ഥന്‍ വേണുവാണ് എന്നെ ഉണര്‍ത്തിയത്.  എഴുന്നേറ്റിരിക്കുമ്പോള്‍ വേണു ആ കാഴ്ച കണ്ടിരുന്നില്ല എന്ന് ഞാന്‍ മനസിലാക്കി. അത്യാവശ്യം വെളിച്ചം വീണിരുന്നു. ഞാന്‍ ഭീകരമായ ആ കാഴ്ച വേണുവിനെ കാണിച്ചു. 


“എന്താണിത്? നിതിന്‍ എവിടെ?”


ഞാന്‍ രാവിലെ ഉണര്‍ന്നപ്പോള്‍ മുതലുണ്ടായ സംഭവങ്ങള്‍ വിവരിച്ചു. ആ കാഴ്ച വേണുവിനും അവിശ്വസനീയമായിരുന്നു. വെളിച്ചത്തില്‍ അത് സൂക്ഷ്മമായി പരിശോധിച്ചു. അതിശക്തമായ എന്തോ യന്ത്രമുപയോഗിച്ച ഒടിച്ച് പിരിച്ചത് പോലെയായിരുന്നു അവസ്ഥ. ഘനത്തോടെ അതിശക്തമായി അമര്‍ത്തിയതിനാല്‍ കൈകാലുകള്‍ ഒട്ടിയിട്ടുണ്ട്.  അതൊരിക്കല്‍ ഒരു മനുഷ്യജീവിയായിരുന്നു എന്ന് മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു. മാംസത്തിന്‍റെ ജൈവികത പോലും നഷ്ടപ്പെട്ട് അത് ഉണങ്ങി വരണ്ടതായി കാണപ്പെട്ടു. 



“വേണു, എന്തെങ്കിലും ജന്തുക്കളോ മറ്റോ ആണോ? ഇങ്ങനെയുള്ള എന്തെങ്കിലും സംഭവങ്ങള്‍ മുന്‍പ് നിങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ടോ ?”


“ഇല്ല.  നമുക്ക് അറിയാത്ത എന്ത് ജന്തുവാണ്‌ മനുഷ്യശരീരം ഇങ്ങനെ ക്രഷ് ചെയ്യുക. ഇത് എന്തോ യന്ത്രത്തിനിടയില്‍ പെട്ടത് പോലെയാണ് എനിക്ക് തോന്നുന്നത്”.


“എന്ത് യന്ത്രമാണ് ഈ കാട്ടില്‍. രാത്രി രണ്ടര മണിയ്ക്ക് ഞാന്‍ ഈ മരത്തിന്‍റെ ചുവട്ടില്‍ അവനെ കണ്ടതാണ്.”


“നേരിട്ട് കണ്ടിരുന്നോ?”


“ഇല്ല. മൊബൈല്‍ വെളിച്ചം മാത്രമേ…. അല്ല. മൊബൈല്‍ എവിടെ?”


അധികം നേരം തിരയേണ്ടി വന്നില്ല. മൊബൈല്‍ ഫോണ്‍  പിരിഞ്ഞുണങ്ങിയ ആ ശരീരത്തിന്‍റെ ഭാഗമായി ഒടിഞ്ഞു മടങ്ങി ചേര്‍ന്നിരിക്കുന്നത് ഞങ്ങള്‍ കണ്ടു. യന്ത്രം എന്ന് വേണു പറഞ്ഞത് കൊണ്ട് അവിടെ എന്തെങ്കിലും ക്രഷര്‍ പോലെയുള്ള ഭീമാകാരന്‍ യന്ത്രം വന്നതിന്‍റെ ലക്ഷണം മണ്ണിലുണ്ടോ എന്ന് ഞാന്‍ നോക്കി. ഒന്നുമില്ല. നിലത്തെല്ലാം ഇറ്റിയിരുന്ന കൊഴുത്ത പച്ച ദ്രാവകത്തിന്‍റെ കാര്യം ഞാന്‍ വേണുവിനെ ചൂണ്ടി കാട്ടി. ആ ദ്രാവകം ഉണങ്ങാന്‍ തുടങ്ങിയിരുന്നു. 


ഞാനും വേണുവും കുടിലിന്‍റെ ഉമ്മറത്തേയ്ക്ക്  കയറിയിരുന്നു. ഇനി അനിവാര്യമായ ചില പ്രക്രിയകളിലേയ്ക്ക് പോകേണ്ടതുണ്ട്. അസ്വാഭാവികമരണം റിപ്പോര്‍ട്ട് ചെയ്യണം. നിതിന്‍റെ ജ്യേഷ്ഠനെ അറിയിക്കണം. വേണു വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. എടക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടറും എന്‍റെ സ്നേഹിതനും കൂടിയായ പ്രമോദ് രാഘവനെ ഞാന്‍ വിവരമറിയിച്ചു.  ഉച്ച ഒന്നരമണിയോടെ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരുമോക്കെയായി ചെറിയ ഒരു സംഘം പേര്‍ അവിടെ കൂടി.  വിവിധരീതിയിലുള്ള മരണങ്ങളുമായി അവരുടെ ഉദ്യോഗം വഴി പരിചയിച്ചവരായിരുന്നു അവിടെ വന്നവരെല്ലാം തന്നെ. ജഡത്തിന്‍റെ അവസ്ഥ അവരെയെല്ലാം അത്ഭുതപ്പെടുത്തുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്തു. പോലീസുകാര്‍ക്കോ വനം വകുപ്പ്  ഉദ്യോഗസ്ഥര്‍ക്കോ ഇതിന് കാരണമായിരിക്കാന്‍ ഇടയുള്ള ഒന്നിലേയ്ക്കും വെളിച്ചം വീശാന്‍ കഴിഞ്ഞില്ല. 


ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ എന്നോടൊപ്പം അടുത്തിടപഴകിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന് വന്ന് ഭവിച്ച ഭീകരമായ വിധി എന്നെ മരവിപ്പിച്ചു. മനുഷ്യാവസ്ഥയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാന്‍. എല്ലാവരും മരിക്കും എന്ന് അറിയായ്കയല്ല. ഏത് രീതിയിലാണ് മരണത്തിന്‍റെ വരവ് എന്നതിന്‍റെ  അപ്രവചനീയതയും അത് സംഭവിക്കുമ്പോഴുള്ള ആഘാതവും തമ്മില്‍ ബന്ധമുണ്ട്. ഉണങ്ങിയ മരം പോലെ നിതിനെ ഞാന്‍ കണ്ടെത്തിയ നേരത്ത് ബോധം മറഞ്ഞ എന്‍റെ മനസ്സിന്‍റെ പ്രതികരണത്തെക്കുറിച്ചും പിന്നീട് ഞാന്‍ കൌതുകത്തോടെ ചിന്തിച്ചു. അങ്ങനെ ജീവിതത്തില്‍ സംഭവിക്കാറുണ്ടെങ്കിലും എനിക്ക് ആദ്യ അനുഭവമാണ്. പിന്നീട് ഉണര്‍ന്നെണീക്കുമ്പോള്‍ എത്ര വിചിത്രവും ഭീകരവുമായിരുന്നു അവസ്ഥയെങ്കിലും ആഘാതത്തിലപ്പുറം യുക്തിപൂര്‍വ്വം കാര്യങ്ങളെ സമീപിക്കാനുള്ള ഒരു മാനസികാവസ്ഥ ഞാന്‍ കൈവരിച്ചിരുന്നു. നിതിന്‍റെ ജ്യേഷ്ഠന്‍ മോഹനേട്ടനോട്‌ കാര്യങ്ങള്‍ വിനിമയം ചെയ്യാനും നടന്ന സംഭവത്തിന് പിന്നിലെ അവ്യക്തത ബോധ്യപ്പെടുത്താനും എനിക്ക് കഴിഞ്ഞു.  ശാസ്ത്രപഠനവുമായി ബന്ധപ്പെടുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഈ ദുരൂഹത നീക്കേണ്ടതിലേയ്ക്ക് പ്രവര്‍ത്തിക്കുക എന്നതും എന്‍റെ കടമയാണ് എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. ഈ ചിന്തയാണ് സര്‍വകലാശാലയുമായി ബന്ധപ്പെടുന്നതിനെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചത്. 


