Thursday, September 19, 2024

അമെന്‍- റായുടെ ശവപേടകം

പ്രാരംഭം 


കോളേജ് വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ ഒരു പരിശീലനപരിപാടിയുടെ ഭാഗമായി 2015 ല്‍ ലണ്ടന്‍ സര്‍വകലാശാല സന്ദര്‍ശിക്കാനുള്ള ഒരവസരം എനിക്ക് ലഭിച്ചു. ലണ്ടനില്‍ ചിലവഴിച്ച ഒരു മാസക്കാലത്ത് ബ്രിട്ടീഷ് മ്യൂസിയവുമായി ബന്ധപ്പെട്ട് 1912 ല്‍ എഴുതപ്പെട്ട ഒരു രേഖ ഞാന്‍ വായിക്കാനിടയായി. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ഗോഥിക് സാഹിത്യ പഠനവിഭാഗത്തിലെ റീഡര്‍ ആയ ഡോ. ഡേവിഡ് ഹാരിസ്  ബ്രൗണിൻ്റെ സ്വകാര്യ ശേഖരത്തില്‍ നിന്നാണ് മേല്‍പ്പറഞ്ഞ രേഖ എനിക്ക് ലഭിച്ചത്. ബ്രിട്ടീഷ് മ്യൂസിയത്തില്‍ കീപ്പര്‍ ആയിരുന്ന ഡോ. ഡേവിഡിന്‍റെ മുത്തച്ഛന്‍ സർ ഏണസ്റ്റ് ഹാരിസ് ബ്രൗൺ  എഴുതിയ ഒരു കൈയെഴുത്ത് പ്രതിയായിരുന്നു അത്. കുടുംബരേഖകൾക്കിടയിൽ നിന്ന് ഡോ. ഡേവിഡ് കണ്ടെടുത്ത ഈ കൈയെഴുത്തുപ്രതി പ്രസിദ്ധീ കരിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും അതിൻ്റെ ഉള്ളടക്കത്തിൽ പരാമർശിച്ച ചില വസ്തുതകൾ രചയിതാവായ സർ ബ്രൗണിൻ്റെ സല്‍പേരിന് കളങ്കം വരുത്തുമോ എന്ന് കുടുംബത്തിലുള്ള പലരും അഭിപ്രായപ്പെട്ട തിനെത്തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. 


എനിക്കും ഡോ. ബ്രൗണിനും പൊതുവായി താൽപര്യങ്ങളുള്ള വിഷയ ങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് ചലച്ചിത്രക്കമ്പനി യായ ഹാമർ സ്റ്റുഡിയോ യുടെ ചിത്രങ്ങളോട് എനിക്കുള്ള താൽപര്യത്തെ ക്കുറിച്ചും അതിൻ്റെ ചുവട് പിടിച്ച് ഹാമർ ലൈബ്രറി എന്ന പ്രസാധനശാല സ്ഥാപിച്ച തിനെക്കുറിച്ചും ഞാൻ ഡോ. ബ്രൗണിനോട് സംസാ രിക്കുകയുണ്ടായി. പ്രഥമ പുസ്തകമായ ബ്രാം സ്റ്റോക്കറുടെ മമ്മിയെക്കുറിച്ച്  സൂചിപ്പിച്ചത് വളരെ കൗതുകത്തോടെ അദ്ദേഹം കേട്ടു. അദ്ദേഹത്തിൻ്റെ പഠനവകുപ്പിൽ അടുത്ത കാലത്ത് "ഈജിപ്ഷ്യൻ ഗോഥിക്" (Egyptian Gothic) എന്ന വിഷയത്തിൽ ഒരു സെമിനാർ നടന്നതിനെക്കുറിച്ചും അതിൽ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയമായ ചില പ്രബന്ധങ്ങളെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ഒടുവില്‍ ഈജിപ്ഷ്യൻ പര്യവേഷണങ്ങളിൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകരിലുണ്ടായ താൽപര്യ ത്തിൻ്റെ തരംഗവും ഞങ്ങളുടെ സംസാരവിഷയമായി. 


"ഈ വിഷയവുമായി ബന്ധപ്പെട്ട വളരെ സവിശേഷമായ ഒരു  കൈ യെഴുത്തുപ്രതി എന്റെ കൈവശമുണ്ട്.” അദ്ദേഹം പറഞ്ഞു, "വസ്തു തകളുടെയും വന്യഭാവനയുടെയും അതിരിലൂടെ സഞ്ചരിക്കുന്ന ഒരു രേഖ യാണത്. താങ്കൾക്ക് ഒരു പക്ഷേ അതിൽ താൽപര്യം തോന്നിയേക്കും."


തുടർന്ന് അദ്ദേഹം തന്റെ മുത്തച്ഛൻ ഏണസ്റ്റ് ഹാരിസ് ബ്രൗണി നെക്കുറിച്ച് പറയുകയുണ്ടായി. സർ ബ്രൗൺ ബ്രിട്ടീഷ് മ്യൂസിയ ത്തിൽ ഈജിപ്ഷ്യൻ & അസീറിയന്‍ വിഭാഗത്തിലെ ‘കീപ്പറാ’യിരുന്നു. എഴുത്തുകാരായ ആൻഡ്രൂ ലാംഗ്, റിച്ചാർഡ് മാർഷ്, ബ്രാം സ്റ്റോക്കർ, സർ ആർതർ കോനൻ ഡോയൽ, ഡബ്ല്യു ടി സ്റ്റെഡ്,   റൈഡർ ഹഗ്ഗാർഡ്  തുടങ്ങി യവരുടെ സൌഹൃദവൃത്തത്തിലെ  നിത്യസാന്നിദ്ധ്യമായിരുന്നു സർ ബ്രൗൺ. ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷണത്തിലുള്ള ഈ സംഘത്തിൻ്റെ താൽപര്യം  വിവിധ തരത്തിൽ അവരുടെ രചനാ ജീവിതത്തിലും ജോലികളിലും പ്രതിഫലിച്ചതായി കാണാം എന്ന് ഡോ. ബ്രൗൺ ജൂനിയര്‍  നിരീക്ഷിച്ചു. സ്റ്റോക്കർ മമ്മി പ്രമേയകേന്ദ്രമായ ജ്യുവൽ ഓഫ് സെവൻ സ്റ്റാഴ്സ് രചിച്ചു. കോനൻ ഡോയൽ റിംഗ് ഓഫ് ഥോത്ത്, ലോട്ട് നമ്പർ: 249 എന്നീ കഥകളെഴുതി. റിച്ചാർഡ് മാർഷ് ദി ബീറ്റിൽ എന്ന നോവലെഴുതി. ഈ രചനാവിഭാഗത്തിലേയ്ക്കുള്ള സർ ബ്രൗണിൻ്റെ സംഭാവനയായിരുന്നു പ്രസ്തുതരേഖ എന്നായിരുന്നു ഒരനുമാനം.


സൗഹൃദവൃത്തങ്ങളിലുള്ള കുറച്ചു പേര്‍ മാത്രമേ വായിച്ചിട്ടുള്ളുവെങ്കിൽ പോലും അത് നിരവധി ഊഹാപോഹങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വഴിമരുന്നിടുകയുണ്ടായി എന്ന് ഡോ. ബ്രൗൺ സൂചിപ്പിച്ചു.  രേഖയില്‍ പറഞ്ഞ സംഭവങ്ങളുടെ വാസ്തവത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. മുത്തച്ഛൻ്റെ ഔദ്യോഗിക വൃത്തി യുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടും അടുത്ത സ്നേഹിതരായ ചില പ്രശസ്ത വ്യക്തികൾ പരാമർശിതരാകുന്നത് കൊണ്ടും അതൊരു ഭാവനാ സൃഷ്ടിയാണ് എന്ന് പറയാൻ കഴിയുന്നില്ല. പരാമർശിക്കപ്പെട്ട  വ്യക്തികൾ, ബ്രിട്ടീഷ് മ്യൂസിയം കാറ്റലോഗിലെ എൻട്രികൾ, തിയതികൾ, ചില ചരിത്രവസ്തുകൾ ഇതെല്ലാം ആ കുറിപ്പിൽ പറഞ്ഞത് വസ്തുതകളാണ് എന്ന് തോന്നിപ്പിച്ചു. എങ്കിലും പ്രകൃത്യാതീതം എന്ന് പോലും  വിവരിക്കാവുന്ന ചില സംഭവഗതികളും അതിലുണ്ടായിരുന്നുതാനും. ഈജിപ്തോളജി,  ചരിത്രം ഇവയിലെല്ലാം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും ഒരു കഥാകാരനായി സർ ബ്രൗൺ സീനിയർ അറിയപ്പെട്ടിട്ടില്ല. പക്ഷേ സുഹൃത്തുക്കളായിരുന്ന എഴുത്തുകാരുടെ സ്വാധീനത്തിൽ അദ്ദേഹം എഴുതിയ ഒരു കൽപിതകഥയാണ് എന്ന് വായിച്ച ചിലര്‍ അഭിപ്രായ പ്പെട്ടിട്ടുണ്ട്. പുകയുണ്ടാകണമെങ്കില്‍ ഒരു തീപ്പൊരിയെങ്കിലും ഉണ്ടാകാതെ തരമില്ലല്ലോ എന്നൊരു നലപാടാണ് പകുതി കളിയായും പകുതി കാര്യമായും ഡോ. ബ്രൗൺ എടുത്തിരുന്നത്.

" ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള വിവാദവിഷയമായ ഒരു മമ്മിയെ ക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. അതാണോ ഈ രേഖയില്‍ പരാമര്‍ശിക്കപ്പെടുന്നത്?" ഞാൻ ബ്രൗൺ ജൂനിയറിനോട് അന്വേഷിച്ചു.


“അതെ. പക്ഷെ അതെ ക്കുറിച്ച് ചില തെറ്റി ധാരണകള്‍ ഉണ്ട്. അതൊരു . മമ്മിയല്ല. മമ്മി സൂക്ഷിക്കുന്ന പേടകമാണത്. ആ പേടകത്തെക്കുറിച്ചാണ് മുത്തച്ഛൻ എഴുതി യ കുറിപ്പ്. അമെൻ-റായുടെ ശവപേടകം! അതിപ്പോഴും മ്യൂസി യത്തിലുണ്ട്. ഒരേസമയം അവിശ്വ സിനീയമായ സംഭവപരമ്പരകളും, എന്നാൽ ജിജ്ഞാസു വായ ഒരു വായന ക്കാരൻ അന്വേഷിച്ചി റങ്ങിയാല്‍ ചരിത്ര വസ്തുതകൾ എന്ന് തിരിച്ചറിയാവുന്ന സന്ദർഭങ്ങളും.  അതാണ് മുത്തച്ഛൻ്റെ കുറിപ്പുകൾ. അതിൽ നിന്ന് എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്?"


   “വളരെ സിംപിൾ! ഒരേ വിഷയങ്ങളിൽ തൽപരരായിരുന്ന ഒരു സൗഹൃദ സംഘത്തിലെ അംഗമായിരുന്നില്ലേ, സർ ബ്രൗൺ സീനിയർ? റൈഡർ ഹഗ്ഗാർഡിൻ്റെയും ബ്രാം സ്റ്റോക്കറുടെയും സുഹൃത്തായിരുന്ന ഒരാൾ പ്രകൃത്യാതീത സംഭവങ്ങളും ചരിത്രവും ഇഴചേർത്ത് ഒരു രചന നടത്തിയതിൽ അത്ഭുതമില്ലല്ലൊ.”

"തീർച്ചയായും. ഇല്ല.  പക്ഷേ ഞങ്ങളുടെ കുടുംബാംഗങ്ങൾ അങ്ങനെ കരുതാതിരുന്നത് കൊണ്ടാണ് അത് ഇത് വരെ പ്രസിദ്ധീകരിക്കാൻ എനിക്ക് കഴിയാതിരുന്നത്. മുത്തച്ഛനും അതിന് ശ്രമിക്കാതിരുന്നതെന്ത് എന്നറിയില്ല. ആ രേഖ അപൂര്‍ണമാണ് എന്നാണ്  ഞാന്‍ വിചാരിക്കുന്നത്. പക്ഷെ  മുത്തച്ഛന്‍ ആഖ്യാനം നിര്‍ത്തിയ ഇടത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ഇനിയൊന്നും പറയാനില്ല എന്ന് തന്നെ തോന്നുന്നു. എന്തായാലും തീരുമാനങ്ങളിൽ എത്തുന്നതിന് മുൻപ് താങ്കൾക്ക് ഞാനത് വായിക്കാൻ തരാം." ഡോ. ബ്രൗൺ ജൂനിയർ പറഞ്ഞു.

അങ്ങനെയാണ് താഴെക്കൊടുക്കുന്ന രേഖ ഞാൻ വായിക്കാനിടയായത്. മമ്മിശാപങ്ങളെക്കുറിച്ചുള്ള പറഞ്ഞു പഴകിയ നിരവധി കഥകളിലൊന്ന് എന്നതിലുപരി ഉദ്വേഗപ്പെടുത്തുന്ന ചില യഥാർത്ഥ്യങ്ങൾ അതിലുണ്ടായി രുന്നതായി എനിക്കനുഭവപ്പെട്ടു. നിങ്ങളു ടെ നിഗമനങ്ങൾക്കായി ഞാനത് ഇവിടെക്കൊടുക്കുന്നു.


ഒന്ന്


ശവപേടകത്തിന്‍റെ വരവ് 

 

ഏണസ്റ്റ് ഹാരിസ് ബ്രൗൺ എന്നാണ് എന്‍റെ പേര്. ഒരു ഏപ്രില്‍ മാസപ്രഭാതത്തിലാണ്  ഉദ്വേഗജനകവും ദുരൂഹവുമായ ഒരു സംഭവ പരമ്പര യില്‍ ഞാന്‍ ഭാഗമാകുന്നത്. വര്‍ഷം 1910. ബ്രിട്ടീഷ് മ്യൂസിയത്തിലെ ഈജിപ്ഷ്യന്‍ & അസീറിയന്‍ പുരാവസ്തു വിഭാഗത്തിലെ ‘കീപ്പര്‍’ ആയി ജോലി ചെയ്യുന്ന കാലമായിരുന്നു അത്. ഒരു ഞായറാഴ്ച പ്രഭാതഭക്ഷണത്തിന് ശേഷം ഒഴിവ് ദിനവായനയുമായി ലൈബ്രറിയിലിരിക്കുമ്പോള്‍ താഴെ വാതിലില്‍ മുട്ട് കേട്ടു. ഞാന്‍ പുസ്തകം മടക്കി വച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ഹൌസ്കീപ്പര്‍ മിസ്സിസ് പിയേഴ്സ്  പടവ് കയറി വരുന്ന ശബ്ദം. 

“സർ ബ്രൗൺ,  സര്‍ ആര്‍തറും രണ്ട് സ്നേഹിതരും താങ്കളെ കാണാനെത്തിയിരിക്കുന്നു.”

സര്‍ ആര്‍തര്‍! അദ്ദേഹത്തിന്‍റെ വരവ് എന്തെങ്കിലും  വിശേഷപ്പെട്ട വാര്‍ത്തകളും കഥകളും കൊണ്ടായിരിക്കും തീര്‍ച്ച. അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്ന പുതിയ പുസ്തകങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഗതികള്‍!  പിന്നീട് വായനക്കാര്‍ക്കിടയില്‍ സംസാര വിഷയമായിത്തീര്‍ന്ന പല ദുരൂഹതകളും ആദ്യം എന്‍റെ ലൈബ്രറിയുടെ ചുവരുകള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.


“മിസ്സിസ് പിയേഴ്സ്,  അവരോട് ലൈബ്രറിയിലേയ്ക്ക് വരാന്‍ പറയൂ. ആരാണ് കൂടെയുള്ളവര്‍?”


“മുന്‍പ് കണ്ടിട്ടില്ല, സര്‍”


“ശരി, വരാന്‍ പറയൂ.”


ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വാതില്‍ തുറന്ന് ഹൃദ്യമായ ചിരിയോടെ ഷെര്‍ലക് ഹോംസിന്‍റെ സൃഷ്ടാവ് സാക്ഷാല്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍  അകത്തേയ്ക്ക് പ്രവേശിച്ചു. ഒപ്പം അറുപത് വയസ്സിന് മേല്‍ പ്രായം തോന്നിക്കുന്ന രണ്ട് മാന്യന്മാരും. 


“സ്വാഗതം, സര്‍ ആര്‍തര്‍, സ്വാഗതം മാന്യരേ!”


ഞാന്‍ അവര്‍ക്ക് സ്വാഗതമരുളി. 


സര്‍ ആര്‍തര്‍ തന്‍റെ സ്നേഹിതര്‍ക്ക് നേരെ തിരിഞ്ഞു: “സ്നേഹിതരെ, ഇത് സര്‍ ഏണസ്റ്റ് ഹാരിസ് ബ്രൗൺ. അദ്ദേഹം ബ്രിട്ടീഷ് മ്യൂസിയത്തിലെ ഒരു  ഉദ്യോഗസ്ഥനാണ്. ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷണത്തിലെ ആധികാരിക ശബ്ദങ്ങളില്‍ ഒരാളാണ് സര്‍  ഏണസ്റ്റ്. എന്‍റെ പല രചനകള്‍ക്കും ഞാന്‍ അദ്ദേഹത്തിന്‍റെ അറിവ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സര്‍  ഏണസ്റ്റ്, ഇത് മി. വില്യം തോമസ്‌ സ്റ്റെഡ്. അത് അദ്ദേഹത്തിന്‍റെ സുഹൃത്ത് തോമസ്‌ ഡഗ്ലസ് മുറെ.”


ഡബ്ല്യു ടി സ്റ്റെഡ്  എന്ന പേര് എനിക്ക് സുപരിചിത മായിരുന്നു. പാള്‍മാള്‍ ഗസറ്റി ലെ പ്രശസ്തനായ എഡിറ്റര്‍!  മി. മുറെ എനിക്ക് അപരിചി തനായിരുന്നു.  കുശലങ്ങള്‍ ക്കും മിസ്സിസ് പിയേഴ്സ് കൊ ണ്ട് വന്ന ചൂട് ചായ യ്ക്കും ശേഷം ഞാന്‍ സര്‍ ആര്‍തറി ന് നേരെ നോക്കി. അദ്ദേഹ ത്തിന് കാര്യമായെ ന്തോ പറയാനുണ്ടായിരുന്നെ ന്ന് തോന്നി.

“പറയൂ, സര്‍ ആര്‍തര്‍, എന്താണ് ഈ വരവിന്‍റെ ഉദ്ദേശ്യം?”

മുഖവുരയില്ലാതെ തന്നെ അദ്ദേഹം വിഷയത്തിലേ യ്ക്ക് വന്നു: 


“സര്‍  ഏണസ്റ്റ്,  മി. ഡഗ്ലസ് മുറെ പുരാവസ്തു ഗവേഷണത്തില്‍ താല്പര്യമുള്ളയാളാണ്. ഈജിപ്ഷ്യന്‍ പഠനത്തില്‍ പ്രത്യേകിച്ചും. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വളരെ വിശേഷപ്പെട്ട ഒരു പുരാവസ്തു  അദ്ദേഹം കെയ്റോയില്‍ നിന്ന് സംഘടിപ്പിക്കുകയുണ്ടായി. ചില പ്രത്യേക സാഹചര്യങ്ങളാല്‍  മി. മുറെയ്ക്ക് ന്യൂയോര്‍ക്കിലേയ്ക്ക് പറിച്ചു നടേണ്ട ആവശ്യം വന്നിരിക്കുന്നു. അത് കൊണ്ട് അദ്ദേഹത്തിന്‍റെ കൈവശമുള്ള ഈ വസ്തു മ്യൂസിയത്തിന് സംഭാവന ചെയ്യാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം ക്ലബ്ബില്‍ വച്ച് അദ്ദേഹം ഇത് ഞങ്ങളോട് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ താങ്കളെ വന്ന് കാണാം എന്ന് ഞാനാണ് നിര്‍ദേശിച്ചത്. ഇതാണ് വരവിന്‍റെ ഉദ്ദേശ്യം.”

“ എന്താണ്  വസ്തു?”

“ഒരു ശവപേടകം. അമെന്‍-റായുടെ ശവപേടകം.” ഡഗ്ലസ് മുറെ പറഞ്ഞു. മൂവായിരത്തോളം വര്ഷം പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു.  ബിസി 1500 നും 1450 നുമിടയില്‍ ജീവിച്ചിരുന്ന ഒരു പുരോഹിതയുടെ ശവപേടകമാണത്.  ഇത് വരെ നമ്മള്‍ കണ്ടെടുത്തിട്ടുള്ള ഈജിപ്ഷ്യന്‍ ശേഷിപ്പുകളില്‍ ഏറ്റവും മൂല്യമുള്ളതെന്ന് സംശയലേശമന്യേ പറയാവുന്ന ഒന്ന്. അതിന്‍മേലുള്ള ചിത്രാക്ഷരങ്ങള്‍ ഇനിയും വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു. ഇത് ബ്രിട്ടീഷ് മ്യൂസിയത്തിലെത്തിയാല്‍ ഏറ്റവും ആകര്‍ഷകമായ ഒരു പ്രദര്‍ശവസ്തുവായിരിക്കും അത് എന്ന് സംശയമില്ല. “

അദ്ദേഹം ബാഗിനുള്ളില്‍ നിന്ന് ചില ഫോട്ടോഗ്രാഫുകള്‍ പുറത്തെടുത്തു. 

മുറെ പറഞ്ഞത് ശരി വയ്ക്കുന്നതായിരുന്നു ചിത്രങ്ങള്‍. ചിത്രാക്ഷരങ്ങള്‍ കൊണ്ട് അലംകൃതമായ ഒരു ശവപേടകം. അതിന്‍റെ മൂടിയില്‍ ഒരു ഈജിപ്ഷ്യന്‍ വനിതയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.

“ഇതിനുള്ളിലെ മൃതദേഹം ?”

വില്യം സ്റ്റെഡ് ആണ് മറുപടി പറഞ്ഞത്. “അത് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഞാനിപ്പോള്‍ അതിന് പിന്നാലെയൊരു അന്വേഷണത്തിലാണ്. ഈ മമ്മി ചോരണത്തിന് അധികകാലം പഴക്കമില്ല. വിദഗ്ദ്ധരും അവിദഗ്ധരുമായ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകര്‍ ഈജിപ്ഷ്യന്‍ ശേഷിപ്പുകള്‍ക്ക് പിന്നാലെ പരക്കം പായാന്‍ തുടങ്ങിയതിന് ശേഷമാണത് നഷ്ടമായിരിക്കുന്നത്.”

ഡഗ്ലസ് മുറെ തുടര്‍ന്നു : “മാന്ത്രികവിദ്യകള്‍ക്കായി മമ്മി ഉപയോഗപ്പെടുത്താം എന്ന വിശ്വാസത്തിന്‍മേല്‍ മൃതദേഹം കൈവശപ്പെടുത്തിയതാകാം എന്ന് കരുതേണ്ടിയിരിക്കുന്നു. കെയ്റോയില്‍ ഒരു അറബിയുടെ പക്കല്‍ നിന്ന് ഈ പേടകം കണ്ടെടുക്കുമ്പോള്‍ അതിനുള്ളില്‍ നിന്ന് മമ്മിയുടെ മേല്‍ നിന്ന് ചുറ്റഴിച്ച് എടുത്ത നാടയുടെ അവശിഷ്ടങ്ങളും ഉണങ്ങിയ മൃതദേഹഭാഗങ്ങളും വരെയുണ്ടായിരുന്നു. ആ മമ്മിയുടെ ശേഷിപ്പുകള്‍ ബ്രിട്ടനില്‍ തന്നെ ഏതെങ്കിലും സ്വകാര്യശേഖരത്തില്‍ ഉണ്ടാകും എന്ന് തോന്നുന്നു.”

സര്‍ ആര്‍തറിന്‍റെ മുഖത്ത് ദുരൂഹമായ ഒരു ഭാവം നിഴലിട്ടു. ഞാന്‍ ചിരിച്ചു: “അടുത്ത ഷെര്‍ലക് ഹോംസ് കഥയുടെ പേര്  Adventure  of the Stolen Mummy  എന്നായിരിക്കുമോ, സര്‍ ആര്‍തര്‍?” 


സര്‍ ആര്‍തര്‍ ഹൃദ്യമായി ചിരിച്ചു :” എന്‍റെ ഗൌരവമുള്ള രചനകള്‍ മുഴുവന്‍ ഹോംസിന്‍റെ നിഴലിലായിപ്പോകുകയാണ്. അമെന്‍-റായുടെ മമ്മിയെക്കുറിച്ച്  ഒരു സ്വതന്ത്രരചന എഴുതാന്‍ തീര്‍ച്ചയായും എനിക്ക് പരിപാടിയുണ്ട്. സ്റ്റെഡ്  ശേഖരിച്ച വിവരങ്ങളില്‍ നിന്ന് എന്‍റെ നിഗമനം, ആ മമ്മി, ഈജിപ്ഷ്യന്‍ പുരാവസ്തുക്കള്‍ക്ക് ഉണ്ട് എന്ന് ചിലര്‍ വിശ്വസിക്കുന്ന മാന്ത്രികഗുണങ്ങളെ ലക്ഷ്യം വച്ച ചില ഓക്സ്ഫോര്‍ഡ് ചെറുപ്പക്കാരുടെ കൊള്ളയാണെന്നാണ്. പേടകത്തിനുള്ളില്‍ നിന്ന് കത്തിത്തീര്‍ന്ന ഒരു ചുരുട്ടിന്‍റെ കുറ്റി മുറെയ്ക്ക് കിട്ടിയിരുന്നു. ഏതാനും വര്‍ഷങ്ങളുടെ മാത്രം പഴക്കമുള്ളത്. ഓക്സ്ഫോര്‍ഡില്‍ നിര്‍മ്മിച്ച, വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചാരമുള്ള വില കുറഞ്ഞൊരു ബ്രാന്‍ഡ്!”


“കൊള്ളാം!” ഞാന്‍ പറഞ്ഞു, “ഏവരുടെയും താല്പര്യമുണര്‍ത്താന്‍ സാധ്യതയുള്ള ഒരു  പായ്ക്കേജുമായാണ് നിങ്ങള്‍ എത്തിയിരി ക്കുന്നത് എന്ന് ഞാന്‍ വിചാരിക്കുന്നു.  നിഗമന ശാസ്ത്രത്തിന്‍റെ സാധ്യത ഉപയോഗിക്കുന്ന കുറ്റാന്വേഷണം; സ്റ്റെഡിന്‍റെ ബ്രാന്‍ഡില്‍ പെട്ട അന്വേഷണാത്മക പത്രപ്രവര്‍ത്തനം. പിന്നെ സമകാലിക ബ്രിട്ടീഷ് പുരാവസ്തു ഗവേഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാനിടയുള്ള ഈജിപ്ഷ്യന്‍ ശവപേടകവും. ബ്രിട്ടീഷ് മ്യൂസിയം ഈ അവസരം തീര്‍ച്ചയായും ഉപയോഗപ്പെടുത്തുമെന്നാണ് ഞാന്‍ കരുതുന്നത്.”

എന്‍റെ ഊഹം തെറ്റായിരുന്നില്ല.  അമെന്‍-റായുടെ ശവപേടകം ബ്രിട്ടീഷ് മ്യൂസിയം ശേഖരത്തിലേയ്ക്ക് ചേര്‍ക്കുന്നതിന് വേണ്ടിയുള്ള  നിര്‍ദേശപത്രികയും വിശദാംശങ്ങളും സമര്‍പ്പിക്കാന്‍ ഞാന്‍ മുറെയോട് ആവശ്യപ്പെട്ടു. ഔദ്യോഗികമായ ഒരു നിര പ്രക്രിയകളിലൂടെയാണ് മ്യൂസിയം ഒരു പുരാവസ്തു ശേഖരത്തിലേയ്ക്ക് ചേര്‍ക്കുക. പത്രിക പരിശോധിച്ച ശേഷം  വസ്തു ഉടമസ്ഥാവകാശം നിയമപരമാണ് എന്ന് ഉറപ്പു വരുത്തുന്നു. തുടര്‍ന്ന് മുതിര്‍ന്ന ക്യൂറേറ്റര്‍മാരടങ്ങുന്ന ഒരു കമ്മിറ്റി വസ്തുവിന്‍റെ പഴക്കവും ചരിത്രമൂല്യവും വിലയിരുത്തി ഉടമസ്ഥാവകാശം നിയമപരമായി കൈമാറുകയും ചെയ്യുന്നു. അന്ന് പിരിഞ്ഞതിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ അമെന്‍-റായുടെ ശവപേടകം ബ്രിട്ടീഷ് മ്യൂസിയത്തിന്‍റെ ശേഖരത്തിലേയ്ക്ക്  ചേര്‍ക്കുന്നതിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി.  നമ്പര്‍ നല്‍കുന്നതിനും പ്രദര്‍ശനത്തിനുള്ള സ്ഥല സൌകര്യങ്ങള്‍ തീരുമാനിക്കുന്നതും വരെ  പേടകം സ്റ്റോര്‍ മുറിയില്‍ സൂക്ഷിക്കുകയായിരുന്നു ചെയ്തത്.


  ഈജിപ്ഷ്യന്‍ ശേഷിപ്പുകളുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങളും കെട്ടുകഥകളും അപൂര്‍വമല്ല.  മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുള്ള ശേഷിപ്പുകളെക്കുറിച്ച് തന്നെ മുന്‍പും പല കഥകളും ഞാന്‍ കേള്‍ക്കാനിടയായിട്ടുണ്ട്. ജ്ഞാനസമ്പാദനത്തിന് വേണ്ടി ചരിത്രവസ്തു ക്കളെ സമീപിക്കുന്ന ഒരാള്‍ എന്ന നിലയില്‍ അത്തരം കഥകളൊന്നും അത്ര കാര്യമായി ഞാന്‍ എടുത്തിട്ടില്ല. ക്ലബ്ബിലെ വട്ടമേശയ്ക്ക് ചുറ്റും ചില ദിവസങ്ങളില്‍ വെടിവട്ടം പറഞ്ഞിരിക്കുമ്പോള്‍ കേള്‍ക്കാറുള്ള കഥകള്‍ എന്ന നിലയ്ക്ക് ആസ്വദിച്ചിട്ടുമുണ്ട്. ഇക്കാലം വരെയും പ്രകൃത്യാ തീതമെന്ന് വിളിക്കപ്പെടുന്ന ഒന്നും തന്നെ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. അങ്ങനെ കരുതാവുന്ന ഒരു അനുഭവം, നേരിട്ടല്ലെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്,  അമെന്‍-റായുടെ ശവപേടകം സ്റ്റോര്‍മുറിയില്‍ നിക്ഷേപി ച്ചതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ്. ഒരു ദിവസം സ്റ്റോര്‍മുറിയുടെ സൂക്ഷിപ്പുകാരില്‍ ഒരാളായ ഡേവിഡ് വേക്കം എന്നയാള്‍ എന്‍റെ ഓഫീസില്‍ എന്നെ കാണാനെത്തി. അയാളോടൊപ്പം ഒരു അപരിചിതനും കൂടിയുണ്ടായിരുന്നു. 

