ഡിറ്റക്ടീവ് നോവലുകളുടെ മികച്ച മാതൃകകള്‍ എഴുതിയ ഒരാളാണ് ജാപ്പനീസ് എഴുത്തുകാരനായ സെയ്ച്ചോ മത്സുമോട്ടോ. ജപ്പാനില്‍ കുറ്റാന്വേഷണസാഹിത്യത്തിന് ജനപ്രീതി നേടിക്കൊടുത്തത് മത്സുമോട്ടോയുടെ രചനകളാണ് എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ ഇവിടെയും പോപ്പുലര്‍ ആയ ഹിഗാഷിനോയെ സ്വാധീനിച്ച രണ്ട് ഡിറ്റക്ടീവ് നോവലിസ്റ്റുകളില്‍ ഒരാള്‍ മത്സുമോട്ടോ ആണ്. ഞാന്‍ ഈയിടെ വായിച്ച നോവലാണ് അദ്ദേഹത്തിന്‍റെ പ്രശസ്തമായ Castle of Sand (1961). മുപ്പതോളം ഡിറ്റക്ടീവ്/ത്രില്ലറുകള്‍ എഴുതിയിട്ടുണ്ടെങ്കിലും വെറും നാലെണ്ണം മാത്രമേ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളൂ. (അദ്ദേഹത്തിന്‍റെ A Quiet Place എന്ന നോവലിനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് കുറച്ച് കാലം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു) Inspector Imanishi Investigates എന്ന പേരിലാണ് ഈ നോവല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്‍റെ കുറ്റാന്വേഷകന്‍റെ പേരാണ് ഇന്‍സ്പെക്ടര്‍ എയ്റ്റാരോ ഇമാനിഷി. പൊതുവേ കുറ്റാന്വേഷണനോവലുകളുടെ വന്‍ ജനപ്രീതിയ്ക്ക് ഒരു കാരണം എഴുത്തുകാരന്‍ കുറ്റാന്വേഷകന് കൊടുക്കുന്ന സവിശേഷമായ വ്യക്തിത്വമാണ്. കേസൊന്നും അന്വേഷിച്ചില്ലെങ്കില്‍ പോലും വായനക്കാര്‍ക്ക് ഹോംസിന്‍റെ ജീവിതശൈലി, സ്വഭാവരീതികള്‍, അഭിരുചികള്‍, നിരീക്ഷണങ്ങള്‍ ഇവയൊക്കെ അറിയാനും കേള്‍ക്കാനും ഇഷ്ടമാണ്. കൊമ്പന്‍മീശയും മുട്ട പോലെ തലയുമുള്ള മൃദുഭാഷിയായ പൊയ്റോയെയും ആളുകള്‍ അങ്ങനെ ഇഷ്ടപ്പെട്ടതാണ്. ആളുകൾക്ക് ആരാധന തോന്നിപ്പിക്കുന്ന വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ എഴുത്തുകാരന് പാത്രസൃഷ്ടിയില്‍ നല്ല മികവ് വേണം. നല്ല പ്ലോട്ട് ഉണ്ടെങ്കിലും അത്ര ആകര്‍ഷകമല്ലാത്ത ഡിറ്റക്ടീവുകള്‍ വന്ന് പോയിട്ടുള്ള നോവലുകള്‍ ഉണ്ടായിട്ടുണ്ട്. നല്ല പ്ലോട്ടിംഗും മികച്ച പാത്രസൃഷ്ടി കൊണ്ടും ശ്രദ്ധേയമാണ് മത്സുമോട്ടോയുടെ Inspector Imanishi Investigates.