വിദേശ സര്‍വകലാശാലകളിലെ വിദഗ്ധരായ അക്കാഡമീഷ്യന്‍മാരെ നമ്മുടെ സര്‍വകലാശാലകളിലേയ്ക്ക് ക്ഷണിക്കുവാനും അവരുമായി നമ്മുടെ പഠനവകുപ്പുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടപെടാനും  വേണ്ടിയുള്ള എറ്യൂഡൈറ്റ് ഫണ്ടിംഗ് വഴി കാലിക്കറ്റ് സര്‍വകലാശാലയുടെ ക്ഷണം സ്വീകരിച്ച് എത്തിയ പ്രൊഫസര്‍ ഡോ. ടേറന്‍സ് ഗില്‍ ഹാരിസ് പങ്കെടുക്കുന്ന ഒരു കോണ്‍ഫറന്‍സ് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന സമയമായിരുന്നു അത്.  ലൈഫ് സയന്‍സ് പഠനങ്ങളിലെ സംഭാവനയ്ക്ക്  2008 ലെ നോബല്‍ സമ്മാനജേതാവ് കൂടിയായ പ്രൊഫസര്‍ ഹാരിസുമായി ഈ വിഷയം വിനിമയം ചെയ്യുന്നത് നന്നായിരിക്കും എന്ന് ഒരു വേള എനിക്ക് തോന്നി. ഈ വിഷയം ഞാന്‍ സി ഐ പ്രമോദിനോടും വേണുവിനോടും മോഹനേട്ടനോടും  സംസാരിച്ചു. നമ്മുടെ അന്വേഷണത്തിന്‍റെ പരിധിയിലെങ്ങും ഇങ്ങനെ അസ്വാഭാവികമായ ഒരു മരണത്തിന്‍റെ റിപ്പോര്‍ട്ടുകളില്ല.  വനമേഖലയില്‍ വച്ച് നടന്ന മരണമായതിനാല്‍ വനവുമായി ബന്ധപ്പെട്ട ജൈവികസാന്നിധ്യങ്ങള്‍ എന്തെങ്കിലും മുഖേനയാണോ മരണം നടന്നിരിക്കുന്നത് എന്നത് അന്വേഷിക്കേണ്ടതുണ്ട്. പ്രൊഫ. ഹാരിസിനെപ്പോലെ ഒരു വിദഗ്ധനായ പണ്ഡിതന്‍ ലഭ്യമായ അകലത്ത് ഉള്ളപ്പോള്‍ ഇത് അദ്ദേഹവുമായി കണ്‍സള്‍ട്ട് ചെയ്യാവുന്ന ഗൌരവമുള്ള വിഷയമാണ് എന്ന് പ്രമോദും വേണുവും മോഹനേട്ടനും സമ്മതിച്ചു.  തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സുവോളജി വിഭാഗം മേധാവി മുഖേന ഞാന്‍ ഡോ. ഹാരിസുമായി ബന്ധപ്പെട്ട്, സംഭവങ്ങളുടെ ഒരു രത്നച്ചുരുക്കം വിശദീകരിച്ചു.  സംഭവത്തിന്‍റെ ഒരു അസാധാരണ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ അത് പറഞ്ഞു ഫലിപ്പിക്കുക പ്രയാസകരമായിരിക്കും എന്നെനിക്ക് തോന്നിയിരുന്നെങ്കിലും യാതൊരു വിധ മുന്‍വിധിയും കൂടാതെ അദ്ദേഹം എന്‍റെ വിവരണം കേട്ടിരുന്നു. ഒടുവില്‍ നിതിന്‍റേതായി ശേഷിച്ചവയുടെ ചിത്രം കൂടി കാണിച്ചപ്പോള്‍ പൂര്‍ണമായും കാര്യത്തിന്‍റെ ഗൌരവം അദ്ദേഹത്തിന് പകരാന്‍ കഴിഞ്ഞു എന്നെനിക്ക് ബോധ്യമായി. 


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് നടന്ന പോസ്റ്റ്‌ മോര്‍ട്ടം പരിശോധനയില്‍ ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ ആര്‍ രാധാകൃഷ്ണന്‍,  ഡോ. ഷംഷാദ് എന്നിവരുടെ അനുവാദത്തോടെ ഞാനും ഡോ. ഗില്‍ഹാരിസും പങ്കെടുത്തു. രക്തം പൂര്‍ണമായും വലിച്ചെടുക്കപ്പെട്ട നിലയിലായിരുന്നു ജഡം. പരുക്കന്‍ വടങ്ങള്‍ കൊണ്ട് വരിഞ്ഞു കെട്ടുകയോ അതുപയോഗിച്ച് ട്വിസ്റ്റ്‌ ചെയ്തത് പോലെയോ ഉള്ള ഉരവുകള്‍ ശരീരത്തുടനീളം കാണപ്പെട്ടു. സൂക്ഷ്മപരിശോധനയില്‍ രക്തം വലിച്ചെടുക്കപ്പെട്ടത് എന്ന് അനുമാനിക്കപ്പെട്ട സുഷിരങ്ങള്‍ ദേഹമാസകലമുണ്ടായിരുന്നു. എന്തോ സക്കറുകള്‍ ഉപയോഗിച്ചാണ് രക്തം വലിച്ചെടുക്കപ്പെട്ടിരിക്കുന്നത്.  സാധാരണ നിലയില്‍ ജഡം കത്തികള്‍ ഉപയോഗിച്ച് കീറി മുറിക്കാന്‍ തന്നെ ഫോറന്‍സിക് സര്‍ജന്‍മാര്‍ക്ക് കഴിഞ്ഞില്ല എന്ന് പറയുന്നതാണ് ശരി. ഒരു സ്പെഷ്യല്‍ കേസ് സ്റ്റഡി എന്ന നിലയിലാണ് അവര്‍ ഈ ജഡപരിശോധന നടത്തിയത്. പ്രകിയ പൂര്‍ണമായും വീഡിയോ റെക്കോര്‍ഡ്  ചെയ്യുകയും ചെയ്തു. 


കഴിഞ്ഞിറങ്ങുമ്പോള്‍ പ്രൊഫസര്‍ ഗില്‍ ഹാരിസ് ചിന്താധീനനായിരുന്നു. ഈ അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചതിനെത്തുടര്‍ന്ന്  ഞാന്‍ വേണുവിനെയും പ്രമോദിനെയും വിളിച്ച് ദിവസം തീരുമാനിച്ചു. അന്ന് നിലമ്പൂര്‍ റോസ് ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ അദ്ദേഹത്തിന് താമസമൊരുക്കി.  വൈകുന്നേരം ഞാന്‍ അദ്ദേഹത്തെ ചാലിയാറിന്‍റെ തീരത്തുള്ള പ്രസിദ്ധമായ കനോലി പ്ലോട്ട് കാണിക്കാന്‍ കൊണ്ട് പോയി. അദ്ദേഹത്തിന്‍റെ ചിന്തയില്‍ എന്താണ് എന്നറിയാന്‍ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു.  ഈ സംഭവവികാസങ്ങളെക്കുറിച്ച് എന്ത് തോന്നുന്നു എന്ന് ഞാന്‍ ആരാഞ്ഞു. 