മ്യൂസിയത്തില്‍ രാത്രിസമയം ഡ്യൂട്ടിയുള്ള ഒരാളാണ് ഡേവിഡ്. സന്ദര്‍ശകസമയം കഴിഞ്ഞാല്‍ ക്ലീനിംഗ് സ്റ്റാഫിനെക്കൊണ്ട് പ്രദര്‍ശനമുറികള്‍ വൃത്തിയാക്കുന്നതിന്‍റെ മേല്‍നോട്ടം വഹിക്കുന്നതും അയാളുടെ ജോലിയില്‍ പെടും. തന്‍റെ ഒപ്പം വന്ന അപരിചിതനോട് കുറച്ചു സമയം പുറത്തിരിക്കാന്‍ ആവശ്യപ്പെട്ട ശേഷം ഡേവിഡ്  പറഞ്ഞു:  


“സര്‍ ഏണസ്റ്റ്,  ഇന്നലെ രാത്രി വിചിത്രമായ ഒരനുഭവമുണ്ടായി. സത്യത്തില്‍ ക്ലീനിംഗ് സ്റ്റാഫില്‍ പെട്ട രണ്ട് പേര്‍ രണ്ട് ദിവസം മുന്‍പ് തന്നെ എന്നോട് ഇതേപ്പറ്റി സൂചിപ്പിച്ചിരുന്നെങ്കിലും അപ്പോള്‍ ഞാന്‍ അത് അത്ര ഗൌരവത്തോടെ കണ്ടില്ല. എന്നാല്‍ ഇന്നലെ ഈ പറഞ്ഞ രണ്ട് പേരും ജോലിയ്ക്ക് വരാന്‍ കൂട്ടാക്കിയില്ല. അതിനെത്തുടര്‍ന്ന്  കാര്യമെന്ത് എന്ന് അന്വേഷിക്കാന്‍ വേണ്ടിയാണ് ഞാന്‍ രാത്രി സ്റ്റോര്‍മുറിയിലെത്തിയത്…”


“എന്തുണ്ടായെന്നാണ്?”


“സ്റ്റോര്‍മുറിയില്‍ ആരോ കയറിയിട്ടുണ്ട് എന്ന് പറഞ്ഞാണ് സ്വീപ്പര്‍ സാം എന്നെ ആദ്യം സമീപിച്ചത്. തുടര്‍ന്ന് ഞാനും സാമും കൂടി സ്റ്റോര്‍ മുഴുവനും പരിശോധിക്കുകയുണ്ടായി.. ആരുമില്ല, ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തി മുറി പൂട്ടിയ ശേഷമാണ് ഞങ്ങള്‍ പോന്നത്. പക്ഷെ രാത്രി ഏതാണ്ട് പത്ത് മണിയ്ക്ക് സ്റ്റോറിനുള്ളില്‍ ആരോ നടക്കുന്ന ശബ്ദം കേട്ടു എന്ന് പറഞ്ഞ് സാമും ഒപ്പമുള്ള ആന്‍റണിയും എന്‍റെയടുത്തെത്തി. നേരത്തെ അരിച്ചു പെറുക്കി പരിശോധിച്ചതായിരുന്നത് കൊണ്ട് പോയി തുറന്ന് നോക്ക് എന്ന് പറഞ്ഞ് ഇരുവരെയും ഞാന്‍ സ്റ്റോറിലേയ്ക്ക് പറഞ്ഞു വിട്ടു. പിറ്റേന്ന് ഇരുവരും ജോലിയ്ക്ക് വന്നില്ല. ആന്‍റണി ജ്വരം ബാധിച്ച് ആശുപത്രിയിലാണ് എന്നാണ് സാം പറഞ്ഞത്. സാം ഒരു താല്‍ക്കാലിക ജീവനക്കാരനായിരുന്നു. താന്‍ ഇനി മ്യൂസിയത്തിലേയ്ക്ക് ഇല്ല എന്ന് അയാള്‍ തീര്‍ത്ത്‌ പറഞ്ഞു. 

അത് കൊണ്ട് ഇന്നലെ രാത്രി ഒന്‍പത് മണിയ്ക്ക് തുറന്ന് പരിശോധിക്കാം എന്ന് കരുതി ഞാന്‍ സ്റ്റോര്‍മുറിയ്ക്ക് മുന്‍പിലെത്തി. വാതില്‍ക്കല്‍ എത്തുന്നതിന് മുന്‍പ് തന്നെ ആരോ നടക്കുന്നു എന്ന് അവര്‍ പറഞ്ഞത് പോലെയുള്ള ശബ്ദം ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. വലിയ ഭാരമുള്ള കാലുകള്‍ വച്ച് ആരോ…എന്തോ നടക്കുന്നത് പോലെ…”


ഡേവിഡ് ഒന്ന് നിര്‍ത്തി. അയാള്‍ “എന്തോ” നടക്കുന്നത് പോലെ എന്ന് പറഞ്ഞ രീതി എന്നില്‍ ഒരു അസുഖകരമായ ഒരു  ഭീതിയുണര്‍ത്തി. എന്‍റെ തോന്നല്‍ പുറ ത്ത് കാണിക്കാതെ ഞാന്‍ ചോദിച്ചു:

“താനെന്ത് ചെയ്തു?”


“എനിക്ക് പേടി തോന്നിയെങ്കിലും ഞാന്‍ സ്റ്റോര്‍ മുറിയുടെ വാതില്‍ക്കലെത്തി ഒരു നിമിഷം നിന്നു.  ആരെങ്കിലും അവരുടെ വിചിത്രാനുഭവം പറയുമ്പോള്‍ ചിരിച്ചു തള്ളുന്നത് പോലെ എളുപ്പമല്ല അതിലൂടെ കടന്ന് പോകുന്നത്. ആ ഘനമുള്ള കാല്‍ വയ്പ്പുകള്‍ ഇപ്പോള്‍ എനിക്ക് വളരെ വ്യക്തതയോടെ കേള്‍ക്കാന്‍ കഴിഞ്ഞു. സാറിനറിയാമല്ലോ, ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ഹാള്‍ ആണ് സ്റ്റോര്‍മുറി. അതിന്‍റെ ഭിതികളോട് ചേര്‍ന്ന് ഇരുവശങ്ങളിലുമായാണ് സാധനങ്ങള്‍ അടുക്കി വച്ചിരിക്കുന്നത്. ഹാളിന്‍റെ നടുഭാഗത്ത്  ഇടനാഴി പോലെ സ്ഥലം ഇട്ടിട്ടുണ്ട്. ആ ഇടനാഴിയിലൂടെ ഹാളിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടക്കുന്നത് പോലെയാണ് ആ ശബ്ദം മുഴങ്ങിയത്. ശബ്ദം എന്ന് പറയുമ്പോള്‍ എനിക്ക് തോന്നിയ പ്രകാരം ഇഷ്ടിക കെട്ടി വച്ച  ചെരിപ്പോ കാലുറയോ ധരിച്ച് സിമന്‍റ് തറയിലൂടെ നടന്നാല്‍ എങ്ങനെയിരിക്കും? അത് പോലെ. 

“നമ്മള്‍ കുട്ടിക്കാലം മുതല്‍ ഇത് പോലെ എത്ര കഥകള്‍ കേട്ട് വളര്‍ന്നതാണ്, സര്‍.  എത്ര തള്ളിക്കളയാന്‍ ശ്രമിച്ചാലും നമ്മുടെ പേടികളെ  നമുക്ക് ചിലപ്പോള്‍ ബുദ്ധി കൊണ്ട് തടുത്ത്  നിര്‍ത്താന്‍ കഴിയില്ല. വാതില്‍ തുറക്കാനുള്ള ധൈര്യം എനിക്ക് കിട്ടിയില്ല. മുകളിലേയ്ക്ക് നോക്കിയപ്പോള്‍ വെന്‍റിലേഷനിലൂടെ തീക്കനലിന്‍റെ വെളിച്ചം പോലെ എന്തോ തിളങ്ങുകയും മങ്ങുകയും ചെയ്യുന്നത് ഞാന്‍ കണ്ടു.  ഒരു വേള ഞാന്‍ ആ കാലടിയുടെ ഒപ്പം ഹാളിന്‍റെ ഒരു വശം തൊട്ട് മറ്റേ അറ്റം വരെ വരാന്തയിലൂടെ നടന്നു. പെട്ടെന്ന് തന്നെ ഞാന്‍ അവിടം വിട്ട് ഓടിപ്പോരാന്‍ ഒരു കാരണമുണ്ടായി.   ആ ശബ്ദത്തോടൊപ്പം നടന്ന് വാതിലിന് മുന്നിലെത്തിയപ്പോള്‍ പെട്ടെന്ന് തോന്നിയ ഒരു ധൈര്യത്തില്‍ ഞാന്‍ താക്കോല്‍ താഴിനുള്ളില്‍ ഇട്ടു. അതിന്‍റെ ഒരു ശബ്ദം ഉണ്ടാകുമല്ലോ, പൊടുന്നനെ മുഴക്കമുള്ള ആ കാല്‍പെരുമാറ്റം  നിലച്ചതായി ഞാന്‍ ശ്രദ്ധിച്ചു. ശരിക്കും ഭീകരമായിരുന്നു അത്. പരിപൂര്‍ണ നിശബ്ദത. ആ കൂറ്റന്‍ കെട്ടിടത്തിലെ വിജനതയും നിശബ്ദതയും എത്ര ഭയങ്കരമാണ് എന്ന് ആ നിമിഷം ഞാന്‍  തിരിച്ചറിഞ്ഞു.  പെട്ടെന്ന് ആ കാലടി ശബ്ദം വീണ്ടും ആരംഭിച്ചു. അത് ഞാന്‍ നില്‍ക്കുന്ന വാതിലിന് നേര്‍ക്ക്  വരികയായിരുന്നു. കൂടുതല്‍ ശബ്ദത്തോടെ. സര്‍, സത്യത്തില്‍ പുറത്ത് നിന്ന് താഴിട്ട് പൂട്ടിയ ആ വാതില്‍ അകത്ത് നിന്ന് തുറന്നേക്കുമോ  എന്ന ഭയം ശക്തമായത് കൊണ്ട് ഞാന്‍ അവിടെ നിന്ന് ഓടിപ്പോന്നു കളഞ്ഞു. അതിന് മുന്‍പ്, ആ ശബ്ദം വാതിലിനടുത്ത് എത്തിയെന്ന് തോന്നിയപ്പോള്‍ വ്യക്തമാകാത്ത ഭാഷയില്‍ ശ്വാസം പോലെ എന്തോ പിറുപിറുപ്പുകള്‍ ഉച്ചരിക്കപ്പെടുന്നത് ഞാന്‍ കേട്ടു. ഒരു പുരുഷന്‍റെ ശബ്ദം പോലെ തോന്നിക്കുന്ന ഒരു സ്ത്രീശബ്ദം. ഞാന്‍ ഓടി. ശരിക്കും പരീക്ഷിക്കുന്ന അനുഭവമായിരുന്നു അത്. 


“ഇന്ന് രാവിലെ, പുതിയതായി കൊണ്ട് വന്ന പേടകത്തിന്‍റെ ചിത്രമെടുക്കാന്‍ ഒരു ഫോട്ടോഗ്രാഫര്‍ അനുവാദം വാങ്ങിയിരുന്നതായി പറഞ്ഞല്ലോ, അയാള്‍ വന്നിരുന്നു. ഞാന്‍ അയാളെയും കൂട്ടി സ്റ്റോര്‍മുറിയിലേയ്ക്ക് പോയി. പകല്‍ വെളിച്ചം വന്നപ്പോള്‍ രാത്രി തോന്നിയ പേടിയെല്ലാം മാറിയിരുന്നു. ഞാനയാള്‍ക്ക് മുറി തുറന്ന് ശവപേടകം കാണിച്ചു കൊടുത്തു.  ഫോട്ടോ എടുത്ത ശേഷം അയാള്‍ പോകുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം അയാള്‍ മടങ്ങിയെത്തി എടുത്ത ഫോട്ടോകള്‍ എന്നെ കാണിച്ചു…” ഒന്ന് നിര്‍ത്തിയ ശേഷം ഡേവിഡ് പറഞ്ഞു, “ ആ ഫോട്ടോഗ്രാഫര്‍ ആണ് പുറത്തിരിക്കുന്നത്. ഞാന്‍ അയാളെ വിളിക്കാം…”

 ഡേവിഡ് പുറത്തേയ്ക്ക് ചെന്ന് അയാളെ കൂട്ടിക്കൊണ്ട് വന്നു. വിളറിയ മുഖമുള്ള ഒരു മനുഷ്യന്‍.  അയാള്‍ തന്‍റെ കയ്യിലെ ബാഗ് തുറന്ന്  മൂന്ന് ഫോട്ടോകള്‍ എനിക്ക് നേരെ നീട്ടി.  ശവപേടകത്തിന്‍റെ ചിത്രങ്ങളായിരുന്നു അത്.  നിലത്ത് നീളത്തില്‍ കിടത്തിയ നിലയിലായിരുന്നു പേടകം. അതിന്‍റെ മൂടിയുടെ മുകളിലാണ് സ്ത്രീയുടെ ചിത്രം വരച്ചിട്ടുള്ളത്.  എന്നാല്‍ ആ ചിത്രം കണ്ടപ്പോള്‍  ആ പേടകത്തിന്‍റെ മുകളില്‍ ചിത്രത്തിലുള്ള വേഷവിധാനങ്ങളുള്ള ഒരു സ്ത്രീയെ യഥാര്‍ത്ഥത്തില്‍ കിടത്തിയത് പോലെയാണ് തോന്നിയത്.  മൂന്ന് ഫോട്ടോകളിലും അതേ പോലെ തന്നെ. ഒരു പുരാതന ഈജിപ്ഷ്യന്‍ ശവസംസ്കാരം ഫോട്ടോയില്‍ പകര്‍ത്തിയത് പോലെ!!


എങ്ങനെയാണ് ഈ വിഷയത്തിൽ ഇടപെടേണ്ടത് എന്ന് എനിക്ക് ഒരു രൂപവും കിട്ടിയില്ല. ഡേവിഡി നെ അവിശ്വസിക്കേ ണ്ട കാര്യമില്ല. ഒന്നുമി ല്ലാതെ  വന്യമായ ഒരു കഥയുമായി ആരും അവ തരിക്കില്ല. നേരി ട്ട് പരീക്ഷിച്ചറിയുന്ന തിന് മുൻപ് ഈ ശവപേടകം ഇവിടെ യെത്താൻ കാരണക്കാരായവരുമായി ഒന്ന് സംസാരി ക്കണമെന്ന് എനിക്ക് തോന്നി.  

      

                                              *      *       *


പ്രകൃത്യാതീതപ്രതിഭാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ആധുനിക നഗരമെന്ന് ഭാവിക്കുന്ന ലണ്ടന്‍ നഗരത്തിൽ വ്യാപകമായിരുന്നു. ആഖ്യാന ങ്ങള്‍ക്കും ഭാവനാവിലാസത്തിനുമുള്ള മനുഷ്യന്‍റെ ജന്മസിദ്ധമായ കഴിവിന് ഇന്ധനമാകാന്‍ കഴിയുന്നെങ്കില്‍ ആകട്ടെ എന്ന രീതിയില്‍ മാത്രമേ ഞാന്‍ ഇത്തരം ചര്‍ച്ചകളെ നോക്കിക്കണ്ടിരുന്നുള്ളൂ. ഞായറാഴ്ച പള്ളിയില്‍ പോകുകയും മതപരമായ ചില ചടങ്ങുകളില്‍ ഭാഗഭാക്കാ കുകയും ചെയ്തിരുന്നെങ്കിലും ഞാനൊരു ദൈവവിശ്വാസി യായിരുന്നില്ല. മതത്തിന്‍റെ പിന്‍കഥകളും പ്രാചീനമനുഷ്യന്‍റെ ഭാവനയില്‍ തന്നെയാണ് ഞാന്‍ ആരോപിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ്  മമ്മിപേടകത്തിന്‍റെ വരവും അതിനെക്കുറിച്ച് രൂപപ്പെട്ട് വന്ന കഥകളും ഞാന്‍ നേരിടുന്നത്.  ഈ പേടകം വന്ന വഴി സര്‍ ആര്‍തര്‍, ഡബ്ല്യു ടി സ്റ്റെഡ്, വില്യം ഡഗ്ലസ്‌ മുറെ തുടങ്ങിയവര്‍ മുഖാന്തിരമായിരുന്നല്ലോ. അതിനാല്‍ ഈ വിവരം അവരുമായി ചര്‍ച്ച ചെയ്യേണ്ടതാണ് എന്നെനിക്ക് തോന്നി.  ഡേവിഡ് എന്നെ കാണാന്‍ വന്ന ദിവസം രാത്രി കഫെ റോയലിൽ വച്ച് കാണാം എന്നറിയിച്ച് ഞാന്‍ മൂവര്‍ക്കും ടെലിഗ്രാം അയച്ചു. 

ഈ വിഷയം സംസാരിക്കാന്‍ വേണ്ടിയാണ് വിളിച്ചത് എന്ന് തോന്നാത്ത വിധം കാര്യം അവതരിപ്പിക്കണം എന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു.  സര്‍ ആര്‍തറും സ്റ്റെഡും  ഇത്തരം ഇടപാടുകളില്‍ കമ്പമുള്ളവരാണ്. മുറെയുടെ പശ്ചാത്തലത്തെക്കുറിച്ച് ഒന്നുമറിഞ്ഞു കൂടാ. പക്ഷേ അയാളില്‍ ദുരൂഹമായെന്തോ ഉള്ളതായി ഒരു തോന്നല്‍ അന്ന് തന്നെ എനിക്ക് തോന്നിയിരുന്നു. 

കാലാവസ്ഥയും രാഷ്ട്രീയവും സാഹിത്യവും പോലെയുള്ള കുശലങ്ങള്‍ക്ക് ശേഷം യാതൊരു മുഖവുരയുമില്ലാതെ ഞാന്‍ കാര്യത്തിലേയ്ക്ക് കടന്നു : “മി. മുറെ, നിങ്ങള്‍ വഴി വന്ന ആ ശവപേടകം മ്യൂസിയത്തില്‍ ചില പിറുപിറുപ്പുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്, അക്ഷരാര്‍ത്ഥത്തിലും അല്ലാതെയും. അതേക്കുറിച്ച് നിങ്ങള്‍ക്ക് വല്ലതുമറിയാമോ?”


ആ ചോദ്യം കേട്ട പാടെ വളരെ വ്യക്തമായി അയാള്‍ ഞെട്ടുകയും ഒരു നിമിഷം സര്‍ ആര്‍തറും സ്റ്റെഡും മുറെയും പരസ്പരം നോക്കുകയും ചെയ്തു. ഞാന്‍ തുടര്‍ന്നു: “മമ്മി-താല്‍പര്യക്കാര്‍ പടച്ചു വിടാറു ള്ള കഥകളില്‍ എനിക്ക് കമ്പ മൊന്നും തോന്നിയിട്ടില്ല. അത്തരം കഥകളില്‍ എന്തെ ങ്കിലും യാഥാര്‍ത്ഥ്യ മുണ്ടെന്ന് തെളിവുണ്ടെങ്കില്‍ തള്ളിക്കള യണമെന്ന വാശിയുമില്ല. പക്ഷെ അറിയാന്‍ താല്പര്യമു ണ്ട്…”


“മ്യൂസിയത്തില്‍ എന്ത് സംഭവിച്ചു, സര്‍ ഏണസ്റ്റ്?” സര്‍ ആര്‍തര്‍ ചോദിച്ചു. 


ഡേവിഡ് പറഞ്ഞ കഥ ഞാന്‍ ചുരുക്കിപ്പറഞ്ഞു. ഇടയ്ക്ക് ഒരു ചോദ്യം പോലും ചോദിക്കാതെ മൂവരും അത് കേട്ടിരുന്നു. തുടര്‍ന്ന് ആ ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രങ്ങള്‍ ഞാന്‍ അവരെ കാണിച്ചു. 


ഫോട്ടോകള്‍ കവറിലാക്കിയ ശേഷം ഞാന്‍ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കാത്തു.  

സര്‍ ആര്‍തര്‍ പറഞ്ഞു: “താങ്കള്‍ പറഞ്ഞ പ്രതിഭാസത്തെക്കുറിച്ച് ചില കാര്യങ്ങള്‍ മി. മുറെ പറയും.”

മുറെ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ബെയറര്‍ ഞങ്ങളുടെ മേശയെ സമീപിച്ചു. “സര്‍ ഏണസ്റ്റ്, താങ്കള്‍ക്ക് ഒരു സന്ദര്‍ശകനുണ്ട്. അയാള്‍ റിസപ്ഷനില്‍ കാത്ത് നില്‍ക്കുകയാണ്.”

ആരായിരിക്കും എന്ന ഉദ്വേഗത്തോടെ ഞാനെഴുന്നേറ്റു. ഒരു പക്ഷെ വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ ഇവിടെ കാണുമെന്ന് മിസ്സിസ് പെയെഴ്സ് പറഞ്ഞു വിട്ടതാകാം. എന്‍റെ അത്ഭുതത്തിന്, അത് ഡേവിഡ് ആണെന്ന് ഞാന്‍ കണ്ടു. റിസപ്ഷനിലെ വിവിധ വൈദ്യുതവിളക്കുകള്‍ അയാളുടെ വിയര്‍ത്ത  മുഖത്ത് പ്രതിഫലിച്ചു. ഡേവിഡ് വളരെ ചുരുക്കി അയാള്‍ പറയാന്‍ വന്ന വിവരം പറഞ്ഞു തീര്‍ന്നപ്പോഴേയ്ക്കും വൈദ്യുതവിളക്കുകള്‍ എന്‍റെ മുഖത്തും പ്രതിഫലിച്ചു.

അടക്കിയ ശബ്ദത്തില്‍ എന്തോ സംസാരിച്ചു കൊണ്ടിരുന്ന എന്‍റെ സ്നേഹിതര്‍ ഞാന്‍ മടങ്ങിയെത്തിയത് കണ്ടപ്പോള്‍ സംസാരം നിര്‍ത്തി. ഞാന്‍ പറഞ്ഞു: “സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് പറയാനുള്ള കഥ ആവശ്യപ്പെടുകയാണ് മാന്യരേ…വളരെ മോശപ്പെട്ട ഒരു വാര്‍ത്ത പറയാനുണ്ട്. ഞാനിപ്പോള്‍ പരാമര്‍ശിച്ച ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫര്‍ അല്‍പം മുന്‍പ് തന്‍റെ സ്വകാര്യ മുറിയില്‍ സ്വയം വെടി വച്ച് മരിച്ച നിലയില്‍ കാണപ്പെട്ടു.”

“ദൈവമേ!” സ്റ്റെഡ് വിളിച്ചു.

“മി. മുറെ, താങ്കളുടെ കഥ പറയാന്‍ ഇതിനേക്കാള്‍ അനുയോജ്യമായ ഒരു സന്ദര്‍ഭമില്ല.” സര്‍ ആര്‍തര്‍ പറഞ്ഞു.



രണ്ട്


അമെന്‍-റായുടെ തേര്‍വാഴ്ച



1896 ലാണ് എന്നാണെന്‍റെ ഓര്‍മ്മ. ഒരു യൂറോപ്യന്‍ പര്യടനത്തിലായിരുന്നു ഞാന്‍. ഇപ്പോള്‍ താങ്കള്‍ അറിയിച്ച ദുരന്തവാര്‍ത്ത വരെ നീണ്ട് നില്‍ക്കുന്ന സംഭവവികാസങ്ങളില്‍ ആദ്യത്തേത് എന്‍റെ ജീവിതത്തിലുണ്ടായത് ആ യാത്രയിലായിരുന്നു. ധാരാളം പാരമ്പര്യസ്വത്ത്. ശാസ്ത്രപഠനം നല്‍കിയ യുക്തിചിന്ത. ആരോഗ്യം. അമിതമായ ആത്മവിശ്വാസമുണ്ടായിരുന്ന കാലം.  സ്നേഹിതരായ ചാള്‍സ് സ്റ്റിവാര്‍ട്ട്, അലന്‍ വീലര്‍ എന്നിവരോടൊപ്പം പാരീസില്‍ ഒരാഴ്ച ഞങ്ങള്‍ തങ്ങി. ഒരു സ്നേഹിതന്‍ നല്‍കിയ അത്താഴവിരുന്നില്‍ പങ്കെടുക്കുമ്പോള്‍  വളരെ വിശേഷപ്പെട്ട ഒരു അതിഥിയെ അവിടെ വച്ച് ഞങ്ങള്‍ കണ്ടു മുട്ടാനിടയായി. കെയ്റോ എന്ന പേരില്‍ പ്രസിദ്ധനായ ഹസ്തരേഖാവിദഗ്ധന്‍ ലൂയീ ഹാമണ്‍ പ്രഭുവായിരുന്നു അത്. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ മുന്‍പേ കേട്ടിട്ടുണ്ട്.  ഇന്ദ്രജാല ങ്ങളുടെയും അതിന്ദ്രീയപ്രതിഭാസങ്ങളുടെയും നാടായ ഇന്ത്യയില്‍ നിന്ന് ജ്യോതിഷം അഭ്യസിച്ച് യൂറോപ്പിലെത്തി പ്രശസ്തരുടെ വൃത്തങ്ങളില്‍ കൈ നോക്കി ഭാവി പ്രവചിച്ച്  പേരെടുത്ത ലൂയീ ഹാമണ്‍ പ്രഭു അന്ന് തന്‍റെ അതിഥിയാണെന്ന് സ്നേഹിതന്‍ നേരത്തെ അറിയിച്ചിരുന്നു.  അന്ന് പുറപ്പെടണം എന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇദ്ദേഹത്തെ ഒന്ന് കണ്ട് കളയാം എന്ന് ഞാനും ചാള്‍സും അലനും തീരുമാനിച്ചു. യുക്തിചിന്ത നല്‍കിയ ആത്മവിശ്വാസവും ഇത്തരം കപടശാസ്ത്രങ്ങളോടുള്ള അവിശ്വാസവും ഞങ്ങള്‍ക്ക് മൂവര്‍ക്കും പൊതുവായുണ്ടായിരുന്നു. അദ്ദേഹത്തെ ഒന്ന് പരിഹസിച്ചു വിടാം എന്ന് ചാള്‍സ് അല്‍പം തമാശയോടെ പറഞ്ഞു.


അത്താഴവിരുന്നിലെ താരമായി മാറിയ അദ്ദേഹ ത്തിന് ചുറ്റും അതിഥികള്‍ റോന്ത് ചുറ്റിക്കൊണ്ടിരുന്നു. രാത്രി വൈകിയ വേളയില്‍ ഞങ്ങള്‍ മൂവരും  അദ്ദേഹ ത്തെ പരിചയപ്പെട്ടു. ഞങ്ങളുടെ മുഖത്ത് നിഴലി ട്ടിരുന്ന പരിഹാസം അദ്ദേഹ ത്തിന് തിരിച്ചറിയുന്നുണ്ടാ യിരുന്നു. ചാള്‍സിന്‍റെയും അലന്‍റെയും പരിഹാസധ്വ നി കലര്‍ന്ന ചോദ്യങ്ങള്‍  ഒട്ടും പ്രകോപിതനാകാതെ അതേ പുഞ്ചിരിയോടെ തന്നെ അദ്ദേഹം നേരിട്ടു. ജ്യോത്സ്യത്തോട് ഒട്ടും താല്പര്യമില്ലായിരുന്നെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പെരുമാറ്റം ഞങ്ങളുടെ ബഹുമാനം നേടിയെടുത്തു എന്ന് പറയണം. അത് കൊണ്ട് തന്നെ രംഗം വഷളാക്കാതെ സൌഹാര്‍ദ്ദത്തോടെ ഞങ്ങള്‍ പിരിയാനൊരുങ്ങി. ഞാന്‍ അദ്ദേഹത്തിന് ഹസ്തദാനം ചെയ്ത് യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് ഗൌരവതരമായ ഒരു ഭാവം നിറയുന്നത് ഞങ്ങള്‍ കണ്ടു. 

ഒരു നിമിഷം അദ്ദേഹം എന്‍റെ കൈകള്‍ രണ്ട് കൈ കൊണ്ടും മുറുകെ പിടിച്ച് എന്‍റെ കണ്ണിലേയ്ക്ക് സൂക്ഷിച്ച് നോക്കി. നടന്ന് തുടങ്ങിയിരുന്ന ചാള്‍സും അലനും ഇത് കണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് മടങ്ങി വന്നു: ചാള്‍സ് ചോദിച്ചു: “എന്ത് പറയുന്നു, ഹാമണ്‍ പ്രഭു, പുരാവസ്തുഗവേഷണത്തിന്‍റെ ഭാവി മാറ്റി മറിയ്ക്കാന്‍ സാധ്യതയുള്ള കൈകളാണ് തോമസിന്‍റേത് എന്ന് തോന്നുന്നുണ്ടോ?

ഹാമണ്‍ പ്രഭുവിന്‍റെ മുഖത്ത് ചിരി വന്നില്ല. എന്‍റെ കൈകള്‍ വിടാതെ ചാള്‍സിന്‍റെ മുഖത്തേയ്ക്ക് നോക്കി അദ്ദേഹം പറഞ്ഞു. “മി. തോമസിന്‍റെ കൈകള്‍ അതിന് വേണ്ടി ശ്രമിക്കും എന്ന് സംശയമില്ല. പക്ഷെ അത് സാധ്യമാകുമെന്ന് തോന്നുന്നില്ല.”

“അദ്ദേഹം ആ മേഖലയില്‍ വിജയിക്കില്ല എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്?”

“അല്ല, മി. ചാള്‍സ്. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‍റെ ഈ കൈയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്ന് വച്ചാല്‍ എന്‍റെ കൈകളിലിരിക്കുന്ന അദ്ദേഹത്തിന്‍റെ വലത് കൈയെക്കുറിച്ച്.  എന്തെല്ലാം പ്രവചിക്കാം, എന്ത് പ്രവചിച്ചു കൂടാ എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ചില ധാരണകളുണ്ട്.  പറയാനുള്ളത് അസുഖകരമായ കാര്യമാകുമ്പോള്‍ പ്രത്യേകിച്ചും. ഇത് കലയോ ശാസ്ത്രമോ എന്തുമാകട്ടെ, ചില നേരത്ത് എന്‍റെ പ്രവര്‍ത്തനവും ജീവിതവും തന്നെ അമ്പേ അനുചിതമെന്ന് ചിലര്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളപ്പോള്‍ ചില അസുഖകരമായ പ്രവചനങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്.  എങ്കിലും ഒരു രാജാവിനോട് അടുത്ത മാസം താങ്കള്‍ മരണപ്പെടും എന്ന് പറയാനുള്ള വിഡ്ഢിത്തം എനിക്കില്ല, അതാണ്‌ എനിക്ക് പറയേണ്ടത് എങ്കില്‍ പോലും. പക്ഷെ മി. തോമസിന്‍റെ കൈ എന്നെ തേടി വരികയായിരുന്നു എന്ന് എനിക്ക് തോന്നുന്നു, അതിന്‍റെ വിധി അറിയാന്‍ വേണ്ടി.”


“എന്താണ് എന്‍റെ കൈയുടെ വിധി?” ഞാന്‍ ചോദിച്ചു.


“ക്ഷമിക്കണം, മി. തോമസ് മുറെ, ഈ കൈകള്‍ ഒരിക്കല്‍ അതിന്‍റെ ഉടമയായ നിങ്ങളില്‍ നിന്ന് വേര്‍പെടുമെന്ന് ഞാന്‍ കാണുന്നു. ആ വിധി നേരിടാനുള്ള ശക്തി നിങ്ങള്‍ക്ക് ദൈവം നല്‍കുമാറാകട്ടെ.”


പതിയെ എന്‍റെ കൈകളില്‍ സ്വന്തം കൈകളില്‍ നിന്ന് വിടുവിച്ച് അദ്ദേഹം ഞങ്ങളുടെ അടുക്കല്‍ നിന്ന് പിന്തിരിഞ്ഞു നടന്നു. 