ടോക്കിയോയിലെ കമാറ്റ റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഒരു പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങുന്ന ട്രെയിനിന്‍റെ കീഴില്‍ കൊല ചെയ്യപ്പെട്ട ഒരു വൃദ്ധന്‍റെ ജഡം കണ്ടെത്തുന്നത്. മുഖം നശിപ്പിക്കപ്പെട്ടതിനാല്‍ പോലീസിന് ഇരയെ തിരിച്ചറിയാന്‍ തന്നെ കാലതാമസമെടുക്കുന്നു. അന്വേഷണസംഘത്തില്‍ പെട്ട ഓഫീസറാണ് ഇന്‍സ്പെക്ടര്‍ ഇമാനിഷി. തെളിവുകളുടെ അഭാവത്തില്‍ ഒരു വേള പോലീസ് അന്വേഷണം മതിയാക്കുന്നുവെങ്കിലും ഇമാനിഷി അനൌദ്യോഗികമായി അന്വേഷണം തുടരുന്നു. മുകളില്‍ പറഞ്ഞത് പോലെ, ഇമാനിഷിയുടെ വ്യക്തിത്വം തന്നെയാണ് നോവലിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്.
ഒരു പോലീസ് ക്വാര്‍ട്ടേഴ്സില്‍ ഭാര്യ യോഷികോയും മകനുമൊത്താണ് ഇമാനിഷിയുടെ താമസം. അന്വേഷണത്തില്‍ ഏറിയ പങ്കും ഇമാനിഷി ഒറ്റയ്ക്കാണ്. കാഴ്ചകളും അനുമാനങ്ങളും ഇമാനിഷിയുടെ ഉള്ളില്‍ തന്നെയാണ്. തേഡ് പേഴ്സനിലാണ് മത്സുമോട്ടോയുടെ എഴുത്ത്. എങ്കിലും ഇടയ്ക്ക് വാട്സനെപ്പോലെ ഇമാനിഷിയോട് ആരാധനയുള്ള ഒരു യുവാവായ യോഷിമുറ എന്ന ഓഫിസര്‍ അന്വേഷണയാത്രകളില്‍ അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. പരസ്പരബഹുമാനമുള്ള സൌഹൃദമാണ് അവരുടേത്. അന്വേഷണത്തിനിടയില്‍ ട്രെയിന്‍ യാത്രയ്ക്കിടയിലും കടലോരത്തും ഒരു ബിയര്‍ കഴിച്ചോരു സിഗരറ്റ് പുകച്ച് അവര്‍ കേസിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇമാനിഷിയ്ക്ക് ഹൈക്കു കവിതകളിലും ബോണ്‍സായ് വളര്‍ത്തുന്നതിലും താല്‍പര്യമുണ്ട്. (പി ഡി ജെയിംസിന്‍റെ ആഡം ഡാല്‍ഗ്ലീഷ് എന്ന കുറ്റാന്വേഷകനും കവിയാണ്) കൊറോമോ നദിയോരത്തുള്ള ഒരു ഗ്രാമത്തില്‍ അന്വേഷണാര്‍ത്ഥം പോയി മടങ്ങുമ്പോള്‍ ഇമാനിഷി തന്‍റെ നോട്ടുപുസ്തകത്തില്‍ എഴുതിയൊരു ഹൈക്കു സ്നേഹിതനെ കാണിച്ചു:
ഒരുച്ചമയക്കത്തിന് ശേഷം
പുല്‍പ്പരപ്പുണരുന്നു
കൊറോമോ നദിയോരത്ത്
ട്രെയിനില്‍ വച്ച് ഊണ് പൊതി വാങ്ങുമ്പോള്‍ ഇമാനിഷി പറയുന്നു: "നിങ്ങള്‍ക്കറിയുമോ, യോഷിമുറ, ഓരോ തവണയും ഈ ഊണ് പൊതി വാങ്ങുമ്പോള്‍ ഞാനെന്‍റെ കുട്ടിക്കാലം ഓര്‍ക്കുന്നു. ഇത് പോലൊന്ന് അന്നെന്‍റെ സ്വപ്നമായിരുന്നെന്ന്...