ഒരു നിമിഷം അദ്ദേഹം ഒന്നും സംസാരിച്ചില്ല. കടവിന്‍റെ പടവുകള്‍ ഇറങ്ങി താഴേയ്ക്ക് ചെന്ന് ഒരു കുമ്പിള്‍ വെള്ളം അദ്ദേഹം കൈകളില്‍ കോരിയെടുത്തു: 

“റാം, ഈ കുമ്പിള്‍ വെള്ളത്തില്‍ നമ്മുടെ കണ്ണില്‍ പെടാത്ത സൂക്ഷ്മജീവികള്‍ ഉണ്ട് എന്ന് സമ്മതിക്കാന്‍ നമ്മള്‍ തയ്യാറാണ്, അല്ലേ?”


“അതെ”


“എന്നാല്‍ നമ്മുടെ കാഴ്ചയുടെ പരിധികള്‍ക്കപ്പുറം വലിപ്പമുള്ള അസ്ഥിത്വങ്ങള്‍ നമ്മുടെ കണ്ണില്‍ പെടാതെ ബാക്കിയുണ്ടാകാം  എന്ന് പറയുമ്പോള്‍ എന്ത് കൊണ്ടോ നമുക്ക് സമ്മതിക്കാന്‍ പ്രയാസമാണ്. ശരിയല്ലേ?”

ആ  പറഞ്ഞതിനെക്കുറിച്ച് ഞാന്‍  ആലോചിക്കുമ്പോള്‍ അദ്ദേഹം തുടര്‍ന്നു: 


“ സൂക്ഷ്മശരീരിയാണ് എന്ന കാരണത്താല്‍ അഗോചരമായിരിക്കുന്നു എന്ന അതേ ലോജിക് ഉപയോഗിച്ച് തന്നെ ഭീമാകാരമായ ഒരസ്ഥിത്വം നമ്മുടെ കണ്ണില്‍ പെടാതെയുമിരിക്കാം. ഈ സങ്കല്‍പം അല്‍പം അതിശയോക്തി നിറഞ്ഞതാണ്‌ എന്ന് തോന്നുന്നുണ്ട് എങ്കില്‍ ഈ പ്രപഞ്ചവൈപുല്യത്തെക്കുറിച്ച് നമ്മള്‍ ചിന്തിച്ചിട്ടില്ല എന്നാണ് അര്‍ത്ഥം!”


അദ്ദേഹത്തിന്‍റെ ചിന്താധാര സഞ്ചരിക്കുന്ന മാര്‍ഗം അന്ന് രാത്രി ഞാനും നിതിനും കൂടി സഞ്ചരിച്ച അതേ പാത തന്നെയാണല്ലോ എന്ന് ഒരല്‍പം ഭീതിയോടെ ഞാന്‍ ഓര്‍ത്തു. 


“താങ്കള്‍ പറഞ്ഞത് ശരിയാണ്, പ്രൊഫസര്‍. ആ ലോജിക് ഉപയോഗിച്ച് ഇവിടെ ചിന്തിക്കുമ്പോള്‍, നമ്മുടെ കണ്ടെത്തലില്‍ പെടാത്ത എന്തെങ്കിലും ജന്തു അവിടെയുണ്ടായിരുന്നു എന്നാണോ?”


“ഉണ്ടായിരിക്കാം  എന്നതിനുള്ള തെളിവുകള്‍ ഇതിനകം നമുക്ക് ലഭിച്ച് കഴിഞ്ഞിട്ടില്ലേ ?”


“ഉവ്വ്. ഇനിയെന്ത്, എന്ന് തീരുമാനിക്കേണ്ടതുണ്ട്, പ്രൊഫസര്‍.”


“വേണ്ട തയ്യാറെടുപ്പുകള്‍ ആയിക്കഴിഞ്ഞാല്‍ സംഭവസ്ഥലം നിരീക്ഷിക്കുകയാണ് ചെയ്യേണ്ടത്. വളരെ ശ്രദ്ധ ആവശ്യമാണ്. ജീവഹാനി സംഭവിക്കാവുന്ന ഒരു സാഹസികതയാണ് അത്. അതിനെ ചെറുക്കാനുള്ള എല്ലാ വിധ തയ്യാറെടുപ്പുകളും ആവശ്യമാണ്.  കഥ പറയാന്‍ നമ്മള്‍ ശേഷിച്ചാല്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ജീവിവര്‍ഗത്തെക്കുറിച്ച് ലോകത്തോട് പറയാന്‍ നമുക്ക് കഴിഞ്ഞേക്കും എന്നെനിക്ക് തോന്നുന്നു. 


ഇക്കഴിഞ്ഞ അനുഭവങ്ങളെക്കാള്‍ അരക്ഷിതവും അപ്രവചനീയവുമായ അനുഭവമാണ് വരാനിരിക്കുന്നത് എന്ന്  അവിടെ നിന്ന് മടങ്ങുമ്പോള്‍ ഞാന്‍ ഓര്‍മ്മിച്ചു. 


നിതിന്‍ മരണപ്പെട്ട രാത്രി യഥാര്‍ഥത്തില്‍ എന്താണ് നടന്നത് എന്ന് കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണം ലക്ഷ്യമാക്കി പോലീസിന്‍റെയും വനം വകുപ്പിന്‍റെയും സംയുക്തമായ തയ്യാറെടുപ്പോടെ ഒരു ദിവസം കുറിക്കപ്പെട്ടു.  ഇര ശേഷിച്ച അവസ്ഥ കണക്കിലെടുക്കുമ്പോള്‍ നേരിടേണ്ട അസ്തിത്വത്തിന്‍റെ ആക്രമണരീതി തികച്ചും ഹിംസാത്മകമാണ് എന്ന് ബോധ്യം വന്നതിനാല്‍ സായുധമായ ഒരു ചെറിയ സംഘം അന്വേഷണസംഘത്തോടൊപ്പം ഉണ്ടായിരിക്കണം എന്ന് തീരുമാനിച്ചിരുന്നു. മികച്ച ഘ്രാണശേഷിയുള്ള ഒരു വേട്ട നായയെയും ഒരുക്കിയിരുന്നു. സംഘം ഉദ്വേഗപൂര്‍വം ആ ദിവസം കാത്തിരുന്നു.



മൂന്ന് 



ഞാനും നിതിനും തങ്ങിയ സ്ഥലത്തിനോട് ചേര്‍ന്ന് അന്വേഷണസംഘം  ഒരു ക്യാമ്പ് രൂപീകരിച്ചു. സംഭവസ്ഥലത്തേയ്ക്ക് ആറു പേര്‍ അടങ്ങുന്ന ഒരു നിരീക്ഷണസംഘം നീങ്ങുകയും അടിയന്തിരസഹായം ആവശ്യം വരുന്ന പക്ഷം ഉടനടി എത്തിച്ചേരാന്‍ പര്യാപ്തമായ അകലത്തിലായിരുന്നു ക്യാമ്പ് സെറ്റ് ചെയ്തിരുന്നത്. പ്രൊഫസര്‍  ഗില്‍ ഹാരിസ്, വേണു, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രമോദ്,  പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുവാദത്തോടെ വെടിയുതിര്‍ക്കാന്‍ പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ഞാന്‍  എന്നിവരായിരുന്നു ആറു പേര്‍ അടങ്ങുന്ന സംഘം. ചുറ്റുപാടും നീരീക്ഷിക്കാന്‍ സഹായകമാകും വിധം  ശക്തമായ രണ്ട് ലൈറ്റുകള്‍ മുളം കുടിലിന്‍റെ രണ്ട് വശങ്ങളിലായി സ്ഥാപിച്ചിരുന്നു.  