ഞാന്‍ മുഖത്ത് നില നിര്‍ത്തിയിരുന്ന പുഞ്ചിരി എന്‍റെ മുഖത്ത് നിന്ന് മാഞ്ഞിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സത്യത്തില്‍ എന്‍റെ മുഖത്തിന് മേല്‍ ഒരാവരണം വന്നത് പോലെയാണ് എനിക്ക് തോന്നിയത്. ചാള്‍സിന്‍റെയും അലന്റെയും ചിരിയാണ് എന്നെ ഉണര്‍ത്തിയത്. അവര്‍ ഇരുവരും ഹാമണ്‍ പ്രഭുവിനെ കാണാന്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടായിരുന്ന മാനസികാവസ്ഥയിലേയ്ക്ക് മടങ്ങിയിരുന്നു. 


അന്ന് രാത്രി ഞങ്ങള്‍ മൂവരും കൂടി ഒരു മദ്യശാലയില്‍ ഇരിക്കെ ഞാന്‍ ആലോചിച്ചു കൊണ്ടിരുന്നത് എത്ര അല്‍പായുസ്സാണ് വിദ്യാഭ്യാസ ത്തിന്റെയും ചിന്തയുടെയും അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയ തന്റെ യുക്തിചിന്ത എന്നാണ്. മനുഷ്യന്റെ ഭയങ്ങള്‍ അവന്‍റെ ജീവിതകാലത്ത് നിന്ന് മാത്രം ആരംഭിക്കുന്നതല്ല. മനുഷ്യജീവിയുടെ മസ്തിഷ്കത്തില്‍ അത് രേഖപ്പെടുത്തിയിരിക്കുന്നു.  ഏത് നിമിഷവും നമ്മള്‍ നേടിയ അറിവുകളെയെല്ലാം റദ്ദ് ചെയ്ത് ഭയം ആധിപത്യം സ്ഥാപിക്കാം. 


“തോമസിന്റെ ധൈര്യം മുഴുവന്‍ ചോര്‍ന്ന് പോയെന്ന് തോന്നുന്നു.” ചാള്‍സ് ചിരിയോടെ നിരീക്ഷിച്ചു. 

“ജ്യോത്സ്യമാര്‍, ഹസ്തരേഖക്കാര്‍, ഇവരെല്ലാം മനുഷ്യരെ നിരീക്ഷി ക്കുന്നതില്‍ വിദഗ്ധരാണ്”, അലന്‍ പറഞ്ഞു, “നമ്മള്‍ പരിചയപ്പെടാന്‍ ചെന്നപ്പോള്‍ തന്നെ നമ്മുടെ ഉദ്ദേശ്യം അയാള്‍ക്ക് മനസ്സിലായിട്ടുണ്ട് എന്ന് തീര്‍ച്ച. പിന്നെ നമ്മള്‍ ഓരോരുത്ത രെയും അയാള്‍ നിരീക്ഷി ച്ചിട്ടുണ്ടാകും.  നമ്മുടെ പരിഹാസം അവഗണിച്ച് നമ്മളോട് അയാള്‍ വളരെ സൌഹാര്‍ദത്തോടെ പെരുമാറിയ പ്പോള്‍ ഏറ്റവുമധികം ബഹുമാനവും ആരാധനയും പുള്ളി കണ്ടത് തോമസിന്റെ മുഖത്താണ്. ഒരു തിരിച്ചടി പ്രയോഗിച്ചാല്‍ അതേല്‍ക്കാന്‍  ഏറ്റവും പറ്റിയത് തോമസ്‌ തന്നെയാണ് എന്ന് തോന്നിക്കാണും. ചാള്‍സ്, താന്‍ ചിരിക്കണ്ട.  തന്നോട് ഇത് പറഞ്ഞാലും താനും അങ്കലാപ്പില്‍ ആയേനെ.”

“ഹാ! കൊള്ളാം. നിങ്ങള്‍ക്ക് എന്നെക്കുറിച്ച് നിശ്ചയമില്ലാഞ്ഞി ട്ടാണ്….”

എനിക്ക് ആ ഭാഷണത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞില്ല. എന്റെ ബോധത്തിന്റെ വലിയ ഒരു ഭാഗം എന്റെ കൈകളിലേയ്ക്ക് പോയി എന്ന് അനുഭവപ്പെട്ടു. കൈകള്‍ക്ക് ഭാരം കൂടുതല്‍ പോലെ.  വലത് കൈ കൊണ്ട് ഗ്ലാസ് എടുക്കുമ്പോഴും നടക്കുമ്പോള്‍ കൈ വീശുമ്പോള്‍ പോലും കൈകള്‍ എനിക്ക് ഒരു ഭാരമായിത്തോന്നി. നമ്മള്‍ പോലുമറിയാതെ നമ്മള്‍ ചെയ്യുന്ന ശ്വാസോച്ഛ്വാസം ബോധപൂര്‍വ്വം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത് ശ്രമകരമായി തോന്നുന്നത് പോലെയായിരുന്നു ആ അനുഭവം. എന്റെ വലത് കൈ ആ നിമിഷം മുതല്‍ എന്റെ ദേഹത്ത് നിന്ന് വേര്‍പെട്ടു പോയെന്ന് എനിക്ക് തോന്നി. 

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മനസ് ആശ്വാസം നേടി എന്ന് തോന്നി. എന്‍റെ കൈ അത്ര കണ്ട് എന്നെ വിട്ട് പോയിട്ടില്ല. പാരീസിലെ മ്യൂസിയങ്ങളിലും ആര്‍ട്ട് ഗാലറികളിലും ശാസ്ത്രത്തിലും  കലയിലും  മനുഷ്യന്‍റെ നേട്ടങ്ങളും കണ്ട് നടന്നപ്പോള്‍ വീണ്ടും ആത്മവിശ്വാസം ലഭിച്ചത് പോലെ തോന്നി. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ മാര്‍സെയില്‍സിലേയ്ക്കുള്ള തീവണ്ടി പിടിച്ചു. പാരീസില്‍ ചെലവഴിച്ച സമയത്ത് വായിക്കാനാനിടയായ ചില ലഘുലേഖകള്‍ ഈജിപ്തിനോടുള്ള ഞങ്ങളുടെ താല്‍പര്യത്തെ ഊതിക്കത്തിച്ചിരുന്നു. അത് കൊണ്ട് കെയ്റോയിലേയ്ക്ക് പോകാം എന്ന് ഞങ്ങള്‍ നിശ്ചയിച്ചു.  മാര്‍സെയില്‍സില്‍ നിന്ന് അലക്സാണ്ട്രിയയിലേയ്ക്ക്   ഏഴുദിവസം കപ്പലില്‍, പിന്നെ അലക്സാണ്ട്രിയയില്‍ നിന്ന് കെയ്റോയിലേയ്ക്ക്. കടലിലും റെയ്ലിലുമായി മനുഷ്യന്‍റെ ശാസ്ത്രതൃഷ്ണയുടെ ഗുണം പറ്റിയുള്ള പത്ത് ദിവസങ്ങള്‍ ഹാമണ്‍ പ്രഭുവിന്‍റെ പ്രവചനം നഷ്ടപ്പെടുത്തിയ ആത്മവിശ്വാസവും യുക്തിചിന്തയും എനിക്ക് മടക്കിത്തന്നു. മനുഷ്യനെ അങ്ങനെയൊന്നും തോല്‍പ്പിക്കാന്‍ പറ്റില്ല. 


പുരാതന ഈജിപ്ഷ്യന്‍ സംസ്കാരത്തെക്കുറിച്ച് രൂപം കൊണ്ട താല്പര്യത്തെ തൃപ്തിപ്പെടുത്താന്‍ കഴിയും വിധം കെയ്റോയില്‍ പ്രയോജനകരമായ ഒരാഴ്ച ഞങ്ങള്‍ ചെലവഴിച്ചു. ബുലാക്ക് മ്യൂസിയം, സക്കാറ, പുരാതന നഗരമായ മെംഫിസ്, ഗീസേ യിലെ പിരമിഡുകള്‍, ഇവിടങ്ങ ളെല്ലാം സന്ദര്‍ശിച്ചു. നിരവധി വായിച്ചറിഞ്ഞിരുന്നുവെങ്കിലും പിരമിഡിന്‍റെ ഘടന ഞങ്ങളെ അത്ഭുതപ്പെടുത്തി. അതിന്‍റെ നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയ ശാസ്ത്രജ്ഞാനവും അത് നിര്‍മ്മിച്ച ഉദ്ദേശ്യത്തിന് പിന്നിലെ വിശ്വാസവും ഒരു വിരോധാഭാസമായി എനിക്ക് തോന്നി. അത്ഭുതത്തോടെ ഒന്ന് നിശ്വസിക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല. മനുഷ്യന്റെ മനസ്സില്‍ അടിയുറച്ച അത്തരം വിശ്വാസങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടാകുമോ? പെട്ടെന്ന് എന്റെ വലത് കൈയ്ക്ക് ആയുസ്സ് നിശ്ചയിച്ച ഹസ്തരേഖാവിദഗ്ധന്‍റെ പ്രവചനം മനസ്സിലേയ്ക്ക് മടങ്ങി വന്നു.

നിരവധി യൂറോപ്യന്‍ ഗവേഷകരെ ഞങ്ങള്‍ അവിടെ വച്ച് കണ്ടെത്തി. അവര്‍ക്ക് ഗവേഷണസംബന്ധമായ സഹായങ്ങള്‍ ചെയ്യുന്നതും തദ്ദേശീയര്‍ക്ക് ഒരു തൊഴിലായി മാറിയിട്ടുണ്ട് എന്ന് മനസ്സിലായി. ഒരു ദിവസം പുറത്ത് പോയി മടങ്ങിയെത്തിയ ചാള്‍സിനും അലനുമൊപ്പം  തദ്ദേശീയനായ ഒരു യുവാവുണ്ടായിരുന്നു. ഒരു ഗൈഡ് ആയിരുന്നു അയാള്‍.  ചാള്‍സ് വലിയ ആവേശഭരിതനായിരുന്നു  അയാള്‍ പറഞ്ഞു:  “വേഗം റെഡിയാകൂ. അലി നമ്മളെ ഒരു സ്ഥലം വരെ കൊണ്ട് പോകാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു അപൂര്‍വ അവസരമാണ്. നമുക്ക് കിട്ടിയില്ലെങ്കില്‍  ഏതെങ്കിലും ഇംഗ്ലീഷുകാര്‍ തന്നെ അത് കൊണ്ട് പോകും”

അലി നയിച്ച സ്ഥലത്തേയ്ക്ക് കുതിരവണ്ടിയില്‍ പോകുമ്പോള്‍  ചാള്‍സ് എന്നോട് സംഗതി വിവരിച്ചു. ഈജിപ്ഷ്യന്‍ പുരാവസ്തുക്കളില്‍ യൂറോപ്പുകാര്‍ക്കുള്ള താല്പര്യം കണ്ട് ഇത്തരം സാധനസാമഗ്രികള്‍ വാങ്ങാന്‍ ലഭിക്കുന്ന അധികൃതവും അനധികൃതവും നിരവധി വ്യാപാരശാലകള്‍ കെയ്റോയില്‍ ഉണ്ടായിരുന്നു. ഖാന്‍-എല്‍-ഖലീലി എന്ന സ്ഥലത്തേയ്ക്കാണ് അലി ഞങ്ങളെ കൊണ്ട് പോകാം എന്ന് ഏറ്റത്. അലിയുടെ പിതൃസഹോദരന്‍ ഹസ്സന് അവിടെ ഒരു പുരാവസ്തു വില്പനശാലയുണ്ട്.  വളരെ വിശേഷപ്പെട്ട ഒരു വസ്തു അവിടെ വില്‍പ്പനയ്ക്കുണ്ടത്രേ.  വിശേഷപ്പെട്ടത് എന്ന് വച്ചാല്‍ അടുത്ത കാലത്ത് തീബ്സിലെ ഒരു  കല്ലറയില്‍ നിന്ന് പര്യവേഷണം ചെയ്തെടുത്ത ഒരു  ശവപേടകം. ഞാന്‍ ഒരു ചോദ്യം ചോദിക്കാന്‍ തുടങ്ങുമ്പോള്‍ അലി അതിനുള്ള മറുപടി പറഞ്ഞു: “അമെന്‍- റായുടെ ശവപേടകം!”


തിരക്ക് നിറഞ്ഞ തെരുവുകളിലൂടെ അലി ഞങ്ങളെ നയിച്ചു. ഒടുവില്‍ വെളുത്ത നിറം പൂശിയ, പരന്ന മേല്‍ക്കൂരയുള്ള, ഗോഡൌണ്‍ പോലെ യൊരു പുരയിലേയ്ക്ക് ഞങ്ങള്‍ എത്തി. അവിടെ അലിയുടെ  ബന്ധുവായ ഹസ്സന്‍ കാത്ത്  നിന്നിരുന്നു.  ഇരുവരും ഞങ്ങളെ ആ കെട്ടിടത്തിനുള്ളിലേയ്ക്ക് നയിച്ചു.  തുറന്നിട്ട വാതിലിലൂടെ മാത്രം വെളിച്ചം പ്രവേശിച്ചിരുന്ന ആ മുറിയില്‍ നിറയെ പലതരം പുരാവസ്തുസാധനങ്ങള്‍ വച്ചി രുന്നു.  ഒരു മൂലയില്‍ ചാക്ക് പോലെയുള്ള തുണി കൊണ്ട് മൂടിയിട്ട ഒരു പേടകം ഹസ്സന്‍ ഞങ്ങളെ കാണിച്ചു. ഒരു ഈജിപ്ഷ്യന്‍ വനിതയുടെ അലംകൃത മായ ചിത്രം ആലേഖനം ചെയ്ത ഒരു പേടകം. കാലപ്പഴക്കം കൊണ്ട് മഞ്ഞ നിറമായിട്ടുണ്ട്. എങ്കിലും മികച്ച നിലവാരമുള്ള തടിയില്‍ തീര്‍ത്തതാണ് എന്ന് വ്യക്തം. പോളിഷ് ചെയ്ത പോലെ തിളക്കമുണ്ട്. പച്ചയും ചുവപ്പും കൊണ്ടാണ് ചിത്രം വരച്ചിരിക്കുന്നത്. 

“സൂര്യദേവനായ അമെന്‍-റായുടെ ക്ഷേത്രപരിസരത്ത് നിന്ന് കണ്ടെടുത്തതാണ് ഈ ശവപേടകം.” അലി വിവരിച്ചു, “അമെന്‍-റായുടെ പുരോഹിതയായിരുന്ന അഹ്ഹോതെപ്പിന്‍റെ മൃതദേഹം അടക്കം ചെയ്ത പേടകമാണ് ഇത് എന്ന് പറയപ്പെടുന്നു.”

“മൃതദേഹം ഇതിലുണ്ടോ?” ചാള്‍സ് അന്വേഷിച്ചു

“ഇല്ല” ഹസ്സന്‍ പറഞ്ഞു, “അത് നഷ്ടപ്പെട്ടു പോയി.”

“അതൊന്ന് തുറന്ന് കാണിക്കാമോ?” അലന്‍ ചോദിച്ചു. 

ഹസ്സന്‍ ഒരു നിമിഷം ഒന്ന് നിന്നു. പിന്നെ അലിയോട് തുറന്ന് കാണിക്കാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ ഹസ്സനെ ശ്രദ്ധിക്കുകയായിരുന്നു. അയാള്‍ക്ക് സുഖമില്ലെന്ന് തോന്നി. പനി പിടിച്ചിട്ടെന്ന പോലെ അയാള്‍ മൂടിപ്പുതച്ചിരുന്നു. 

അലി പേടകം തുറന്ന് കാണിച്ചു. കാലം കൊണ്ട് നിറം മങ്ങിയ കുറെ നാടച്ചുരുളും കറുത്ത എന്തൊക്കെയോ കഷണങ്ങളുമൊക്കെയാണ് അതിലുണ്ടായിരുന്നത്. അലി പേടകം അടയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ വിലക്കി: “നില്‍ക്കൂ, ഒരു നിമിഷം!”

ഞാന്‍ കൈയുറ ധരിച്ച് ആ നാടച്ചുരുള്‍ കയ്യിലെടുത്ത് പരിശോധിച്ചു

“നോക്കൂ, ചാള്‍സ്, അലന്‍.  ഇത് മൃതദേഹം പൊതിയാന്‍ ഉപയോഗിക്കുന്ന നാടയല്ലേ? 

അതെ. ഇരുവരും അത് ശരി വച്ചു.  ഞാന്‍ ഹസ്സനെ നോക്കി. 


“അത് ഇവിടെ എത്തിച്ചപ്പോള്‍ തന്നെ അതില്‍ ഉണ്ടായിരുന്നതാണ്”. അയാള്‍ പറഞ്ഞു.

ചാള്‍സ് പേടകത്തിനുള്ളില്‍ കയറി അതിനുള്ളില്‍ കിടന്ന ഒരു കറുത്ത വസ്തു കൈയിലെടുത്തു. ഒരു മരക്കഷണമാണ് എന്നാണ് ആദ്യം ഞാന്‍ കരുതിയത്, പക്ഷെ അതെന്താണ് എന്ന തിരിച്ചറിവ് ഒരു മിന്നല്‍ പോലെ മനസ്സിലേയ്ക്ക് വീണപ്പോള്‍ ഒരു നിമിഷം ഞാന്‍ ഞെട്ടിത്തരിച്ചു പോയി: 

“ചാള്‍സ്, അത് ഒരു കാല്‍പാദത്തിന്റെ കഷണമാണ്!!!” ചാള്‍സിന്‍റെ കണ്ണുകള്‍ പുറത്തേയ്ക്ക് തെറിയ്ക്കും വിധം വിടര്‍ന്നു. 

ഹസ്സനും അലിയും പരസ്പരം നോക്കി. 

“ആരോ ഇതിനുള്ളിലുണ്ടായിരുന്ന മൃതദേഹം പുറത്തെടുക്കുകയും  അതിന്റെ ചുരുളുകള്‍ അഴിക്കുകയും അതിന് നാശം വരുത്തുകയും ചെയ്തിട്ടുണ്ട്. ഹസ്സന്‍, നിങ്ങള്‍ക്ക് ഇത് എങ്ങനെയാണ് കിട്ടിയത്?” ഞാന്‍ ചോദിച്ചു. 

അയാള്‍ അല്പനേരം ഒന്നും മിണ്ടാതെ നിന്നു. പിന്നെ സംസാരിച്ചു: 

“തീബ്സിലെ ഒരു പുരാവസ്തുശാലയില്‍ നിന്ന് വാങ്ങിയതാണ് ഇത്.  കല്ലറകള്‍ പൊളിക്കുകയും അതിനുള്ളിലുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്ന സംഘങ്ങളുണ്ട്. ആഭിചാരകര്‍മ്മങ്ങള്‍ക്ക് വേണ്ടി മൃതദേഹങ്ങളെ ചുറ്റിയിരിക്കുന്ന നാടകള്‍ ഉപയോഗിക്കുന്ന ചിലരുണ്ട്. ചില കള്ളന്‍മാരെ ഉപയോഗിച്ച് കല്ലറ തുറക്കാനും മൃതദേഹം കൈക്കലാക്കാനും ചില വിദേശികള്‍ ശ്രമിച്ചതാണ്. അതിനിടയില്‍ അവര്‍ കണ്ട് പിടിക്കപ്പെട്ടു. ആ മൃതദേഹം മോഷ്ടാക്കാള്‍ കൊണ്ട് പോയി. പേടകം അവര്‍ക്ക് കൈക്കലാക്കാന്‍ കഴിയാതിരുന്നതിനാല്‍ ഉപേക്ഷിച്ച് പോയതാണ്. എന്റെ സുഹൃത്ത് പേടകം സ്വന്തമാക്കുകയും അയാള്‍ അത് എനിക്ക് വില്‍ക്കുകയും ചെയ്തു. അങ്ങനെയാണ് ഇത് എനിക്ക് ലഭിച്ചത്. ഇത് കൊള്ളചെയ്യാന്‍ ശ്രമിച്ചവര്‍ നാടകള്‍ അഴിച്ചെടുക്കാന്‍ ശ്രമിക്കുകയും അതിനിടയില്‍ മൃതദേഹഭാഗങ്ങള്‍ പൊടിഞ്ഞു പേടകത്തിനുള്ളില്‍ വീണതുമാകാം.”

ഞാനും സ്റ്റിവാര്‍ട്ടും വീലറും കൂടി ഒരു മൂലയിലേയ്ക്ക് മാറി നിന്ന് ആലോചിച്ചു. 500 ഈജിപ്ഷ്യന്‍ പൌണ്ട് ആണ് ഹസ്സന്‍ പേടകത്തിന് വിലയായി ചോദിക്കുന്നത്. വില കൂടുതലാണ് എന്നാണ് ഞങ്ങള്‍ ഭാവിച്ചത് എങ്കിലും ഹസ്സനും അലിയ്ക്കും അതിന് ലഭിക്കാവുന്ന വിലയെക്കുറിച്ച് വലിയ അറിവൊന്നുമില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കി. അത് ഇംഗ്ലണ്ടിലെത്തിച്ചാല്‍ ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷകര്‍ തങ്ങളുടെ ചുറ്റും പണം കൂന കൂട്ടുമെന്ന് സ്റ്റിവാര്‍ട്ട് നിരീക്ഷിച്ചു. മൂവരും ചേര്‍ന്ന് പണമിട്ട് അത് വാങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പേടകം അവിടെ സൂക്ഷിക്കുകയും ഞങ്ങള്‍ കെയ്റോയില്‍ നിന്ന് മടങ്ങുന്ന ദിവസം എടുക്കുകയും ചെയ്യാം എന്നാണ് ഞങ്ങള്‍ കരുതിയതെങ്കിലും, അത് അപ്പോള്‍ തന്നെ അവിടെ നിന്ന് കൊണ്ട് പോകണമെന്നും അതിനുള്ള ഏര്‍പ്പാട് ചെയ്ത് തരാം എന്നും ഹസ്സന്‍ പറഞ്ഞു.  അയാളുടെ പെരുമാറ്റത്തില്‍ എന്തോ വശപ്പിശകുണ്ട് എന്ന് ഞങ്ങള്‍ക്ക് തോന്നി. എങ്കിലും കൂടുതല്‍ സംസാരത്തിന് നില്‍ക്കാതെ അലിയുടെ സഹായത്തോടെ പേടകം ഞങ്ങള്‍ താമസിച്ചിരുന്ന കോണ്ടിനെന്‍റല്‍ സാവോയ് ഹോട്ടലിന്‍റെ സ്റ്റോര്‍ മുറിയില്‍ എത്തിച്ചു.  അടുത്ത ദിവസം തന്നെ സ്റ്റിവാര്‍ട്ടും വീലറും കൂടി പേടകം ഇംഗ്ലണ്ടിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. നൈല്‍ വഴി അലക്സാണ്ട്രിയയിലേയ്ക്കും അവിടെ നിന്ന് ലണ്ടനില്‍ വീലറുടെ സഹോദരിയുടെ പേരിലാണ് പേടകം അയച്ചത്. 


    അടുത്ത ഒരാഴ്ച കൂടി കെയ്റോയില്‍ തങ്ങുന്നതിനു ള്ള പദ്ധതികള്‍ ഞങ്ങള്‍ ആസൂ ത്രണം ചെയ്തു. ഇനി നൈല്‍ നദി പര്യവേഷണം ചെയ്യാം എന്നാ യി സ്റ്റിവാര്‍ട്ടും വീലറും. 
മൂന്ന് പേര്‍ ഒരു വഞ്ചിയില്‍ എന്ന നോവലില്‍ പറഞ്ഞത് പോലെ ബോട്ടില്‍ നൈല്‍ നദിയില്‍ ഒരു പിക്നിക് ആയിരുന്നു ഞങ്ങളുടെ മനസ്സില്‍. നദിയുടെയും പരിസരപ്രദേശ ങ്ങളുടെയും ഒരു ഭൂപടം സംഘടിപ്പിച്ച് അത്യാവശ്യം വേണ്ട സാധനസാമഗ്രികളുമായി വാടകയ്ക്ക് എടുത്ത ഒരു വഞ്ചിയില്‍ ഞങ്ങള്‍ യാത്ര തിരിച്ചു. ആയാസം കുറയ്ക്കാന്‍ ഒഴുക്കിനൊത്ത് യാത്ര ചെയ്യാനാണ് ഞങ്ങള്‍ തീരുമാനിച്ചത്.  വിജനമായ തീരങ്ങളും ഈജിപ്ഷ്യന്‍ ഗ്രാമീണദൃശ്യങ്ങളും കണ്ട് പ്രഭാതത്തിലുള്ള ആ യാത്ര തികച്ചും ഹൃദയഹാരിയായിരുന്നു. ഇടയ്ക്ക് തമ്പടിച്ചും യാത്ര തുടര്‍ന്നും തീരത്ത് ഉറങ്ങിയും മൂന്ന് ദിവസങ്ങളോളം വടക്കു ഭാഗത്തേയ്ക്ക് ഞങ്ങള്‍ യാത്ര ചെയ്തു. ഭൂപടപ്രകാരം അല്‍ മാനാഷി എന്ന ഗ്രാമത്തിന്‍റെ തീരങ്ങളിലാണ് തങ്ങള്‍ എന്ന് വീലര്‍ നിരീക്ഷിച്ചു. ഒരു ഉച്ച തിരിഞ്ഞ നേരം വിജനമായ വനപ്രദേശങ്ങള്‍ക്ക് സമാന്തരമായി കടന്ന് പോകുമ്പോള്‍ ധാരാളം നീര്‍ക്കൊഴികളെ കാണാനിടയായി. അന്നത്തെ അത്താഴം നീര്‍ക്കോഴികളായാലോ എന്ന് ഞങ്ങള്‍ക്ക് മൂവര്‍ക്കും ഒരു പോലെ തോന്നി.

ഞങ്ങള്‍ വഞ്ചി തീരത്തേയ്ക്ക് അടുപ്പിച്ചു.  അന്തരീക്ഷത്തില്‍ വരാന്‍ പോകുന്ന മഴയുടെ ലക്ഷണമുണ്ടായിരുന്നു. കരിയിലയകളെ പറത്തിക്കൊണ്ട് തണുപ്പുള്ള കാറ്റ് വീശി.  ഒരു വെബ്ലി &സ്കോട്ട് ഇരട്ടക്കുഴല്‍ തോക്ക് ആണ് ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നത്.  സ്റ്റിവാര്‍ട്ട് തോക്ക് ലോഡ് ചെയ്ത് കാട്ടിലേയ്ക്ക് കയറി. അന്ന് തങ്ങാന്‍ പറ്റിയ സ്ഥലമായിരുന്നു അത്.  ഞാനും വീലറും കൂടി വഞ്ചി കെട്ടിയിട്ട് സാധനങ്ങള്‍ കരയ്ക്ക് കയറ്റിയപ്പോഴേയ്ക്കും വെടിയൊച്ച കേട്ടു. ഞാനും വീലറും സ്റ്റിവാര്‍ട്ടിനെ പിന്തുടര്‍ന്നു.  ഓടക്കാടുകള്‍ക്കപ്പുറം നീര്‍ക്കോഴികള്‍ വിശ്രമിക്കുന്ന ഒരു വെള്ളക്കെട്ട്.  സ്റ്റിവാര്‍ട്ട് നല്ലൊരു സ്ഥാനം കണ്ടെത്തിയ ശേഷം വീലറോട് കൈ കൊട്ടാന്‍ ആംഗ്യം കാണിച്ചു.  ശബ്ദം കേട്ടപ്പോള്‍ കോഴികള്‍ ശബ്ദത്തോടെ മുകളിലേയ്ക്ക് പൊങ്ങി.  വെടി മുഴങ്ങി. രണ്ട് കോഴികളെ കിട്ടി.  കൂടാരം കെട്ടി പാചകം ചെയ്യാന്‍ തുടങ്ങുമ്പോള്‍ എനിക്ക് ഒരു കൌതുകം തോന്നി. ഞാന്‍ തോക്ക് കൈയിലെടുത്തു. 

നമ്മുടെ ജീവിതം മുന്‍പൊരിക്കലും പഴയത് പോലെയാകാത്ത വിധം മാറ്റിമറിയ്ക്കുന്ന സംഭവങ്ങള്‍ നടക്കാന്‍ പോകുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും സൂചന നമുക്ക് ലഭിക്കുമോ? മരണമടുക്കുമ്പോള്‍ ചിലര്‍ അത് തിരിച്ചറിയും വിധം പെരുമാറുമെന്ന്  എന്ന് കേട്ടിട്ടുണ്ട്. ആ തോക്ക് കൈയിലെടുക്കുമ്പോള്‍ എന്‍റെ ജീവിതം  ഇനിയൊരിക്കലും പഴയത് പോലെയാകാത്ത വിധം മാറി മറിയാന്‍ പോവുകയാണ് എന്നതിന്‍റെ ഒരു സൂചനയും എനിക്ക് ലഭിച്ചില്ല.  നമ്മുടെ വിരല്‍ത്തുമ്പ് കൊണ്ട്  സുരക്ഷിതമായ അകലത്തില്‍ നില്‍ക്കുന്ന ഒരു ജന്തുവിന്‍റെ ജീവനെടുക്കാന്‍ ഹരം പകരുന്ന നായാട്ടുലഹരിയായിരുന്നു അത്. അടഞ്ഞ കണ്ണിലൂടെ ഒരു നീര്‍ക്കോഴിയെ ലക്ഷ്യം വച്ചതും കൈ കാഞ്ചിയിലമര്‍ന്നതുമാണ് അവസാനം എന്‍റെ ഓര്‍മ്മ! പിന്നെ വലത്തേച്ചെവിയ്ക്ക് താഴെ അതിഭയങ്കരമായ, കടും ചോര നിറത്തില്‍ ഒരു സ്ഫോടനം. പിന്നെ ബോധം മറഞ്ഞ ഇരുട്ട്!  


മാന്യരേ, നേരിട്ട് അനുഭവിച്ചതല്ല എങ്കില്‍ ഒരിക്കലും ഞാന്‍ വിശ്വസിക്കു കയില്ലായിരുന്ന ഒരനുഭവം എനിക്ക് അപ്പോള്‍ ഉണ്ടായി. മറ്റൊരാള്‍ എന്നോട് ഇത് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തള്ളിക്കളയുമായിരുന്ന ഒരനുഭവം. കടും ചോര നിറത്തില്‍ കണ്‍കോണിലും മനസിലുമുണ്ടായ സ്ഫോടന ത്തിന്‍റെ ചുവപ്പിനിട യില്‍  മുന്‍പൊരിക്കല്‍ മാത്രം കണ്ട ഒരു രൂപം ഞാന്‍ കണ്ടു, ഒരു മിന്നല്‍ പോലെ. ഉടനൊന്നും മറന്ന് പോകാത്ത വ്യക്തതയോടെ! അത്  അമെന്‍-റായുടെ ശവപേടകത്തിന് മേല്‍ കണ്ട ആലേഖനം ചെയ്യപ്പെട്ട സ്ത്രീരൂപമായിരുന്നു!!