അന്വേഷണം ഇമാനിഷിയെ ജപ്പാന്‍റെ നാട്ടിന്‍പുറങ്ങളിലേയ്ക്കും വര്‍ഷങ്ങള്‍ക്ക് പിന്നിലേയ്ക്കുള്ള ജീവിതങ്ങളിലേയ്ക്കും നയിക്കുന്നു. ചില കാലങ്ങളില്‍ മനുഷ്യര്‍ ചെയ്യുന്ന, പ്രവര്‍ത്തികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ മരണത്തിന് കാരണമാകുന്നത് എങ്ങനെയെന്ന് നമ്മള്‍ കാണുന്നു. മനുഷ്യപ്രകൃതിയുടെ അപ്രതീക്ഷിതത്വം നമ്മളെ അത്ഭുതപ്പെടുത്തുന്നു. വെറും Read & Throw സ്റ്റഫ് അല്ല കുറ്റാന്വേഷണകഥകള്‍ എന്ന് ഈ മാധ്യമം വിദഗ്ധമായി കൈകാര്യം ചെയ്തവര്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. ഈ മാധ്യമത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് തേടിപ്പോകാവുന്ന രചനകളാണ് മത്സുമോട്ടോയുടേത്. എഴുത്തും സമീപനവുമാണ് രചനകളെ Read & Throw ആക്കുന്നതും ക്ലാസിക് ആക്കുന്നതും.
========================================================
ജാപ്പനീസ് കുറ്റാന്വേഷണ സാഹിത്യത്തിലെ പ്രമുഖരില്‍ ഒരാളാണ് സെയ്ച്ചോ മത്സുമോട്ടോ എന്ന എഴുത്തുകാരന്‍. ഇപ്പോള്‍ കേരളത്തില്‍ ഉള്‍പ്പടെ അത്യാവശ്യം വായിക്കപ്പെടുന്ന കീഗോ ഹിഗാഷിനോയെ സ്വാധീനിച്ച രണ്ട് എഴുത്തുകാരില്‍ ഒരാളായിരുന്നു മത്സുമോട്ടോ. അദ്ദേഹത്തിന്‍റെ കുറ്റാന്വേഷണകഥകള്‍ വെറും മിസ്റ്ററിക്കഥകള്‍ എന്നതിലപ്പുറം ജാപ്പനീസ് സമൂഹത്തിന്‍റെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. രണ്ട് വഴികളിലൂടെയാണ് ഞാന്‍ മത്സുമോട്ടോയില്‍ എത്തിച്ചേര്‍ന്നത്. ഒന്ന് ഹിഗാഷിനോയെ രൂപപ്പെടുത്തിയ എഴുത്തുകാരിലൊരാള്‍ എന്ന നിലയില്‍. രണ്ട് അദ്ദേഹം "ജപ്പാനിലെ സിമനണ്‍" എന്ന് വിളിക്കപ്പെടുന്നു. ഹിഗാഷിനോയെയും സിമനണെയും വായിച്ചിട്ടുള്ള ആരെയും ഈ ഇന്‍ഫര്‍മേഷന്‍ പ്രലോഭിപ്പിക്കാതിരിക്കില്ല.
ഞാന്‍ വായിച്ച " The Quiet Place" എന്ന മത്സുമോട്ടോയുടെ നോവല്‍ പരിചയപ്പെടുത്താന്‍ എനിക്ക് സന്തോഷമുണ്ട്. Genre-Wise വിലയിരുത്തിയാല്‍ നോവല്‍ ഒരേ സമയം ഒരു അന്വേഷണകഥയും ഒരു ത്രില്ലറുമാണ്. ആദ്യപാതിയില്‍ ഡിറ്റക്ടീവ് ഫിക്ഷന്‍റെയും രണ്ടാം പകുതിയില്‍ ഒരു ക്രൈമിന്‍റെ പേരില്‍ പിന്തുടരപ്പെടുന്ന വ്യക്തിയുടെ കഥ പറയുന്ന ത്രില്ലറിന്‍റെ ഘടനയുമാണ് നോവല്‍ പിന്തുടരുന്നത്. ഇവ രണ്ടും ഒന്നിച്ച് വരുന്നത് അപൂര്‍വമാണ്.