പ്രധാന ടീം എത്തുന്നതിന് മുന്‍പ് തന്നെ ഞാനും പ്രൊഫസര്‍  ഗില്‍ ഹാരിസും കൂടി സ്ഥലത്തെത്തി. വനത്തിനുള്ളില്‍ അസാധാരണമായ അസ്ഥിത്വങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതേക്കുറിച്ച് വനത്തിനോട് ചേര്‍ന്ന് വസിക്കുന്ന ജനങ്ങള്‍ക്കോ, ആദിവാസികള്‍ക്കോ എന്തെങ്കിലും അറിവ് ഉണ്ടായിരിക്കേണ്ടതല്ലേ എന്ന്  ഡോക്ടര്‍ എന്നോട് ആരാഞ്ഞു. അന്ന് രാത്രി ഞാനും നിതിനും തമ്മില്‍ ഉണ്ടായ  സംസാരം എന്‍റെ ഓര്‍മ്മയില്‍ വന്നു.  ഏതോ ഭീതികഥാസമാഹാരത്തില്‍ നിലമ്പൂര്‍ വനങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്നതായി സങ്കല്‍പിക്കപ്പെട്ട ഒരു കഥയെക്കുറിച്ചാണ് അന്ന് നിതിന്‍ പറഞ്ഞത്. അപ്പോള്‍ ഞാന്‍ അത് അത്ര കാര്യമായി എടുക്കാഞ്ഞത് കൊണ്ട് എഴുത്തുകാരന്‍റെ പേരോ പുസ്തകം ഏതെന്നോ അന്വേഷിക്കുകയുണ്ടായില്ല.   ഞാന്‍ ഡോക്ടറോട് അന്ന് രാത്രി ഞങ്ങള്‍ സംസാരിച്ച വിഷയത്തെക്കുറിച്ച് സൂചിപ്പിച്ചു. നിതിന്‍ പറഞ്ഞ ഒരു വാചകം ഇങ്ങനെയായിരിരുന്നു: “ഞാന്‍ ഈ അടുത്ത കാലത്തായി ഈ വനപ്രദേശങ്ങളെക്കുറിച്ച് ഒരു ആഖ്യാനം വായിക്കാനിടയായി. ഉള്‍വനങ്ങളില്‍ വളരെ പ്രാചീനവും വിചിത്രവുമായ ചില ജൈവ അസ്ഥിത്വങ്ങള്‍ ഉണ്ട് എന്നതിനെക്കുറിച്ചും അതിനെക്കുറിച്ച് ആ വനത്തിനോട് ചേര്‍ന്ന് താമസിക്കുന്ന പഴമക്കാര്‍ക്കിടയിലും ചില അറിവുകളുണ്ട് എന്നതിനെക്കുറിച്ചുമായിരുന്നു ആ ആഖ്യാനം.”

പ്രൊഫസര്‍ അത് തമാശയായി കരുതുമെന്നായിരുന്നു എന്‍റെ ധാരണ. പക്ഷെ  നിതിന്‍റെ ജഡം കാണപ്പെട്ട മരത്തിന്‍റെ ചുവട്ടില്‍ നില്‍ക്കെ ആ വിവരണത്തില്‍ അടങ്ങിയ എന്തോ ഒന്ന് അദ്ദേഹത്തെ പിടികൂടിയിട്ടുണ്ട്  എന്ന് എനിക്ക് തോന്നി.  മുളംകുടിലിന്‍റെ മുറ്റത്ത് ഇരുന്ന് ഒരു സിഗരറ്റിന് തീ പിടിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:


  “റാം, യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന ഭയപ്പെടുത്തുന്നതോ ദുരൂഹമോ ആയ ചിലതെല്ലാമാണ് അല്‍പം അതിശയോക്തി നിറഞ്ഞ കെട്ടുകഥകള്‍ക്ക് വഴിമരുന്നിടുന്നത്. ഉദാഹരണത്തിന് പോര്‍ഫിരീയ എന്ന രോഗാവസ്ഥ പരിഗണിക്കുക. ഈ രോഗമുള്ളവര്‍ക്ക് സൂര്യപ്രകാശം അസഹ്യമാണ്. രക്തസംബന്ധിയായ ഒരു രോഗമാണിത്. പകലുറങ്ങുന്ന, സൂര്യപ്രകാശത്തെ ഭയപ്പെടുന്ന രക്ഷസുകളെക്കുറിച്ചുള്ള മിത്ത് രൂപപ്പെട്ടത് ഈ രോഗത്തില്‍ നിന്നായിരിക്കാം എന്ന് ചിലര്‍ കരുതുന്നുണ്ട്. രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ശവപ്പറമ്പുകളില്‍ നിന്ന് കാണുന്ന നിറമുള്ള അഗ്നി പണ്ട് കാലത്തെ മനുഷ്യരെ ഭയപ്പെടുത്തുകയും പ്രേതങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. അത് പോലെ ഈ വനപ്രദേശങ്ങളെക്കുറിച്ച് ഇവിടത്തെ പഴമക്കാര്‍ക്കിടയിലുള്ള കേട്ടു കേള്‍വിയും നമുക്ക് അപരിചിതമായ ഏതോ ഭീതിസ്രോതസ്സില്‍ നിന്ന് വരുന്നതാവാം. 

“സമാനമായ ഒരു ചിന്ത എന്‍റെ മനസ്സിലുമുണ്ടായിരുന്നു.  പക്ഷെ പ്രൊഫസര്‍ അത് ചിരിച്ചു തള്ളുമോ എന്ന തോന്നലില്‍ പറയാതിരുന്നതാണ്.”

“കമോണ്‍…” 


“ചിലരോട് സംസാരിച്ചതില്‍ നിന്ന് എനിക്ക് ലഭിച്ച വിവരങ്ങളില്‍ ആവര്‍ത്തിച്ച് വരുന്ന ചില കീ വേര്‍ഡുകളുണ്ട്.  വനത്തിലെ ചില പ്രത്യേക ഭാഗങ്ങളില്‍ “പേ”യുണ്ട് എന്നാണ് ചിലര്‍ പറഞ്ഞത്. ഉള്‍വനങ്ങളില്‍ എന്തോ ബാധയുണ്ടത്രേ. അവര്‍ പറയുന്നത് സാധാരണ നാട്ടുമ്പുറത്തെ പ്രേതഭവനങ്ങളെക്കുറിച്ച് പറയുന്നത് പോലെയുള്ള വ്യക്തതയുള്ള കഥകള്‍ അല്ല. മറിച്ച്, എന്തൊക്കെയോ അമൂര്‍ത്തമായ, കൃത്യമായി വിവരിച്ച് പറയാന്‍ കഴിയാത്ത “എന്തോ ഒന്നിനെ”ക്കുറിച്ചാണ്. “ഭീമാകാരമായ മരങ്ങള്‍ പൊട്ടിയടരുന്നത് പോലെ മുഴക്കമുള്ള ശബ്ദം”  ഒന്നിലേറെപ്പേര്‍ റഫര്‍ ചെയ്ത് കേട്ട ഒരു പ്രയോഗമാണ്. പ്രായം ചെന്ന ചിലര്‍ അതേക്കുറിച്ച് സംസാരിക്കാന്‍ തന്നെ വിമുഖത കാണിച്ചു. നിതിന്‍റെ മരണത്തെക്കുറിച്ചുള്ള വര്‍ത്തമാനം ആദിവാസികള്‍ക്കിടയില്‍ എത്തിയിരുന്നു എന്നാണ് എനിക്ക് മനസിലായത്. അവര്‍ ഇതിനെക്കുറിച്ച് ധരിച്ച് വച്ചിരിക്കുന്നത് എന്ത് തന്നെയാണെങ്കിലും  എനിക്ക് മനസിലായ ഒരു കാര്യം ഇതാണ് :  അക്രമകാരിയായ ഒരു വന്യജീവിയെക്കുറിച്ച് സംസാരിക്കുന്നത് പോലെയല്ല അവര്‍ “അതിനെ”ക്കുറിച്ച് സംസാരിച്ചത്. അസാധാരണമായ വലിപ്പവും രൂപരഹിതവുമായ “എന്തോ ഒന്ന്”, “അത്” എന്നൊക്കെ മാത്രമാണ് അവര്‍ അതിനെക്കുറിച്ച് പറഞ്ഞത്. വ്യക്തിഗതമായി അവരുടെ അവ്യക്തമായ വിവരണം ശരിക്കും ‘ചില്ലിംഗ്’ ആയി എനിക്ക് അനുഭവപ്പെട്ടു. ഒരു ലാര്‍ജര്‍ ദാന്‍ ലൈഫ് സങ്കല്‍പം എന്നല്ല പറയേണ്ടത്, ഒരു തരം ലാര്‍ജര്‍ ദാന്‍ കോസ്മോസ് സങ്കല്‍പം പോലെ…”