കനത്ത മഴ മുഖത്ത് വീണപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. കാഴ്ച തെളിയുന്നതിന് മുന്‍പ് തന്നെ വലത് തോളില്‍ നിന്നാരംഭിച്ച് കൈയിലേയ്ക്ക് നീളുന്ന കടുത്ത വേദന അനുഭവിച്ചറിഞ്ഞു. അന്തരീക്ഷത്തില്‍ വെടിമരുന്നിന്‍റെ രൂക്ഷഗന്ധം! തോക്ക് ഛിന്നഭിന്നമായിയിരുന്നു. കൈയും! സ്റ്റിവാര്‍ട്ടും  വീലറും  ചേര്‍ന്ന് എന്നെ എഴുന്നേല്‍പ്പിച്ച് ഇരുത്തി. വേദന ശരീരം മുഴുവന്‍ പടരാന്‍ തുടങ്ങുകയായിരുന്നു.  ബാഗിലുണ്ടായിരുന്ന ടവല്‍ കീറി രക്തമൊഴുകുന്നത് തടയാന്‍ ശ്രമിച്ചു. പക്ഷെ വൈദ്യസഹായമില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് തോന്നിയില്ല. പക്ഷെ ആ  പ്രദേശത്ത് നിന്ന് രാത്രിയില്‍ മടക്കയാത്ര എളുപ്പമായിരുന്നില്ല. കൊടും കാറ്റും മഴയും വീശിയടിച്ചു. മടങ്ങുമ്പോള്‍ ഒഴുക്കിനെതിരെയാണ് തുഴയേണ്ടത്.  ഈ കാറ്റില്‍ അത് എളുപ്പമല്ല. വേദന കടിച്ചമര്‍ത്തി ആ രാത്രി കഴിച്ചു കൂട്ടി

നേരം പുലര്‍ച്ചെ ഞങ്ങള്‍ മടങ്ങാന്‍ ശ്രമിച്ചു. മഴയോടുങ്ങിയെങ്കിലും ശക്തമായ കാറ്റ് ഞങ്ങള്‍ക്ക് നേരെ വീശിക്കൊണ്ടിരുന്നു. സ്റ്റിവാര്‍ട്ടും വീലറും തുഴയുമായി മല്ലിട്ടു. ജീവിതം എന്നാല്‍ ദുരിതം എന്നര്‍ത്ഥം കൈവരിച്ച മൂന്ന് ദിവസങ്ങള്‍ ഞങ്ങള്‍ പിന്നിട്ടു. ചില ജനവാസകേന്ദ്രങ്ങളില്‍ വിഫലമായി സഹായത്തിന് അപേക്ഷിച്ചും വൈദ്യസഹായം തേടിയും അലഞ്ഞു.  അപ്പോഴെല്ലാം കണ്ണടച്ചാല്‍ അമെന്‍-റായുടെ പേടകത്തിലെ സ്ത്രീരൂപം ഞാന്‍ കണ്ടു. ഈ വിവരം  ഞാന്‍ സ്റ്റിവാര്‍ട്ടിനോടും വീലറോടും പറഞ്ഞില്ല. ആ ശവപേടകം എങ്ങനെയും വില്‍ക്കാന്‍ ഹസ്സനും അലിയും കാണിച്ച താല്പര്യത്തില്‍ എനിക്ക് അപ്പോള്‍ തന്നെ എന്തോ പന്തികേട് അനുഭവപ്പെട്ടിരുന്നു. പ്രത്യേകിച്ചും എത്രയും പെട്ടെന്ന് അത് അവിടെ നിന്ന് മാറ്റണം എന്ന് നിര്‍ബന്ധം പിടിച്ചതും മറ്റും. ഈജിപ്ഷ്യന്‍ ശേഷിപ്പുകളുമായി ബന്ധപ്പെട്ട് ഇത്തരം കേട്ടുകേള്‍വികള്‍ മുന്‍പും കേട്ടിട്ടുണ്ട്. അപ്പോഴെല്ലാം  മുഴുവന്‍ കേള്‍ക്കാന്‍ പോലും നില്‍ക്കാതെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ യാത്രയുടെ ആരംഭം മുതല്‍ അപരിചിതമായ വിശ്വാസങ്ങള്‍ എന്നെ പരീക്ഷിക്കുകയായിരുന്നു. ആ നേരത്ത് അത് ഓര്‍മ്മിക്കുക ഭീകരമായിരുന്നു. പക്ഷെ തകര്‍ന്ന് തൂങ്ങിയ  എന്‍റെ വലത് കൈ ഹാമണ്‍ പ്രഭുവിന്‍റെ പ്രവചനം നിരന്തരം ഓര്‍മ്മിപ്പിച്ചു.  തുഴഞ്ഞും നടന്നും ഗ്രാമീണരില്‍ ചിലരുടെ സഹായം കൊണ്ട് ലഭിച്ച മാട്ടുവണ്ടികളിലുമൊക്കെയായി അലഞ്ഞു ക്ഷീണിച്ച് അവശരായി അഞ്ചാം ദിവസം ഞങ്ങള്‍ കെയ്റോയില്‍  കസ്ര്‍ അല്‍ ഐനി ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. ഒടുവില്‍ ഞാന്‍ ഭയന്നിരുന്ന സന്ദര്‍ഭം വന്ന് ചേര്‍ന്നു. യഥാസമയം ചികിത്സയ്ക്ക് നേടാന്‍ കഴിയാതിരുന്നതിനാല്‍ മുറിവുകളില്‍ അണുബാധയേറ്റിട്ടുണ്ട് എന്നും പഴുപ്പ് മറ്റ് ഭാഗങ്ങളിലേയ്ക്ക് പരക്കാതിരിക്കാന്‍ വലത് കൈ മുറിച്ചു കളയേണ്ടതായുണ്ട് എന്ന് ഡോക്ടര്‍ അറിയിച്ചു. രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം ഹാമണ്‍ പ്രഭുവിന്‍റെ പ്രവചനം പൂര്‍ത്തീകരിച്ചു കൊണ്ട് ഞങ്ങള്‍ ഹോട്ടലിലേയ്ക്ക് മടങ്ങി. 

തോക്ക് പൊട്ടിത്തെറിച്ച സമയത്ത് ഞാന്‍ കണ്ട അമെന്‍-റായുടെ ചിത്രത്തെക്കുറിച്ചും പേടകം തന്‍റെ കൈയില്‍ നിന്ന് ഒഴിവാക്കാനുള്ള ഹസ്സന്‍റെ തിടുക്കത്തെക്കുറിച്ചുമുള്ള എന്‍റെ സംശയങ്ങള്‍ ഞാന്‍ സ്റ്റിവാര്‍ട്ടിനോടും വീലറിനോടും പങ്കിട്ടു.  തുടര്‍ന്ന് അമെന്‍-റായുടെ ശവപേടകത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഞാന്‍ സ്റ്റിവാര്‍ട്ടിനെയും വീലറെയും ഹസ്സനെ കാണാന്‍ പറഞ്ഞയച്ചു.  തികച്ചും അപ്രതീക്ഷിതമായ ഒരു വിവരവുമായാണ് അവര്‍ മടങ്ങിയെത്തിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഹസ്സന്‍ പനി മൂര്‍ച്ഛിച്ച് മരണപ്പെട്ടു. അലിയും ജ്വരബാധിതനാണത്രെ. 


    സ്റ്റിവാര്‍ട്ടിന്റെ മുഖത്ത്  തുടക്കം മുതലുണ്ടായിരുന്ന പരിഹാസം ഇപ്പോള്‍ ഉണ്ടായിരുന്നില്ല. എന്‍റെ കൈയ്ക്ക് സംഭവിച്ച അപകടത്തോടെ തന്നെ സ്റ്റിവാര്‍ട്ടിന്‍റെയും വീലറുടെയും പ്രതിരോധം അവസാനിച്ചിരുന്നു. എത്രയും പെട്ടെന്ന് ഇനി ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. മടക്കയാത്ര തികച്ചും മ്ലാനമായിരുന്നു.  ഇത് വരെ വിശ്വസിച്ചിരുന്നതെല്ലാം തകര്‍ന്ന് പോകുക; മുന്നോട്ട് നോക്കുമ്പോള്‍ അപായസൂചനകള്‍ മാത്രം കാണുക. മെഡിറ്ററേനിയന്‍ പിന്നിടുമ്പോള്‍ വീലര്‍ക്ക് കടുത്ത പനി പിടി പെട്ടു. എല്ലാം വളരെ ശാന്തമായി, സരസമായി കാണാറുള്ള സ്റ്റിവാര്‍ട്ട് വല്ലാതെ ഭയന്നത് പോലെ തോന്നി. ഒരു രാത്രി ഡക്കില്‍ കടല്‍ നോക്കി നില്‍ക്കെ പേടകത്തെക്കുറിച്ച് പിന്നീട് അറിഞ്ഞ കാര്യങ്ങള്‍ അയാള്‍ എന്നോട് പറഞ്ഞു. കണ്ടെടുത്ത നാള്‍ മുതല്‍ ദുരിതവും മരണവും അമെന്‍-റായുടെ ശവപേടകത്തിന്‍റെ ഒപ്പമുണ്ട്. മോഷ്ടാക്കള്‍ ഉപേക്ഷിച്ച് പോയ കല്ലറയില്‍ നിന്ന് പേടകം കൈക്കലാക്കിയ മൊത്തവ്യാപാരിയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അയാളുടെ മരണം കണ്ട് ഭയപ്പെട്ടാണ്‌ ഹസ്സന്‍ പേടകം ഏത് വിധേനയും ഞങ്ങള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്.  ഞങ്ങള്‍ യാത്ര തിരിയ്ക്കുന്നതിന് മുന്‍പ് അലിയും മരണപ്പെട്ടതായി സ്റ്റിവാര്‍ട്ട് അറിഞ്ഞിരുന്നുവത്രേ.  അയാളുടെ ഇപ്പോഴത്തെ ഭയത്തിന് കാരണമിതാണ്.  ഹസ്സനും അലിയ്ക്കും ബാധിച്ച അതേ രോഗലക്ഷണങ്ങളാണ് ഇപ്പോള്‍ വീലര്‍ക്കുമുള്ളത്!  ഉറയ്ക്കാത്ത കാല്‍ വയ്പ്പുകളോടെ സ്റ്റിവാര്‍ട്ട് തന്‍റെ ക്യാബിനിലേയ്ക്ക് പോയി.  കറുത്ത കടല്‍. ഇടയ്ക്ക് മാത്രം മേഘങ്ങള്‍ക്കിടയില്‍ നിന്ന് പുറത്ത് വരുന്ന നിലാവ്. ഒരു നിരയില്‍ കാണാറുള്ള മൂന്ന് നക്ഷത്രങ്ങള്‍ കാണാം. ഞാന്‍ നോക്കി നില്‍ക്കെ രണ്ട് നക്ഷത്രങ്ങള്‍ക്ക് മുകളിലേയ്ക്ക് ഒരു കറുത്ത മേഘം നിരങ്ങിക്കയറി. ആ മേഘത്തിന്മേല്‍ അമെന്‍-റായുടെ ചിത്രം മിന്നി മറഞ്ഞത് പോലെ… 

        കടല്‍ പ്രക്ഷുബ്ധമായിരുന്നത് കൊണ്ട് ഒരു ദിവസം വൈകി എട്ടാം ദിവസം ഒറ്റക്കയ്യനായ ഞാന്‍ ഒറ്റയ്ക്ക് മാര്‍സെയില്‍സില്‍ കപ്പലിറങ്ങി. യാത്രയുടെ നാലാം  ദിവസം വീലറും ആറാം ദിവസം സ്റ്റിവാര്‍ട്ടും ജ്വരം മൂര്‍ച്ഛിച്ച് മരിക്കുകയും  കടലില്‍ തന്നെ ശവസംസ്കാരം നിര്‍വഹിക്കുകയും ചെയ്തിരുന്നു.  അമെന്‍-റായുടെ തേര്‍വാഴ്ച തുടരുകയായിരുന്നു.

മൂന്ന് 


ശവപേടകം ഇംഗ്ലണ്ടില്‍ 


തോമസ്‌ മുറെ കഥ പറഞ്ഞവസാനിപ്പിച്ചു. ആദ്യം കണ്ടപ്പോള്‍ മുതല്‍ അയാളുടെ വലത് കൈ മൂടിക്കിടക്കുന്ന ഷാള്‍ തന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നതാണ്.  ശരീരഭാഷയിലും എന്തോ അസാധാരണത്വം അനുഭവപ്പെട്ടിരുന്നു. 

“ശരിക്കും വിചിത്രം! ഭയാനകവും!” ഞാന്‍ പറഞ്ഞു. “ജീവനുള്ള ഉദാഹരണമായി താങ്കള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ യാതൊരു വിധ സംശയങ്ങളും ഉന്നയിക്കാനില്ല.”

“സര്‍ ഏണസ്റ്റ്, ,” സ്റ്റെഡ് പറഞ്ഞു, “ കഴിഞ്ഞ എട്ടു പത്ത് വര്‍ഷങ്ങളായി ഈ ലണ്ടന്‍ നഗരത്തില്‍ പലയിടങ്ങളില്‍ പല മനുഷ്യരുടെ കൈകളിലൂടെ ആ പേടകം കടന്ന് പോയിട്ടുണ്ട്. അവിടങ്ങളിലെല്ലാം ദുരന്തങ്ങളുടെയും അപകടങ്ങളുടെയും കാല്പാടുകള്‍ വീഴ്ത്തിക്കൊണ്ടാണ് ഈ ശേഷിപ്പ് കടന്ന് പോന്നിട്ടുള്ളത്. ആറു വര്‍ഷം മുന്‍പ് എന്‍റെ സ്നേഹിതന്‍ ബെര്‍ട്രാം ഫ്ലെച്ചര്‍ റോബിന്‍സണ്‍ ഡെയിലി എക്സ്പ്രസില്‍ ഈ മമ്മി പേടകത്തെക്കുറിച്ച് ഒന്നാം പേജില്‍ ഒരു ലേഖനം എഴുതിയിരുന്നു, “മരണത്തിന്‍റെ പുരോഹിത” എന്ന ശീര്‍ഷകത്തോടെ. റോബിന്‍സണ്‍ ഇന്ന് നമ്മോടൊപ്പമില്ല. മുറെ ഇപ്പോള്‍ പരാമര്‍ശിച്ച മാരകമായ ജ്വരം അയാളെ കൊണ്ട് പോയി.”

“പ്രസിദ്ധീകരണത്തിന് നല്‍കും മുന്‍പ് ആ ലേഖനത്തിന്‍റെ ഒന്നാം ഡ്രാഫ്റ്റ് ഞാന്‍ വായിച്ചിരുന്നു, “സര്‍ ആര്‍തര്‍ പറഞ്ഞു, “ നല്ല ലേഖനമായിരുന്നു അത്. പക്ഷെ അതിന്‍റെ വിശദാംശങ്ങള്‍ വായിച്ചപ്പോള്‍ ചില സ്വകാര്യതകള്‍ പരസ്യമാക്കുന്നത് പോലെ എനിക്ക് തോന്നുകയും അത് പ്രസിദ്ധീകരിക്കാതിരിക്കുകയായിരിക്കും നല്ലത് എന്ന് ഞാന്‍ അയാളോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പക്ഷെ അയാള്‍ താല്പര്യത്തോടെ  ഇതിന്‍റെ പിന്നാലെ കൂടുകയായിരുന്നു. 


മുറെ തുടര്‍ന്നു. “ഞാന്‍ ലണ്ടനില്‍ മടങ്ങിയെത്തുമ്പോള്‍ അസുഖകരമായ ഒരു ജോലിയാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്.  വീലറുടെ സഹോദരിയുടെ പേരിലാണ് പേടകം ഞങ്ങള്‍ അയച്ചിരുന്നത്. അവിടെ ചെല്ലുക;  വീലറുടെ മരണവിവരമറിയിക്കുക. എന്നാല്‍ ദുരന്തം എനിക്ക് മുന്‍പെ അവിടെയെത്തിയിരുന്നു.   പേടകം വീലറുടെ വീട്ടിലെത്തിച്ച ദിവസം  ജോലിക്കാര്‍ അത് വണ്ടിയില്‍ നിന്ന് ഹാളിലേയ്ക്ക് എടുത്ത് വയ്ക്കുമ്പോള്‍ മുകളില്‍ നിന്ന് പടവിറങ്ങി വരികയായിരുന്ന വീലറുടെ അമ്മ പടവുകളില്‍ നിന്ന് തെന്നി താഴെ വീണ് മരിച്ചു.  നിര്‍ഭാഗ്യങ്ങളുടെ ചരിത്രം നീട്ടേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. പേടകം സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളില്‍ രാത്രികാലങ്ങളില്‍ ഘനമുള്ള കാല്‍വയ്പ്പുകള്‍ കേള്‍ക്കുക, ഫോട്ടോ എടുക്കുമ്പോള്‍ പേടകത്തിന്‍മേല്‍ യഥാര്‍ത്ഥത്തില്‍ ഒരു ജഡം കിടത്തിയിരിക്കുന്ന ദൃശ്യം കാണുക, അതുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നവര്‍ക്ക് അപകടങ്ങള്‍, രോഗങ്ങള്‍, ചിത്തഭ്രമത്തിന്‍റെ ലക്ഷണങ്ങള്‍; അങ്ങനെയാണ് ഒരു വ്യക്തിയുടെ കൈകളില്‍ അത് എല്‍പ്പിക്കുന്നതിനെക്കാള്‍ ഏതെങ്കിലും ഒരു സ്ഥാപനം അത് സൂക്ഷിക്കുന്നതായിരിക്കും നല്ലത് എന്ന് എനിക്ക് തോന്നിയത്.  അങ്ങനെയാണ്  അത് ബ്രിട്ടീഷ് മ്യൂസിയത്തിന് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചത്.”


    “മറ്റൊരു കാരണം കൂടി അതിന് പിന്നിലുണ്ട്.” സര്‍ ആര്‍തര്‍ പറഞ്ഞു, “ഈ ശാപം ഒരു പക്ഷെ അവസാനിച്ചിരിക്കും എന്ന് കരുതാന്‍ കാരണമായ ഒരു സംഭവം ഈയിടെ ഉണ്ടായി. ഓക്സ്ഫോര്‍ഡ് നഗരത്തില്‍ നിന്ന് വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന വിഥാം എന്ന ഗ്രാമത്തിന്‍റെ അതിര്‍ത്തി പ്രദേശത്ത് ഒരു വീട് ഒരു സംഘം യുവാക്കള്‍ വാടകയ്ക്ക് എടുത്തിരുന്നു. വീട് ഒഴിഞ്ഞു കൊടുക്കാം എന്ന് പറഞ്ഞ തിയതിയില്‍ ഒഴിയാതിരുന്നത് കൊണ്ട് വീട്ടുടമ ഒരു ദിവസം അവിടം സന്ദര്‍ശിച്ചപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നത് കാണപ്പെട്ടു. പക്ഷെ പരിശോധിച്ചപ്പോള്‍ അത് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. മാത്രവുമല്ല, ഉള്ളില്‍ നിന്ന്  രൂക്ഷമായ ദുര്‍ഗന്ധവും വമിച്ചു.  കാര്യം പന്തികേടാണ് എന്ന് കണ്ട് ഉടമ പോലീസില്‍ അറിയിക്കുകയും  ഒരു കൊല്ലനെയും കൂട്ടി വീട്ടില്‍ മടങ്ങിയെത്തുകയും ചെയ്തു. പോലീസ് വാതില്‍ തുറന്നപ്പോള്‍ ഭീകരമായ കാഴ്ചയാണ് കണ്ടത്. നെരിപ്പോടില്‍ നിന്നുള്ള പുക നിറഞ്ഞു നിന്ന മുറിയില്‍ അഴുകിയ നാലു ജഡങ്ങളുണ്ടായിരുന്നു.  നിലത്ത് ആഭിചാരം നടത്തുന്നതിന് വേണ്ടി വരയ്ക്കാറുള്ള ചില വൃത്തങ്ങളും നക്ഷത്രങ്ങളും മറ്റും കാണപ്പെട്ടു.  ഒപ്പം മുറിയിലുടനീളം മുഷിഞ്ഞ ലിനന്‍ തുണിയുടെ നീണ്ട ചുരുളുകളും.  ഒരു പെട്ടിയില്‍ അടച്ച നിലയില്‍ ഉണങ്ങിപ്പൊടിഞ്ഞ പ്രാചീനമായ ഒരു മൃതദേഹഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തു.  വിശദപരിശോധനയില്‍ ഇത് ഒരു ഈജിപ്ഷ്യന്‍ മമ്മിയുടെ അവശിഷ്ടങ്ങളാണ് എന്നും ലിനന്‍, മമ്മിയെ ചുറ്റാന്‍ ഉപയോഗിച്ചതായിരുന്നെന്നും തിരിച്ചറിഞ്ഞു.

“മുന്‍പൊരിക്കല്‍ ഞാന്‍ സൂചിപ്പിച്ചത് സര്‍ ബ്രൗണിന്  ഓര്‍മ്മയുണ്ടാകുമെന്ന് കരുതുന്നു. മുറെയും സംഘവും മമ്മിപേടകം തുറന്നപ്പോള്‍ കാണപ്പെട്ട ലിനന്‍ ചുരുളുകള്‍ക്കും കാല്‍പാദത്തിന്‍റെ കഷണത്തിനുമൊപ്പം ചില ചുരുട്ട് കുറ്റികള്‍ കൂടി കണ്ടിരുന്നു. ഞാനത് പരിശോധിച്ചു. ഓക്സ്ഫോര്‍ഡില്‍ നിര്‍മ്മിച്ചിരുന്ന ഒരു ബ്രാന്‍ഡ് ചുരുട്ട്. തീബ്സില്‍ നിന്ന് കല്ലറ തുറന്ന് മൃതദേഹം മോഷ്ടിച്ചവര്‍ തന്നെയായിരിക്കാം ഈ ചെറുപ്പക്കാര്‍. ശവപേടകം മോഷണശ്രമത്തിനിടെ കണ്ടു പിടിക്കപ്പെട്ടതിനാല്‍ ഉപേക്ഷിച്ച് പോയതായിരിക്കും. അത് ശരി വയ്ക്കുന്നതായിരുന്നു പിന്നീട് നടന്ന അന്വേഷണം. പിന്നീട് 1894 ല്‍ ബ്രെയ്സ് നോസ് കോളേജില്‍ ഒരേ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയവരാണ് അവര്‍ എന്നും  1895 ല്‍ അവര്‍ ഒന്നിച്ച് ഈജിപ്ത് സന്ദര്‍ശിച്ചിരുന്നുവെന്നും  അന്വേഷണത്തില്‍ തെളിഞ്ഞു. ആഭിചാരത്തില്‍ തല്പരരായിരുന്ന അവര്‍ ചില മാന്ത്രികകര്‍മ്മങ്ങള്‍ക്കായി മമ്മി സംഘടിപ്പിക്കാന്‍ വേണ്ടിയായി രിക്കും ഈജിപ്തിലെത്തിയതും കല്ലറ തുറന്ന് മൃതദേഹം മോഷ്ടിച്ചതും.  പുകയില്‍ ശ്വാസം മുട്ടിയാണ് അവര്‍ മരണമടഞ്ഞത് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നുവെങ്കിലും എന്ത് കൊണ്ട് അവര്‍ വീടിന്‍റെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചില്ല എന്നത് അറിയില്ല. ”

“ഈ സംഭവം ശാപത്തിന്‍റെ അവസാനമായിരിക്കാം എന്ന് കരുതാന്‍ കാരണമെന്താണ്, സര്‍ ആര്‍തര്‍?

സര്‍ ആര്‍തര്‍ ചിരിച്ചു: “മോഷ്ടിക്കപ്പെട്ട ആ മൃതദേഹം കണ്ടെടുക്കപ്പെട്ടത് കൊണ്ടും അതിന് കാരണക്കാരായവര്‍ മരണപ്പെട്ടത് കൊണ്ടും ഞാന്‍ അങ്ങനെ ചിന്തിച്ചതാണ്.  എന്നാല്‍ ശരിയായിരുന്നില്ല എന്ന് പിന്നീട് ബോധ്യമായി. അമെന്‍-റായുടെ പകയ്ക്ക് നമ്മള്‍ ഊഹിക്കുന്നതിനേക്കാള്‍ ആഴമുണ്ടാകാം.”

“അപ്പോള്‍ താങ്കള്‍ക്ക് വിശ്വാസമുണ്ടോ?” ഞാന്‍ ചോദിച്ചു. “ഷെര്‍ലക് ഹോംസിന്‍റെ സൃഷ്ടാവ് മമ്മി ശാപത്തില്‍ വിശ്വസിക്കുമോ, എന്നാണ് വ്യംഗ്യം”

“ഷെര്‍ലക് ഹോംസ് എന്‍റെ വക്താവല്ല, കേട്ടോ. യുക്തിയില്‍ അധിഷ്ഠിതമായി നിഗമനങ്ങളില്‍ എത്തിച്ചേരുന്ന, ഞാന്‍ സൃഷ്ടിച്ച ഒരു കഥാപാത്രമാണ് ഹോംസ്. ഒരു പ്രതിഭാസത്തെ നിരീക്ഷിക്കുകയും അതില്‍ നിന്ന് നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുക എന്ന യുക്തിപരമായ സമീപനം തന്നെയാണ് ഇവിടെയും ഞാന്‍ കൈക്കൊള്ളുന്നത്. അലിയും ഹസ്സനും സ്റ്റിവാര്‍ട്ടും വീലറുമൊക്കെ മരണപ്പെട്ടത് മാരകമായ എന്തോ പകര്‍ച്ച വ്യാധി കൊണ്ടാണ് എന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാവുന്നതാണ്.  ഹാമണ്‍ പ്രഭുവിന്‍റെ പ്രവചനം തന്‍റെ അബോധ ത്തെ അസ്വസ്ഥപ്പെടുത്തി യിരുന്നതിനാല്‍ തോക്ക് അശ്രദ്ധമായി ഉപയോഗിച്ചത് കൊണ്ടാണ് അപകടമുണ്ടായതെന്നും അത് വഴി പ്രവചനം സത്യമായതാണ് എന്നും വേണമെങ്കില്‍ വാദിക്കാം.  പക്ഷെ ശാസ്ത്രയുക്തിയിലേയ്ക്ക് എത്തിച്ചു കൊണ്ട് മാത്രമേ ലോകത്തെ വ്യാഖ്യാനിക്കാവൂ എന്ന നിര്‍ബന്ധബുദ്ധി കൊണ്ട് കഷ്ടപ്പെട്ട് ചെയ്യുന്നത് പോലെ എനിക്ക് അനുഭവപ്പെടുന്നു”


“മറിച്ച് താങ്കളുടെ വ്യാഖ്യാനമെന്താണ്?” ഞാൻ ചോദിച്ചു.


“ജ്ഞാനത്തിൻ്റെ നേർക്കുള്ള മനുഷ്യൻ്റെ യാത്ര അവസാനിച്ചിട്ടില്ല. നാമതിൻ്റെ തുടക്കത്തിലോ പാതി വഴിയിലോ ഒക്കെയാവാം. ഇപ്പോൾ നമ്മൾ പ്രകൃത്യാതീതമെന്ന് വിളിക്കുന്ന ഒരു പ്രതിഭാസം ഒരു കാലത്ത് തികച്ചും പ്രകൃതി പ്രതിഭാസമാണെന്ന് കണ്ടെത്തപ്പെട്ടേക്കാം. രണ്ട് നൂറ്റാണ്ട് മുൻപ് ഇടിവെട്ടേറ്റ് മരം കത്തിച്ചാമ്പലാകുന്ന കാഴ്ച്ച കണ്ട് അതെന്തോ നിഗൂഢമായ പ്രക്യത്യാതീത പ്രതിഭാസമെന്ന് കരുതിയ മനുഷ്യൻ ഇന്ന് വൈദ്യുതിയെന്താണെന്ന് മനസിലാക്കിയിട്ടുണ്ട്. താന്‍ ഇത് വരെ അറിവിനെക്കുറിച്ചുള്ള മനുഷ്യൻ്റെ അമിതമായ ആത്മവിശ്വാസമാണ് മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കാൻ അവനെ പ്രേരിപ്പിക്കുന്നത്. അത് കൊണ്ടൊക്കെ ഞാൻ ഈ പ്രതിഭാസത്തെ നിരീക്ഷിക്കുകയും പഠിക്കാൻ ശ്രമിക്കുകയും മാത്രം ചെയ്യുന്നു. തീരുമാനങ്ങളിലേയ്ക്ക് എടുത്തു ചാടുന്നില്ല.”


അന്നത്തെ ഞങ്ങളുടെ യോഗം പിരിയും മുൻപ് സ്റ്റെഡ് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. ഈ കേസിൽ എന്താണ് പ്രായോഗികമായി എടുക്കേണ്ട സമീപനം എന്ന് ഇതിൽ അഭിപ്രായം പറയാൻ കഴിയുന്ന ഒരു വിദഗ്ധവ്യക്തിയുമായി കൺസൾട്ട് ചെയ്യുക. വിദഗ്ധാഭിപ്രായമനുസരിച്ച് പേടകം എന്ത് ചെയ്യണമെന്ന് തീരുമാനിക്കാം.”


ആ നിർദ്ദേശം എല്ലാവർക്കും സ്വീകാര്യമായിരുന്നു. അൽപസമയം ആലോചനയിൽ മുഴുകിയിരുന്ന തോമസ് മുറെ സംസാരിച്ചു: “എനിക്ക് ഒരു പേര് നിർദ്ദേശിക്കാനുള്ളത് കെയ്റോ എന്ന ഹാമൺ പ്രഭുവാണ്. അവിടെ നിന്നായിരുന്നല്ലൊ എല്ലാറ്റിൻ്റെയും തുടക്കം?”


ഹാമണ്‍ പ്രഭുമായി ഒരിക്കല്‍ കൂടി  ഒത്ത് കൂടാം എന്ന് തീരുമാന മെടുത്ത് അന്ന് ഞങ്ങള്‍ പിരിഞ്ഞു.  സ്റ്റെഡിന് പ്രഭുവുമായി അടുപ്പമുണ്ടായിരുന്നു. ഇത് വരെയുള്ള സംഭവഗതികള്‍ കത്ത് മുഖേന പ്രഭുവുമായി അറിയിക്കാമെന്നും  അടുത്ത തവണ ലണ്ടനില്‍ എത്തുന്ന വേളയില്‍ കാണാനുള്ള അവസരമുണ്ടാക്കാം എന്നും സ്റ്റെഡ്  ഏറ്റു. 


മൂന്ന് മാസങ്ങള്‍ക്ക് ശേഷം  1911 ജനുവരിയിലാണ് ഞങ്ങള്‍ ഒരിക്കല്‍ കൂടി ക്ലബ്ബില്‍ വച്ച് സംഗമിക്കുന്നത്.  ഇതിനിടയില്‍ ചില സംഭവങ്ങളെല്ലാം നടന്നിരുന്നു.  സ്റ്റെഡിന്‍റെ പത്രപ്രവര്‍ത്തനവൃത്തങ്ങളില്‍ നിന്ന് മമ്മി പേടകത്തെക്കുറിച്ച് ചില ലേഖനങ്ങളും കുറിപ്പുകളും ചില കിംവദന്തികളും പല പ്രസിദ്ധീകരണങ്ങളില്‍ വന്നു. ലണ്ടനില്‍ പല ഭാഗങ്ങളിലുമുള്ള പ്രകൃത്യാതീതക്ലബ്ബുകളിലും അതിന്ദ്രീയപഠനകൂട്ടായ്മ കളിലും ഈജിപ്ഷ്യന്‍ പഠനതല്‍പരര്‍ക്കിടയിലുമെല്ലാം പേടകം ഒരു സംസാരവിഷയമായി. പലതും വസ്തുതയില്‍ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന നിറം പിടിപ്പിച്ച കഥകള്‍ ആയിരുന്നു. ചിലര്‍ മ്യൂസിയത്തിലുള്ളത് ഒരു മമ്മിയായിത്തന്നെയാണ് വിവരിച്ചത്, ശവപേടകമായിട്ടല്ല. “അശുഭകരമായ മമ്മി” എന്നാണ് പത്രങ്ങള്‍ അതിനെ വിവരിച്ചത്.  ഇത്തരം കഥകളെ ഊതിക്കത്തിക്കുന്നതിനും പെരുപ്പിക്കുന്നതിലും മി. സ്റ്റെഡിനും ചെറുതല്ലാത്ത ഒരു പങ്ക് ഉണ്ടായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.  അന്വേഷണാത്മ പത്രപ്രവര്‍ത്തകനായിരുന്ന അയാള്‍ക്ക് സെന്‍സേഷനല്‍ വാര്‍ത്തകളിലും  സാധാരണവാര്‍ത്തകള്‍ സെന്‍സേഷനല്‍ ആക്കുന്നതിലും വലിയ കമ്പമുണ്ടായിരുന്നു. ഇക്കാലയളവില്‍ അമെന്‍-റായുടെ ശവപേടകം ബ്രിട്ടീഷ്മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കളി ലേയ്ക്ക് EA 22542 എന്ന ക്രമനമ്പരില്‍   ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു.