ജാപ്പനീസ് സര്‍ക്കാരിന്‍റെ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അസായ്. ഒരു ഔദ്യോഗിക യാത്രയിലായിരുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ ഭാര്യ എയ്ക്കോ ഹൃദയാഘാതം വന്ന് മരണപ്പെട്ട വിവരം ലഭിക്കുന്നത്. ഒറ്റയ്ക്ക് നഗരത്തിലൂടെ നടക്കുമ്പോള്‍ അവര്‍ക്ക് ഹൃദയാഘാതമുണ്ടാവുകയും റോഡ് സൈഡിലുള്ള ഒരു കോസ്മെറ്റിക് ഷോപ്പിലേയ്ക്ക് അവര്‍ ചെന്ന് കയറുകയുമായിരുന്നു. അവിടെ അവര്‍ കുഴഞ്ഞു വീണു. കടയുടമ ഡോക്ടറെ വിളിച്ചുവെങ്കിലും അയാള്‍ എത്തിയപ്പോഴേയ്ക്കും അവര്‍ മരിച്ചിരുന്നു. ശവസംസ്കാരം കഴിഞ്ഞ് അസായ് കടയുടമയെ കണ്ട് നന്ദി അറിയിക്കാന്‍ പുറപ്പെടുന്നതോടെ അദ്ദേഹത്തിന്‍റെ മനസ്സില്‍ സംശയങ്ങള്‍ ഉരുണ്ടുകൂടുകയാണ്.
വളരെ ഉള്‍വലിഞ്ഞ പ്രാകൃതക്കാരിയായ, ആഴ്ചയില്‍ രണ്ട് ദിവസം മാത്രം ഹൈക്കുകവിതാക്കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പുറത്ത് പോകാറുള്ള നിര്‍"വികാര"യായ തന്‍റെ ഭാര്യ എയ്ക്കോ ടോക്കിയോ നഗരത്തിന്‍റെ "അത്ര ശരിയല്ലാത്ത" ഒരു ഭാഗത്ത് എന്തിന് പോയതായിരുന്നു?? അസായ് ഒരു അനൌദ്യോഗിക രഹസ്യാന്വേഷണം ആരംഭിക്കുന്നു...
A Quiet Place മത്സുമോട്ടോയുടെ ഏറ്റവും മികച്ച രചനയൊന്നുമല്ല . Points and Lines, Inspector Imanishi Investigates എന്നിവയാണ് അദ്ദേഹത്തിന്‍റെ കൂടുതല്‍ പ്രസിദ്ധമായ രചനകള്‍. ഹിഗാഷിനൊയും സിമനനുമായുള്ള താരതമ്യം യാദൃശ്ചികമല്ല. കുറ്റാന്വേഷണത്തിന്‍റെ ഉദ്വേഗത്തിനപ്പുറം സാമൂഹികപരവും മനശാസ്ത്രപരമായ ഒരു പ്രേരണയും അദ്ദേഹത്തിന്‍റെ എഴുത്തില്‍ കാണാം. അതിവേഗത്തിലോ മന്ദഗതിയിലോ അല്ല ആഖ്യാനം. അത്ര ചടുലമല്ലാത്ത ഒരു ഉദ്വേഗം പക്ഷെ ആദ്യാവസാനം നിലനിര്‍ത്തിയിട്ടുണ്ട്. ഈ Genre ല്‍ എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും നിര്‍ദേശിക്കുന്നു.