പുക ഊതി വിട്ടു കൊണ്ട് പ്രൊഫസര്‍ പതിയെ ആവര്‍ത്തിച്ചു : “ലാര്‍ജര്‍ ദാന്‍ കോസ്മോസ്….!! നമ്മള്‍ അത് കണ്ടെത്തും. ഞാന്‍ പറഞ്ഞത് പോലെ ഈ ഭീതിസങ്കല്‍പത്തെ ട്രിഗര്‍ ചെയ്യുന്നൊരു യാഥാര്‍ത്ഥ്യം  ഇവിടെയുണ്ട് എന്നതില്‍ സംശയമില്ല. അത് പ്രപഞ്ചത്തെക്കാള്‍ വലുതായാലും അല്ലെങ്കിലും അതിന്‍റെ പ്രഹരശേഷി മാരകമാണ് എന്നതിന് നമുക്ക് തെളിവ് ലഭിച്ചു കഴിഞ്ഞു.  നമുക്ക് നോക്കാം എന്ത് രഹസ്യമാണ് നമുക്ക് മുന്നില്‍ വെളിപ്പെടുക എന്ന്.  നോക്കൂ, റാം. ശാസ്ത്രചരിത്രത്തില്‍ മുന്‍പ് അനേകം തവണ ഇങ്ങനെയൊരു നിമിഷത്തിന് മുന്നില്‍ മനുഷ്യന്‍ വന്ന് നിന്നിട്ടുണ്ടാകും. ഇന്ന് നമുക്കറിയാവുന്ന, നമുക്ക് ഇന്നും വിസ്മയം മാറിയിട്ടില്ലാത്ത പല ജന്തുജാലങ്ങളും ആദ്യം മനുഷ്യന് മുന്നില്‍ അവതരിച്ചതിന് തൊട്ടു മുന്‍പ്…ഇത് പോലൊരു നിമിഷം. 


*       *        *


നേരം ഇരുണ്ട് തുടങ്ങിയതോടെ ഉദ്വേഗജനകമായ ആ കാത്തിരിപ്പ് ആരംഭിച്ചു.  ഞാനും ഡോ. ഹാരിസും മുളംകുടിലിന്‍റെ മുന്‍വശത്തായി ഇരുപ്പുറപ്പിച്ചു. ഞാനും നിതിനും താമസിച്ച ദിവസം പോലെ അവിടെ രണ്ട് പേര്‍ മാത്രമേയുള്ളൂ എന്ന  മട്ടിലായിരുന്നു ഞങ്ങള്‍ ഓരോരുത്തരും നില കൊള്ളേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചത്. വേണ്ടി വന്നാല്‍ എത്രയും പെട്ടന്ന്  വന്നെത്താവുന്ന അകലത്തായി വേണുവും പ്രമോദും വെടി വയ്ക്കാനുള്ള കോപ്പുകളുമായി രണ്ട് വിദഗ്ദ്ധരും.  ഏത് നേരത്തും ഓണ്‍ ചെയ്യാവുന്ന വിധം ലൈറ്റുകള്‍ സെറ്റ് ചെയ്തിരുന്നു. ഇതിനേക്കാളെല്ലാം എനിക്ക്  ആത്മവിശ്വാസം നല്‍കിയത് ഞങ്ങളുടെ ടീമംഗം  പ്രമോദ്, ഡോഗ് സ്ക്വാഡില്‍ നിന്നെത്തിച്ച ഹെര്‍ക്കുലീസ് എന്ന  നായയായിരുന്നു.  അസ്വാഭാവികമായ ഒരു ചെറുചലനം അവിടെയുണ്ടാകുന്ന നിമിഷം നമ്മളെ അറിയിക്കാന്‍ കഴിയുന്ന പരിശീലനം ലഭിച്ച ഒരു നായ. നിതിന്‍റെ ജഡം കണ്ടെത്തിയ മരച്ചുവട്ടിലായി ജാഗ്രതയോടെ ശരീരം വിറപ്പിച്ച് കൊണ്ട് ഹെര്‍ക്കുലീസ് കിടന്നു. 


നേരം പതിയെ നീങ്ങിക്കൊണ്ടിരുന്നു. സിഗരറ്റുകള്‍ക്ക് പിന്നാലെ സിഗരറ്റുകള്‍ കൊളുത്തി ഇടയ്ക്കിടെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചു കൊണ്ട് ഞങ്ങള്‍ ജാഗരൂകരായി കാത്തിരുന്നു. സമയം പതിനൊന്ന്. അന്നത്തെ രാത്രി ഈ സമയം ഞാന്‍ ഉറക്കമാണ്. നിതിന്‍  മൊബൈലില്‍ സംസാരിച്ചു കൊണ്ട് മരച്ചുവട്ടിലാണ്.  മരച്ചുവട്ടിലായിരിക്കെയാണോ  നിതിനെ അവന്‍റെ വിധി പിടികൂടിയത്.  അന്ന് അവനും എന്നോടൊപ്പം ഇവിടെ ഉറങ്ങുകയായിരുന്നുവെങ്കില്‍ അവന്‍ പിടിക്കപ്പെടുകയില്ലായിരുന്നോ? എവിടെയാണ് ആ അസാധാരണ സാന്നിധ്യത്തെ ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടത്?  ആ സമയത്ത് ഞാന്‍ കണ്ട ചില ദുസ്വപ്നങ്ങളും അതില്‍ നിന്ന് ഞെട്ടിയുണര്‍ന്നതും എനിക്ക് ഓര്‍മ്മ വന്നു. നീരാളിക്കൈകള്‍ പോലെ വഴുവഴുപ്പാര്‍ന്ന എന്തോ   കാലില്‍ ചുറ്റിയത് പോലെ! കാല്‍ കുടഞ്ഞു കൊണ്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോള്‍ ഒരു നിമിഷാര്‍ദ്ധം കൊണ്ട്  ഞാന്‍ കേട്ടത് കാല്‍ കുടഞ്ഞപ്പോഴുണ്ടായ  ദ്രാവകസ്വഭാവമുള്ള ഒരു ശബ്ദമാണ്. അത് സ്വപ്നത്തിലായിരുന്നോ അതോ യാഥാര്‍ത്ഥ്യമോ?  അതൊരു തണുപ്പിക്കുന്ന ചിന്തയായിരുന്നു. ഇതേക്കുറിച്ച് ഡോ. ഹാരിസിനോട് പറയാന്‍ തുടങ്ങുമ്പോള്‍ അന്ന് രാത്രിയില്‍ അനുഭവപ്പെട്ടത് പോലെയുള്ള രൂക്ഷമായ ഗന്ധം അന്തരീക്ഷത്തില്‍ നിറയുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. 


“പ്രൊഫസര്‍, അതാ, ആ ഗന്ധം !!!”