പേടകത്തെക്കുറിച്ച് പരന്ന കഥകള്‍ നിമിത്തം ഈജിപ്ഷ്യന്‍ വിഭാഗത്തില്‍ സന്ദര്‍ശകര്‍ കൂടുതലുണ്ടായിരുന്നു.  ഇത്തരം കഥകള്‍ മ്യൂസിയം ജോലിക്കാര്‍ക്കിടയില്‍ പരക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് ഡേവിഡിനെ ഞാന്‍ ചട്ടം കെട്ടിയെങ്കിലും രാത്രികളില്‍ മ്യൂസിയത്തിനുള്ളില്‍ നിന്ന് അപശബ്ദങ്ങളും മറ്റും കേള്‍ക്കുന്നതായി ജോലിക്കാര്‍ പലപ്പോഴായി പറഞ്ഞു.  ഒരു തവണ മമ്മി പേടകത്തിന് മേലുണ്ടായിരുന്ന ഗ്ലാസ് ആവരണം തകര്‍ന്നതായി കാണപ്പെട്ടു. ഒരു രാത്രി പ്രദര്‍ശനമുറി വൃത്തിയാക്കാന്‍ വന്ന ഒരു താല്‍ക്കാലികജീവനക്കാരന്‍  പേടകത്തിനടുത്ത് നിലം തൂത്ത് കൊണ്ട് നില്‍ക്കുമ്പോള്‍ പേടകം വിറ കൊള്ളുന്നതായും നിലത്ത് ശക്തമായി കട കട ശബ്ദത്തോടെ ആഞ്ഞടിക്കുന്നത് കണ്ടു. അകത്ത് പൂട്ടിയിട്ട ആരോ രക്ഷപെടാന്‍ ശ്രമിക്കുന്നത് പോലെ. ഇത് മ്യൂസിയം ജീവനക്കാര്‍ക്കിടയിലും കഥകള്‍ പരക്കാന്‍ കാരണമായി. 1910 ഡിസംബറില്‍ വിചിത്രമായ ഒരു അപേക്ഷ മ്യൂസിയം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കപ്പെട്ടു. അതിന്‍റെ പിന്നില്‍ സ്റ്റെഡ് തന്നെയായിരുന്നു. മ്യൂസിയത്തില്‍ വച്ച്  അമെന്‍-റായുടെ ആത്മാവുമായി സംവദിക്കുന്നതിന് വേണ്ടി ഒരു പ്രേതാവാഹനസംഗമം (Seance) നടത്താനുള്ള അനുവാദം തേടിക്കൊണ്ടുള്ള അപേക്ഷയായിരുന്നു അത്. തോമസ്‌ ഡഗ്ലസ് മുറെയും സ്റ്റെഡിനൊപ്പം അപേക്ഷയില്‍ ഒപ്പ് വച്ചിരുന്നു.  എന്നാല്‍ പത്രങ്ങളിലും മറ്റും നിരന്തരം മ്യൂസിയത്തെ കേന്ദ്രീകരിച്ച് ഊതിപ്പെരുപ്പിച്ച കഥകള്‍ വരുന്നത് ഒരു ജ്ഞാനകേന്ദ്രമെന്ന നിലയില്‍ മോശം പ്രവണതയാണ് എന്നും അതിനെ പ്രോത്സാഹിപ്പിക്കുന്നത് ഒന്നും തന്നെ അനുവദിച്ചു കൂടാ എന്നാണ് മ്യൂസിയം തീരുമാനമെടുത്തത്. അത് കൊണ്ട് തന്നെ ആ അപേക്ഷ തള്ളിക്കളയപ്പെട്ടു.  മുകളില്‍ പറഞ്ഞത് പോലെ 1911 ജനുവരിയില്‍ കഫെ റോയലില്‍ വച്ച് ഒരിക്കല്‍ കൂടി ഞാനും സ്റ്റെഡും മുറെയും സര്‍ ആര്‍തറും ഒത്ത് കൂടി. ഒരു മണിക്കൂറിനുള്ളില്‍ ഹാമണ്‍ പ്രഭു ഞങ്ങളോടൊപ്പം കൂടുമെന്ന് സ്റ്റെഡ് അറിയിച്ചു.


കഴിഞ്ഞ മാസങ്ങളില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കെ  പ്രഭു എത്തി.  അദ്ദേഹം നേരെ മുറെയുടെ അടുത്തേയ്ക്കാണ് ചെന്നത്. “താങ്കള്‍ക്ക് സംഭവിച്ച നിര്‍ഭാഗ്യത്തില്‍ വളരെ ദു:ഖമുണ്ട്, മി. മുറെ. പക്ഷെ അത് ഒഴിവാക്കാനാവത്തതായിരുന്നു. താങ്കള്‍ എവിടെയായിരുന്നെങ്കിലും അത് സംഭവിക്കുമായിരുന്നു. മി. സ്റ്റെഡ്  എന്നോട് കാര്യങ്ങളെല്ലാം വിശദമായി എഴുതിയിരുന്നു.  നമ്മുടെയൊക്കെ ജീവിതങ്ങള്‍ ചിലപ്പോഴൊക്കെ തികച്ചും വിചിത്രമാണ്, അനിശ്ചിതവും ഭീതിജനകവും. ഏത് വിധേനയും മുന്നോട്ട് പോയേ മതിയാകൂ..”


“ഇരിക്കൂ, പ്രഭു.” 


ബെയറര്‍ വിസ്കിയും സോഡയും കൊണ്ട് വന്നു. ഒരു സിഗാറിന് തീ പിടിപ്പിച്ചു കൊണ്ട് ഹാമണ്‍ പ്രഭു സംസാരിച്ചു: 


“സ്നേഹിതരേ, ഞാന്‍ കുറച്ചൊക്കെ ഈ വിഷയത്തെക്കുറിച്ച് വായിക്കാനും മനസിലാക്കാനും ശ്രമിച്ചിരുന്നു.” പ്രഭു പറഞ്ഞു, ““അമെന്‍-റാ എന്ന് ഇപ്പോള്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ‘അശുഭകരമായ മമ്മി’യുടെ ചരിത്രം  അവ്യക്തവും അപൂര്‍ണവുമാണ്. ‘അമെന്‍-റാ’ എന്ന പേരില്‍ തന്നെ പിശകുണ്ട്. സൂര്യദേവനായ അമെന്‍-റായുടെ പുരോഹിത കൂടിയായിരുന്ന ഉന്നതകുലജാതയായ ഈ സ്ത്രീയെ പിന്നീട് ‘അമെന്‍-റാ’ എന്ന് തെറ്റായി പരാമര്‍ശിക്കപ്പെടുകയായിരുന്നു. അവര്‍ പതിനെട്ടാം ഈജിപ്ഷ്യന്‍ രാജവംശത്തിലെ രാജ്ഞി, ഫാരോവയായ ആദ്യ ഈജിപ്ഷ്യന്‍ വനിത, ഹാഷേപ്സൂതിന്റെ പുത്രി നെഫെറൂരെയാണ് എന്നാണ് ഒരു ഭാഷ്യം.  

“ഫാരോവ ഹാഷേപ്സൂതിന്‍റെ കാലത്ത് ഉയര്‍ന്ന ഔദ്യോഗികസ്ഥാനങ്ങള്‍ വഹിച്ചിരുന്നു രാജകുമാരിയായ  നെഫെറൂരെ. എന്നാല്‍ അവരെക്കുറിച്ചുള്ള ചരിത്രരേഖകള്‍ ഒരു കാലഘട്ടത്തിന് ശേഷം ദുരൂഹമാംവിധം  അപ്രത്യക്ഷമായതായിക്കാണാം.  ഹാഷേപ്സൂതിന് ശേഷം ഫാരോവയായത് അവരുടെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയിലുണ്ടായ പുത്രന്‍ തുത്മോസ് മൂന്നാമനാണ്. ശക്തയായ ഭരണാധികാരിയായ ഹാഷേപ്സൂത് മകളെ ഫാരോവയാക്കിയേക്കുമോ എന്നൊരു കിംവദന്തി ആ കാലത്ത് ഉണ്ടായിരുന്നെന്നും അത് കൊണ്ട് തന്നെ  രാജ്ഞിയുടെ മരണശേഷം നെഫറൂരെയുടെ ജീവിതത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ ഉള്ള  എല്ലാ രേഖകളും അവസാനിച്ചതില്‍ ദുരൂഹതയുണ്ടെന്നും ചില ചരിത്രകാരന്‍മാര്‍ സംശയിക്കുന്നു. ഇതിനു പുറമേ നെഫറൂരെ, രാജ്ഞിയ്ക്ക് ഫാരോവ തുത്മോസ് രണ്ടാമനിലുണ്ടായ പുത്രിയല്ലെന്നും മറിച്ച്, രാജ്ഞിയുടെ രാഷ്ട്രീയ ഉപദേശകനായിരുന്ന സെനന്‍മൂത്തുമായുള്ള രഹസ്യബന്ധത്തില്‍ ഉണ്ടായ പുത്രിയാണ് എന്നും വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്. അതെന്തായാലും ഈ സെനന്‍മൂത്തിന്‍റെ പില്‍ക്കാലജീവിതവും അന്ത്യവും ചരിത്രത്തിലെങ്ങുമില്ല. സൂചനകള്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ നെഫറൂരെയും അവളുടെ പിതാവ് എന്ന് കരുതപ്പെടുന്ന സെനന്‍മൂത്തും ഇല്ലാതാക്കപ്പെട്ടതാവാം. 

“രാജകുടുംബാംഗങ്ങളുടെ പരലോകജീവിതത്തിന്  വേണ്ടി ജഡങ്ങള്‍ ശവകുടീരങ്ങളില്‍ അടക്കപ്പെടുന്ന ഈജിപ്ഷ്യന്‍ ആചാരം രാജശത്രുക്കളെ ഇല്ലാതാക്കാന്‍ വേണ്ടി ഗൂഢാലോചകര്‍ ഉപയോഗിച്ചിട്ടുള്ള സാഹചര്യവും ചരിത്രത്തില്‍ അപൂര്‍വമല്ല. കൈകാലുകള്‍ വെട്ടിമാറ്റിയ രീതിയിലും ശിരസ് ഛേദിച്ച അവസ്ഥയിലും മമ്മികള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്ത് ഓക്സ്ഫോര്‍ഡില്‍ നിന്ന് കണ്ടെടുക്കപ്പെട്ട നമ്മുടെ കഥാനായികയുടെ മൃതദേഹം ഛിന്നഭിന്നമാക്കിയത് ശവമോഷ്ടാക്കള്‍ തന്നെയായിരി ക്കണമെന്നില്ല. അവരുടെ സമകാലികശത്രുക്കള്‍ തന്നെയാകാം. അത് കൊണ്ടും അവസാനിച്ചില്ല, അവര്‍ ജീവിച്ചിരുന്ന കാലത്തെ അവരുടെ നേട്ടങ്ങളെല്ലാം, അവരുടെ പേര് പോലും നശിപ്പിക്കപ്പെടുകയും ചെയ്തു. ശക്തയായിരുന്ന ഫാരോവ ഹാഷേപ്സൂതിന്‍റെ കീര്‍ത്തിമുദ്രകള്‍ പോലും നശിപ്പിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ അവരുടെ മരണശേഷം മകള്‍ക്ക് അത് സംഭവിച്ചിട്ടുണ്ട് എങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല.  

“ഇപ്പോള്‍ ഇവിടെ നിന്ന് ചിന്തിക്കുമ്പോള്‍, അസുഖകരമായ ഒരു ഭൂതകാലത്തിന്‍റെ സ്മരണികകള്‍ സൂക്ഷിച്ച് വയ്ക്കുന്നത്, ശേഖരിക്കുന്നത് പലപ്പോഴും ഭീകരമായ ഫലങ്ങള്‍ സൃഷ്ടിച്ചേക്കാം എന്നാണ് എന്റെ പക്ഷം. കടുത്ത വേദനയോടെ, പകയോടെ ഒരാള്‍  മരണപ്പെടുമ്പോള്‍, ആ വികാരങ്ങള്‍ ശേഷിക്കുമെന്ന് മാത്രമല്ല, കാലങ്ങളോളം നില നില്‍ക്കും. അവരുമായി ബന്ധപ്പെട്ട ഇടങ്ങളുമായും വസ്തുക്കളുമായും ഓര്‍മ്മകളുമായും   ആ വികാരങ്ങള്‍ സജീവമായി സംവദിക്കും. അത്തരം സ്മരണികകള്‍ സ്വന്തമാക്കുക എന്നാല്‍ ആ ക്രോധത്തെ ഏറ്റു വാങ്ങുക എന്നാണ് അര്‍ത്ഥം. വ്യക്തിയോ, വസ്തുക്കളോ, ഒരു പ്രദേശം തന്നെയോ ആ ക്രോധത്തിനിരയായി മാറിയേക്കാം.   മുറേയ്ക്ക് ഞാനത് വിശദീകരിക്കേണ്ടതില്ല.  അതില്‍ നിന്ന് രക്ഷനേടാന്‍ നമുക്ക് ചെയ്യാനുള്ളത്, നമ്മുടെ ചിന്തകളുടെയും സാന്നിധ്യത്തിന്‍റെയും പരിസരത്ത് നിന്ന് അതിനെ അകറ്റി നിര്‍ത്തുക എന്നത് മാത്രമാണ്.”

“അതെങ്ങനെ സാധിക്കും എന്നതാണ് നമ്മള്‍ ഇപ്പോള്‍ നേരിടുന്ന ഒരു പ്രശ്നം.” ഞാന്‍ പറഞ്ഞു. 

“സത്യത്തില്‍ അത് മ്യൂസിയത്തില്‍ ആയിരിക്കുക എന്നത് ഒരു നല്ല സാധ്യതയായാണ്‌ എനിക്ക് തോന്നിയത് “ പ്രഭു പറഞ്ഞു, “ഒരു വ്യക്തിയുടെ പക്കലിരുന്ന് അയാള്‍ക്കും അയാള്‍ക്ക് ചുറ്റുമുള്ളവര്‍ക്കും ആപത്ത് വരുത്തി വയ്ക്കുന്നതിനേക്കാള്‍ നല്ലതല്ലേ ഒരു സ്ഥാപനത്തില്‍, അതും  ഏറ്റവും മികച്ച രീതിയില്‍ അത് സംരക്ഷിക്കാവുന്ന ഒരിടത്ത് അതിരിക്കുന്നത്?”

“അതെ.” സര്‍ ആര്‍തര്‍ പറഞ്ഞു, “അതേ യുക്തി കൊണ്ടാണ് അത് മ്യൂസിയത്തിന് സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചതും സര്‍ ഏണസ്റ്റിനെ സമീപിച്ചതും.”

“പക്ഷെ നിങ്ങള്‍ ആരും തന്നെ ഈ പേടകത്തിന്‍റെ പിന്നിലെ കഥകള്‍ എന്നോട് പറഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. പേടകം മ്യൂസിയത്തില്‍ ശല്യങ്ങള്‍ തുടങ്ങുകയും അത് ഒരു മരണത്തില്‍ കലാശിക്കുകയും ചെയ്ത ശേഷമാണ് നിങ്ങള്‍ മൂവരും എന്നോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അതും ഞാന്‍ ചോദിച്ച ശേഷം. സത്യത്തില്‍ ഇപ്പോള്‍ ഇത് മ്യൂസിയത്തില്‍ അനാവശ്യമായ ചര്‍ച്ചകളും വാര്‍ത്തകളും സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.  മമ്മിയെക്കുറിച്ചും പേടകത്തെക്കുറിച്ചും ഉദ്വേഗജനകമായ വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയതില്‍ സ്റ്റെഡിനോടാണ് നന്ദി പറയേണ്ടത്, ശരിയല്ലേ?”

“സര്‍ ഏണസ്റ്റ് പറഞ്ഞത് ശരിയാണ്”, മുറെ പറഞ്ഞു, “സത്യത്തില്‍ വളരെ വിഷമമുണ്ട് ഇങ്ങനെയെല്ലാം സംഭവിച്ചതില്‍. താങ്കളോട് ഇതേക്കുറിച്ച് സംസാരിക്കണമെന്ന് തന്നെയാണ് വിചാരിച്ചിരുന്നത്.  ഈജിപ്ഷ്യന്‍ പഠനങ്ങളില്‍ താങ്കളെപ്പോലെ പാണ്ഡിത്യമുള്ള ഒരാളുടെയടുക്കല്‍ ഒറ്റനോട്ടത്തില്‍ അന്ധവിശ്വാസമെന്ന് തോന്നാവുന്ന ഇതെല്ലാം അവതരിപ്പിക്കാന്‍ ജാള്യതയുണ്ടായിരുന്നു, അതിന്‍റെ ദുരന്തങ്ങള്‍ ഏറെ നേരിട്ട് ഞാന്‍ കണ്ടുവെങ്കില്‍ പോലും. ഇപ്പോള്‍ വളരെ ആത്മാര്‍ത്ഥമായി ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്, ഈ തലവേദന താങ്കളുടെ ഔദ്യോഗിക ചുമതലയുള്ള വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയെടുക്കണം എന്ന്.”

സര്‍ ആര്‍തറും സ്റ്റെഡും അതിനോട് യോജിച്ചു. പക്ഷെ അത് അത്ര എളുപ്പമായിരുന്നില്ല. 

“മ്യൂസിയത്തിലെ ശേഖരത്തിലേയ്ക്ക് ഔദ്യോഗികമായി ചേര്‍ക്കപ്പെട്ട ഒരു വസ്തു മതിയായ കാരണങ്ങളില്ലാതെ ഒഴിവാക്കുക എളുപ്പമല്ല. ഞാന്‍ ഉദ്ദേശിച്ചത്, ഈ പറഞ്ഞ കാരണങ്ങള്‍ ഒരു മ്യൂസിയത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട കമ്മിറ്റിയില്‍  ഉന്നയിക്കാവുന്നതല്ല.”

“പക്ഷെ, സര്‍ ഏണസ്റ്റ്,” മുറെ പറഞ്ഞു,  “അതിന് ഒരു പരിഹാരം താങ്കള്‍ക്ക് കണ്ടെത്താന്‍ കഴിയുമെങ്കില്‍, ഈ പേടകം സ്വകാര്യശേഖരത്തിലേയ്ക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ തീര്‍ച്ചയായും ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. അതും ഇതിന്‍റെ പിന്‍കഥകള്‍ അറിഞ്ഞു കൊണ്ട്  സസന്തോഷം സ്വീകരിക്കുന്നവര്‍. അവരുടെ വികാരം മനസ്സിലാക്കാന്‍ എനിക്ക് പ്രയാസമില്ല, ഒരു കാലത്ത് എനിക്കും അത്തരം സാഹസികതകളില്‍ വളരെ താല്പര്യമുണ്ടായിരുന്നു.”

“മനുഷ്യരുടെ മാനസികാവസ്ഥയിലാണ് എല്ലാമിരിക്കുന്നത്”, ഹാമണ്‍ പ്രഭു പറഞ്ഞു, “മരണം മുന്‍കൂട്ടി പ്രവചിക്കപ്പെട്ട വിശ്വാസിയായ ഒരു മനുഷ്യന്‍ മരണത്തിലേയ്ക്ക് നടന്നടുക്കുകയായിരിക്കില്ല ഒരു പക്ഷെ ചെയ്യുന്നത്. പകരം സ്വയം പാകപ്പെട്ട് മരണത്തെ  വിളിച്ചു വരുത്തുകയാകും. അയാള്‍ അതറിയുന്നില്ല എന്ന് മാത്രം. നമ്മളില്‍ ചിലര്‍ക്ക് അനുഭവപ്പെട്ട ഈ പ്രതിഭാസം ചില മാനസികാവസ്ഥയിലുള്ള മനുഷ്യര്‍ക്ക് അനുഭവപ്പെടമെന്ന് തന്നെയില്ല.  ഇത് അനുഭവപ്പെട്ടവരുടെ മനസ് അറിഞ്ഞോ അറിയാതെയോ ആ അനുഭവങ്ങളെ പ്രതീക്ഷിക്കുന്നതായിരുന്നു. വളരെ താല്‍പര്യപൂര്‍വ്വം പേടകം സ്വന്തമാ ക്കാന്‍ ആഗ്രഹിക്കുന്നവരെ മുറെ കണ്ടെത്തുന്ന പക്ഷം  അത് കൊടുക്കുന്നതില്‍ തെറ്റില്ല, സര്‍ ഏണസ്റ്റ്. അതായത്, ഔദ്യോഗികമായ നൂലാമാലകളില്‍ നിന്നൂരിയെടുക്കാമെങ്കില്‍.”


മാനസികാവസ്ഥകളെക്കുറിച്ചുള്ള ഹാമണ്‍ പ്രഭുവിന്‍റെ നിരീക്ഷണം ഞങ്ങളെയെല്ലാം ഒരു നിമിഷം ചിന്താകുലരാക്കി. നമ്മെക്കുറിച്ച് നമ്മള്‍ കരുതുന്നതായിരിക്കണമെന്നില്ല സത്യം.  പേടകം ഏറ്റു വാങ്ങാന്‍ താല്പര്യ മുള്ളവര്‍ക്ക് കൊടുക്കുന്നതില്‍ തെറ്റില്ല എന്ന് പ്രഭു പറഞ്ഞത് മുറെയ്ക്ക് വലിയ പ്രോത്സാഹനമായി.  സ്റ്റെഡും അതിനോട് യോജിച്ചു. അദ്ദേഹം പറഞ്ഞു: 

“സര്‍ ഏണസ്റ്റ്, അമേരിക്കയിലും കാനഡയിലും മറ്റും സ്വകാര്യപുരാവസ്തു ശേഖരമുള്ള ചിലരെ എനിക്കറിയാം. കുറച്ച് കാലം ഒന്ന് ക്ഷമിക്കൂ. ആര്‍ക്കും പ്രശ്നവുമില്ലാതെ ഇത് പരിഹരിക്കാനുള്ള ഒരു മാര്‍ഗം ഞാന്‍ കണ്ടെത്താം. എന്ന് വച്ചാല്‍ മ്യൂസിയത്തില്‍ നിന്ന് യാതൊരു വിധത്തിലും പ്രശ്നങ്ങളില്ലാതെ  പേടകം അവിടെ നിന്ന് ഒഴിവാക്കാനുള്ള ഒരു മാര്‍ഗം.”

    സ്റ്റെഡ് ആ പറഞ്ഞത് കേട്ടപ്പോള്‍ അത്ര നേരായ ഒരു മാര്‍ഗമാണ് എന്ന് തോന്നിയില്ല.

 ഞാന്‍ അത് പറയാന്‍ തുടങ്ങുമ്പോള്‍ സര്‍ ആര്‍തര്‍ പറഞ്ഞു:  “അത് അവിടെ നിന്ന് മോഷ്ടിച്ചു കൊണ്ട് പോകുകയാണ് മാര്‍ഗം എന്ന് മാത്രം പറയരുത്,  വില്യം.” 

“ഇല്ല. ഏറെ താമസിയാതെ നമുക്ക് ഒരിക്കല്‍ കൂടി ഇവിടെ സംഗമിക്കാം സ്നേഹിതരേ”, സ്റ്റെഡ് പറഞ്ഞു, “ഞാന്‍ നിമിത്തം ഈ മമ്മി പേടകത്തെക്കുറിച്ച് ചില നിറം പിടിപ്പിച്ച കഥകള്‍  അച്ചടിച്ചു വന്നു എന്ന് സര്‍ ഏണസ്റ്റ് പറഞ്ഞത് ശരിയാണ്.  അങ്ങനെ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും സംഭവിച്ചു പോയതാണ്. വസ്തുതകള്‍ പുറത്ത് വരണം എന്ന് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. പെരുപ്പിച്ച് എഴുതുക ചില പത്രപ്രവര്‍ത്തകരുടെ രീതിയാണ്. എന്നാല്‍ ഈ ലേഖനങ്ങള്‍ അറ്റ്‌ലാന്‍റിക്കിന് മറുവശത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട തായാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അവയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള നിരവധി അന്വേഷണങ്ങളും കത്തുകളുമാണ് ഓഫീസില്‍ കുമിഞ്ഞു കൂടുന്നത്. പല അമേരിക്കന്‍ പുരാവസ്തു ഗവേഷകര്‍ ക്കും ഇതില്‍ വലിയ താല്പര്യമുണ്ട്.  അവരില്‍ ചിലര്‍ക്ക് ഒരു പക്ഷെ ഈ പേടകം വാങ്ങാന്‍ താല്‍പര്യമുണ്ടാകും.”


എങ്കില്‍ ഇത് നിങ്ങള്‍ക്ക് മുന്‍പേ ചെയ്യാന്‍ പാടില്ലായിരുന്നോ എന്നാണ് അപ്പോള്‍ എനിക്ക് തോന്നിയത്. എന്‍റെ ഭാവത്തിന്‍റെ അര്‍ത്ഥം മനസിലാക്കിയിട്ടെന്നോണം സ്റ്റെഡ് പറഞ്ഞു: “അല്ല, സര്‍ ഏണസ്റ്റ്,  ബ്രിട്ടീഷ് മ്യൂസിയത്തിന്‍റെ പ്രദര്‍ശനവസ്തുവെന്ന നിലയിലാണ് ഈ വാര്‍ത്തകള്‍ ശ്രദ്ധേയമായത്. അതിന് മുന്‍പും വാര്‍ത്തകള്‍, കഥകള്‍, കിംവദന്തികള്‍ ഒക്കെ അച്ചടിച്ചു വന്നിട്ടുണ്ട്. പക്ഷെ അപ്പോള്‍ അതിന് വിശ്വാസ്യത ഉണ്ടായിരുന്നില്ല.” 

സ്റ്റെഡ് അറിയിക്കുന്നത് പ്രകാരം ഇനി സന്ധിക്കാം എന്ന് തീരുമാനിച്ച് ഞങ്ങള്‍ അന്ന് പിരിഞ്ഞു. സംഭവരഹിതമായി ദിവസങ്ങള്‍ നീങ്ങി.  ഈ വിഷയം അപ്പോഴും സജീവമായി നിന്നിരുന്നു. ഗോസ്റ്റ് ക്ലബ്, ലണ്ടന്‍ സ്പിരിച്ച്വലിസ്റ്റ് അലയന്‍സ്ക്വസ്റ്റ് സൊസൈറ്റി എന്നിങ്ങനെ പ്രകൃത്യാതീത പ്രതിഭാസങ്ങളില്‍ താല്പര്യമുള്ള നിരവധി പ്രസ്ഥാനങ്ങള്‍ ലണ്ടന്‍ നഗരത്തിലുണ്ടായിരുന്നത് കൊണ്ട്  അവരുടെ മുഖമാസികകളിലും മറ്റും അമെന്‍-റായുടെ പേടകത്തെക്കുറിച്ച് ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ ലേഖനങ്ങള്‍ വന്ന് കൊണ്ടിരുന്നു.

1911 ഫെബ്രുവരി 25 ന്  എനിക്ക് മി. സ്റ്റെഡിന്‍റെ ടെലഗ്രാം ലഭിച്ചു. വൈകുന്നേരം ആറു മണിയ്ക്ക് 5, സ്മിത്ത് സ്ക്വയര്‍, വെസ്റ്റ്‌മിന്‍സ്റ്ററിലുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിച്ചേരാന്‍ അറിയിച്ചു കൊണ്ടുള്ളതായിരുന്നു ടെലഗ്രാം.  പറഞ്ഞ സമയത്ത് ഞാന്‍  സ്റ്റെഡിന്‍റെ വീട്ടിലെത്തി.  മുറെയും സര്‍ ആര്‍തറും എത്തിയിരുന്നു.  വളരെ മനോഹരമായി നിര്‍മിച്ച ഒരു ഇരുനില വീടായിരുന്നു അത്.  സ്റ്റെഡ് ഞങ്ങളെ വീടിന്‍റെ നിലവറയിലേയ്ക്ക് നയിച്ചു. അടുത്ത കാലത്ത് കാര്യമായ എന്തോ ആശാരിപ്പണി നടന്ന പോലെ തോന്നിച്ച നിലവറ.  ചണം കൊണ്ടുണ്ടാക്കിയ ഒരു വലിയ ഷീറ്റ് കൊണ്ട് മൂടിയ ഒരു മേശയുടെ മുന്നിലേയ്ക്കാണ് ഞങ്ങള്‍ എത്തിയത്. എന്താണ് ഇത്ര കണ്ട് രഹസ്യം എന്ന് ഞാന്‍ ചിന്തിക്കെ സ്റ്റെഡ് പറഞ്ഞു: 

“സര്‍ ഏണസ്റ്റ്, ഇതെങ്ങനെയുണ്ട് എന്ന് പറയുക.” തുടര്‍ന്ന് അയാള്‍ ആ ഷീറ്റ് വലിച്ചെടുത്തു.  


    ആ കാഴ്ച കണ്ട് ഞാന്‍ സ്തബ്ധനായി. മുന്നില്‍ അതാ, അമെന്‍-റായുടെ ശവപേടകം!!

“ഇതെങ്ങനെ? ഇതെങ്ങനെ ഇവിടെയെത്തിച്ചു?”

“സര്‍ ഏണസ്റ്റ്,  പേടകം ഇവിടെയെത്തിച്ചതല്ല. മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന അമെന്‍-റായുടെ പേടകത്തിന്‍റെ അതേ മാതൃകയില്‍ നിര്‍മ്മിച്ച മറ്റൊരു പേടകമാണ് ഇത്.”

ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒരു സൃഷ്ടിയായിരുന്നു അത്. കാലപ്പഴക്കത്തിന്‍റെ നിറം പോലും അതേ പടി പുനര്‍സൃഷ്ടിച്ചിരിക്കുന്നു. ചിത്രാക്ഷരങ്ങളും വര്‍ണങ്ങളുടെ വിന്യാസവുമെല്ലാം അതേ പോലെ തന്നെ. അത് ചെയ്തത് ആരായാലും അയാള്‍ ഒരു വിദഗ്ധനാണ് എന്നതില്‍ സംശയമില്ല.  എന്നാല്‍ അടുത്ത നിമിഷം സ്റ്റെഡിന്‍റെ ചിന്തയുടെ ദിശ എന്താണ് എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. മ്യൂസിയം മാനേജ്മെന്‍റിന്‍റെ യാതൊരു വിധ എതിര്‍പ്പുകളുമില്ലാതെ പേടകം അവിടെ നിന്ന് ഒഴിവാക്കാനുള്ള മാര്‍ഗവുമായി വീണ്ടും സന്ധിക്കാം എന്ന് പറഞ്ഞാണ് ഒടുവില്‍ പിരിഞ്ഞത്. ഇപ്പോള്‍ ഇത്…

“സ്റ്റെഡ്, എന്താണ് ഈ വ്യാജ പേടകം കൊണ്ട് ഉദ്ദേശിക്കുന്നത്?”

“സര്‍ ഏണസ്റ്റ്, താങ്കള്‍ ഊഹിച്ചത് തന്നെ.  ഈ പേടകം മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കുക.  യഥാര്‍ത്ഥ പേടകം അവിടെ നിന്ന് മാറ്റുക!”