==================================================
ഈ വര്‍ഷം പെന്‍ഗ്വിന്‍ പുറത്തിറക്കിയ ഒരു മസുമോട്ടോ നോവലാണ് Suspicion. 98 പേജ് മാത്രമുള്ള ഒരു ലഘുനോവല്‍. ഈ നോവലും ഒരു Pre-Existing ഘടനയെ പിന്തുടരുന്നതിന് പകരം എഴുത്തുകാരന്‍ സ്വയം ഒരു ഘടന രൂപീകരിക്കുകയാണ്. (സത്യത്തില്‍ ഓരോ Subgenre ഉം രൂപപ്പെടുന്നത് ഇങ്ങനെ ഒരു Pioneer എഴുത്തുകാരന്‍ ഒരു ഘടന അവതരിപ്പിക്കുമ്പോഴാണ്. വിവിധ എഴുത്തുകാര്‍ അത് പിന്തുടരുമ്പോള്‍ Sub-genre രൂപം കൊള്ളുന്നു. Man on the Run ത്രില്ലറിന് ഒരു ഘടന നല്‍കുന്നത് John Buchan ആണ്. ഹിച്ച്കോക്ക് അത് Perfect ചെയ്തു.)
Suspicion നും ഒരു ക്രൈം നോവല്‍ തന്നെ. ഒരു ജേര്‍ണലിസ്റ്റിന്റെ വീക്ഷണത്തിലൂടെയാണ് കഥയിലേയ്ക്ക് നമ്മള്‍ എത്തുന്നത്. ഫസ്റ്റ് പേഴ്സന്‍ ആഖ്യാനമല്ല. പ്രമാദമായ ഒരു അപകടമരണത്തെക്കുറിച്ചാണ് കേസ്. മധ്യവയസുപിന്നിട്ട ഒരു ധനികനും അടുത്ത കാലത്ത് അയാള്‍ വിവാഹം ചെയ്ത യുവതിയായ ഭാര്യ ഒനിസുക്കയും ഒരു കാര്‍ അപകടത്തില്‍ പെട്ടു. ഒരു കൊക്കയില്‍ നിന്ന് കടലിലേയ്ക്ക് മറിഞ്ഞ കാറിനുള്ളില്‍ നിന്ന് ഭാര്യ നീന്തി രക്ഷപെട്ടു. ഭര്‍ത്താവ് മുങ്ങി മരിച്ചു. ഈ സാഹചര്യത്തില്‍ മീഡിയയും അത് വഴി ജനവും രക്ഷപെട്ട ഭാര്യയെ ഓഡിറ്റ് ചെയ്യുകയാണ്. അവരാകട്ടെ, അത്ര കണ്ട് മെനയുള്ള ഒരു ഭൂതകാലം ഉള്ളവരല്ല. ഒരു ബാറില്‍ ബെയറര്‍ ആയിരുന്ന അവരുടെ സൌന്ദര്യത്തില്‍ മയങ്ങിയാണ് അയാള്‍ അവരെ വിവാഹം ചെയ്തത്. അത് വഴി കുടുംബത്തിലുള്ള എല്ലാവരെയും ശത്രുക്കളുമാക്കി. അയാളുടെ ഭാരിച്ച സ്വത്തുക്കളില്‍ കണ്ണ് വച്ചായിരുന്നു ഒനിസുക്ക പിന്നാലെ കൂടിയത് എന്ന് സംസാരമുണ്ടായി. പോരെങ്കില്‍ ജാപ്പനീസ് അധോലോകവുമായി-- Yakusa യുമായി അവര്‍ക്ക് ബന്ധമുണ്ട് എന്നും പുറത്തറിഞ്ഞിട്ടുണ്ട്. ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കാറപകടത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെടുന്നതും അവര്‍ രക്ഷപെടുന്നതും.