അതെ. യൂക്കാലിയുടെയോ ബദാമിന്‍റെയോ വേര്‍തിരിച്ചറിയാനാകാത്ത രൂക്ഷമായ ഗന്ധം! ഒപ്പം എല്ലാ ശബ്ദങ്ങളും നിലച്ച് സമ്പൂര്‍ണമായ നിശബ്ദത അവിടെ പരന്നു.  ജാഗരൂകമായ ഡോക്ടറുടെ മുഖം. നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍.  ശ്വാസോച്ഛ്വാസത്തിന്‍റെ ശബ്ദം. അവിടം അത് വരെ എത്രത്തോളം ശബ്ദമുഖരിതമായിരുന്നെന്ന് അപ്പോഴാണ്‌ തിരിച്ചറിഞ്ഞത്. ഭീകരമായിരുന്നു ആ കാത്തിരിപ്പ്. ഇരുട്ട് കാഠിന്യമേറിയതായിരുന്നില്ല. കടും നീല കലര്‍ന്ന അന്തരീക്ഷത്തില്‍ കുടിലിന് മുന്നിലുള്ള തുറസ്സായ സ്ഥലവും ഉയരമുള്ള മരവും അതിന് ചുവട്ടില്‍ ഹെര്‍ക്കുലീസ് എന്ന നായയെയും വ്യക്തമായി കാണാമായിരുന്നു. സമയം അടുക്കുകയായിരുന്നു. പതിയെ ആ നിശബ്ദതയില്‍ വിള്ളലുകള്‍ വീണു. ആഴമുള്ള ഗുഹയില്‍ നിന്നെവിടെ നിന്നോ മുഴങ്ങുന്നത് പോലെ അഗാധമായ ഒരു ശബ്ദം ഞങ്ങള്‍ കേട്ടു. മരങ്ങള്‍ പൊട്ടിപ്പിളരുന്ന ശബ്ദം.  ഒപ്പം നായയുടെ ഒരു പ്രത്യേക മുരള്‍ച്ചയും ഉയര്‍ന്നു. പ്രൊഫസറുടെ മുഖത്ത് ഭീതി നിഴലിക്കുന്നത് ഞാന്‍ കണ്ടു.  അദ്ദേഹം സ്വന്തം കാലുകളിലേയ്ക്ക് ഉയര്‍ന്ന്, ജീന്‍സിന്‍റെ പിന്നില്‍ നിന്ന് ഒരു റിവോള്‍വര്‍ കൈക്കലാക്കി.  ഞാന്‍ ഫോണില്‍ വേണുവിന്‍റെ നമ്പര്‍ ഡയല്‍ ചെയ്യാനൊരുങ്ങി. പ്രൊഫസര്‍ കൈയുയര്‍ത്തി വിലക്കി. 


“അല്‍പം കൂടി ക്ഷമിക്കൂ. ആള്‍പ്പെരുമാറ്റം കൊണ്ട് നമ്മുടെ പരിസരത്തുള്ളതെന്തോ അത് പിന്തിരിയാന്‍ പാടില്ല.”


പെട്ടെന്ന് ഞങ്ങളെ ഞെട്ടിപ്പിക്കും വിധം നായയുടെ ശബ്ദമുയര്‍ന്നു. ഞാന്‍ ടോര്‍ച്ച് മരച്ചുവട്ടിലേയ്ക്ക് തെളിച്ചു.  നായ എഴുന്നേറ്റ് നിന്ന് മുകളില്‍ മരത്തിന് മുകളിലേയ്ക്ക് നോക്കി നിലവിളിക്കുകയായിരുന്നു.


“വരൂ! റാം, അത് മരത്തിന്‍റെ മുകളില്‍ നിന്നാണ് വരൂ!!”




 

ഞാനും പ്രൊഫസറും കൂടി മുറ്റത്തേയ്ക്കിറങ്ങി, മരത്തിന്‍റെ മുകള്‍വശം  കാണാവുന്ന ഒരു വശത്തേയ്ക്ക് ഓടി മാറി. അവിടെ സുരക്ഷിതമെന്ന് തോന്നിയ ഒരിടത്ത് നിന്ന് ഞങ്ങള്‍ മരത്തിന് മുകളിലേയ്ക്ക് ടോര്‍ച്ച് തെളിച്ചു.  നല്ല ഉയരമുള്ള ഒരു താന്നിമരമായിരുന്നു അതെന്ന് ഞാന്‍ മുന്‍പേ ശ്രദ്ധിച്ചിരുന്നു.  വളരെ ഉയരം വരെ ശാഖകളില്ലാതെ വളര്‍ന്ന ശേഷം പിന്നീട് പല ശാഖകളായി തിരിയുന്നൊരു കൂറ്റന്‍ മരം.   ടോര്‍ച്ചിന്‍റെ ശക്തമായ രണ്ട് പ്രകാശവൃത്തങ്ങള്‍ താഴെ നിന്ന് പതിയെ ഞങ്ങള്‍ മുകളിലേയ്ക്ക് പായിച്ചു.  ഒന്ന് രണ്ട് നിമിഷം ഒന്നും കണ്ടില്ല. നായ അപ്പോഴും മുകളിലേയ്ക്ക് നോക്കി മോങ്ങിക്കൊണ്ടിരുന്നു.  പെട്ടെന്ന് നിലവിളിക്കുന്ന മട്ടില്‍ ഡോ. ഹാരിസ് ഒച്ചയിട്ടു:


“അത് കണ്ടോ റാം? അത് കണ്ടോ !”


ആ കാഴ്ചയില്‍ എന്‍റെ രോമങ്ങള്‍ എഴുന്നേറ്റ് നിന്നു.


ഉയരത്തില്‍, ആ വലിയ വൃക്ഷത്തിന്‍റെ ഇടതിങ്ങിയ ഇലപ്പന്തലിന്‍റെ ഇരുട്ടിനുള്ളില്‍ നിന്ന് താഴേയ്ക്ക് കൂറ്റന്‍ പാമ്പുകള്‍ എന്ന് തോന്നും വിധം എട്ടോ പത്തോ നീണ്ട വള്ളിക്കൈകള്‍ നീളെ ഒഴുകിയിറങ്ങി. ആ മരം ഉയരെ ഇലകള്‍ക്കിടയില്‍ ഒരു കൂറ്റന്‍ നീരാളിയെ ഒളിപ്പിച്ചിട്ടുണ്ടെന്നും അത് അതിന്‍റെ നീണ്ട കൈകള്‍ നീട്ടി താഴേയ്ക്ക് ഒഴുകിയിറങ്ങുകയാണ് എന്നും തോന്നും വിധമായിരുന്നു ആ കാഴ്ച!  


“ടെന്‍റക്ക്കിള്‍സ് !!!” പ്രൊഫസര്‍ ശ്വാസം പോലെ പറഞ്ഞു 


താഴേയ്ക്ക് എത്തും തോറും അതിന്‍റെ വ്യാപ്തി വലുതാകും പോലെ. അതിന്‍റെ ലക്ഷ്യം എന്താണ് എന്ന് മനസിലാക്കുമ്പോഴേയ്ക്കും  ആ നീണ്ട കൈകള്‍ പേടിച്ചരണ്ട നായയെ ചുറ്റി വരിഞ്ഞ് മേല്‍പ്പോട്ടുയര്‍ത്തി. നായയുടെ നിലവിളി പാതിവച്ച് നിലച്ചു. 


അപ്പോഴേക്കും വേണുവും പ്രമോദും സംഘവും അവിടേയ്ക്കെത്തി. അടുത്ത നിമിഷം  ശക്തമായ വെളിച്ചം മരത്തിന്‍റെ മുകളിലേയ്ക്ക് തെളിച്ചു. 


ഭീകരമായ ഒരു കാഴ്ചയായിരുന്നു അത്.  വന്യമായി പുളയുന്ന  നീണ്ട കൂറ്റന്‍ സ്പര്‍ശിനികള്‍ ആ നായയെ വരിഞ്ഞു മുറുക്കി, മരത്തിന്‍റെ പകുതിയോളം ഉയരത്തില്‍ നിര്‍ത്തിയിരുന്നു. തുണികള്‍ പിഴിയും വിധം നായയെ അവ ചുരുട്ടിപ്പിഴിഞ്ഞു. പിടച്ചിലിന്‍റെ ശബ്ദം മുഴങ്ങി. 