എനിക്ക് ചിരി വന്നു. “സ്റ്റെഡ്, നിങ്ങള്‍ ഇപ്പോഴും അലക്സാന്ദ്രെ ഡ്യൂമായുടെ പുസ്തകങ്ങള്‍ വായിക്കുന്നത് നിര്‍ത്തിയിട്ടില്ല എന്ന് തോന്നുന്നു? പറയുന്നത് പോലെ എളുപ്പമല്ല അത്.  മ്യൂസിയങ്ങളില്‍ മാത്രം മോഷണം നടത്താറുള്ള വിദഗ്ദ്ധരായ ചില കള്ളന്മാര്‍ വ്യാജരത്നമോ, കിരീടമോ ഒക്കെ തല്‍സ്ഥാനത്ത് സ്ഥാപിച്ച് യഥാര്‍ത്ഥ വസ്തു മോഷ്ടിക്കാറുണ്ട്. അതേ പദ്ധതി തന്നെയാണ് സ്റ്റെഡ് പറയുന്നത്. ആശയം പറഞ്ഞപ്പോള്‍ തന്നെ അത് മോഷണം ആകരുത് എന്ന് സര്‍ ആര്‍തര്‍ സൂചിപ്പിച്ചിരുന്നത് ഓര്‍മ്മയുണ്ടല്ലോ.”

സര്‍ ആര്‍തര്‍ ഒരു ചിരിയോടെ തന്‍റെ ചുരുട്ടില്‍ നിന്ന് പുക പ്രക്ഷേപിച്ചു.  ഞങ്ങളുടെ ഭാഷണം ശ്രദ്ധിച്ചു കൊണ്ട് നിശബ്ദനായി നിന്നിരുന്ന മുറെ സംസാരിച്ചു:

 “പക്ഷെ, നമ്മുടെ ഉദ്ദേശ്യശുദ്ധി മോഷണമല്ല, സര്‍ ഏണസ്റ്റ്.  നമുക്കോ, മറ്റുള്ളവര്‍ക്കോ ഇനി അതല്ല, മ്യൂസിയത്തിനോ നഗരത്തിനോ ഈ രാജ്യത്തിന് പോലും അശുഭകരമായി തീരാന്‍ സാധ്യതയുള്ള ഒരു വസ്തു, അത് ഒഴിവാക്കാന്‍ വേണ്ടിയാണ് നമ്മള്‍ ഇത് ചെയ്യുന്നത്. അതിന്‍റെ മാരകമായ ഫലം അനുഭവിച്ചറിഞ്ഞ ഒരാള്‍ എന്ന നിലയില്‍ ഇത് ചെയ്യുന്നതില്‍ തെറ്റില്ല എന്നാണ് എന്‍റെ അഭിപ്രായം.”

“എന്നിട്ട് യഥാര്‍ത്ഥ പേടകം എന്താണ് ചെയ്യാന്‍ പോകുന്നത്?”

സ്റ്റെഡ് പറഞ്ഞു: “സര്‍ ഏണസ്റ്റ്, ആ തലവേദന ഞങ്ങള്‍ക്ക് വിടുക.  ആ പേടകം സ്വകാര്യ ശേഖരത്തില്‍ സൂക്ഷിക്കാന്‍ താല്‍പര്യപ്പെടുന്ന ഒരാള്‍ക്ക് നമ്മള്‍ അത് കൈമാറും. ഈ വിവരം അയാളും നമ്മള്‍ മൂവരുമല്ലാതെ ഈ ആംഗലേയഭൂമിയില്‍ ഒരു കുഞ്ഞു പോലുമറിയില്ല.  കൃത്യമായി പറഞ്ഞാല്‍ അടുത്ത വര്‍ഷം ഈ സമയത്ത് പേടകം കടല്‍ കടക്കും. പിന്നെ കാതങ്ങള്‍ക്കപ്പുറം  ഏതോ അവിശ്വാസിയായ പുരാവസ്തു ഗവേഷകന്‍റെ സ്വകാര്യശേഖരത്തില്‍.”

അടുത്ത ഊഴം സര്‍ ആര്‍തറിന്‍റെയായിരുന്നു: “ഇവര്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന് ഞാന്‍ കരുതുന്നു, സര്‍ ഏണസ്റ്റ്.  ഇതൊരു നേരായ നടപടിയല്ല എന്ന് തോന്നാം. പക്ഷെ ഓരോ സന്ദര്‍ഭവും വ്യത്യസ്തമാണ്. നമ്മള്‍ ഈ തീരുമാനത്തില്‍ എത്തിച്ചേരുന്നതിന് നമ്മുടേതായ കാരണമുണ്ട്. നമ്മള്‍ക്ക്  അത് തീര്‍ത്തും ബോധ്യമുണ്ട് താനും.”

ഞാന്‍ അത്ര കടും പിടുത്തക്കാരനൊന്നുമായിരുന്നില്ല. എങ്കിലും ഇങ്ങനെ ഒരു കാര്യം പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന പരിണിതഫലം വളരെ രൂക്ഷമായിരിക്കും. എന്നാല്‍ പേടകം ഒഴിവാക്കാന്‍ സാധിച്ചാല്‍ അതേക്കുറിച്ചുള്ള അനാവശ്യമായ ചര്‍ച്ചകളും അത് വഴിയുള്ള ‘ശല്യങ്ങളും’ ഒഴിവാക്കുകയും ചെയ്യാം. മ്യൂസിയത്തില്‍ ഈ വ്യാജപേടകം സ്ഥാപിക്കുന്നതോടെ എല്ലാം എന്നെന്നേയ്ക്കും അടങ്ങുകയും ചെയ്യും.  എങ്കിലും അപ്പോള്‍ ധൃതിപ്പെട്ട് ഞാന്‍ ഒരു മറുപടി പറഞ്ഞില്ല. പേടകം ആരുമറിയാതെ മാറ്റി മറ്റൊന്ന് അവിടെ സ്ഥാപിക്കുന്നതിനുള്ള പ്രായോഗികമായ തടസ്സങ്ങള്‍ എന്ത്,  എന്ന് പരിശോധിച്ചതിന് ശേഷം പറയാം എന്ന് ഞാന്‍ അവരോട് പറഞ്ഞ് അവിടെ നിന്ന് മടങ്ങി.

ഒരു ദിവസം ഞാൻ വളരെ വൈകും വരെ മ്യൂസിയത്തിൽ നിന്നു. ആളൊഴിഞ്ഞ, നിഴലും വെളിച്ചവും വീണ മ്യൂസിയം ഹാളിലൂടെ എൻ്റെ തന്നെ കാൽ പെരുമാറ്റം കേട്ടു കൊണ്ട് നടക്കുമ്പോൾ ഓർത്തു, സ്റ്റാഫായ ഡേവിഡിനെക്കൂടി വിശ്വാസത്തിലെടുക്കാതെ പേടകം മാറ്റി പുതിയത് വയ്ക്കാനാവില്ല. 


    EA 22542 എന്ന നമ്പരിൽ രേഖപ്പെടുത്തിയ പേടകത്തിന് മുന്നിൽ ഞാൻ നിന്നു. നിശബ്ദത! മൃതദേഹത്തിൻ്റെ ഭീതിദമായ രൂപം ചിത്രീകരിച്ച മഞ്ഞകലർന്ന തവിട്ടു നിറമുള്ള പേടകം നെടുനീളത്തിൽ മുന്നിൽ കിടന്നു. മലർക്കെത്തുറന്ന രീതിയിലുള്ള കണ്ണുകൾ ജീവനുള്ളത് പോലെ. ഒറ്റയ്ക്ക് അവിടെ നിൽക്കുന്ന അവസ്ഥയുടെ അപായ സാധ്യതയെക്കുറിച്ച് ഒരു നിമിഷം ചിന്തയുണ്ടായി. അരണ്ട വെളിച്ചം പ്രതിഫലിച്ചു കിടക്കുന്ന ഇരുവശത്തേയ്ക്കും ഞാൻ നോക്കി.  ഒരു തുരങ്കത്തിൻ്റെ അങ്ങേയറ്റത്ത് നിന്ന് ആരംഭിക്കുന്ന  നേരിയൊരു ശബ്ദം വലുതായി വലുതായി അടുത്ത് വരുന്നത് പോലെ ഭീതി എൻ്റെയരികിലേയ്ക്ക് അരിച്ചെത്തുന്നത് ഞാനറിഞ്ഞു. ഇത്തരം സാഹചര്യങ്ങൾ ജീവിതത്തില്‍ വരുത്തി വയ്ക്കാന്‍ പാടില്ലാത്തതാണ്. ഭീതി പ്രസരിപ്പിക്കുന്നതെന്ന് കരുതപ്പെടുന്ന ഒരു സ്രോതസിനടുത്ത് ഏകനായി നിലകൊള്ളുക. അപരിചിതമായ ഒരു നേർത്ത ശ്വാസം മതിയാകും മനസിൻ്റെ സമനില തെറ്റിയ്ക്കാൻ! എങ്കിലും ആ തോന്നലിനെ എതിർക്കാനുള്ള സഹജ ബോധത്തോടെ ഞാൻ അവിടെത്തന്നെ നിന്നു. എൻ്റെ ചുണ്ടുകൾ മന്ത്രിച്ചു:


 “ഓ, പുരാതന സ്ത്രീരത്നമേ, എന്താണ് നിൻ്റെ രഹസ്യം? നീയാരാണ്? അമെൻ-റാ ദേവൻ്റ ക്ഷേത്രപുരോഹിതയായ അഹോതെപ്പോ, ഫാരോവ ഹാഷേപ്സൂതിൻ്റെ പുത്രി നെഫറൂരെയോ?” 


എൻ്റെ ശബ്ദം അവസാനിച്ച ആ കൃത്യനിമിഷം വലിച്ചു മുറുക്കിയ കൊളുത്ത് വേർപെടുത്തിയ വിധത്തിൽ പേടകത്തിൻ്റെ അടപ്പിൽ നിന്ന് കാതടപ്പിക്കുന്ന ഒരു പലകശബ്ദമുയർന്നു!! നിശബ്ദതയെ ചിതറിച്ച ആ അപ്രതീക്ഷിത ശബ്ദമുണ്ടാക്കിയ ഞെട്ടലിൽ എൻ്റെ ശരീരം വേച്ചു പോയി. കൊടുംഭീതിയിൽ വയറ്റിൽ നിന്നുയർന്ന ഒരു തീക്കട്ട എന്‍റെ ശിരസ്  വരെ പൊള്ളിച്ചു. മുട്ട് വിറയ്ക്കുന്ന കാലുകളോടെ എൻ്റെ പ്രായം പോലും മറന്ന് ഞാൻ ഹാളിൽ നിന്ന് ഓടി. വലിയ കാലടി കേട്ടിട്ടാവണം ആരോ ഹാളിൻ്റെ വാതിൽ കടന്ന് അകത്തേയ്ക്ക് പ്രവേശിച്ചു. അത് ഡേവിഡ് ആയിരുന്നു.


“എന്ത് പറ്റി, സർ?”


കുറച്ചു നേരം മുഖത്തേയ്ക്ക് നോക്കി നിൽക്കുകയല്ലാതെ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഡേവിഡ് എൻ്റെ തോളുകൾ മുകളിലൂടെ ഞാൻ കടന്ന് വന്ന ഹാളിലേയ്ക്ക് ഒന്ന് നോക്കി. പിന്നെ എന്നോടൊപ്പം പുറത്തേയ്ക്ക് അനുഗമിച്ചു. 


എന്തായിരുന്നു സംഭവിച്ചത്? കയറുപയോഗിച്ച് വലിച്ചു മുറുക്കിക്കെട്ടിയ പേടകത്തിൻ്റെ അടപ്പിൻ്റെ കയർ പൊട്ടി അത് തുറക്കുകയായിരുന്നോ? അതോ മുകളിൽ നിന്ന് എന്തെങ്കിലും വീണതോ? അറിയില്ല.


അന്ന്  ഫെബ്രുവരി 27 ആയിരുന്നു. പക്ഷേ പേടകം അവിടെ നിന്ന് മാറ്റണം എന്ന് എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഒരു ദുരന്തം കൂടി സംഭവിക്കേണ്ടി വന്നു.  എന്നെന്നേയ്ക്കും ആ ശവപേടകം, മ്യൂസിയമെന്നല്ല ബ്രിട്ടീഷ് ദ്വീപ്‌ തന്നെ വിട്ടു പോകട്ടെ എന്ന് ഞാന്‍ തീരുമാനിച്ചത് 1911, മാര്‍ച്ച് ആറാം തീയതി രാത്രി വീട്ടില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു. ഓ ദൈവമേ, എൻ്റെ സ്നേഹിതൻ, തോമസ് ഡഗ്ലസ് മുറേയുടെ ശവസംസ്കാരം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഞാൻ ആ തീരുമാനമെടുത്തത്. ദൈവമേ, അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. 


നാല്

മ്യൂസിയത്തിനുള്ളിലെ സാഹസികത



മുറെയുടെ മരണം സത്യത്തില്‍ എനിക്കൊരു ആഘാതം തന്നെയായിരുന്നു. ആ പേടകവുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പുണ്ടായ ദുരന്തങ്ങളൊക്കെ എനിക്ക് വെറും കേട്ടുകേള്‍വികളും അതിന്‍റെ ഇരകള്‍ എനിക്ക് അപരിചിതരുമായിരുന്നു. എന്നാല്‍ വളരെ അടുത്തിടപഴകിയിരുന്ന മുറെയുടെ പെട്ടെന്നുണ്ടായ മരണം എന്നെ അകംപുറം മറിച്ചു കളഞ്ഞു.  എത്ര തന്നെ അപായസാധ്യതയുണ്ടെങ്കിലും സ്റ്റെഡും മുറെയും സര്‍ ആര്‍തറും നിര്‍ദേശിച്ച പ്രകാരം വ്യാജപേടകം മ്യൂസിയത്തില്‍ സ്ഥാപിച്ച്  യഥാര്‍ത്ഥ പേടകം സ്വകാര്യവ്യക്തിയ്ക്ക് കൈമാറുന്ന ഭ്രാന്തന്‍പദ്ധതി തന്നെ പിന്തുടരാം എന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. 

പേടകത്തിന്‍റെ ചരിത്രം മനസിലാക്കിക്കൊണ്ട് അത് വാങ്ങാന്‍ തയ്യാറാകുന്ന ഒരാള്‍; അതിഗൂഢമാംവിധം പേടകം പരസ്പരം വച്ച് മാറിക്കൊണ്ടാണ് കൈമാറ്റം സാധ്യമാകുന്നത് എന്നും ഇടപാടിന്‍റെ രഹസ്യസ്വഭാവം ഇനിയുള്ള കാലം രഹസ്യമായി സൂക്ഷിക്കേണ്ടതാണ് എന്നും മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍; അങ്ങനെയൊരാളെയായിരുന്നു സ്റ്റെഡ് തിരഞ്ഞത്.  എങ്കിലും അത് എളുപ്പമായിരുന്നില്ല. മാസങ്ങള്‍ കടന്ന് പോയി. 

1911 ആഗസ്റ്റ്‌ മാസത്തില്‍  ഞാനും സര്‍ ആര്‍തറും സ്റ്റെഡ് മുന്‍കൂട്ടി പറഞ്ഞ പ്രകാരം കഫെ റോയലില്‍ വച്ച് സന്ധിച്ചു. സ്റ്റെഡിനോടൊപ്പം ഒരു അപരിചിതനും കൂടിയുണ്ടായിരുന്നു. സ്റ്റെഡ് പരിചയപ്പെടുത്തി: 

“മാന്യരേ, ഇത് ഡോ. ജോനാതന്‍ ട്രെവര്‍. സാന്‍ ഫ്രാന്‍സിസ്കോയില്‍ അദ്ദേഹത്തിന് ഒരു സ്വകാര്യ പുരാവസ്തു ശേഖരമുണ്ട്.  അമെന്‍-റായുടെ ശവപേടകം വാങ്ങാന്‍ അദ്ദേഹത്തിന് താല്പര്യമുണ്ട്. വെറുതെ  ശേഖരിക്കുക  എന്നതില്‍ ഉപരി ആ മമ്മിയെക്കുറിച്ചും അതിന്‍റെ ചരിത്രപശ്ചാത്തല ത്തെക്കുറിച്ചും ആഴത്തില്‍ അറിവുള്ള അദ്ദേഹം പതിനെട്ടാം ഈജിപ്ഷ്യന്‍ രാജവംശത്തെക്കുറിച്ച് നിരവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. എന്‍റെ അഭിപ്രായത്തില്‍ ആ കാലഘട്ടത്തില്‍ നിന്നുള്ള ഈ പേടകം കൈമാറാന്‍ ഡോ. ട്രെവറിനെക്കാള്‍ അനുയോജ്യനായൊരു ആളില്ല.”

നാല്പത് പിന്നിട്ട സുമുഖനായ ഒരു മനുഷ്യനായിരുന്നു ഡോ. ട്രെവര്‍.  അദ്ദേഹം പുഞ്ചിരിച്ചു, “മി. സ്റ്റെഡ് എന്‍റെ വളരെ വേണ്ടപ്പെട്ട ഒരു സ്നേഹിതനാണ്.  ഞാനും അദ്ദേഹവുമായി പല വിഷയങ്ങളിലും ആശയപരമായി വിയോജിപ്പുകളുണ്ട് എങ്കിലും അതൊന്നും ഞങ്ങളുടെ സൌഹൃദത്തിന് തടസ്സമായിട്ടില്ല. ഈ ശവപേടകവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഞാന്‍ മനസിലാക്കുന്നു.  തികഞ്ഞ ബോധ്യത്തോടെ തന്നെ അത് സ്വന്തമാക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.”


“മി. സ്റ്റെഡ് വിവരങ്ങള്‍ എല്ലാം താങ്കളോട് പറഞ്ഞിട്ടുണ്ട് എന്ന് കരുതട്ടെ, “ഞാന്‍ പറഞ്ഞു. 

“തീര്‍ച്ചയായും സര്‍ ഏണസ്റ്റ്. ഞാനും നിങ്ങളും രണ്ട് തരം ചിന്താരീതികള്‍ പിന്തുടരു ന്നവരാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.  നിങ്ങള്‍ അറിയാനും അനുഭവിക്കാ നുമിടയായ ചില അനിഷ്ട സംഭവങ്ങള്‍ക്ക്  കാരണം ആ ശവപേടകമാണ് എന്ന് നിങ്ങള്‍  വിശ്വസിക്കുന്നു.  ആ ചിന്താപ്രക്രിയയില്‍ ശവപേടകത്തെ ഒഴിച്ചു നിര്‍ത്തിക്കൊണ്ട് ഒരു സാധ്യതയെപ്പോലും നിങ്ങള്‍ ആരും അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. നിങ്ങളുടെയെല്ലാം സ്നേഹിതനായിരുന്ന മുറെയ്ക്കുണ്ടായ അനുഭവങ്ങള്‍, അദ്ദേഹത്തിന്‍റെ സ്നേഹിതരുടെ മരണം, ഇതെല്ലാം യഥാര്‍ത്ഥമാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു.  എന്നാല്‍ ശവപേടകമാണ് ആ ദുരന്തസംഭവങ്ങളുടെ  ചങ്ങലയെ ചേര്‍ത്ത് വയ്ക്കുന്ന കണ്ണി എന്ന് ഞാന്‍ കരുതുന്നില്ല. പേടകം സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ എന്‍റെ ശേഖരത്തിലെ ഏറ്റവും വില മതിക്കുന്ന ഒന്നായിത്തീരും അത് എന്നെനിക്ക് ഉറപ്പുണ്ട്. അതിന്‍റെ ചരിത്രത്തെക്കുറിച്ച് വിശദമായി ഞാന്‍ പഠിച്ചിട്ടുണ്ട്. അതിനാല്‍ ഒരു ശാപത്തിന്‍റെ സ്രോതസ് എന്നതിനേക്കാള്‍ ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്‍റെ സ്രോതസ് ആയി എനിക്ക് അതിനെ കാണാന്‍ കഴിയുമെന്ന് തീര്‍ച്ച.”

ആ വിഷയത്തില്‍ ഒരു ചര്‍ച്ച നടത്താനുള്ള അവസ്ഥയിലായിരുന്നില്ല ഞങ്ങള്‍ എന്ന് ഊഹിക്കാന്‍ കഴിയുമല്ലോ. എങ്കിലും ഡോ. ട്രെവര്‍ ആണ് ആ പേടകം ഏറ്റു വാങ്ങാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി എന്ന് എനിക്ക് തോന്നി.

പേടകം സ്വന്തമാക്കുമ്പോഴും അതെപ്പോഴും തന്‍റെ ശേഖരത്തിലെ ഒരു സ്വകാര്യവസ്തുവായി മാത്രം പരിഗണിക്കാവൂ എന്നും രേഖാപരമായി അത് ബ്രിട്ടീഷ് മ്യൂസിയത്തിന്‍റെ ശേഖരത്തിലായിരിക്കും എന്ന വസ്തുതയും ഞാന്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. ആ വസ്തുത എന്നെന്നേയ്ക്കും ഒരു രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്, ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന് അത് പൂര്‍ണസമ്മതമായിരുന്നു. 

 ഈ ഇടപാട് പൂര്‍ത്തിയാക്കാന്‍ ആറു മാസമെങ്കിലും വേണ്ടി വന്നേയ്ക്കുമെന്ന് ഞങ്ങള്‍ ഡോ. ട്രെവറിനെ ഞങ്ങള്‍ അറിയിച്ചിരുന്നു.  തുടര്‍ന്നുള്ള മാസങ്ങളില്‍ പല തവണ ഞാനും സര്‍ ആര്‍തറും സ്റ്റെഡും പേടകം മ്യൂസിയത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനെക്കുറിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തു.  മ്യൂസിയത്തിലെ ജീവനക്കാരില്‍ ആരെയും തന്നെ ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കാന്‍ സാധ്യമല്ല. അത് പിന്നീട്  എനിക്ക് ദോഷകരമായി ഭവിക്കുമെന്ന് സംശയമില്ല. അതിനാല്‍ ആരുമറിയാതെ വേണം പേടകം നീക്കം ചെയ്യാന്‍.  ഏറ്റവും അനുയോജ്യമായ ഒരു അവസരത്തിന് ഞങ്ങള്‍ കാത്തിരുന്നു.

1912 ജനുവരി മാസത്തില്‍ ഈജിപ്ഷ്യന്‍-പുരാവസ്തു ഗവേഷകനും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ അസീറിയോളജി പ്രൊഫസറുമാ യിരുന്ന ആര്‍ച്ചിബാള്‍ഡ് ഹെന്‍റി സെയ്സിന്‍റെ ഒരു കത്ത് എനിക്ക് ലഭിച്ചു. ഈജിപ്തിലെ എല്‍ കാബില്‍ നിന്നും കണ്ടെടുത്ത ചില പുരാവസ്തുക്കള്‍  മ്യൂസിയത്തിന്‍റെ ശേഖരത്തിലെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. 1911 മാര്‍ച്ച് മുതല്‍ പ്രൊഫസറുമായി നടത്തിക്കൊണ്ടിരുന്ന ഒരു ഇടപാടിന്‍റെ തുടര്‍ച്ചയായിരുന്നു അത്. ജനുവരി 12 ന് മേല്‍പ്പറഞ്ഞ പുരാവസ്തുക്കള്‍ ഇംഗ്ലണ്ടിലെത്തുമെന്നും അത് മ്യൂസിയത്തിലെ ത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അറിയിക്കാനായിരുന്നു കത്ത്.  ഇത്തരം വിനിമയങ്ങള്‍ മ്യൂസിയത്തിലെ ജോലിയുടെ ഭാഗമായി തികച്ചും സാധാരണമായിരുന്നെങ്കിലും ഇത്തവണത്തെ ഇടപാട് വളരെ പ്രധാനപ്പെട്ട ഒരു അവസരമാണ് എന്ന് ഞാന്‍ കണ്ടു.  വൈകുന്നേരം അഞ്ചു മണിയ്ക്ക് സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം അവസാനിച്ച ശേഷമാണ്  പുരാവസ്തുക്കള്‍ മ്യൂസിയത്തിലേയ്ക്ക്  കൊണ്ട് വരാറുള്ളത്.  തുടര്‍ന്ന് അവ മ്യൂസിയത്തിന് പുറത്തുള്ള വെയര്‍ഹൌസില്‍ താല്‍ക്കാലികമായി സൂക്ഷിക്കും.  ഈ ഇടപാട് കഴിഞ്ഞാല്‍ പിന്നീട് അവ മ്യൂസിയത്തിന് ഉള്ളിലുള്ള സ്റ്റോര്‍മുറിയിലേയ്ക്ക് മാറ്റുന്നു. പ്രദര്‍ശനത്തിന് സജ്ജമാകും വരെ  അവ സ്റ്റോര്‍മുറിയിലാണ് സൂക്ഷിക്കുക. ഈ ഗതാഗതം പുറത്ത് നിന്ന് അകത്തേയ്ക്കുള്ളതാണ്. അമെന്‍-റായുടെ ശവപേടകത്തിന് പകരമായി നിര്‍മ്മിച്ച വ്യാജപേടകം മ്യൂസിയത്തിലേയ്ക്ക് കൊണ്ട് വരാനുള്ള ഏറ്റവും നല്ല അവസരമാണ് ഇത്. ഈ വിവരം ഞാന്‍ സ്റ്റെഡിനെയും സര്‍ ആര്‍തറിനെയും അറിയിച്ചു. 


ടില്‍ബറി പോര്‍ട്ടിലാണ് പുരാവസ്തുക്കള്‍ വരിക. അവിടെ നിന്ന് കുതിരകളെ പൂട്ടിയ രണ്ട് വാഗണുകളിലാണ് ചരക്കുകള്‍ മ്യൂസിയത്തിലെത്തിക്കുക. ജനുവരി 12 ന് വൈകുന്നേരത്തോടെ സ്മിത്ത് സ്ക്വയര്‍, വെസ്റ്റ്‌മിന്‍സ്റ്ററിലുള്ള സ്റ്റെഡിന്‍റെ വീട്ടില്‍ നിന്ന് പേടകം ഭദ്രമായി പായ്ക്ക് ചെയ്ത് മ്യൂസിയം വളപ്പിലെത്തിക്കാം എന്ന് സ്റ്റെഡ്  ഏറ്റു.  പോര്‍ട്ടില്‍ നിന്നുള്ള ചരക്കുകള്‍ മ്യൂസിയം പരിസരത്തെ  വെയര്‍ഹൌസില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ വ്യാജപേടകം എത്തിയിരിക്കണം. അതിനോടൊപ്പമായിരിക്കും പോര്‍ട്ടില്‍ നിന്നെത്തുന്ന ചരക്കുകള്‍ ഇറക്കി വയ്ക്കേണ്ടത്. തുടര്‍ന്ന് മ്യൂസിയം ജോലിക്കാര്‍ അവ വെയര്‍ഹൌസിനുള്ളി ലേയ്ക്കും  അവിടെ നിന്ന് വരും ദിവസങ്ങളില്‍  അകത്ത് സ്റ്റോര്‍മുറിയിലേ യ്ക്കും മാറ്റും. അങ്ങനെ  വ്യാജപേടകവും മ്യൂസിയം സ്റ്റോറിനുള്ളില്‍ എത്തിക്കാന്‍ സാധിക്കും. 

ഈ ഒന്നാം ഘട്ടം  ഞങ്ങള്‍ ഉദ്ദേശിച്ചത് പോലെ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ജനുവരി 20 ന് രാത്രി ഞാനും സ്റ്റെഡും സര്‍ ആര്‍തറും പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അടുത്ത പരിപാടി ആലോചിക്കുന്നതിന് വേണ്ടി കഫെ റോയലില്‍ സന്ധിച്ചു. കരുതിയതിനേക്കാള്‍ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ തന്നെ വ്യാജപേടകം മ്യൂസിയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു.  അടുത്ത ഘട്ടം എളുപ്പമല്ല. ഞാനത് ഇരുവരോടും സൂചിപ്പിച്ചു. സര്‍ ആര്‍തര്‍ ഒരു സാഹസികതയുടെ ഹരത്തിലായിരുന്നു എന്ന് തോന്നി. വാട്സനും ഹോംസും ഒന്നിച്ച് ചേര്‍ന്ന സ്ഥിതി. അന്വേഷണാത്മകപത്രപ്രവര്‍ത്തനം തൊഴിലാക്കിയ സ്റ്റെഡിനും  സാഹസികത ഒരു നേരമ്പോക്കായിരുന്നു.  ഗ്ലാസുകള്‍ ഞങ്ങള്‍ക്ക് പങ്ക് വച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു: 


“അടുത്ത ഘട്ടം എത്രയും വേഗം ചെയ്യേണ്ടതുണ്ട്.  ഈ വരുന്ന ഏപ്രില്‍ മാസം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഒരു സമാധാനസമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കുന്നുണ്ട്. പ്രസിഡന്റ് വില്യം ഹോവേര്‍ഡ് ടാഫ്റ്റിന്‍റെ പ്രത്യേകക്ഷണമാണ്.  പേടകം വാങ്ങിയ ഡോ. ജോനാതന്‍ ട്രെവറും  എന്നോടൊപ്പം ന്യൂയോര്‍ക്കിലേയ്ക്ക് മടങ്ങുകയാണ്.   ആ യാത്രയില്‍ ഞങ്ങളോടൊപ്പം അമെന്‍-റായുടെ പേടകവും കടല്‍ കടന്നിരിക്കണം.  അതിന് മുന്‍പ് നമുക്ക് അത് ചെയ്യണം.”

“ഇപ്പോള്‍ നമുക്ക് കിട്ടിയതിന് സമാനമാ യ ഒരു അവസ രമാണ് നമുക്ക് വേണ്ടത്? സര്‍ ഏണസ്റ്റ്,   പ്രദര്‍ശന ത്തിന് വച്ചിരിക്കുന്ന പുരാവസ്തുക്കള്‍  പുറ ത്തേയ്ക്ക് കൊണ്ട് പോകേണ്ടതായ ആവ ശ്യം വരുന്ന എന്തെങ്കി ലും സാഹച ര്യങ്ങള്‍ വരാറുണ്ടോ?” സര്‍ ആര്‍തര്‍ ചോദിച്ചു.

“പ്രദര്‍ശനഹാളിനുള്ളില്‍ എന്തെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന  സമയത്ത് അവിടെ വച്ചിരിക്കുന്ന വസ്തുക്കള്‍ പുറത്തുള്ള വെയര്‍ഹൌസിലേയ്ക്ക് മാറ്റാറുണ്ട്.”

“ഉടനെ അങ്ങനെ വല്ലതും നടക്കാനുള്ള സാധ്യതയുണ്ടോ?”

“വാസ്തവത്തില്‍ ഇപ്പോള്‍ അങ്ങനെ ഒരു ജോലി തുടങ്ങാന്‍ പോവുകയാണ്. പക്ഷെ അത് ഈജിപ്ഷ്യന്‍ പുരാവസ്തുക്കളുടെ വിഭാഗത്തിലല്ല. ഓറിയന്‍റല്‍ ആന്‍റിക്വിറ്റീസ് വിഭാഗത്തിലാണ്.”

“അപ്പോള്‍ ആ വിഭാഗത്തിലെ പ്രദര്‍ശനവസ്തുക്കള്‍ ഇപ്പോള്‍ എവിടെയാണ് സൂക്ഷിക്കുക?”

“മ്യൂസിയം വെയര്‍ഹൌസില്‍. പണി പൂര്‍ത്തിയായ ശേഷം വീണ്ടും പ്രദര്‍ശനഹാളിലേയ്ക്ക് മാറ്റും.”