ഇവരെ ഇങ്ങനെ ഒരു ഭീകരകഥാപാത്രമായി അവതരിപ്പിക്കുന്നതില്‍ ഈ ജേര്‍ണലിസ്റ്റിന് വലിയ പങ്കുണ്ട്. പക്ഷെ അയാള്‍ ഇപ്പോള്‍ ഭയത്തിലാണ്. പേര് കേട്ട രണ്ട് വക്കീലന്‍മാരാണ് അവരുടെ വക്കാലത്ത് ഏറ്റിരിക്കുന്നത്. ഇനി അവര്‍ ശിക്ഷിക്കപ്പെടാതെ പുറത്തിറങ്ങുമോ എന്നതാണ് ജേര്‍ണലിസ്റ്റിന്റെ പേടി. യാക്കുസയുമായി ബന്ധമുള്ളയാള്‍ എന്ന നിലയില്‍ അവര്‍ പുറത്തിറങ്ങിയാല്‍ തന്നെയും കുടുംബത്തെയും തീര്‍ത്ത് കളയുമോ എന്നയാള്‍ ഭയപ്പെടുന്നു. ഇത് കഥാപരിസരമാണ് എങ്കിലും ആഖ്യാനം ക്രമീകരിച്ചിരിക്കുന്ന വിധമാണ് ശ്രദ്ധേയം. വെറും പത്ത് അദ്ധ്യായങ്ങള്‍.
രണ്ട് പ്രമുഖഅഭിഭാഷകന്മാര്‍ കേസ് ഏറ്റെടുക്കുമോ എന്ന മീഡിയയുടെ ഉദ്വേഗത്തിനിടയാണ് ഈ കേസും പരിസരവും അവതരിപ്പിക്കപ്പെടുന്നത്. ഇതിന് അഞ്ച് അദ്ധ്യായങ്ങള്‍ എടുക്കുന്നു. ആരും വക്കാലത്ത് എടുക്കാനില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ വച്ച് കൊടുക്കുന്ന ഒരു വക്കീല്‍ രംഗപ്രവേശം ചെയ്യുന്നു. സര്‍ക്കാര്‍ വക്കീലിനെ ആരും കാര്യമായി പരിഗണിക്കാറില്ലല്ലോ. എങ്കിലും അയാള്‍ എന്ത് പറയുന്നു എന്നറിയാന്‍ പേടിക്കാരനായ ജേര്‍ണലിസ്റ്റ് അയാളെ കാണാന്‍ പോകുന്നു. അത്ര കണ്ട് കേസുകള്‍ ഒന്നുമില്ലാത്ത, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്ത് കഴിഞ്ഞു പോകുന്ന ഒരാള്‍. അഡ്വക്കേറ്റ് സഹാറ. അയാള്‍ക്ക് വാദിക്കാനും കേസ് തെളിയിക്കാനും വെറും നാല് അദ്ധ്യായം മാത്രം. അവിടെയും Conventional കേസ് അന്വേഷണമില്ല. ചര്‍ച്ചകള്‍, വാദങ്ങള്‍ പ്രതിവാദങ്ങള്‍ മാത്രം. Accused ഒരിക്കല്‍ പോലും സീനില്‍ വരുന്നില്ല. സര്‍ക്കാര്‍ വക്കീല്‍ താന്‍ വിചാരിച്ച പോലെയല്ല എന്ന് ജേര്‍ണലിസ്റ്റ് മനസ്സിലാക്കുന്നു. ഇതാണ് നോവല്‍.
മീഡിയ ഇടപെടല്‍ എങ്ങനെയാണ് ഒരു കേസിനെ manipulate ചെയ്യുന്നത്? സമൂഹം എങ്ങനെയാണ് അവരുടെ പ്രയോറിറ്റികള്‍ വച്ച് പ്രതിയെ കണ്ട് പിടിക്കുന്നത്, അതെങ്ങനെ സാക്ഷികളുടെ മൊഴികളെ സ്വാധീനിക്കുന്ന എന്നിങ്ങനെ പ്രധാനപ്പെട്ട ചില വിഷയങ്ങള്‍ നോവലില്‍ കടന്ന് വരുന്നു. 1980 കളുടെ തുടക്കത്തില്‍ ഇറങ്ങിയതാണ് എങ്കിലും വളരെ Contemporary യായി അനുഭവപ്പെടും. ചിത്രമില്ലാത്ത കവര്‍ ഉള്ള ഒരു മിനിമല്‍ പുസ്തകമായാണ് പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. Genre പ്രേമികള്‍ക്ക് നിര്‍ദേശിക്കുന്നു.