പ്രൊഫസര്‍ ഹാരിസ്, വെളിച്ചം ആ സ്പര്‍ശിനികള്‍ വ്യക്തമായി കാണത്തക്ക വിധം ഫോക്കസ് ചെയ്തു.  വലിച്ചെടുക്കാന്‍ പര്യാപ്തമായ വിധം വട്ടത്തിലുള്ള അനേകം സക്കറുകള്‍ അതിന്‍മേല്‍ കാണപ്പെട്ടു. 


“ എന്ത് ജന്തുവാണ് ആ മരത്തിനുള്ളില്‍ ? പാമ്പുകളോ?”  വേണു ചോദിച്ചു. ആരും ആ കാഴ്ച്ചയുടെ ഭീതിയില്‍ നിന്ന് മോചിതരായിരുന്നില്ല. 


ഡോക്ടര്‍  വെളിച്ചം മരത്തിന്‍റെ മുകളില്‍ ആ സ്പര്‍ശിനികള്‍ പുറപ്പെട്ട ഇരുട്ടിലേയ്ക്ക് തിരിച്ചു.  വലിയ തുകല്‍ സഞ്ചികള്‍ പോലെയുള്ള വിവിധ ഘടനകള്‍! അതിനുള്ളില്‍ നിന്നാണ് ആ സ്പര്‍ശിനികള്‍ പുറത്തേയ്ക്ക് പ്രസരിക്കുന്നത്. 

“ അല്ല. അതൊരു ജന്തുവല്ല!” പ്രൊഫസര്‍ ഹാരിസ് പറഞ്ഞു. ഞങ്ങള്‍ കാതോര്‍ത്തു: “അത് ആ മരം തന്നെയാണ് !!!”

ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.  അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഇനിയും അവസാനിച്ചിട്ടില്ലാത്ത ആ പ്രക്രിയ വീണ്ടും ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. 

സ്പര്‍ശിനികളുടെ ചുരുള്‍ നിവര്‍ന്ന്  അതിനുള്ളില്‍ നിന്ന് നായയുടെ അവശിഷ്ടം “ഥഡ്!!!!!!!!” എന്ന ശബ്ദത്തോടെ നിലത്തേയ്ക്ക് പതിച്ചതായിരുന്നു ഞങ്ങള്‍ കേട്ടത്.  പിന്നെ പുളഞ്ഞു കൊണ്ട് പതിയെ അവ മേലോട്ട് വലിഞ്ഞു. അവയില്‍ നിന്ന് വഴുവഴുപ്പാര്‍ന്ന എന്തോ ദ്രാവകം ഇറ്റുന്നുണ്ടായിരുന്നു. പിന്‍വാങ്ങിയ സ്പര്‍ശിനികള്‍ മുകളില്‍ കാണപ്പെട്ട തുകല്‍ സഞ്ചികള്‍ പോലുള്ള ഘടനകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി.  ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍  അവയും മുകളിലേയ്ക്ക് പിന്‍വാങ്ങി. ഭീകരമായ ആ നാടകം അവസാനിച്ചുവെന്ന് തോന്നി. 


അപ്പോഴാണ്‌ പ്രൊഫസര്‍ ഹാരിസിന്‍റെ നിരീക്ഷണം ഓര്‍മ്മ വന്നത് .

 

“പ്രൊഫസര്‍, അതൊരു ജന്തുവല്ല, മരം തന്നെയാണ് എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് എന്താണ് ?”

“റാം, ഇതെന്താണ് എന്നതിനെക്കുറിച്ച് വിശദമായി കമന്‍റ്  ചെയ്യാന്‍ നേരമായിട്ടില്ല.  വീ ആര്‍ ടൂ ഏര്‍ളി ടു ഡൂ ദാറ്റ്. എങ്കിലും  ഇത് വരെ മനുഷ്യന്‍റെ കണ്ണെത്തപ്പെടാതെ പോയ സ്പീഷീസില്‍ പെട്ട  ഒരു മരമാണ് ഇത് എന്ന് വേണം മനസ്സിലാക്കാന്‍. ഷഡ്പദങ്ങളെ പിടികൂടി അവയുടെ സത്ത് വലിച്ചെടുക്കുന്ന  വീനസ് ഫ്ലൈട്രാപ് പോലെ അല്ലെങ്കില്‍ പിച്ചര്‍ പ്ലാന്‍റ് പോലെ വളരെ അഡ്വാന്‍സ്ഡ് ആയ ഒന്ന്.  കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്. “

“പക്ഷെ പ്രൊഫസര്‍, ഈ മരം നാട്ടില്‍ വളരെ പരിചിതമായ സാധാരണമായ ഒരു മരമാണ്. നമ്മുടെ പബ്ലിക് റോഡിന്‍റെ വശങ്ങളിലെങ്ങും ഇത് കാണാം. താന്നിമരം എന്ന് പറയുന്ന Terminalia Bellirica യാണ് ഇത്.  ഈ മരത്തിന് അത്തരം യാതൊരു വിധ  പ്രത്യേകതകളും ഇത് വരെ നിരീക്ഷിക്കപ്പെട്ടിട്ടില്ല. 


ഡോക്ടര്‍ കുനിഞ്ഞ് നിലത്ത് നിന്ന് പൊഴിഞ്ഞു കിടന്ന ഒരു താന്നിയിലയും അതിന്‍റെ കുരുവും എടുത്തു.


“റാം. ഇതിന് താന്നിമരത്തിനോട് സാമ്യതയുണ്ട് എന്നത് ശരി തന്നെ.  പക്ഷെ ഇത് താന്നിമരമല്ല.’

പ്രൊഫസര്‍ പോക്കറ്റില്‍ നിന്ന് ഒരു പേനാക്കത്തി എടുത്ത് താന്നിക്കുരുവിന്‍റെ തോട് ചെത്തി. സാധാരണ പുറം തോട് കളഞ്ഞാല്‍ ഉള്ളില്‍ കട്ടിയുള്ള ഒരു തോടും അത് പൊട്ടിച്ചാല്‍ അകത്ത് ഒരു തരം പരിപ്പുമാണ് ഉള്ളത്. പക്ഷെ പ്രത്യക്ഷത്തില്‍ താന്നിക്കുരു പോലെ തോന്നിച്ച അതിന്‍റെയുള്ളില്‍ ബീറ്റ്റൂട്ട് ഒക്കെപ്പോലെ ദശ മാത്രമാണ് ഉണ്ടായിരുന്നത്.


“വിചിത്രമായിരിക്കുന്നു!!” ഞാന്‍ പറഞ്ഞു. 

“ അതെ. ഒരു പക്ഷെ ആ കാരണം കൊണ്ടായിരിക്കാം ഈ മരം ഇത് വരെ കണ്ടെത്തപ്പെടാതിരുന്നതും. 


അല്‍പനേരം ജാഗ്രതയോടെ കാത്ത ശേഷം ഞങ്ങള്‍ നായയുടെ ജഡത്തിനരികിലേയ്ക്ക് പതിയെ നീങ്ങി. മുകളില്‍ നിന്ന് വീണ്ടും അവ താഴെയ്ക്കിറങ്ങി വന്നേയ്ക്കുമോ എന്ന് ഒപ്പം നിരീക്ഷിക്കുന്നുണ്ടായിരുന്നു. 

നായയുടെ അവശിഷ്ടം ഒരു മരക്കഷണം പോലെയായിക്കഴിഞ്ഞിരുന്നു. നിധിന്‍റെ ജഡം കണ്ടെത്തിയ അതേ അവസ്ഥയില്‍. പിരിച്ച് പിണച്ച് ഉള്ളിലുള്ളതെല്ലാം വലിച്ചെടുക്കപ്പെട്ട നിലയില്‍. 