സര്‍ ആര്‍തര്‍ തന്‍റെ സിഗാറിന് തീ പിടിപ്പിച്ച് ആലോചനയിലാണ്ടു. അദ്ദേഹം തന്‍റെ കഥകളിലെ ക്രിമിനലുകളുടെ ചിന്താപ്രക്രിയയിലൂടെയാണ് കടന്ന് പോകുന്നത് എന്ന് തോന്നി. 

“ഈ വെയര്‍ ഹൌസ് എന്ന് പറയുന്നത്, നമ്മള്‍ വ്യാജപേടകം കൊണ്ട് വന്നപ്പോള്‍ സൂക്ഷിച്ച, മ്യൂസിയം ബില്‍ഡിംഗിന് പുറത്തുള്ള കെട്ടിടം അല്ലേ?”

“അതെ.”

“എങ്കില്‍ യഥാര്‍ത്ഥ ശവപേടകം ഓറിയന്‍റല്‍ ആന്‍റിക്വിറ്റീസ് വിഭാഗത്തിലേയ്ക്ക് മാറ്റാന്‍ പറ്റുമെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത് പുറത്തുള്ള വെയര്‍ ഹൌസിലേയ്ക്ക് മ്യൂസിയം സ്റ്റാഫ് തന്നെ മാറ്റില്ലേ?”

സ്റ്റെഡ് ആവേശത്തോടെ മേശമേല്‍ കൈ കൊണ്ടടിച്ചു. “സബാഷ് !! ഉഗ്രന്‍ പദ്ധതി, സര്‍ ആര്‍തര്‍! നിങ്ങളില്‍ കുറ്റാന്വേഷകന്‍റെ ബുദ്ധി മാത്രമല്ല. കുറ്റവാളിയുടെ ബുദ്ധിയുമുണ്ട്.”

അത് നല്ല ആശയമാണ് എന്ന് എനിക്കും തോന്നി.

“പക്ഷെ, ഇത് നടക്കണമെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ യഥാര്‍ത്ഥ പേടകം ഓറിയന്‍റല്‍ ആന്‍റിക്വിറ്റീസ് വിഭാഗത്തിലേയ്ക്ക് മാറ്റണം. കാരണം ആ വിഭാഗം താല്‍ക്കാലികമായി പ്രദര്‍ശനം നിര്‍ത്തി വച്ച് കഴിഞ്ഞു.  രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ നിന്ന് സാധനങ്ങള്‍ വെയര്‍ ഹൌസിലേയ്ക്ക് മാറ്റിത്തുടങ്ങും!”

“ആശയം വരട്ടെ, സര്‍ ആര്‍തര്‍!” സ്റ്റെഡ് അടുത്ത റൌണ്ട് ഹെന്നസി കോണ്യാക് ഗ്ലാസുകളിലേയ്ക്ക് പകര്‍ന്നു.  സര്‍ ആര്‍തര്‍  പുകയുടെ ഒരു കൊച്ചു മേഘം പ്രക്ഷേപിച്ചു. തുടര്‍ന്ന് അദ്ദേഹം പ്രസ്താവിച്ചു: 

“ഇന്ന് രാത്രി നമ്മള്‍--നമ്മള്‍ മൂവരും അത് ചെയ്യുന്നു!”

ഞാന്‍ ഒരു നിമിഷം കണ്ണ് മിഴിച്ചു പോയി. 

സ്റ്റെഡ് ഒരു ചെറു ചിരിയോടെ ഗ്ലാസിന്‍റെ വശത്ത് മെല്ലെ തട്ടി: “ഇവന് വീര്യമില്ല എന്നാര് പറഞ്ഞു! ഞാന്‍ റെഡി!”

ഇങ്ങനെ ഒരു തീരുമാനം സമീപഭാവിയില്‍ എടുക്കേണ്ടി വരും എന്നെനിക്ക് അറിയാമായിരുന്നു എങ്കിലും പെട്ടെന്ന് ഒരു തീരുമാനത്തിലേയ്ക്ക് എത്തിച്ചേരുമെന്ന് കരുതിയില്ല. എങ്ങനെ ചിന്തിച്ചാലും കണ്ടു പിടിക്കപ്പെടുക എന്ന അപകടസാധ്യതയുള്ള ഒരു ഏര്‍പ്പാടാണ്.  പക്ഷെ സര്‍ ആര്‍തര്‍ പറഞ്ഞത് പോലെ ഏറ്റവും സുരക്ഷിതമായ പദ്ധതി ഇതാണ്. കാരണം ഇപ്പോള്‍ പേടകം ഓറിയന്‍റല്‍ വിഭാഗത്തിലേയ്ക്ക് മാറ്റിയാല്‍ അടുത്ത ഘട്ടം സ്റ്റാഫ് തന്നെ നിര്‍വഹിച്ചു കൊള്ളും. പുറത്ത് സ്ഥിതി ചെയ്യുന്ന വെയര്‍ ഹൌസില്‍ നിന്ന് പേടകം കൊണ്ട് പോകുക എന്നത് പിന്നീട് ബുദ്ധിമുട്ടുള്ള കാര്യമല്ല. സ്റ്റെഡിനെയും സര്‍ ആര്‍തറെയും പോലെ സാഹസികര്‍ ഒപ്പമുള്ളപ്പോള്‍ ആ അവസരം ഒഴിവാക്കുക പ്രയാസമായിരുന്നു.  അന്ന് രാത്രി പത്തര മണി പിന്നിടുമ്പോള്‍ ഞങ്ങള്‍ മൂവരും നേരിയ ചാറ്റമഴ നനഞ്ഞു കൊണ്ട് മ്യൂസിയത്തിലേയ്ക്ക് നടക്കുകയായിരുന്നു. 


മ്യൂസിയത്തില്‍ ഞങ്ങള്‍ പ്രവേശിക്കുമ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. ചില അധിക ജോലിയുള്ള സമയങ്ങളില്‍ ഞാന്‍ രാത്രി വളരെ വൈകി മ്യൂസിയത്തില്‍ ചെലവഴിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴത്തെ ഈ വരവിന്‍റെ ഉദ്ദേശം എന്നില്‍ വല്ലാത്ത ഒരു ഭീതി നിറച്ചു. നിഴല്‍ വീണ ഇരുണ്ട ഇടനാഴി ഒരു ഗുഹപോലെ നീണ്ട് കിടന്നു. ശബ്ദമുണ്ടാക്കാതെ നടക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കാല്‍പെരുമാറ്റം മുഴങ്ങിക്കേട്ടു. മഴ നിര്‍ത്താതെ പെയ്തിരുന്നത് കൊണ്ട് ഞങ്ങള്‍ക്ക് മേല്‍ പുതപ്പുണ്ട് എന്നത് പോലെ ആശ്വാസം തോന്നി. എന്‍റെ ഓഫീസിനുള്ളില്‍ പ്രവേശിച്ച ശേഷം ഞങ്ങള്‍ വാതില്‍ തഴുതിട്ടു. 

ഞാന്‍ ഒരു കടലാസ് എടുത്ത് ഈജിപ്ഷ്യന്‍ വിഭാഗത്തിന്‍റെയും ഓറിയന്‍റല്‍ വിഭാഗത്തിന്‍റെയും സ്ഥാനങ്ങള്‍ വരച്ച് കാണിച്ചു.  ഇംഗ്ലീഷ് അക്ഷരമാലയിലെ എച്ച് പോലൊരു ഘടനയിലാണ് രണ്ട് വിഭാഗങ്ങളും ഉള്ളത്.  രണ്ട് തുല്യദൈര്‍ഘ്യമുള്ള കെട്ടിടങ്ങള്‍ നടുവിലായി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഘടന. ഒരു ഭാഗത്താണ് ഈജിപ്ഷ്യന്‍ വിഭാഗമെങ്കില്‍ മറുഭാഗത്താണ് ഓറിയന്‍റല്‍ വിഭാഗം. രണ്ട് കെട്ടിടങ്ങളും ബന്ധിപ്പിക്കുന്ന ഭാഗത്ത് ഗാര്‍ഡുകളുടെ ഒരു സ്റ്റേഷന്‍ ഉണ്ട് എന്നതാണ് ഒരു വെല്ലുവിളി. സര്‍ ആര്‍തറും സ്റ്റെഡും കൂടി ഞാന്‍ വരച്ച രേഖാചിത്രം കൂലങ്കഷമായി പരിശോധിച്ചു.  തന്‍റെ പോക്കറ്റില്‍ നിന്ന് പൈപ്പ് എടുത്ത് തീ പിടിപ്പിച്ചു കൊണ്ട് സര്‍ ആര്‍തര്‍ എന്‍റെ നേരെ മുഖമുയര്‍ത്തി: 

“സര്‍ ഏണസ്റ്റ്,  ഇവിടെ മ്യൂസിയത്തില്‍ ശവപേടകത്തെക്കുറിച്ച് ചില സംസാരങ്ങളും കിംവദന്തികളും ഉണ്ടാകുന്നു എന്ന് പറഞ്ഞല്ലോ. എന്ത് അനുഭവങ്ങളാണ് ഇവിടെ സ്റ്റാഫിനിടയില്‍ ഉണ്ടായതായി അവര്‍ പറയുന്നത്?”

“പലര്‍ക്കും പല അനുഭവങ്ങള്‍! ഡേവിഡ് പറഞ്ഞ കാര്യം ഞാന്‍ നിങ്ങളോട് സൂചിപ്പിച്ചിരുന്നല്ലോ. പേടകം കൊണ്ട് വന്ന ആഴ്ചയില്‍ സ്റ്റോറിനുള്ളില്‍ ഘനമുള്ള കാല്‍പെരുമാറ്റം കേട്ടതായി ഡേവിഡ് പറയുകയുണ്ടായി.  സന്ദര്‍ശനസമയം കഴിഞ്ഞ് പ്രദര്‍ശനശാല വൃത്തിയാക്കാന്‍ വന്ന ഒരു സ്റ്റാഫ് വിചിത്രമായ ഭാഷയില്‍ ഒരു സ്ത്രീ ശബ്ദം കേട്ടുവത്രെ. ഒരിക്കല്‍ ഒരു തൂപ്പുകാരി മുറി വൃത്തിയാക്കുമ്പോള്‍ ആരോ പുറത്ത് നിന്ന് വാതില്‍ പൂട്ടിയതായി പറയുകയുണ്ടായി…ഒരിക്കല്‍ എനിക്കുണ്ടായ അനുഭവം--ഞാന്‍ അതിനടുത്ത് നില്‍ക്കെ പേടകം താനേ തുറന്നതായി…അത് ഞാന്‍ ഒരിക്കല്‍ സൂചിപ്പിച്ചിരുന്നല്ലോ?”

ഞാന്‍ ഇത് പറഞ്ഞപ്പോള്‍ സര്‍ ആര്‍തറും സ്റ്റെഡും പരസ്പരം നോക്കി. ഇരുവരുടെയും മുഖത്ത് ദുരൂഹമായ ഒരു ചിരിയുണ്ടായി.

“സ്റ്റെഡ് പറഞ്ഞോളൂ” സര്‍ ആര്‍തര്‍ പറഞ്ഞു. 

“ഇവിടെ നടക്കുന്ന അസാധാരണ സംഭവങ്ങള്‍ എല്ലാം അമെന്‍-റായുടെ പേടകത്തിന്‍റെ കണക്കില്‍ ആണല്ലോ  ചേര്‍ത്തിരിക്കുന്നത്. ഇന്ന് ഇവിടെ നടക്കാന്‍ പോകുന്ന സംഭവങ്ങളും അങ്ങനെ തന്നെയായിരിക്കട്ടെ.”

“അതെ”, സര്‍ ആര്‍തര്‍ പറഞ്ഞു, “ സർ ഏണസ്റ്റ്, മ്യൂസിയം സ്റ്റാഫ് ആയതിനാൽ താങ്കൾ ഈ സമയത്ത് ഇവിടെയുണ്ടായിരിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. അതിനാൽ താങ്കൾക്ക് ധൈര്യമായി ഈ ഇടനാഴിയിലൂടെ റോന്ത് ചുറ്റാം. ഞങ്ങൾ ഇരുവരെയും പറ്റുമെങ്കിൽ അവർ നേരിട്ട് കാണാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇനി അഥവാ കണ്ടാൽ തന്നെ അത് നമുക്ക് പ്രയോജനപ്പെടുത്താൻ കഴിയണം.”

“അതെങ്ങനെ?”

“അതിനാണ് ഈ ജനാലകളുടെ കർട്ടൻ! ഞങ്ങളിരുവരും ഈ തുണികൾ കൊണ്ട് സ്വയം മൂടിയായിരിക്കും പുറത്തിറങ്ങുക. ഞങ്ങളെ അവർ കാണുന്നുവെങ്കിൽ ഞങ്ങൾ അമെൻ - റായുടെ പ്രേതരക്ഷകരാണ് എന്ന് കരുതിക്കോട്ടെ! താങ്കൾ ഗാർഡ് സ്റ്റേഷൻ്റെ താക്കോൽ കൈയിലെടുത്തോളൂ.”

ഞാൻ അതേക്കുറിച്ച് ആലോചിക്കുമ്പോഴേയ്ക്കും സർ ആർതറും സ്റ്റെഡും കൂടി ജനാലയുടെ കർട്ടനുകൾ അഴിച്ചെടുത്തു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ സ്റ്റെഡും സർ ആർതറും ശവക്കച്ച ധരിച്ച രണ്ട് രൂപങ്ങളായി മാറി.

“താങ്കൾ, ഗാർഡ് സ്റ്റേഷൻ്റെ നേർക്ക് നീങ്ങിക്കോളൂ. ഞങ്ങൾ നിഴൽ പറ്റി ഈ വരാന്തയിൽ എവിടെയെങ്കിലുമുണ്ടായിരിക്കും.” സ്റ്റെഡ് പറഞ്ഞു, “ഈ ഫ്ലോറിൽ എത്ര ഗാർഡുകളുണ്ട്?”

“മൂന്ന് പേർ. സൂക്ഷിക്കണം. അവരുടെ കൈയിൽ വിസിൽ ഉണ്ടായിരിക്കും. ഒരാളുടെ കൈവശം തോക്കും.”

“തോക്ക് എൻ്റെ കൈയിലുമുണ്ട്,” സർ ആർതർ പോക്കറ്റിൽ നിന്ന് ഒരു റിവോൾവർ പുറത്തെടുത്തു.

ഇദ്ദേഹം ഒരു കുറ്റാന്വേഷണ നോവലിസ്റ്റായതിൽ അത്ഭുതമില്ലെന്ന് ഞാൻ ഓർത്തു. 

താക്കോലുമായി പൂച്ചക്കാലുകളിൽ ഇടനാഴിയിലൂടെ നടക്കുമ്പോൾ ഞാനൊന്ന് തിരിഞ്ഞു നോക്കി. പിന്നിൽ അടിമുടി വെളുത്ത നീളൻ തുണിയിൽ മൂടി ഒരു ആറടിരൂപം നിൽക്കുന്നത് കണ്ട് ഒരു നിമിഷം ഞാൻ നടുങ്ങിപ്പോയി.

 “ദൈവമേ, അവർ ഇവരെ കാണാതിരിക്കട്ടെ. കണ്ടാൽ അവരുടെ മരണത്തിന് ഉത്തരം പറയേണ്ടി വരും.” 

ഗാർഡ് സ്റ്റേഷനിൽ മങ്ങിയ വെളിച്ചമുണ്ടായിരുന്നു. ഞാൻ ജനാലയിലൂടെ പാളി നോക്കി. നിലത്ത് ഒരു കെറ്റിൽ തിളയ്ക്കുന്നു. കസേരയിൽ ഗാർഡ് തോമസ് ചാരിയിരുന്ന് മയങ്ങുന്നു. ഒരാൾ കൂടിയുണ്ട്. മുഖം കണ്ട് കൂടാ. വാതിൽ ചാരിയ നിലയിലാണ്. ഞാൻ ഒരു നിമിഷം നിന്നു. ഒരു നിമിഷമേ വേണ്ടൂ. കണ്ണഞ്ചുന്ന വേഗത്തിൽ ഞാൻ വാതിൽ ചേർത്തടച്ച് സാക്ഷയിട്ട്  കൈയിൽ കരുതിയ താഴ് കൊണ്ട് പൂട്ടി.

വാതിലടഞ്ഞ ശബ്ദത്തിൽ തോമസ് ഉണർന്നിരിക്കണം,

“ഹേയ്! ആരാണത്!!! ഡേവിഡ്‌!! ഒരു വിസിൽ മുഴങ്ങി!’

ആരോ ഓടി വന്ന് വാതിലിൽ അകത്തേയ്ക്ക് വലിക്കാൻ തുടങ്ങി. മഴയുടെ ശബ്ദം രക്ഷയായി. ആ സമയത്ത് എന്തോ വന്ന് വീഴുന്നത് പോലെ ഒരു ശബ്ദം ഞാൻ കേട്ടു. പിന്നെ നിശബ്ദത. പെട്ടെന്ന് അന്തരീക്ഷത്തിൽ ചന്ദനത്തിരിയുടെ ഗന്ധമുയരുന്നത് എനിക്കനുഭവപ്പെട്ടു. ഞാൻ  തിരിഞ്ഞു നോക്കി. നേരിയ പുക! പെട്ടെന്ന് ഒരു തൂണിൻ്റെ മറവിൽ നിന്ന് പുകയ്ക്കിടയിലൂടെ ഒരാൾരൂപം പുറത്ത് വന്നു. ഒരിക്കൽ കൂടി ഞാൻ ഞെട്ടി.  തുണിയിൽ മൂടിയ രൂപം പറഞ്ഞു: “സർ ഏണസ്റ്റ്, സ്റ്റെഡ് ആണ്. ഈ തിരി ഗാർഡ് മുറിയുടെ ജനാലയ്ക്കരികിൽ എവിടെയെങ്കിലും കുത്തി വച്ചോളൂ. ഒരു അന്തരീക്ഷ സൃഷ്ടിയ്ക്ക് നല്ലതാണ്.”

ഞാനത് ചെയ്തു. “ഒരു ശബ്ദം കേട്ടത് എന്താണ്?”

“മൂന്നാമത്തെ ഗാർഡ് ആർതറിനെ കണ്ട് താഴെ വീണതാണ്.”

“ദൈവമേ! “

“കുഴപ്പമൊന്നുമില്ല. വേഗം വരൂ.” 

ഞാൻ ഒരു നിമിഷം ഗാർഡ് റൂമിലേയ്ക്ക് കാതോർത്തു. ശബ്ദമില്ല. തോമസിൻ്റെയും ഡേവിഡിൻ്റെയും ചിന്തയുടെ ദിശ എനിക്ക് ഊഹിക്കാൻ കഴിയും. ഇരുവരും മ്യൂസിയത്തിലെ ‘ശല്യങ്ങൾ’ മുൻപേ അറിഞ്ഞിട്ടുള്ളവരാണ്. 


ഞാനും സ്റ്റെഡും അതിവേഗം ഈജിപ്ഷ്യൻ വിഭാഗത്തിൻ്റെ പ്രദർശനഹാളിന് മുന്നിലെത്തി. സർ ആർതർ അവിടെയുണ്ടായിരുന്നു.  തിരി താഴ്ത്തിയ ഒരു റാന്തൽവിളക്കുമായി ഞങ്ങൾ ശവപേടകത്തി ൻ്റെയരികിലെത്തി.  സന്ദർശകർ നിൽക്കുന്നതിനും പ്രദർശനവസ്തുവിനും ഇടയിൽ ഒരു ചങ്ങലയുണ്ടായിരുന്നു. ഞാനത് അഴിച്ചു മാറ്റി. ഒട്ടും വൈകാനില്ല. ഞങ്ങൾ മൂവരും ചേർന്ന് പേടകം ഉയർത്തിയെടുത്തു. എൻ്റെ ഹൃദയം പെരുമ്പറ മുഴക്കുകയായിരുന്നു.

പ്രാചീനമായൊരു ശവഘോഷയാത്ര പോലെ ഞങ്ങൾ ഓറിയൻ്റൽ ആൻറ്റിക്വിറ്റീസ് വിഭാഗത്തിലേയ്ക്ക് നീങ്ങി. മഴ ഞങ്ങൾക്ക് മേൽ ഒരു സുരക്ഷിത ആവരണം പോലെ പെയ്ത് കൊണ്ടിരുന്നു. മുന്നിൽ സർ ആർതർ, നടുവിൽ ഞാൻ, പിന്നിൽ സ്റ്റെഡും. പ്രദർശനഹാളിൻ്റെ മുന്നിലെത്തിയപ്പോൾ പേടകം താഴെയിറക്കിയ ശേഷം ഞാൻ വാതിൽ തുറന്നു.  പ്രദർശനം നിർത്തി വയ്ക്കുകയും വസ്തുക്കൾ മാറ്റാൻ തുടങ്ങുകയുമായിരുന്നതിനാൽ അടുക്കും ചിട്ടയും തെറ്റിക്കിടക്കുകയായിരുന്നു ആ മുറി.  അടുത്ത ദിവസം വെയർഹൗസി ലേയ്ക്ക് മാറ്റാനുള്ള  സാധനങ്ങൾ മൂടാൻ ഉപയോഗിക്കുന്ന തുണി കൊണ്ട് ഞങ്ങള്‍ പേടകം മൂടി. തലേ ദിവസം മാറ്റിയ വസ്തുക്കളുടെ ലിസ്റ്റിന് പകരം അതിൽ നിന്ന് ഒരെണ്ണം ഒഴിവാക്കി മറ്റൊരു ലിസ്റ്റ് ഞാൻ ടൈപ്പ് ചെയ്തെടുത്ത് ചുവന്ന മഷി കൊണ്ട് ടിക്ക് ചെയ്ത് രജിസ്റ്ററിൽ വച്ചു. ഒഴിവാക്കിയതിൻ്റെ നമ്പർ പേടകം പൊതിഞ്ഞ തുണിക്ക് മേൽ എഴുതി, ഞങ്ങൾക്ക് തിരിച്ചറിയാൻ പാകത്തിൽ ഒരു അടയാളവുമിട്ടു. ഇപ്പോൾ പേടകത്തിൻ്റെ നമ്പർ ഓറിയൻ്റൽ വിഭാഗത്തിലുള്ള ഒരു പുരാവസ്തുവിന്റെ നമ്പരാണ്. സമാന വലിപ്പമുള്ള ഒരു പെട്ടിയാണത്. 

പകുതി ജോലി കഴിഞ്ഞു. ഇനി വേണ്ടത് ഇപ്പോള്‍  സ്റ്റോർമുറിയിലിരിക്കുന്ന വ്യാജപേടകം ഈജിപ്ഷ്യൻ പ്രദർശനഹാളി ലെത്തിക്കുകയാണ്. ഞങ്ങൾ ഹാൾ ഭദ്രമായടച്ച് സ്റ്റോർമുറിയുടെ നേർക്ക് നടന്നു. സമയം ഒരു മണിയാകുന്നു. തടസ്സങ്ങളൊന്നും നേരിടാതെ സ്റ്റോർമുറി തുറന്ന് പേടകം ഞങ്ങൾ പുറത്തെടുത്തു. തിരികെ ഈജിപ്ഷ്യൻ ഹാളിലേയ്ക്ക് മടങ്ങുമ്പോൾ ആരോ ഇടനാഴിയിലൂടെ നടന്ന് വരുന്നൊരു ശബ്ദം ഞങ്ങൾ കേട്ടു. നെഞ്ച് തകർത്ത് ഹൃദയം പുറത്ത് വരുമെന്ന് എനിക്ക് തോന്നി. 


 “നിൽക്കൂ, സർ ഏണസ്റ്റ്,” സർ ആർതർ പറഞ്ഞു, “നിങ്ങൾ രണ്ട് പേരും ഹാളിൻ്റെ നേർക്ക് തന്നെ നടക്കുക. ഞാൻ മുൻപേ നടന്ന് എന്താണ് എന്ന് നോക്കാം.”                 

       തുടർന്ന് സർ ആർതർ അമെൻ -റായുടെ പ്രേതരക്ഷകൻ്റെ ശരീരഭാഷ ആവാഹിച്ചു കൊണ്ട് മുന്നോട്ട് നടന്ന് ഇടതുവശത്തേയ്ക്ക് തിരിഞ്ഞു.  ഞാനും സ്റ്റെഡും കൂടി ജാഗ്രതയോടെ മുന്നോട്ട് നീങ്ങി. നേരത്തെ സർ ആർതറിനെ കണ്ട് ഭയന്ന ഗാർഡ് ഉണർന്ന് ഗാർഡ് സ്റ്റേഷനിൽ ചെന്ന് മുറി തുറക്കാൻ ശ്രമിച്ചിരിക്കാം.  

ഞാനും സ്റ്റെഡും പേടകവുമായി ഈജിപ്ഷ്യൻ ഹാളിൽ പ്രവേശിച്ച് യഥാർത്ഥ പേടകം ഇരുന്നയിടത്ത് വ്യാജപേടകം സ്ഥാപിച്ചു. അതിനെ പൊതിഞ്ഞിരുന്ന കട്ടിയുള്ള തുണി മാറ്റി ചങ്ങല മുൻപിരുന്നവണ്ണം പുനഃസ്ഥാപിച്ചു.  പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ കൃത്യം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഞാൻ ആശ്വസിച്ചു.  പെട്ടെന്ന്  അന്തരീക്ഷത്തില്‍ ചന്ദനത്തിരി യുടെ ഗന്ധം പരന്നു.

“സര്‍ ആര്‍തര്‍ എത്തിയെന്ന് തോന്നുന്നു”, ഞാന്‍ പറഞ്ഞു.

അപ്പോഴേയ്ക്കും വാതിൽക്കൽ ഒരു നിഴൽ വീഴുന്നത് ഞങ്ങൾ കണ്ടു. ഞാനും സ്റ്റെഡും പരസ്പരം നോക്കിയപ്പോൾ ആറടി ഉയരത്തിൽ ശവക്കച്ചയിൽ മൂടിയ ആൾരൂപം പ്രവേശിച്ചു.

“ഹൊ! സർ ആർതര്‍ തന്നെ! ഭയന്ന് പോയി!” സ്റ്റെഡ് പറഞ്ഞു.

“എന്ത് സംഭവിച്ചു, സര്‍ ആര്‍തര്‍,  ആരായിരുന്നു ഇടനാഴിയില്‍? അവര്‍ നിങ്ങളെ കണ്ടോ?”

സര്‍ ആര്‍തര്‍ ശവപേടകത്തിന്‍റെയിരികിലേയ്ക്ക് നീങ്ങി.

“എല്ലാം വേണ്ട പോലെ തന്നെ നടന്നു”, സ്റ്റെഡ് പറഞ്ഞു, “എല്ലാം കൃത്യമാണ്. ഇങ്ങനെയൊരു വച്ച് മാറ്റം നടന്ന കാര്യം നമ്മളല്ലാതെ മറ്റാരും അറിയാന്‍ പോകുന്നില്ല.”

അപ്പോള്‍ ഹാളിന്‍റെ വാതില്‍ക്കല്‍ ഒരു കാല്‍പെരുമാറ്റം കേട്ടു.  ഞങ്ങള്‍ ജാഗരൂകരായി. ഞങ്ങള്‍ക്ക് എങ്ങോട്ടെങ്കിലും മാറാന്‍ കഴിയുന്നതിന് മൂടിപ്പുതച്ച ഒരു രൂപം പ്രവേശിച്ചു. ഞാന്‍ നോക്കുമ്പോള്‍ കൈകള്‍ കൊണ്ട് കര്‍ട്ടന്‍ തുണി അഴിച്ചു മാറ്റിക്കൊണ്ട് സര്‍ ആര്‍തര്‍ അകത്തേയ്ക്ക് കടന്നു  വന്നു. “ ആഹ്ലാദിക്കൂ, മാന്യരേ! ദൌത്യം വിജയകരം !”

ഞാനും സ്റ്റെഡും നടുങ്ങി നിന്നു!! 

 ഇപ്പോള്‍ കടന്ന് വന്നത് സര്‍ ആര്‍തര്‍ ആണെങ്കില്‍ ആദ്യം പ്രവേശിച്ചത്  ആരാണ്? ഇപ്പോള്‍ ഞങ്ങള്‍ക്ക് സമീപം നില്‍ക്കുന്നതാര്???  ഞങ്ങളുടെ മുഖത്തെ കൊടുംഭീതി സര്‍ ആര്‍തറും തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഹാളില്‍ ഞങ്ങള്‍ നാലു പേരുണ്ട്!  ഞങ്ങള്‍ മൂവരും ഒന്നിച്ച് ഒരു വശത്തേയ്ക്ക് നീങ്ങി മാറി. 

മുന്നില്‍ നിന്ന മുഷിഞ്ഞ വെള്ള പുതച്ച ഉയരമുള്ള ആള്‍ രൂപം, ചക്രച്ചെ രുപ്പിലെന്ന പോലെ ഒഴുകി വട്ടം കറങ്ങി, അതിന്‍റെ അന്ധമായ മുഖം ഞങ്ങളുടെ നേര്‍ക്ക് യാന്ത്രികമാ യി തിരിച്ചു. പിന്നെ ഹാളിന്‍റെ ഇരുട്ട് വീണു കിടന്ന ഭാഗത്തേയ്ക്ക് അതിവേഗം ഒഴുകി ഇല്ലാതായി!!

“ദൈവമേ!! എന്താണ് ഞങ്ങള്‍ കണ്ടത്?”കൊടും ഭീതിയോടെ  ഞങ്ങള്‍ പരസ്പരം നോക്കി.


അഞ്ച് 


അന്ത്യം


ഞങ്ങളുടെ പദ്ധതി പ്രകാരം കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്ന ആശ്വാസമുണ്ടായിരിക്കെത്തന്നെ അത് ഞങ്ങളില്‍ ശേഷിപ്പിച്ച ഭയാനുഭവത്തിന്‍റെ ആഴം വളരെ വലുതായിരുന്നു. നമ്മെ ഓരോരുത്തരെയും നമ്മള്‍ പിന്തുടരുന്ന നിലപാടുകളില്‍ എത്തിക്കുന്നത് നമ്മുടെ വ്യക്തിഗതമായ അനുഭവങ്ങളാണ്. അപരനോട് അത് വിനിമയം ചെയ്യുക പ്രയാസമാണ്. എങ്കിലും നമ്മുടെ അനുഭവം നമുക്ക് മറന്ന് കളയുക എളുപ്പമല്ല.  

മ്യൂസിയത്തിലെ സാഹസികതയ്ക്ക് ശേഷം വിദേശത്ത് നിന്ന് പുരാവസ്തുക്കളുടെ ഒരു ശേഖരം വന്നെത്തിയ ദിവസം സ്റ്റെഡ് ഏർപ്പാട് ചെയ്ത ഒരു വണ്ടിയിൽ യഥാർത്ഥ മമ്മിപേടകം വെയർഹൗസിൽ നിന്ന് പുറത്തേയ്ക്ക് കൊണ്ട് പോകാൻ ഞങ്ങൾക്ക് കഴിഞ്ഞു. അന്ന് അത് സ്റ്റെഡിൻ്റെ വീട്ടിൽ സൂക്ഷിക്കുകയും അടുത്ത ദിവസം സതാംപ്റ്റണിൽ ഡോ. ജൊനാതൻ ട്രെവർ താമസിക്കുന്ന ഹോട്ടലിലേയ്ക്ക് മാറ്റുകയും ചെയ്തു.  ഡോ. ട്രെവർ, ഏപ്രിൽ അഞ്ചിന് ന്യൂയോർക്കിലേയ്ക്ക് പുറപ്പെടുന്ന എസ് എസ് സെൻ്റ് പോൾ എന്ന കപ്പലിൽ പേടകം കൊണ്ട് പോകുന്നതിന് കാർഗോ ബുക്ക് ചെയ്യുകയും ചെയ്തു. ന്യൂയോർക്കിൽ നടക്കുന്ന ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി സ്‌റ്റെഡും അമേരിക്കയിലേയ്ക്ക് പോകാൻ തയ്യാറാകുകയായിരുന്നു.


കഴിഞ്ഞ രണ്ട് വർഷങ്ങളായി ഞാനും സ്‌റ്റെഡും സർ ആർതറും മി. ഡഗ്ലസ് മുറെയും ചേർന്ന് ഇട പെട്ടു കൊണ്ടി രുന്ന, സർ ആർതറിൻ്റെ ഭാഷയിൽ -“ദുരൂ ഹമായ ശവപേടക ത്തിൻ്റെ സാഹസം” അതിൻ്റെ അവസാന ത്തി ലേയ്ക്കടുക്കു കയായിരുന്നു. അതി ൻ്റെ പരിസമാപ്തിയുടെ ആശ്വാസം പങ്ക് വയ്ക്കുന്നതിനും ഡോ. ട്രെവറിനെയും സ്റ്റെഡിനെയും യാത്രയയ്ക്കുന്നതിനും ഞാനും സർ ആർതറും കൂടി സതാംപ്റ്റണിലേയ്ക്ക് പോകാം എന്ന് തീരുമാനിച്ചു. ഏപ്രിൽ നാലിന് സായാഹ്നത്തിൽ ട്രെവർ താമസിച്ചിരുന്ന സൌത്ത് വെസ്റ്റേണ്‍  ഹോട്ടലിൽ ഞങ്ങൾ ഒത്ത് കൂടി.


“അമെൻ-റായുടെ നിത്യശാന്തിയ്ക്ക് വേണ്ടി പാനോപചാരം!” ഡോ. ട്രെവർ ഒരു ചെറു ചിരിയോടെ ഗ്ലാസുയർത്തി.


ഞാനും സ്റ്റെഡും സർ ആർതറും പരസ്പരം നോക്കി. അത്ര കണ്ട്      ഉയർത്തിയില്ലെങ്കിലും ഉപചാരമെന്ന നിലയിൽ ട്രെവറിനോടൊപ്പം ചേരാൻ വേണ്ടി ഞങ്ങളും അതേ ചലനം ആവർത്തിച്ചു. ഞങ്ങളുടെ മൂവരുടെയും മനസിലൂടെ അപ്പോൾ കടന്ന് പോയിരുന്ന ചിന്തകൾ എന്തെന്ന് ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു.

“നിങ്ങളുടെ ആശങ്കകൾ ഇനിയും തീർന്നില്ല എന്ന് തോന്നുന്നു?” ഡോ. ട്രെവർ നിരീക്ഷിച്ചു.

“തീർച്ചയായും,” ഞാൻ പറഞ്ഞു, “പേടകം ഇംഗ്ലണ്ടിൻ്റെ തീരം വിടുന്നതോടെ ഞങ്ങളുടെ ശേഷിക്കുന്ന ആശങ്കകൾക്ക് കൂടി അവസാനമാകും.”

അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഒരിറക്ക് മദ്യം രുചിച്ച ശേഷം പറഞ്ഞു, “ഇത്രയൊന്നും വൈകാരികമായി ഒരു കാര്യത്തെയും സമീപിക്കരുത് എന്നാണെനിക്ക് പറയാനുള്ളത്. വസ്തുനിഷ്ഠമായി കാര്യങ്ങളെ കാണാൻ ശ്രമിക്കുക.”


ഞാനും സ്‌റ്റെഡും സർ ആർതറും പരസ്പരം നോക്കി. എപ്പോൾ മുതലാണ് ഞങ്ങൾക്ക് ഈ വിഷയത്തിലുള്ള വസ്തുഷ്ഠമായ സമീപനം നഷ്ടപ്പെട്ടത്? മരണത്തിനും മരണഭയത്തിനും ജീവിതത്തിൽ ഊഹിക്കാൻ കഴിയുന്നതിനെക്കാൾ സ്വാധീനമുണ്ട്. അത് അനുഭവപരിധിയിൽ വരുന്നത് വരെ, ഒരാളെ അത് പറഞ്ഞു മനസിലാക്കുക പ്രയാസമാണ്. മ്യൂസിയത്തിലെ അനുഭവത്തെക്കുറിച്ച് അദ്ദേഹത്തോട് ഞങ്ങൾ പറഞ്ഞില്ല. അദ്ദേഹം അത് വിശ്വസിക്കുമായിരുന്നില്ല. അതിനാൽ ഞങ്ങൾ മറ്റ് കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു.


അഞ്ചിന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ്  ന്യൂയോർക്കി നുളള എസ് എസ് സെൻ്റ് പോൾ പുറപ്പെടുന്നത്. അതിൻ്റെ ചരക്ക് സാധനങ്ങൾ ക്കൊപ്പം ശവ പേടകവും കടൽ കടക്കും. പേടകം വളരെ സുരക്ഷിതമായ വിധത്തിൽ ചാക്കുതുണി കൊ ണ്ട് പൊതി ഞ്ഞിരുന്നു.  ഹോട്ട ലിൽ സൂക്ഷിച്ചിരുന്ന പേടകം തുറമുഖത്തെത്തിക്കാനും സുര ക്ഷിതമായി കൈകാര്യം ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനും ഡോ. ട്രെവർ, യാത്രയില്‍ തന്നെ അനുഗമിച്ചിരുന്ന സഹായി  സ്റ്റീഫനെ ഏല്‍പ്പിച്ചിരുന്നു.  

എല്ലാ ഒരുക്കങ്ങളും തയ്യാറായി പ്രഭാതത്തില്‍ ഞങ്ങള്‍ ഹോട്ടല്‍ റിസപ്ഷനിലിരിക്കെ  സ്റ്റീഫന്‍ വളരെ തിരക്കിട്ട്  ഓടി വരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. അയാളുടെ മുഖത്ത് വെപ്രാളം നിഴലിച്ചിരുന്നു.


ഞങ്ങൾ ഉടൻ തന്നെ പുറത്തേയ്ക്ക് ചെന്നു. “എന്ത് സംഭവിച്ചു, സ്റ്റീഫൻ?, ഡോ. ട്രെവർ അന്വേഷിച്ചു.

“നമ്മുടെ പെട്ടി  പരിശോധനയ്ക്കിടയിൽ തടഞ്ഞു വച്ചിരിക്കുകയാണ്…” കിതച്ചു കൊണ്ട് സ്റ്റീഫന്‍ പറഞ്ഞു.

“എന്താണ് കാര്യം?”

“പരിശോധനയെല്ലാം കഴിഞ്ഞ് പെട്ടി കപ്പലിൽ ലോഡ് ചെയ്തിരുന്നു. അപ്പോഴാണ് ജോലിക്കാരിൽ ഒരാൾ പെട്ടിയുടെ ഒരു മൂലയിൽ നിന്ന് ചുവന്ന നിറത്തിൽ ചോര പോലെ എന്തോ പടരുന്നത് കണ്ടത്. അവരത് പരിശോധനാ ഉദ്യോഗസ്ഥനെ വിളിച്ചു കാണിച്ചു. അയാൾ പെട്ടി ചരക്ക് സൂക്ഷിക്കുന്ന മുറിയിലേയ്ക്ക് മാറ്റിയിട്ട് എന്നെച്ചോദ്യം ചെയ്തു. ഇതിൽ എന്താണെന്നും ഇതിൻ്റെ ഉടമയോട് ഉടൻ എത്തിച്ചേരാനും ആവശ്യപ്പെട്ടു…”


ഞങ്ങൾ വിളറി. അപ്രതീക്ഷിതമായ തടസ്സങ്ങള്‍! പേടകം തുറന്ന് ഡോ. ട്രെവറിനെ വിശദമായി കാണിക്കുകയും അദ്ദേഹം തൃപ്തനാകുകയും ചെയ്തതാണ്.

“ആ സത്വം അത്രയെളുപ്പം ഇവിടം വിട്ട് പോകുമെന്ന് തോന്നുന്നില്ല” സ്റ്റെഡ് പിറുപിറുത്തു.


“മണ്ടത്തരം പുലമ്പാതിരിക്കൂ, വില്യം.” ഡോ. ട്രെവർ പറഞ്ഞു, “നമുക്ക് തുറമുഖത്തേയ്ക്ക് പോകാം. എന്തെങ്കിലും തെറ്റിദ്ധാരണയായിരിക്കാം. നമുക്ക് ചെന്ന് കാര്യങ്ങൾ തീർപ്പാക്കാം.”


“ആയിരിക്കാം” ഞാൻ പറഞ്ഞു, “പക്ഷേ പെട്ടി തുറക്കുകയും  സംസാരിക്കപ്പെടുകയും പോലീസ് ഇടപെടുന്ന സാഹചര്യവുമുണ്ടായാൽ നമ്മുടെ നില പരുങ്ങലിലാകും. അന്വേഷണം മ്യൂസിയത്തിലേയ്ക്ക് നീങ്ങിയാൽ എന്താണുണ്ടാകുക എന്ന് പറയേണ്ടല്ലൊ?”


കാര്യങ്ങളുടെ ഗൗരവം എല്ലാവർക്കും അറിയാമായിരുന്നു.


“ഒന്നുമുണ്ടാകില്ല, സർ ഏണസ്റ്റ്. അത് അവർ കരുതുന്നത് പോലെ ചോരയൊന്നുമാകില്ല. വല്ല  പെയിൻ്റോ മറ്റോ പറ്റിയതാകും. വില്യം പറഞ്ഞു വന്നത് പോലെ മമ്മിയുടെ തന്ത്രമാണ് എന്നൊന്നും ചിന്തിച്ചു തുടങ്ങേണ്ടതില്ല, വരൂ..”

ഞങ്ങൾ തുറമുഖത്ത് കാർഗോ ഓഫീസിലെത്തി. തിരക്കായിരുന്നത് കൊണ്ട് കുറെ നേരം കാത്ത് നില്‍ക്കേണ്ടി വന്നു. എസ് എസ് സെന്റ് പോള്‍ കപ്പല്‍ യാത്രയ്ക്ക് ബെര്‍ത്തില്‍ യാത്രയ്ക്ക് തയ്യാറായി നിന്നു. കാര്യങ്ങളുടെ കിടപ്പ് കണ്ടിട്ട് സ്റ്റെഡിനും ഡോ. ട്രെവറിനും ആ കപ്പലില്‍ പോകാന്‍ കഴിയുമെന്ന് തോന്നിയില്ല. 

“മമ്മി നമ്മുടെ വഴി മുടക്കുകയാണ്.” സ്റ്റെഡ്  പിറുപിറുത്തു.

വീണ്ടും അരമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ ഓഫീസില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു. സ്റ്റീഫൻ ഞങ്ങളെ ഓഫിസറുടെ അടുത്തേയ്ക്ക് നയിച്ചു. അയാൾ ഞങ്ങളെ ദൂരെ നിന്ന് തന്നെ കണ്ടു.  ഞങ്ങൾ അവിടേയ്ക്ക് എത്താൻ കാക്കുന്നതിന് പകരം ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. ഒട്ടും സൗഹൃദപൂർണമായിരുന്നില്ല അയാളുടെ മുഖം. 

“ആരാണ് ഈ പെട്ടിയുടെ ഉടമ?”

“ഞാനാണ്.” ഡോ. ട്രെവർ പറഞ്ഞു.

“സത്യം. പറയണം. എന്താണ് ഈ പെട്ടിയ്ക്കുള്ളിൽ?”

“സർ, ഇതിനുള്ളിൽ ഒരു പുരാവസ്തുവാണ്. ഒരു പ്രാചീന ശവപേടകം. ഞാൻ ഇത്തരം വസ്തുക്കൾ ശേഖരിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ഒരാളാണ്.”

ട്രെവർ തൻ്റെ തിരിച്ചറിയൽ രേഖകൾ കാണിച്ചു. “സര്‍, ഇക്കാരണം കൊണ്ട് യാത്ര മുടങ്ങിയാല്‍ ഞങ്ങളുടെ തീരുമാനിച്ച് വച്ചിരിക്കുന്ന പരിപാടികളൊക്കെ കുഴപ്പത്തിലാകും. ദയവ് ചെയ്ത് പെട്ടെന്ന് കാര്യങ്ങള്‍ ശരിയാക്കിത്തരണം.”

“അതൊന്നും എന്‍റെ വിഷയമല്ല. ശവപേടകമൊക്കെ ശരി. പക്ഷെ   പേടകത്തില്‍ ശവമാണോ എന്നറിഞ്ഞാല്‍ മതി.”

“സർ, അതൊരു പെട്ടി മാത്രമാണ്.”

“പിന്നെങ്ങനെയാണ് അതിൽ നിന്ന് ചോരയൊലിക്കുന്നത്?”

അയാൾ ചരക്ക് ഗോഡൗണിലേയ്ക്ക് നടന്നു. ഞങ്ങൾ പിൻതുടർന്നു.

പെട്ടിയുടെ ഒരു മൂലയിൽ താഴെ ഭാഗത്തായി ചുവന്ന പടർപ്പ് കാണാം. സർ ആർതർ കുനിഞ്ഞ് നിലത്തിരുന്ന് പരിശോധിച്ചു.

“വളരെ സംശയാസ്പദമാണ്. ഇത് പോലീസിലറിയിക്കേണ്ടതാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്..” 

“ഇത് തുറന്ന് ഇതിനുള്ളിൽ ആരുടെയും ശവം ഇല്ല എന്ന് സാറിനെ ബോധ്യപ്പെടുത്തിയാൽ മതിയല്ലൊ?”

സർ ആർതർ നിലത്ത് നിന്ന് എഴുന്നേറ്റു:

 “സർ, ഒരു നിമിഷം. ഞാൻ ഒന്ന് പറഞ്ഞോട്ടെ, ഇത് ചോരയൊന്നുമല്ല. E120 എന്നറിയപ്പെടുന്ന, കാർമൈൻ എന്ന ഡൈയാണ്. കോക്കിനിയൽ ഷഡ്പദത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഈ നിറം വസ്ത്രങ്ങൾക്കും കടലാസിനും മുതൽ ഭക്ഷണ വസ്തുക്കൾക്ക് നിറം കൊടുക്കാൻ വരെ ഉപയോഗിക്കുന്നു. ഇത് തുറക്കുന്നതിനും പോലീസിനെ വിളിക്കുന്നതിനും മുൻപ് അൽപം സാവകാശം തന്നാൽ ഈ ഗോഡൗണിനുള്ളിൽ കാർമൈൻ അടങ്ങിയ കാർഗോ ഉണ്ടെന്ന് ഞാൻ തെളിയിച്ചു തരാം. ചോർന്നപ്പോൾ ഈ പെട്ടിയിൽ പുരണ്ടതാകാം.”

“ഓഹോ, ഇദ്ദേഹം ആരാണാവോ? ഷെർലക് ഹോംസോ?””

“അല്ല,” ഞാൻ പറഞ്ഞു, “അദ്ദേഹം ഷെർലക് ഹോംസിൻ്റെ സൃഷ്ടാവ്, സർ ആർതർ കോനൻ ഡോയൽ!”

സർ ആർതർ നാടകീയമായി തൻ്റെ കാർഡ് എടുത്ത് അദ്ദേഹത്തിന് നീട്ടി.  

അത് ആ ഉദ്യോഗസ്ഥാനില്‍  പ്രകടമായ ഒരു ഭാവമാറ്റമുണ്ടാക്കി. അയാൾ വെളുക്കെ ചിരിച്ചു:

 “താങ്കളുടെ രചനകൾ ഞാൻ വായിച്ചിട്ടുണ്ട്, സർ. കണ്ടതിൽ വളരെ സന്തോഷം. താങ്കൾ പറഞ്ഞത് വളരെ ശരിയാണ് എന്ന് ഇപ്പോൾ മനസിലാകുന്നു.  കാർമൈൻ അടങ്ങിയ ചില പെട്ടികൾ ഇന്നലത്തെ കപ്പലിൽ കയറ്റി അയച്ചിരുന്നു. ഒരു പക്ഷേ നിറം ചോർന്നിട്ടുണ്ടാകാം. ക്ഷമിക്കണം, മാന്യരേ. നിങ്ങൾക്ക് നേരിട്ട പ്രയാസത്തിന് മാപ്പ് ചോദിക്കുന്നു.

ഡോ. ട്രെവർ വാച്ചിൽ നോക്കി: “വളരെ നന്ദിയുണ്ട്, സർ. എന്ത് കാരണം കൊണ്ടായാലും, ഞങ്ങളുടെ യാത്ര തടസ്സപ്പെട്ടു എന്നതാണ് വാസ്തവം. താങ്കൾ താങ്കളുടെ സാമാന്യയുക്തി ഉപയോഗിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല.”

“എനിക്ക് വിഷമമുണ്ട്, സർ. എന്തെങ്കിലും കാരണവശാൽ ഈ പെട്ടിയിൽ സംശയകരമായ എന്തെങ്കിലുമുണ്ടായിരുന്നു എന്ന് വരികിൽ, അത് ന്യൂയോർക്കിൽ വച്ചാണ് കണ്ട് പിടിക്കപ്പെടുന്നതെങ്കിൽ എന്നെയും അത് ബാധിക്കും.”

ഞങ്ങൾ ഗോഡൗണിൽ നിന്ന് പുറത്തിറങ്ങി. ഡോ. ട്രെവറിനും സ്റ്റെഡിനും പോകേണ്ടിയിരുന്ന കപ്പൽ പുറപ്പെടാൻ തുടങ്ങുന്നത് ഞങ്ങൾ കണ്ടു.

“കാർമൈൻ ആയാലും രക്തമായാലും യാത്ര മുടക്കുന്നതിൽ അമെൻ റാ വിജയിച്ചു”, സ്റ്റെഡ് പറഞ്ഞു.

ഡോ. ട്രെവർ പുച്ഛത്തിൽ കൈ മലർത്തിക്കൊണ്ട് മുന്നോട്ട് നടന്നു.


ഞങ്ങൾ ഹോട്ടലിലേയ്ക്ക് മടങ്ങി. ഹോട്ടൽ മാനേജ്മെൻ്റിൻ്റെ സഹായത്തോടെ ഏപ്രിൽ ആറിന് പുറപ്പെടാനുള്ള ഫിലഡെൽഫിയ എന്ന കപ്പലിൽ അധികക്കൂലി കൊടുത്ത് ടിക്കറ്റ് സംഘടിപ്പിക്കാൻ കഴിയുമോ എന്ന് ഡോ. ട്രെവർ ശ്രമിച്ചു. 

ആറാം തിയതി   ഡോ. ട്രെവറും സ്റ്റെഡും യാത്രയ്ക്ക് തയ്യാറായി. തുറമുഖത്ത് എത്തിയപ്പോൾ അവിടെ വലിയൊരു ആൾക്കൂട്ടം കണ്ടു.  സ്റ്റീഫൻ എന്താണെന്ന് അന്വേഷിക്കാൻ പോയി ഉടൻ തന്നെ മടങ്ങിയെത്തി.

“കൽക്കരി സമരം!! കപ്പൽ  റദ്ദാക്കി!”

ഞങ്ങൾ മിന്നലടിച്ച മട്ടിൽ നിന്നു. എന്താണിത്!

“ഇപ്പോൾ ഡോക്ടർക്ക് വിശ്വാസമാകുന്നുണ്ടോ?” സ്റ്റെഡ് ചോദിച്ചു.

“യാത്ര മുടങ്ങുന്നു, നമ്മൾ ബുദ്ധിമുട്ടുന്നു, എല്ലാം ശരി തന്നെ. പക്ഷേ ഇതെല്ലാം മമ്മിശാപമാണെന്ന് കരുതാൻ പറ്റില്ല. എത്രയോ കാലമായി ഞാൻ ആവിക്കപ്പലുകളിൽ യൂറോപ്പിനും അമേരിക്കയ്ക്കുമിടയിൽ സഞ്ചരിക്കുന്നു. പല കാരണങ്ങളാൽ യാത്ര മുടങ്ങാറുണ്ട്. അതെല്ലാം കപ്പൽഗതാഗതത്തിൻ്റെ ഭാഗമാണ്. ഇതല്ലെങ്കിൽ മറ്റൊരു കപ്പൽ, അത്ര തന്നെ.”

കല്‍ക്കരി സമരം തുടരുന്നത് അടുത്ത ദിവസങ്ങളില്‍ പുറപ്പെടാനിരുന്ന മറ്റ് പല കപ്പലുകളെയും ബാധിച്ചിരുന്നു.  സ്റ്റെഡ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്‍റെ വിപുലമായ സൌഹൃദവൃത്തങ്ങള്‍ ഉപയോഗിച്ച് ഏപ്രില്‍ ഏഴിനോ എട്ടിനോ പുറപ്പെടുന്ന ഏതെങ്കിലും കപ്പലുകളില്‍ ടിക്കറ്റ് ലഭിക്കുമോ എന്ന് ശ്രമിച്ചു.  ഒടുവില്‍ അവസാന നിമിഷം ക്യാന്‍സല്‍ ചെയ്ത ചില ടിക്കറ്റ് ഒഴിവില്‍ ഏപ്രില്‍ പത്താം തിയതി ഉച്ചയ്ക്ക് പുറപ്പെടുന്ന കപ്പലില്‍ ഒരു ഫസ്റ്റ് ക്ലാസ് ടിക്കറ്റും ഒരു സെക്കന്‍ഡ് ക്ലാസ് ടിക്കറ്റും ലഭ്യമായി.  

ഇത്തവണ പ്രശ്നങ്ങള്‍ ഒന്നും നേരിടാതെ പേടകം കപ്പലില്‍ ലോഡ് ചെയ്യാന്‍ കഴിഞ്ഞു. ഒന്‍പതാം തിയതി വൈകുന്നേരം ഞങ്ങള്‍ തുറമുഖത്ത് എത്തി വരും ദിവസങ്ങളില്‍ തടസ്സങ്ങള്‍ ഒന്നും വരാനില്ല എന്ന് ഉറപ്പ് വരുത്തി.   ഷിപ്പിംഗ് കമ്പനിയുടെ പുതിയ കപ്പലുകളിലൊന്ന് ആയിരുന്നതിനാല്‍ നല്ല റെക്കോര്‍ഡ് നില നിര്‍ത്തുന്നതിന് വേണ്ടി കസ്റ്റംസ് പരിശോധനയില്‍ കൂടുതല്‍ വിശദമായ ചോദ്യങ്ങളും അന്വേഷണങ്ങളും ഉണ്ടായി. എങ്കിലും സ്റ്റീഫനെ അയച്ച് പേടകം കപ്പലിലെത്തി എന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞു. 


ഒടുവില്‍ ഈ ആഖ്യാനം അതിന്‍റെ പരിസമാപ്തിയിലേയ്ക്ക് എത്തുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഞായറാഴ്ച പ്രഭാതത്തില്‍ സര്‍ ആര്‍തറും സ്റ്റെഡും തോമസ്‌ മുറെയും കൂടി പേടകത്തിന്‍റെ കഥയുമായി എന്നെ കാണാനെത്തിയ നിമിഷത്തില്‍ ആരംഭിച്ച ഉദ്വേഗമാണ്.  അവിശ്വസിനീയം എന്ന് വിളിക്കാവുന്ന നിരവധി സംഭവങ്ങള്‍, കേട്ടു കേള്‍വികള്‍, ദുരന്തങ്ങള്‍, സാഹസികതകള്‍! ഒരു രേഖയായി കുറിച്ചു വയ്ക്കുമ്പോള്‍ പോലും  ഔദ്യോഗികമായ എന്‍റെ  സ്ഥാനം വഹിക്കുമ്പോള്‍ എവിടെയും പങ്ക് വയ്ക്കാനാകാത്ത ഒന്നാണിത് എന്നെനിക്ക് ബോധ്യമുണ്ട്. എങ്കിലും ഈ വിചിത്രാനുഭവം, പുതുതായിരിക്കുമ്പോള്‍ തന്നെ രേഖപ്പെടുത്തി വയ്ക്കുക എന്നതില്‍ കഴിഞ്ഞ് മറ്റൊന്നും ഞാന്‍ കരുതിയിട്ടില്ല.  ഈ സംഭവപരമ്പരകള്‍ക്ക് മുന്‍പും പിന്‍പുമായി എന്‍റെ കാഴ്ചപ്പാടിലുണ്ടായ മാറ്റത്തെ ഒരല്‍പം അത്ഭുതത്തോടെ മാത്രമേ എനിക്ക് വീക്ഷിക്കാനാകുന്നുള്ളൂ. ആരെയും നമുക്ക് ഒന്നും വിശ്വസിപ്പിക്കേണ്ട ബാധ്യതയില്ല. അനുഭവങ്ങളും അത് നമ്മളിലുണ്ടാക്കുന്ന ചലനങ്ങളും തികച്ചും ആപേക്ഷികം മാത്രമാണ്.  ഒന്‍പതിന് രാത്രി ഹോട്ടലില്‍ ഒത്ത് കൂടിയിരിക്കുമ്പോള്‍ ഇതെല്ലാം എന്‍റെ മനസ്സിലൂടെ കടന്ന് പോയി. 


പ്രസന്നമായൊരു പ്രഭാതമായിരുന്നു പിറ്റേന്ന്. പ്രാതലിന് ശേഷം ഞങ്ങള്‍ തുറമുഖത്തേയ്ക്ക് പോയി. സ്റ്റെഡിനെയും ഡോ. ട്രെവറിനെയും യാത്രയയച്ച ശേഷം ഞാനും സര്‍ ആര്‍തറും ലണ്ടനിലേയ്ക്ക് മടങ്ങുകയാണ്.  

തുറമുഖത്തെ ഓഷ്യന്‍ ഡോക്കിലുള്ള ബെര്‍ത്ത് 44 ലിലേയ്ക്ക് ഞങ്ങള്‍ പോയി. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച ഞങ്ങളെ ഒട്ടൊന്ന് അത്ഭുതപ്പെടുത്തി.  അവിടെ വലിയൊരു പുരുഷാരം കൂട്ടം കൂടിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വന്നപ്പോള്‍ കണ്ടതിനേക്കാള്‍ ഏറെ ജനങ്ങള്‍. 

“ഇന്ന് എന്ത് സമരമാണ് എന്ന് ദൈവത്തിനറിയാം!” ഡോ. ട്രെവര്‍ പറഞ്ഞു. 

പക്ഷെ അത് സമരമായിരുന്നില്ല. അമേരിക്കയിലേയ്ക്കും കാനഡയിലേയ്ക്കും കുടിയേറിപ്പാര്‍ക്കാന്‍ ഇംഗ്ലണ്ടില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നിരവധി മനുഷ്യരും അവരെ യാത്രയാക്കാന്‍ വേണ്ടി എത്തിച്ചേര്‍ന്ന അവരുടെ സ്നേഹിതരും ബന്ധുജനങ്ങളുമായിരുന്നു അവര്‍.  

വാഗ്ദത്തഭൂമിയിലേയ്ക്ക് യാത്രയാകുന്നവരുടെ മുഖത്ത് കാണുന്ന പ്രതീക്ഷ അവരില്‍ കാണാന്‍ കഴിഞ്ഞു. സ്റ്റെഡും ഡോ. ട്രെവറും കപ്പലില്‍ പ്രവേശിച്ചപ്പോള്‍  ഞാനും സര്‍ ആര്‍തറും പിന്നിലേയ്ക്ക് മാറി നിന്ന് യാത്രയുടെ ആരവം വീക്ഷിച്ചു. അവര്‍ കപ്പല്‍ത്തട്ടില്‍ നില്‍ക്കുന്നത് ഇപ്പോള്‍ ചെറുതായി കാണാം. 

“ഭീമാകാരമായ ഘടനകളുടെ സാമീപ്യം എന്നില്‍ ഒരു വല്ലാത്ത ഭീതിയുളവാക്കും,”, ഞാന്‍ പറഞ്ഞു, “കൂറ്റന്‍ പര്‍വതങ്ങള്‍,  കെട്ടിടങ്ങള്‍, അണക്കെട്ട്, കപ്പലുകള്‍ ഒക്കെ. കടലിനോട് പേടിയായത് കൊണ്ടാണ് ഞാന്‍ ഇപ്പോഴും രാജ്യം വിട്ട് പോകാത്തത്.”

സര്‍ ആര്‍തര്‍ ചിരിച്ചു. “സര്‍ ബ്രൌണ്‍, കുറച്ച് വര്‍ഷങ്ങള്‍ കൂടി ക്ഷമിച്ചാല്‍ മതിയാകും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താങ്കള്‍ക്ക്  കപ്പലില്‍ കയറാതെ വിമാനത്തില്‍ കയറി പറന്ന് അറ്റ്‌ലാന്‍റിക് കടക്കാം. യാത്രകൾ കൂടുതല്‍ സുഖകരമാകുകയാണ്.  ദാ, ഈ കപ്പൽ നോക്കൂ, കടലിലൂടെയാണ് യാത്ര ചെയ്യുന്നത് എന്നറിയുക പോലും ചെയ്യാതെ താങ്കൾക്ക് ന്യൂയോർക്കി ലെത്താൻ സാധിക്കും. ഷിപ്പിംഗ് കമ്പനികൾ തമ്മിലുള്ള മൽസരം പുരോഗമിക്കുമ്പോൾ സമുദ്രയാത്രകൾ രാജകീയമായി മാറുകയാണ്.”

        അത് സത്യമാണെന്ന് തോന്നി. സതാംപ്റ്റൺ പട്ടണത്തിൻ്റെ  കെട്ടിടങ്ങളെ ചുരുക്കും വിധം ഭീമാകാരമായിരുന്നു കപ്പൽ. സൂര്യൻ മുകളിലെത്തിയിരുന്നെ ങ്കിലും മഞ്ഞു പോലെ തണുത്തൊരു കാറ്റ് വീശി.

  കാതടപ്പിക്കും വിധം കപ്പലിന്‍റെ സൈറണ്‍ മുഴങ്ങി. കപ്പല്‍തട്ടില്‍ സ്റ്റെഡും ഡോ. ട്രെവറും കൈവീശുന്നത് കാണാം. 

ഞങ്ങൾക്ക് മുന്നിൽ കറുത്ത കോട്ട പോലെ നിന്ന കപ്പൽ ടഗ്ബോട്ടുകളുടെ ശക്തിയിൽ പതിയെ മുന്നോട്ട് ചലിച്ചു. ജനക്കൂട്ടം ഹർഷാരവം മുഴക്കി. തട്ടിൽ നിന്ന അനേകം മനുഷ്യർക്കിടയിൽ സ്റ്റെഡിനെയും ഡോ. ട്രെവറിനെയും ഞങ്ങൾക്ക് നഷ്ടപ്പെട്ടു.  അവസാനമില്ലെന്ന് തോന്നും വിധം ദീർഘമായി  കപ്പൽ കടന്ന് പോയപ്പോൾ തണൽ നീങ്ങി ഡോക്കിൽ നിന്നിരുന്നവർ ഉച്ചവെയിലിലായി.

ഞാൻ പറഞ്ഞു: “ഒടുവില്‍ അമെന്‍-റായുടെ ശവപേടകം ഇംഗ്ലണ്ടിന്‍റെ തീരങ്ങള്‍ വിടുകയാണ്. വിട.”




കൈപ്പടം കൊണ്ട് കണ്ണിന് മേൽ തണൽ വച്ച് അങ്ങുയരെ  പേരിനെ അന്വർത്ഥമാക്കുംവിധം ഭീമാകാരമായ ആ നൗകയുടെ അമരത്ത് രേഖപ്പെടുത്തിയ നാമം ഞങ്ങൾ വായിച്ചു: ടൈറ്റാനിക്, ലിവർപൂൾ !!


………………..