ഒടുവില്‍ നിതിന് സംഭവിച്ചതെന്താണ് എന്നത് വ്യക്തമായിരിക്കുന്നു. രാത്രി ഫോണില്‍ സംസാരിച്ചു കൊണ്ട് മരത്തിന് ചുവട്ടില്‍ നില്‍ക്കുമ്പോഴായിരിക്കാം അവന്‍ അതിന്‍റെ നീരാളിപ്പിടിത്തത്തിന് ഇരയായത്. ചുവട്ടില്‍ ഇരയുടെ സാന്നിധ്യമുള്ളപ്പോള്‍  ‘ടെന്‍ഡക്ക്കിള്‍സ്’ പുറത്തേയ്ക്ക് നീട്ടി ഇരകളെ പിടികൂടുകയും ഞെരിച്ച് കൊന്ന് രക്തം ഊറ്റിയെടുക്കുകയുമാണ് മനസിലാക്കാന്‍ കഴിഞ്ഞിടത്തോളം അതിന്‍റെ രീതി. ഇനിയും കൂടുതല്‍ നിരീക്ഷണങ്ങളും പഠനങ്ങളുമുണ്ടാകും. സമാനമായ ഇനങ്ങളില്‍ പെട്ട കൂടുതല്‍ മരങ്ങള്‍ ഈ വനപ്രദേശങ്ങളില്‍ ഉണ്ടോ എന്നും അവയുടെ പ്രത്യേകതകളും പഠിക്കപ്പെടേണ്ടതുണ്ട്. 


ഒരാഴ്ചയ്ക്ക് ശേഷം പ്രൊഫസര്‍ ഗില്‍ ഹാരിസ് മടങ്ങുമ്പോള്‍  അദ്ദേഹത്തെ യാത്രയയാക്കാന്‍ ഞാന്‍ പോയി. ട്രെയിനിലിരിക്കുമ്പോള്‍ ആ വിഷയത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നത്. അന്ന് രാത്രിയിലെ നിരീക്ഷണതിന് ശേഷം ഞങ്ങള്‍ ഒരിക്കല്‍ കൂടി ആ പരിസരത്ത് പോകുകയും ആ മരത്തിന്‍റെ ഇല, കായ, തോല്‍, പൂക്കള്‍, അതിന്‍റെ കറ എന്നിവ ശേഖരിക്കുകയുണ്ടായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയും …….യൂണിവേഴ്സിറ്റിയും ചേര്‍ന്ന് നിലമ്പൂര്‍ വനപ്രദേശത്ത് സമാനമായ മരങ്ങളുടെ സാന്നിധ്യം നിരീക്ഷിച്ച് കണ്ടെത്താനും അവയുടെ സ്വഭാവം ശാസ്ത്രീയമായി പഠിക്കാനും രേഖപ്പെടുത്താനും ധാരണയായിരുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിലനില്‍ക്കുന്ന ചിലതിന്‍റെയെല്ലാം വളരെ അതിശയോക്തിപരമായ അവതരണമാണ് പല അന്ധവിശ്വാസങ്ങളും എന്ന് അദ്ദേഹം പറഞ്ഞത് വളരെ ശരിയായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു.  ഡോക്ടര്‍ പറഞ്ഞു: 


“പക്ഷെ, റാം നമ്മള്‍ അറിയുന്നതിന് വളരെ മുന്‍പ് തന്നെ ഇവയുടെ സാന്നിധ്യത്തെക്കുറിച്ച് ആദിവാസികള്‍ക്ക്  അറിവുണ്ടായിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. നമ്മള്‍ നേരിട്ടറിഞ്ഞതിനെക്കാള്‍ ഭീതിജനകമായ ചില സൂചനകള്‍ ആ കേട്ടുകേള്‍വികളില്‍ ഇപ്പോഴും അടങ്ങിയിട്ടുണ്ട് എന്നെനിക്ക് തോന്നുന്നു. ഈയൊരു ഒറ്റപ്പെട്ട അസ്ഥിത്വം മാത്രമായിരിക്കില്ല അവരുടെ ഭീതിയ്ക്ക് നിദാനം.  അത് കൊണ്ടാണ്  റാം പറഞ്ഞത് പോലെ ഒരു ലാര്‍ജര്‍ ദാന്‍ കോസ്മോസ്  ‘വൈബ്’ ആ കേട്ടുകേള്‍വികളില്‍ ഉള്ളതായി തോന്നിയത്. 


“അത് ശരിയായിരിക്കണം”


“ അല്‍പം ഫാര്‍ ഫെച്ച്ഡ്  ആയ ചിന്തയെന്ന് തോന്നാം. പക്ഷെ അസാധ്യമല്ല. വനാന്തര്‍ഭാഗത്ത് അത്തരം മരങ്ങളുടെ ഒരു വലിയ സമൂഹം തന്നെയുണ്ടാകാം. അവയുടെ കാമോഫ്ലാഷ് സ്വഭാവം മൂലമാണ് അത് കണ്ട് പിടിക്കപ്പെടാതിരിക്കുന്നത് . അതായത്, യഥാര്‍ത്ഥത്തിലുള്ള മറ്റ് ഏതെങ്കിലും മരങ്ങളുടെ രൂപഭാവങ്ങളില്‍ , അവയ്ക്ക് സമാനമായ ഇലകള്‍, തോല്‍, കായ്കള്‍ പൂക്കള്‍ ഒക്കയുമായിട്ടാണ് അവ നില കൊള്ളുന്നത് എന്ന് വേണം കരുതാന്‍. ഞാന്‍ പറഞ്ഞു വരുന്നത്, ഈ കണ്ട താന്നിമരത്തിന്‍റെ മാത്രം രൂപമായിരിക്കില്ല അവയ്ക്ക് എടുക്കാന്‍ കഴിയുന്നത്. വളരെ ഡോമെസ്റ്റിക് ആയ, നമ്മുടെ വീട്ടു കോംപൌണ്ടില്‍ ഒക്കെ നില്‍ക്കുന്ന മാവിന്‍റെയും പ്ലാവിന്‍റെയുമൊക്കെ  രൂപങ്ങള്‍ സ്വീകരിക്കുക  എന്ന അഡാപ്റ്റേഷന്‍ അവയ്ക്കുണ്ട് എന്ന് കരുതണം.  നമ്മുടെ വീട്ടുവളപ്പില്‍ നില്‍ക്കുന്ന ഒരു സാധാരണമരം ഇങ്ങനെ അപകടകാരിയായ ഒന്നാണ് എന്ന് വരുന്നത് എത്ര ഭീകരമായിരിക്കും എന്ന് ചിന്തിച്ച് നോക്കുക.”


ശരിക്കും നടുക്കമുണര്‍ത്തുന്ന ഒരു ചിന്തയായിരുന്നു അത്.  റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യാത്ര പറയുമ്പോള്‍ പ്രൊഫസര്‍ പറഞ്ഞു: 


“ഗുഡ്ബൈ, റാം. വീണ്ടും കാണാം. നമ്മുടെ പഠനം തുടങ്ങാന്‍ പോകുന്നതേയുള്ളൂ. ഈ അസ്തിത്വവുമായി ബന്ധപ്പെട്ട് റാമിനുണ്ടായ എന്‍കൌണ്ടറിന്‍റെ തുടക്കം മുതല്‍ ഒരു കാര്യം പോലും വിടാതെ കുറിച്ച് വയ്ക്കേണ്ടതുണ്ട്. എന്‍റെ നിരീക്ഷണങ്ങള്‍ ഞാന്‍ റാമിന് മെയില്‍ ചെയ്തിട്ടുണ്ട്. ഡു ഗോ ത്രൂ ഇറ്റ്‌. 


മടക്കയാത്രയില്‍ ഞാന്‍ പ്രൊഫസര്‍  അയച്ച കുറിപ്പുകള്‍ വായിച്ചു. അതിന്‍റെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: ക്രിപ്റ്റോഡെന്‍ഡ്ര വാംപൈറസ്                         (Crpytodendra Vampyrus) : രക്തദാഹിയായ നിഗൂഢവൃക്ഷം!!!





 


No comments:

Post a Comment